Archive for December, 2023

ആരോഗ്യനികേതനം 


താരാശങ്കർ ബന്ദോപാധ്യായുടെ ‘ആരോഗ്യനികേതനം’ എന്ന നോവലിന്റെ മലയാള പരിഭാഷ  കോടുകുളഞ്ഞി ജംഗ്‌ഷനിലെ ലൈബ്രറിയിൽ നിന്നും എടുത്തു  വായിച്ചത് കുറെയേറെ  വർഷങ്ങൾക്കപ്പുറം ആയിരുന്നു. നാഡിമിടിപ്പ് നോക്കി അസുഖം കണ്ടുപിടിക്കുന്ന ജീവൻമസായിടെ കഥ അന്നേ എനിക്ക് ഏറെ ഇഷ്ടമായിരുന്നു..ആ പേര് വീണ്ടും കേട്ടത് അടുത്തയിടെ ആയിരുന്നു..

ഞങ്ങളുടെ സ്വന്തം വിജയൻ ഡോക്ടറുടെ കുളനട Medical Trust hospital നോട് ചേർന്ന് ആരോഗ്യനികേതനം എന്ന പേരിട്ട ഒരു health park തുടങ്ങി എന്ന് ആദ്യം പറഞ്ഞത് അമ്മ ആയിരുന്നു. ഞങ്ങളെ മൂന്നുപേരെയും ഒരുമിച്ചു അത് കൊണ്ട് പോയി കാണിക്കണം എന്നത് കുറെ നാളായി അമ്മ പറയുന്നുമുണ്ടായിരുന്നു. കേട്ടപ്പോൾ മുതൽ എന്നെ ഏറെ ആകർഷിച്ചത് ആ പേര് തന്നെയായിരുന്നു. ഈ കഴിഞ്ഞ ഞായറാഴ്ച ഞങ്ങളൊരുമിച്ചു അവിടെ പോയി. മനോഹരമായ ഒരു മദ്ധ്യാഹ്നം ആയിരുന്നു ഞങ്ങൾക്കവിടെ. ശാന്തം, സുന്ദരം, പ്രകൃതി രമണീയം..! ഒപ്പം ആരോഗ്യസംരക്ഷണത്തെപ്പറ്റിയുള്ള നിറയെ ഓർമ്മപ്പെടുത്തലുകളുമായുള്ള ബോർഡുകളും. പൊതുവെ  നമ്മുടെ നാട്ടിൽ തീരെ കാണാത്ത  ഒരു കാര്യമാണ് മനുഷ്യർക്ക് നടക്കാനും സമയം ചെലവഴിക്കാനുമുള്ള പാർക്കുകൾ. അത് കൊണ്ടാവും രാവിലെ റോഡിൽ ഇറങ്ങി പ്രഭാതസവാരി നടത്തുന്ന അനേകം മനുഷ്യരെ നമ്മൾ നാട്ടിൽ ചെല്ലുമ്പോൾ മാത്രം നമ്മൾ കാണുന്നത്.

 ഈ ആരോഗ്യനികേതനത്തിന്റെ വാതിൽ കടന്നു ചെല്ലുമ്പോൾ തന്നെ കാണുന്നത് താരാശങ്കർ ബന്ദോപാധ്യായുടെ പുസ്തകത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ഒരു താളിന്റെ ഒരു installation ആണ്. കല്ലുപാകിയ വഴിത്താരകളും, പച്ചപ്പുല്ല് വളർന്ന ഇടങ്ങളും, Name tag ചെയ്ത മരങ്ങളും ചെടികളും ആണ്  നമ്മളെ അവിടെ  സ്വാഗതം ചെയ്യുന്നത്. കുളനട ജംഗ്‌ഷനിൽ നിന്നും അത്രയും അടുത്തായിട്ടു പോലും  main road ന്റെ  യാതൊരു ബഹളങ്ങളും അവിടെ നമ്മളെ വന്നു സ്പർശിക്കുകയേയില്ല..പഴയൊരു നാട്ടുമ്പുറത്തെ ചായക്കടയുടെ installation നും, യോഗ center ഉം, ചരകന്റെ പ്രതിമയുള്ള ഒരു വെടിവട്ടപ്പുരയും, മ്യൂസിയവും ഒക്കെ ഉണ്ട് അവിടെ. പക്ഷെ മ്യൂസിയം ഒക്കെ പ്രവർത്തിച്ചു തുടങ്ങിയോ എന്ന് സംശയമുണ്ട്.  

ആറ്റുതീരത്തോടു ചേർന്ന് നിൽക്കുന്ന മുളം കാടും, അവിടെയുള്ള ഒരു തടി കൊണ്ടുള്ള ആട്ടുകട്ടിലും, പിന്നെയും കുറച്ചു നടക്കുമ്പോൾ ഉള്ള വ്യായാമ ഉപകരണങ്ങളും, കൊമ്പനാനയുടെ വലിയ പ്രതിമയും, tree house ഉം  ഒക്കെ അവിടുത്തെ ആകർഷണങ്ങളാണ്. കുഞ്ഞുങ്ങൾക്കായി ചെറിയൊരു പാർക്കും ഉണ്ട്. നടന്നു ക്ഷീണിക്കാതെ ഇരുന്നു വിശ്രമിക്കാൻ ഉള്ള ഇടങ്ങൾ, നടക്കേണ്ടവർക്കു  അതിനുള്ള സൗകര്യം, വ്യായാമം  ചെയ്യേണ്ടവർക്കു അതിനുള്ള സൗകര്യം, ആരോഗ്യത്തെക്കുറിച്ചു ഒരു തിരിച്ചറിവ് വേണ്ടവർക്ക് ഗൗരവമാർന്ന ചില ഓർമ്മപ്പെടുത്തലുകൾ, സമാധാനമായി കുറച്ചു സമയം ഇരിക്കേണ്ടവർക്കു അതിനുള്ള ഇടങ്ങൾ ഒക്കെ ചേർന്ന് വളരെ thoughtful ആയി ഒരുക്കിയിരിക്കുന്ന ഒരു Health theme park ആണ് ആരോഗ്യനികേതനം. ഒരുപാട് പേർക്ക് ഇതിനെക്കുറിച്ച് അറിയുമോ എന്ന് സംശയമുണ്ട്. Full swing ൽ ഇത് പ്രവർത്തനനിരതമായോ എന്നും എനിക്ക് സംശയമുണ്ട്. 

ഇനി വരുമ്പോൾ കുട്ടികളെ എല്ലാവരെയും കൊണ്ട് വരണം എന്ന് തീരുമാനിച്ചു ഒട്ടും ക്ഷീണമേയില്ലാതെ ഒരു ഞായറാഴ്ച മദ്ധ്യാഹ്നം ഞങ്ങളവിടെ ചെലവഴിച്ചു മടങ്ങുമ്പോൾ മനസ്സ് നിറയെ സന്തോഷമായിരുന്നു.