Archive for the ‘Uncategorized’ Category

പത്താം ക്ലാസ്സുകാരിയുടെ result


പത്താം ക്ലാസ്സിലെ റിസൾട്ട് നു ജീവിതത്തിൽ എന്തെങ്കിലും സ്വാധീനം ഉണ്ടാക്കാൻ കഴിയുമെന്ന എൻ്റെ ചിന്ത മാഞ്ഞു പോയിട്ടു വർഷങ്ങൾ ഏറെയായി. അടുത്ത admission എടുക്കാൻ പോലും അതിപ്പോൾ അത്രക്കൊന്നും relevant അല്ലാതായിരിക്കുന്നു എന്നത് അനുഭവം. എന്റെ പത്താം ക്ലാസ്സിലെ മാർക്ക് എന്നല്ല, പിജി വരെയുള്ള ഒരൊറ്റ മാർക്ക് പോലും  ആദ്യത്തെ കമ്പനി മുതൽ ഇപ്പോൾ നാലാമത്തെ കമ്പനി വരെ ആരും  ചോദിച്ചിട്ടേയില്ല. നോക്കിയിട്ടു പോലുമില്ല. എന്നിട്ടും നമുക്ക് എല്ലാം ഒരു ഹരമാണ് പത്താം  ക്ലാസ്സിലെ മാർക്ക് എത്രെ എന്ന് കേൾക്കുക. എന്റെ പത്താം ക്ലാസ്സുകാരി മകളുടെ റിസൾട്ട് വരുന്നതോർത്തു എനിക്ക് ടെൻഷൻ ഉണ്ടോയെന്ന് ചോദ്യം ഒരുപാട് കേട്ടിരുന്നു. തീരെയില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നതായിരുന്നു ഉത്തരം. 

പക്ഷെ ഇപ്പോൾ റിസൾട്ട് വന്നപ്പോൾ അവളുടെ മുഖത്തു തെളിഞ്ഞ  ആ പൂത്തിരികൾ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. അവൾ ഒരു athlete ആണ്. മത്സരിച്ച ഓട്ടങ്ങളിൽ എല്ലാം അവസാനത്തെ  ലാപ്പിൽ ഏറ്റവും വേഗതയോടെ ഓടിക്കയറുന്ന ഓട്ടക്കാരി. അതവൾ അവളുടെ പരീക്ഷ ഫലത്തിലും  തെളിയിച്ചു. ക്ലാസ്സിലെ ഏറ്റവും മിടുക്കരുടെ ലിസ്റ്റിൽ ഒന്നും ഒരിക്കലും അവളില്ലായിരുന്നു.  കണക്കിനേയും ഫിസിക്സ് നെയും ഒക്കെ പേടിച്ചു പേടിച്ചു നടക്കുന്ന വല്ലപ്പോഴും അത്യാവശ്യത്തിന് മാത്രം പഠിക്കുന്ന average എന്ന് നമ്മൾ വിളിക്കുന്ന കുട്ടി. കൂറ്റൻ percentage ന്റ്റെ മോഹങ്ങളൊന്നും അവളെ ഒരിക്കലും  പ്രലോഭിപ്പിച്ചതായി ഞങ്ങൾക്കറിയില്ല. അവളുടെ അച്ഛനാകട്ടെ അവൾ ഒരു 75 -80% ഒക്കെ വാങ്ങിയാലും കുഴപ്പമില്ല എന്ന മട്ടായിരുന്നു. ഞാനാണെങ്കിൽ പിന്നെ പണ്ടേ “കർമ്മണ്യേ വാധികാരസ്യേ മാ ഫലേഷു എന്തെങ്കിലും ആയിക്കോട്ടെ ആണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ!!ഒരിക്കൽ ക്ലാസ്സിലെ topper പെൺകുട്ടി (അവളുടെ കൂട്ടുകാരിയും ആണ്) അവളോട് “Your skill are  in athletics and mine is in studies . I can’t beat you in athletics and you cant beat me in my arena ” എന്നോ മറ്റോ പറഞ്ഞുവെന്നു തെല്ലൊരു സങ്കടത്തോടെ എന്നോട് വന്നു പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. വേദനിപ്പിക്കണം എന്നുദ്ദേശിച്ചൊന്നും അല്ലാതെ നിർദ്ദോഷമായ ഒരു fact എന്നതു  പോലെ പറഞ്ഞതായിരുന്നു ആ കുട്ടി. .  തൊണ്ണൂറുകളുടെ ശതമാനകണക്കുകൾ  അന്ന് അവൾക്ക് അപ്രാപ്യം എന്ന് അവളും മറ്റുള്ളവരും കരുതിയിരുന്നു. 

പിന്നെ എന്ന് എപ്പോഴാണ് അവളാ അവസാന ലാപ്പിലെ പടയോട്ടം തുടങ്ങിയതെന്ന് എനിക്ക് പോലും അറിയില്ല. അവസാനത്തെ ചില മാസങ്ങളിലെ സ്കൂൾ പത്താം  ക്ലാസ്സിനെ രണ്ടായി വിഭചിച്ചു. Above 90 പ്രതീക്ഷക്കാർ എല്ലാം ഒരു ബാച്ചിൽ. അവളുൾപ്പെടെ ബാക്കി ഉള്ളവർ മറ്റെ ക്ലാസ്സിൽ. പരീക്ഷക്ക് മുൻപുള്ള  അവസാനത്തെ ചില മാസങ്ങളിൽ ഞങ്ങൾ പുതിയൊരു നവമിയെ കണ്ടു. അവൾ കടമെടുത്ത എന്റെ Working table ൽ 93 എന്ന് ഒരു വലിയ സംഖ്യ കണ്ട് ഞാൻ ഞെട്ടിയിരുന്നു. എങ്കിലും കുന്നോളം മോഹിച്ചാലേ കുന്നിക്കുരു എങ്കിലും കിട്ടു എന്ന് ചിന്തിച്ചു ആശ്വസിച്ചു. പരീക്ഷ എല്ലാം കഴിഞ്ഞപ്പോഴും അവളോട് ഞങ്ങൾ പറഞ്ഞത് ഒന്നേയുള്ളു നീ നിന്നെക്കൊണ്ടു പറ്റാവുന്നതിന്റെ അത്രയും നന്നായി തന്നെ ശ്രമിച്ചു. ഇനി റിസൾട്ട് എന്തായാലും ഞങ്ങൾ അങ്ങേയെറ്റം സന്തോഷത്തോടെ സ്വീകരിക്കും. അങ്ങനെ കൊട്ടക്കണക്കിനു കൊണ്ട് വരുന്ന ഒരു ശതമാന കണക്കിന് നിന്നെ അളന്നു തിട്ടപ്പെടുത്താൻ ആവില്ല എന്ന് ഞങ്ങൾക്ക് അറിയാം എന്നും.

 

അവസാനത്തെ ഓട്ടത്തിൽ അവൾ ഓടിക്കയറി എത്തി  നിന്നതു 94.6 ൽ ആയിരുന്നു. അവൾക്കു പോലും വിശ്വസിക്കാനാവുന്നില്ലായിരുന്നു. ഈ തൊണ്ണൂറുകളുടെ കണക്കിന് ജീവിതത്തിൽ ഒരു സ്വാധീനവും ഉണ്ടാവും എന്ന് ഇപ്പോഴും തരിമ്പു പോലും എനിക്ക് തോന്നലില്ല . എഴുപത്തി അഞ്ചോ എൺപതോ കിട്ടിയ കുട്ടികളെക്കാൾ എന്റെ മകൾ മിടുക്കി എന്ന തോന്നലും ഒട്ടുമേയില്ല..ജീവിതത്തിൽ ഇനിയെത്രയെത്ര പരീക്ഷകളും പരീക്ഷണങ്ങളും നേരിടാനുള്ളതാണ്. എല്ലായിടവും എന്നും ഇത് പോലെ മുന്നിൽ  തന്നെ ആയിരിക്കുമെന്നും  കരുതുന്നില്ല.. പക്ഷെ അവൾ അവളെ തന്നെ ബോധ്യപ്പെടുത്തിയ ഒരേയൊരു കാര്യം എന്നെയും വന്നു തൊടുന്നുണ്ട്. Hard work pays off എന്ന്. എത്ര ആവറേജ് ഇടങ്ങളിൽ നിന്നും  ചില ദിവസങ്ങളുടെ ചില മാസങ്ങളുടെ അദ്ധ്വാനത്തിൽ എവിടേക്കും ഓടിക്കയറാം എന്ന്. അത് മാത്രം മതി ജീവിതത്തിലേക്കു ചേർത്ത് വയ്ക്കാനുള്ള  അമൂല്യമായ  certificate ആയി അവൾക്ക് ..

Body Shaming


കലാമണ്ഡലം സത്യഭാമ അത്ഭുതപ്പെടുത്തിയില്ല എന്നെ..കാലം എത്ര പുരോഗമിച്ചാലും, നിറവും, ജാതിയും, body shaming ഉം ഒക്കെ ജീവശ്വാസം പോലെ കൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും എന്ന് ഒന്ന് കൂടി ഓർമ്മിപ്പിച്ചു അവർ.. തികഞ്ഞ സ്വാഭാവികതയാണ് അവർക്കു അത്.

ശ്രദ്ധിച്ചിട്ടുണ്ടോ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ നമ്മുടെ ബന്ധുക്കളുടെ, അയൽക്കാരുടെ ഒക്കെ മൂന്നാമത്തെ ചോദ്യം എന്താണെന്നു?. 1. നോർമൽ ആയിരുന്നോ, 2. കുഞ്ഞിന് എത്ര വെയിറ്റ് ഉണ്ട്, 3. നല്ല നിറമൊക്കെ ഉണ്ടോ? . ആദ്യം ഒരു initial assessment നടത്തിയിട്ടു പിന്നീട് കാണാൻ വരുമ്പോൾ ആ കുഞ്ഞു ചെവി ഒന്ന് തിരിച്ചു നോക്കിയിട്ടു ചെവിയുടെ പിന്നിൽ നോക്കിയാലേ യഥാർത്ഥ നിറം അറിയാൻ പറ്റു എന്നൊരു പ്രസ്താവന കൂടിയുണ്ട്. പ്രസവിച്ചു കിടന്ന മൂന്ന് അവസരങ്ങളിലും മറ്റെന്തിനേക്കാളും എന്നെ അസ്വസ്ഥതപ്പെടുത്തിയിട്ടുള്ള കാര്യമാണിത്. നവമി ജനിച്ചപ്പോൾ എന്റെ നിറവും അവളുടെ നിറവും കൂടി താരതമ്യ പെടുത്തിയിട്ടു കൊച്ചിന് നിറം കുറച്ചു കുറവാണെന്നുള്ള വിധിയെഴുത്തുകൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. പിന്നീട് നിവിയും നിയക്കുട്ടിയും ഒക്കെ വന്നപ്പോഴേക്കും ഇങ്ങനത്തെ ‘പച്ചയായ’ താരതമ്യങ്ങൾ, ചെവി തിരിച്ചുള്ള ഗവേഷണങ്ങൾ, അഭിപ്രായ പ്രകടനങ്ങൾ ഒക്കെ കുറച്ചു കുറഞ്ഞു. പക്ഷെ എന്നാലും അതിങ്ങനെ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് sense ചെയ്യാൻ പറ്റുമായിരുന്നു. ഇത് എന്റെ മാത്രം അനുഭവമല്ല. എന്റെ പല സുഹൃത്തുക്കളുടെയും ഇടയിൽ നിന്ന് ഈ ജനിച്ച കുഞ്ഞുങ്ങളുടെ നിറം comparison അനുഭവം ഞാൻ കേട്ടിട്ടുണ്ട്.

പിന്നീട് കുഞ്ഞുങ്ങൾ വലുതാവുമ്പോൾ നിറം, വണ്ണം , പൊക്കം, ഇതൊക്കെ ആൾക്കാരുടെ അഭിപ്രായ പരിധിയിലേക്കു ചേർക്കപ്പെടും. മെലിഞ്ഞിരുന്നാൽ നമുക്കെന്തോ അസുഖമുണ്ട് എന്നാണു ആൾക്കാരുടെ പൊതുവായ ധാരണ. നമ്മളെ കാണുമ്പോൾ സഹതാപ തരംഗം ആഞ്ഞടിക്കും. അതിനെക്കാട്ടിൽ കഷ്ടമാണ് കുറച്ചെങ്കിലും വണ്ണം വെച്ച് പോയാൽ. ഒരു സദ്യക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ കുറച്ചെടുത്തിരുന്ന വണ്ണമുള്ള ഒരാളിന് നേരെ പറഞ്ഞയാൾക്കു മാത്രം തമാശ ആയി തോന്നുന്ന comment കേട്ടിട്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്. അത് കേട്ടയാളിന്റെ ഉള്ളെത്ര പൊള്ളിയിട്ടും ചിരിച്ചു തള്ളുന്നത് കണ്ടിട്ട് തോന്നിയ ഉള്ളുരുക്കം ഇന്നും എന്റെ ഓർമ്മയിലുണ്ട്. മകളുടെ സ്‌കൂളിൽ ഒരു കൂട്ടുകാരിയുണ്ട്. നീളം കുറവുള്ള അവളെ ‘കുള്ളി’ എന്നാണു ക്ലാസ്സിലെ കുട്ടികൾ വിളിക്കുന്നത് എന്ന് സങ്കടത്തോടെ അവൾ പറയുന്നത് കേട്ടിട്ടുണ്ട്. ആ കുട്ടിയും അതൊന്നും mind ചെയ്യാതെ ചിരിച്ചു തള്ളാറുണ്ടത്രെ..

എന്നാണാവോ ഇനി മനുഷ്യർ മറ്റുള്ളവരുടെ നിറവും, പൊക്കവും, വണ്ണവുമൊക്കെ മാർക്കിടുന്നതും, ആരും ക്ഷണിക്കാതെ അത് പോയി comments ആയി അവരുടെ ഒക്കെ മുൻപിൽ പോയി വിളമ്പുന്നതും നിർത്തുന്നത്. Body shaming മറ്റൊരാളോട് ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഒരു ക്രൈം തന്നെ ആണ്. മെലിഞ്ഞവർക്കും, തടിച്ചവർക്കും, നിറം കുറഞ്ഞവർക്കും, കൂടിയവർക്കും ഒക്കെ അവർക്കു തന്നെ അറിയാം അവർക്കു എന്താണുള്ളത് എന്താണ് ഇല്ലാത്തതു എന്ന്. അതിനി പറഞ്ഞു കൊടുക്കാൻ അവർക്കു പുറത്തു നിന്നുള്ളത് ഒരാളിന്റെയും ആവശ്യമില്ല എന്ന് ആദ്യമായി സ്വയം അറിയണം. പറയുന്നവർക്ക് തമാശ മാത്രമായി തോന്നുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് അങ്ങനെ ആകണം എന്നില്ല എന്നും ഓർക്കണം.

സ്വന്തം ശരീരത്തിനെ ഏറ്റവും മനോഹരമായി തന്നെ കാണണം എന്നും, മറ്റൊരാളിന്റെ നാവിൻ തുമ്പിൽ അല്ല നമ്മുടെ വ്യക്തിത്വം എന്നും ഒക്കെ അവസരം കിട്ടുമ്പോൾ ഒക്കെ ഞങ്ങൾ പിള്ളേരോട് പറയാറുണ്ട്. ഒപ്പം മറ്റൊരാളെ ഏതു peer group influence ൽ പെട്ടാണെങ്കിലും body shame ചെയ്യരുതെന്നും.

അകമേ ഓടുന്ന ചുവന്ന ചോരക്കപ്പുറം മനുഷ്യരെല്ലാം വ്യത്യസ്തരാണ്. അവരെ നിങ്ങൾ തന്നെ കൽപ്പിച്ചു കൂട്ടുന്ന ideal നിറത്തിന്റെയും , പൊക്കത്തിന്റെയും , വണ്ണത്തിന്റെയും ഒക്കെ ‘so called templates’ ലേക്ക് ഒതുക്കാതിരിക്കുക. നിരുപദ്രവമെന്നു നിങ്ങൾ കരുതുന്ന വാക്കുകൾ കൊണ്ട് മുറിവേൽക്കുന്ന മനസ്സുകൾ അവർക്കും ഉണ്ടെന്നു ഓർക്കുക..

കലാമണ്ഡലം സത്യഭാമ ഇതൊക്കെ ഇന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചപ്പോൾ എഴുതാതിരിക്കാനായില്ല..

മഞ്ഞുമ്മൽ ഇല്ലാൻ!


അങ്ങനെ പരീക്ഷ ഒക്കെ കഴിഞ്ഞിരിക്കുന്ന അമ്മിച്ചേച്ചിയേയും, പരീക്ഷ തുടങ്ങിയിട്ടും അതിന്റെ യാതൊരു അഹങ്കാരവും കാണിക്കാത്ത നിവി ചേച്ചിയെയും കൂട്ടി Illan &whole family ശനിയാഴ്ച രാത്രി മഞ്ഞുമ്മൽ ബോയ്സ് കാണാനിറങ്ങി. രാത്രി പത്തിന്റെ ഷോ ആയതു കൊണ്ട് ഇല്ലാൻ ഉറങ്ങിക്കൊള്ളും എന്ന് മാതാശ്രീക്കു ആത്മവിശ്വാസം. എന്നാലും ഇനി ചിലപ്പോ എങ്ങാനും എണീറ്റിരുന്നാലോ എന്നോർത്തു അന്നത്തെ അവളുടെ ഉച്ച ഉറക്കം ക്യാൻസൽ ചെയ്യിപ്പിച്ചു. ഇനി എപ്പോ ഒന്നും പേടിക്കേണ്ടല്ലോ all set !!

ഒമ്പതു മണി കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ ഇല്ലാൻ പാതി കൂമ്പിയ ഒരു താമരപ്പൂവ് മോഡിൽ ആയിരുന്നു. കാറിൽ കയറി കുറച്ചു ദൂരം ചെന്നപ്പോഴേ ആൾ ഫ്ലാറ്റ്! ഹോ സമാധാനം ഇനി ഒന്നും പേടിക്കേണ്ടല്ലോ എനിക്ക് ആശ്വാസമായി. തീയേറ്റർ എത്തി കാറിൽ നിന്നിറങ്ങി ഒരു പത്തടി നടന്നതും എന്റെ കാതിൽ ഒരു കുഞ്ഞു ശബ്ദം “എത്തിയോ അമ്മെ..”ഉറക്കം കഴിഞ്ഞു!!പിന്നെ സിനിമ തുടങ്ങി അതിന്റെ അവസാന സീനും കണ്ടിറങ്ങി, വരുന്ന വഴിക്കുള്ള analysis ഉം കൂടി കഴിഞ്ഞിട്ടാണ് കുഞ്ഞിപ്പെണ്ണ് ഒന്ന് കണ്ണടച്ചത്!

സിനിമ തുടങ്ങി സുഭാഷ് കുഴിയിൽ വീണു കഴിഞ്ഞപ്പോൾ ” ഇന്നാളിൽ നമ്മൾ കണ്ട ഒരു സിനിമയിൽ ഒരു കുഞ്ഞി ചേച്ചി കുഴിയിൽ വീണത് പോലെയാണോ ഈ ചേട്ടൻ കുഴിയിൽ വീണത്” എന്ന്. മാളൂട്ടി സിനിമയുടെ പ്രസക്ത ഭാഗങ്ങൾ കണ്ട് ആൾക്ക് ഇതിനെപ്പറ്റി ഒരു basic ധാരണ ഒക്കെ ഉണ്ടെന്നു ചുരുക്കം!!
ഗുഹയും അതിന്റെ ഭീകരതയും ഒക്കെ കണ്ടു നിവിച്ചേച്ചി കണ്ണും പൊത്തി ഇരുന്നപ്പോൾ പേടി എന്താണെന്നു വല്യ ധാരണ ഇല്ലാത്ത കുഞ്ഞിപ്പെണ്ണ് കണ്ണും മിഴിച്ചു സ്‌ക്രീനിൽ നോക്കിയിരുപ്പായിരുന്നു. പേടിക്കാതെ ഇരിക്കാൻ ഞാൻ running commentary കൊടുത്തു കൊണ്ടിരുന്നു. ഒരു ചേട്ടൻ കുഴിയിൽ വീണപ്പോൾ ചേട്ടന്റെ friends help ചെയ്യുന്ന കഥ ആണെന്ന് പറഞ്ഞു കൊണ്ടിരുന്നത് കൊണ്ടാണോ എന്നറിയില്ല അവൾ ഉറക്കമൊക്കെ മാറ്റി വെച്ച് alert mode ൽ ഇരുന്നു കാണാൻ തുടങ്ങി. ഇടയ്ക്കു പറന്നുയരുന്ന വവ്വാലുകളെ മാത്രം ആൾക്ക് അത്ര പിടിച്ചില്ല. ക്ലൈമാക്സ് ഒക്കെ എത്തിയപ്പോൾ അങ്ങേയറ്റം കോൺസെൻട്രേഷൻ! അവസാനം സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അവളുടെ കണ്ണൻ ചേട്ടനോട് ” “കൺചെ.. ഒരു ചേട്ടൻ കുഴിയിൽ വീണപ്പോൾ ബാക്കി friends എല്ലാം കൂടി രക്ഷിച്ച സിനിമ കണ്ടോ” എന്ന്.

