Archive for December, 2018

കുഞ്ഞിപ്പെണ്ണും പ്രിൻസസ് ഡയാനയും!


അമ്മെ നവമി ചേച്ചിയെ കണ്ടിട്ട് ഒരു princess ന്റെ കൂട്ടിരിക്കുന്നു. എന്നെ കണ്ടിട്ട് ഒരു boy ടെ കൂട്ടും..കുഞ്ഞിപ്പെണ്ണിന് മുഖം ഒരു sad smiley mode ൽ വെച്ചിട്ടു എന്നോട് ഇന്നലെ പറഞ്ഞ ആവലാതി ആണ്. രണ്ടാളുടെയും മുടി വെട്ടിച്ചിട്ടു വന്നപ്പോൾ മുതൽ ചെറുതിന് ആകെ അങ്ങോട്ട് പിടിക്കുന്നില്ല. കണ്ണിലേക്കും ചെവിയിലേക്കും ഒക്കെ പടർന്നിറങ്ങിയ കുഞ്ഞിപ്പെണ്ണിന്റെ മുടി സാമാന്യം നല്ല രീതിയിൽ വെട്ടി ഒതുക്കിയപ്പോൾ ആൾക്ക് ഒരു boy ലുക്ക് വന്നു എന്നത് ഒരു സത്യമാണ്. എങ്കിലും ഞാൻ ആശ്വസിപ്പിക്കാൻ പറഞ്ഞു മോളെ കണ്ടിട്ട് ഒരു prince ന്റെ കൂട്ട് ഉണ്ടല്ലോ എന്ന്. അതവൾക്കു തീരെ ഇഷ്ടമായില്ല. എനിക്ക് പ്രിൻസ് ന്റെ കൂട്ട് വേണ്ട പ്രിൻസസ് മതി അല്ലെങ്കിൽ girls ന്റെ കൂട്ടെങ്കിലും മതി എന്ന്. (ഫെമിനിസം ഇപ്പോൾ നഴ്സറിയിലെ തുടങ്ങും എന്ന് തോന്നുന്നു!)എന്റെ അനുരഞ്ജന സംഭാഷണങ്ങൾ ഒന്നും ലക്‌ഷ്യം കണ്ടില്ല. എങ്കിലും സ്‌കൂളിൽ പോയിട്ട് വന്നപ്പോൾ കുറച്ചു സമാധാനമായി. അവളുടെ കാന്തി മാം പറഞ്ഞു അത്രേ “യു ലുക്ക് ബ്യൂട്ടിഫുൾ ആഫ്റ്റർ ദി ഹെയർ കട്ട് “എന്ന്. ടീച്ചർ പറഞ്ഞാൽ പിന്നെ അതിനു അപ്പീൽ ഇല്ല കുഞ്ഞിപ്പെണ്ണിന്.

Niv

എന്നാലും ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ കുഞ്ഞിപ്പെണ്ണിന് വീണ്ടും ഒരു ആത്മവിശ്വാസക്കുറവ്. ചേച്ചി ഒരു പ്രിൻസസ് ആയോ എന്ന്. ഞാൻ അവളോട് പറഞ്ഞു ” മോൾ പ്രിൻസസ് Diana എന്ന് കേട്ടിട്ടുണ്ടോ എന്ന്”ഡയാന എന്ന കുട്ടി എന്റെ കൂടെ prekg ൽ ഉണ്ടായിരുന്നു, പക്ഷെ ആ കുട്ടി പ്രിൻസസ് ഒന്നും അല്ല എന്ന് അവൾ! ഞാൻ പറഞ്ഞു ആ ഡയാന അല്ല ഇത് പ്രിൻസസ് ഡയാന ആണ്. Short hair ൽ ഏറ്റവും മനോഹരിയായ ഒരു പ്രിൻസസ് ആയിരുന്നു Diana എന്ന് ഞാൻ അവളോട് പറഞ്ഞു. Short hair ൽ ഒരു beautiful princess എന്നത് അവൾക്കു ആശ്വാസം പകരുന്ന ഒരു പുതിയ അറിവായിരുന്നു. അവൾ ചോദിച്ചു എനിക്ക് ഫോട്ടോ കാണണം (പണ്ടത്തെ പോലെ അല്ല, പ്രൂഫ് കിട്ടാതെ ഇപ്പോഴത്തെ പിള്ളേർ ഒന്നും വിശ്വസിക്കില്ല!)ഞാൻ പറഞ്ഞു Princess Diana മരിച്ചു പോയി അത് കൊണ്ട് ഫോട്ടോ ഒന്നും ഇല്ല എന്ന്. കുഞ്ഞിപ്പെണ്ണിന് തീരെ വിശ്വാസം ആയില്ല. അമ്മേടെ google ൽ നോക്കിയാൽ എന്തായാലും ഫോട്ടോ കിട്ടും എന്ന് അവൾ. വേണമെങ്കിൽ ഫോൺ തന്നാൽ അവൾ “Ok Google ” പറഞ്ഞു കണ്ടു പിടിച്ചോളാം എന്ന്! മുട്ടയിൽ നിന്ന് വിരിഞ്ഞില്ല അപ്പോഴേക്കും OK Google , ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് പേടി ഫോട്ടോ കാണിച്ചാൽ ഇതല്ല ഞാൻ ഉദ്ദേശിച്ചത് എന്ന് അവൾ പറയുമോ എന്നാണ്. അത് കൊണ്ട് തല്ക്കാലം ഞാൻ ഫോട്ടോ ഇല്ല എന്ന നിലപാടിൽ ഉറച്ചു നിന്ന് അവളെ ഉറക്കി.

