Posts Tagged ‘Movie review’

മഞ്ഞുമ്മൽ ഇല്ലാൻ!


അങ്ങനെ പരീക്ഷ ഒക്കെ കഴിഞ്ഞിരിക്കുന്ന അമ്മിച്ചേച്ചിയേയും, പരീക്ഷ തുടങ്ങിയിട്ടും അതിന്റെ യാതൊരു അഹങ്കാരവും കാണിക്കാത്ത നിവി ചേച്ചിയെയും കൂട്ടി Illan &whole family ശനിയാഴ്ച രാത്രി മഞ്ഞുമ്മൽ ബോയ്സ് കാണാനിറങ്ങി. രാത്രി പത്തിന്റെ ഷോ ആയതു കൊണ്ട് ഇല്ലാൻ ഉറങ്ങിക്കൊള്ളും എന്ന് മാതാശ്രീക്കു ആത്മവിശ്വാസം. എന്നാലും ഇനി ചിലപ്പോ എങ്ങാനും എണീറ്റിരുന്നാലോ എന്നോർത്തു അന്നത്തെ അവളുടെ ഉച്ച ഉറക്കം ക്യാൻസൽ ചെയ്യിപ്പിച്ചു. ഇനി എപ്പോ ഒന്നും പേടിക്കേണ്ടല്ലോ all set !!

ഒമ്പതു മണി കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ ഇല്ലാൻ പാതി കൂമ്പിയ ഒരു താമരപ്പൂവ് മോഡിൽ ആയിരുന്നു. കാറിൽ കയറി കുറച്ചു ദൂരം ചെന്നപ്പോഴേ ആൾ ഫ്ലാറ്റ്! ഹോ സമാധാനം ഇനി ഒന്നും പേടിക്കേണ്ടല്ലോ എനിക്ക് ആശ്വാസമായി. തീയേറ്റർ എത്തി കാറിൽ നിന്നിറങ്ങി ഒരു പത്തടി നടന്നതും എന്റെ കാതിൽ ഒരു കുഞ്ഞു ശബ്ദം “എത്തിയോ അമ്മെ..”ഉറക്കം കഴിഞ്ഞു!!പിന്നെ സിനിമ തുടങ്ങി അതിന്റെ അവസാന സീനും കണ്ടിറങ്ങി, വരുന്ന വഴിക്കുള്ള analysis ഉം കൂടി കഴിഞ്ഞിട്ടാണ് കുഞ്ഞിപ്പെണ്ണ് ഒന്ന് കണ്ണടച്ചത്!

സിനിമ തുടങ്ങി സുഭാഷ് കുഴിയിൽ വീണു കഴിഞ്ഞപ്പോൾ ” ഇന്നാളിൽ നമ്മൾ കണ്ട ഒരു സിനിമയിൽ ഒരു കുഞ്ഞി ചേച്ചി കുഴിയിൽ വീണത് പോലെയാണോ ഈ ചേട്ടൻ കുഴിയിൽ വീണത്” എന്ന്. മാളൂട്ടി സിനിമയുടെ പ്രസക്ത ഭാഗങ്ങൾ കണ്ട് ആൾക്ക് ഇതിനെപ്പറ്റി ഒരു basic ധാരണ ഒക്കെ ഉണ്ടെന്നു ചുരുക്കം!!
ഗുഹയും അതിന്റെ ഭീകരതയും ഒക്കെ കണ്ടു നിവിച്ചേച്ചി കണ്ണും പൊത്തി ഇരുന്നപ്പോൾ പേടി എന്താണെന്നു വല്യ ധാരണ ഇല്ലാത്ത കുഞ്ഞിപ്പെണ്ണ് കണ്ണും മിഴിച്ചു സ്‌ക്രീനിൽ നോക്കിയിരുപ്പായിരുന്നു. പേടിക്കാതെ ഇരിക്കാൻ ഞാൻ running commentary കൊടുത്തു കൊണ്ടിരുന്നു. ഒരു ചേട്ടൻ കുഴിയിൽ വീണപ്പോൾ ചേട്ടന്റെ friends help ചെയ്യുന്ന കഥ ആണെന്ന് പറഞ്ഞു കൊണ്ടിരുന്നത് കൊണ്ടാണോ എന്നറിയില്ല അവൾ ഉറക്കമൊക്കെ മാറ്റി വെച്ച് alert mode ൽ ഇരുന്നു കാണാൻ തുടങ്ങി. ഇടയ്ക്കു പറന്നുയരുന്ന വവ്വാലുകളെ മാത്രം ആൾക്ക് അത്ര പിടിച്ചില്ല. ക്ലൈമാക്സ് ഒക്കെ എത്തിയപ്പോൾ അങ്ങേയറ്റം കോൺസെൻട്രേഷൻ! അവസാനം സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അവളുടെ കണ്ണൻ ചേട്ടനോട് ” “കൺചെ.. ഒരു ചേട്ടൻ കുഴിയിൽ വീണപ്പോൾ ബാക്കി friends എല്ലാം കൂടി രക്ഷിച്ച സിനിമ കണ്ടോ” എന്ന്.

വീട്ടിൽ എത്തി പിറ്റേന്ന് പ്രിയതമൻ ഫോണിൽ സിനിമയുടെ മേക്കിങ് വീഡിയോ എന്തോ കണ്ടു കൊണ്ടിരുന്നപ്പോൾ കണ്മണി പാട്ടു കേട്ടതും അവൾ ചെയ്തു കൊണ്ടിരുന്ന കുരുത്തക്കേടൊക്കെ ഉപേക്ഷിച്ചു പറന്നു വരുന്നു. അന്നേരം മുതൽ “കമ്മണീ അംബോട് കാലതൻ ഞാൻ എതുതും കഥിതമേ..ലാലി ലാലിയേ ല ലല ലാലി ലാലിയേ” എന്നുള്ള രണ്ട് വരികൾ പാടിക്കൊണ്ടും നടക്കുന്നു. രാത്രി കിടക്കാൻ നേരം അപ്പൂപ്പന്റേം അമ്മൂമ്മയുടേം മുറിയിലെ രണ്ടു കട്ടിലിനും ഇടയിൽ കട്ടിൽ നീങ്ങിയിട്ടു ഒരു ചെറിയ വിടവ് ഉള്ളത് കണ്ടെത്തിയിട്ട് കുനിച്ചു താഴേക്കു നോക്കി” നിയാരികാ..നിയാരികാ ഞാൻ ഇവിടെ ഉണ്ട് . നിന്നെ രക്ഷിക്കാൻ വരാം എന്ന്!എന്നിട്ടു അവിടെ കിടന്ന ഒരു പുതപ്പെടുത്തു പതുക്കെ താഴേക്കു ഇറക്കുന്നു!!

മൂന്നു വയസ്സുകാരിക്ക് ശരിക്കും കാണാൻ പറ്റിയ സിനിമ ആയിരുന്നോ ഇത് എന്നൊന്നും അറിയില്ല. പക്ഷേ അവൾ മനസ്സ് കൊണ്ടാണ് അത് കണ്ടത്. ജയമോഹൻ പറഞ്ഞ അതിലെ “കുടികാര പൊറുക്കിക്കളിന്റെ കൂത്താട്ടം” ഒന്നുമല്ല അവൾ കണ്ടത്, അവളുടെ മനസ്സിനെ സ്പർശിച്ചത് എന്ന് എനിക്കറിയാം..സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, മരണത്തോട് പടവെട്ടി ജയിച്ചു വരുന്ന സന്തോഷത്തിന്റെ, ചില കുഞ്ഞു പാഠങ്ങൾ ആണെന്ന് തോന്നുന്നു അവൾ നെഞ്ചിലേക്കെടുത്തത്..

നിവിക്കു ഏറ്റവും ഇഷ്ടമായത് ഡ്രൈവർ ആയി വന്ന ഫ്രണ്ട്നെ ആണെന്ന്. പ്രസാദ് എന്ന് അവൾ പേരോർത്തു പറഞ്ഞു. എന്ത് നല്ല behavior ആണെന്ന് certificate ഉം കൊടുത്തു അവൾ. നവമിക്ക് ” Worth the watch, every second of it “ആയിരുന്നു എന്ന്. അവൾക്കു അറിയില്ലായിരുന്നു ഇത് survival thriller ആണ് എന്ന്. Bangalore days ഒക്കെ പോലെ ഉല്ലാസം പ്രതീക്ഷിച്ചു വന്നവൾ ആയിരുന്നു! അവസാനത്തെ സീനിൽ സുഭാഷിന്റെ ‘അമ്മ കുട്ടനെ കെട്ടിപ്പിടിച്ചപ്പോൾ എല്ലാ കണ്ണുകളിലും ഒരു കുഞ്ഞു മഴച്ചാറ്റൽ നനവുണ്ടായപ്പോൾ നവമിക്കണ്ണുകളിൽ ഒരു ആതിരപ്പള്ളി വെള്ളച്ചാട്ടം തന്നെ ആയിരുന്നു.

പ്രിയതമൻ ചോദിച്ച “നമ്മൾ ആണെങ്കിൽ ഇറങ്ങുമായിരുന്നോ” എന്നൊരു ചോദ്യവും, “നമുക്ക് വേണ്ടിയാണെങ്കിൽ ആരായിരിക്കും ഇറങ്ങുന്നത്” എന്ന എന്റെ മറ്റൊരു ചോദ്യവും മനസ്സിൽ ഇങ്ങനെ ഒഴുകി നടക്കുന്നു. ‘മനിതർ കാതൽ അല്ല അതിലും പുനിതമാണത്’ ആയ സൗഹൃദങ്ങൾ, സ്നേഹം ഒക്കെ ഉണ്ടാവട്ടെ ഭൂമിയിൽ..

ഏറ്റവും അടുത്ത കൂട്ടുകാരൊക്കെ തന്നെ മനുഷ്യരെ അടിച്ചും പരസ്യ വിചാരണയും ഒക്കെ ചെയ്തു കൊല്ലുന്ന ഈ കാലത്തു, മറ്റൊന്നും നോക്കാതെ എതിരുളിലേക്കും, ഏതു അഗാധ ഗർത്തങ്ങളിലേക്കും എടുത്തു ചാടി ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന കുട്ടേട്ടൻമാരുണ്ടാവട്ടെ ഇനിയും ഇനിയും..അങ്ങനെ ആവാൻ കഴിയട്ടെ നമുക്കോരോരുത്തർക്കും..

ജയ ജയ ജയ ജയഹേ


ജയ ജയ ജയ ജയഹേ കണ്ടു. ഒരിക്കലും പതിവില്ലാത്ത പോലെ Bangalore റിലീസ് ആവാൻ കാത്തിരുന്നു, റിലീസ് ചെയ്ത അന്ന് തന്നെ കണ്ട സിനിമയാണ്. Gender politics സംസാരിക്കുന്ന ഏതു സിനിമയും കണ്ടും, ചർച്ച ചെയ്തും, എഴുതിയും എത്രത്തോളം കൂടുതൽ ആളുകളിലേക്ക്‌ എത്തുന്നു അത്രയും നല്ലതു എന്ന് കരുതി തന്നെയാണ് കണ്ടത്..ഞാൻ അനുഭവിച്ചിട്ടില്ലാത്തതെല്ലാം വെറും കെട്ടുകഥകളാണെന്നൊരു ചിന്ത ഇല്ലാത്തതു കൊണ്ട് ആദ്യ പകുതിയിലെ ജയയുടെ ഓരോ നിശ്വാസം പോലും നന്നായി പൊള്ളിച്ചു..സ്വന്തം അച്ഛനെ ഫോൺ വിളിച്ചു പറയുന്ന നിസ്സഹായത കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു..വിസ്മയയെയും അത് പോലെ ആയിരക്കണക്കിന് പെൺകുട്ടികളെയും ഓർമ്മ വന്നു.

അത് കഴിഞ്ഞുള്ള അവിശ്വസനീയമായ ആ transformation കണ്ടു കോരിത്തരിക്കുക തന്നെ ചെയ്തു. നായകന്മാർ വില്ലന്മാരെ ഒക്കെ നിലംപരിശാക്കുന്നത് മാത്രം കണ്ടു ശീലിച്ചതിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം ഉണ്ടായല്ലോ ഇപ്പോഴെങ്കിലും. കണ്ണിനു കണ്ണ് എന്നതിലെ ശരികേടുകളെക്കുറിച്ചുള്ള ചർച്ചകൾ കണ്ടു . എങ്കിലും തല്ക്കാലം ജയക്ക് കൈയ്യടിക്കാതിരിക്കാനാവില്ല. ജയ ഒരാൾക്കെങ്കിൽ ഒരാൾക്ക് എങ്കിലും നേരെ നിവർന്നൊന്നു നിന്ന് ധൈര്യപൂർവം ജീവിതത്തെ നേരിടാൻ ഉള്ള ഒരു inspiration കൊടുക്കുന്നെങ്കിൽ അത്രയുമെങ്കിലും ആകട്ടെ..അതിന്റെ ശരി തെറ്റുകൾ നമുക്ക് പിന്നീട് ചികയാം..

എന്റെ മൂന്നിൽ രണ്ടു പെൺകുട്ടികളും സിനിമ നന്നായി enjoy ചെയ്തു തന്നെ കണ്ടു. രണ്ടാമത്തവൾക്കു എത്ര മനസ്സിലായി എന്നെനിക്കു മനസ്സിലായില്ല. പക്ഷെ മടങ്ങി വരുമ്പോൾ സ്ത്രീകൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട കാര്യങ്ങൾ എന്താണെന്നു ചോദിച്ചപ്പോൾ ” “നീതി, സമത്വം..”എന്ന് ചാടി വീണു അവൾ ഉത്തരം പറയുന്നത് കേട്ട് ഞാൻ സന്തോഷിച്ചു!അതിന്റെ അർത്ഥം ഞങ്ങൾ അവൾക്കു പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു. Gender neutrality യെ പറ്റി ഇനിയുമിനിയും ആളുകൾ സംസാരിക്കട്ടെ..സ്വന്തം കാലിൽ നില്ക്കാൻ പെൺകുട്ടികൾക്ക് അങ്ങനെയുള്ള ചർച്ചകൾ പ്രചോദനമാകട്ടെ..ആരെയും ഇടിച്ചും തൊഴിച്ചും ഒന്നും വേണ്ട, പക്ഷെ സമാധാനപരമായ, സന്തോഷമുള്ള, അഭിപ്രായസ്വാതന്ത്ര്യം ഉള്ള, ആരെയും അനാവശ്യ ഭയം ഇല്ലാത്ത, അർത്ഥപൂർണ്ണമായ ജീവിതങ്ങൾ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവുന്ന ഒരു കാലം എന്നെങ്കിലും പുലരട്ടെ.. ഈ കൊച്ചു സിനിമ, എന്നെ ചിരിപ്പിച്ചതിനേക്കാൾ ഒരുപാടേറെ ചിന്തിപ്പിച്ചത് അതിനെക്കുറിച്ചൊക്കെയായിരുന്നു.

96 


സിനിമ കണ്ടവർ എല്ലാം review എഴുതിയെഴുതി എനിക്ക് എഴുതാൻ ഒന്നും ബാക്കി വെച്ചിട്ടില്ല എന്നൊരു തോന്നൽ. എങ്കിലും മധുരമൂറുന്ന പാട്ടുകൾ കൊണ്ട്, ഹൃദയം തൊടുന്ന പ്രണയം കൊണ്ട്, ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ സുഖമുള്ള നീറ്റൽ  പോലുള്ള നഷ്ടബോധം കൊണ്ട്, വിജയ് സേതുപതിയെന്ന അത്ഭുത മനുഷ്യന്റെ അഭിനയപാടവം കൊണ്ട്, തൃഷയുടെ ചില കൺനോട്ടങ്ങളുടെ അപൂർവ ഭംഗി കൊണ്ട് അങ്ങനെ ഒരുപാടൊരുപാട് കാരണങ്ങൾ കൊണ്ട് 96 എന്ന സിനിമ ഇങ്ങനെ മനസ്സിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു. എണ്ണപ്പെട്ട ചില മണിക്കൂറുകൾ ഒരു വരം പോലെ ജാനുവിന് മുന്നിൽ തുറക്കുമ്പോൾ നേരം പുലരാതിരുന്നുവെങ്കിൽ എന്ന് അവൾക്കൊപ്പം നമ്മളും കൊതിക്കും. കാരണം നേരം പുലർന്നാൽ  ആ മായാലോകം അവൾക്കും നമുക്കും  അസ്തമിക്കും. പ്രണയം എന്നാൽ പിടിച്ചെടുക്കലുകൾ അല്ല വിട്ടു കൊടുക്കലുകൾ മാത്രം ആണെന്ന് ഇത്രമേൽ തീവ്രമായി പറഞ്ഞു വെച്ച മറ്റൊരു സിനിമ ഉണ്ടാകുമോ എന്നറിയില്ല. തിരിഞ്ഞു നടക്കാൻ വഴികൾ ഇല്ലാത്തതിന്റെ നിസ്സഹായതയിൽ ജാനു പിടയുമ്പോഴും, റാം എന്ന മനുഷ്യൻ വൃഥാ എങ്കിലും ഒരു പിൻവിളിക്കായി മുതിരുന്നില്ല. ഉപാധികളില്ലാത്ത, അവകാശവാദങ്ങളില്ലാത്ത,  അസൂയ ഇല്ലാത്ത അത്രമേൽ പവിത്രമായ ഒരു വികാരം ആണ് അയാൾക്ക്‌ ജാനുവിനോട്. അതിനെ വെറും പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല.

96

സ്വപ്നം പോലുള്ള ചില മണിക്കൂറുകളിൽ നിന്ന് യാഥാർഥ്യങ്ങളിലേക്കു  മടങ്ങുന്ന ജാനുവിന്റെ ശിഷ്ട ജീവിതം  ഇനി എങ്ങനെ ആകുമെന്നറിയാൻ ഒരു കൗതുകം. സിനിമ തീർന്നത് കൊണ്ട് അറിയാനും കഴിഞ്ഞില്ല. ഒരു പക്ഷെ മരണത്തിനല്ലാതെ  മറ്റാർക്കും പകുത്തു കൊടുക്കാതെ സൂക്ഷിക്കുന്ന ഒരു ഉൾനോവായി ആ നിമിഷങ്ങളെ അവൾ തന്റെ പ്രാണനിൽ കൊരുത്തു വെക്കുമായിരിക്കും. .

എന്തൊക്കെയായാലും കവിത പോലെ മനോഹരമായ ഒരു സിനിമ ആയിരുന്നു 96. പ്രണയിച്ചു വിവാഹം കഴിച്ചവർക്കും, പ്രണയിക്കാതെ വിവാഹം കഴിച്ചവർക്കും ഒക്കെ മൊത്തത്തിൽ ഭയങ്കര നഷ്ടബോധം മനസ്സിൽ ഉണർത്തിയ സിനിമ.  പറഞ്ഞും, പറയാതെയും ഒക്കെ ഒരു നാൾ വഴി പിരിഞ്ഞു പോയവർക്ക് ഓർമ്മകളുടെ ഒരു ഉത്സവകാലം സമ്മാനിച്ചു കാണും ഈ സിനിമ. തമിഴകത്തിനോട് വല്ലാത്ത ഒരു ബഹുമാനവും സ്നേഹവും.. ഇത്രമേൽ മനോഹരമായ ഒരു സിനിമ സമ്മാനിച്ചതിന്..ഗോവിന്ദ് വസന്തയുടെ ഓരോ ഈണവും മനസ്സിൽ ഇങ്ങനെ അലയടിക്കും സിനിമ കണ്ടിട്ട് എത്ര ദിവസങ്ങൾ കഴിഞ്ഞാലും.

ഭക്ഷണ പാത്രത്തിനുള്ളിലെ പ്രണയം: “The Lunch Box”


Release ആകുന്നതിനു മുൻപ് തന്നെ “The Lunch Box” എന്ന ഹിന്ദി ചിത്രത്തെ പറ്റി എവിടെയോ വായിച്ചിരുന്നു. Mumbai നഗരത്തിലെ വിഖ്യാതമായ ഡബ്ബ വാലാ കളുടെ പശ്ചാത്തലത്തിൽ Ritesh Batra എന്ന  പുതുമുഖ സംവിധായകന്റെ സിനിമ.

http://www.imdb.com/title/tt2350496/

The Lunch Box

അബദ്ധത്തിൽ മാറി പോകുന്ന ഒരു Lunch Box ഉം, അതിലൂടെ പ്രണയത്തിലാകുന്ന തനിച്ചായിപ്പോയ രണ്ടു അപരിചിതരും . അന്ന് one liner കട്ടപ്പോൾ തന്നെ ഈ സിനിമ കാണണം എന്നൊരു ആഗ്രഹം തോന്നിയിരുന്നു. അങ്ങനെ ഈ ശനിയാഴ്ച ഞങ്ങൾ മൂവരും chennai  ega theatre ഇൽ ഈ ചിത്രം കണ്ടു. ഒറ്റ വാക്കിൽ പറഞ്ഞാൽ പതിഞ്ഞ താളത്തിൽ പെയ്യുന്ന മഴ പോലെയുള്ള ഒരു സിനിമ.
ഏകാന്തതയും, വിരസതയും, പ്രതീക്ഷയും, പ്രണയവും, പിന്നെ നേർത്ത നൊമ്പരവും അതിന്റെ പാകത്തിൽ ചേർത്ത് വെച്ച് നമുക്ക് തുറക്കാൻ തരുന്നൊരു “ലഞ്ച് ബോക്സ്‌”. നമുക്ക് പരിചിതമായൊരു മോഹിപ്പിക്കുന്ന ഗന്ധമുണ്ടതിനു ..കഴിക്കുന്നതിനു മുന്പെ മനസ്സ് നിറയ്ക്കുന്ന ഒരു അപൂർവ്വ  ഗന്ധം.

Irfan Khan എന്നാ നടനേയല്ല മറിച്ച്  Sajan Fernandes എന്നാ നായക കഥാപാത്രം മാത്രമെ നമ്മുടെ മുന്നിൽ ഉണ്ടാവു സിനിമ കാണുന്ന നേരമത്രയും. ഒരു പക്ഷെ അയാളെ പോലെ അനേകം മനുഷ്യർ  ലോകത്തിന്റെ ഓരോ കോണിലും ഉണ്ടാവും എന്നത് കൊണ്ടാവും.
ഭാര്യയുടെ മരണശേഷം തനിച്ചായ ഒരു മധ്യ വയസ്കൻ ആണ് അയാള്. ഓഫീസും , വീടും, suburban train യാത്രകളും, Auto Rickshaw യാത്രകളും, തിരക്കിട്ട മുംബൈ തെരു വീഥികളും ഒക്കെയായി ഓരോ ദിവസവും പുതുമകൾ ഒന്നുമില്ലാതെ , പ്രതീക്ഷകൾ  ഒന്നുമില്ലാതെ ജീവിക്കുന്ന ഒരാളാണ് Sajan. ഈ മനുഷ്യന്റെ വിരസ ജീവിതത്തിലേക്ക് വഴി തെറ്റി എത്തുന്ന ഒരു lunch box ഉം  അതുണ്ടാക്കുന്ന മാറ്റങ്ങളുടെയും കഥയാണ്‌ The Lunch Box ഒരു വശത്ത്.

മറുവശത്ത് യുവതിയായ ഒരു വീട്ടമ്മയുണ്ട് (Nimrat Kaur ) . ഭർത്താവിന്റെ  അവഗണ നിറഞ്ഞ പെരുമാറ്റത്തിൽ ദുഖിതയാണു അവൾ. ശബ്ദസാനിധ്യമായി മാത്രം വരുന്ന മുകളിലത്തെ വീട്ടിലെ aunty യുടെ നിർദേശ പ്രകാരം ഭർത്താവിന്റെ  മനസ്സ് കീഴടക്കാൻ രുചികരമായ വിഭവങ്ങൾ  ഉണ്ടാക്കി ഉച്ച ഭക്ഷണമായി dabbavaalas നെ ഏൽപ്പിക്കുന്ന ‘ഇള’ യെ നമ്മൾ പരിചയപ്പെടുന്നു. ഏതോ നിയോഗം പോലെ അത് എത്തുന്നതാകട്ടെ സാജന്റെ ടേബിൾ ഇൽ ആണ്.

ആദ്യമായി ആ ബോക്സ്‌ തുറക്കുമ്പോഴുള്ള ആ ഗന്ധം സാജനൊപ്പം  നമ്മൾ കാഴ്ച്ചക്കാരെയും മോഹിപ്പിക്കും. തന്റെ ഭക്ഷണം ഭർത്താവല്ല  മറ്റാരോ ആണ് കഴിച്ചതെന്ന്  വളരെ വേഗം ഇള മനസ്സിലാക്കുനുണ്ട്.പിറ്റേന്നു ഭക്ഷണ പാത്രത്തിനൊപ്പം ഒരു ചെറു കുറിപ്പ് കൂടി അവൾ വെയ്ക്കുന്നു. അങ്ങനെ മാറി പോയ ലഞ്ച് ബോക്സ്‌ ലൂടെയും, കൈമാറുന്ന ചെറു കുറിപ്പുകളിലൂടെയും അവർ തമ്മിൽ ഒരു ഹൃദയ ബന്ധം രൂപപ്പെടുന്നു. ഒരർഥത്തിൽ മനസ്സ് കൊണ്ട് തീർത്തും  തനിച്ചായിപ്പോയ രണ്ടാത്മാക്കൾ പരസ്പരം തണലായി മാറുകയാണ്. ഒന്നോ രണ്ടോ വാചകങ്ങളിലൂടെ അവർ ഒരു പാട് കാര്യങ്ങൾ പറഞ്ഞു, അതിലുമേറെ  പറയാതെ അറിഞ്ഞു.

ഓരോ ദിവസവും മനോഹരമായ ഒരു കാത്തിരുപ്പായി മാറി. അത് വരെ നിറം മങ്ങിയ നരച്ച അയാളുടെ കാഴ്ചകൾക്ക് അതോടെ ജീവൻ  വെയ്ക്കുകയാണ്. പറയാൻ ആൾ ഇല്ലാതെ വരുമ്പോൾ നമ്മൾ വഴിയിലുള്ള കാഴ്ചകൾ കാണാൻ മറന്നു പോകുന്നു എന്ന് അയാൾ ഒരു ഘട്ടത്തിൽ പറയുന്നുണ്ട്. വരണ്ടുണങ്ങിയ മണ്ണിലേക്ക് പുതു മഴ പെയ്യുമ്പോൾ തളിരിടുന്ന ഉണങ്ങിയ വൃക്ഷം പോലെ ആയി മാറുന്നു അയാളും .ചിലപ്പോൾ  തെറ്റി കയറിയ ഒരു ട്രെയിൻ ആവും നിങ്ങളെ എത്തേണ്ടിടത് എത്തിക്കുക എന്നൊരു dialogue മായി The Lunch Box കാഴ്ച്ചക്കാരന്റെ മനസ്സിൽ  ഇടം പിടിക്കുന്നു..

ഓരോ കണ്‍ നോട്ടത്തിലും, ലഞ്ച് ബോക്സ്‌നായുള്ള കാതിരിപ്പിലും, സ്വയം ഉള്ള ചെറു പുഞ്ചിരികളിലും ഒക്കെ ഒരു അപൂർവ്വ പ്രതിഭയുടെ കൈയ്യൊപ്പു ചാർത്തുന്നുണ്ട് Irffan. തികച്ചും സാധാരണക്കാരിയായ ഒരു വീട്ടമ്മയായി Nimrat  Kaur ഉം സിനിമയിൽ ജീവിക്കുകയാണ്. Saajan ന്റെ assistant ആയി എത്തുന്ന Nawassudeen Siddiqui ആണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം.
പാട്ടും ഡാൻസും, റൊമാന്റിക്‌ scenes ഉം പേരിനു പോലുമില്ലാതെ പ്രണയം അതിന്റെ എല്ലാ മാസ്മരിക ഭംഗിയോടും കൂടി ചിത്രം വരച്ചു കാട്ടുന്നുണ്ട്.

ഓരോ തവണയും Sajan ലഞ്ച് ബോക്സ്‌ തുറക്കുമ്പോഴും, ഇള letter തുറക്കുമ്പോഴും കാഴ്ചക്കാരുടെ ഹൃദയമാണ് തുടിക്കുന്നത് . പ്രണയം തുളുമ്പുന്ന ഒരു മനസ്സോടെ പാകം ചെയ്ത ഭക്ഷണം പ്രണയം തുളുമ്പുന്ന മനസ്സോടെ ഒരാൾ ഭക്ഷിക്കുമ്പോൾ അതിന്റെ രുചിയെന്താവും എന്ന് ദി ലഞ്ച് ബോക്സ്‌ നമ്മളെ ഓർ മ്മിപ്പിക്കുന്നു. നിനച്ചിരിക്കാതെ നേരത്ത് പെട്ടന്ന് സിനിമ അങ്ങ് തീർന്നു പോകുകയും ചെയ്തു.

ഒടുവിൽ   ഇറങ്ങി അണ്ണാ നഗറിലെ “Shree Mithayi ” എന് North  Indian restaurant ൽ പോയി rotti യും പനീർ കറി യും, Lassi യും കഴിച്ചപ്പോഴാണ് ഞങ്ങളുടെ രണ്ടാളുടെയും മനസ്സ് ഒന്ന് തണുത്തത്‌!!ഇള യുടെ Paneer Curry കണ്ടു എത്ര നേരമായി ഞങ്ങൾ കൊതിച്ചു ഇരിക്കുകയായിരുന്നു!!!

NB : പാട്ടും  ഡാൻസും, മരം ചുറ്റലും ഒന്നും ഇല്ലാഞ്ഞത് കൊണ്ടാവും ഞങ്ങളുടെ നവമിക്ക് സിനിമ തീരെ പിടിച്ച മട്ടില്ല..സിനിമ നടക്കുമ്പോൾ തൊട്ടടുത്തുള്ള vacant സീറ്റ്‌ ൽ കുറച്ചു നേരം പോയി അവൾ തലയും കുത്തി നില്ക്കുന്നത് കണ്ടു . Pop corn മേടിച്ചു കൊടുത്തത് കൊണ്ടാവും ഞങ്ങളെ വഴക്കൊന്നും പറഞ്ഞില്ല !!

ഒഴിമുറി


കണ്ണിൽ  നിന്ന് മാഞ്ഞു പോകുന്തോറും മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു തുടങ്ങുന്ന ഒരു സിനിമ, അതായിരുന്നു ഒഴിമുറി . മധുപാലിന്റെ തന്നെ തലപ്പാവിനെക്കാളും മികച്ച സിനിമ. Big Screen ഇൽ  ഇത് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് നഷ്ടബോധം ബാക്കി. ചുരുക്കം ചില ചിത്രങ്ങള്ക്ക് മാത്രമേ അത്തരം തോന്നൽ  ഉണ്ടാക്കാൻ കഴിയു. ആഴമുള്ള കഥാപാത്രങ്ങൾ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങൾ , ഒഴുക്കുള്ള കഥ എന്നിട്ടും ഇത്തരം സിനിമകൾ എന്ത് കൊണ്ട് ജനങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് അത്ഭുതം. അതോ നമ്മുടെ നല്ല ഒരു ശതമാനം പ്രേക്ഷകര്ക്കും മായ മോഹിനിയും , Husbands in Goa യും ഒക്കെ മാത്രം മതി എന്നാണോ?

ozhimuri

55 ആം വയസ്സിൽ മീനാക്ഷിയമ്മ എന്ന തിരുവിതാംകൂർ നായർ  സ്ത്രീ തന്റെ 71 കാരൻ ഭർത്താവിൽ നിന്ന് ഒഴിമുറി അല്ലെങ്കിൽ divorce തേടി കോടതിയെ സമീപ്പിക്കുന്ന അപൂർവത ആണ് ഈ ചിത്രത്തിന്റെ കാതൽ . ശരത് എന്ന  അവരുടെ മകനെ പോലെ പ്രേക്ഷകരും താണു  പിള്ള എന്നാ മനുഷ്യനെ കുറിച്ച് വളരെ ക്രൂരനായ ഒരു ഭര്ത്താവ് എന്ന ചിത്രമാണ് മനസ്സില് സൃഷ്ടിക്കുക. കഥ മുന്നോട്ട് നീങ്ങുമ്പോൾ മാത്രമാണ് നമ്മുടെയും, ശരതിന്റെയും മുൻവിധികളിൽ നിന്നും മോചിപ്പിക്കപ്പെട്ടു താണു പിള്ള എന്നാ ലാൽ കഥാപാത്രത്തിന്റെ സ്വത്വം ചുരുൾ അഴിയുന്നത്.

ക്രൂരനായ ഭർത്താവിൽ നിന്ന് മോചനം തേടിയിറങ്ങുന്ന പീഡിതയായ, സ്നേഹരഹിതയായ  ഭാര്യ അല്ല മീനാക്ഷിയമ്മ എന്നാ തിരിച്ചറിവ് ശരത് നൊപ്പം നമ്മളെയും വിസ്മയിപ്പിക്കും. താണു പിള്ള എന്ന മനുഷ്യന് സ്നേഹാർദ്രനായ ഒരു അച്ഛന്റെ മുഖം കൂടി ഉണ്ട് എന്ന് മകന് കാട്ടി  കൊടുക്കുന്നത് അമ്മ തന്നെയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം  വളർന്ന് വലുതായ ആ മകൻ അത് ഇത്ര നാളും നാളും  എന്ത് കൊണ്ട് തിരിച്ചറിഞ്ഞതെയില്ല   എന്ന ചോദ്യം മാത്രം തിരക്കഥ ബാക്കി നിര്ത്തുന്നു. എന്നിട്ടും എന്താണ് മീനാക്ഷിയമ്മയെ കൊണ്ട് ഒഴിമുറി ചോദിപ്പിച്ചതെന്ന  ചോദ്യം അവസാനം വരെ പ്രേക്ഷകന്റെ ഉള്ളില ഉണ്ടാവും.

അവിടെക്കാണ്  ശ്വേത മേനോന്റെ അമ്മ വേഷം കടന്നു വരുന്നത്. താണു പിള്ളയുടെ അമ്മയാണ് കാളിപ്പിള്ള എന്ന പ്രൌഡ നായർ  സ്ത്രീ. ഇത്ര ശക്തമായ ഒരു positive സ്ത്രീ കഥാപാത്രം മലയാള സിനിമയിൽ ഞാൻ ആദ്യം കാണുകയായിരുന്നു. അഭിനയവും, മേക്കപ്പും വേണ്ടത്ര നന്നായില്ല എന്നതൊരു പോരായ്മ ആയി ബാക്കി നില്ക്കുന്നു. സ്ത്രീയാണ് പുരുഷനേക്കാൾ ഒരു പടി മേലെ എന്നാ തിരുവിതാംകൂർ നായർ സമ്പ്രദായത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സ്ത്രീയാണ് കാളിപ്പിള്ള. അത് കൊണ്ട് തന്നെ അവർ മരുമകൾക്ക് വേണ്ട ബഹുമാനം നല്കാത്ത മകനോട്‌ കലഹിക്കാനും , അതിന്റെ പേരില് വീടുപേക്ഷിച്ച് പോകാനും അശേഷം മടി ഇല്ലാത്ത സ്ത്രീയുമാണ്. പക്ഷെ ഒടുവില മരണാസന്ന ആയിരിക്കുമ്പോൾ അവരിലെ സ്ത്രീത്വത്തെ മാതൃത്വം മറികടക്കുന്ന കാഴ്ച നമ്മൾ കാണുന്നു. ” നീയാണ് എന്റെ മകനെ എന്നിൽ നിന്നും അകറ്റിയത് ” എന്ന് അവർ മരുമകൾക്ക് നേരെ ആരോപണം ഉന്നയിച്ചാണ് അവർ മരണത്തിലേക്ക് നടന്നു പോകുന്നത്. കാളി പിള്ളയുടെ ഈ  ആരോപണത്തെ ഒരു അമ്മ മനസ്സിന്റെ ദൗർബല്യം എന്ന് പൂര്ണമായും മനസ്സിലാക്കുവാൻ മീനക്ഷിയംമക്ക് കഴിയുന്നുണ്ട്.

പക്ഷെ ഇതേ ആരോപണം മറു ഭാഗത്ത്‌ നിന്ന് , അതായതു സ്വന്തം ഭർത്താവിൽ നിന്ന് വരുമ്പോൾ മീനാക്ഷിയമ്മയിലെ സ്ത്രീത്വം, പാതിവൃത്യം അപമാനിതമാവുകയാണ്. ” എന്റെ അമ്മയെ അന്ന് നീയല്ലെ   വീട്ടില് നിന്ന് ഇറക്കി വിട്ടത്” എന്നാ താണു പിള്ളയുടെ ചോദ്യത്തിന്റെ മൂർച്ചയിൽ ആണ് മീനാക്ഷിയമ്മ തളർന്നത് . ഇത്ര വര്ഷത്തെ സ്നേഹം, സഹനം ഒക്കെ കഴിഞ്ഞിട്ടും തന്റെ മനസ്സ് തിരിച്ചറിയാനാവാതെ പോയ സ്വന്തം പുരുഷനോട് അവൾക്കു ക്ഷമിക്കാൻ ആകുന്നില്ല. ഒരിക്കൽ അയാളുടെ ഉഗ്ര ശാസനക്ക് പുറത്തു സ്വന്തം വീടിനെ , സഹോദരനെ, അച്ഛനെ ഒക്കെ അവൾ എന്നെന്നേക്കുമായി ഉപേക്ഷിച്ചതിനെ ” ഇല്ലെങ്കിലും നീ നന്ദി കേട്ടവൾ ആണ്, സ്വന്തം തന്ത ചത്ത്‌ പോയിട്ട് നീ ഒന്ന് തിരിഞ്ഞു നോക്കിയോ ” എന്ന് മുറിവേല്പ്പിക്കുമ്പോൾ മീനാക്ഷിയമ്മ ക്ക് താങ്ങാൻ കഴിഞ്ഞില്ല.

ദേഷ്യമില്ല , പകയില്ല, പറയാൻ ആരോപണങ്ങൾ ഒന്നുമില്ൽ, അയാളിലെ അച്ഛനോട് അങ്ങേയറ്റം മതിപ്പും ഉണ്ട്. എന്നിട്ടും അവർ ഒഴിമുറി വേണം എന്ന് ഉറപ്പിച്ചു പറയുന്നിടത്ത് സ്നേഹം കൊണ്ടുള്ള എന്ത് ക്രൂരതയും സഹിക്കുന്ന, എന്നാൽ സ്നേഹ രഹിതമായ ഒരു നിശ്വാസം പോലും പൊള്ളിക്കുന്ന സാധാരണ പെണ്ണിന്റെ ഉൾതുടിപ്പുകൾ പേറുന്നു മീനാക്ഷിയമ്മ.അമ്മയെ ഭാര്യയെ സ്ത്രീയെ നന്നായി മനസ്സിലാക്കിയ എഴുത്തുകാരൻ ആണ് തിരക്കഥാകൃത് ജയമോഹൻ.

അതേ  സമയത്ത് തന്നെ താണു പിള്ള എന്നാ മനുഷ്യന്റെ മനസ്സിലെ അരക്ഷിതത്വം അതിന്റെ  എല്ലാ തീവ്രതയോടും നമുക്ക് അനുഭവവേദ്യമാകുന്നുണ്ട്. സ്വന്തം അച്ഛൻ അനുഭവിച്ച സ്നേഹ നിരാസത്തിന്റെയും , അവഗണനയുടെയും കൈപ്പുനീർ അയാളുടെ മനസ്സില് എന്നുമുണ്ടായിരുന്നു. അമ്മയെന്ന ശക്തമായ കഥാപാത്രത്തിന്റെ മുന്നിൽ പഞ്ച പുച്ഛം അടക്കി നിന്ന അച്ഛനെ കണ്ട താണുവിനു സ്ത്രീകളെ ഭയമായിരുന്നു. ആ ഭയത്തെ മറികടക്കാൻ അയാൾ ഭാര്യയെ സ്വന്തം കാൽ ച്ചുവട്ടിൽ   തന്നെ നിർത്തി . ഭയത്തിന്  ഒപ്പം  ഉണ്ടായിരുന്ന അമ്മയോടുള്ള സ്നേഹം അയാൾ സ്വയം തിരിച്ചറിഞ്ഞത് അവരുടെ മരണത്തിനു ശേഷമായിരുന്നു. ഭാര്യയോടുള്ള സ്നേഹം അയാൾ തിരിച്ചരിയുന്നതാകട്ടെ അവർ പിരിഞ്ഞു പോകുമ്പോഴും. ഒടുവിൽ അയാൾ മകനെ ഉപദേശിക്കുന്നുണ്ട് ഭാര്യയെ പേടിക്കുകയല്ല സ്നേഹിക്കുകയാണ് വേണ്ടത് എന്ന്!!

പോയകാലത്തെ തിരുവിതാംകൂർ  ഭാഷയും, സംസ്കാരവും, വളരെ പ്രശംസനീയമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. അഭിനയത്തിൽ ലാലിനേക്കാൾ ഒരു പടി മുന്നിൽ തന്നെയായിരുന്നു മല്ലികയുടെ മീനാക്ഷിയമ്മ .ഭാവന ആസിഫ് പ്രണയം ചിത്രത്തിന് നിറം നല്കുന്നു.

ഒരു വട്ടം കണ്ടിട്ട് മതിയായില്ല. ഇനി ഒന്ന് കൂടി കാണണം എന്നാ ആഗ്രഹം തോന്നിപ്പിച്ച അപൂർവ്വം  സിനിമകളിൽ  ഒന്നു കൂടി യായിരുന്നു ഒഴിമുറി .

Indian Rupee


 മലയാള സിനിമ കല്‍പ്പിത കഥകളുടെയും അര്‍ത്ഥ ശൂന്യമായ തമാശകളുടെയും ലോകത്ത് നിന്നു ഒരു രണ്ടര മണിക്കൂര്‍ ഒന്നു മാറി നിന്നത് പോലെ, ഇന്ത്യന്‍ റുപ്പി കണ്ടപ്പോള്‍. കേരളത്തിന്റെ സമകാലീന യാഥാര്‍ധ്യത്തിന്റെ ചെറിയ ഒരേട്‌. അതായിരുന്നു ഈ ചിത്രം മുന്നോട്ട് വെച്ചത്. ഭാവനകളുടെ മടുപ്പിക്കുന്ന നിറങ്ങള്‍ കണ്ടു മടുക്കുമ്പോള്‍, വളരെ realistic ആയ ഒരു കഥയിലൂടെ, അവതരണത്തിലൂടെ രഞ്ജിത് വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നു ഈ ചിത്രത്തിലൂടെ.

കഥയില്ലയ്മകളുടെ കാലത്ത് പ്രാന്ജിയേട്ടനും, ഇന്ത്യന്‍ രുപ്പിയും പോലെയുള്ള ത്രെഡ് കണ്ടുപിടിക്കാനുള്ള ആ sense ആണെന്ന് തോന്നുന്നു  രണ്ജിത്തിനെ   മറ്റുള്ളവരില്‍ നിന്നു വേറിട്ട്‌ നിര്‍ത്തുന്നത്. (എങ്കിലും Rock n Rolll  , പ്രജാപതി, ചന്ദ്രോത്സവം പഴയ ചിലത് ഒന്നും  മറന്നിട്ടില്ല …!!!) കഥയ്ക്കുള്ള വിഷയങ്ങള്‍ നമുക്ക് ചുറ്റും തന്നെ ഉണ്ടെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു സംവിധായകന്‍. റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപങ്ങളുടെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ നമ്മള്‍ മലയാളികള്‍ എവിടെ എപ്പോ എങ്ങനെ നിക്ഷേപിക്കാം എന്ന് കൂലം കഷമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് തികച്ചും relevant ആയ ഒരു തീം.

മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ടു നടക്കുന്ന ഒരു ശരാശരി മലയാളി യുവാവ്, അവന്റെ സ്വപ്‌നങ്ങള്‍, വെട്ടിപ്പിടിച്ചു മുന്നേറാനുള്ള ത്വര, റിസ്ക്‌ എടുക്കാനുള്ള കൂസലില്ലായ്മ ഒക്കെ പ്രശംസനീയാമാംവണ്ണം പ്രിത്വിരാജ് കൈകാര്യം ചെയ്തിട്ടുണ്ട്. നായകന്‍റെ intro സീനില്‍ തലയില്‍ നിന്നു പുതപ്പെടുത്തു മാറ്റി ആ മുഖം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കേട്ട കൂവല്‍ പിന്നെ സിനിമ തീര്‍ന്നു ഇറങ്ങുവോളം ഒരിടത് നിന്നും ഉയര്‍ന്നില്ല. കടുത്ത പ്രിത്വി വിരുദ്ധ ഇന്റര്‍നെറ്റ്‌ വികാരം അലയടിക്കുന്ന ഈ കാലത്ത് കൂവിക്കാതെ പ്രേക്ഷകരെ പിടിച്ച് ഇരുത്തിയെങ്കില്‍ പ്രിത്വി എന്ന നടന്‍ കൂടുതല്‍ പക്വത ആര്ജിക്കുന്നതിന്റെ തെളിവാണത്. സദ്‌ ഗുണ സമ്പന്നന്മാരായ നായകന്മാരെ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക്‌ആശ്വാസം ആകുന്നുണ്ട്  സാധാരണ മനുഷ്യരെ പോലെ ദൌര്‍ബല്യങ്ങള്‍ ഉള്ള, തെറ്റ് ചെയ്യുകയും തിരുത്തുകയും ചെയുന്ന ഒരു നായകനെ വെള്ളിത്തിരയില്‍ കാണുമ്പോള്‍ . ( വാസ്തവം എന്ന സിനിമയിലെ കഥാപാത്രത്തിനെ ഓര്‍മ്മപെടുതുന്നുണ്ട് ഇതിലെ പ്രിത്വിയുടെ റോള്‍).ഹാസ്യ രംഗങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ ഉള്ള പാളിച്ചകള്‍ ഒഴിച്ചാല്‍ ജയപ്രകാശ് എന്ന J P പ്രിത്വിരജിന്റെ കൈകളില്‍ ഭദ്രമായിരുന്നു.

മലയാള സിനിമ ഒരിക്കലും മറക്കാത്ത ആ മഹാനടന്‍ പെരുംതച്ചന്റെ  മറ്റൊരു വേഷപ്പകര്‍ച്ച അച്യുതമേനോന്‍ തിലകന്‍ ഉജ്വലമാക്കി മാറ്റിയിട്ടുണ്ട്. ജഗതി, ടിനി ടോം , മല്ലിക, ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്നു പോകുന്ന കല്‍പ്പന, രേവതി, അങ്ങനെ  ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളുണ്ട് ഈ ചിത്രത്തില്‍.

“ഈ പുഴയും” എന്ന പാട്ടിന്റെ ചിത്രീകരണം മാത്രം “ഘോരം ഘോരം ” എന്നല്ലാതെ എന്ത് പറയാന്‍.

തുടക്കവും വേണ്ടത്ര മികച്ചതായില്ല. അപരിചിതരായ രണ്ടു പേരോട് ലാലു അലക്സ്‌ JP യുടെ  ജീവിതത്തിന്‍റെ സങ്കീര്‍ണമായ ഒരേട്‌ ചുമ്മാ വെച്ചങ്ങു കാച്ചുന്നു എന്ന ഫ്ലാഷ് ബാക്ക് logic മാത്രം കുറച്ചു illogical ആയി തോന്നി.  പിന്നെ എല്ലാം കൂടി തികഞ്ഞു വരില്ലല്ലോ എന്ന് കരുതി ആശ്വസിക്കാം ..!!

NB: പ്രിയപുത്രിയോടു ഇന്റെര്‍വല്‍ ആയപ്പോള്‍ ഞാന്‍ അന്വേഷിച്ചു മോളെ സിനിമ എങ്ങനെയുണ്ട്? ” ആ കൊള്ളാം ..പക്ഷെ പ്രിത്തിരാജ് പൊട്ടയാ” !!. (ദൈവമെ ഇവള്‍ക്കും ഇനി വല്ല face book account ഉം ഉണ്ടോ സ്കൂളില്‍ ??? )

“മോള്‍ക്ക്‌  ഇഷ്ടമാണോ  പ്രിത്വിരാജിനെ ?”:  അല്ല

മമ്മൂട്ടിയെ ?:  അല്ല

മോഹന്‍ലാലിനെ ?:  അല്ല

പിന്നെ ആരെയാ മോള്ക്കിഷ്ട്ടപ്പെട്ടത്‌ ?:   എനിക്ക് ..എനിക്ക്…”കോ” ചേട്ടന്‍ ഇല്ലെ ? “എന്നമോ ഏതോ പാടുന്ന ”    ചേട്ടനെയ ഇട്ടപ്പെട്ടത്‌…  ( മൊത്തത്തില്‍ ഒരു ‘പാണ്ടി ടേസ്റ്റ്’  ഉണ്ടെന്ന് തോന്നുന്നു  !!!)

“ബ്ലെസ്സിയുടെ പ്രണയം “


പ്രണയം കണ്ടു..പ്രണയം എന്ന വാക്കിന്‍റെ അര്‍ത്ഥവും അര്‍ത്ഥന്തരങ്ങളും വളരെ മനോഹരമായി തന്നെ നിര്‍വചിച്ചിട്ടുള്ള ഒരു സിനിമ. തൂവാനതുമ്പികള്‍ ആയിരുന്നു മുന്‍പ് ഇത് പോലെ പ്രണയം നന്നായി വരച്ചിട്ടിരുന്ന ഒരു ചിത്രം. ഒരു പക്ഷെ പദ്മരാജന്‍ ന്റെ കളരിയില്‍ നിന്നു ഇറങ്ങിയത്‌ കൊണ്ടാവും ബ്ലെസ്സിയുടെ  പ്രണയത്തിനും ഇത്ര ചാരുത. സിനിമ തീര്‍ന്നപ്പോള്‍ വെള്ളിത്തിരയില്‍ ഉടക്കി നിന്ന മനസ്സിനെ അടര്‍ത്തി എടുത്തു  കൊണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഉള്ളില്‍ അപ്പോള്‍ പ്രണയത്തിന്റെ ചെറിയ ചെറിയ ചാറ്റല്‍ മഴകള്‍..

വളരെ സൂക്ഷ്മതയോടെയും ,കയ്യടക്കതോടെയും ഉള്ള സംവിധാനം ആണെന്ന് തോന്നുന്നു പ്രണയത്തിനെ തീവ്രമായ ഒരു കാഴ്ചാനുഭവം ആക്കി മാറ്റിയത്. അശ്രദ്ധമായ ഒരു ഫ്രെയിം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ പാളി പോകാമായിരുന്ന വളരെ sensitive ആയ ഒരു പ്രമേയം. ” ഭാര്യയും ഭര്‍ത്താവും, മുന്‍ ഭര്‍ത്താവും അവിചാരിതമായി കണ്ടു മുട്ടുന്നു, ഒരുമിച്ചു ഒരു യാത്ര പോകുന്നു, എന്ന ഒരു one liner നെ ഏതൊരു കാഴ്ച്ചക്കരന്റെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ വന്നു തൊടതക്കവണ്ണം present ചെയ്യാന്‍ കഴിഞ്ഞു എന്നയിടതാണ് പ്രണയം എന്ന സിനിമ വിജയിക്കുന്നത്. നാടകീയമായ dialogues ഇല്ലാ, ഏച്ചു കേട്ടലുകള്‍ ഇല്ലാ, മുഴച്ചു നില്‍ക്കലുകള്‍ ഇല്ലാ, ഓരോന്നും അതിന്‍റെ പാകത്തിന് ഉണ്ട് താനം. ഓരോ കഥാപാത്രത്തിന്റെയും വീക്ഷണ കോണില്‍ നിന്നും കാര്യങ്ങള്‍ കാണാനും ചിന്തിക്കാനും പ്രേക്ഷകന് ഇടം കൊടുക്കുന്നുണ്ട് ഈ സിനിമ. പ്രേക്ഷക മനസ്സിനോട് നന്നായി സംവദിക്കുന്ന ഒരു സിനിമ.

മോഹന്‍ ലാല്‍ എന്ന താരമോ, നടനോ അല്ല മാത്യൂസ് എന്ന മനുഷ്യനെ മാത്രം ഈ സിനിമ നമുക്ക് മുന്നില്‍ കാട്ടി തരുന്നു. പ്രണയം എന്ന വികാരം ഇത്രമേല്‍ തീവ്രമായി അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള മറ്റൊരു നടന്‍ ഇല്ലാ എന്ന ലാല്‍ ഈ ചിത്രത്തിലൂടെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്. അനുപം ഖേറും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ജയപ്രദയുടെ ഭാവ പൂര്‍ണതക്കുറവുകള്‍പോലും സമര്‍ത്ഥമായി മറയ്ക്കപ്പെടുന്നു മാത്യൂസ് ന്‍റെ അഭിനയതികവില്‍. മലയാള സിനിമ ഇനിയും പൂര്‍ണ്ണമായി ഉപയോഗിച്ചിട്ടില്ലാത്ത ഒരു നടനായ അനൂപ്‌ മേനോന്റെ കഥാപാത്രവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്.

പ്രണയതോടുള്ള  വളരെ ധീരമായ ഒരു സമീപനം ആണീ ചിത്രം മുന്നോട്ടു വെയ്ക്കുന്നത്. പൊതു സമൂഹത്തിന്റെ മാനദണ്ടങ്ങളെ, ചട്ടങ്ങളെ ഒക്കെ നിശബ്ദമായി വെല്ലു വിളിക്കുന്നുണ്ട് ക്ലൈമാക്സ്‌ ന് മുന്‍പ് വരെ ഈ ചിത്രം. പക്ഷെ ഒടുവില്‍ ക്ലൈമാക്സ്‌ ഒരു ഒതുക്കി തീര്‍ക്കലിലേക്ക് തന്നെ വന്നെത്തുന്നു. സമൂഹത്തിന്റെ ഇടപെടലുകളില്‍ നിന്നു, ചോദ്യ ചിഹ്നങ്ങളില്‍ നിന്നും സമര്‍ത്ഥമായ ഒരു മോചനം തന്നെ കൊടുത്തു നായികയെ സംവിധായകന്‍ രക്ഷിച്ചെ ടുത്തു .! ഇങ്ങനെയാകുമ്പോള്‍ സമൂഹത്തിനും നെറ്റി ച്ചുളിയില്ലല്ലോ..!!അവിടെ മാത്രം ബ്ലെസി compromise ചെയ്തു എന്നൊരു തോന്നല്‍.

ഇത്ര നാളും എനിക്ക് ബ്ലെസി ചിത്രങ്ങളോട് എനിക്ക് ഉണ്ടായിരുന്ന ഒരു aversion പ്രണയം കണ്ടതോട്‌ തല്ക്കാലം നീങ്ങി. കാഴ്ചയും തന്മാത്രയും പളുങ്കും, കല്‍ക്കട്ട ന്യൂസ്‌ ഉം സമ്മാനിച്ചത്‌ പോലെയുള്ള ഒരു “emotional black മെയിലിംഗ്” ഇല്ലായിരുന്നു ഈ ചിത്രത്തില്‍. മറിച്ച്  , മനസ്സിന്‍റെ ആഴങ്ങളില്‍ എവിടെയോ ഒരു കണ്ണുനീര്‍ത്തുള്ളി കുടഞ്ഞു പോയ മേഘക്കീറ് പോലെ പ്രണയം മനസ്സില്‍ ബാക്കി നില്‍ക്കുന്നു..

NB: second ഷോ തീരാന്‍ ഒരു 10 – 15 മിനുട്ടുകള്‍ മുന്‍പേ വരെ എന്‍റെ പ്രിയ പുത്രി ഇരുന്നു ഈ സിനിമ കണ്ടു. എന്തെങ്കിലും മനസ്സിലായോ എന്നറിയില്ല.. തുടക്കത്തില്‍ അനുപം ഖേരിനെ തനിച്ച് കണ്ടപ്പോഴെ അന്വേഷണം വന്നു ” ഈ അപ്പൂപ്പന്റെ അമ്മൂമ്മ എന്തിയെ…?” ഒടുവില്‍ അപ്പൂപ്പന്മാരും അമ്മൂമ്മയും ബീച്ചില്‍ എത്തിയപ്പോള്‍ നവമിടെ കമന്റ്‌ ഇപ്പൊ രണ്ടു അപ്പൂപ്പനും ഒരു അമ്മൂമ്മയും മാത്രം ഉണ്ടല്ലോ…? (ത്രികോണ പ്രണയ കഥ അത്ര ക്ക് ദഹിച്ചില്ല എന്ന് തോന്നുന്നു!!!)

സിനിമ കാണാന്‍ കയറുന്നതിനു മുന്‍പ്  ഒറ്റ demand മാത്രം അവള്‍ വെച്ചു ,
 അച്ഛാ ” current bill “ആകുമ്പോ എനിക്ക് pop corn മേടിച്ചു തരണേ എന്ന്..
interval എന്നതിന്‍റെ ” നവമി ഭാഷ്യം ” ആണ് കറന്റ്‌ ബില്‍ എന്നത് സമഗ്രമായ ഒരു അന്വേഷണത്തിലൂടെ ആണ് ഞങ്ങള്‍ക്ക് വ്യക്തമായത് !!

അരുന്ധതി


എന്നും ഉച്ചക്ക് നവമി ഉറങ്ങിയ ശേഷം ആണ് എന്‍റെ working hours ആരംഭിക്കുന്നത്. ആരും monitor ചെയ്യാനില്ലാത്തത് കൊണ്ട് ചിലപ്പോള്‍ തോന്നും എഴുതുവാന്‍ കൂടിക്കിടക്കുന്ന ഈ mainframe articles ന്‍റെയും web content ന്റെയും നടുവില്‍ നിന്നും ഒന്ന് ഒളിച്ചോടിയാലോ എന്ന്..അങ്ങനെ ഒരു തോന്നലില്‍ കമ്പ്യൂട്ടര്‍ സ്ക്രീനിനെ അനാഥമാക്കി അലസ മധുരമായി ചെലവിടാനിരുന്ന ഒരുച്ച നേരത്തില്‍ ആണ്  അവള്‍, അരുന്ധതി എന്‍റെ മുന്നിലെക്കെത്തിയത്. തുടുത്ത നെറ്റി തടത്തിലെ വലിയ കുങ്കുമ പൊട്ടും വിടര്‍ന്ന കണ്ണുകളിലെ ആജ്ഞാ ശക്തിയും ശരീര ഭാഷയിലെ കുലീനതയുമായി അവള്‍ എന്‍റെ കണ്ണുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ ഞാന്‍ ഒരു മാത്ര ഒന്ന് അമ്പരന്നു…
ആരിവള്‍ ജാന്‍സീ റാണിയോ…?
(കണ്ടോ കണ്ടോ എല്ലാര്‍ക്കും ആകാംഷ കൂടുന്നു…)
TV remote ലെ ഫോര്‍വേഡ് ചാനല്‍ ബട്ടണില്‍ നിന്നും എന്‍റെ വിരലുകള്‍ താനെ പിന്‍വാങ്ങി..പാതി പിന്നിട്ട ഒരു തെലുങ്ക് സിനിമയുടെ തമിഴ് രൂപന്തരമായിരുന്നു അത്.


പേരറിയാത്ത, നടീ നടന്മാരെ അറിയാത്ത ആ horror thriller ലേക്ക് ഞാന്‍ ആഴ്ന്നു പോകുകയായിരുന്നു. പൊതുവെ  horror എന്ന് പേരില്‍ പടച്ചു വിടുന്ന സിനിമ സൃഷ്ടികളോട് എനിക്ക് വല്യ താല്പര്യം ഇല്ലാത്തതാണ്. (അമ്മാവന്‍ പറയുന്നത് പോലെ ഏയ് പേടി കൊണ്ടൊന്നുമല്ല interest ഇല്ലാഞ്ഞിട്ടാണ് …ശരിക്കും )
2009 ഇല്‍ മറ്റോ തെലുങ്കില്‍ ഇറങ്ങിയ ഈ ചിത്രത്തിന് നമ്മുടെ മണിച്ചിത്രതാഴിന്‍റെ നല്ല സാദ്രിശ്യം ഉണ്ട്, പക്ഷെ ചന്ദ്രമുഖി പോലെ നിലവാരം കുറഞ്ഞു പോയിട്ടുമില്ല. പൊതുവെ fantasy യോടുള്ള എന്‍റെ ഇഷ്ടം കൊണ്ട് കൂടിയാവണം ഈ സിനിമ കാണാന്‍ ഞാനിരുന്നത്. അത് മാത്രമല്ല സ്ത്രീ കേന്ദ്രീകൃത  സിനിമകളോട് ഒരു ചായ്‌വും എനിക്കുണ്ട്. (പുരുഷ കേസരികള്‍ സദയം ക്ഷമിക്കുക, വര്‍ഗ്ഗ ബോധം കൊണ്ടാണെ…)ആദ്യം മുതല്‍ കാണാന്‍ പറ്റിയില്ലെങ്കിലും മിനെക്കെട്ടിരുന്നു ഗൂഗിള്‍ ചെയ്തു ആ സിനിമയെപ്പറ്റി പരതിയപ്പോള്‍ ഒരു കാര്യം മനസ്സിലായി, എന്നെപ്പോലെ ഈ സിനിമ ഇഷ്ടപ്പെട്ട ഒരേ തൂവല്‍ പക്ഷികള്‍ കുറച്ചധികം ഉണ്ടെന്ന്.

ഈ സിനിമയ്ക്കു 2 കാലഘട്ടങ്ങളുണ്ട്. നായിക   2 കാലഘട്ടങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. വിവാഹ നിശ്ചയം കഴിഞ്ഞു നില്‍ക്കുന്ന ഒരുപാട് സ്വപ്നങ്ങളുള്ള പെണ്‍കുട്ടി. എന്നാല്‍ പഴയ കാലഘട്ടത്തില്‍ അവള്‍ അരുന്ധതി എന്ന ജക്കമ്മ ആണ്. അവള്‍ ഒരു നാടിന്റെ റാണി ആണ്. സ്വന്തം സഹോദരീ ഭര്‍ത്താവായ പശുപതി എന്ന നീച ജന്മത്തില്‍ നിന്നും പ്രജകളെ രക്ഷിക്കാന്‍ ഉടവാള്‍ എന്തിയവള്‍ ആണ്. സംഭവ ബഹുലമായ ഒരു പാട് മുഹൂര്‍ത്തങ്ങളിലൂടെ അവള്‍ അയാളെ കൊല്ലുന്നതോടെ നാടിനു അവള്‍ ദേവി തുല്യ  ആയ ജക്കമ്മ ആയി മാറുന്നു. പക്ഷെ പശുപതിയുടെ നീചാത്മാവ് രാജ്യത്തെ വേട്ടയാടാന്‍ തുടങ്ങുന്നതോടെ അരുന്ധതി അസ്വസ്ഥയാകുന്നു  . അയാളുടെ ആത്മാവിനെ ജയിക്കണമെങ്കില്‍ സ്വന്തം ശരീരം വെടിഞ്ഞ് പുനര്‍ ജന്മത്തിലെ  സാധ്യമാകു എന്നറിഞ്ഞു അരുന്ധതി ശരീരം വെടിയുന്നു. 3 തലമുറകള്‍ ക്ക് ശേഷം  അവള്‍ വീണ്ടും ജനിക്കുന്നതാണ്  ഇപ്പോഴുള്ള അരുന്ധതി. അരുന്ധതി സ്വന്തം ജന്മ ഉദ്ദേശ്യം  തിരിച്ചറിയുന്നതും അത് നിറവേറ്റുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

ഇതില്‍ കഥയേക്കാളും, special effects നെക്കാളും ഒക്കെ എന്നെ ആകര്‍ഷിച്ചത് നായിക കഥാപാത്രത്തിന്റെ അനിതര സാധാരണമായ പ്രാധാന്യവും ശക്തിയുമാണ്. ജാന്‍സീ റാണി ആയാലും ഉണ്ണിയാര്‍ച്ച ആയാലും John of arc ആയാലും പൊതുവെ തിന്മക്കെതിരെ ഉടവാള്‍ എന്തിയ  സ്ത്രീ രത്നങ്ങളോട് എനിക്ക് പണ്ടെ ആരാധനയുണ്ട്. അത് എന്‍റെ പ്രിയതമന്‍ പറയുന്നത് പോലെ ഫെമിനിസ്റ്റ് ചിന്ത കൊണ്ടാണോന്നറിയില്ല ..
എന്‍റെ കാഴ്ചപാടിലെ സ്ത്രീ ഏതു പ്രതിസന്ധിയിലും തളരാത്തവള്‍ ആണ്. ആത്മ ശക്തിയുടെ സൂര്യ തേജസ്സാല്‍ ഏതിരുട്ടിലും വെളിച്ചമായി മാറാന്‍ കഴിയുന്നവളാണ്. ഏതു ജീവിത പോരാട്ടത്തിലും പിന്തിരിയാത്ത ധീരതയുമാണ്. തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന പുരുഷന്‍റെ പിന്നിലെ ശക്തിയും സ്നേഹവുമാണ്.  കരയാത്ത, തളരാത്ത, പോരാളിയായ ഒരു പെണ്ണിന്റെ ചിത്രം ഫെമിനിസത്തിന്റെ പ്രതിരൂപമാണ് എങ്കില്‍ ഞാന്‍ സമ്മതിക്കുന്നു…ഞാനും ഒരു ഫെമിനിസ്റ്റ് ആണ്.

പറഞ്ഞു പറഞ്ഞു വഴി മാറിപ്പോയി..പൂര്‍വ കാലത്തിലെ അരുന്ധതി അനുപമായ ഒരു കഥാപാത്രമാണ്. അനുഷ്ക എന്ന നടി ഇതില്‍ ഉജ്വലമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.ചില നേരങ്ങളില്‍ വെള്ളിത്തിരയുടെ അതിരുകള്‍ ഭേദിച്ച് അരുന്ധതി എന്‍റെ മുന്നില്‍ ജീവനോടെ നില്‍ക്കുകയായിരുന്നു എന്ന് തോന്നിപ്പോയി. ആത്മ ബലമുള്ള, ധീരയായ ഒരു സ്ത്രീയുടെ ചിത്രം ഈ സിനിമ കണ്ട് കഴിയുമ്പോള്‍ മനസ്സില്‍ നിന്നും മായാതെ കിടക്കും.