Archive for April, 2012

നവമി മുഖങ്ങള്‍


അങ്ങനെ ഞങ്ങളുടെ നവമി പെണ്ണ് ബിരുദധാരിയായി!!

മഞ്ഞ കോട്ടും, convocation തൊപ്പിയും ഒക്കെ ധരിച്ച് ആള്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു ആപ്പിള്‍ കിഡ്സ്‌ ഇല്‍ നിന്നും കട്ടയും പടവും മടക്കി ഇറങ്ങി.  ദിവസങ്ങള്‍ കടന്നു പോയത് ഇത്ര വേഗം ആയിരുന്നോ? ഇന്നലെ ആയിരുന്നുന്നു തോന്നുന്നു അവള്‍ എന്റെയും അപ്പൂപ്പന്റെയും കൈ പിടിച്ചു ആപ്പിള്‍ കിഡ്സ്‌ ന്‍റെ പടി കടന്നത്‌.

ഇനി നീണ്ട രണ്ടു മാസങ്ങള്‍ ഇതിനെ വീട്ടില്‍ എങ്ങനെ മെയ്ക്കും എന്നതാണ് ടെന്‍ഷന്‍.

ഇന്ന് ഉച്ചയ്ക്ക് മൂന്നു   പപ്പടം തിന്നിട്ടു നാലാമത് ഒന്നു ചോദിച്ചപ്പോള്‍  ഞാന്‍ അനങ്ങാതെ  എന്‍റെ ജോലിയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരുത്തി മുഖവും വീര്‍പ്പിച്ചു മുന്നില്‍.

“ഇങ്ങനെ ആണേല്‍ ഞാന്‍ ഇനി അമ്മേടെ കയ്യില്‍ പിടിചോണ്ടൊന്നും  സ്കൂളില്‍ പോകില്ല. ഞാന്‍ വാനില്‍ കേറിയെ പോകു എന്ന്. “

ഓക്കേ അങ്ങനെ ആയിക്കോട്ടെ ഇനി അല്ലെങ്കിലും ഇനി നീ വാനിലാ പോകുന്നത് എന്ന് എന്‍റെ തര്‍ക്കുത്തരം കേട്ടപ്പോള്‍..”

“അമ്മേടെ പൊന്നിനോട് ഇങ്ങനെ ആണോ  പറയുന്നത്” എന്ന് ഒരു ചോദ്യം !!

എന്തായാലും അവസാനം വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു അവള്‍ ചോട്ടാ ഭീമിലേക്ക് മടങ്ങി.

കുറെ കഴിച്ചപ്പോ വന്നൊന്നു ഒളിഞ്ഞു നോക്കിയിട്ട്..” അമ്മക്കള്ളി ,  എടീ കള്ളി പെണ്ണേ…” എന്നൊരു വിളി.

അമ്മയോട് ഇങ്ങനെ പറയാമോ എന്നായി ഞാന്‍.

” അമ്മ എന്നോട് പറയുമല്ലോ എടി കല്ലിപ്പെന്നെ എന്ന്”, സ്നേഹം കൊണ്ടല്ലെ അങ്ങനെ പറയുന്നത്, അതുപോലെ ഞാനും സ്നേഹം കൊണ്ടല്ലെ അമ്മയോടും പറയുന്നത്”

എന്താ ചെയ്ക കീഴടങ്ങുക അല്ലാതെ മറ്റു മാര്‍ഗം ഇല്ലല്ലോ!!! ( മോളെ ആള്‍ക്കാരുടെ മുന്നിലൊക്കെ വെച്ചു ഇത്ര സ്നേഹം കാണിക്കരുതേ എന്നൊരു അപേക്ഷ മാത്രം!!)

നവമി മുഖങ്ങള്‍ മാറി മാറി വരുന്നു.