വീട്ടിൽ എത്തി പിറ്റേന്ന് പ്രിയതമൻ ഫോണിൽ സിനിമയുടെ മേക്കിങ് വീഡിയോ എന്തോ കണ്ടു കൊണ്ടിരുന്നപ്പോൾ കണ്മണി പാട്ടു കേട്ടതും അവൾ ചെയ്തു കൊണ്ടിരുന്ന കുരുത്തക്കേടൊക്കെ ഉപേക്ഷിച്ചു പറന്നു വരുന്നു. അന്നേരം മുതൽ “കമ്മണീ അംബോട് കാലതൻ ഞാൻ എതുതും കഥിതമേ..ലാലി ലാലിയേ ല ലല ലാലി ലാലിയേ” എന്നുള്ള രണ്ട് വരികൾ പാടിക്കൊണ്ടും നടക്കുന്നു. രാത്രി കിടക്കാൻ നേരം അപ്പൂപ്പന്റേം അമ്മൂമ്മയുടേം മുറിയിലെ രണ്ടു കട്ടിലിനും ഇടയിൽ കട്ടിൽ നീങ്ങിയിട്ടു ഒരു ചെറിയ വിടവ് ഉള്ളത് കണ്ടെത്തിയിട്ട് കുനിച്ചു താഴേക്കു നോക്കി” നിയാരികാ..നിയാരികാ ഞാൻ ഇവിടെ ഉണ്ട് . നിന്നെ രക്ഷിക്കാൻ വരാം എന്ന്!എന്നിട്ടു അവിടെ കിടന്ന ഒരു പുതപ്പെടുത്തു പതുക്കെ താഴേക്കു ഇറക്കുന്നു!!

മൂന്നു വയസ്സുകാരിക്ക് ശരിക്കും കാണാൻ പറ്റിയ സിനിമ ആയിരുന്നോ ഇത് എന്നൊന്നും അറിയില്ല. പക്ഷേ അവൾ മനസ്സ് കൊണ്ടാണ് അത് കണ്ടത്. ജയമോഹൻ പറഞ്ഞ അതിലെ “കുടികാര പൊറുക്കിക്കളിന്റെ കൂത്താട്ടം” ഒന്നുമല്ല അവൾ കണ്ടത്, അവളുടെ മനസ്സിനെ സ്പർശിച്ചത് എന്ന് എനിക്കറിയാം..സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, മരണത്തോട് പടവെട്ടി ജയിച്ചു വരുന്ന സന്തോഷത്തിന്റെ, ചില കുഞ്ഞു പാഠങ്ങൾ ആണെന്ന് തോന്നുന്നു അവൾ നെഞ്ചിലേക്കെടുത്തത്..

നിവിക്കു ഏറ്റവും ഇഷ്ടമായത് ഡ്രൈവർ ആയി വന്ന ഫ്രണ്ട്നെ ആണെന്ന്. പ്രസാദ് എന്ന് അവൾ പേരോർത്തു പറഞ്ഞു. എന്ത് നല്ല behavior ആണെന്ന് certificate ഉം കൊടുത്തു അവൾ. നവമിക്ക് ” Worth the watch, every second of it “ആയിരുന്നു എന്ന്. അവൾക്കു അറിയില്ലായിരുന്നു ഇത് survival thriller ആണ് എന്ന്. Bangalore days ഒക്കെ പോലെ ഉല്ലാസം പ്രതീക്ഷിച്ചു വന്നവൾ ആയിരുന്നു! അവസാനത്തെ സീനിൽ സുഭാഷിന്റെ ‘അമ്മ കുട്ടനെ കെട്ടിപ്പിടിച്ചപ്പോൾ എല്ലാ കണ്ണുകളിലും ഒരു കുഞ്ഞു മഴച്ചാറ്റൽ നനവുണ്ടായപ്പോൾ നവമിക്കണ്ണുകളിൽ ഒരു ആതിരപ്പള്ളി വെള്ളച്ചാട്ടം തന്നെ ആയിരുന്നു.

പ്രിയതമൻ ചോദിച്ച “നമ്മൾ ആണെങ്കിൽ ഇറങ്ങുമായിരുന്നോ” എന്നൊരു ചോദ്യവും, “നമുക്ക് വേണ്ടിയാണെങ്കിൽ ആരായിരിക്കും ഇറങ്ങുന്നത്” എന്ന എന്റെ മറ്റൊരു ചോദ്യവും മനസ്സിൽ ഇങ്ങനെ ഒഴുകി നടക്കുന്നു. ‘മനിതർ കാതൽ അല്ല അതിലും പുനിതമാണത്’ ആയ സൗഹൃദങ്ങൾ, സ്നേഹം ഒക്കെ ഉണ്ടാവട്ടെ ഭൂമിയിൽ..

ഏറ്റവും അടുത്ത കൂട്ടുകാരൊക്കെ തന്നെ മനുഷ്യരെ അടിച്ചും പരസ്യ വിചാരണയും ഒക്കെ ചെയ്തു കൊല്ലുന്ന ഈ കാലത്തു, മറ്റൊന്നും നോക്കാതെ എതിരുളിലേക്കും, ഏതു അഗാധ ഗർത്തങ്ങളിലേക്കും എടുത്തു ചാടി ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന കുട്ടേട്ടൻമാരുണ്ടാവട്ടെ ഇനിയും ഇനിയും..അങ്ങനെ ആവാൻ കഴിയട്ടെ നമുക്കോരോരുത്തർക്കും..

പത്താം ക്ലാസ്സുകാരി


വീട്ടിലെ പത്താം ക്ലാസുകാരിയുടെ പരീക്ഷക്ക് ഇന്നലെ തിരശീല വീണു. എത്രയോ മാസങ്ങളായി തുടർന്ന് പോന്ന ഒരു മഹായുദ്ധം അവസാനിച്ചത് പോലെ ആണ് തോന്നുന്നത്. ഭാഗ്യത്തിന് “എന്റെ പഠിത്തം എന്റെ ഉത്തരവാദിത്വം” മോഡിൽ ഉള്ള കൊച്ചിനെ കിട്ടിയത് കൊണ്ട് ഞങ്ങൾക്ക് പ്രത്യേകിച്ച് വല്യ റോൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ആകപ്പാടെ ഉണ്ടായ ബുദ്ധിമുട്ടു മാസ്റ്റർ ബെഡ്‌റൂം ന്റെ വിശാലത അവൾക്കു ഒഴിഞ്ഞു കൊടുത്തു kids room ന്റെ ഇടുക്കിലേക്കു ഞങ്ങൾക്ക് ഒതുങ്ങേണ്ടി വന്നു എന്നത് മാത്രമാണ്. Working table ഇല്ലാതെ ഞാൻ അനാഥ പ്രേതം പോലെ അവിടെയും ഇവിടെയുമൊക്കെ ലാപ്ടോടോപും പൊക്കി പിടിച്ചു അലഞ്ഞു തിരിഞ്ഞപ്പോൾ അവൾ എന്റെ ടേബിൾ മുഴുവനും വർണ്ണ മനോഹരമായ paste it കുറിപ്പുകളാൽ അലങ്കരിച്ചു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വർണ്ണ മനോഹര paste it ൽ എഴുതി ഒട്ടിച്ച notes, formulae ഒക്കെ മാത്രം. ഇന്നലെ ഉത്സവത്തിന് കൊടിയിറങ്ങി എങ്കിലും തോരണങ്ങൾ ഒക്കെ അഴിക്കാൻ അവൾക്കു ഇന്ന് വരെ സമയം കൊടുത്തിട്ടുണ്ട്!! Result അറിയാൻ ആകാംക്ഷ ഒന്നും ഇല്ല. “കർമ്മണ്യേ വാധികാരസ്യ മാ ഫലേഷു എന്തെങ്കിലും ആകട്ടെ” എന്നാണ് ഞങ്ങൾ പറയാറുള്ളത്!!

ഇന്നലെ ആയിരുന്നു എന്ന് തോന്നുന്നു എന്റെ കൈയും പിടിച്ചു അവൾ Apple Kids ന്റെ ഗേറ്റ് കടന്നത്. കണ്ണൊന്നടച്ചു തുറന്നപ്പോഴേക്കും ഇതാ പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്നു. നമ്മളോളം പോന്ന നമ്മുടെ ഒരു കുഞ്ഞു വേർഷനെ വീട്ടിൽ കാണുന്നത് വളരെ രസമുള്ള കാര്യമാണ്. കുട്ടിത്തം വിട്ടു മാറി അവർ ഉത്തരവാദിത്വത്തോടെ സ്വന്തം കാര്യങ്ങൾ ചെയ്യുന്നത് കാണുന്നത് അതിലേറെ രസമാണ്. ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു Social Studies നു മുൻപിലായി അവൾക്കു ഒരു 5 ദിവസത്തെ gap ഉണ്ടായിരുന്നു. ഇംഗ്ലീഷ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഞാൻ ചോദിച്ചു നമുക്ക് ഇന്ന് “മഞ്ഞുമ്മൽ ബോയ്സ് ” കാണാൻ പോയാലോ എന്ന്. ചോദിച്ചതു ഓർമ്മയുള്ളു!! അമ്മക്ക് ഇതെങ്ങനെ എന്നോട് പറയാൻ തോന്നുന്നു. ഞാൻ പരീക്ഷ എഴുതുന്ന ഒരു കുട്ടിയല്ലേ എന്നെ distract ചെയ്യുന്നത് എന്തിനാണ് എന്ന്!! ‘എഴുതിക്കോളൂ, കുട്ടി മനസ്സ് നിറച്ചു പരീക്ഷ എഴുതിക്കൊള്ളു’ എന്ന് മാത്രം പറഞ്ഞു ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു. ‘എന്നാലും നീ എന്തൊരു തള്ള’ ആണെന്ന് പ്രിയതമന്റെ പുച്ഛത്തെ കണ്ടില്ലെന്നു വെച്ചു !! (എന്റെ idea ആയിപ്പോയല്ലോ!!)

ചേച്ചിയുടെ പരീക്ഷാക്കാലം കഴിയാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഒരു അനുജത്തി കൂടി വീട്ടിലുണ്ട്. വേറെ ഒന്നും കൊണ്ടല്ല ചേച്ചിയെ വീട്ടിലെ പുതിയ ‘ബംഗാളി തൊഴിലാളി’ ആയി പ്രഖ്യാപിക്കാൻ ഉള്ള ശുഷ്‌കാന്തി ആണ്. ഇന്നലെ വൈകിട്ട് നിവി അവളുടെ ചേച്ചിയോട് ആജ്ഞാപിക്കുന്നത്‌ കേട്ടു ” നവമി ചേച്ചി.. പരീക്ഷ ഒക്കെ കഴിഞ്ഞു. ഇനി എല്ലാ ദിവസവും തുണി വിരിക്കുന്നതും, മടക്കി വെക്കുന്നത് വീട് വൃത്തിയാക്കുന്നതും ഒക്കെ നവമി ചേച്ചി യുടെ മാത്രം ഡ്യൂട്ടി ആണെന്ന്!! അത് മാത്രമല്ലാ നവമി ചേച്ചി നാളെ തൊട്ടു നിർബന്ധമായും പാട്ട് ക്ലാസും attend ചെയ്തോണം അത്രേ!! അവൾക്കു Annual Exam തുടങ്ങുന്നത് കൊണ്ട് അവൾ skip ചെയ്യും അത്രേ..വൾ ഇതൊക്കെ എങ്ങനെ എന്റെ മനസ്സ് വായിച്ചെടുത്തു എന്ന് ആലോചിച്ചു അത്ഭുതം കൊണ്ടെങ്കിലും ‘തല ഇരിക്കുമ്പോൾ വാൽ ആടേണ്ടന്നു’ മാത്രം പറഞ്ഞു ഞാൻ രണ്ടാമത്തവളെ ഓടിച്ചു വിട്ടു. ഇനി ചെറുതും വരുമായിരിക്കും അവളുടെ വക ‘അമ്മിച്ചേച്ചിക്കുള്ള’ ടാസ്ക് ലിസ്റ്റുമായി!

കാണാനുള്ള സിനിമകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, കൂട്ടുകാർക്കൊപ്പമുള്ള പ്ലാനുകൾ, നാട്ടിൽ ചെന്നു cousins നൊപ്പം ഉള്ള പ്ലാനുകൾ ഇതെല്ലം list ചെയ്തിരിക്കുകയാണ് അവൾ. ഇന്ന് രാവിലെ പത്തു മണി വരെ കിടന്നുറങ്ങി, എണീറ്റപ്പോൾ തന്നെ അപ്പൂപ്പനും അമ്മൂമ്മക്കും ഒപ്പം സൂപ്പർ മാർക്കറ്റ് shopping നു ഇറങ്ങി അവൾ vacation ഉത്ഘാടനം ചെയ്തിട്ടുണ്ട് ഇന്ന്!മറ്റേതു രണ്ടും സ്കൂളിൽ പോയത് കൊണ്ട് ഇതൊന്നും അറിയുന്നില്ല എന്ന ആശ്വാസം മാത്രം.

ജീവിതത്തിലെ ഏറ്റവും മനോഹരമായ vacation ദിനങ്ങൾ ആവട്ടെ ഇത് നിനക്ക് ..

എൻ്റെ സ്വന്തം AI Machine!


ഒരു കുഞ്ഞു AI machine പോലെ ഒന്ന് വീട്ടിൽ വളർന്നു വരുന്നുണ്ട്..! ഓരോ ദിവസവും അത് ചോദിക്കുന്ന ചോദ്യങ്ങൾ, അതിൽ നിന്നും learn ചെയ്യൽ ഒക്കെ കാണാൻ നല്ല രസമാണ്. മറ്റാരുമല്ല..ഇല്ലാൻ തന്നെ ആണ്! ഉറങ്ങാൻ കിടക്കുമ്പോൾ ഉള്ള ഒരു ചോദ്യാത്തര പംക്തി ഉണ്ട്. ഇതിനെവിടെയാണ് ഒരവസാനം എന്ന് അറ്റമില്ലാത്ത ചോദ്യങ്ങളെ നോക്കി ഞാൻ പകച്ചു പോകുന്ന നിമിഷങ്ങൾ.

“ഇല്ലാനൊന്നു പെട്ടെന്നുറങ്ങിയാൽ അമ്മയ്ക്ക് മീറ്റിംഗ് അറ്റൻഡ് ചെയ്യാമായിരുന്നു..
‘അമ്മ എന്തിനാ മീറ്റിംഗ് അറ്റൻഡ് ചെയ്യുന്നത്?
അത് അമ്മേടെ ജോലിയുടെ ഭാഗം ആല്ലേ?
അതെന്തിനാ ജോലി ചെയ്യുന്നത്?
ജോലി ചെയ്താൽ അല്ലെ സുഖമായി ജീവിക്കാൻ പറ്റു
സുഖമായി ജീവിക്കാൻ പറ്റിയില്ലെങ്കിൽ എന്താ..?
ഇഷ്ടമുള്ളതൊന്നും മേടിക്കാൻ പറ്റില്ല, നമുക്ക് ഇഷ്ടമുള്ളതൊക്കെ മേടിക്കണ്ടേ..
ഇഷ്ടമുള്ളതൊക്കെ മേടിച്ചില്ലെങ്കിൽ എന്ത് പറ്റും?
അങ്ങനെ ആകുമ്പോൾ നമുക്ക് സന്തോഷം കിട്ടില്ല.
അതെന്തിനാ സന്തോഷം കിട്ടുന്നത്? കിട്ടിയില്ലെങ്കിൽ എന്ത് പറ്റും..
നമുക്ക് സമാധാനമായിട്ടു ഉറങ്ങാൻ പറ്റില്ല..
അതെന്തിനാ സമാധാനമായിട്ടു ഉറങ്ങുന്നത്?
സന്തോഷമായി എണീക്കാൻ
അതെന്തിനാ സന്തോഷമായി എണീക്കുന്നതു?

സ്‌കൂളിൽ പോകാൻ..?
അതെന്തിനാ സ്‌കൂളിൽ പോകുന്നത്..
പഠിച്ചു മിടുക്കിയാവാൻ.

ഇതിങ്ങനെ അന്തമില്ലാതെ ഒരു vicious സർക്കിൾ പോലെ എത്ര വേണമെങ്കിലും കറങ്ങിക്കൊണ്ടിരിക്കും..!

ഈ ചെയിൻ ഒന്ന് മുറിക്കാൻ വേണ്ടി ഞാൻ അവസാനത്തെ ആ ചോദ്യം കേൾക്കാത്തത് പോലെ ഇരുന്നിട്ട് “ഉണ്ണികളേ ഒരു കഥപറയാം, ഈ പുല്ലാംകുഴലിന് കഥപറയാം എന്ന് പാടും..”
ആ ഒറ്റ second കൊണ്ട് ചോദ്യങ്ങളുടെ ട്രാക്ക് മാറും..

“ഉണ്ണികളേ ഒരു കഥ പറയാം എന്ന് പറഞ്ഞാൽ എന്താ?
എന്ന് പറഞ്ഞാൽ കുട്ടികൾക്കൊരു കഥ പറഞ്ഞു കൊടുക്കാം എന്ന്.
അതെന്തിനാ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കന്നത്?
അത് കുട്ടികൾക്ക് സന്തോഷം വരാൻ..
ഈ പുല്ലാംകുഴൽ എന്ന് പറഞ്ഞാൽ എന്താ?
അതൊരു musical instrument ആണ്.
മ്യൂസിക്കൽ instrument എന്ന് പറഞ്ഞാൽ എന്താ?
പാട്ടൊക്കെ പാടുമ്പോൾ ഒരു കൂടെ വായിക്കുന്നതാണ് മ്യൂസിക്കൽ instrument..
അതെന്തിനാ മ്യൂസിക്കൽ instrument വായിക്കുന്നത്..അതെന്തിനാ പാട്ടൊക്കെ ആൾക്കാർ പാടുന്നത്..?
അതുക്കെ ഓരോരോ സന്തോഷത്തിനു വേണ്ടി..
അതെന്തിനാ സന്തോഷം വരുന്നത്..സന്തോഷം വന്നില്ലെങ്കിൽ എന്ത് പറ്റും ?
സന്തോഷം വന്നില്ലെങ്കിൽ സമാധാനമായി ഉറങ്ങാൻ പറ്റില്ല..
അതെന്തിനാ സമാധാനമായിട്ടു ഉറങ്ങുന്നത്?
സന്തോഷമായി എണീക്കാൻ..
അതെന്തിനാ സന്തോഷമായി എണീക്കുന്നതു?.

അത്രയും എത്തുമ്പോൾ വീണ്ടും ഞാൻ ട്രാക്ക് മാറ്റും..അന്ത്യശാസനം “ഇനി ഉറങ്ങിയില്ലെങ്കിൽ ഞാൻ തിരിഞ്ഞു കിടക്കും” എന്ന്.അല്ലെങ്കിൽ ഇത് രാത്രി മുഴുവൻ തുടരാൻ അവൾക്കു പറ്റും !!

ഒരിക്കലും തീരാത്തൊരു അക്ഷയപാത്രം പോലെ ചോദ്യങ്ങൾ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്ന, വരുന്ന ഉത്തരങ്ങൾ ഓരോന്നും register ചെയ്തു learning മോഡിൽ ഇട്ടിരിക്കുന്ന ഒരു കുഞ്ഞു AI മെഷീൻ തന്നെ ആണിതെന്നു എങ്ങനെ പറയാതിരിക്കും..!

