Archive for November, 2017

ഒരു തൃശൂർ ഗുരുവായൂർ യാത്ര


ഒന്ന് നാട് വരെ പോയിട്ട് വന്നു. വീട്ടിൽ പോകാതെ തൃശ്ശൂരും, ഗുരുവായൂരും ഒക്കെ മാത്രം പോയി വന്നത് കൊണ്ട് മുഴുവനായും ഒരു നാട്ടിൽ പോക്ക് feel വന്നിട്ടില്ല. എങ്കിലും മനോഹരമായ ഒരു യാത്രയായിരുന്നു. (ചുമ്മാതെ കാറിൽ കയറി ഇരുന്നു സ്വപ്നം കാണുന്നവർക്കു അങ്ങനെ ഒക്കെ പറയാം. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒറ്റയ്ക്ക് 1000 plus km ഓടിച്ച എനിക്കറിയാം അതിന്റെ പാട് എന്ന് ആരോ ഒരാൾ അടുത്തിരുന്നു പറയുന്നു! ഞാൻ ഓടിക്കാം കുറച്ചൊക്കെ എന്ന് പറഞ്ഞതല്ലേ..സമ്മതിച്ചോ? ഇനി അതിന്റെ ഒരു കുറവും കൂടിയേയുള്ളു.. വേണ്ടായേ..) ആര് ആരോട് പറഞ്ഞു എന്നൊക്കെ നിങ്ങള്ക്ക് ഊഹനീയം ആണല്ലോ? തൃശൂർ ഒരു വിവാഹവും പിന്നെ ഗുരുവായൂർ ദർശനവും ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം.

blog 2
നവംബർ മഞ്ഞു പുതച്ച വഴികളിൽ നിറയെ 80- 90  melodies ഉം കേട്ട് അങ്ങനെ യാത്ര തുടങ്ങിയത് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. ഇടയ്ക്കിടയ്ക്ക് പാട്ടിന്റെ കൂട്ട് പിടിച്ചു ട്രാക്ക് തെറ്റി ഓർമ്മകളുടെ താഴ്വാരങ്ങളിൽ മേയാൻ പോയ പ്രിയതമയെ,പ്രിയതമൻ നിർദ്ദയം പിടിച്ചു navigator role ലേക്ക് തന്നെ തിരിച്ചു കൊണ്ട് വന്നു. ഇടയ്ക്കു  അഡയാർ ആനന്ദ ഭവൻ മസാലാ ദോശയും, വടയും ഒക്കെ കഴിച്ച്‌ , കോയമ്പത്തൂർ ൽ  ഇളനീരിന്റെ മധുരവും ഒക്കെ നുണഞ്ഞ് , ആ കരിക്കുകാരന്റെ മുന്നിൽ വെച്ച് കുട്ടികളെ പോലെ അടിയൊക്കെ ഉണ്ടാക്കി, അങ്ങേരുടെ പരിഹാസ ചിരി കണ്ടു ചമ്മിയും, പിന്നെ അച്ചുവിനെ കണ്ടും ഒക്കെ ഞങ്ങൾ അങ്ങനെ വടക്കുംനാഥന്റെ മണ്ണിൽ എത്തി.

 

നേരെ വിവാഹ വീട്ടിൽ പോയി പ്രിയപ്പെട്ടവരുടെ ഊഷ്മള സ്വീകരണമൊക്കെ ഏറ്റു  വാങ്ങി ഞങ്ങൾ ധന്യരായി. നിറഞ്ഞ സന്തോഷത്തോടെ വിവാഹ പന്തലിലേക്ക് കയറാനൊരുങ്ങുന്ന വധുവിനെ കാണാൻ ഒരുരസമാണ് . പ്രിയപ്പെട്ടവരുടെ എല്ലാം അനുഗ്രഹവും, സ്നേഹവും, ഒക്കെ നിറഞ്ഞു നിൽക്കുന്ന വിവാഹ തലേന്നത്തെ വീട് ഒരു പ്രത്യേക ഫീൽ ആണ്. നാളെ ഇവൾ അങ്ങ് പോകുമെന്ന കൊച്ചു സങ്കടം എല്ലാവരുടെയും ഉള്ളിൽ ഉണ്ടെങ്കിലും ആ നൊമ്പരത്തിനേക്കാൾ ഒരുപാട് മധുരമുണ്ട് തലേന്നാൾ അവൾക്കായി ഓരോന്നും ഒരുക്കി വെക്കുന്നതിനു. അവളെ അണിയിച്ചൊരുക്കുന്നതിനു. അഞ്ചു സഹോദരന്മാരും, സഹോദരിയും. നാത്തൂനും, ചിറ്റമാരും , അഫൻമാരും , മുത്തശ്ശിമാരും, അച്ഛനും അമ്മയും ഒക്കെ വിരിച്ച സ്നേഹ തണലിൽ അവൾ ഇങ്ങനെ രാജകുമാരിയായി കല്യാണത്തലേന്നത്തെ പെൺകുട്ടിയായി നിറഞ്ഞു നിൽക്കുന്നത് കണ്ടു ഞാൻ നാളയെങ്ങോ വരാനിരിക്കുന്ന   നവമി നിവിമാരുടെ   വിവാഹ തലേന്ന് സ്വപ്നം കണ്ടു.  വിവാഹം കഴിപ്പിച്ചയാക്കാൻ minimun  ഒരു മകൾ എങ്കിലും വേണം എല്ലാവര്ക്കും എന്ന് തോന്നിപ്പോയി .

Blog 1

പിറ്റേന്ന് അതിരാവിലെ എണീറ്റു ഞങ്ങൾ വടക്കുംനാഥന്റെ നടയിലും പാറമേക്കാവിലും മനസ്സു നിറയെ തൊഴുതു പ്രിയപ്പെട്ടവർക്ക് എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിച്ചു.

 പ്രധാനമായും മകളെ കാണുക എന്ന് ഉദ്ദേശത്തോടെയും, കൂടെ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തുകയും ചെയ്ത എന്റെ അച്ഛനെ ഞാൻ വിവാഹ സ്ഥലത്തു വെച്ച്ക ണ്ടു. പുതിയ ജോലി കിട്ടിയതിനു ആരോ അഭിനന്ദനം അറിയിച്ചപ്പോൾ ” നിനക്ക് അത് കിട്ടിയാരുന്നോ ..ഞാൻ അറിഞ്ഞില്ല. ” എന്ന് അച്ഛൻ പറഞ്ഞപ്പോൾ എന്റെ അവസ്ഥ ‘ ഭൂമി ഒന്ന് പിളർന്നിരുന്നെങ്കിൽ താഴെ പോയി ഒളിക്കാമായിരുന്നു’ എന്നത് ആയിരുന്നു . ഓട്ടപാച്ചിലിനിടെയിൽ നേരിട്ട് ഇക്കാര്യവും അച്ഛനെ വിളിച്ചു പറഞ്ഞില്ല. ‘അമ്മ ആകട്ടെ അച്ഛൻ അറിഞ്ഞു കാണും എന്നോർത്ത് പ്രത്യേകം  പറഞ്ഞുമില്ല. (നല്ല best മോൾ!! നിന്നെയൊക്കെ എന്തിനാടി  അച്ഛൻ പഠിപ്പിച്ചു വലുതാക്കിയത് എന്ന് പ്രിയതമൻ കലി  തുള്ളിയപ്പോൾ, ‘സത്യം അത് തന്നെ ആണ് ഞാൻ ഇപ്പോൾ ആലോചിച്ചു കൊണ്ടിരുന്നത്’ എന്ന് ഞാനും പറഞ്ഞു കീഴടങ്ങി)  പോരുന്നത് വരെ ഞങ്ങളുടെ പിള്ളേർ നാല് കാലിൽ മറിഞ്ഞു നടന്നു കളിച്ചു. ഇത്രയ്മ് energy ഇതുങ്ങൾക്കു എവിടെ നിന്നും കിട്ടുന്നു എന്ന് അത്ഭുതം കൂറുന്ന  പ്രിയതമനോട് ” മത്തൻ കുത്തിയാൽ ..”എന്ന പഴംചൊല്ല് ഞാൻ  പറഞ്ഞു. പണ്ട് നിങ്ങളെയും കൊണ്ട് ‘അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർത്താൽ ഇതൊക്കെ വെറും ചീള് കേസ് അല്ലെ !!