‘രണ്ടു പിള്ളേർ അമ്മമാരുടെ’ ഏറ്റവും വലിയ struggle ആണ് ഈ അനുരഞ്ജനവും സന്ധിസംഭാഷണവും നയതന്ത്രവും ഒക്കെ. ദിവസത്തിന്റെ പകുതിയും അതിൽ ആണ് പോകുന്നത്. ഒരു പീസ് കേക്ക് ന്റെ ഒരു സെന്റിമീറ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തീർന്നു. ആഭ്യന്തര കലഹം പൊട്ടിപുറപ്പെടും. ഇളയവർ പലപ്പോഴും തീവ്രവാദികൾ ആയി മാറും. മൂത്തവർ cold war experts ഉം. എന്നാണാവോ ഇനി ഇതിനൊക്കെ ഒരു ബോധം വെയ്ക്കുന്നത്. നാളെ ഒരു നാൾ ഏതേതു ദൂരങ്ങളിൽ ഇരുന്നാലും രക്തബന്ധത്തിന്റെ അതിലോലമായ കണ്ണികളാൽ ബന്ധിതരായ പരസ്പരം തണലാവാനുള്ളവർ ആണ് ഇവർ . ഏതു കുഞ്ഞു സങ്കടത്തുണ്ട് വന്നു പൊതിയുമ്പോഴും ചേച്ചിയോടോ അനിയത്തിയോടോ ഒന്ന് സംസാരിച്ചാൽ ഭാരങ്ങൾ ഒഴിഞ്ഞു free ആകുന്ന ഒരാളാണ് ഞാൻ. നാളെ ഒരു നാൾ ഈ കുഞ്ഞിപ്പെണ്ണും വല്യപെണ്ണും അത് പോലെ ആയിരിക്കും, ആയിരിക്കട്ടെ… സഹോദരങ്ങളോളം നമ്മളെ മനസ്സിലാക്കാനും ഉപാധികളില്ലാതെ അത്രത്തോളം ചേർത്ത് പിടിക്കാനും മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല..

ഒടിയൻ


മിത്തും ഫാന്റസിയും ഇഴ ചേർത്ത കഥാതന്തു. മോഹൻലാൽ എന്ന മഹാ നടന്റെ ചില നേരങ്ങളില് വിസ്മയിപ്പിക്കുന്ന പ്രകടനം (പ്രത്യേകിച്ചും older version of ഒടിയൻ). സുദീപും ശ്രേയയും പാടിയ മനോഹരമായ ഗാനരംഗത്തിൽ അതിമനോഹാരിയായി മഞ്ജു വാര്യർ, ഇത് മൂന്നിനും അപ്പുറം ഒടിയൻ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല. എനിക്ക് ഒടിയനെ കുറിച്ച് ആദ്യം കേട്ടത് മുതൽ ഇപ്പോൾ കണ്ടത് വരെ അമിതം എന്നല്ല മിത പ്രതീക്ഷ പോലും ഇല്ലാതിരുന്നതു കൊണ്ട് നിരാശ തെല്ലുമില്ല. ബന്ധങ്ങൾ convincing ആയി തോന്നുന്ന സിനിമകൾ ആണ് എനിക്ക് കുറച്ചു കൂടി ഇഷ്ടം. ‘കൊണ്ടൊരാം.. ‘ എന്ന പാട്ട് ആദ്യം യൂട്യൂബ് ൽ കേൾക്കുമ്പോൾ അതിനു മുൻപ് മോഹൻലാലിൻറെ ഒരു വോയിസ് ഓവർ കേട്ടിരുന്നു. മാണിക്യന്റെ അംബ്രാട്ടിയെ പറ്റി. പക്ഷെ സിനിമ കണ്ടപ്പോൾ എനിക്കാ പ്രണയം അങ്ങോട്ട് ഫീൽ ചെയ്തില്ല. അത് പോലെ തന്നെ പ്രകാശ് രാജിന്റെ കഥാപാത്രത്തിന്റെ സൃഷ്ടിയും എനിക്ക് അങ്ങോട്ട് convincing ആയില്ല. പ്രണയവും പ്രതികാരവും ഒക്കെ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ ആയി പോയത് പോലെ. തിരക്കഥയുടെ പ്രശ്നമാവും എന്ന് തോന്നുന്നു. ഞാൻ സിനിമയെ മൊത്തത്തിൽ dissect ചെയ്തു അപഗ്രഥിച്ചു കാണുന്ന ഒരാളല്ല. കൂടുതലും അതിന്റെ ഇമോഷണൽ background ആണ് എന്നെ ആകർഷിക്കുക. അത് കൊണ്ടാവും നരസിംഹവും, പുലിമുരുകനും, ഒടിയനും ഒക്കെ അത്രയ്ക്ക് അങ്ങോട്ട് എന്റെ മനസ്സിലേക്ക് കയറാത്തത്. അത് കൊണ്ട് തന്നെയാവും അടുത്ത കാലത്തു കണ്ട സിനിമകളിൽ കൂടെ, 96, സുഡാനി ഒക്കെ എന്റെ മനസ്സിലേക്ക് കയറിയതും.