ആരോഗ്യനികേതനം 


താരാശങ്കർ ബന്ദോപാധ്യായുടെ ‘ആരോഗ്യനികേതനം’ എന്ന നോവലിന്റെ മലയാള പരിഭാഷ  കോടുകുളഞ്ഞി ജംഗ്‌ഷനിലെ ലൈബ്രറിയിൽ നിന്നും എടുത്തു  വായിച്ചത് കുറെയേറെ  വർഷങ്ങൾക്കപ്പുറം ആയിരുന്നു. നാഡിമിടിപ്പ് നോക്കി അസുഖം കണ്ടുപിടിക്കുന്ന ജീവൻമസായിടെ കഥ അന്നേ എനിക്ക് ഏറെ ഇഷ്ടമായിരുന്നു..ആ പേര് വീണ്ടും കേട്ടത് അടുത്തയിടെ ആയിരുന്നു..

ഞങ്ങളുടെ സ്വന്തം വിജയൻ ഡോക്ടറുടെ കുളനട Medical Trust hospital നോട് ചേർന്ന് ആരോഗ്യനികേതനം എന്ന പേരിട്ട ഒരു health park തുടങ്ങി എന്ന് ആദ്യം പറഞ്ഞത് അമ്മ ആയിരുന്നു. ഞങ്ങളെ മൂന്നുപേരെയും ഒരുമിച്ചു അത് കൊണ്ട് പോയി കാണിക്കണം എന്നത് കുറെ നാളായി അമ്മ പറയുന്നുമുണ്ടായിരുന്നു. കേട്ടപ്പോൾ മുതൽ എന്നെ ഏറെ ആകർഷിച്ചത് ആ പേര് തന്നെയായിരുന്നു. ഈ കഴിഞ്ഞ ഞായറാഴ്ച ഞങ്ങളൊരുമിച്ചു അവിടെ പോയി. മനോഹരമായ ഒരു മദ്ധ്യാഹ്നം ആയിരുന്നു ഞങ്ങൾക്കവിടെ. ശാന്തം, സുന്ദരം, പ്രകൃതി രമണീയം..! ഒപ്പം ആരോഗ്യസംരക്ഷണത്തെപ്പറ്റിയുള്ള നിറയെ ഓർമ്മപ്പെടുത്തലുകളുമായുള്ള ബോർഡുകളും. പൊതുവെ  നമ്മുടെ നാട്ടിൽ തീരെ കാണാത്ത  ഒരു കാര്യമാണ് മനുഷ്യർക്ക് നടക്കാനും സമയം ചെലവഴിക്കാനുമുള്ള പാർക്കുകൾ. അത് കൊണ്ടാവും രാവിലെ റോഡിൽ ഇറങ്ങി പ്രഭാതസവാരി നടത്തുന്ന അനേകം മനുഷ്യരെ നമ്മൾ നാട്ടിൽ ചെല്ലുമ്പോൾ മാത്രം നമ്മൾ കാണുന്നത്.

 ഈ ആരോഗ്യനികേതനത്തിന്റെ വാതിൽ കടന്നു ചെല്ലുമ്പോൾ തന്നെ കാണുന്നത് താരാശങ്കർ ബന്ദോപാധ്യായുടെ പുസ്തകത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ഒരു താളിന്റെ ഒരു installation ആണ്. കല്ലുപാകിയ വഴിത്താരകളും, പച്ചപ്പുല്ല് വളർന്ന ഇടങ്ങളും, Name tag ചെയ്ത മരങ്ങളും ചെടികളും ആണ്  നമ്മളെ അവിടെ  സ്വാഗതം ചെയ്യുന്നത്. കുളനട ജംഗ്‌ഷനിൽ നിന്നും അത്രയും അടുത്തായിട്ടു പോലും  main road ന്റെ  യാതൊരു ബഹളങ്ങളും അവിടെ നമ്മളെ വന്നു സ്പർശിക്കുകയേയില്ല..പഴയൊരു നാട്ടുമ്പുറത്തെ ചായക്കടയുടെ installation നും, യോഗ center ഉം, ചരകന്റെ പ്രതിമയുള്ള ഒരു വെടിവട്ടപ്പുരയും, മ്യൂസിയവും ഒക്കെ ഉണ്ട് അവിടെ. പക്ഷെ മ്യൂസിയം ഒക്കെ പ്രവർത്തിച്ചു തുടങ്ങിയോ എന്ന് സംശയമുണ്ട്.  

ആറ്റുതീരത്തോടു ചേർന്ന് നിൽക്കുന്ന മുളം കാടും, അവിടെയുള്ള ഒരു തടി കൊണ്ടുള്ള ആട്ടുകട്ടിലും, പിന്നെയും കുറച്ചു നടക്കുമ്പോൾ ഉള്ള വ്യായാമ ഉപകരണങ്ങളും, കൊമ്പനാനയുടെ വലിയ പ്രതിമയും, tree house ഉം  ഒക്കെ അവിടുത്തെ ആകർഷണങ്ങളാണ്. കുഞ്ഞുങ്ങൾക്കായി ചെറിയൊരു പാർക്കും ഉണ്ട്. നടന്നു ക്ഷീണിക്കാതെ ഇരുന്നു വിശ്രമിക്കാൻ ഉള്ള ഇടങ്ങൾ, നടക്കേണ്ടവർക്കു  അതിനുള്ള സൗകര്യം, വ്യായാമം  ചെയ്യേണ്ടവർക്കു അതിനുള്ള സൗകര്യം, ആരോഗ്യത്തെക്കുറിച്ചു ഒരു തിരിച്ചറിവ് വേണ്ടവർക്ക് ഗൗരവമാർന്ന ചില ഓർമ്മപ്പെടുത്തലുകൾ, സമാധാനമായി കുറച്ചു സമയം ഇരിക്കേണ്ടവർക്കു അതിനുള്ള ഇടങ്ങൾ ഒക്കെ ചേർന്ന് വളരെ thoughtful ആയി ഒരുക്കിയിരിക്കുന്ന ഒരു Health theme park ആണ് ആരോഗ്യനികേതനം. ഒരുപാട് പേർക്ക് ഇതിനെക്കുറിച്ച് അറിയുമോ എന്ന് സംശയമുണ്ട്. Full swing ൽ ഇത് പ്രവർത്തനനിരതമായോ എന്നും എനിക്ക് സംശയമുണ്ട്. 

ഇനി വരുമ്പോൾ കുട്ടികളെ എല്ലാവരെയും കൊണ്ട് വരണം എന്ന് തീരുമാനിച്ചു ഒട്ടും ക്ഷീണമേയില്ലാതെ ഒരു ഞായറാഴ്ച മദ്ധ്യാഹ്നം ഞങ്ങളവിടെ ചെലവഴിച്ചു മടങ്ങുമ്പോൾ മനസ്സ് നിറയെ സന്തോഷമായിരുന്നു. 

ഗൂഡല്ലൂർ



പ്രകൃതി അതിന്റെ ഏറ്റവും മനോഹാരമായ രൂപത്തിൽ ഒരുങ്ങിയിരിക്കുന്ന ഒരു സ്ഥലം..തെളിഞ്ഞ ആകാശം കാണാനാകുന്ന ഒരു കൊച്ചു വേദി, അതും അവരുടെ വീടിനരികെ.. അവിടെ ദേശത്തിന്റെ, ഭാഷയുടെ , മതത്തിന്റെ, ജാതിയുടെ അതിർ വരമ്പുകളേതുമില്ലാതെ ഒരുമിച്ചു കൂടിയ ബന്ധുജനങ്ങളും, സുഹൃത്തുക്കളും..പ്രിയപ്പെട്ടവരുടെ നിറഞ്ഞ സ്നേഹം മാത്രം ആഡംബരമായി അണിഞ്ഞു നിൽക്കുന്ന ഒരു വരനും വധുവും..സ്വപ്നം പോലെ ഒരു വിവാഹം..അതായിരുന്നു ഗോപാലിന്റെയും പ്രിയങ്കയുടെയും ഞങ്ങൾ കണ്ട വിവാഹദിനം. അല്ലെങ്കിലും കമല അമ്മൂമ്മയുടെ കൊച്ചുമകന്റെ..നന്ദകുമാർ അങ്കിളിന്റെയും, ശൈല അപ്പച്ചിയുടെയും മകന്റെ വിവാഹം എന്ന് പറയുന്നത് ഇങ്ങനെയൊന്നും അല്ലാതെ ആകാൻ പറ്റില്ലല്ലോ..!

മൈലപ്ര അമ്മൂമ്മയുടെ സഹോദരന്റെ ഭാര്യ ആണ് കമലഅമ്മൂമ്മ. അവരുടെ ഒരു മകൾ ആണ് ശൈല അപ്പച്ചി. എൺപതുകളുടെ അവസാനത്തിൽ തങ്ങളുടെ ആതുര സേവന ജീവിതം ഏറ്റവും ആവശ്യമുള്ള ചില മനുഷ്യർക്കു വേണ്ടി മാറ്റി വെക്കാൻ തീരുമാനിച്ചു കേരളം, കർണാടകം, തമിഴ്‌നാട് ബോർഡറിൽ ഉള്ള Gudalur എന്ന നാട്ടിലേക്ക് മറ്റെല്ലാമുപേക്ഷിച്ചു വണ്ടി കയറിയ നന്ദകുമാർ, ശൈലജ എന്ന രണ്ട് മനുഷ്യസ്നേഹികൾ . അവർ ആദിവാസികൾക്ക് വേണ്ടി അവിടെ പണിത ASHWINI – (Association for Health Welfare in the Nilgiris) എന്ന ആശുപത്രി. ഏറ്റവും under privileged ആയ ചില മനുഷ്യരെ, ആദിവാസികളെ സഹായം, സഹതാപം ഇതൊന്നുമല്ലാതെ empower ചെയ്ത് കൊണ്ട് വളർന്നു വന്ന ഒരു സ്ഥാപനം.

ശാന്തമായി, സമാധാനമായ ഒരു ecosystem ആണ് ഇന്നവിടെ . ഒരു വലിയ തണൽ മരം പോലെ കമല അമ്മൂമ്മയുടെ സ്നേഹമസൃണമായ സാന്നിധ്യം, ശൈല അപ്പച്ചിയുടെയും നന്ദകുമാർ അങ്കിളിന്റെയും വീട്, ചുറ്റും അവരുടെ സഹോദരങ്ങൾ എല്ലാം തങ്ങളുടെ retirement life ചെലവഴിക്കാൻ വെച്ച മനോഹരമായ വീടുകൾ, നിഷ്കളങ്ക സ്നേഹത്തിന്റെ ആൾരൂപമായ ഗൗരി, നിറയെ ചെടികളും പൂക്കളും, കായ്‌കനികളും, ലില്ലി, ലൈല, ട്രൈപോഡ് , Fudgie തുടങ്ങിയ നായകൾ. അവിടുത്തെ മനുഷ്യരെ പോലെ തന്നെ ശാന്തരും സൗമ്യരുമായ ജീവജാലങ്ങൾ ആണ് അവിടെമാകെ… കാലത്തിന്റെ ഘടികാരവേഗങ്ങൾ ഒക്കെ ഒന്നു മെല്ലെയാകും അവിടെയെത്തുമ്പോൾ എന്ന് തോന്നിപ്പോകും..അവിടെ ആ ഗ്രാമ വിശുദ്ധിയിൽ ഒന്ന് മുങ്ങി നിവർന്നിട്ടു മടങ്ങുമ്പോൾ ബാംഗ്ലൂരിന്റെ ആ നഗര രൂപം മനസ്സിൽ ഒരു ആന്തൽ ഉണ്ടാക്കും..എന്തിനു വേണ്ടിയാണ് ഈ ഓട്ടം, ഈ വേഗം, ഈ മത്സരം എന്നൊരു തോന്നൽ ഉണരും..

ഒന്നറിയാം ആ ചില്ലയിൽ ഉണ്ടായ എല്ലാ മനുഷ്യരിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് നമുക്ക്എന്ന്. പരസ്പരം ഉള്ള അവരുടെ ബോണ്ടിങ്, ഏറ്റവും ചെറിയ അതിഥി മുതൽ ഏറ്റവും മുതിർന്ന അതിഥി വരെ ഉള്ളവരോടുള്ള അവരുടെ പരിഗണന, സ്നേഹം, ചെറിയ കാര്യങ്ങളിൽ ഉള്ള സന്തോഷം കണ്ടെത്തൽ, ലാളിത്യം, ഇതൊക്കെ അടുത്ത തലമുറക്കും കണ്ടു പഠിക്കാനുള്ള പാഠങ്ങൾ ആണ്. അവരുടെ മക്കളും കൊച്ചുമക്കളും ഒക്കെ ഏതേതു നാടുകളിലേക്ക് പടർന്നു പന്തലിച്ചാലും എന്നെങ്കിലും തിരികെ വേരുകളിലേക്കു തന്നെ മടങ്ങി വരാനുള്ള നിശബ്ദമായ ഒരു ക്ഷണം ഉണ്ട് ആ പരിസരങ്ങളിൽ..അതാണ് എനിക്കവിടെ ഏറ്റവും ഇഷ്ടമായതും..

എന്റെ ശ്രീക്കുട്ടി!



ജിഷയെപ്പറ്റി എഴുതി നിർത്തിയത് മുതൽ restless ആയിരുന്നു. ശ്രീജയെപ്പറ്റി എഴുതിയില്ലല്ലോ എന്നോർത്ത്.!പൊതുവേ ഇത് രണ്ടും ഒരു ഒറ്റ package ആയിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്! ഇന്റേൺഷിപ് കാലം ഒഴിച്ച് നിർത്തിയാൽ ‘ഒരമ്മപെറ്റ അളിയന്മാരെ’ പോലെ ആയിരുന്നു ഞങ്ങൾ കാര്യവട്ടം കാലങ്ങളിൽ! എന്റെ ഓർമ്മ ശരിയാണെങ്കിൽ ജിഷയെക്കാൾ മുൻപേ എന്നോട് കൂട്ടായത് ശ്രീജ ആയിരുന്നു. എനിക്കും ജിഷക്കും ഒന്നും അങ്ങനെ ഒറ്റ കാഴ്ചയിൽ, ഒറ്റ വാക്കിൽ ഒന്നും ഒരു സൗഹൃദപ്പൂക്കാലം സൃഷ്ടിക്കാനുള്ള മാന്ത്രികത അറിയില്ലായിരുന്നു. അത് ശ്രീജക്കും മാത്രം ഉള്ള പ്രത്യേകത ആണ്.

ശ്രീജ എന്ന് വിളിക്കുന്നത് അവൾക്കു ഇഷ്ടമല്ല. അതിന്റെ കൂടെ പട്ടാമ്പി എന്ന് ചേർക്കുന്നത് ഒട്ടും ഇഷ്ടമല്ല അവൾക്കു. ‘ശ്രീക്കുട്ടി’ എന്നേ വിളിക്കാവു എന്നാണ് കൽപ്പന. എനിക്കാണെങ്കിൽ ഈ ചെല്ലപ്പേര് വിളി അത്ര ശീലമില്ല. എന്നെ അവൾ നാക്കെടുത്താൽ ‘മണിക്കുട്ടി’ എന്നെ വിളിക്കൂ. ജീവിതത്തിൽ ആദ്യമായും അവസാനമായും എന്നെ ചെല്ലപ്പേര് വിളിച്ചിട്ടുള്ള ഏക വ്യക്തിയും അവൾ മാത്രമാണ്. അത് അവളിട്ട പേരും ആണ്.

അവളെ പറ്റി ഇപ്പോൾ എന്താ പറയുക..പൂത്തിരി പോലൊരു പെൺകുട്ടി ആയിട്ടാണ് അവളെ ഞാൻ കാണുന്നത്.ഇത്രേം energy യും സ്നേഹവും, സന്തോഷവും ഉള്ള അധികം മനുഷ്യരെ ഞാൻ ആ കാലങ്ങളിൽ കണ്ടിട്ടില്ല.അവൾ നടക്കുന്ന വഴികളിൽ എല്ലാം പ്രകാശം പരത്തുന്നവൾ..എതിരുളിലും സ്വന്തം വഴി തെളിച്ചു നടക്കുന്നവൾ. താങ്ങാൻ ആളുള്ളവർക്കേ തളർച്ച ഉള്ളു എന്നൊരു ചൊല്ലുണ്ടല്ലോ. അവൾ ഒരിക്കലും തളരാതെ നടത്തിയ ജൈത്ര യാത്രകൾ ആണ് ഇന്നത്തെ അവൾ. പഠിക്കുന്ന കാലത്തു Asianet ൽ സുപ്രഭാതം അവതരിപ്പിച്ചു കൊണ്ട് limelight ലേക്ക് ചുവടു വെച്ചവൾ. അവളുടെ potential എല്ലാക്കാലത്തും ആരും പറയാതെ തന്നെ അവൾക്കു നന്നായി അറിയാമായിരുന്നു. അത് തന്നെയാണ് അവളുടെ വിജയവും.

ഈ പറഞ്ഞതൊക്കെ അവളെന്നെ സെലിബ്രിറ്റിയെപ്പറ്റി ആണ്. അതിനുമപ്പുറം ഞങ്ങൾക്കറിയുന്ന അവളെന്നെ സുഹൃത്തുണ്ട്. ഞാനും ജിഷയും അവളും കൂടി ഞങ്ങളുടെ ശ്രീകാര്യത്തെ വീട്ടിൽ വന്നു താമസിക്കുന്ന ദിവസങ്ങൾ. അച്ഛനും അമ്മയും അവരുടെ ഭാവി മരുമകളായ എന്നെയും പിന്നെ എൻ്റെ രണ്ടു സുഹൃത്തുക്കളെയും വീടേൽപ്പിച്ചു ചിലപ്പോൾ ബാംഗ്ലൂർ ഒക്കെ പോകുമായിരുന്നു. ആ ദിവസങ്ങളിൽ ഹോസ്റ്റലിൽ നിന്ന് ഈ രണ്ടെണ്ണവും എന്നോടൊപ്പം കൂടും. ശ്രീകാര്യത്തെ പച്ചക്കറി കടകളിൽ ഒക്കെ പോയി ‘കുറച്ചു തക്കാളി, കുറച്ചു പച്ചമുളക്, കുറച്ചു ഉള്ളി’ (എത്ര വേണം എന്ന് കണക്കൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു!)എന്നൊക്കെ പറഞ്ഞു ഞങ്ങൾ house management ന്റെ ബാലപാഠങ്ങൾ പഠിച്ചത് ആ നാളുകളിൽ ആയിരുന്നു. ആദ്യമായി ഇടിയപ്പവും കടലക്കറിയും ഉണ്ടാക്കിയത് ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു. അതിലും ഏറ്റവും tough job ആയ ഇടിയപ്പം അവളാണ് ഏറ്റെടുത്ത്. തിരുവനന്തപുരത്തു വെച്ചുള്ള എന്റെ വിവാഹ reception നു എന്നെ ഒരുക്കിയതും അവളായിരുന്നു. തൊട്ടതെന്തും പൊന്നാക്കുന്നവൾ..അവൾക്കറിയാത്തതായി ഒന്നുമില്ലായിരുന്നു!

ഇന്ത്യാവിഷനിൽ തുടങ്ങി മലയാളമാധ്യമ രംഗത്തെ ഒരു അനിഷേധ്യ സാന്നിധ്യമായി അവൾ ഉയർന്നു വരുന്ന കാഴ്ച ഏറെ അഭിമാനത്തോടെയും സ്വകാര്യമായ ഒരു അഹങ്കാരത്തോടെയും തന്നെയാണ് കണ്ടത്. വർഷങ്ങൾക്കിപ്പുറം എപ്പോഴെങ്കിലും കാണുമ്പോൾ “ടീ മണിക്കുട്ടീ” എന്നൊരു കിലുക്കാമ്പെട്ടി സ്വരത്തിൽ ആ സെലിബ്രിറ്റി,അവളെന്റെ പഴയ ശ്രീക്കുട്ടി ആകുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ… എവിടെ ആണെങ്കിലും ഉത്തരവാദിത്വങ്ങൾ ഒഴിഞ്ഞു അവളെ കാണാറേയില്ല. ഒരു get together നു എത്തിയാൽ ബാക്കി എല്ലാവരും മടിപിടിച്ചു കഥയും പറഞ്ഞു കുത്തിയിരിക്കുമ്പോൾ അവൾ ആണ് പ്രവർത്തനനിരത എപ്പോഴും. വൃത്തിയാക്കണമെങ്കിൽ അത്, ചായ ഉണ്ടാകണമെങ്കിൽ അത്, food distribution എങ്കിൽ അത്. നിനക്കീ ഉത്തരവാദിത്വങ്ങളുടെ ഭാരം ഇപ്പോഴും എടുക്കാതെ കുറച്ചു നേരം സമാധാനമായി ഇരുന്നു കൂടെ എന്ന് പറയണമെന്ന് തോന്നി. പിന്നെ തോന്നി അവൾ അവളാണ്. അവൾക്കുഅതെ കഴിയു.