വിവാഹം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്ത് ഗ്രീൻ ബുക്ക്സ് ന്റെ കട. അവിടെ കയറി ഒരു കൊയ്ത്തു അങ്ങ് നടത്തി. കന്നിനെ കയം കാണിക്കുന്ന അവസ്ഥയാണ് എന്നെയും അച്ഛനെയും പുസ്തക കടയിൽ കയറ്റിയാൽ എന്ന് പ്രിയതമന്റെ ആത്മഗതം ഞങ്ങൾ കേട്ടില്ലെന്നു നടിച്ചു.

Collage 3

അവിടെ നിന്നും ഞങ്ങൾ കുഴലൂതി നിൽക്കുന്ന കാർവര്ണന്റെ നാട്ടിലേക്കാണ് പോയത്. ഗുരുവായൂരിന് ഒരു മാറ്റവും ഇല്ല. എന്ന് കണ്ടാലും ആദ്യം കാണുന്ന ചാരുത തന്നെ. അയ്യപ്പന്മാരുടെ തിരക്കിനിടയിലും ഞങ്ങൾ കണ്ണനെ തൊഴുതു. നിവിയപ്പോൾ അമ്മൂമ്മ പഠിപ്പിച്ച “നാരായണീയമാം നറു വെണ്ണ  ഉരുകുമീ നാലമ്പലത്തിന്റെ ഉള്ളിൽ ..” എന്ന മധുര ഗാനം മെല്ലെ മൂളിക്കൊണ്ടേയിരുന്നു.  അഞ്ച്  ആനപ്പുറത്തുള്ള ശീവേലി തൊഴുതു മതിവരുവോളം നാലമ്പലത്തിന്റെ ഉള്ളിൽ ഞങ്ങൾ ഇരുന്നു. പിന്നെ ചന്ദനവും മുല്ലപ്പൂക്കളും മണക്കുന്ന ഗുരുവായൂരിന്റെ ആ കിഴക്കേ ഗോപുര  നടവഴികളിലൂടെ ഞങ്ങൾ നടന്നു . കാന്തം പോലെ വലിച്ചു അടുപ്പിക്കുന്ന  ഒരു മാസ്മരികതയുണ്ട് ആ വഴിത്താരകൾക്കു. നടന്നാലും നടന്നാലും  ക്ഷീണിക്കാതെ മുന്നോട്ടു  വലിക്കുന്ന എന്തോ ഒന്ന്. പിറ്റേന്ന് രാവിലെ മമ്മിയൂർ പോയി. വിശന്നിരിക്കുമ്പോൾ നിറയെ മാധുര്യമുള്ള തേങ്ങയും ശർക്കരയും പഴവും ചേർത്ത ത്രിമധുരം പ്രസാദമായി കഴിച്ചു. ( “പ്രസാദവും പോലെയോ ? നീ ബ്രേക്ക് ഫാസ്റ്റ് പോലെ ആണല്ലോ ഇരുന്നു അടിക്കുന്നത് കണ്ടത് “ആരോ ഇപ്പുറത്തിരുന്നു മന്ത്രിക്കുന്നു!) കളിപ്പാട്ട കടകൾ കണ്ടു പിള്ളേർ രണ്ടും happy ആയി. രണ്ടും  അവിടെ നിന്നും വൻ കൊയ്ത്തു തന്നെ നടത്തി.

collage

പതിവ് മുടക്കാതെ ഞാനും സെറ്റ് മുണ്ടു ഒക്കെ വാങ്ങി. ആനത്താവളത്തിൽ പോയി മനസ്സ് നിറയെ  ആനകളെ  ഒക്കെ കണ്ടിട്ട് ഞങ്ങൾ മടക്കത്തെ കുറിച്ച് ആലോചിച്ചു, മടങ്ങി വരാൻ  തീരെ മനസ്സുണ്ടായിട്ടല്ല എങ്കിലും മടങ്ങാതെ നിവർത്തിയില്ലലോ.. നിവി അപ്പോൾ  പറയുന്നു  എനിക്ക് ബാംഗ്ലൂർ പോവണ്ട ഇവിടെ തന്നെ എങ്ങാനും താമസിച്ചാൽ മതിയെന്ന്!

നാടൊന്നു വിളിച്ചാൽ ഓടി പോകാവുന്ന ദൂരത്തിൽ ആണല്ലോ എന്നോർത്ത് ഞാൻ അപ്പോൾ ആശ്വസിച്ചു. ഇനി എന്നാണാവോ ഇത് പോലൊരു ഗുരുവായൂർ യാത്ര..

‘മധുര’ സ്മരണകൾ 


 

വെറുതെ ഒന്ന് dentist നെ കാണാൻ പോയി. 4 പല്ലിനു root canal ഉം, 6cap ഉം, പിന്നെ രണ്ടെണ്ണത്തിന് ഫില്ലിംഗ് ഉം. ഇത്രേം മാത്രം ചെയ്ത മതി അത്രേ! ഒരു കടലാസ്സും തന്നു. Budget Estimation ആണത്രേ..വീടിന്റെ ആധാരം കൂടി എടുത്തോണ്ട് വരാമായിരുന്നു എന്ന മട്ടിൽ ഞാനും പ്രിയതമനും കണ്ണിൽ കണ്ണിൽ നോക്കി. പല്ലുള്ളപ്പോൾ പല്ലിന്റെ വില അറിയില്ലല്ലോ.പണ്ട് സ്വാമിയുടെ കടയിൽ നിന്നും വാങ്ങി തിന്ന നാരങ്ങാ മുട്ടായികൾ എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ ഒരു തോന്നൽ.

 

pannapenne

മധുരം പണ്ടേ ഒരു weakness ആയിപ്പോയി. ഇപ്പോഴും ഓഫീസിൽ ഞാൻ അറിയപ്പെടുന്നത് sweets ഏറ്റവും ഇഷ്ടമുള്ള ആൾ എന്നാണു. എവിടെ ടീം ലഞ്ച് നു പോയാലും അവർ എനിക്കായി ആദ്യം dessert സെക്ഷൻ ഓർഡർ എടുക്കും. അല്ലാത്ത എന്ത് ഐറ്റംസ് ആണെങ്കിലും ജീവൻ കിടക്കാൻ വേണ്ടത്ര മാത്രമേ ഞാൻ കഴിക്കൂ എന്ന് അവർക്കറിയാം. പഴയ ചില ‘മധുര’ സ്മരണകളിലേക്കു..