ഒടിയനെ ‘ശരിക്കു’ കാണാൻ എന്ന് പറഞ്ഞു കണ്ണാടി ഒക്കെ എടുത്തു പുറപ്പെട്ട എന്റെ ‘കൊച്ചൊടിയത്തി’ ഇരുട്ടും ഒടിയന്റെ ഷാളും കൊമ്പും ഒക്കെ കണ്ടപ്പോഴേ കീഴടങ്ങി.

odi

ദോശ പുരാണം


Dosa

ഞാൻ ഓർക്കുകയായിരുന്നു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ breakfast നു അമ്മ മൂന്നു ദിവസം അടുപ്പിച്ചു ദോശ ഉണ്ടാക്കുമ്പോൾ വൻ പ്രതിഷേധ സമരം നടത്തുന്നത്. ‘ഇന്നും ദോശയാണോ..ഈ വീട്ടിൽ എന്നും ദോശയാ ..ഈ ദോശ എന്നു പറഞ്ഞ സാധനം കണ്ടു പിടിച്ചത് ആരാണാവോ എന്നുമാത്രമല്ല, ദോശയിലെ ‘ശ’ എന്ന് കേൾക്കുമ്പോഴേ കല്ലിൽ ദോശ ഒഴിക്കുന്ന ‘ശ്ശ്’ എന്ന അറുബോറൻ ശബ്ദം ആണ് ഓർമ്മ വരുന്നത് എന്ന് വരെയുള്ള ‘ പരിദേവനങ്ങൾ എത്രയോ വട്ടം മുഴക്കിയിട്ടുണ്ടെന്നോ..

പക്ഷെ..മാരക ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ, ഈ ദോശ എന്ന ഭക്ഷണസാധനം ആണ് മനുഷ്യരാശിയുടെ ഏറ്റവും മഹത്തായ food innovation എന്ന് കാലം നമുക്ക് മുന്നിൽ തെളിയിക്കും, തെളിയിച്ചു, തെളിയിച്ചു കൊണ്ടിരിക്കുന്നു.. ദോശയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ നമുക്ക് സ്കൂളിൽ പോകുന്ന രണ്ടു പിള്ളേർ വേണം. മിനിമം കല്യാണം കഴിയുമ്പോൾ തന്നെ ദോശ എന്നത് വല്യ ഒരു സംഭവം ആണെന്ന് തിരിച്ചറിവ് വന്നു തുടങ്ങും.

പിന്നീടങ്ങോട്ട് ദോശയോടുള്ള ബഹുമാനം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കും. ഈ ദോശ എന്ന സാധനം മനുഷ്യൻ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ എന്ന് വരെ തോന്നിപോകും. ‘ദോശ’ എത്ര സരള മധുരമായ പേര്. അതിനു പകരം ഈ ‘ഇടിയപ്പം’ എന്നൊക്കെ കേട്ടാൽ തന്നെ അറിയില്ലേ കൈയ്യിലിരുപ്പ് . എന്ന് മാത്രമല്ല ദോശയിലെ ആ ‘ശ്ശ്’ ശബ്ദം കേട്ടോ എത്ര സംഗീതാത്മകം ആണെന്ന് വരെ (ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ തന്നെ ..!!) തോന്നുന്നത് വരെ വന്നെത്തും കാര്യങ്ങൾ. അരച്ച് വെയ്ക്കുകയോ കടയിൽ നിന്ന് ദോശമാവ് വാങ്ങുകയോ എന്തുമാകട്ടെ രാവിലെ ദോശ തരുന്ന flexibility യും സമാധാനവും നമുക്ക് മറ്റൊരു breakfast ഐറ്റവും തരില്ല എന്നത് തർക്കമേതും ഇല്ലാത്ത പരമസത്യമാണ്. സാമ്പാറോ മറ്റു കറിയോ കൂടെ വേണമെന്ന യാതൊരു അഹങ്കാരവും ഇല്ലാതെ പൊടിയായാലും മതി എന്ന മട്ടിൽ വിനയത്തോടെയുള്ള ആ ദോശയുടെ ഇരുപ്പാണ് എനിക്കേറ്റവും പ്രിയം. കവിത എഴുതാനുള്ള കുറച്ചു കഴിവ് ദൈവം തന്നിരുന്നെങ്കിൽ ഞാൻ ദോശയെക്കുറിച്ചു ഒരു മഹാകാവ്യം തന്നെ എഴുതി എന്റെ കൃതജ്ഞത അറിയിച്ചേനെ..

എനിക്ക് ഉറപ്പാണ് നിങ്ങളിൽ പലർക്കും ഞാൻ പറഞ്ഞതിനോട് പൂർണ യോജിപ്പ് ആയിരിക്കുമെന്ന്. ഒരു കാലത്തു തന്നെ തള്ളി പറഞ്ഞവരെക്കൊണ്ടെല്ലാം പിൽക്കാലത്തു ജയ് വിളിപ്പിക്കാനുള്ള ദോശയുടെ ആ കഴിവ് ആരും കാണാതെ പോകരുത്. ദോശ നീണാൾ വാഴട്ടെ..