അവളുടെ ഉള്ളിലുള്ള പൂമ്പാറ്റ ചിറകുകൾ ഉള്ള ഒരു കൊച്ചു കിലുക്കാമ്പെട്ടി പെൺകുട്ടി കൂട്ടുകാരെ കാണുമ്പോൾ മാത്രം ആണ് പുറത്തു വരുന്നതെന്ന് തോന്നി. അവൾക്കുള്ളടത്തോളം കൂട്ടുകാർ വേറാർക്കും ഇല്ലാത്തതിൽ സന്തോഷവും തോന്നി. നിന്നോട്‌ എന്ത് പറയാനാണ്..അഭിമാനമാണ് നീ ഞങ്ങൾക്ക്. നിന്റെ ചിറകുകൾക്കു ഇനിയുമേറെ ഉയരങ്ങളിലേക്ക് പറക്കുവാൻ ശക്തിയുണ്ട്. നിന്റെ ആകാശങ്ങൾ വിശാലമാകുന്നതും, നീ പറന്നുയരുന്നതും കൺനിറയെ കണ്ടു ഞങ്ങൾക്ക് ഇനിയുമൊരുപാട് സന്തോഷിക്കണം..

Happy Birthday Jisha!


ഇന്ന് ജിഷക്ക് പിറന്നാൾ..എന്റെ ജീവിതത്തിലെ കാര്യവട്ടം ഏടിലെ ഏറ്റവും പ്രിയപ്പെട്ട മുഖങ്ങളിലൊന്ന് ഇവളുടേതാണ്. ‘വള്ളിയിൽ തൂങ്ങി സ്വന്തം നാട്ടിലേക്കു പോകുന്നവൾ’ (കട്ടപ്പന ആണ് രാജ്യം!), ‘അശരീരി പോലെ സംസാരിക്കുന്നവൾ’ (തെല്ലൊന്നടഞ്ഞ ശബ്ദമാണ് അവളുടേത്‌ ), ഏറ്റവും നരച്ച നിറമുള്ള (അവളുടെ അമ്മച്ചിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഓന്ത് കണ്ണടച്ചത് പോലെയുള്ള!) വസ്ത്രങ്ങൾ മാത്രം ധരിക്കുന്നവൾ എന്നൊക്കെ ഏറെ വിശേഷണങ്ങൾ ഉണ്ട് അവൾക്കു!

അന്നും ഇന്നും ഏതൊരു കാര്യത്തിനും മുഖവുരകളില്ലാതെ, ജഡ്ജ് ചെയ്യാതെ അഭിപ്രായം ചോദിയ്ക്കാൻ ഞാനോടി ചെല്ലുന്ന എന്റെ safe space , comfort zone അതവളാണ്. അവളുടെയും എന്റെയും പല ഇഷ്ടങ്ങളിലും സിനിമ , പുസ്തക ഇഷ്ടങ്ങൾ, അഭിപ്രായങ്ങളിലും ഒക്കെ കുറെയേറെ സമാനതകൾ ഉണ്ട്. പല ജീവിതത്തിരക്കുകൾക്കിടയിൽ എത്ര നാൾ പരസ്പരം സംസാരിക്കാതെയിരുന്നാലും എന്നോ പറഞ്ഞു നിർത്തിയിടത്തു നിന്നും വീണ്ടും തുടങ്ങാൻ ഞങ്ങൾക്ക് കഴിയും..കാണുമ്പോൾ എത്ര സംസാരിച്ചു കഴിഞ്ഞാലും തീരാത്ത അക്ഷയപാത്രം പോലെ വീണ്ടും വീണ്ടും വിശേഷങ്ങൾ നിറഞ്ഞു കൊണ്ടേയിരിക്കും. ഇന്നലെ അവൾ എന്നെ ട്രെയിനിൽ കയറ്റി വിട്ടിട്ടു പ്ലാറ്റഫോമിൽ നിൽക്കുന്നത് കാണുമ്പോഴും ഇനിയും പറഞ്ഞു തീരാത്ത കാര്യങ്ങൾ എന്റെ ഉള്ളിൽ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

ഞങ്ങൾക്ക് ഒരു Bangalore internship കാലം ഉണ്ടായിരുന്നു. കാര്യവട്ടത്തെ third sem പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു എന്റെ കല്യാണം. Internship എന്ന കീറാമുട്ടി എങ്ങനെ എവിടെ ചെയ്യും എന്ന് ടെൻഷൻ അടിച്ചു നടക്കുന്ന കാലം. എനിക്ക് ആണെങ്കിൽ ഈ ആത്മവിശ്വാസവും, ധൈര്യവും, ഒക്കെ minus ലെവലിൽ മാത്രം നിന്നിരുന്ന കാലം. കെട്ടിയോൻ ബാംഗ്ലൂർ ഉള്ളത് കൊണ്ട് ഇന്റേൺഷിപ് ഇവിടെ ചെയ്താലോ എന്ന് ആലോചന ഉണ്ട്. പക്ഷെ English ഒക്കെ സംസാരിക്കാൻ തീരെ ധൈര്യം പോരാ. അന്ന് എന്നെക്കാട്ടിൽ ധൈര്യം ഉള്ള ഇവളെ കൂടി കൂട്ടി Deccan Herald ൽ internship ചെയ്യാൻ. ഞങ്ങളുടെ വീട്ടിലേക്കു അവളും വന്നു. കൂട്ടുകാരിയി ൽ നിന്ന് ‘sister from another mother’ ലേക്ക് എനിക്ക് അവൾ upgrade ആയതു ആ കാലത്തിൽ ആയിരുന്നു.

ബസിന്റെ ബോർഡ് വായിക്കാൻ അറിയില്ല, കന്നഡ പറയാൻ അറിയില്ല, എങ്കിലും
‘ജമ്പനും തുമ്പനും’ പോലെ ഞങ്ങൾ ഞങ്ങൾ എംജി റോഡിലെ ഡെക്കാൻ ഹെറാൾഡ് ൽ പോയി ഇന്റേൺഷിപ് തുടങ്ങി. ചിലദിവസങ്ങളിൽ ഇനി ഇങ്ങനെ പോയാൽ പറ്റില്ല, “നാളെ തൊട്ടു നമ്മൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ” എന്ന് കടുത്ത ശപഥം എടുക്കും ഞങ്ങൾ. പിറ്റേന്ന് രാവിലെ മുതൽ കടുത്ത മൗനവൃതം ആണ് പിന്നെ ഞങ്ങൾക്ക്!! അവസാനം വൈകുന്നേരം ആകുമ്പോൾ ശപഥം ഒക്കെ കാറ്റിൽ പറത്തി ഞങ്ങൾ വീണ്ടും കലപില തുടങ്ങും. ഞാൻ ഒരു ‘go with the flow’ മോഡിൽ ആയിരുന്നെങ്കിൽ അവൾ Leela Menon, സായിനാഥ്‌ തുടങ്ങിയ പത്രപ്രവർത്തന ലോകത്തിലെ അന്നത്തെ അതികായരെ ഒക്കെ മനസ്സിൽ ആരാധിച്ചു ആയിരുന്നു നടന്നിരുന്നത്. അവളുള്ള ധൈര്യത്തിൽ മാത്രം ഞാൻ പോയി തലവെച്ച ഇന്റേൺഷിപ് ആയിരുന്നു അത്. എന്റെ Pregnancy test കിറ്റിൽ രണ്ടാമത്തെ വരയായി നവമി തെളിഞ്ഞു വന്ന ദിവസവും അവളുണ്ടായിരുന്നു എന്റെ കൂടെ.

ജിത്തുവും നീയും ഇഷാനും ഉള്ള നിങ്ങളുടെ ജീവിതത്തിന്റെ ചെറു തുരുത്തിലെ കഥകൾ കേൾക്കുമ്പോൾഒരുപാട് സന്തോഷമാണ്. നിന്റെ ജീവിതത്തിന്റെ നിറങ്ങൾ നിന്റെ ഉടുപ്പുകളിലേക്കു വന്നു നിറയുന്നത് കാണുമ്പോൾ അതിലേറെ സന്തോഷമാണ്. എനിക്കും ശ്രീജക്കും ഒക്കെ ചാരി നിൽക്കാനുള്ള ഉറച്ച തൂണാണ് നീയെന്നും. ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും എന്നും ഇത് പോലെ നിനക്ക് ചുറ്റും വന്നു നിറയട്ടെ..ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ പ്രിയപ്പെട്ടവളെ..

ഇല്ലാൻ സംശയങ്ങൾ!


ഇല്ലാനും ഞാനും മാത്രമുള്ള ഒരു ശനിയാഴ്ച വൈകുന്നേരം. കാത്തുവും, Diana & Roma യും കഴിഞ്ഞു, എന്നെക്കൊണ്ട് ഒരു 8 Pepper story books ൻറെ നിർബന്ധിത പാരായണവും കഴിഞ്ഞിട്ട് ഇനിയെന്ത് എന്ന് ആലോചിച്ചു തലപുകച്ചു കൊണ്ടിരിക്കുന്ന ഗ്യാപ്പിൽ ഞാൻ ദോശ ചുടുവാനായി അടുക്കളയിൽ പോയി. പിന്നാലെ വന്നിട്ട് പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ അന്നത്തെ ചോദ്യാത്തര പംക്തി ആരംഭിച്ചു ആൾ. “അമ്മാ..അപ്പൂപ്പൻ അമ്മൂമ്മേടെ ആരാ?'”ഞാൻ പറഞ്ഞു അപ്പൂപ്പൻ അമ്മൂമ്മേടെ husband ആണ്. ആദ്യാമായിട്ടു കേൾക്കുന്ന വാക്കായത് കൊണ്ട് പുരികം ഒക്കെ ഒന്ന് ചുളിച്ചു സംശയിച്ചു എന്നെ നോക്കി. അപ്പൊ അപ്പൂപ്പൻ അമ്മൂമ്മേടെ ഫ്രണ്ട് ആണോ? ഞാൻ : “പിന്നേ അപ്പൂപ്പൻ അമ്മൂമ്മേടെ best ഫ്രണ്ട് ആണ്.” അവൾ: അപ്പൊ അച്ഛനോ. അച്ഛൻ അമ്മേടെ husband ആണെന്ന് ഞാൻ. Best friend ആണോ എന്ന് വീണ്ടും അവൾ. പിന്നേ ആണല്ലോ എന്ന് ഞാൻ! എനിക്കുള്ള പണി വരാനിരിക്കുന്നതെ ഉള്ളായിരുന്നു എന്ന് ഞാൻ അപ്പോൾ അറിഞ്ഞില്ല !!

ഞാൻ പറഞ്ഞതൊക്കെ മനസ്സിലിട്ടു ഇങ്ങനെ കണക്കു കൂട്ടാനായി ഒരു 30-60 seconds എടുത്തു അവൾ. ശേഷം അടുത്ത ചോദ്യം. “അമ്മിച്ചേച്ചിക്കും നിവിച്ചേച്ചിക്കും ഉണ്ടോ. ഇല്ലാനും ഉണ്ടോ”? ഞാൻ ” എന്ത്”. അവൾ: “Husband ഉം ഫ്രണ്ടും” !! പെണ്ണെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി എന്ന് ശ്രീനിവാസൻ മോഡിൽ ഞാൻ മനസ്സിൽ പറഞ്ഞു! “ഇല്ല. കൊച്ചു പിള്ളേർക്ക് husband ഇല്ല” . പഠിച്ചു വലുതായി കഴിഞ്ഞേ husband ഒക്കെ ഉണ്ടാവു. അവൾ വിടാൻ ഭാവമില്ല. അപ്പോൾ Kanche (കണ്ണൻ ചേട്ടൻ) ക്കു ഉണ്ടോ husband. അത് Unche ആണോ?

ഒരു ദീർഘ നിശ്വാസം ഒക്കെ വിട്ടു ദോശപ്പരിപാടി ഒക്കെ അവസാനിപ്പിച്ചു ഞാൻ അവളുടെ അടുത്ത് പോയിരുന്നു കുറച്ചു Family ക്ലാസ് എടുത്തു. എന്തൊക്കെ മനസ്സിലായോ എന്തോ. കുറച്ചു നേരം കഴിഞ്ഞു വീണ്ടും വന്നു. എന്റെ കൂട്ടുകാരി സെബിൻ – അവളുടെ ‘തെബിൻ’ ആന്റിടെ husband ആരാ എന്നും ചോദിച്ചു!! പിന്നെ അവരുടെ ഫാമിലെ ട്രീ ഒക്കെ ഒന്ന് explain ചെയ്തപ്പോഴേക്കും ഒരു സമയമായി!

ഇനി അടുത്ത ചോദ്യോത്തര പംക്തി എന്നാണ്, എന്താണാവോ അതെന്നോർത്തു ഞാൻ തലയിൽ കൂടി പുക വരുന്ന അവാസ്ഥയിൽ കുറച്ചു നേരം പോയിരുന്നു കാത്തു കണ്ടു സമാധാനിച്ചു! കുഞ്ഞിപ്പെണ്ണ് വളർന്നു കൊണ്ടിരിക്കുന്നു. നൂറു കുഞ്ഞു കുഞ്ഞു സംശയങ്ങൾ ചോദിച്ചു, ചുറ്റുമുള്ള ലോകം ഒക്കെ വിസ്‌മയക്കണ്ണുകളാൽ കണ്ടു കണ്ടു, അവൾ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്നലയെന്നവണ്ണം ഓർക്കുന്നു നീ ജനിച്ച ദിവസം. ആദ്യമായി എന്റെ സ്വരം കേട്ടപ്പോൾ നീ പുഞ്ചിരിച്ച ആ ആദ്യ ദിവസം..

Concorde Onam 2023


വീണ്ടും ഒരു Concorde ഓണം കൂടി വിടപറഞ്ഞപ്പോൾ ഒരായിരം ഓർമ്മകൾ, മനോഹര ചിത്രങ്ങൾ ഒക്കെ ബാക്കിയാവുന്നു. എത്രയോ വൈകുന്നേരങ്ങളിലെ പ്രാക്ടീസ് ഒത്തു കൂടലുകൾ, ഒരിക്കലും തീരാത്ത കഥകൾ, സൗഹൃദത്തിന്റെ പ്രിയ നിമിഷങ്ങൾ ഒക്കെ ഇപ്പോഴേ മിസ് ചെയ്യുന്നു.

മെട്രോ നഗരത്തിന്റെ ജീവിത വേഗങ്ങൾക്കിടയിലും ഞങ്ങളൊരിത്തിരി പച്ചപ്പും, നാടിന്റെ മണവും മധുരവും, ഒക്കെ ഇവിടേയ്ക്ക് വർഷത്തിലൊരിക്കലെങ്കിലും കടം കൊള്ളാറുണ്ട് . കുട്ടികൾ വീടും നാടും ഒക്കെ വിട്ടു അന്യ രാജ്യങ്ങിലേക്കു ചേക്കേറുന്ന ഈ കാലഘട്ടത്തിൽ നാളെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഗൃഹാതുരതയുടെ ഒരു തുള്ളിയായി, പ്രിയതരമായ ഓർമ്മകളുടെ ഒരു തിരിയായി ഈ Concorde ഓണാഘോഷ ദിനങ്ങളും ഉണ്ടാവുമായിരിക്കും..

കാണാൻ മനക്കരുത്തുള്ളവർക്കു വേണ്ടി മാത്രം ഞങ്ങളുടെ Program link ഉം ഇടുന്നു.

Pep Talk time!


ഓഫീസിൽ restructuring ഉം , reorg ഉം,manager change ഉം layoff ഉം എന്ന് വേണ്ട സകലമാന നാടകങ്ങളും അരങ്ങേറുന്ന സമയം. നിക്കണോ അതോ പോണോ എന്ന് സ്വയം ചോദിച്ചു ചോദിച്ചു മടുത്തിരിക്കുന്നു നേരം. എന്നാലോ വിട്ടു പോകാൻ അങ്ങേയറ്റം മടി. കഴിഞ്ഞ അഞ്ചര വർഷങ്ങളിൽ work- life നന്നായി ബാലൻസ് ചെയ്തു പോയിരുന്നു. അത് കാരണം തന്നെ വിട്ടു പോകാൻ അങ്ങോട്ടു മനസ്സും വരുന്നില്ല. എന്നാൽ ഈ കൊടുംകാറ്റിലും പേമാരിയിലും പിടിച്ചു നില്ക്കാൻ കഴിയുമോ എന്നറിയാത്തതിനാൽ ആകെ ആശയക്കുഴപ്പത്തിൽ മുഴുകി ഇരുന്ന നേരം അടുത്തിരുന്ന മൂത്ത പുത്രിയോട് ഞാൻ വെറുതെ ചോദിച്ചു “നിന്റെ അഭിപ്രായം എന്താ ഞാൻ നിക്കണോ അതോ പോണോ” എന്ന്. അവൾ എന്നോടൊരു 5 മിനിട്ടു സംസാരിച്ചു. അത് കേട്ട് കഴിഞ്ഞപ്പോൾ ‘ഞാനാണോ അവളുടെ അമ്മ അതോ അവളോണോ എന്റെ അമ്മ’ എന്ന ഒറ്റ സംശയം മാത്രമേ അവശേഷിച്ചുള്ളൂ!!

ഇരുത്തം വന്ന ഒരു തത്വചിന്തകയുടെ മുഖത്തോടെ അവൾ എന്നോട് പറഞ്ഞു. “അമ്മാ..change is hard but you have to accept it and move on when the time comes ” എന്ന്. പിന്നെയും കുറെയേറെ ഉപദേശങ്ങൾ. അപ്രതീക്ഷിതമായ സംപ്രേക്ഷണം ആയതു കൊണ്ട് മൊത്തം അങ്ങോട്ട് ശ്രദ്ധിച്ചു ഉൾക്കൊള്ളാൻ കഴിയാത്ത ഞാൻ അവളോട് പറഞ്ഞു നീ ഇതൊക്കെ എനിക്കൊന്നു ഒരു പേപ്പറിൽ എഴുതി തന്നാൽ ഞാൻ എന്റെ work desk ൽ ഒട്ടിച്ചു വെയ്ക്കാം. എനിക്ക് കുറച്ചു മോട്ടിവേഷന്റെ അത്യാവശ്യം ഉള്ള സമയം ആണെന്ന്. കഷ്ടിച്ച് ഒരു പത്തു മിനിറ്റിൽ അവൾ എനിക്കായുള്ള ഉപദേശങ്ങൾ ഒരു പേപ്പറിൽ എഴുതിക്കൊണ്ടു വന്നു.

അത് വായിച്ചു കഴിഞ്ഞപ്പോൾ കാറ്റിൽ ആടിയുലഞ്ഞ ആറ്റുവഞ്ചി പോലെയിരുന്ന എന്റെ മനസ്സ് ഒന്ന് ശാന്തമായി മണ്ണിലുറച്ചു നിന്നു. “പുരയ്ക്കു മീതെ വെള്ളം വന്നാൽ അതിനു മീതെ തോണി” ആകണം ഇനി എന്റെ mode എന്ന് ഞാൻ എന്നോട് തന്നെ ഒന്ന് പറഞ്ഞു.

മക്കൾ വളരുന്നത് നമ്മൾ പലപ്പോഴും അറിയാറില്ല. തളർന്നു നിൽക്കുന്ന നേരങ്ങളിൽ നമുക്ക് വേണ്ട ഇന്ധനം പകരുവാനും മാത്രം അവർ വളർന്നു എന്നറിയുമ്പോൾ എന്തൊരു സന്തോഷമാണെന്നോ..നീ ഇതൊക്കെ എവിടുന്നു എപ്പോൾ പഠിച്ചു എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ കൂട്ടുകാർക്കൊക്കെ ഇതുപോലെ Pep talks ഒക്കെ കൊടുക്കാറുണ്ടത്രെ!!

കുറച്ചു വൈകിയെങ്കിലും എല്ലാവര്ക്കും മകൾ ദിനാശംസകൾ..!

ഇല്ലാൻ കഥകൾ Part 7: Future Plans!