പണ്ട് വീടിന്റെ തൊട്ടു മുന്നിലായി ഞങ്ങൾക്ക് ഒരു രണ്ടു മുറി കട ഉണ്ടായിരുന്നു. അതിൽ ഒന്ന് ആയിരുന്നു സ്വാമിയുടെ കട. പേരൊന്നും ഇല്ലാത്ത ഒരു നാടൻ  കട. നാരങ്ങാ വെള്ളവും മുട്ടായിയും മുറുക്കാനും ഒക്കെ മാത്രം കിട്ടുന്ന ഒരു കുഞ്ഞിക്കട. നീണ്ടു വെളുത്ത താടിയുള്ള ഒരു അപ്പൂപ്പൻ ആയിരുന്നു കട നടത്തിയിരുന്നത്. അവിടെ പോയി മുട്ടായി മേടിച്ചു തിന്നുക എന്നതാണ് എന്റെ daily routine ന്റെ ഭാഗം ആയിരുന്നു. അച്ഛൻ ഇപ്പോഴുംപറയുന്നത് കേൾക്കാം ” പണ്ട് ആ സ്വാമിയുടെ കടയിൽ വിറ്റിരുന്ന പകുതി മുട്ടായിയും വാങ്ങിച്ചു തിന്നത് ഇവൾ ആയിരുന്നു ന്ന് ” Hridya അന്ന് ജനിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ എനിക്ക് ഒറ്റയ്ക്ക് ഈ ചീത്തപ്പേര് ചുമക്കേണ്ടി വരില്ലായിരുന്നു!! ചേച്ചി പിന്നെ പണ്ടേ വൻ decent teams ആയിരുന്നു. ബൂസ്റ്റ് ഒന്നും കട്ട് തിന്നുകേമില്ല കട്ട് തിന്നുന്ന ഞങ്ങളെ ഒറ്റു കൊടുക്കുവേം ചെയ്യും ” എന്നതായിരുന്നു ചേച്ചിയുടെ ഒരു ലൈൻ. പറഞ്ഞൂ വന്നത് സ്വാമിയുടെ കടയെ പറ്റി  ആയിരുന്നല്ലോ. പിന്നീട് ആ സ്വാമി ഒരു പകൽ നേരം ആ കടയിൽ വെച്ച് ഹാർട്ട് അറ്റാക്ക് വന്നു കുഴഞ്ഞു വീഴുകയും, ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴിക്കു മരിച്ചു പോവുകയും ചെയ്തത് വേദനയുള്ള ഒരു ഓർമ്മയാണ്. ഇനി എന്റെ മുട്ടായി തീറ്റ കണ്ടിട്ടെങ്ങാനും ആവുമോ പുള്ളിക്ക് ഹാർട്ട് അറ്റാക്ക് വന്നത്?

 

പിന്നീട് സ്ക്കൂളിൽ ജെയിംസ് ചേട്ടന്റെ store ആയി ശരണം. Asha R Pillai ആയിരുന്നു എന്റെ ‘മധുരദാതാവ്’. 5 പൈസ പോലും കൈയ്യിൽ എടുക്കാനില്ലാത്ത ദരിദ്രവാസിയായ എന്നെ ബോംബെമുട്ടായിയും തേൻ മുട്ടായിയും ഒക്കെ വാങ്ങി തന്നു തീറ്റി പോറ്റി  വളർത്തിയ ആശയോട് ഇന്നും തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും ആണെനിക്ക്. Christian College ൽ  ആയപ്പോഴേക്കും വണ്ടിക്കൂലിയിൽ നിന്നും save ചെയ്തതൊക്കെ വെച്ച്  സ്വന്തമായി മുട്ടായി മേടിക്കാനുള്ള വരുമാനം ഒക്കെ ആയി തുടങ്ങി. Pre dregree ക്ക് Ajithsir ന്റെ ട്യൂഷൻ കഴിഞ്ഞു രാവിലെ ക്രിസ്ത്യൻ കോളേജ് ലേക്ക് നടന്നു തീർക്കേണ്ട വഴിത്താരയിലെ ബോറടി മാറ്റാൻ ഞാനും അനുവും  കൂടി എത്രയോ തവണ Magic എന്നൊരു ചോക്ലേറ്റ് വാങ്ങി കഴിക്കുമായിരുന്നു..ഡിഗ്രി ക്കും എം.എസ്സി ക്കും ഒന്നും അത്ര ചോക്ലേറ്റ് ഉം മധുരവും ഒന്നും കഴിച്ചു തകർത്ത ഓർമ്മയില്ല. പ്രിയ സൗഹൃദങ്ങളുടെ തീരാമധുരിമയിൽ മനസ്സ് നിറഞ്ഞിരുന്നത് കൊണ്ടാവും.

കാര്യവട്ടത്തെ നിന്നും കൊടുകുളഞ്ഞിയിലേക്കുള്ള യാത്രകളിൽ ആണ് പിന്നെ diary milk എന്റെ സഹയാത്രികയാവുന്നതു. ഒറ്റക്കങ്ങനെ സ്വപ്നം കണ്ടു ചോക്ലേറ്റ് ഉം തിന്നു ട്രാൻസ്‌പോർട് ബസ് ലെ യാത്ര..ഓർത്തിട്ടു ഇപ്പോഴും കൊതിയാവുന്നു..പ്രിയതമനെ കൊണ്ട് Cadburys Temptations chocolate വാങ്ങിപ്പിച്  courier അയപ്പിച്ചത് ആ കാലത്തായിരുന്നു. പ്രിയതമൻ ഒരിക്കൽ UK ട്രിപ്പ് കഴിഞ്ഞു വന്നത് ഒരു ചാക്ക് chocolates ഉം കൊണ്ടായിരുന്നു. അന്ന് diary milk bubbly കഴിച്ചപ്പോഴാണ് ഇവിടുത്തെ diary milk നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത്. (കടപ്പാട് സുരാജ് വെഞ്ഞാറമൂട്)

ഇപ്പൊ രണ്ടു പിള്ളേർ ഒക്കെ ഉള്ളോണ്ട് മര്യാദക്ക് ഒരു ചോക്ലേറ്റ് പോലും തിന്നാൻ ആവുന്നില്ല. രണ്ടെണ്ണവും മണത്തറിയും. എന്നെ വെല്ലുന്ന sweets പ്രേമികൾ ആയിട്ടാണ് രണ്ടെണ്ണവും വളർന്നു വരുന്നത്. എങ്കിലും ഇടയ്ക്കു വല്ലപ്പോഴും പഴയ ഓർമ്മകൾ അയവിറക്കാൻ ഇപ്പോഴും ഞാൻ Boost കട്ട് തിന്നാറുണ്ട്!
പറഞ്ഞു വന്നത് ഇതാണ്..ഒരുപാട് മധുരസ്മരണകൾ ഉണ്ട്. അതൊക്കെ കൊള്ളാം . പക്ഷെ dentist തന്ന ഒരു budget estimation paper കാണുമ്പോൾ ഈ മധുരം ഒക്കെ മറന്നു ഒരു വല്ലാത്ത കയ്പ്പ് തോന്നും. അത് ഒന്നിന്റേതുമല്ല  കൈയ്യിൽ നിന്നും കാശിങ്ങനെ  ഇറങ്ങി dentist ന്റെ പോക്കറ്റിലേക്കു പോകുന്നത് കാണുന്നതിന്റെയാ ..

Root Canal മഹാമഹതിന്റെയും വൻ budget ന്റെയും കാര്യം പറഞ്ഞപ്പോൾ   ചേച്ചിയുടെ response ഇതായിരുന്നു “Anyways, you can treat your teeth with your own cash. So you dont need to be worried about it”  എന്നാണ്.  അത് കേട്ടപ്പോൾ കുറച്ചൊരു സമാധാനമായി!!
ഇനി Diabetes വരുന്നത് എന്നാണാവോ ? ‘അമ്മ പാരമ്പര്യത്തിൻറെ പകിട്ടും വേണ്ടുവോളം ഉണ്ട് ഈ അസുഖം വരാൻ. എന്തായാലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല. “ചിന്തിച്ചാൽ ഒരു അന്തവും ഇല്ല, ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും”..അത് കൊണ്ട് കൂടുതൽ ചിന്തിക്കുന്നില്ല..

‘You Can Heal Your Life’ എന്ന പുസ്തകത്തിൽ വായിച്ചു ഓരോ അസുഖം വരുന്നതിന്റെയും കാരണങ്ങൾ. അതിൽ diabetes വരാൻ ഉള്ള കാരണമായി പറയുന്നത് ” നിങ്ങള്ക്ക് ജീവിതത്തിന്റെ മധുരം  നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് ആവും diabetes വരുന്നത് എന്നാണ്. ജീവിതത്തിന്റെ മധുരം ഒരിക്കലും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ രക്ഷയുണ്ടാവും. അതോ അങ്ങനെ ഒരു option ഇല്ലേ ? അറിയില്ല..

പ്രിയതമൻ rocks!! Series 1


പ്രിയതമ: “ചേട്ടാ എത്ര നേരമായി ഒറ്റ ഇരുപ്പിൽ ജോലി ചെയ്യുകയാ , കുറച്ചു വെള്ളം തരട്ടെ കുടിക്കാൻ”
പ്രിയതമൻ: ഇനി ഇപ്പൊ എന്തോന്ന് വെള്ളം കുടിക്കാനാ..കുടിച്ചോണ്ടിരിക്കുവല്ലേ എട്ടൊമ്പതു വർഷമായി..!
പ്രിയതമ: “ആദ്യം കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായി എന്ന് നേരെ ചൊവ്വേ ഓർക്കാൻ പഠിക്ക്, എട്ടൊമ്പത് പോലും..ബാക്കി രണ്ടു വര്ഷങ്ങളിലെ എന്റെ കഷ്ടപ്പാട് ഏതു കണക്കിൽ പെടുത്തും”.

നീണ്ട പതിനൊന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, യാത്ര  തുടങ്ങിയിട്ട്.   ഇത് വരെയും wedding anniversary എന്നാണെന്നു തെറ്റാതെ first chance ൽ പറയാൻ പഠിച്ചിട്ടില്ല ആൾ..!

Priyathaman

പ്രിയതമൻ കഥകൾ ഒരു series തന്നെ എഴുതണം എന്ന് ഒരു ആഗ്രഹം!! ഇതൊക്കെ അല്ലെ നമ്മളെ കൊണ്ട് പറ്റു!

ഒരു ഡ്രൈവിംഗ് കഥയിൽ തുടങ്ങാം..

പ്രിയ പത്നിയെ എല്ലാ കാര്യങ്ങളിലും വളരെ independent and self sufficient ആയിക്കാണണം എന്ന് തീവ്ര ആഗ്രഹമുള്ള ഒരു മറുപാതിയെ ലഭിച്ച ഭാഗ്യവതിയാണ് ഈ ഉള്ളവൾ. ഒരു ഒറ്റക്കാര്യം- driving, ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളിലും പ്രിയതമന്റെ പ്രതീക്ഷകൾക്കൊത്തു പ്രിയതമ performance കാഴ്ചവെക്കാറാണുള്ളത്. (എന്നാണ് പ്രിയതമയുടെ വിശ്വാസം!) ലൈസൻസ് എടുത്തിട്ട് ഒരു പതിറ്റാണ്ടു ആയിട്ടും പ്രിയതമക്ക് driving ഇന്നും ഒരു ബാലികേറാമലയാണ്. അതിനു പല കാരണങ്ങളുണ്ട്. ഡ്രൈവിംഗ് വളരെ ശ്രദ്ധ ആവശ്യമുള്ള ഒരു ജോലിയാണ്. പൊതുവേ ഒരു സ്വപ്നജീവിയായ പ്രിയതമ വണ്ടിയിൽ കയറിയാൽ ഓർമ്മകളെ മേയാൻ വിട്ടിട്ടു ‘ധ്യാനനിരത’ ആകാറാണ് ഉള്ളത്. പണ്ട് വീട്ടിൽ നിന്നും കാര്യവട്ടത്തേക്കുള്ള യാത്രകളിൽ തുടങ്ങിയ ശീലം ആണ്. കണ്ണടച്ചിങ്ങനെ ഇരിക്കുമ്പോൾ ഒരിക്കൽ തിരുവനന്തപുരം ബസിൽ ഇപ്പുറത്തിരുന്ന ഒരു അമ്മച്ചി. ” കൊച്ചെ ഉറങ്ങി പോയാൽ സ്റ്റോപ്പ് തെറ്റിപ്പോകും” എന്ന് പറഞ്ഞു എന്നെ പിടിച്ചു കുലുക്കി എന്റെ trance mode ൽ  നിന്നും ഉണർത്തിയതിന്റെ കലി ഇന്നും മറന്നിട്ടില്ല. അപ്പോൾ പറഞ്ഞു വന്നത്, അങ്ങനെ ഉള്ള ഞാൻ സ്റ്റിയറിംഗ് കയ്യിൽ കിട്ടിയിട്ട് ധ്യാനനിരത ആയാലുള്ള അവസ്ഥ ഓർത്തു ആ risk അങ്ങ് മാറ്റി വെക്കും.

ഈ അപരാധത്തിനു ദുർഗ്ഗുണപരിഹാര പാഠശാലകളെ വെല്ലുന്ന തരത്തിലുള്ള ‘സാമം, ദാനം, ഭേദം,  ദണ്ഡം” തുടങ്ങിയ multiple versions of ശിക്ഷണ രീതികൾ പരീക്ഷിച്ചു ആയുധം വെച്ച് കീഴടങ്ങിയതാണ് പ്രിയതമൻ. പ്രിയതമന്റെ അവസാനത്തെ ആയുധം ആണ് “എനിക്ക് ഹാർട്ട് അറ്റാക്ക് വരുമ്പോൾ എങ്കിലും നീ എന്നെ വണ്ടി ഓടിച്ചു ആശുപത്രിയിൽ കൊണ്ട് പോകുമോ” എന്നത്. ഞാൻ പറയും ഹാർട്ട് അറ്റാക്ക് ഒന്നും വരുത്തല്ലേ എന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കാം എന്ന്. ” നീ നന്നാവില്ലെടി” എന്നാവും മറുപടി.