Wishy Car



സ്കൂളിലെ സ്പോർട്സ് മത്സരത്തിന്റെ തലേന്ന് ആണ് ഞാൻ നവമിയിൽ നിന്ന് ആദ്യമായി ‘Wishy Car’ നെ  പറ്റി  കേൾക്കുന്നത്. താഴേ കളിയ്ക്കാൻ പോയിട്ട് വന്നപ്പോൾ അത്യധികം ആവേശത്തോടെ അവൾ പറഞ്ഞു ” ‘അമ്മ കണ്ടിട്ടുണ്ടോ നമ്മുടെ parking  lot ൽ കിടക്കുന്ന പൊടി പിടിച്ച ആ grey colour car? ഞാൻ പറഞ്ഞു ഉണ്ടല്ലോ. എന്തേ  നിങ്ങൾ പിള്ളേരെല്ലാം കൂടി അത് പൊളിച്ചടുക്കിയോ?ഓ..അതൊന്നുമല്ല..ആ car ഒരു ‘വിഷിക്കാർ’ ആണ്. എന്താ..? ഭിക്ഷക്കാർ എന്നൊക്കെ കേട്ടിട്ടുണ്ട് , ഇതെന്താ ഈ വിഷിക്കാർ? എന്നായി ഞാൻ. 

“അതോ.. അമ്മ വിശ്വസിക്കുമോ എന്നറിയില്ല ആ car ൽ നമ്മൾ എന്ത് വിഷ് എഴുതി വെച്ചാലും അത് നടക്കും. പ്രൂഫ് ഉണ്ട്. മിലൻ കഴിഞ്ഞ ദിവസം ആ കാറിൽ “I want a new pencil box” എന്നെഴുതി വെച്ചു . ഞങ്ങൾക്കു മാത്രമേ അതിനെ പറ്റി  അറിയുമായിരുന്നുള്ളു.  അന്ന് വൈകിട്ട്    നോക്കിയപ്പോൾ ദാ ജോമിൻ അങ്കിൾ അവനു പുതിയ ഒരു ബോക്സ് വാങ്ങി വന്നിരിക്കുന്നു. അത് Wishy Car ന്റെ മാജിക് അല്ലെ..”.എനിക്ക് ചിരി അടക്കാൻ വയ്യ എങ്കിലും ഞാൻ വളരെ സീരിയസ് ആയി തന്നെ കേട്ടിരുന്നു.  എന്തോ important information ആണ് ചേച്ചിയും അമ്മയും തമ്മിൽ കൈമാറുന്നത് എന്ന് ഊഹം കിട്ടിയതോടെ കൊച്ചു ഗുണ്ട ചെയ്തുകൊണ്ടിരുന്ന പാവ വളർത്തൽ പരിപാടി  അവസാനിപ്പിച്ച് ഞങ്ങളുടെ രണ്ടിന്റെയും നടുക്കായി വന്നു സ്ഥാനം ഉറപ്പിച്ചു. ഇനി അറ്റത്തു ആയിപ്പോയാൽ വല്ലതും crucial infoയും  മിസ് ആയാലോ എന്ന സംശയത്തിൽ!  ഞാൻ ചോദിച്ചു നീ എന്നിട്ട് വല്ല  വിഷും എഴുതി വെച്ചോ പരീക്ഷിക്കാൻ? പിന്നെ ഞാൻ മിലൻറെ വിഷ് നടന്നു എന്ന് കേട്ടപ്പോൾ തന്നെ എന്റേതും എഴുതി വെച്ചു. എന്താണാവോ അത്. അത് ആരോടും പറയാൻ പാടില്ല. ഞാൻ നോക്കട്ടെ നടക്കുമോന്നു. അവളുടെ കണ്ണുകളിൽ തിളക്കം.

wishy car

അങ്ങനെ ഒരു wishy car നും നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരാൻ  കഴിയില്ല എന്നും. നമ്മൾ ആത്മാർത്ഥമായി വേണം എന്ന് വെച്ചാൽ ഏതു വിഷും പുഷ്പം പോലെ നടത്തിയെടുക്കാൻ കഴിയും എന്നാണ് നമ്മൾ വിശ്വസിക്കേണ്ടത് എന്ന് തുടങ്ങിയ  കടുത്ത യാഥാർഥ്യങ്ങൾ അവളെ പറഞ്ഞു ബോധവൽക്കരിക്കണം എന്നെനിക്കു ഉണ്ടായിരുന്നു. പക്ഷെ ചെയ്തില്ല. എന്തിനാ വെറുതെ അവളുടെ കൊച്ചു കൊച്ചു കൗതുകങ്ങൾ തല്ലികെടുത്തുന്നത് എന്ന് കരുതി ഞാൻ ആ യാഥാർഥ്യ പാഠങ്ങൾ വിഴുങ്ങി. കുഞ്ഞിപ്പെണ്ണാകട്ടെ ഇതൊക്കെ എന്താ എന്ന മട്ടിൽ കണ്ണിൽ മിഴിച്ചിരുന്നു. wishy അവളെ സംബന്ധിച്ചിടത്തോളം കണ്ണിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഒറ്റ കണ്പീലി ആണ്. അത് കുഞ്ഞി കൈത്തണ്ട മടക്കി വെച്ച് കണ്ണുകൾ അടച്ചു ഊതി കളയുക എന്നത് അവൾക്കു ആത്മനിർവൃതിയുടെ peak ആണ്. എന്നും ഒരേ ആഗ്രഹം മാത്രം..” അമ്പോറ്റി എനിക്കിന്ന് ചോക്ലേറ്റ് കിട്ടണേ..”!!   അത് ഉറക്കെ  പ്രഖ്യാപിക്കാൻ അവൾക്കു ഒരു മടിയുമില്ല താനം. 