ഇല്ലാന് താൻ വളർന്നു വലുതായാൽ എന്തൊക്കെ ചെയ്യും എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയും, പ്ലാനും ഒക്കെ ഉണ്ട് ഇപ്പോഴേ..ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ പറയുന്നു ” ഇല്ലാൻ വലുതാവുമ്പോ ഒരു ഹെലികോപ്റ്റർ ഓടിക്കുന്ന ആളായിട്ടു മാറും. എന്നിട്ടു ഹെലികോപ്റ്റർ ഓടിച്ചു പോയി carrot മേടിച്ചോണ്ടു വരും എന്ന്. പിന്നെ അമ്മയെ ഇല്ലാൻ ഹെലികോപ്റ്റർ ൽ കയറ്റി എല്ലായിടത്തും കൊണ്ട് പോകാം എന്ന്. കാർ പോരെ ഹെലികോപ്റ്റർ തന്നെ വേണോ എന്ന് ഞാൻ സന്ദേഹിച്ചപ്പോൾ അവൾക്കു ഒരേ നിർബന്ധം ഹെലികോപ്റ്റർതന്നെ മതി. ‘ഹെലികോപ്റ്റർ എങ്കിൽ ഹെലികോപ്റ്റർ’..! ആയിക്കോട്ടെ എന്ന് ഞാൻ..!!

എവിടെ ഒക്കെ കൊണ്ടുപോകും എന്ന് ചോദിച്ചപ്പോൾ “അമ്മെ ഇല്ലാൻ കോടുകുളഞ്ഞിയിൽ കൊണ്ട് പോകാം, പിന്നെ “കോയമ്പതൂർ” കൊണ്ടുപോകാം എന്ന്!! കോയമ്പത്തൂർ എന്താണെന്നു ചോദിച്ചപ്പോൾ “അമ്മക്ക് പഠിക്കാൻ പോകണ്ടേ അമ്മെ അവിടെ കൊണ്ട് പോകാം. വയസ്സുകാലത്തു എന്നെ കോയമ്പത്തൂർ അമൃതയിൽ കൊണ്ട് ചേർക്കാൻ ആണ് പദ്ധതി. (അവളുടെ പ്രിയപ്പെട്ട കൺ ചെ (കണ്ണൻ ചേട്ടൻ) അവിടെ ആയതു കൊണ്ട് പഠിക്കാൻ പോകുന്നവർ കോയമ്പത്തൂർ ആണ് പോകുന്നതെന്നാണ് അവളുടെ ഒരിത്! ‘അമ്മ കരയാതെ മിടുക്കിയായി ഇല്ലാന്റെ കൂടെ വരണം എന്ന്!! ഇല്ലാൻ അമ്മേ കൈയ്യിൽ പിടിച്ചോണ്ട് ക്ലാസ്സിൽ കൊണ്ട് വിടാം” എന്ന്. വൈകിട്ട് ചേച്ചിമാരെ വിളിക്കാൻ അവൾ അപ്പൂപ്പന്റെ കൂടെ താഴെ ഗേറ്റ് വരെ പോകാറുണ്ട് എന്നും. ഒരിക്കൽ അപ്പൂപ്പനോട് പറഞ്ഞു ഇല്ലാൻ വലുതാവുമ്പോൾ ഇത് പോലെ അപ്പൂപ്പനെ സ്കൂൾ ബസിൽ നിന്നും വിളിച്ചോണ്ട് വരാൻ എന്നും വരാം എന്ന്!!

പിന്നെയാണ് എനിക്ക് കാര്യങ്ങൾ പിടികിട്ടിയത്. ഇല്ലാന്റെ കണക്കു കൂട്ടലുകളിൽ അവൾ വലുതാവുമ്പോഴേക്കും ഇപ്പോൾ വലുതായിരിക്കുന്നവർ ചെറുതായി മാറും എന്നാണ്. അവൾ വലുതാവുമ്പോഴേക്കും ഒരു ‘role reversal’ ആണ് സംഭവിക്കുന്നത് എന്നാണ് അവളുടെ ഒരു ധാരണ. എന്താണ് അങ്ങനെ ഒരു ചിന്ത വന്നതെന്ന് അറിയില്ല. ഒരുപക്ഷേ എപ്പോഴെങ്കിലും ഞങ്ങളൊക്കെ അവളോട് സംസാരിക്കുമ്പോൾ ചോദിച്ചിട്ടുണ്ടാവും ” ഇല്ലാൻ വലുതാവുമ്പോ ഞങ്ങളെ ഒക്കെ നോക്കുമോ, കാർ ഓടിച്ചു ഓരോ സ്ഥലത്തൊക്കെ കൊണ്ട് പോകുമോ എന്നൊക്കെ ” അതിൽ നിന്നും അവൾinterpret ചെയ്തെടുത്ത് അവൾ വലുതാവുമ്പോൾ ഞങ്ങളൊക്കെ ചെറുതാകും ‘and hence the dependency’ എന്നതായിരിക്കും !!

എന്തൊക്കെ ആയാലും ഇല്ലാൻറെ future plans ലും പദ്ധതികളിലും ഒക്കെ ഞങ്ങൾക്കും ഒരിടം ഉണ്ട് എന്നതാണ് ഒരാശ്വാസം. അല്ലെങ്കിലും വാർദ്ധക്യം എന്നത് ‘രണ്ടാം ബാല്യം’ എന്നല്ലേ പറയാറ്. അവൾ വളർന്നു വലുതാവുമ്പോഴേക്കും വീണ്ടും ബാല്യത്തിലെത്തുന്ന ഞങ്ങളെ ഒക്കെ നോക്കാൻ ഉള്ള ക്ഷമയും, സമയവും ഒക്കെ അവൾക്കും അവളുടെ ചേച്ചിമാർക്കും ഉണ്ടാവട്ടെ!

എന്തായാലും കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ചെറിയ നിമിഷങ്ങളിൽ ആ കുഞ്ഞു സ്വപ്നങ്ങളിൽ പ്രതീക്ഷകളിൽ ഞങ്ങളിപ്പോൾ നിറഞ്ഞു നിൽപ്പുണ്ട്!! നാളെ ആരെന്നും എന്തെന്നും ആർക്കറിയാം..എങ്കിലും ഇന്നത്തെ സന്തോഷത്തിനിതൊക്കെ മതി..

ഇല്ലാൻ കഥകൾ part 6: ഇല്ലാൻ @ സ്കൂൾ


അങ്ങനെ ഇല്ലാൻ ഇന്നലത്തെ സുപ്രഭാതം മുതൽ സ്‌കൂൾകുട്ടിയായി മാറി. എല്ലാം വളരെ പെട്ടന്നായിരുന്നു. സ്‌കൂൾ അന്വേഷിക്കാൻ പോയതാ, പക്ഷെ അന്വേഷിച്ചന്വേഷിച്ചു അന്ന് തന്നെ ഞങ്ങൾ അവളെ അങ്ങ് ചേർത്തു. Playgroup ആണ്. ഇത് പോലത്തെ രണ്ടര വയസ്സുകാർ 12 പേരുള്ള കുഞ്ഞിസ്‌കൂൾ. ഇല്ലാന് ആദ്യത്തെ ദിവസം താനെ അവിടുത്തെ സെറ്റ് അപ്പ് ഒക്കെ അങ്ങ് നന്നേ ബോധിച്ചു. നല്ല ഒരു കൊച്ചു indoor പാർക്ക്, വിശാലമായ ക്ലാസ് മുറി, നിറയെ കളിപ്പാട്ടങ്ങൾ. അഡ്മിഷൻ ദിവസം അവിടെ നിന്നും തിരിച്ചു വരാൻ മടിയായിരുന്നു. ഒറ്റക്കുഴപ്പം മാത്രം അവിടുത്തെ എറ്റവും ചെറിയ സൈസ് യൂണിഫോം ഷർട്ട് പോലും ഇല്ലാന് മുട്ട് വരെയുണ്ട്!! Insert ചെയ്തില്ലെങ്കിൽ shorts ഇടേണ്ട ആവശ്യമില്ല!!

ഇന്നലെയായിരുന്നു ആദ്യദിനം. പോകാൻ വളരെ ഉത്സാഹമായിരുന്നു. ഇല്ലാൻറെ ശ്രീമതി ടീച്ചർ മലയാളി ആണെന്നറിഞ്ഞു ഞങ്ങൾക്ക് സമാധാനമായി. അവൾ ഒരു മാതൃഭാഷ സ്‌നേഹി ആണ്. ആരെങ്കിലും അവളോട് ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ അവൾക്കു പൊതുവേ സങ്കടം വരും മോഡ് ആണ്. മാതൃഭാഷ മാത്രം സംസാരിച്ചു വളരട്ടെ കഴിയുന്നിടത്തോളം എന്ന് ഞങ്ങളും വിചാരിച്ചു.എന്തായാലും കുറച്ചു കാലം കഴിയുമ്പോൾ ഇംഗ്ലീഷ് ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറാനുള്ളതാണല്ലോ..

ഉച്ചക്ക് തിരിച്ചു വിളിക്കാൻ ചെന്ന നേരം ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ ആണ് വരവ്. ലൈൻ ആയി നടത്തുമ്പോൾ മറ്റു കുട്ടികൾ തോളിൽ പിടിക്കുന്നതിനോടുന്നും ഇല്ലാന് വല്യ interest ഇല്ലെന്നു ശ്രീമതി ടീച്ചർ അഭിപ്രായപ്പെട്ടു. നാളെയും സ്‌കൂളിൽ പോകണം എന്ന് താൽപ്പര്യം പ്രകടിപ്പിച്ചത് കേട്ടതോടെ ഞങ്ങൾക്കും സമാധാനമായി. സ്‌കൂളിലെ വിശേഷങ്ങൾ എല്ലാം വിശദമായി തന്നെ പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് കുറച്ചു തള്ളും.! ഇല്ലാനെ text ബുക്ക് പഠിപ്പിച്ചു, ചാപ്റ്റർ പഠിപ്പിച്ചു, മാം test ഇട്ടു, കന്നഡ പഠിപ്പിച്ചു എന്നൊക്കെ. ചേച്ചിമാരുടെ സ്‌കൂൾ vocabulary ന്നു കുറെയേറെ അവൾ കൈപ്പറ്റി വെച്ചിട്ടുണ്ട്!

ഇന്ന് രാവിലെ ആകെ അക്ഷമ. എണീറ്റപ്പോൾ മുതൽ എപ്പോഴാ സ്‌കൂളിൽ പോകുന്നതെന്ന ചോദ്യം തന്നെ. (ഈ ആവേശം എത്ര ദിവസം കാണും എന്ന് അറിയില്ല). ഇടയ്ക്കു ആത്മഗതം ” ഇല്ലാൻ സ്‌കൂളിൽ പോയിക്കഴിഞ്ഞാൽ അപ്പൂപ്പന് ആരും ഇല്ല. അപ്പൂപ്പന് സങ്കടമാവുമോ എന്ന്”!! അതോർത്തു എന്റെ കുട്ടി വിഷമിക്കേണ്ട ഞങ്ങൾ അപ്പൂപ്പനെ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ ഒരു കള്ളച്ചിരി! സ്കൂൾ വാതിൽപ്പടിയിൽ വെച്ച് എന്റെ കൈ വിരൽ വിടുന്ന നേരം ഒരു anxiety ഉണ്ട് ആ കുഞ്ഞു മുഖത്തു. അമ്മേം കൂടെ വരാമോ എന്നൊരു request ഉണ്ട് ആ നേരം..

ഞങ്ങളാരും കൂടെയില്ലാത്ത ആദ്യത്തെ എക്സ്പീരിയൻസ് ആണ് അവൾക്കു ഇന്നലെയും ഇന്നും. എന്നിട്ടും അത് അവൾ ധൈര്യപൂർവം handle ചെയ്തു. ഒന്നോർത്താൽ എല്ലാ കുട്ടികളും ഇതുപോലെ ഒക്കെ തന്നെയാണല്ലോ. വിശാലമായ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവരുടെ ആദ്യത്തെ കാൽവെയ്പു. ഒരിത്തിരി പേടിയും, കണ്ണീരും, കുഞ്ഞു കുഞ്ഞു ആശങ്കകളും ഒക്കെ തരണം ചെയ്തു അവർ അറിവിന്റെ ആകാശങ്ങൾ തേടി പറന്നു പോകട്ടെ..

ഞാൻ അപ്പോൾ നവമിയുടെയും, നിവിയുടെയും ആദ്യത്തെ സ്‌കൂൾ ദിവസങ്ങളെ കുറിച്ച് പണ്ട് എഴുതിയ പോസ്റ്റുകൾ ഒരിക്കൽ കൂടി ഒന്ന് വായിച്ചു..വർഷങ്ങൾ പോകുന്നത് എത്ര വേഗം എന്ന് വിസ്മയിച്ചു..

ഇല്ലാൻ കഥകൾ Part 4: ലോലിപ്പോപ് 


പെട്ടന്നൊരു ഉൾവിളി ഉണ്ടായി  ആണ് ഞാൻ കോടുകുളഞ്ഞിയിലെ വീട്ടിൽ പോയി അച്ഛനും അമ്മയ്ക്കും ഒപ്പം ഒരാഴ്ച നിൽക്കാൻ തീരുമാനിച്ചത്. Work from Home എന്ന അനുഗ്രഹം ഇപ്പോഴും കമ്പനി കനിഞ്ഞനുവദിച്ചിട്ടുള്ളതിനാൽ അതിനെ കുറിച്ച് ഒരു ചിന്തയും വേണ്ടായിരുന്നു. ഒറ്റ ചോദ്യം മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളു. ‘With ഇല്ലാൻ’ or ‘without ഇല്ലാൻ’  എന്നത്.ഇല്ലാൻ ജനിച്ച ദിവസം തൊട്ടു എന്റെ ഒരു extended part പോലെ ആണ് functioning. ഞാൻ കതകടച്ചു വർക്ക് ചെയ്യുന്ന  വാതിൽക്കൽ എന്റെ ഒരു നിഴൽ, അനക്കം വീഴുന്നുണ്ടോ എന്ന് എപ്പോഴും കാതോർത്തിരിക്കും അവൾ. എനിക്ക് തനിച്ചു എങ്ങോട്ടെങ്കിലും ഇറങ്ങണമെങ്കിൽ injection എടുക്കാൻ പോകുവാണ് എന്ന് പറഞ്ഞാൽ  മാത്രമേ പിന്മാറാറുള്ളൂ. എന്നിട്ടും ചില നേരങ്ങളിൽ വേണമെങ്കിൽ ഒരു injection കിട്ടിയാലും വേണ്ടില്ല എന്റെ കൂടെ പുറപ്പെടാൻ തയ്യാറാവുന്നവൾ ആണ് അവൾ. അങ്ങനെയുള്ള അവളെ കൊണ്ട് പോകാതെ പോകുക എന്നത് ഒരു challenge തന്നെയായിരുന്നു. തനിയെ ട്രെയിനിൽ പോകുമ്പോൾ അവളെ കൊണ്ട് പോകാൻ എനിക്ക് പേടിയുമായിരുന്നു.

ഒരാഴ്ച മുൻപേ തന്നെ ഞാൻ അവൾക്കു study class തുടങ്ങി. കോടുകുളഞ്ഞിയിൽ അവളെ കൊണ്ട് പോകാതെ ഞാൻ ഒറ്റയ്ക്ക് പോകുക എന്നത് പറയാൻ പോലും എനിക്ക് പേടിയായതിനാൽ  ഞാൻ അവളോട് പറഞ്ഞു  “അമ്മക്ക് ഓഫീസിൽ പോകണം, ഇല്ലാനെ  കൊണ്ട് പോകാൻ പറ്റില്ല, കുറെ ദിവസം കഴിഞ്ഞേ വരൂ, . കൊണ്ട് പോകാൻ പറ്റുന്നയിടത്തൊക്കെ അമ്മ കൊണ്ട് പോകും, പറ്റാത്തിടത്തു കൊണ്ടുപോകാൻ പറ്റില്ല”  എന്നൊക്കെ നെടു നെടുങ്കൻ ക്ലാസുകൾ എല്ലാ, അവൾ ശ്രദ്ധിച്ചു കേട്ട് തലകുലുക്കി സമ്മതിച്ചു. ഇല്ലാനു വേണ്ട സാധനങ്ങൾ ഒക്കെ ‘അമ്മ കൊണ്ട് വരാം എന്ന വാഗ്ദാനത്തിൽ അവൾ വീണു.  ഇല്ലാന് ആകെ ഒറ്റ  ഡിമാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. ‘അമ്മ വരുമ്പോൾ ലോലി പോപ്പ് വാങ്ങി കൊണ്ട് വരണം. എത്ര  ലോലി പോപ്പ് വേണം എന്ന് ഞാൻ ഉദാരമതിയായി!

അങ്ങനെ ലോലി പോപ്പ് മേടിച്ചു കൊണ്ടുവരാൻ പോകുന്ന അമ്മയെ  യാത്ര ആക്കാൻ സന്തോഷത്തോടെ ഇല്ലാൻ സ്റ്റേഷനിൽ വന്നു.  അങ്ങനെ ഞാൻ കയറിപ്പോയി. വീട്ടിൽ തിരിച്ചെത്തി ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ ഏതോ ആമസോൺ ഡെലിവെറിക്കാരന്റെ calling bell കേട്ട് ചാടി ഓടി ചെന്ന് ” അച്ഛാ ദേ ‘അമ്മ ലോലിപോപ്പും കൊണ്ട് വന്നു, കതകു തുറക്കുമോ ” എന്ന് പറഞ്ഞു. “അപ്പോൾ കുട്ടിക്കീ ദിവസത്തെക്കുറിച്ചും, മണിക്കൂറിനെ പറ്റിയും ഒന്നും വല്യ ധാരണ ഇല്ലാ അല്ലെ” എന്ന മട്ടിൽ പ്രിയതമൻ അവളെ ഒന്ന് നോക്കി.  വീണ്ടും കട്ടക്ക് സ്റ്റഡി ക്ലാസ് ‘അമ്മ കുറെ ദിവസം കഴിഞ്ഞിട്ടേ വരൂ എന്നൊക്കെ. എല്ലാം വീണ്ടും പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കി. വൈകിട്ട് അവളുടെ അമ്മിച്ചേച്ചി വന്നപ്പോൾ ” അമ്മീ ബാ നമുക്ക് ലിഫ്റ്റ് ന്റെ അടുത്ത് പോയി wait ചെയ്യാം. ‘അമ്മ ഇപ്പൊ ലോലിപോപ്പും കൊണ്ട് വരാറായി” എന്ന്  ഇല്ലാൻ !!

അങ്ങനെ ഓരോ അരമണിക്കൂറിലും study ക്ലാസുകൾ പുരോഗമിച്ചെങ്കിലും ഇല്ലാൻറെ ‘ദിവസം- മണിക്കൂർ learnings’ എല്ലാം തഥൈവ!! പിറ്റേന്ന് രാവിലെ വീഡിയോ കോളിൽ  എന്നെ കണ്ടപ്പോൾ ഞാൻ കുളിച്ചിട്ടു തലയിൽ ഒരു തോർത്ത് കെട്ടിയിരുന്നത് കണ്ടിട്ട് അവൾ ” അമ്മേടെ ഓപ്പീച്ചിൽ കുളിച്ചാൻ ഒക്കെ പറ്റുമോ” എന്ന്!! വേഗം വീഡിയോ കാൾ  മാറ്റി ഞാൻ ഓഡിയോ കാൾ ആക്കി. ഇല്ലാൻ സാഹചര്യ തെളിവുകൾ വെച്ച് എന്റെ കോടുകുളഞ്ഞി യാത്ര ചികഞ്ഞു കണ്ടുപിടിക്കുമോ എന്ന കാരണം ഞാൻ വീഡിയോ കാൾ കഴിവതും ഒഴിവാക്കി. ഇടയ്ക്കിടെ ഉള്ള ഈ അന്വേഷണങ്ങൾ ഒഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇല്ലാൻ ആ ദിവസങ്ങൾ സർവൈവ് ചെയ്തു. സ്നേഹം കൊണ്ട് മൂടാൻ അച്ഛനും ചേച്ചിമാരും അമ്മൂമ്മയും അപ്പൂപ്പനും, ഇടയ്ക്കു അമ്മായിയും, അമ്മാവനും, ഉണ്ണിച്ചേട്ടനും ഒക്കെ അവൾക്കു ചുറ്റും നിരന്നു നിന്നു. 