അങ്ങനെ ഇരിക്കെ കുറെ മാസങ്ങൾക്കു മുൻപേ ഞാൻ മാത്രം വീട്ടിലും ബാക്കി വീട്ടിൽ ഉള്ളവർ എല്ലാരും നാട്ടിലുമായിരുന്നു. പ്രിയതമൻ ഉൾപ്പെടെ എല്ലാവരും തിരിച്ചു ട്രെയിൻ ഇത് ഹൊസൂർ റെയിൽവേ സ്റ്റേഷൻ ൽ ഇറങ്ങാൻ ആണ് പ്ലാൻ. Hosur എന്നാൽ കര്ണാടകത്തിന്റെയും തമിഴ്നാടിന്റേയും border ആണ്. ക്യാബ് ഒന്നും കിട്ടില്ല, interstate travel ആയതു കൊണ്ട്. ഞങ്ങൾക്ക് ഏറ്റവും അടുത്ത് (20 -22 kms ) station അതാണ് താനം. തലേ ദിവസം ട്രെയിൻ ഇത് ഇരുന്നു പ്രിയതമൻ വിളിച്ചു ആശങ്ക രേഖപ്പെടുത്തി. Luggage ഉം കൊച്ചും, അച്ഛനും അമ്മേം എല്ലാം കൂടി എങ്ങനെ അവിടെ നിന്നും വരും എന്നോർത്ത്. കൂട്ടത്തിൽ കൃത്യമായും ഒരു കുത്തും ” നീ മര്യാദക്ക് വണ്ടി ഓടിച്ചിരുന്നെങ്കിൽ വല്ല പ്രയാസവും ഉണ്ടായിരുന്നോ?? അതെങ്ങനെ അഹങ്കാരമല്ലേ”!! പ്രിയതമയുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്!! അപ്പോഴേ തീരുമാനിച്ചു ” ഇപ്പ ശരിയാക്കിത്തരാം എന്ന്!!”
“ഞാൻ വണ്ടിയെടുത്തോണ്ടു വരട്ടെ ചേട്ടാ”..ചുമ്മാതെ ഒന്ന് എറിഞ്ഞു നോക്കി ” വേണ്ട സാഹസം ഒന്നും കാണിക്കണ്ട ആദ്യം നീ മര്യാദക്ക് practice ചെയ്തു പഠിക്ക് . ഞാൻ നിന്നെ practice ചെയ്യിപ്പിക്കാം എന്നിട്ടു മതി തന്നെ എടുക്കുന്നത് ആലോചിക്കുന്നത്” പ്രിയതമൻ headmaster ആയി. ഹോ ഇനിയും ഒരു പ്രാക്ടിസിനും തുടർന്നുള്ള യുദ്ധങ്ങൾക്കും ഉള്ള ബാല്യം ഇല്ലാത്തതു കൊണ്ട് പ്രിയതമ ഒന്നും പറയാൻ നിന്നില്ല.

പ്രിയതമയുടെ ഉള്ളിൽ വളരെ “unpredictable” ആയ മറ്റൊരു  വേർഷൻ കൂടിയുണ്ട്. അത് ഓഫീസിലും ജീവിതത്തിലും ഒക്കെ പലരും പറഞ്ഞിട്ടുള്ളതാണ്. ആ ‘unpredictable പ്രിയതമ in action’ പുറത്തിറക്കാൻ അവൾ തീരുമാനിച്ചു.

രാവിലെ എണിറ്റു കുളിച്ചു കുറി ഒക്കെ തൊട്ട് , പ്രിയതമ പ്രിയതമനെ അറിയിക്കാതെ car ഉം എടുത്തു Hosur നു പുറപ്പെടാൻ ഉള്ള സാഹസിക തീരുമാനം അങ്ങ് കൈക്കൊണ്ടു. ഒരു ചെറിയ സംശയം , എങ്ങാനും വല്ല വണ്ടിയും ഇടിച്ചു റോഡ് ഇത് വെച്ച് തട്ടി പോയാൽ ആരും അറിഞ്ഞില്ലെങ്കിലോ എന്നോർത്ത് മായാ ചേച്ചിക്ക് ഒരു whatsapp സന്ദേശം അയച്ചു. I am goingto pick them up from Hosur & this is an fyi only എന്ന്. അങ്ങനെ യാത്ര തുടങ്ങി. ഏകദേശം ഒരു മൂന്ന് കിലോമീറ്റെർ കഴിഞ്ഞപ്പോൾ പ്രിയതമൻ വിളിക്കുന്നു. എടുത്തില്ല. അപ്പോഴേ അവിടെ ആശങ്ക തുടങ്ങി. ഇനി അവളെങ്ങാനും വണ്ടിയുമായി പുറപ്പെട്ടു കാണുമോ. ഏയ് അത്രയ്ക്ക് ഒന്നും അവൾ ചെയ്യില്ല!. ഉടനെ ആൾ ലാൻഡ് ലൈൻ ഇത് വിളിച്ചു നോക്ക്കി. എടുക്കാഞ്ഞപ്പോൾ സംശയിച്ചു . അപ്പോഴാണ് പ്രിയതമൻ ഓർത്തത് ഒരിക്കൽ ഒരു ലൊക്കേഷൻ ട്രാക്കിംഗ് ആപ്പ് ഞങ്ങൾ രണ്ടാൾടേം ഫോണിൽ ഇട്ടിട്ടുള്ളത് . (പ്രിയതമ അതിനെക്കുറിച്ചു ഓർക്കാത്ത കാരണം disable ചെയ്യാൻ മറന്നു പോയിരുന്നു). അതിൽ കൂടെ നോക്കിയപ്പോൾ പ്രിയതമ on moving through Bangalore – Hosur highway . Google Maps ഒക്കെയിട്ട് വഴിയൊക്കെ കണ്ടു പിടിച്ചു പ്രിയതമ അപ്പോൾ ജൈത്രയാത്ര തുടരുകയായിരുന്നു. ഒടുവിൽ കുറച്ചൊക്കെ വഴി തെറ്റിയും hosur main junction U Turn ൽ കുറച്ചു ട്രാഫിക് ബ്ലോക്കും ഒക്കെ ഉണ്ടാക്കിയെങ്കിലും പ്രിയതമ അവസാനം successfully Hosur സ്റ്റേഷൻ ചെന്ന് പറ്റി.

ചെന്നപ്പോൾ train late ആണ്. പിന്നെ അവിടെ കുത്തിയിരുന്നു. ഇറങ്ങിയപ്പോൾ എന്നെ കണ്ടു എല്ലാരും അത്ഭുതത്തോടെ നോക്കി. പ്രിയതമൻ കുറച്ചൊരു അഭിമാനത്തോടെയും. ഞാൻ വണ്ടിയുമായി പുറപ്പെട്ടിട്ടുണ്ട് എന്ന സംശയം പ്രിയതമൻ കൂടെയുള്ളവോരോടൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്തിനു  വെറുതെ അവരുടെ കൂടി സമാധാനം കളയുന്നതെന്നോർത്താവും!! “ടീ നീയെന്തിനാ ഈ Hosur സ്റ്റേഷൻ ന്റെ front ൽ എത്തിയിട്ടും പിന്നേം നേരെ ഓടിച്ചു പോയത്” . ഈ tracking കഥയൊന്നും അറിയാത്ത പ്രിയതമ “അതിനു നിങ്ങൾ അവിടെ ഉണ്ടായിരുന്നോ? വഴി തെറ്റി ഞാൻ കുറച്ചു മുന്നോട്ടു പോയിട്ട് യൂ എടുത്തു വന്നതാണ്” അപ്പോഴാണ് ആ ട്രാക്കിംഗ് കഥ പ്രിയതമൻ പറയുന്നത്. ആ റോഡ് മുഴുവൻ ഞാൻ ഓടിക്കുമ്പോൾ ആൾ അവിടെ ടെൻഷൻ അടിച്ചു track ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കു ഹൊസൂർ main junction യൂ turn എടുക്കുന്നതിനു മുൻപായി ഞാൻ ഒരു 5 min നിർത്തിയിട്ടു ഒന്ന് mentally prepared ആയിരുന്നു. അത് വരെ കൃത്യമായി കണ്ടു പിടിച്ചിരിക്കുന്നു!!
ഇങ്ങനെ  ഒരു ചതി പ്രിയതമ പ്രതീക്ഷിച്ചില്ല. കലി വന്ന പ്രിയതമ അപ്പോഴേ ട്രാക്കിംഗ് app disable ചെയ്തു. മര്യാദക്ക് ഒരു surprise പോലും കൊടുക്കാൻ സമ്മതിക്കില്ല എന്ന് വെച്ചാൽ!!

“തിരിച്ചും നീ ഓടിക്കുന്നോ” പ്രിയതമൻ ഉദാരമതിയായി. ” വേണ്ട അതൊരു ബുദ്ധിമുട്ടായാലോ നാട്ടുകാർക്ക്” ഇങ്ങോട്ടു വന്ന പാട് എനിക്കറിയാം!!
“എന്നാലും നിന്നെ സമ്മതിച്ചിരിക്കുന്നു”!!. പ്രിയതമൻ അഭിനന്ദിച്ചു തകർത്തു.

പിന്നെ കുറെ നാളത്തേക്ക് നല്ല കാലം ആയിരുന്നു. ഡ്രൈവിംഗ് കുത്തു വാക്കുകൾ ഒക്കെ നിർത്തി പ്രിയതമൻ നല്ല കുട്ടിയായി. ഞാൻ നന്നായി എന്ന് തെറ്റുധരിച്ചു പോയി ആൾ. ഞാൻ ആകട്ടെ ആ അവസരം മുതലെടുത്തു പിന്നീട് ആ കാറിന്റെ front seat side ലൊട്ടു തിരിഞ്ഞു നോക്കി പോലുമില്ല. പിന്നിലിരുന്നു ‘ആകാശം കാണൽ ‘ശീലം തുടരുന്നു .

Mummy Returns എന്നൊക്കെ പറയുമ്പോലെ പൂർവാധികം ശക്തിയോടെ പ്രിയതമൻ ഇനി തിരിച്ചു രംഗത്തിറങ്ങുന്നത് എന്നാണ് സംശയം !!രക്ഷിക്കണമേ ഭഗവാനെ…!!

ഇത് വായിക്കാൻ ഇടയായ പ്രിയതമൻ ” ഞാൻ മറന്നിരിക്കുവായിരുന്നു. നാളെ തൊട്ടു തുടങ്ങാം എന്നാൽ!!” വടി കൊടുത്തു വെറുതെ അടി വാങ്ങേണ്ടായിരുന്നു!!

കുഞ്ഞിപ്പെണ്ണും Whatsapp ഉം 


“എൻച്ചു മാത്റം വാസ്സപ് അരിയത്തില്ല ” കുഞ്ഞിപ്പെണ്ണിൻറെ ഏറ്റവും latest സങ്കടം ആണ്. ഇന്നലെ രാത്രിയിൽ release ആയതേയുള്ളു. അവൾ നോക്കിയപ്പോൾ അച്ഛന് വാസ്സപ്, അമ്മക്ക് വാസ്സപ്, അപ്പൂപ്പനും അമ്മൂമ്മക്കും ഒക്കെ വാസ്സപ്. എങ്കിലും  അവൾ സഹിച്ചും ക്ഷമിച്ചും ഇരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ദാ , അവളുടെ നവമി ചേച്ചിക്കും  കൂട്ടുകാരി ഗ്രേസ് ന്റെവാസ്സപ് സന്ദേശങ്ങൾ  അമ്മയുടെ  ഫോണിൽ വന്നു തുടങ്ങി. അത്രയും ആയപ്പോൾ അവൾക്കു സഹിച്ചില്ല. അതെന്താ എനിച്ചു മാത്രം വാസ്സപ് ഇല്ലാത്തത് എന്ന സ്വാഭാവിക സംശയം അവൾക്കു ഉദിച്ചു. കുഞ്ഞിന് എന്തിനാ Whatsapp , കുഞ്ഞിന് അമ്മയില്ലേ !! മാതാശ്രീ സ്നേഹകടലായി മാറി അവളെ സോപ്പ് ഇടാൻ ശ്രമം നടത്തി. എനിച് അപ്പൊ എന്റെ ഫ്രണ്ട്സിനോടൊക്കെ സംസാരിക്കണ്ടേ..അവൾ മുഖം കൂർപ്പിച്ചു.

Ithu 1

 മൂന്നര വയസ്സുകാരിയുടെ ഉള്ളിൽ പോലും whatsappഇല്ലായ്മ സങ്കടമുണർത്തുന്നു എന്നോർക്കുമ്പോൾ ഒരു വിസ്മയം.

സാമൂഹിക മാധ്യമങ്ങളുടെ വേരുകൾ എത്ര ആഴത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലേക്ക് ആഴ്ന്നു തുടങ്ങിയെന്നു. അവിടെ പ്രായത്തിന് പ്രസക്തി ഇല്ലാതാവുന്നത് പോലെ. ഇവിടെ വീട്ടിൽ ആണെങ്കിൽ ‘അമ്മ നവമി നിവിമാർക്ക്  ഇഷ്ടമുള്ളത് എല്ലാം  ഉണ്ടാക്കി കൊടുത്തു അവരെയും ഞങ്ങളെയും ഒക്കെ വളർത്തി തളർന്നു രാത്രി ആകുമ്പോൾ  വെരികോസ് വെയ്ൻ ഉള്ള കാലുകൾ കുറച്ചൊന്നു ഉയർത്തി വെച്ച്  വിശ്രമിക്കുന്നതും ഈ Whatsapp ഉം Facebook ഉം ഉള്ളത് കൊണ്ടാണ് ഇപ്പൊ. അമ്മയുടെ പഴയ ക്രിസ്ത്യൻ കോളേജ് ഡിഗ്രി Chemistry സൗഹൃദങ്ങൾ കാലങ്ങൾക്കു അപ്പുറത്തു നിന്നും കടന്നു വന്നതും കഴിഞ്ഞ രണ്ടു വർഷങ്ങളിലും Get Together നടത്തിയതും Mark Zuckerberg ന്റെ ഈ social platforms ഉള്ളത് കൊണ്ടായിരുന്നു.  ഇതൊക്കെ ആണെങ്കിലും ‘അമ്മ ഇപ്പോഴും  Facebook and Whatsapp content consumer മാത്രം ആയിട്ടേയുള്ളു. Contributer ആകാൻ ഇനിയും കുറേക്കാലം പിടിക്കും എന്ന് തോന്നുന്നു.
നാട്ടിൽ എന്റെ അമ്മയാണെങ്കിലും ഞാൻ ഒരു ബ്ലോഗ് എഴുതിയാൽ അതിന്റെ link ഫേസ്ബുക്കിൽ ഇട്ടെന്ന് അറിഞ്ഞാൽ പിന്നെ ഭയങ്കര സന്തോഷമാണ്, ചിലപ്പോൾ ഒക്കെ WiFi ഓഫ് ആണെങ്കിലോ , കറന്റ് ഇല്ലെങ്കിലോ ഒക്കെ ഫോണിൽ അത് വായിക്കാൻ പറ്റാതെ അക്ഷമ ആയി വിളിക്കും. Trouble shooting വല്യ പിടിയില്ലാത്തതു കൊണ്ട് ചേച്ചി വരുന്നത് വരെ പിന്നെ കാത്തിരിപ്പാണ്. പിള്ളേരുടെ ഏതെങ്കിലും നല്ല ഫോട്ടോ ഫോണിൽ കാണിച്ചാൽ ” ടീ നീയത് എന്റെ ഫേസ്‌ബുക്കിൽ ഒന്നിട് ” എന്നത് അമ്മയുടെ സ്ഥിരം പല്ലവി ആണ്. ഇവിടുത്തെ അച്ഛനും അവിടുത്തെ അച്ഛനും ഈ വക സാമൂഹിക മാധ്യമങ്ങളിൽ അത്ര interest പോരാ. മന്ത്രങ്ങളും , പുസ്തകങ്ങൾ scan ചെയ്തതും ഒക്കെ കൊടുത്തു ഇവിടുത്തെ അച്ഛനെ അതിലേക്കു ആകർഷിക്കാൻ മായചേച്ചി അശ്രാന്ത പരിശ്രമം തുടരുന്നുണ്ട്. എന്റെ അച്ഛന് ആവട്ടെ പേരിനു Whatsapp ഉം FB ഉം ഉണ്ടെന്നേയുള്ളു. അഡ്മിൻ ഇൻ ചാർജ് ചേച്ചിയും മകൻ ആദിയും ഒക്കെ ആണ്. പ്രിയതമനു പിന്നെ whatsapp നിറയെ രാഷ്ട്രീയം ആണ്. സംഘി കമ്മി പോരാട്ടങ്ങളിൽ ചില ദിവസങ്ങളിൽ അവിടെ തീപാറുന്നതു കാണാം.
നാട്ടിൽ ഒക്കെ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കൾ ആണെങ്കിലും എന്നെ കാണുമ്പോൾ പറയും  ബ്ലോഗ് വായിക്കാറുണ്ട്, ഫോട്ടോസ് ഒക്കെ കാണാറുണ്ട് എന്ന്. കാലത്തിന്റെയും ദൂരത്തിന്റെയും ഒക്കെ അകലങ്ങൾ ഇപ്പോൾ വല്ലാതെ കുറഞ്ഞത് പോലെ.
വര്ഷങ്ങള്ക്കപ്പുറത്തു നിന്നും പഴയ ഡിഗ്രി സുഹൃത്തുക്കളുടെ കലപിലകൾ കഴിഞ്ഞ ആഴ്ച മുതൽ എന്റെ whatsapp ൽ  വന്നു നിറയുമ്പോൾ ഞാൻ അറിയുന്നത് കാലത്തിനൊന്നും ഞങ്ങളുടെ കൗമാരത്തിന്റെ വർണ്ണങ്ങൾ കവർന്നെടുക്കാൻ കഴിഞ്ഞില്ലലോ എന്നാണ്. കാലങ്ങൾ എത്ര പിന്നിട്ടാലും സൗഹൃദങ്ങൾ പകർന്നു തരുന്ന ഊർജരേണുക്കൾ ഒന്ന് വേറെ തന്നെയാണ്.അന്ന് പറഞ്ഞതും, പറയാൻ മറന്നതും, പിന്നിട്ട വര്ഷങ്ങളിലെ വിശേഷങ്ങളും  എല്ലാം പെയ്തൊഴിയുകയാണിപ്പോൾ.  ഒരു ചെറു പുഞ്ചിരിയോടെ വായിച്ചിരിക്കുമ്പോൾ കുഞ്ഞിക്കുശുമ്പുമായി കുഞ്ഞിപ്പെണ്ണ് ” ‘അമ്മ എന്തിനാ ചിരിക്കുന്നത്. അമ്മേടെ ഫ്രണ്ട്‌സ് വാസ്സപ്പ് ൽ  മെസ്സേജ് അയച്ചോ ” ന്ന്!! കുഞ്ഞികുശുമ്പിയെ വാരിയെടുത്തു ഒരുമ്മ കൊടുത്തു ഞാൻ.
ഒപ്പം ചേർക്കുന്നു കുഞ്ഞിപ്പെണ്ണ് ആസ്വദിച്ചു ഐസ്ക്രീം കഴിക്കുന്ന ഒരു വിഡിയോയും.

കൊച്ചു കൊച്ചു വിശേഷങ്ങൾ!


കുഞ്ഞിപ്പെണ്ണിന് ഇനിയും സ്‌കൂൾ അത്ര പഥ്യം ആയിട്ടില്ല. എല്ലാ രാത്രിയും ഉറങ്ങുന്നതിനു മുൻപ് default question ആണ് ” എനിച്ചു നാളെ സ്‌കൂൾ ഉണ്ടോ?” ഉണ്ട് എന്ന് മറുപടി പറഞ്ഞാൽ “എനിച്ചു നാളെ സ്‌കൂളിൽ പോകണ്ട”. ഞാൻ അപ്പൊ study ക്ലാസ് തുടങ്ങും. മോൾക്ക് പഠിച്ചു  വലുതാവണ്ടേ..മിടുക്കിയാവണ്ടേ മട്ടിലുള്ള usual stuff. അവൾ അപ്പോൾ പറയും എനിക്ക് അങ്ങനെ സ്‌കൂളിൽ പോയി വലുതാവണ്ട , ഞാൻ ഇവിടെങ്ങാനും ഇരുന്നു ഫുഡ് ഒക്കെ കഴിച്ചു വലുതായിക്കോളാം എന്ന്!! ഹെന്താ ചെയ്യുക!! അങ്ങനെ വലുതാവുന്ന കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്!! പിന്നീട്  ഞാൻ പറഞ്ഞു എന്ത് രസമാ ബസ് ൽ ഒക്കെ കയറി ചേച്ചിയുടെ കൂടെ പോകാൻ. അവൾ” എനിക്ക് ഈ ബസ് ൽ കേറി അങ്ങോട്ട് പോകുന്നത് ഒട്ടും ഇഷ്ടമല്ല. പക്ഷെ തിരിച്ചു വരൻ വല്യ ഇഷ്ടമാ. ഞാൻ വേണേൽ തിരിച്ചു മാത്രം വന്നോളാം എന്ന്”! അതെങ്ങനെ ഈ ചിടുങ്ങാ പെണ്ണിനെ പറഞ്ഞു മനസിലാക്കുക അങ്ങോട്ട് പോകാതെ തിരിച്ചു വരാൻ  പറ്റില്ല എന്ന്. അങ്ങനെ arguements ഉം counter arguments  ഒക്കെ കഴിഞ്ഞു ചേച്ചിയോട് തലയണക്കായിഒരു മൂന്നാം ലോകമഹായുദ്ധവും നടത്തി അത് പിടിച്ചെടുത്ത്‌  വിജിഗീഷുവായി  പാതിരാത്രിയാവും ആൾ പള്ളിയുറക്കത്തിൽ പ്രവേശിക്കുവാൻ . അപ്പോഴേക്കും നടക്കാൻ പോകാൻ ‘ദാ ഇപ്പം വരാം’ എന്ന് പറഞ്ഞു പോയ പ്രിയതമയെ  കാണാത്തതിൽ മനം നൊന്തു പ്രിയതമൻ  അടുത്ത ഏതെങ്കിലും മീറ്റിംഗ് ൽ  പ്രവേശിച്ചിട്ടുണ്ടാവും.

3

രാവിലെ അടുത്ത അംഗം തുടങ്ങും കുഞ്ഞിപ്പെണ്ണ്. എത്ര വിളിച്ചാലും എഴുന്നേൽക്കില്ല. അപ്പൂപ്പൻ എങ്ങാനും ആണ് എഴുന്നേൽപ്പിക്കാൻ ചെല്ലുന്നെങ്കിൽ അപ്പോൾ തന്നെ അവൾ ദുർവ്വാസാവിന്റെ അവതാരം എടുത്തു ശപിച്ചു ഭസ്മമാക്കും. ഞാനോ അമ്മയോ ആണെങ്കിൽ അവൾ ഒരു പ്രതിപക്ഷ ബഹുമാനം ഒക്കെ കാണിക്കും. ഒടുവിൽ ഒരു വിധത്തിൽ പല്ലൊക്കെ തേപ്പിച്ചു എന്തെങ്കിലും ഫുഡ് ഐറ്റംസ് ഒക്കെ കൊടുത്തു സന്തോഷിപ്പിച്ചാൽ  പിന്നെ ആൾ OKആവും. ഇത്ര നാളും  സ്കൂളിൽ ‘മര്യാദരാമി’ ആയിരുന്നവൾ  ഇപ്പോൾ ഒരു മികച്ച വില്ലത്തിയായി മാറാൻ ഉള്ള എല്ലാ traits ഉം acquire ചെയ്യുന്നത് തിരക്കിൽ ആണെന്ന് അവളുടെ Rosa Mam അഭിപ്രായപ്പെട്ടത് കേട്ട് ഞങ്ങൾ ദീർഘനിശ്വാസം വിട്ടു. ടീച്ചർ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.. കഴിഞ്ഞ ദിവസം teacher ചോദിച്ചു അത്രെ ആരാ ഉച്ചക്ക് വിളിക്കാൻ വരുന്നത് എന്ന്. അച്ഛനും അമ്മയും നാട്ടിൽ പോയിരുന്നത് കൊണ്ട് പ്രിയതമൻ ആയിരുന്നു ഓൺ duty. ടീച്ചർ ചോദിച്ചപ്പോൾ അവൾ പറഞ്ഞു ” അച്ഛൻ ആണ്  വിളിക്കാൻ വരുന്നത്. ” ടീച്ചർ ചോദിച്ചു അച്ഛനു ഓഫീസിൽ ഒന്നും പോകണ്ടേ എന്ന്. അവൾ പറഞ്ഞുന്നു ” അച്ഛൻ ഓഫീസിൽ ഒന്നും പോകില്ല. മടിയനായിട്ടു വീട്ടിൽ തന്നെ ഇരിക്കുവാ എന്ന്!!ഓഫീസിൽ നിന്നും ഇറങ്ങാതിരിക്കുന്ന ഒരു മനുഷ്യനെ പറ്റി ആണ് ഈ പറയുന്നത് എന്ന് ഓർക്കണം.!പ്രിയതമൻ  ഇത് കേട്ട് എങ്ങനെ താങ്ങുമോ ആവോ? ” അല്ലെങ്കിലും നിന്റെയൊക്കെ പ്രധാന ഉദ്ദേശ്യം എന്നെ ട്രോളുന്നത് ആണല്ലോ” എന്നാവും  പറയുക. ഈശ്വര ഭഗവാനെ ഈ ഫെമിനിസ്റ്റ്കളെ  എല്ലാം കൂടി ഞാൻ എങ്ങനെ മേയ്ക്കും എന്ന് ദീർഘ നിശ്വാസമാവും വിടും!
Don1
തൊട്ടപ്പുറത്തെ വീട്ടിലെ രണ്ടു ഘടാഘടിയന്മാരായ പിള്ളേരുടെ ‘അമ്മ കുഞ്ഞിപ്പെണ്ണിനെ ഇയ്യിടെ ” Don of Concorde Windrush ” പട്ടം നൽകി ആദരിക്കുന്നത് കണ്ടു ഞങ്ങൾ കൃതാർത്ഥരായി!രണ്ടു മികച്ച ഡോണുകളുടേ അമ്മയാണ് award തരുന്നത് എന്നോർക്കണം!ഞങ്ങൾ ആവട്ടെ ” ഞങ്ങൾ ഒന്നുമറിഞ്ഞില്ലേ രാമനാരായണ ” എന്ന മട്ടിൽ അപ്പോഴേ സ്ഥലം വിട്ടു. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ഇടം കൈ വീശി അടിയാണ് Don ന്റെ specialization. എനിക്കാണ് കിട്ടുന്നതെങ്കിൽ പിന്നെ ഞങ്ങൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടക്കും. അവസാനം പ്രിയതമൻ സമാധാനത്തിന്റെ വെള്ളരി പ്രാവുകളെയും  പറത്തി വരും. എന്നിട്ടു “എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ  ” നീയാണോ അവളാണോ വലുത്” “കൊച്ചിനെ അടിക്കരുത് ” തുടങ്ങിയ നിർദ്ദേശങ്ങളുമായി വരും. അപ്പോൾ ഞാൻ പറയും “ഞാനും എന്റെ അച്ഛന്റേം അമ്മേടേം കൊച്ചു ആണെന്ന്”!! അല്ല പിന്നെ!!
നവമിയങ്ങു വലുതായി പോയത് പോലെ. Geronimo Stilton നും അങ്ങേരുടെ പെങ്ങൾ Thea Stilton ഉം ഒക്കെയാണ് ആളുടെ ലോകം ഇപ്പോൾ. ഞാൻ കുറച്ചു research ഒക്കെ നടത്തി ഇവരൊക്കെ ആരാണെന്ന് !പിന്നെയുള്ളത് സുഹൃത്തുക്കൾ ആണ്. പണ്ട് എന്റെ പിന്നാലെ കൂടിയിരുന്ന പഴയ നവമി മാറി ഒരു പുതിയ നവമി. എങ്കിലും കിടക്കാൻ നേരം ഒന്ന് ചേർത്ത് പിടിച്ചാൽ ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങി ‘അമ്മാ ഇന്ന് സ്കൂളിൽ ഉണ്ടല്ലോ..എന്ന മട്ടിൽ കഥയുടെ  കെട്ടഴിക്കാറുണ്ട് അവൾ. അപ്പോഴേക്കും കൊച്ചു ഗുണ്ട വരും ” എന്റെ സ്കൂളിൽ ആണെങ്കിൽ Heizel ചോദിച്ചു എന്റെ വീട് എവിടാ എന്ന് !! ഞാൻ പറഞ്ഞു “ലകോണിക് സിറ്റി” ആണെന്ന്. പിന്നീട് ‘അമ്മ അവകാശ തർക്കം’ പുരോഗമിക്കും . അവസാനം നിവർത്തിയില്ലാതെ നവമി കീഴടങ്ങി തിരിഞ്ഞു കിടന്നു ഉറങ്ങും. എന്ന് കരുതി നവമിയങ്ങു ‘പഞ്ച പാവക്കുട്ടി’ ആയിന്നൊന്നും ആരും തെറ്റുദ്ധരിക്കരുത്‌. Strategies and Planning ന്റെ ഉസ്താദ് ആണ് ആൾ.എങ്ങനെ ഏതു പോയിന്റ് ൽ  പിടിച്ചു ഒരു കാര്യം നേടിയെടുക്കാം എന്നതിന് ഞങ്ങൾ അവൾക്കു ഫീസ് കൊടുത്തു പഠിച്ചാലൊന്ന്  serious ആയി ആലോചിക്കുന്നുണ്ട്. ചെറുതും ആ കാര്യത്തിൽ മികച്ച പെർഫോമൻസ് ആണ്.
ജീവിതം ഇങ്ങനെ ഒഴുകി കൊണ്ടേയിരിക്കുന്നു.. സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ ആണ് അറിയുന്നത് വർഷങ്ങൾ എത്ര കടന്നു പോയി എന്ന്..
തിരിഞ്ഞു നടന്നാൽ എത്താത്തത്ര ദൂരത്തിൽ ഓർമ്മകൾ നിറഞ്ഞു പെയ്യുന്നു..ഇനിയും ഗ്രീഷ്മവും, ഹേമന്തവും, ശിശിരവും, വര്ഷകാലവും എല്ലാം കടന്നു ജീവിതം ഒഴുകട്ടെ.., യാത്ര തുടരുവോളം  ഇരുളിൽ വെളിച്ചമായി, തളർച്ചയിൽ ദാഹജലമായി, ആകാശത്തിനു  കീഴെ മറ്റൊരാകാശമായി, മരണത്തിനു വിലങ്ങനെ ഒരു കൈ ആയി പഴയതും പുതിയതുമായ ഒരുപാട് നല്ല നിമിഷങ്ങളും ഞാൻ  കൈക്കുടന്നയിൽ എടുത്തിട്ടുണ്ട്..