അന്ന് വൈകുന്നേരം നടക്കാൻ  ഇറങ്ങിയപ്പോൾ ഞാനീ കൗതുക കഥകൾ എല്ലാം പ്രിയതമനോട് ഉണർത്തിച്ചു. നമുക്ക് പോയി നോക്കാം ആ കാറിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞു ഞങ്ങൾ പോയി നോക്കി. പൊടിപിടിച്ച കാറിന്റെ പുറവും ഗ്ലാസും എല്ലാം  കുഞ്ഞു വിരലുകളാൽ കോറിയിട്ട wishes ആയിരുന്നു. അതിനിടയിൽ പരിചിതമായത് ഒരെണ്ണം. ” I want gold medal for running race. If not possible, I want atleast a  silver medal “. അത് കണ്ടപ്പോഴേ മനസ്സിലായി ആരാണ് ആൾ എന്ന്. അപ്പൊ അതാണ് വിഷ്. നാളെ ആണ് ടെസ്റ്റിംഗ് ഡേ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും bronze ഉം gold ഉം മെഡൽ നേടിയ ആൾക്ക് ഇക്കുറി Sofia എന്ന മഹാമേരു (ക്ലാസ്സിലെ കുട്ടി ആണ്) മുന്നിൽ ഉള്ളതിന്റെ കുറച്ചു ആത്മവിശ്വാസക്കുറവുണ്ട്. 

പിറ്റേന്ന് രാവിലെ ആൾ റെഡി ആയപ്പോൾ ഞാൻ പറഞ്ഞു “നവമി എന്തായാലും നിനക്ക് first or second കിട്ടും. ഇനി ഇപ്പൊ കിട്ടിയില്ലെങ്കിലും സാരമില്ല participation ആണ് പ്രധാനം എന്ന്. വൈകുന്നേരം വന്നപ്പോൾ എനിക്ക് സമ്മാനവും ഒന്നും കിട്ടിയില്ലെന്നു മുഖം കുനിച്ചു  നിന്നു . ഞാൻ പിന്നെ മൈതാന പ്രസംഗം ആരംഭിച്ചു. നവോത്ഥാന നായകരെ തോൽപ്പിക്കുന്ന വിധത്തിൽ വാഗ്ധോരണി മുഴക്കിയപ്പോൾ അവൾ മെല്ലെ എണിറ്റു പോയി തന്റെ silver medal കഴുത്തിൽ ഇട്ടു വന്നു. കണ്ടോ ഞാൻ പറഞ്ഞില്ലേ  wishy car ന്റെ കാര്യം. കണ്ടോ എന്റെ വിഷും  നടന്നത് കണ്ടോ. അവൾ ovewhelmed ആയിങ്ങനെ നിന്നു . നീ എന്തിനാ atleast silver medal എങ്കിലും ന്നു വിഷ് എഴുതിയത്. ഗോൾഡ് മാത്രം വിഷായി എഴുതിയിരുന്നെങ്കിൽ അത് തന്നെ കിട്ടിയേനെ എന്നായി ഞാൻ. ആണോ..ഇനി next time ഞാനോർത്തോളം എന്നവൾ.. 

അവൾ മനസ്സിൽ aim ചെയ്തു വെച്ചതിൽ ആണ് അവൾ എത്തിയത്. അതിൽ wishy car നു role ഒന്നും ഇല്ലാന്ന്  പറയണം  എന്നുണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞില്ല. പണ്ട് ഞാൻ എല്ലാ പരീക്ഷകൾക്കും ഇട്ടു കൊണ്ട് പോകുമായിരുന്ന ഒരു ഇളം പച്ച ചുരിദാർ എന്റെ ഓർമ്മയിൽ വെറുതെ വിരുന്നു വന്നു. (പരീക്ഷകൾക്ക് ഇടയിൽ gap ഉണ്ടായിരുന്നത് കാര്യമായി!) എപ്പോഴോ ഒരിക്കൽ ആ ചുരിദാർ ഇട്ട ദിവസത്തെ പരീക്ഷ എളുപ്പമായി പോയി. അതിൽ പിന്നെ ആ  ചുരിദാർ ഇട്ടാൽ പിന്നെ ഒന്നും പേടിക്കാനില്ല എന്നൊരു ലൈൻ ആയിരുന്നു എനിക്ക്!  ഡിഗ്രിക്കും പിജി ക്കും തുടർന്ന ഈ കലാപരിപാടി അവസാനിപ്പിച്ചത് കാര്യവട്ടത്തു  ചെന്ന് പുതിയൊരു ലോകം പരിചയപ്പെട്ടപ്പോൾ ആയിരുന്നു. ഇവൾ ഒന്നുമല്ലെങ്കിലും ഇത്ര ചെറുതാണല്ലോ. കൊച്ചു കൊച്ചു അന്ധവിശ്വാസങ്ങൾ അതിന്റെ കൗതുകങ്ങൾ ഒക്കെ പിന്നെയൊരു കാലത്തു ഓർമിക്കുമ്പോൾ എത്ര രസമാണെന്നോ..

ഇതെല്ലം കേട്ട കുഞ്ഞിപെണ്ണാകട്ടെ എനിക്ക് wishy ഒന്നും എഴുതാൻ അറിയത്തില്ല..പിന്നെ ഞാൻ എങ്ങനെ എഴുതും  എന്ന് രണ്ടു പുരികങ്ങളും താഴ്ത്തി വെച്ച് കൂലങ്കഷമായി ആലോചിച്ചിരുന്നു സങ്കടപ്പെടുന്നു. അവൾക്കു “The ” മാത്രമാണ് എഴുതാനും വായിക്കാനും അറിയാവുന്ന ഏക വാക്ക് !! നീ തല്ക്കാലം ‘കൺപീലി wish’ ഒക്കെ കൊണ്ട് തൃപ്തി പെടാൻ ഞാൻ അവളെ ഉപദേശിച്ചു!!അത് തീരെ ഇഷ്ടപ്പെടാതെ അവൾ എന്നെ ക്രുദ്ധയായി നോക്കി നിന്നു.  

ഏകാന്തം   


അലമാരയിൽ ഇരുന്ന പഴയ ഒരു purse ൽ  എന്നോ എഴുതി എന്നാൽ പോസ്റ്റ് ചെയ്യാൻ മറന്നു പോയ ഒരു ബ്ലോഗ് ഇന്ന് അവിചാരിതമായി കൈയ്യിലെത്തി. നിവി വരുന്നതിനു ഒരു രണ്ടു മാസം മുൻപ് ഒരു മാർച്ച് 31 നു ഞാനും നവമിയും ശ്രീകാര്യത്തു ഉള്ളപ്പോഴത്തെ ഒരു ഓർമ്മയാണ്.

ഏകാന്തം

നവമിയുമൊത്തുള്ള പതിവ് വൈകുന്നേര നടത്തം കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു ടീച്ചറെ കണ്ടത്. ആളൊഴിഞ്ഞ വഴിയിലേക്ക് മിഴികളൂന്നി അവർ sitoutൽ തനിച്ചിരിക്കുകയായിരുന്നു. കണ്ടിട്ട് ഒരുപാടു കാലമായിരുന്നു. എങ്കിലും ഭവ്യയല്ലേ എന്ന് ചോദിച്ചു ഒരു നിറചിരിയോടെ അവർ ഇറങ്ങി വന്നു. ശ്രീകാര്യത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന റിട്ട. ടീച്ചർ ആണവർ. എന്റെ കാര്യവട്ടം പഠന കാലത്തു എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അവരുടെ വീടിനു മുന്നിലൂടെ നടന്നു പോകുമ്പോൾ ഒരു പുഞ്ചിരി, ചിലകുശലങ്ങൾ ഒക്കെ കൈ മാറാറുണ്ടായിരുന്നു. എന്റെ പേരൊക്കെ ഓർമ്മയുണ്ടാകുമെന്നോ, അറിയുമെന്നോ പോലും എനിക്കറിയില്ലായിരുന്നു. എപ്പോൾ വന്നു, മോൾ വലുതായല്ലോ, എന്റെ date എന്നാണ് തുടങ്ങിയ വർത്തമാനങ്ങൾക്കു ശേഷം, “ഇവിടുത്തെ ‘അച്ഛൻ’ പോയതറിഞ്ഞായിരുന്നോ എന്നൊരു ചോദ്യം. ഞാൻ അന്ന് ചെന്നൈയിൽ ആയിരുന്നു.ഒരു വര്ഷം മുൻപ് എപ്പോഴോ അലസമായി കേട്ട് മറന്നിരുന്നു ആ വീട്ടിലെ അച്ഛന്റെ മരണം. ആഴമേറെയുള്ള ഒരു സങ്കടക്കടലിന്റെ അണ തുറക്കുന്നത് പോലെ ടീച്ചർ പിന്നെ പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ ഒന്നും മിണ്ടാതെ കേട്ടുകൊണ്ടും..

” ഒരു വർഷമായി ഇപ്പോൾ.. വിശ്വസിക്കാനേ പറ്റുന്നില്ല. പെട്ടന്നൊരു ദിവസം കാൽ അങ്ങ് തളർന്നു. പിന്നെ വെറും  പത്തു ദിവസം  കഴിഞ്ഞപ്പോൾ ആളങ്ങു പോയി. 80 വയസ്സുണ്ടായിരുന്നു. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. ഒരുമിച്ചുള്ള വർഷങ്ങൾ കടന്നു പോയത് ഒന്നും അറിഞ്ഞതേയില്ല. പെട്ടന്നൊരു ദിവസം ഒന്നും പറയാതെ ആളങ്ങു പോയി. ഞാൻ നേരത്തെ പറയുമായിരുന്നു പോകുമ്പോൾ നമുക്കൊരുമിച്ചു പോകണമെന്ന്. എന്നിട്ടു ഇപ്പൊ ഞാൻ തനിച്ചായി. എപ്പോഴും എന്റെ കൂടെ വൈകുന്നേരങ്ങളിൽ ഇവിടെ ഇങ്ങനെ കസേരയിട്ട് ഇരിക്കുമായിരുന്നു”. ഞാൻ വല്ലാതെയായി.. കേട്ട്തീർന്നപ്പോൾ അവരുടെ ഉള്ളിലെ സങ്കടത്തീ മീനച്ചൂടിനെ പോലും തോൽപ്പിച്ചു കൊണ്ട് എന്നെ പൊള്ളിക്കാൻ തുടങ്ങി.

ottayila

 എന്ത് ചെയ്യാൻ പറ്റും ആന്റീ എല്ലാം ഈശ്വരനിശ്ചയം പോലെയല്ലേ നടക്കു എന്ന ദുര്ബലമായൊരു മറുമൊഴി ഞാൻ ടീച്ചർക്ക് കൈമാറി. ടീച്ചർക്ക് ഒപ്പം മകളും, മരുമകനും, കൊച്ചുമക്കളും ഒക്കെയുണ്ട്. പക്ഷെ ഏതു പ്രിയബന്ധുവിനും നികത്താനാവാത്ത ഒരു ശൂന്യത ടീച്ചർന്റെ വലതുഭാഗത്തു എനിക്ക് അറിയാനായി. പാതിവഴിയിൽ തനിച്ചായി പോയ ഒരു കുട്ടിയുടെ വിഹ്വലമായ  കണ്ണുകൾ ആയിരുന്നു ടീച്ചർക്ക് അപ്പോൾ. അൻപതു വർഷത്തിലേറെ അത്രമേൽ സ്വന്തമായി കൂടെ ചേർന്ന് നിന്ന ഒരാളിന്റെ അഭാവം എത്ര തീവ്രമായിരിക്കുമെന്നു ഞാനപ്പോൾ ഉള്ളു കൊണ്ട് തൊട്ടറിഞ്ഞു.

ടീച്ചർക്ക് മറ്റു സൗഭാഗ്യങ്ങൾക്കു ഒന്നിനും ഒരു കുറവുമില്ല. മക്കൾ രണ്ടാളും well settled ആണ്. തനിച്ചുമല്ല. എങ്കിലും..തൊട്ടു തൊട്ടു ചേർത്തിട്ടിരിക്കുന്ന രണ്ടു കസേരകളിലൊന്നിൽ മൗനവും ശൂന്യതയും  തളം കെട്ടുമ്പോൾ മറ്റെല്ലാ സൗഭാഗ്യങ്ങൾക്കും, സൗകര്യങ്ങൾക്കും അര്ഥമില്ലാതെയാകുന്നത് പോലെ ടീച്ചർക്ക് തോന്നുന്നുണ്ടാവും. അത്രമേൽ ആഴത്തിൽ പരസ്പരം കൊരുത്തു പോയ  ബന്ധങ്ങൾ വേർപെടുമ്പോൾ അങ്ങനെയാവും.  കെ. രേഖയുടെ ഒരു ചെറുകഥയിൽ വായിച്ചതു  പോലെ , പണവും പ്രശസ്തിയും മറ്റെല്ലാ സൗഭാഗ്യങ്ങളും ഒന്നുമല്ല..ഹൃദയത്തോട് ആഴത്തിൽ ചേർത്ത് വെയ്ക്കുന്ന ചില ബന്ധങ്ങൾ ആണ് നമ്മുടെയൊക്കെ അഹങ്കാരം. അതിലേറ്റവും പ്രിയപ്പെട്ട ഒന്ന് പെട്ടന്നൊരു നാൾ അങ്ങ് മറഞ്ഞുപോയാൽ എല്ലാ അഹങ്കാരവും ഒടുങ്ങി നമ്മൾ ഉടഞ്ഞു തകരും.

ടീച്ചറുടെ നനഞ്ഞ കണ്ണുകളിലെ ആ നഷ്ടബോധത്തിന്റെ തീവ്രത നേരിടാനാവാതെ മുന്നിലേക്ക് ഓടിപ്പോയ നവമിയുടെ പേര് പറഞ്ഞു ഞാൻ ടീച്ചറോട് യാത്ര പറഞ്ഞിറങ്ങി. അപ്പോൾ അകവും പുറവും ഒരുപോലെ വേവുകയായിരുന്നു..

ദീപ നിശാന്ത് ഓർമ്മിപ്പിക്കുന്നത്..


‘ഒറ്റമരപ്പെയ്ത്തു’ അങ്ങനെ എന്റെ ആമസോൺ cart ൽ  തന്നെ കിടക്കുന്നു, അനാഥമായി. 40Rs ഡെലിവറി ചാർജ് കൂടി കൊടുത്തു വാങ്ങണോ  വേണ്ടയോ എന്ന സംശയം കാരണം  അതിങ്ങനെ കഴിഞ്ഞ 3  ആഴ്ചയായി  നിന്നതു കാര്യമായി. അല്ലെങ്കിൽ ഞാനിപ്പോ കുറച്ചു കൂടി  ദുഃഖിച്ചേനെ. കവിത മോഷണവും അനുബന്ധകഥകളും ഇങ്ങനെ FB താളുകൾ കവിഞ്ഞൊഴുകികൊണ്ടേയിരിക്കുന്നു..ഓരോന്നും സൂക്ഷ്മമായി ഇങ്ങനെ വായിച്ചു പോകുന്നുണ്ട്. അത് അതിനു പിന്നിലെ കഥകൾ അറിയാനുള്ള കൗതുകം അല്ല..ചില മനുഷ്യർ  എത്രമാത്രം പൊയ്മുഖങ്ങൾ അണിഞ്ഞു ആയിരുന്നു നടന്നതെന്ന് കാണുവാൻ ഉള്ള ആ കൗതുകം ആണ്. മുഖം മൂടികൾ അഴിഞ്ഞു വീഴുമ്പോഴും അവർക്കു ഇപ്പോഴും സാധാരണ മനുഷ്യരെ പോലെ ആവാൻ കഴിയാതെ പോകുന്നത് പോലെ തോന്നുന്നു. ദീപ നിഷാന്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ആയ മാപ്പു വീഡിയോയിലും അവർ നിൽക്കുന്നത് ഏറെ വിശ്വസിച്ച സുഹൃത്തിനാൽ ചതിക്കപ്പെട്ട ഒരു അബല എന്ന ലൈൻ ൽ ആണ്. ‘അത് എഴുതി എന്ന് അവകാശപ്പെട്ട സുഹൃത്തിന്റെ അനുവാദം വാങ്ങിയിട്ട് ഞാൻ അത് പ്രസിദ്ധീകരിക്കാൻ നൽകി എന്ന ചെറിയ തെറ്റ്’ എന്ന് അവർ രണ്ടു വട്ടം ആവർത്തിക്കുന്നുണ്ട്. അയാൾ അല്ല അത് എഴുതിയത് എന്നതിന്റെ ഞെട്ടൽ ആണ് അവർക്കു ഇപ്പോഴും. കലേഷ് ഇപ്പോഴും അവരുടെ കാഴ്ചകളുടെ ഓരങ്ങളിൽ എവിടെയോ മാത്രം നിൽക്കുന്നതേയുള്ളു. മാപ്പൊക്കെ പറയുന്നുണ്ട് പക്ഷെ അതൊരു വെറും മാപ്പാണ്. ചെയ്തതിന്റെ വ്യാപ്തി മനസ്സിലാക്കാതെ വെറുതെ വാരി വിതറുന്ന ആത്മാർത്ഥത ഇല്ലാത്തൊരു മാപ്പു.

എന്തൊക്കെ ആണെങ്കിലും ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ്. ഞാൻ അടക്കം ഉള്ള വായനക്കാർ തങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്ന്. ജിഷ ദേവികയുടെ കുറിപ്പ് അയച്ചു തന്നു ഓർമ്മിപ്പിച്ചു ” നമ്മുടെ വിലപ്പെട്ട വായനസമയം ദീപയെ പോലെ ഉള്ളവർക്ക് തീറെഴുതി കൊടുത്തു പാഴാക്കി കളയരുതെന്നു”.

സത്യമാണ്..availability യും, മടിയും അലസതയും, സമയക്കുറവും  ഒക്കെ കാരണം നമ്മൾ നടത്തുന്ന ഉത്തരവാദിത്വം ഇല്ലാത്ത തെരഞ്ഞെടുപ്പുകളിൽ നിന്ന് ആണ് ഇത് പോലെ ഇന്നലെ പെയ്ത മഴയിൽ കുതിർന്ന തകരകൾ ഉയരുന്നത്. അവർ ചെയ്ത ‘ചെറിയ തെറ്റിന്’ അനുഭവിക്കുന്ന മാനസിക പീഡനത്തിന് അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു ‘ഒന്ന് പൊട്ടിക്കരഞ്ഞാൽ തീരാവുന്ന തെറ്റ് മാത്രമേ നീ ചെയ്തുള്ളൂ’  എന്ന് പലരും പറയുമ്പോൾ വീണ്ടും തോൽപ്പിക്കപ്പെടുന്നത് നമ്മളൊക്കെ തന്നെയാണ്.

ശ്രീചിത്രനെ പരാമര്ശിക്കുക പോലും ചെയ്യാത്തത് എനിക്ക് അയാളെ അറിയുക പോലും ഇല്ലായിരുന്നു എന്നത് കൊണ്ട് തന്നെയാണ്. FB posters ൽ മുഖം കണ്ടു പരിചയം ഉണ്ടായിരുന്നു എങ്കിലും നവോത്ഥാന വായ്ത്താരികൾ ഒന്നും കേട്ടിരുന്നില്ല. പക്ഷെ ദീപ നിഷാന്ത് അങ്ങനെ അല്ലായിരുന്നു. അവരുടെ രണ്ടു പുസ്തകങ്ങളും  ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്തു സമ്പാദിച്ച കാശ് എണ്ണി കൊടുത്തു വാങ്ങിച്ചു എന്റെ അലമാരയിൽ ഉണ്ട് എന്ന് മാത്രമല്ല രണ്ടും ഞാൻ വായിച്ചു എന്റെ വിലപ്പെട്ട സമയം കളയുകയും ചെയ്തതതാണ്. അവരുടെ ‘girl next door’ സ്റ്റൈൽ ൽ ഉള്ള ഓർമ്മ എഴുത്തുകൾ സന്തോഷത്തോടെ തന്നെ ആണ് വായിച്ചു മറന്നതും.ഞാനടക്കം ഉള്ള വായനക്കാർ നൽകിയ പ്രോത്സാഹനത്തിന് സത്യസന്ധമായ എഴുത്തു കൊണ്ട് മറുപടി നൽകുന്നതിന് പകരം ആരോ ഒരാൾ പകർത്തിയെഴുതിയ ഒരു കവിതയെ നിർലജ്ജം സ്വന്തം പേരിൽ മുതൽകൂട്ടുകയാണ് അവർ ചെയ്തത്. അങ്ങോട്ട് പൊറുക്കാനാവുന്നില്ല, മറക്കാനാവുന്നില്ല. എഴുതുന്ന ഓരോ ആളിനും വായിക്കുന്നവരോട് ഒരു ഉത്തരവാദിത്വം ഉണ്ട്, ഉണ്ടാവണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ആൾ ആണ് ഞാൻ. അത് മനസ്സിലാക്കാൻ, പാലിക്കാൻ ഉള്ള സാമാന്യ ബോധം ഇല്ലാത്തവർ എഴുതുകയെ  ചെയ്യരുത്..