ഒരാഴ്ചക്ക് ശേഷം ഞാൻ വന്നു കയറുമ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു.വിളിച്ചുണർത്തിയപ്പോൾ ഉറക്കം വിട്ടുമാറാത്ത കുഞ്ഞിക്കണ്ണുകൾ കഷ്ട്ടപ്പെട്ടു തുറന്നു എന്നെ നോക്കി ചിരിച്ചു എന്റെ തോളിലേക്ക് വന്നു ഇറുകെ  കെട്ടിപിടിച്ചു തലചായ്ച്ചു അവൾ. ഒറ്റ സെക്കന്റ്. തൊട്ടടുത്ത നിമിഷം “ഇല്ലാന് ലോലിപോപ് കൊണ്ട് വന്നിട്ടുണ്ടാല്ലോ” എന്ന് ചോദ്യം (ഇല്ലെങ്കിൽ വന്ന വഴിക്കു സ്ഥലം വിട്ടോണം എന്നൊരു ഭീഷണി ടോൺ ഉണ്ടായിരുന്നോന്നു എനിക്ക് സംശയം ഇല്ലാതില്ല!!)!!ഭാഗ്യത്തിന് കൊണ്ട് വന്നിരുന്നു. അത് കൈപ്പറ്റി നിർവൃതിയോടെ എന്റെ തോളിൽ വീണ്ടും തലചായ്ച്ചു അവൾ. 

അടുത്ത രണ്ടു ദിവസം പൂർവാധികം ശക്തിയോടെയുള്ള അമ്മപ്രേമം ആയിരുന്നു. അമ്മ എടുക്കണം , നടക്കണം, കഥപറയണം, എന്ന് വേണ്ട എല്ലാം  അമ്മ മതി. മൂന്നാം ദിവസം ഉച്ച കഴിഞ്ഞ് ഒരു 3  മണി. ഇല്ലാൻ അമ്മയെ ചുറ്റിപ്പറ്റി തന്നെയുണ്ട്. പെട്ടെന്ന് ഒരു ഉൾവിളി ഉണ്ടായത് പോലെ എന്റെ മുഖം പിടിച്ചു വെച്ച് നോക്കി ഒരു ചോദ്യം ” ‘അമ്മ വെള്ളിയാഴ്ച ഓഫീസിൽ പോകുന്നില്ലേ..ഇല്ലാന്റെ ലോലിപോപ് ഒക്കെ തീർന്നു. ഇനി പോയിട്ട് വാങ്ങിച്ചോണ്ട് വന്നാൽ മതി എന്ന്!! ഏതു വെള്ളിയാഴ്ച എന്ന് ഞാൻ. മറ്റേ വെള്ളിയാഴ്ച ഇല്ലേ, ഇന്നാളിൽ അമ്മ ട്രെയിനിൽ  കേറി പോയില്ലേ..അതുപോലെ എന്ന് അവൾ!  എൻ്റെ ഇല്ലാനെ എന്നോടിത് വേണോ എന്നു  ഞാൻ. പിന്നെ കുറച്ചു കഴിഞ്ഞു നാട്ടിൽ നിന്ന് കൊണ്ട് വന്ന ബാഗിലെ ഡ്രസ്സ് എടുത്തു അലമാരിയിൽ വെക്കാൻ എടുത്തപ്പോൾ അടുത്ത ചോദ്യം ” അമ്മ pack ചെയ്യുവാണോ ഇല്ലാന് വേണ്ടി ലോലിപോപ് മേടിച്ചോണ്ടു വരാൻ  ഓപ്പീച്ചിൽ പോകാൻ എന്ന്!!എന്നാലും ഒരു ലോലിപോപ്പിനു വേണ്ടി അമ്മയെ പാക്ക് ചെയ്തു വിടാൻ ഉള്ള ആ ശുഷ്‌കാന്തി കണ്ടു എന്റെ കണ്ണ് തള്ളിപ്പോയി!! 

അങ്ങനെ ഇല്ലാനും independent ആയിത്തുടങ്ങി എന്നോർത്ത് ഞാൻ സന്തോഷിക്കാനും, അതേ സമയം തന്നെ  empty nest syndrome  ഓർത്തു നെടുവീർപ്പിടാനും തുടങ്ങി. ഇനി പ്ലെയ്‌സ്‌കൂളിൽ പോയി തുടങ്ങാൻ അധികം ദിവസങ്ങളില്ല. ഇല്ലാൻറെ ദിവസങ്ങളും busy ആകാൻ തുടങ്ങും. ഇംഗ്ലീഷ് ഒക്കെ പറയാൻ തുടങ്ങും, പിന്നെ പിന്നെ ചേച്ചിമാരെ പോലെ ഹോംവർക്കും, revisions, exam, friends തിരക്കുകളിലേക്ക് മുങ്ങി പോകും. പിന്നെ മെല്ലെ മെല്ലെ കൂടു വിട്ടു പറന്നു പോകും പുതിയ ആകാശങ്ങൾ തേടി.. .

കൊച്ചു play school പോകുന്നതിനും empty nest സിൻഡ്രോമോ എന്ന് നിങ്ങൾ ആരും കണ്ണു  തള്ളേണ്ട!! നമ്മുടെ അച്ഛനോടും അമ്മയോടും ചോദിച്ചാൽ അറിയാം ഇന്നലെയെന്നവണ്ണം നമ്മളെ ആദ്യമായി അവർ സ്‌കൂളിൽ കൊണ്ട് വിട്ട കഥ.. അച്ഛന്റേം അമ്മയുടെയും ചിറകിൻ കീഴിൽ  നിന്നും, വിരൽത്തുമ്പിൽ നിന്നും ഒക്കെ പറന്നു പറന്നു പോന്നവരല്ലേ നമ്മളൊക്കെ ..ഇന്നിപ്പോൾ ഇടക്കൊക്കെ ആ ചില്ലകളിലേക്കു തിരിച്ചൊന്നും പറന്നു ചെല്ലുമ്പോൾ ആ മുഖങ്ങളിൽ കാണുന്ന തിളക്കം കാണുമ്പോൾ അറിയാം അവർ നമ്മളെ എത്ര മാത്രം miss  ചെയ്യുന്നുവെന്ന്..  അവർ നമ്മുടെ വരവിനു  കാതോർതിരിക്കുന്നത് പോലെ  ഇനിയും അധികമൊന്നും അകലെ അല്ലാത്ത ഒരു കാലത്തിൽ നമ്മളും നമ്മുടെ കുഞ്ഞിക്കിളികളുടെ  കലപിലകൾക്ക് , വരവിന് ഒക്കെ  കാതോർത്തിരിക്കുന്നുണ്ടാവും. ഇപ്പോഴുള്ള ഈ നിമിഷങ്ങളെ നമുക്ക് അത് കൊണ്ട് ആവോളം ആസ്വദിക്കാം..അത് കൊണ്ട് തല്ക്കാലം  ഈ  വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഒന്നും അമ്മ ലോലിപോപ് വാങ്ങിക്കൊണ്ടു വരാൻ പുറപ്പെടുന്നില്ല എന്ന് ഈ ഇല്ലാനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ആണെന്നൊരു സംശയം മാത്രം!!

കോടുകുളഞ്ഞിയിലെ മകൾ!


കഴിഞ്ഞ ഒരാഴ്ച കോടുകുളഞ്ഞി വീട്ടിലെ മകൾ മാത്രമായിരുന്നു. അച്ഛനും, അമ്മയ്ക്കും ഒപ്പം സ്വപ്നം പോലെ ഒരാഴ്ച. ഏറ്റവും ചെറുതിനെ പോലും കൂടെ കൊണ്ടുപോകാതെ എനിക്കങ്ങനെ മാറി നില്ക്കാൻ കഴിയും എന്ന് എനിക്ക് തന്നെ മനസ്സിലായ ഒരാഴ്ച. ഒന്നും സംഭവിച്ചില്ല. എല്ലാം ഭംഗിയായി തന്നെ നടന്നു. ഞാനെനിക്കായി മാത്രമായി മാറ്റി വെച്ച ആ ഒരാഴ്ച ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ ശ്രമിച്ചു. പണ്ടത്തെ പോലെ ട്രാൻസ്‌പോർട് ബസ്സിലും, പ്രൈവറ്റ് ബസ്സിലും, ട്രെയിനിലും ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യുക, സ്കൂളിലും, കോളേജിലും, പിജിക്കും , ഒപ്പം പഠിച്ച പ്രിയപ്പെട്ടവരേ കാണുക, മതിവരുവോളം സംസാരിക്കുക, കവിൾ രണ്ടും വേദനിക്കുന്നത് വരെ നിർത്താതെ ചിരിക്കുക, കാർ ഓടിക്കുക, അച്ചനോടും അമ്മയോടും സംസാരിച്ചിരിക്കുക, നല്ല ഒന്നാംതരം സോഡാ നാരങ്ങാ വെള്ളം കുടിക്കുക, അങ്ങനെ അങ്ങനെ ബക്കറ്റ് ലിസ്റ്റ് ൽ പെട്ടതും പെടാത്തതുമായ അനേകം കാര്യങ്ങൾ ചെയ്തു ഓരോ moment ഉം ആസ്വദിച്ച ഒരാഴ്ച. പ്രിയപ്പെട്ടവരോടൊപ്പം- അത് വീട്ടുകാർ ആവട്ടെ , കൂട്ടുകാരാവട്ടെ, അവരോടൊപ്പം മനസ്സ് തുറന്നും, ചിരിച്ചും, അവരെ കേട്ടും, ചെലവിടുന്ന ചില നിമിഷങ്ങൾ ആണ് എന്റെ ഏറ്റവും വലിയ ‘High’ എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ.

പെട്ടന്നുണ്ടായ ഒരു തോന്നലിന്റെ പുറത്തു തനിച്ചു നാട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു വെച്ചതാണ്. ഓഫീസ്‌ ജോലിയും, വീട്ടുകാര്യങ്ങളും, പിള്ളേരുടെ കാര്യങ്ങളും ഒക്കെയായി ഇങ്ങനെ ദിവസങ്ങൾ, വർഷങ്ങൾ ഒക്കെ കടന്നു പൊയ് ക്കൊണ്ടിരിക്കുകയാണ്. പിന്നീടൊരു നാൾ തിരഞ്ഞു നോക്കുമ്പോൾ ഞാൻ എനിക്കായ് മാത്രം മാറ്റി വെച്ച ചില നിമിഷങ്ങൾ എവിടെ എന്ന് മനസ്സാക്ഷി ചോദിച്ചാൽ പറയാനായി എന്തുണ്ട് എന്നൊരു തോന്നലിൽ നിന്നാണ് ഈ യാത്ര ഉടലെടുത്തത് .

കടുകിട വ്യത്യാസം വരുത്താതെ Routine life ജീവിച്ചു തീർക്കുക, നമ്മളില്ലെങ്കിൽ വീട് വീടാകില്ല എന്ന ചിന്തിച്ചു മാത്രം മുന്നോട്ടു പോകുക, ഇതിനുമൊക്കെ അപ്പുറം ഒന്നിറങ്ങി ചെന്നാൽ ജീവിതം നമുക്ക് ചിലപ്പോൾ ചില മനോഹര നിമിഷങ്ങൾ കൂടി സമ്മാനിക്കും… തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിക്കാനിട തരുന്നത്, മുന്നോട്ട് പോകാൻ കൂടുതൽ ഊർജ്ജം തരുന്നത്. അത് മാത്രമല്ല അച്ഛനും അമ്മയ്ക്കും പണ്ടത്തെ പോലെ നമ്മളെ ഒരു മകളായി മാത്രവും, നമ്മുടെ സുഹൃത്തുക്കൾക്ക് സുഹൃത്തായി മാത്രവും, സഹോദരങ്ങൾക്ക് സഹോദരിയായി മാത്രവും ഒക്കെ മാറാൻ കഴിയുന്ന അപൂർവ അവസരങ്ങൾ സൃഷ്ടിക്കുക തന്നെ വേണം. എങ്കിലേ നടന്നു വന്ന വഴികൾ, കാലം അവർക്കും നമുക്കും ഒക്കെ തന്ന മാറ്റങ്ങൾ, ഒക്കെ ഏറെ കൗതുകത്തോടെ നമുക്ക് നോക്കി നിൽക്കാനാവു. .ആ കാഴ്ചകൾ നമ്മളെ ഒന്നുകൂടി refine ചെയ്യുക തന്നെ ചെയ്യും.

ഇന്നലെ തിരിച്ചെന്റെ വീട്ടിലേക്കു, Windrush എന്ന ഈ സ്നേഹക്കൂട്ടിലേക്കു പറന്നിറങ്ങിയപ്പോൾ മനസ്സാകെ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയിരുന്നു. ഞാനിവിടെ ഇല്ലാത്തപ്പോഴും , ഉള്ളപ്പോഴും ഒക്കെ എന്റെ കുഞ്ഞുങ്ങളെ ഏറ്റവും സ്‌നേഹത്തോടെ ചേർത്ത് പിടിക്കുന്ന അമ്മയും അച്ഛനും, ഞാൻ എന്ന വ്യക്തിയെ, എന്റെ ഇഷ്ടങ്ങളെ, സ്വാതന്ത്ര്യത്തെ, തീരുമാനങ്ങളെ ഏറെ ബഹുമാനത്തോടെ കാണുന്ന എന്റെ പ്രിയതമനും ഒക്കെയുള്ള ഈ വീട് തരുന്ന സ്വാസ്ഥ്യം തന്നെ ആണ് എന്റെ ഇഷ്ടങ്ങളെ കൂടി ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടു പോകാനുള്ള ഊർജ്ജം.

ഇനി ഇതുപോലെ ഒരു ‘കോടുകുളഞ്ഞി വീട്ടിലെ മകൾക്കാലം’ സ്വപ്നം കണ്ടു കണ്ടു ഞാനെന്റെ സാധാരണ ജീവിതത്തിന്റെ രസങ്ങളിലേക്കു മടങ്ങുന്നു..

സുപ്രഭ ചിറ്റ..


സുപ്രഭചിറ്റക്ക് പ്രണാമം..ഇങ്ങനെ ഒരുപാട് നേരത്തെ അങ്ങു പോകുമെന്ന് പ്രതീക്ഷിച്ചില്ല.. ഇനിയൊരിക്കലും ആ ചിരി വിടരാത്തൊരു രാരിച്ചോടു വീട് ഓർക്കാൻ പോലും കഴിയുന്നില്ല..നിറമുള്ള ഏറെ കാഴ്ചകൾ കാണാൻ ബാക്കി നിൽക്കുമ്പോൾ ഇത്ര പെട്ടെന്നിങ്ങനെ അങ്ങ് പോയതെന്തിനായിരുന്നു..?

ചിറ്റയുടെ കഴിഞ്ഞ പിറന്നാളിന് എടുത്ത ഫോട്ടോ ആയിരുന്നു ഇത്. പുതിയ സെറ്റും ഉടുത്തു, നിറഞ്ഞ ഒരു ചിരിയുമായി മൈലപ്രയിലെ ഞങ്ങളുടെ വീടിന്റെ അടുക്കളയിലേക്കു ചിറ്റ ഓടി വന്നതായിരുന്നു ഞങ്ങളെ കാണാൻ. ” അച്ഛനും മക്കളും കൂടി ഞാൻ അറിയാതെ സർപ്രൈസ് ആയിട്ട് പിറന്നാൾ സമ്മാനമായി വാങ്ങി തന്നതാണീ നെക്‌ലേസ്” എന്ന് പറയുമ്പോൾ ആ മുഖത്തു ഒരു കൗമാരക്കാരി പെൺകുട്ടിയുടെ പ്രസരിപ്പായിരുന്നു..രണ്ടാമത്തെ ഫോട്ടോ ഞാൻ എടുത്തതായിരുന്നു. രണ്ടു വര്ഷം മുൻപേ ശ്രീക്കുട്ടിയുടെ കല്യാണത്തിന് ഒരുങ്ങി സുന്ദരിയായി അമ്പലത്തിനു മുന്നിൽ നിന്നപ്പോൾ എടുത്തത്. ..കാൻസർ നെ പൊരുതി തോല്പിച്ചു ജീവിതത്തിനെ നോക്കി മനോഹരമായി ചിരിച്ചു തുടങ്ങിയതായിരുന്നു ചിറ്റ അന്ന്.. ഇനി ആ ചിരി ഓർമ്മകളിൽ മാത്രം..

അവസാനമായി ഒന്ന് കാണാൻ, സംസാരിക്കാൻ ഒന്നും കഴിഞ്ഞില്ല. ജീവിതം എത്ര ചെറുതാണെന്നും, .ഈ ചില നിമിഷങ്ങൾ മാത്രമേ നമുക്കുള്ളൂ എന്ന് ഒരിക്കൽ കൂടി ഒന്നോർമ്മിച്ചു ഇപ്പോൾ..കത്തുന്ന നെയ്ത്തിരി നിലവിളക്കിനു മുൻപിൽ, ഇനിയൊരിക്കലും ഉണരാതെ ചിറ്റ ഉറങ്ങുമ്പോൾ ആ പാദങ്ങളിൽ അവസാനത്തെ പ്രണാമം.. അരികിൽ ഇല്ലെങ്കിലും രാരി അഫനെയും, ശ്രീക്കുട്ടിയെയും കുഞ്ഞുമോളെയും മനസ്സ് കൊണ്ട് ആവോളം ചേർത്ത് പിടിക്കുന്നു..

ഇല്ലാൻ കഥകൾ Part 3: രണ്ടു പട്ടിസ്നേഹികൾ!


തൻ്റെ മൂത്ത സഹോദരിയുടെ പാത പിന്തുടർന്ന് ഇല്ലാനും ഒരു കടുത്ത ജന്തു സ്നേഹിയായിട്ടാണ് വളർന്നു വരുന്നത്. ജന്തു എന്ന് പറഞ്ഞെങ്കിലും പട്ടി ആണ് രണ്ടിന്റേം favorite. പണ്ട് രണ്ടര വയസ്സിൽ പട്ടിയെ വാങ്ങിച്ചു തരാമോ എന്ന നവമിയുടെ അഭ്യർത്ഥന പട്ടി പ്രേമി അല്ലാത്ത അവളുടെ ‘അമ്മ ” ഒന്നുകിൽ ‘അമ്മ അല്ലെങ്കിൽ പട്ടി രണ്ടിൽ ഏതെങ്കിലും ഒന്ന് എന്ന് decide ചെയ്തോളണം” എന്ന അന്ത്യശാസനം നൽകി മുളയിലേ നുള്ളിയതിനാൽ പിന്നെ കുറേക്കാലം വല്യ ശല്യം ഇല്ലായിരുന്നു. ഇപ്പോൾ ചേച്ചിയും ഇളയ അനുജത്തിയും കൂടി സംഘം ചേർന്നാണ് ആക്രമണം. ഭാഗ്യത്തിന് രണ്ടാമത്തേത് എൻ്റെ side ആണ്.

കുറച്ചു നാൾ മുൻപ് ഗൂഡല്ലൂരിൽ അച്ഛന്റെ ഒരു ബന്ധു വീട്ടിൽ പോയപ്പോൾ അവിടെ ‘ലില്ലി’ എന്ന പേരുള്ള ഒരു പട്ടി ഉണ്ടായിരുന്നു. സാധാരണ പട്ടികളുടെ ഏഴയലത്തു പോലും പോകാത്ത എന്നോട് വരെ “വേണമെങ്കിൽ ഒന്ന് തൊട്ടു നോക്കിക്കോളൂ, ഞാൻ ഒന്നും ചെയ്യില്ല” എന്ന മട്ടിൽ നല്ല സ്നേഹത്തോടെ നോക്കുന്ന പാവം പട്ടി. അതിനെ കണ്ടതും എന്റെ രണ്ടു സന്തതികളും ആനന്ദലബ്ധിക്കിനി എന്ത് വേണം എന്ന മോഡിൽ അതിന്റെ കൂടെ തന്നെ അങ്ങ് താമസമായിരുന്നു. ഇടയ്ക്കു ഞാൻ ഒന്ന് നോക്കിയപ്പോൾ ചെറുത് അതിന്റെ കഴുത്തിൽ അങ്ങ് കെട്ടി പിടിക്കുന്നു. ദൈവമേ ഇത് എന്റെ തന്നെ കൊച്ചാണോ എന്ന് ഞാൻ തന്നെ അതിശയിച്ചു പോയ നിമിഷം ആയിരുന്നു! അതായിരുന്നു അവളുടെ പട്ടി സ്നേഹത്തിന്റെ നാന്ദി കുറിച്ച ദിവസങ്ങൾ. ഞാനും എന്റെ രണ്ടാമത്തെ സന്താതിയും ആ രണ്ടു ദിവസവും കൂടുതൽ സമയവും പട്ടി അടുത്തേക്ക് വന്നാൽ ആ വീട്ടിലെ dining table ന്റെ പുറത്തേക്കു എങ്ങനെ കയറാം, രണ്ടു പേരും കൂടി കയറിയാൽ ആ table ന്റെ അവസ്ഥ എന്താവും എന്നൊക്കെയുള്ള കൂലംകഷമായ ചിന്തകളിൽ വ്യാപൃതരായിരുന്നു. ഇല്ലാനാകട്ടെ അവിടെ നിന്നും തിരിച്ചു വന്നതിൽ പിന്നെ ഏതു പട്ടിയെക്കണ്ടാലും
“അയ്യോടാ…എന്തൊരു ക്യൂത് ആണ്, അതിനെ നമുക്ക് വീറ്റി കൊണ്ട് പോകാം” എന്ന മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയിരുന്നു.



ഇന്ന് ഇല്ലാൻ ഇല്ലാൻറെ usual കൊഞ്ചൽ time ൽ വളരെ സ്നേഹിച്ചു എനിക്ക് ഒരുമ്മയൊക്കെ തന്നിട്ട്, “അമ്മേ..നമുക്കൊരു കൊച്ചു പട്ടിയെ മേടിക്കാം” എന്ന് ! ഞാൻ ചോദിച്ചു പട്ടിയെ മേടിച്ചാൽ അതിനെ ആര് നോക്കും. “അത് ഇല്ലനും അമ്മിയും (നവമി ചേച്ചി അവൾക്കു അമ്മി ആണ്) നോക്കിക്കോളും” എന്ന് മറുപടി.ഞാൻ ബ്രഹ്‌മാസ്‌ത്രം ഇറക്കി “പട്ടി അപ്പിയിട്ടാൽ ആര് കളയും”. കുറച്ചു നേരം എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു ആലോചിച്ചു. പല പേരുകൾ മിന്നിമറഞ്ഞു എന്ന് തോന്നുന്നു. ഒന്നും workout ആകില്ല എന്ന് തോന്നിയത് കൊണ്ട് അവസാനം പറഞ്ഞു “നമുക്ക് മുനിയമ്മയെക്കൊണ്ട് വിത്തിയാക്കിക്കാം” എന്ന് !! . (മുനിയമ്മ ഞങ്ങളുടെ flat ലെ ഒരു സഹായി ആണ്). ഒരു പാട് കഷ്ടപ്പെട്ട് കാണുമല്ലോ ഇത്രയ്ക്കു ആലോചിച്ചു solution കണ്ടു പിടിക്കാൻ എന്ന് ഞാൻ സർക്കാസിച്ചു! പട്ടിയെ ആര് കുളിപ്പിക്കും എന്നായി എന്റെ അടുത്ത ചോദ്യം. അതിനും കുറെ ആലോചിച്ചു അവസാനം ഉത്തരം നൽകി..”അമ്മേ..നമുക്ക് ഒരു ‘അമ്മ പട്ടിയേം കൂടെ ഇങ്ങു മേടിക്കാം. അപ്പൊ ആ ‘അമ്മ പട്ടി കുഞ്ഞുപട്ടിയെ കുളിപ്പിക്കും,അപ്പി ഇടീപ്പിക്കും, ഉറക്കും എല്ലാം ചെയ്തോളും എന്ന്”!! പകച്ചു പോയി എന്റെ ശേഷിക്കുന്ന ബാല്യം!! അമ്മപ്പട്ടിയെ മാത്രം ആക്കണ്ട, ഒരു അച്ഛൻ പട്ടിയേം, രണ്ടു പട്ടി സഹോദരങ്ങളെയും കൂടി കൊണ്ട് പോരാം, എന്നിട്ടു അവരെ ഈ വീടങ്ങു ഏൽപ്പിച്ചിട്ടു നമുക്ക് വല്ല ദേശാടനത്തിനും പോകാം എന്നായിരുന്നു മനസ്സിൽ വന്ന മറുപടി! പക്ഷെ അത് പറഞ്ഞാൽ അവൾക്കു മനസ്സിലാവാൻ chance ഇല്ലാത്തതു കൊണ്ട് ഞാൻ ഒരു ദീർഘനിശ്വാസത്തിൽ മറുപടി ഒതുക്കി!!

സ്വന്തമായി കുഞ്ഞു ബുദ്ധി ഒക്കെ പ്രവർത്തിപ്പിച്ചു സൊല്യൂഷൻസ് ഒക്കെ കണ്ടു പിടിച്ചു പറയാറായിരിക്കുന്നു ഈ കടുക് മണി!!

ഇല്ലാൻ കഥകൾ part 2:Boyfriend!


ഇല്ലാന് ഒരു imaginary boyfriend ഉണ്ട്. ജീവൻ എന്നാണ് പേര്. എവിടെ നിന്നാണ് ഈ പേര് കിട്ടിയത് എന്ന് ഞങ്ങൾക്കാർക്കും അറിയില്ല. അവധിക്കാലത്തും നാട്ടിലേക്കുള്ള യാത്രയിൽ ആണ് ഞങ്ങൾ ഇല്ലാന്റെ നാവിൽ നിന്ന് ആദ്യമായി ഈ പേര് കേൾക്കുന്നത്. ഒരു nonstop പാട്ടിലായിരുന്നു തുടക്കം. ” ജീവന്റെ കല്യാണം..ജീവന്റെ കല്യാണം..” എന്നിങ്ങനെ പാടിക്കൊണ്ടിരുന്നു. ഞങ്ങൾ ചോദിച്ചു ആരാണീ ജീവൻ എന്ന്. അപ്പോൾ പറഞ്ഞു അതൊരു ‘red ജീവൻ’ ആണെന്ന്. ആരാണ് ജീവനെ കല്യാണം കഴിക്കുന്നതിനു ചോദിച്ചപ്പോൾ ഇല്ലാൻ എന്നായിരുന്നു ഉത്തരം. പിന്നെ പാട്ടിൻ്റെ വരികൾ “ഇല്ലാന്റേം ജീവന്റേം കല്യാണം” എന്നായി. എന്നാണു കല്യാണം എന്ന് ചോദിച്ചപ്പോൾ നാളെ എന്നുത്തരം.പിന്നീടെന്നും ചോദിച്ചാലും നാളെ എന്ന് തന്നെ ഉത്തരം. (എല്ലാ ദിവസവും നാളെ ഉണ്ടല്ലോ, അതാണൊരു ആശ്വാസം!!!)

അത്യാവശ്യം ബോധം വന്നതിൽ പിന്നെ ഒരു കല്യാണം പോലും കൂടാൻ അവസരം കിട്ടാത്ത കൊച്ചാണെന്നോർക്കണം. ആകപ്പാടെ പോയിട്ടുള്ളത് ബാലുവിന്റെയും കാർത്തികയുടെയും കല്യാണത്തിനാണ്. അന്ന് ഒരു കുന്നിക്കുരുവിന്റെ അത്രയുമേ ഉള്ളതായിരുന്നു താനം. ഇനി ഇപ്പൊ tv യിൽ നിന്ന് കിട്ടിയതാണോ എന്നോർത്താൽ വീട്ടിൽ “മലയാളം ന്യൂസ് ഉം പിന്നെ nursery rhymes ഉം, ‘ആയു പിഹുവും’ ഒന്നും അല്ലാതെ അല്ലാതെ മറ്റൊന്നും ടീവിയിൽ പ്രക്ഷേപണം ചെയ്യാറില്ല. അതിലൊന്നും ഒരു ജീവനും കല്യാണവും അവൾക്കു ഇത്ര striking ആയി വന്നതായി അറിവില്ല..

മാസങ്ങൾ രണ്ടു മൂന്നു കഴിഞ്ഞിട്ടും ഇപ്പോഴും ആ ജീവൻ എന്ന പേര് ഇടയ്ക്കിടെ ഇവിടെ മുഴങ്ങുന്നു!ഇന്നു പറഞ്ഞത് ഇല്ലാന് ഒന്ന് ജീവനെ കാണാൻ പോകണം. ഞാൻ ചോദിച്ചു അതെന്തിനാ ഇപ്പൊ പോകുന്നത് എന്ന് (Imagine that മറ്റേ അല്ലിക്കു ആഭരണം എടുക്കാൻ എന്തിനാ പോകുന്നത് ടോൺ!!) വല്യ ഗൗരവത്തിൽ പുരികം ഒന്ന് ചുളിച്ചു കണ്ണൊന്നു ചെറുതാക്കി എന്നെ നോക്കിയിട്ടു “അത് ഇല്ലാന് ജീവനെ വല്യ ഇട്ടമായത് കൊണ്ടാണ് പോകുന്നത്” എന്ന്!! ഇതിപ്പോ എന്ത് nastic noglomania ആണെന്ന് പിടികിട്ടുന്നില്ല!! ഏതു പൂർവ ജന്മസ്‌മൃതികളുടെ മായാവാതിലുകൾ തുറന്നാണ് ഈ ജീവൻ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതെന്നു മനസ്സിലാവുന്നില്ല. ഇനി Playschool ൽ എങ്ങാനും വിട്ടു തുടങ്ങുമ്പോൾ ജീവൻ എന്ന പേരുള്ള വല്ല കുട്ടിയേം കണ്ടാൽ അവന്റെ പിന്നാലെ പോകാതിരുന്നാൽ മതിയായിരുന്നു!!

പ്രണാമം..


സാവിത്രിക്കൊച്ചമ്മക്ക് പിന്നാലെ മുരളി അഫനും പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..വേരുകളുടെ അടരുകൾ ഒന്നൊന്നായി ഇങ്ങനെ മായുന്നത് കണ്ടു നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അരക്ഷിതത്വം..രാധാച്ചിറ്റ, സുര അഫൻ, സാവിത്രിക്കൊച്ചമ്മ, ഇപ്പോൾ മുരളി അഫനും..ഇവരൊക്കെ ഞങ്ങളുടെ കുട്ടിക്കാലത്തു അച്ഛനും അമ്മയും അമ്മൂമ്മയും ഒക്കെ കഴിഞ്ഞാൽ എന്നും കണ്ടു കൊണ്ടിരുന്ന മുഖങ്ങൾ ആയിരുന്നു..ഇനി ഒരിക്കലും കാണാൻ കഴിയാത്തവണ്ണം ഇവരൊക്കെ മാഞ്ഞു പോയിരിക്കുന്നു എന്നോർക്കാൻ വയ്യ..ഇവരുടെ ഒക്കെ ഒപ്പമെടുത്തിട്ടുള്ള ഒറ്റ ഫോട്ടോ പോലുമില്ല കൈയ്യിൽ..അല്ലെങ്കിലും ഒരു ഫോട്ടോക്കൊക്കെ അടയാളപ്പെടുത്താൻ കഴിയുന്ന ഓർമ്മകൾക്ക് പരിധിയുണ്ടല്ലോ..

ജനുവരിയിൽ നാട്ടിൽ പോയപ്പോൾ കണ്ട മുരളി അഫൻ പണ്ടത്തെ പോലെ എപ്പോഴും പ്രസരിപ്പുള്ള ചിരിയുള്ള, മുഴങ്ങുന്ന ശബ്ദമുള്ള ആ പഴയ ആളായിരുന്നില്ല..സാവിത്രിക്കൊച്ചമ്മ പോയപ്പോൾ തകർന്നു പോയ ഒരു മനുഷ്യന്റെ നോവുള്ള ഒരു ചിരിയായിരുന്നു ആ മുഖത്തു..ഞങ്ങളുടെ ഒക്കെ വിവാഹ സമയത്തു ഉറച്ച ഒരു നേടും തൂൺ പോലെ അച്ഛനൊപ്പം മുരളി അഫനുണ്ടായിരുന്നു. എനിക്കോർമ്മയുണ്ട് എന്റെ കഴുത്തിൽ താലി വീഴുന്ന ആ നിമിഷത്തിൽ അച്ഛനൊപ്പം തൊട്ടു പിന്നിൽ മുരളി അഫനായിരുന്നു നിന്നതു. ഏറ്റവും നന്നായി അത് മുറുക്കാൻ മുരളി അഫനാണ് കഴിയുന്നതെന്ന് ‘അമ്മക്കു ഒരു വിശ്വാസമുണ്ടായിരുന്നു..ഒരു വലിയ ശൂന്യത അവശേഷിപ്പിച്ചു തന്നെയാണ് ആ മടക്കം..

ഇന്നലെ അമ്മ ഇടറുന്ന സ്വരത്തിൽ ഈ വാർത്ത പറഞ്ഞു വിളിച്ചപ്പോൾ വല്ലാത്തൊരു ശൂന്യത ആയിരുന്നു മനസ്സിൽ..വേരുകൾ മുറിയുമ്പോൾ ഉള്ള വേദന മറക്കാൻ എന്നവണ്ണം ആദ്യം ചേച്ചിയേം അനിയത്തിയേയും പിന്നെ ഒരിക്കലും പതിവില്ലാത്ത പോലെ ശ്രീക്കുട്ടിയെയും, ശരത് ചേട്ടനെയും, സുദർശിനെയും, സൂരജിനെയും, വാവാച്ചിയെയും ഒക്കെ വിളിച്ചു സംസാരിച്ചു. .ഇവരോടൊക്കെ കുറച്ചു നേരം സംസാരിച്ചപ്പോൾ എന്തോ ഒരു സമാധാനം..പിന്നെയും ആരോടൊക്കെയോ മുരളി അഫനെ പറ്റി സംസാരിക്കണം എന്ന് തോന്നിപ്പോയി.

വർത്തമാനകാല ജീവിതത്തിന്റെ ബഹളങ്ങളിൽ മുഴുകി നടക്കുമ്പോൾ ജനിച്ച വീട്, ബന്ധങ്ങൾ, കണ്ടു കൊണ്ടിരുന്ന മനുഷ്യർ ഇവരൊക്കെ നമുക്ക് എത്രമേൽ പ്രിയപ്പെട്ടതാണെന്നു എപ്പോഴുമൊന്നും ഓർക്കാറില്ലല്ലോ നമ്മൾ..അതിലൊന്ന് നഷ്ടപ്പെടുന്ന നേരത്തു അവർ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ദിവസങ്ങൾ, നിമിഷങ്ങൾ കഴിഞ്ഞ കാലങ്ങൾ എല്ലാം ഒരു തിരമാല പോലെ നമ്മളെ വന്നു പൊതിയും. തിരിച്ചു നടക്കാനുള്ള വഴികൾ ഇല്ലായ്‌മ എന്ന വലിയ സത്യം നമ്മളെ വേദനിപ്പിക്കും..അതിൽ നിന്നും രക്ഷപ്പെടാൻ കൂടെയുള്ളവരെ, ആവോളം ചേർത്ത് പിടിക്കാൻ തോന്നും..കാലത്തിന്റെ മഹാപ്രവാഹത്തിനിടയിലെ നഷ്ടങ്ങളാണ്..തിരിച്ചു പിടിക്കാൻ കഴിയില്ല എന്നുമറിയാം..പക്ഷെ.. ഒന്നിനെക്കുറിച്ചും ആകുലതകളില്ലാതെ ഇവരുടെയൊക്കെ കൂടെ ആടിപ്പാടി നടന്ന ആ പഴയ കുട്ടിക്കാലം നഷ്ട്ടപെടാതിരുന്നിരുന്നെങ്കിൽ എന്ന് മാത്രം തോന്നിപ്പോകുന്നു..

ഇല്ലാൻ കഥകൾ


‘ഇല്ലാൻ കഥകൾ’ ഒന്നും ഇത് വരെ എഴുതി തുടങ്ങിയിരുന്നില്ല. പാല് കുടിക്കുകയും, ഉറങ്ങുകയും, ചിരിക്കുകയും, കരയുകയും ഒക്കെ മാത്രം ചെയ്തു കൊണ്ടിരുന്ന ഒരു കുഞ്ഞു കുന്നിക്കുരുവിൻറെ അത്രയും ഉള്ളവളെ പറ്റി എഴുതാനും മാത്രം കഥകൾ ഒന്നും ഇല്ലായിരുന്നു. അടുത്തയിടെ ആ കുന്നിക്കുരു കുറച്ചു വളർന്നോ എന്നൊരു സംശയം!! അപ്പോൾ പിന്നെ ഇല്ലാൻ കഥകൾ ഒന്ന് തുടങ്ങി വെച്ചേക്കാം എന്ന് വിചാരിചു.

ഇല്ലാൻ എന്നത് എന്റെ ഇളയപുത്രി അവളെ സ്വയം വിളിക്കുന്ന പേരാണ്. അത് എങ്ങനെ വന്നു എന്നത് explain ചെയ്യാൻ തന്നെ കുറച്ചു പാടാണ് . നിഹാരിക എന്നതാണ് അവളുടെ ഔദ്യോഗിക നാമം. അത് അവളെക്കൊണ്ടും ഞങ്ങളെക്കൊണ്ടും എല്ലാദിവസവും ഒന്നും എടുത്താൽ പൊങ്ങാത്തതു കൊണ്ട് ഞങ്ങൾ അവളെ നിയ എന്ന് വിളിച്ചു. നിയയെ കൊഞ്ചിച്ചു ചേച്ചിമാർ നിയക്കുട്ടി എന്നും ചിലപ്പോൾ നിയക്കുട്ടൻ എന്നും വിളിച്ചു. അത് കേട്ട് കേട്ട് അവൾ അവളെ ‘ഇല്ലക്കുട്ടൻ’ എന്ന് വിളിച്ചു. കുറച്ചു നാൾ ആയപ്പോൾ അത്രയ്ക്ക് ബുദ്ധിമുട്ടണ്ട എന്നോർത്ത് അവൾ അവളെ ‘ഇല്ലാൻ’ എന്ന് വിളിക്കാൻ തുടങ്ങി. ഇല്ലാൻ ലോകത്തുള്ള സകല കാര്യങ്ങളും പറയും. അമ്മൂമ്മയുടെ കൂടെയിരുന്നു വാർത്ത ചാനലുകളും, പരസ്യങ്ങളും ഒക്കെ കണ്ടു ഗാന്ധിജിയെയും, ശശി തരൂരിനെയും , മോദിയെയും, മോഹൻലാലിനെയും, ഒക്കെ തിരിച്ചറിയാം, പക്ഷെ ഇത് വരെ സ്വന്തം നാമധേയം മര്യാദക്ക് pronounce ചെയ്യാൻ ആൾക്ക് പറ്റിയിട്ടില്ല. എന്നാൽ പിന്നെ ഇല്ലാൻ എങ്കിൽ ഇല്ലാൻ ആയിക്കോട്ടെ എന്ന് ഞങ്ങളും വിചാരിച്ചു. (ഇലോൺ മസ്ക് നെ ഓർമ്മ വരും എനിക്ക് ആ പേര് കേൾക്കുമ്പോൾ!!)

പറഞ്ഞു തുടങ്ങിയാൽ “ഇല്ലാൻ അത് ചെയ്തു ഇത് ചെയ്തു” എന്ന് തള്ള് ആണ് (വലുതാവുമ്പോൾ ഒരു മൊൻഡേൻ ൻറെ (mountain )പുറത്തു trekkingനു പോകും എന്ന് അടുത്തയിടെ പറഞ്ഞു. ആരുടെ കൂടെയാണ് യാത്ര എന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ” ഇല്ലാനും കപ്പനും (കംസൻ) കൂടെ ബൈക്കിൽ ആണ് പോകുന്നത് എന്നാണ് !! നല്ല best company എന്ന് ഞാൻ മനസ്സിൽ പറഞ്ഞു!! സാധാരണ കൃഷ്ണന്റെ കൂടെ പോകും എന്നൊക്കെ കുഞ്ഞുങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ ഒരു variety ആയിക്കോട്ടെ എന്ന് വിചാരിച്ചാവും കംസനെ കൂട്ട് പിടിച്ചത്!!

ഇല്ലാൻ ഒരു സംഭാഷണപ്രിയയാണ്. കൂടെയിരുന്നു കൊഞ്ചിച്ചു ഇങ്ങനെ വർത്തമാനം പറഞ്ഞു കൊണ്ടിരുന്നാൽ മണിക്കൂറുകൾ വേണമെങ്കിലും നമ്മളെ ചുറ്റി പറ്റി ഇങ്ങനെ ഇരുന്നോളും. പാട്ടും സ്നാക്ക്സ് ഉം ആണ് അടുത്ത രണ്ടു weakness. രണ്ടും ഒരുമിച്ചു കിട്ടിയാൽ അത്രയും സന്തോഷം. കപ്പലണ്ടി മുട്ടായി, എള്ളുണ്ട, pomegranate, ബിസ്ക്കറ്റ്, ചോക്കോസ്, പൊരി, ഉപ്പേരി, ശർക്കരവരട്ടി, ഉണ്ണിയപ്പം എന്ന് വേണ്ട junk എന്നോ healthy എന്നോ യാതൊരു ഭേദ വ്യത്യാസങ്ങളും ഇല്ലാതെ വൈവിധ്യമാർന്ന സ്നാക്ക്സ് വീട്ടിൽ available അല്ലെങ്കിൽ അവളുടെ വിധം മാറും! പിന്നെ ബോറടിയായി, കരച്ചിലായി, അമ്മൂമ്മയോടു വഴക്കായി..

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല എന്നതാണ് അടുത്ത feature. നാട്ടിൽ പോയപ്പോൾ ട്രെയിനിൽ അലമ്പുണ്ടാക്കിയപ്പോൾ ഞാൻ പറഞ്ഞു പോലീസിനെ വിളിക്കും. “അമ്മേ പോലീചിനെ ഒന്ന് വിളിക്കമൊന്നു” ആണ് മറുപടി. തുടർന്ന് കുറുക്കൻ. ബൗ ബൗ, ലയൺ, TT R, Security തുടങ്ങി കുറെ അധികം ഭീഷണി options ഞാൻ കൊടുത്തു നോക്കി. ഒന്നും ഏറ്റില്ലാ എന്ന് മാത്രം അല്ല, യാതൊരു കൂസലുമില്ലാതെ സ്വന്തം അലമ്പ് പരിപാടികളുമായി അവൾ മുന്നോട്ടു പോയി. സ്നാക്ക്സ് അക്ഷയപാത്രം ഉണ്ടെങ്കിൽ പ്രശ്നമില്ല.അല്ലെങ്കിൽ അപ്പുറത്തെ ട്രാക്കിൽ പോകുന്ന ഒരു ട്രെയിൻ കാണുമ്പോൾ “ഇല്ലാന് ആ ട്രെയിനിൽ കയറിയാൽ മതി, ഇത് വേണ്ട. അല്ലെങ്കിൽ കാർ മതി ഇപ്പൊ വീട്ടിൽ പോകണം എന്ന് തുടങ്ങി ‘രാഗവിസ്താരം’ ആരംഭിക്കും.ട്രെയിനിൽ ഉള്ള വല്യ കുട്ടികളുടെ അമ്മമാർ ആശ്വാസത്തോടെ സ്വന്തം പിള്ളേരെ നോക്കും- തന്റെ കൊച്ചു ഇത്രയ്ക്കു വളർന്നല്ലോ, എന്തൊരു ആശ്വാസം എന്ന മട്ടിൽ!!) ഞാൻ നല്ല അസൂയയോടെയും!! . പേടി എന്നൊരു സാധനം അറിയാത്തതിനെ എങ്ങനെ പേടിപ്പിക്കാനാണ്. ദേഷ്യപ്പെട്ടാൽ നമ്മുടെ മുഖത്തു നോക്കി ചിരിച്ചോണ്ടിരിക്കും നമുക്ക് ചിരി പൊട്ടുന്നത് വരെ.. കഴിഞ്ഞ ദിവസം എന്തോ കാര്യത്തിന് ഞാൻ കുറെ ദേഷ്യപ്പെട്ടപ്പോൾ അവൾ എന്നെ നോക്കിട്ടു ” അമ്മെ ഇത് നിവി ചേച്ചിയല്ല, ഇത് ഇല്ലാൻ ആണെന്ന്!!:വഴക്കു എന്നൊക്കെ പറഞ്ഞാൽ അത് ചേച്ചിമാർക്കു ഉള്ളതെന്നും അവൾക്കു ഇതൊന്നും ബാധകമല്ല എന്നൊരു തെറ്റിദ്ധാരണ കുട്ടിക്ക് വന്നിട്ടുണ്ടെന്ന് തോന്നുന്നു!!

പക്ഷെ എന്തൊക്കെ പറഞ്ഞാലും വീടിന്റെ കിലുക്കം ഇപ്പോൾ അവളാണ്. ചേച്ചിമാർ രണ്ടും സ്കൂളിൽ പോയിക്കഴിഞ്ഞാൽ കിന്നാരം പറഞ്ഞു അപ്പൂപ്പനും അമ്മൂമ്മക്കും ഒപ്പം നടക്കാനും, meetings ഒക്കെ കഴിഞ്ഞു ഒന്ന് ശ്വാസം വിടാനായി കതകു തുറക്കുമ്പോൾ ഒരു സുനാമി പോലെ ഓടി വന്നു കെട്ടിപിടിച്ചു ശ്വാസം മുട്ടിക്കാനും, ചേച്ചിമാർ സ്കൂളിൽ നിന്നും വരുമ്പോൾ യൂണിഫോം നനക്കാനായി കൂടയിൽ കൊണ്ടിടുക, ID കാർഡ് എടുത്തു ടേബിൾ ൽ കൊണ്ട് വെക്കുക തുടങ്ങിയ ശിങ്കിടി പണികൾ ചെയ്യാനും ഒക്കെ അവളുണ്ട്. ഈ വീടിന്റെ..ഞങ്ങളുടെ.. ഹൃദയതാളമായി, പ്രാണവായുവായി, ദൈവം പറഞ്ഞയച്ചവൾ..!

വീട്ടിലൊരു pet നെ വേണമെന്നാണ് നവമിയുടെ ആഗ്രഹം. ഇതിലും നല്ല ഒരു pet സ്വപനങ്ങളിൽ മാത്രം എന്നാണു ഞാൻ ഇല്ലാനെ കാണിച്ചു കൊണ്ട് പറയുന്നത്. ഞാൻ നിനക്ക് തന്നിരിക്കുന്നു നീ അങ്ങ് വളർത്തിക്കോളാൻ പറഞ്ഞിട്ട് നവമി അപ്പോഴേ അവിടുന്ന് ഓടി രക്ഷപ്പെട്ടു!!

ഞങ്ങളുടെ നർത്തകി: കാർത്തിക നാരായണൻ (കലാക്ഷേത്ര)


തിരുവാറന്മുളക്കണ്ണൻറെ ആറാം ഉത്സവരാവ് ധന്യമായത് ഞങ്ങളുടെ കാർത്തികയുടെ ഭരത നാട്യസമർപ്പണത്താലാണ്..കറയറ്റ ആ കലാകാരിയുടെ കാൽച്ചിലങ്കകളും, കൈമുദ്രകളും, ഭാവപൂർണ്ണതയും അക്ഷരാർത്ഥത്തിൽ വേദിയിൽ ഒരു കവിത തീർത്തു എന്ന് തന്നെ പറയാം .

ഹംസധ്വനി രാഗത്തിൽ രൂപക താളത്തിൽ പുഷ്‌പാഞ്‌ജലിയിൽ ആരംഭിച്ച കച്ചേരി, തുടർന്ന് “സ്വാമീ നാൻ ഉന്തെൻ അടിമൈ” എന്ന് പരമശിവനെ പ്രകീർത്തിച്ചു ‘നാട്ടക്കുറിഞ്ചി’ രാഗത്തിൽ ആദിതാളത്തിൽ ഉള്ള വർണ്ണം ആടുമ്പോൾ സാക്ഷാൽ നടരാജ സ്വാമി പ്രത്യക്ഷനായി വന്നുടൻ അനുഗ്രഹം ചൊരിയും എന്ന് തോന്നിപ്പോയിരുന്നു സദസ്സിനു.. കലയുടെയും ഭക്തിയുടെയും രാഗതാളലയങ്ങളുടെയും സമർപ്പണത്തിന്റെയും സമഞ്ജസ സമ്മേളനമാർന്ന ഒരു അനുഗ്രഹീത രാവിനായിരുന്നു തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രാങ്കണം സാക്ഷ്യം വഹിച്ചത്.

ചെന്നൈ കലാക്ഷേത്രയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ കാർത്തിക നാരായണനൊപ്പം പ്രതിഭാധനരായ മറ്റു കലാകാരന്മാരും വേദി പങ്കിട്ടിരുന്നു. നട്ടുവാങ്കത്തിൽ പ്രശസ്ത സംഗീതജ്ഞനും നട്ടുവനാരും കാർത്തികയുടെ ഗുരുവും ആയ ശ്രീ നട്ടുവനാർ K. S ബാലകൃഷ്ണൻ, വായ്പ്പാട്ട് ശ്രീ കോട്ടയം ജമനീഷ്‌ ഭാഗവതർ, മൃദംഗം ശ്രീ കലാമണ്ഡലം ശ്രീരംഗ്, വയലിൻ ശ്രീ ആദർശ് അജയകുമാർ, ലൈറ്റിങ്ങ് ഡിസൈനേഴ്സ് ശ്രീ ശിവൻ വെങ്കിടങ്ങും, ശ്രീ അരുൺ രാമചന്ദ്രനും വേദി പങ്കിട്ടു.

തന്റെ ഏഴാമത്തെ വയസ്സിൽ ആരംഭിച്ച കലാസപര്യ ഇന്ത്യക്കകത്തും പുറത്തും ഉള്ള അനേകം വേദികളിലെ തിളക്കമാർന്ന പ്രകടനങ്ങളിലൂടെയും, അനേകം ശിഷ്യഗണങ്ങളിലൂടെയും ഒരു തപസ്യ പോലെ കൊണ്ട് പോകുന്ന അനുഗ്രഹീത കലാകാരിയാണ് കാർത്തിക. ഈ വരുന്ന ജനുവരി 24 നു ചൊവ്വാഴ്ച രാത്രി 8. 30 നു ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ കാർത്തികയുടെ ഭരതനാട്യം കച്ചേരി ഉണ്ടായിരിക്കുന്നതാണ്. സഹൃദയർക്കു സ്വാഗതം. പ്രിയപ്പെട്ട അനുജത്തിക്ക് എല്ലാ ഭാവുകങ്ങളും.. Program Video link

ഓർമ്മ..


ഇന്ന് തിരുവാതിര. തിരുവാതിര ആയാലും, ഓണം ആയാലും, വിഷു ആയാലും, മറ്റെന്തു വിശേഷമായാലും ആദ്യം മനസ്സിലേക്കോടിയെത്തുന്നത് കോടുകുളഞ്ഞി അമ്മൂമ്മയാണ്..മണ്ണോടടിഞ്ഞാലും ഒരു മനുഷ്യന് നമ്മുടെ ജീവിതത്തിൽ എത്ര ആഴത്തിൽ പതിയാമോ അത്ര ആഴത്തിൽ ഓർമ്മകളായി ഓരോ ദിവസവും ഓരോ നിമിഷവും മടങ്ങി വരുമ്പോൾ തോൽക്കുന്നത് മരണം തന്നെയാണ്.. പല ദിവസങ്ങളിലും സ്വപ്നത്തിൽ അമ്മൂമ്മയുണ്ട്. മരിച്ചു പോയ ഒരാളായിട്ടല്ല തോന്നുന്നത്. എന്നും കൂടെ തന്നെയുള്ള ഒരാളായി..

ഇന്നലെ എട്ടങ്ങാടി നേദിച്ചപ്പോൾ , ഇന്ന് ഇവിടെ അമ്മയുണ്ടാക്കിയ തിരുവാതിര പുഴുക്ക് കഴിച്ചപ്പോൾ ഒക്കെ മരണം പിന്നെയും പിന്നെയും തോറ്റു കൊണ്ടിരുന്നു..എന്തൊരു ഉജ്ജ്വലമായ സ്നേഹ ജ്വാലാ പ്രവാഹം ആയിരുന്നു..കാലത്തിനും മരണത്തിനും മറ്റൊന്നിനും തരിമ്പു പോലും കെടുത്തിക്കളയാനാവാത്തതു ഒന്നേയുള്ളു എന്ന് തോന്നുന്നു ..ഇത് പോലെ കലർപ്പില്ലാത്ത സ്നേഹത്തിനെ. ഞങ്ങൾ അത്രമേൽ ധന്യരായ ഭാഗ്യം ചെയ്ത കൊച്ചുമക്കൾ ആയിരുന്നു ആ സ്നേഹത്തണലിൽ പൂത്തു വിടരുവാൻ..

Rajasthan Diaries (Part 6 ): വിട..


അതിരാവിലെ എണീറ്റ് നടക്കാൻ പോകുന്ന ഒരു സംഘം ഉണ്ടായിരുന്നു ഞങ്ങളുടെ ഇടയിൽ. ചേട്ടനും, ചേച്ചിയും, പിള്ളേരും, പിന്നെ ആരൊക്കെ താല്പര്യപ്പെടുന്നൂ അവരും കൂടി. രാവിലെ എണീറ്റാൽ തണുപ്പിന്റേം, ഉറക്കത്തിന്റെ അസുഖം ഉള്ള കാരണം ഞാൻ ആ പുലർകാല നടത്ത ഗ്രൂപ്പിൽ ഒരിക്കലും അബദ്ധത്തിൽ പോലും ചെന്ന് കയറിയില്ല!! ജൈസൽമേർ ലെ ആ അവസാന ദിവസം നടക്കാൻ പോയവർക്ക് മരുഭൂമിയിലെസ്വർണ്ണ മണൽ ആർക്കോ എപ്പോഴോ നഷ്ടപ്പെട്ടു പോയ ഒരു ഫോൺ സമ്മാനിച്ചു. തിരികെ ടെന്റിൽ കൊണ്ട് വന്നു ഫോൺ ചാർജ് ചെയ്തു ഓൺ ആക്കി. ടെക്കികളുടെ ഒരു സംഘം തന്നെ കൂടെ ഉള്ളത് കൊണ്ട് എന്താവും പാസ്സ്‌വേർഡ് എന്ന ആലോചന കൂലങ്കഷമായി നടന്നു. കൊച്ചു ടെക്കി ആദി first attempt ൽ തന്നെ പാസ്സ്‌വേർഡ് crack ചെയ്തു. വളരെ മികച്ച ഒരു password ആയിരുന്നു: 123 !!!ഫോൺ എടുത്തു വിളിച്ചപ്പോൾ അങ്ങ് ഗുജറാത്തിൽ നിന്ന് ഒരു സന്തോഷ സ്വരം..”ഫോൺ മിൽ ഗയാ….” അവർ തിരിച്ചു അവരുടെ നാട്ടിൽ എത്തിയിരുന്നു.നഷ്ട്ടപെട്ട ഫോൺ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും അവർ പ്രതീക്ഷിച്ചു കാണില്ല. അഡ്രസ് ഒക്കെ വാങ്ങി ഫോൺ courier ചെയ്യാൻ ഏർപ്പാടൊക്കെ ചെയ്തു. നഷ്ട്ടപെട്ട ഒരു സാധനം തിരിച്ചു കിട്ടിയാലുള്ള ആ മനുഷ്യന്റെ ഒരു സന്തോഷം എത്രയുണ്ടാവും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു..അതിപ്പോൾ ഇങ്ങേയറ്റം ഒരു കൊച്ചു പെൻസിലോ പേനയോ..മുതൽ അങ്ങേയറ്റം ബന്ധങ്ങൾ വരെ തിരിച്ചു കിട്ടുമ്പോൾ ആവും യഥാർത്ഥത്തിൽ സന്തോഷം എന്നതിന്റെ ശരിയായ അർത്ഥം നമ്മളറിയുന്നതു..

എല്ലാവരും കുളിച്ചൊരുങ്ങി ഭക്ഷണം ഒക്കെ കഴിച്ചു ടെന്റിനോട് വിടപറഞ്ഞിറങ്ങി. ആദ്യം പോയത് “കുൽധാര ” യിലേക്കാണ്. കുൽധാരയുടെ മറ്റൊരു പേര് The Haunted village എന്നാണ്.13th Century ൽ ഉണ്ടായ ഒരു ഗ്രാമം. 64 communities of Paliwal Brahmins സന്തോഷത്തോടെ കഴിഞ്ഞിരുന്നു കുൽധാരയിൽ. 19th Century ൽ ഒരു സുപ്രഭാതത്തിൽ ഈ ഗ്രാമത്തിലുള്ള അനേകായിരം മനുഷ്യർ യാതൊരു അടയാളങ്ങളും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. അതിനൊരു കാരണം ഉണ്ടായിരുന്നു.

Jaisalmer state minister ആയിരുന്ന Salim Singh ഒരിക്കൽ ഈ ഗ്രാമത്തിൽ അവിചാരിതമായി വരികയും ഗ്രാമമുഖ്യന്റെ മകളെ കാണാനിടയാകുകയും ചെയ്തു എന്ന് locally പറഞ്ഞു കേൾക്കുന്ന ഒരു കഥയുണ്ട്. പെൺകുട്ടിയെ തന്റെ കൂടെ വിടണം എന്ന് സലിം ഖാൻ ആവശ്യപ്പെട്ടു, പക്ഷെ ഗ്രാമമുഖ്യനും മറ്റുള്ളവരും അതിനെ എതിർത്തു. സേനാബലത്തോടെ പിറ്റേന്ന് അവളെ കൊണ്ട് പോകാൻ താനെത്തും കാത്തിരുന്നോളാൻ എന്നൊരു ഭീഷണി മുഴക്കി മന്ത്രി മടങ്ങിയപ്പോൾ ആ ഗ്രാമം മൊത്തം ഭീതിയിലായി. ആ രാത്രി പുലരും മുൻപ് ആ ഗ്രാമത്തിലുള്ളവർ മുഴുവൻ എങ്ങോട്ടോ പോയി മറഞ്ഞുവെന്നും, എങ്ങോട്ടു, എങ്ങനെ, അതും ഇത്രയും നിശ്ശബ്ദമായി അടയാളങ്ങളായി ഒന്നും അവശേഷിപ്പിക്കാതെ എങ്ങനെ അവർ അപ്രത്യക്ഷരായി എന്നത് ആണ് അതിലെ അത്ഭുതം. ഒരു പെൺകുട്ടിയുടെ അഭിമാനം സംരക്ഷിക്കാനായി ഒരു ഗ്രാമം മുഴുവൻ ഒരുമിച്ചു നിന്ന കഥ ഏറെ കൗതുകത്തോടെ ആണ് ഞങ്ങൾ കേട്ടത്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കളിമൺ വീടുകളാണ് അവിടെ മുഴുവനും. ആ സ്ഥലം commercialize ചെയ്യാൻ കഴിയുന്നില്ല എന്നും, അത് പോലെ തന്നെ നില നിർത്താൻ മാത്രമേ കഴിയുന്നുള്ളു എന്നുമൊക്കെ കഥകൾ കേൾക്കുന്നു. ഒരുപാട് മനുഷ്യരുടെ കണ്ണീരും സ്വപ്നങ്ങളും ബാക്കി നിൽക്കുന്ന ഇടമായതു കൊണ്ടാവും..

അവിടെ നിന്നും ഒരു Jain temple കൂടി കണ്ടു ഞങ്ങൾ തിരികെ ജോധ്പുർ ലക്ഷ്യമാക്കി യാത്രയായി. ജോധ്പുരിൽ നിന്നും പിറ്റേന്ന് ആയിരുന്നു ഞങ്ങളുടെ മടക്ക യാത്ര ഫ്ലൈറ്റ്. രാത്രി ജോധ്പുർ വന്നു അവസാന round ഷോപ്പിംഗ് ഒക്കെ നടത്തി, അതും ഞങളുടെ മനസ്സിലുള്ളത് പോലെ സ്ട്രീറ്റ് ഷോപ്പിംഗ്..


പിറ്റേന്ന് രാവിലെ പിറ്റേന്ന് രാവിലെ Umaid Bhavan Palace സന്ദർശിച്ചിട്ടു ജോധ്പുർ airport ൽ നിന്നും ഞങ്ങൾ ബാംഗ്ലൂർ ക്കും, ചേച്ചിയും കുടുംബവും കൊച്ചിക്കും മടങ്ങി..യാഥാർഥ്യങ്ങളുടെ ലോക ത്തിലേക്ക് മടങ്ങാതെ തരമില്ലല്ലോ..എങ്കിലും എല്ലാവരും ