Posts Tagged ‘amma’

കോടുകുളഞ്ഞിയിലെ മകൾ!


കഴിഞ്ഞ ഒരാഴ്ച കോടുകുളഞ്ഞി വീട്ടിലെ മകൾ മാത്രമായിരുന്നു. അച്ഛനും, അമ്മയ്ക്കും ഒപ്പം സ്വപ്നം പോലെ ഒരാഴ്ച. ഏറ്റവും ചെറുതിനെ പോലും കൂടെ കൊണ്ടുപോകാതെ എനിക്കങ്ങനെ മാറി നില്ക്കാൻ കഴിയും എന്ന് എനിക്ക് തന്നെ മനസ്സിലായ ഒരാഴ്ച. ഒന്നും സംഭവിച്ചില്ല. എല്ലാം ഭംഗിയായി തന്നെ നടന്നു. ഞാനെനിക്കായി മാത്രമായി മാറ്റി വെച്ച ആ ഒരാഴ്ച ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ ശ്രമിച്ചു. പണ്ടത്തെ പോലെ ട്രാൻസ്‌പോർട് ബസ്സിലും, പ്രൈവറ്റ് ബസ്സിലും, ട്രെയിനിലും ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യുക, സ്കൂളിലും, കോളേജിലും, പിജിക്കും , ഒപ്പം പഠിച്ച പ്രിയപ്പെട്ടവരേ കാണുക, മതിവരുവോളം സംസാരിക്കുക, കവിൾ രണ്ടും വേദനിക്കുന്നത് വരെ നിർത്താതെ ചിരിക്കുക, കാർ ഓടിക്കുക, അച്ചനോടും അമ്മയോടും സംസാരിച്ചിരിക്കുക, നല്ല ഒന്നാംതരം സോഡാ നാരങ്ങാ വെള്ളം കുടിക്കുക, അങ്ങനെ അങ്ങനെ ബക്കറ്റ് ലിസ്റ്റ് ൽ പെട്ടതും പെടാത്തതുമായ അനേകം കാര്യങ്ങൾ ചെയ്തു ഓരോ moment ഉം ആസ്വദിച്ച ഒരാഴ്ച. പ്രിയപ്പെട്ടവരോടൊപ്പം- അത് വീട്ടുകാർ ആവട്ടെ , കൂട്ടുകാരാവട്ടെ, അവരോടൊപ്പം മനസ്സ് തുറന്നും, ചിരിച്ചും, അവരെ കേട്ടും, ചെലവിടുന്ന ചില നിമിഷങ്ങൾ ആണ് എന്റെ ഏറ്റവും വലിയ ‘High’ എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ.

പെട്ടന്നുണ്ടായ ഒരു തോന്നലിന്റെ പുറത്തു തനിച്ചു നാട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു വെച്ചതാണ്. ഓഫീസ്‌ ജോലിയും, വീട്ടുകാര്യങ്ങളും, പിള്ളേരുടെ കാര്യങ്ങളും ഒക്കെയായി ഇങ്ങനെ ദിവസങ്ങൾ, വർഷങ്ങൾ ഒക്കെ കടന്നു പൊയ് ക്കൊണ്ടിരിക്കുകയാണ്. പിന്നീടൊരു നാൾ തിരഞ്ഞു നോക്കുമ്പോൾ ഞാൻ എനിക്കായ് മാത്രം മാറ്റി വെച്ച ചില നിമിഷങ്ങൾ എവിടെ എന്ന് മനസ്സാക്ഷി ചോദിച്ചാൽ പറയാനായി എന്തുണ്ട് എന്നൊരു തോന്നലിൽ നിന്നാണ് ഈ യാത്ര ഉടലെടുത്തത് .

കടുകിട വ്യത്യാസം വരുത്താതെ Routine life ജീവിച്ചു തീർക്കുക, നമ്മളില്ലെങ്കിൽ വീട് വീടാകില്ല എന്ന ചിന്തിച്ചു മാത്രം മുന്നോട്ടു പോകുക, ഇതിനുമൊക്കെ അപ്പുറം ഒന്നിറങ്ങി ചെന്നാൽ ജീവിതം നമുക്ക് ചിലപ്പോൾ ചില മനോഹര നിമിഷങ്ങൾ കൂടി സമ്മാനിക്കും… തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിക്കാനിട തരുന്നത്, മുന്നോട്ട് പോകാൻ കൂടുതൽ ഊർജ്ജം തരുന്നത്. അത് മാത്രമല്ല അച്ഛനും അമ്മയ്ക്കും പണ്ടത്തെ പോലെ നമ്മളെ ഒരു മകളായി മാത്രവും, നമ്മുടെ സുഹൃത്തുക്കൾക്ക് സുഹൃത്തായി മാത്രവും, സഹോദരങ്ങൾക്ക് സഹോദരിയായി മാത്രവും ഒക്കെ മാറാൻ കഴിയുന്ന അപൂർവ അവസരങ്ങൾ സൃഷ്ടിക്കുക തന്നെ വേണം. എങ്കിലേ നടന്നു വന്ന വഴികൾ, കാലം അവർക്കും നമുക്കും ഒക്കെ തന്ന മാറ്റങ്ങൾ, ഒക്കെ ഏറെ കൗതുകത്തോടെ നമുക്ക് നോക്കി നിൽക്കാനാവു. .ആ കാഴ്ചകൾ നമ്മളെ ഒന്നുകൂടി refine ചെയ്യുക തന്നെ ചെയ്യും.

ഇന്നലെ തിരിച്ചെന്റെ വീട്ടിലേക്കു, Windrush എന്ന ഈ സ്നേഹക്കൂട്ടിലേക്കു പറന്നിറങ്ങിയപ്പോൾ മനസ്സാകെ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയിരുന്നു. ഞാനിവിടെ ഇല്ലാത്തപ്പോഴും , ഉള്ളപ്പോഴും ഒക്കെ എന്റെ കുഞ്ഞുങ്ങളെ ഏറ്റവും സ്‌നേഹത്തോടെ ചേർത്ത് പിടിക്കുന്ന അമ്മയും അച്ഛനും, ഞാൻ എന്ന വ്യക്തിയെ, എന്റെ ഇഷ്ടങ്ങളെ, സ്വാതന്ത്ര്യത്തെ, തീരുമാനങ്ങളെ ഏറെ ബഹുമാനത്തോടെ കാണുന്ന എന്റെ പ്രിയതമനും ഒക്കെയുള്ള ഈ വീട് തരുന്ന സ്വാസ്ഥ്യം തന്നെ ആണ് എന്റെ ഇഷ്ടങ്ങളെ കൂടി ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടു പോകാനുള്ള ഊർജ്ജം.

ഇനി ഇതുപോലെ ഒരു ‘കോടുകുളഞ്ഞി വീട്ടിലെ മകൾക്കാലം’ സ്വപ്നം കണ്ടു കണ്ടു ഞാനെന്റെ സാധാരണ ജീവിതത്തിന്റെ രസങ്ങളിലേക്കു മടങ്ങുന്നു..