  • ചിലപ്പോള്‍ ഉപദേശി, ( അമ്മെ എന്നോടിങ്ങനെ ചെയ്യാമോ, ഇങ്ങനെ ഒക്കെ പറയാമോ, അമ്മേടെ പോന്നൂടെ പറേന്നത്‌ ഒന്നു കേട്ടാല്‍ എന്താ?   എന്ന മട്ടില്‍ “അമ്മയുപദേശങ്ങള്‍”)
  • ചിലപ്പോള്‍ കലിക്കുട്ടി ( ഞാന്‍ അമ്മ പരേന്നതോന്നും കേള്‍ക്കില്ല, വേണ്ട ഞാന്‍ വരത്തില്ല…)
  • ചിലപ്പോള്‍    തന്നിഷ്ടക്കാരി ( എനിക്ക്  ആ ഡ്രസ്സ്‌ വേണ്ട, ആ ക്ലിപ്പ് അല്ല ഇതാ വേണ്ടത്,
  • ചില്ലപ്പോള്‍ കഥക്കുട്ടി (രാത്രി 12 .30 ന്  “അമ്മ എനിക്ക് ഈ മൂന്നു ബുക്ക്‌ കൂടി വായിച്ചു തന്നിട്ട് എന്നെ ഉറക്കണേ, ഞാന്‍ വേഗം ഉറങ്ങമെ)
  • ചില്ലപ്പോള്‍ പിണക്കക്കുട്ടി (എന്നോട് ആരും മിണ്ടണ്ട, ഞാന്‍ ആരുടേം പൊന്നല്ല…)
  • ചിലപ്പോള്‍ കൊഞ്ചിക്കുട്ടി  (  നീ വല്യ പെണ്ണ് ആയില്ലെ  നവമി എന്ന് പറയുമ്പോള്‍ “ഞാനോ ഞാന്‍ ഇപ്പൊഴും അമ്മേടെ വയറ്റില്‍ നിന്നും വന്ന കുഞ്ഞ് വാവയല്ലെ “)
  • ചിലപ്പോള്‍ മടിച്ചിക്കുട്ടി ( “ഞാന്‍ ഇത്രേം നേരം കളിച്ചു ക്ഷീണിച്ചു ഇനി അമ്മ ഈ കളിപ്പാട്ടം ഒക്കെ ഒന്നു അടുക്കി വെച്ചെ…”
  • ചിലപ്പോള്‍ ഭീഷണിക്കുട്ടി ( ഞാന്‍ അച്ഛന്‍ വരുമ്പോ അമ്മേടെ കാര്യം പറഞ്ഞു കൊടുക്കും, അമ്മ എനിക്കിവിടെ ഒന്നും തിന്നാന്‍ തരത്തില്ലെന്ന് പറഞ്ഞു കൊടുക്കും..നോക്കിക്കോ)

മാറുന്ന മുഖങ്ങള്‍ ഓരോന്നും കൌതുക കാഴചകള്‍ തന്നെ…ദാ  ഉണരുന്നു. ഇനി ഏതാണാവോ വേഷപ്പകര്‍ച്ച ?

നവമി @ നന്ദനം


അങ്ങനെ ഈ അവധിക്കാലം തുടങ്ങിയ ഒരു ദിവസം നവമിക്കൊരു ബോധോദയം ഉണ്ടായി. ഉമച്ചിറ്റ ആന്‍ഡ്‌ ഫാമിലി വന്നിട്ട് പോകാന്‍ ഇറങ്ങിയപ്പോള്‍  അവരുടെ കൂടെ വീട്ടില്‍ പോയി താമസിക്കാം എന്ന്. അതു ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു. “ഈ അച്ഛനും അമ്മയും ഒക്കെ ഇവിടെ തനിച്ച് ഇരിക്കുമ്പോഴെ എന്‍റെ വില മനസ്സിലാവു , എന്ന് വല്ലതും  മനസ്സില്‍ കണക്കു കൂട്ടിയിട്ടുള്ള നീക്കം ആയിരുന്നോന്നു ആര്‍ക്കറിയാം.!!

ഇറങ്ങാന്‍ നേരം” അമ്മേ എന്‍റെ യാ കൊച്ചു കൃഷ്ണന്‍ അമ്പോറ്റിയെ കൂടെ ഇങ്ങു എടുതെക്കനെ…അപ്പൊ എനിക്ക് ജപിച്ചിട്ടു കിടന്നുറങ്ങാമല്ലോ…”എന്നായി നവമി.

“എന്റമ്മോ എന്തൊരു പക്വത, എത്ര നല്ല സ്വഭാവം” ഞങ്ങള്‍ മാതാപിതാക്കള്‍ നിന്നു കോള്‍മയിര്‍ കൊണ്ടു!!

ഒരു കൊച്ചു ബാഗില്‍ രണ്ടു ഉടുപ്പും എടുത്ത് വെച്ചു കൂട്ടുകാരനായ കൊച്ചു കൃഷ്ണനെയും കൈയില്‍ പിടിച്ച് നവമി കാറില്‍ കയറി യാത്രയായി.

എന്ത് മറിമായം സംഭിവിച്ചതാണ് ഇവള്‍ക്ക് എന്ന് അത്ഭുതം കൂറി ഞങ്ങള്‍ നിന്നു. സാധാരണ ഗതിയില്‍ ‘അമ്മ കമ്പനി’ ഇല്ലാതെ റിസ്ക്‌ എടുത്ത് ഇങ്ങോട്ടും പുറപ്പെടാന്‍ തയ്യാര്‍ ആകാത്ത പാര്‍ട്ടി ആണ് ഇന്ന് സ്വമേധയ കെട്ടും ഭാണ്ടവും മുറുക്കി ഇറങ്ങിയിരിക്കുന്നത്.

മിക്കവാറും പടിക്കലെ കടയില്‍ എത്തുമ്പോഴേക്കും ഒരു മടക്ക യാത്ര പ്രതീക്ഷിച്ചു ഞങ്ങള്‍ വാതില്‍ക്കല്‍ തന്നെ നിലയുറപ്പിച്ചു. പക്ഷെ ആള്‍ കടയും താണ്ടി, റോഡും താണ്ടി അങ്ങ് നന്ദനത്തില്‍ (ഉമ ചിറ്റ യുടെ ഫ്ലാറ്റ്) ചെന്ന് ചേര്‍ന്നു.

ഇവിടെ വീടുറങ്ങി കിടന്നപ്പോള്‍ അച്ഛന് ഉറക്കം വരുന്നില്ല..മിക്കവാറും ഇപ്പൊ വിളി വരും നമുക്ക് കാറില്‍ തന്നെ കിടന്നുറങ്ങിയാലോ…പിതാശ്രീക്ക് പുത്രിയില്‍ ഉള്ള അതീവ വിശ്വാസം പ്രകടമായി പുറത്ത് വന്നു. 

ആദ്യമൊന്നു വിളിച്ചപ്പോള്‍ അവിടെ സ്ഥിതിഗതികള്‍ തീര്‍ത്തും ശാന്തം ആണെന്ന് അറിവ് കിട്ടി. ബാംഗ്ലൂര്‍ ഇല്‍ നിന്നു ഹ്രസ്വ സന്ദര്‍ശനത്തിനു എത്തിയ അമ്മൂമ്മക്കൊപ്പം’ ചോട്ടാ ഭീം’ കഥയൊക്കെ പറഞ്ഞു ആള്‍ settle ആയെന്നു അറിവ് കിട്ടി. പിന്നീട് ആള്‍ നാമ ജപത്തിലേക്ക്  കടന്നുവെന്നും, ‘ഭക്ത നവമി’ ജപ ധ്യാനങ്ങള്‍ ഒക്കെ കഴിഞ്ഞു അമ്മൂമ്മയോട് ” നല്ല കുട്ടികള്‍ അല്ലെ അമ്മൂമ്മെ നാമം ജപിച്ചിട്ടു കിടക്കുന്നത് എന്ന് ചോദിച്ചു, ഒരു സര്‍ട്ടിഫിക്കറ്റ് ഉം മേടിച്ചു കിടന്നുരങ്ങിയതായി അറിവ് കിട്ടി രണ്ടാമത്തെ വിളിയില്‍.

‘നിങ്ങളിങ്ങനെ വിളിച്ചു വിളിച്ചു അവളെ ഉണര്‍ത്താതെ  കിടന്നുറങ്ങു മനുഷ്യരെ’ എന്ന് തുഷ് പറയുന്നതിന് മുന്‍പേ ഞങ്ങള്‍ വിളി നിര്‍ത്തി ഉറങ്ങാമെന്ന് കരുതി. എന്നാലും നമ്മുടെ കൊച്ചു എങ്ങനെ എന്ന് ഇത്ര സ്വയം പര്യാപ്തയായി എന്നൊരു അതിശയം രേഖപ്പെടുത്തി ഫോണ്‍ ഉം തലക്കല്‍ വെച്ചു ഞങ്ങളും കിടന്നുറങ്ങി.

രാവിലെ എണീറ്റ പ്പോള്‍ തന്നെ വിളിച്ചു ഞങ്ങള്‍. ” കുഴപ്പൊന്നും ഇല്ലായിരുന്നല്ലോ”?

“വല്യ കുഴപ്പം  ഇല്ലായിരുന്നു.”.തുഷ് ന്‍റെ ക്ഷീണ സ്വരം.
അപ്പോഴെ തോന്നി complete കുളമായി ക്കാണും എന്ന്.

ശേഷം സ്ക്രീനില്‍

സമയം ഏകദേശം രാത്രി 12 . 30 .  ചെന്നൈ വൈദ്യുതി ബോര്‍ഡിന് പെട്ടന്നൊരു ഉള്‍വിളി അങ്ങനെ എപ്പോഴും കറങ്ങി കൊണ്ടിരുന്നാല്‍ ശരിയാവില്ലല്ലോ  ..(കൂടം കുളം ഒക്കെ ഒന്നു ഓപ്പണ്‍ ചെയിക്കണേല്‍ ആള്‍ക്കാരൊക്കെ കറന്റ്‌ കട്ട്‌ ന്‍റെ ബുദ്ധിമുട്ട് അറിഞ്ഞാലേ പറ്റു എന്ന ലൈനില്‍ ആണിപ്പോള്‍ അമ്മച്ചീടെ ഒരു പോക്ക് )

ഫാന്‍ നിന്നു. നവമി ഉറക്കം ഠിം…

ത്രി കണ്ണു  തുറന്ന് ഇരുട്ടില്‍ ആദ്യം തൊട്ടടുത്ത്‌ ഒന്നു തപ്പി, അമ്മ ക്ക് പകരം അമ്മൂമ്മയുടെ സോഫ്റ്റ്‌ ആയ വയര്‍. അപോഴെ rejected !!

അമ്മേ..അമ്മേ ആള്‍ വിളി തുടങ്ങി. വിളി നിലവിളിയായി.

എനിക്ക് അമ്മേ കാണണം ..എന്നെ എന്‍റെ വീട്ടില്‍ കൊണ്ടു വിട്ടാല്‍ മതി”…തുടങ്ങി നിരവിധി മുദ്രാവാക്യങ്ങള്‍ നവമി നാവില്‍ പിറവി കൊണ്ടു.

ഉറങ്ങു മോളെ, രാവിലെ അമ്മ വരും എന്ന് പറഞ്ഞപ്പോള്‍ അവള്‍ ആദ്യം ദുര്‍ഗ യായി.” രാവിലെ അല്ല എനിക്കിപ്പോ കണ്ടാല്‍ മതി.

ഞാന്‍ എന്‍റെ അമ്മേടെ വയറ്റില്‍ നിന്നു വന്നതല്ലെ, എന്നെ എന്താ കൊണ്ടു വിടാത്തത്‌ ” !!

“മോള് സമ്മതിച്ചു തന്നെ വന്നതല്ലെ ഇങ്ങോട്റെന്ന” അമ്മൂമ്മ ചോദ്യത്തിന്
നവമി ” ഞാനിനി ഇങ്ങോട്ട് വരത്തെയില്ല..” എന്ന് ഭദ്രകാളീ രൂപം പൂണ്ടു …

അമ്മൂമ്മയും, ഉമ ചിറ്റയും കൂടി  പറയാന്‍ ശ്രമിച്ച കഥകളെ എല്ലാം അവള്‍ തട്ടി തെറുപ്പിച്ച് ഉറഞ്ഞു തുള്ളി.

അങ്ങനെ കലാ പരിപാടികള്‍ ഏകദേശംരണ്ടു രണ്ടര  വരെ നീണ്ടു. അവസാനം കറന്റ്‌ വാശി അവസാനിപ്പിച്ചു തിരിച്ചു വന്നു ഫാനിനെ കറക്കി വിട്ടു..ഫാന്‍ വന്നു സെക്കന്റ്‌ കള്‍ക്കുള്ളില്‍ നവമി കീഴടങ്ങി..പൂച്ചക്കുഞ്ഞായി അമ്മൂമ്മയോട് ചേര്‍ന്നു കിടന്നുറങ്ങി..
‘നവമിക്കലി’ നേരിട്ട് കണ്ട അമ്മൂമ്മ ചിരിയോട് ചിരി. ഈ കഥകളൊക്കെ പറയുമ്പോളും അവള്‍ തലയും കുത്തി കിടന്നുറങ്ങുകയായിരുന്നു. അവസാനം ഉറക്കത്തില്‍ തന്നെ അവളെ കൈയോടെ പൊക്കി ഞങ്ങള്‍ ഇറങ്ങി. കാറില്‍ ഇരുന്നപ്പോള്‍ കുഞ്ഞി കണ്ണുകള്‍ തുറന്ന് എന്‍റെ മുഖം കണ്ടപ്പോള്‍ കൈ നീട്ടി ഒന്നു കെട്ടിപ്പിടിച്ചു അവള്‍. എന്താ ഇന്നലെ പറ്റിയത് എന്ന ചോദ്യത്തിന്..ഒരു കുഞ്ഞി ചമ്മലും കൊഞ്ചലും, സ്നേഹവും ചേര്‍ത്ത  ഒരു ചിരിയും “എനിക്ക് അമ്മേടെ അടുത്ത് വരണമായിരുന്നു” എന്നൊരു മറുപടിയുമായി അവള്‍ എന്‍റെ തോളിലേക്ക് ചാഞ്ഞു.

ഇനി എന്നാണാവോ അടുത്ത സാഹസം…

 

NB : ഗോപുവിനു കൊച്ചിയില്‍ ആണ്   പോസ്റ്റിങ്ങ്‌ എന്ന് കേട്ടപ്പോള്‍ എന്നോട് നവമിചോദ്യം : അമ്മേ കൊണ്ട് വിടാവുന്ന ദൂരത്തിലാണോ ‘ഗോപ ചെ’ ടെ  സ്ഥലം ..”

അമ്മ: എന്താ?

നവമി: “അല്ല…ഞാനും കൂടെ പോയാലോ ഗോപ ചെ ടെ കൂടെ ..?”

അമ്മ: പോയി കിടന്നു ഉറങ്ങെന്റെ കൊച്ചെ….കഴിഞ്ഞയാഴ്ച ഒന്നു പോയതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല എന്നിട്ടാണ് ഇനി കൊച്ചിക്ക്‌…!!

യക്ഷിയമ്മ


കരിയിലകളില്‍ പാദപതനങ്ങള്‍ക്ക് കാതോര്‍ത്തു യക്ഷിയമ്മ ഉറങ്ങാതെ ഇരിപ്പുണ്ടാവും. .

 ചുണ്ണാമ്പ് ചോദിച്ചു വഴിയില്‍ കാത്തു നില്‍ക്കുന്ന, കരിമ്പനകള്‍ക്ക് മുകളില്‍ രക്തം കുടിച്ചു ചീറുന്ന ആ പഴയ മുത്തശി കഥയിലെ യക്ഷിയല്ല ഇത്.. ഇത് അമ്മയാണ്, ദേവിയാണ്, ഒരു തറവാടിന്റെ, നാലുകെട്ടിന്റെ ആത്മാവാണ് ഐശ്വര്യമാണ്. എന്‍റെ അമ്മവീടായ കല്ലുപ്പാറ യില്‍ നാലുകെട്ടിനോട് ചേര്‍ന്ന് യക്ഷി അമ്മക്ക് ഒരു ചെറിയ അമ്പലം ഉണ്ട്. അവിടെ കുടിയിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്ര ആയി എന്ന് അമ്മക്ക് പോലും ഓര്‍മ്മയുണ്ടാകില്ല. പക്ഷെ ജനി മൃതികളുടെ നീണ്ട വഴിത്താരകളില്‍ യക്ഷിയമ്മ കാഴ്ചക്കാരിയായി എന്നും ഉണ്ടായിരുന്നു.ബാല്യത്തില്‍ വെളുത്ത മന്ദാര പൂക്കളുടെ മണവും, തെറ്റി പ്പൂക്കളുടെ ചുവപ്പും പടര്‍ത്തി യക്ഷിയമ്മ ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍  എവിടെയൊക്കെയോ അദ്രിശ്യായി നടന്നിരുന്നു..

കല്ലുപ്പാറയിലെ മഴ സന്ധ്യകള്‍ക്ക് എന്നും വല്ലാത്തൊരു വന്യതയുണ്ടായിരുന്നു. നിറഞ്ഞു നില്‍ക്കുന്ന തണല്‍ മരങ്ങളുടെ നിഴലും, മഴയുടെ നേര്‍ത്ത തേങ്ങലും, ഇടിയും മിന്നലും ഒക്കെ ഉണരുന്ന സന്ധ്യകളില്‍ ഒരു കൊച്ചു കൈ വിളക്ക് കാറ്റത്തു തിരി കെടാതെ ജാതിയും ചാമ്പയും പൂത്തു നില്‍ക്കുന്ന വഴികടന്നു യക്ഷിയംബലതിലേക്ക് ഞങ്ങള്‍ നടന്നു പോകുമ്പോള്‍ ഒരു ഹൃദയമിടിപ്പിന്റെ അകലതിനപ്പുറം  അമ്മയുടെ കണ്ണുകള്‍ ഉണ്ട് എന്നത് ആശ്വാസം ആയിരുന്നു. അന്നത്തെ നിഷ്കളങ്കമായ ആ വിശ്വാസം തന്നിരുന്ന ശക്തിയും ആത്മ ബലവും ഇന്ന് നടന്നു വന്ന വഴികളില്‍ എവിടെയോ കൈമോശം വന്നു എന്നോര്‍ക്കുമ്പോള്‍ ഞാന്‍ ദുര്‍ബലയാകുന്നു..

ഒരിക്കല്‍ പോലും അമ്മ എന്‍റെ സ്വപ്നങ്ങളില്‍ വന്നതേയില്ല. ആ മുഖം എങ്ങനെ ആകും എന്നറിയാന്‍ ഏറെ കൊതിചിട്ടുണ്ടായിരുന്നു. കൊമ്പല്ലും, നീണ്ട മുടിയും, ചുവന്ന പൊട്ടും എന്‍റെ ഈ യക്ഷിയമ്മ ക്ക് ഉണ്ടാവില്ല. പകരം നേര്‍ത്ത പഞ്ഞി പോലെ ഉള്ള വെള്ളിതലമുടിയും, പ്രകാശം വഴിയുന്ന കണ്ണുകളും, ഇളം ചൂടുള്ള പരുക്കന്‍ വിരലുകളും ഉള്ള ഒരു മുത്തശ്ശിയാവണം  എന്‍റെ ഈ യക്ഷിയമ്മ. കാരണമറിയാത്ത സങ്കട തുണ്ടുകള്‍ വന്നു ഉള്ളു പൊള്ളുമ്പോള്‍ ” എന്‍റെ കുട്ടീ നീയിങ്ങോട്ടു ചേര്‍ന്ന് നിന്നോളു ” എന്നൊരു കൈയും , ആശ്വസിപ്പിക്കുന്ന ഒരു ഹൃദയ താളവും, അതാവും ഈ യക്ഷിയമ്മ..

ആരും ഇല്ലാത്ത നാലുകെട്ടില്‍ ഇപ്പോള്‍ വല്ലാതെ തനിച്ചായി പോയിരിക്കണം ഈ  അമ്മ . മൌനത്തിന്റെ കടലാഴങ്ങള്‍ ഒളിച്ചിരിക്കുന്ന നാലുകെട്ടിന്റെ അകത്തളങ്ങളിലും അമ്പലത്തിന്റെ പ്രദക്ഷിണ വഴികളിലും അമ്മയുടെ കണ്ണുകള്‍ മക്കളെ തേടി നടപ്പുണ്ടാകും. ഒരുപക്ഷെ ചിലപ്പോഴൊക്കെ ദൂരപരിധികള്‍ പിന്നിട്ടു അമ്മ ഞങ്ങളെ കാണാനും എത്തിയിട്ടുണ്ടാവും, തിരക്കില്‍ ഞങ്ങള്‍ അറിയാതിരുന്നതവും. വേനല്‍ ചൂടില്‍ ഒരു ഇളം കാറ്റായി , ഒരു ചെറു മഴത്തുള്ളിയായി ഒക്കെ അമ്മ വന്നു പോയിട്ടുണ്ടാകും. ചില രാത്രികളില്‍ ഉറക്കം വരാതെ കാണും മിഴിച്ചു കിടക്കുന്ന എന്‍റെ നവമിയെ ശിരസ്സില്‍ തലോടി ഉറക്കിയിട്ടുണ്ടാവും ഈ അമ്മ ..ഞാന്‍ കാണാതെ പോയതാവും..

ഏറെ നാളായി അമ്മയെ കണ്ടിട്ട്..ഒരുപാട് തലമുറകളുടെ പാദ സ്പര്‍ശം ഏറ്റു വാങ്ങിയ, ഒരുപാട് ഓര്‍മ്മകള്‍ നിറഞ്ഞു കവിയുന്ന, ആ നാലുകെട്ടിറെ മടിത്തട്ടിലേക്ക് മുഖം ചേര്‍ത്തു കിടക്കുമ്പോള്‍, മുടിയിഴകളില്‍ ഇളം ചൂടുള്ള വിരല്‍ സ്പര്‍ശം ഏറ്റുറങ്ങുന്ന ഒരു ചെറിയ പെണ്‍കുട്ടിയാകാന്‍ വീണ്ടും ഒരു മോഹം..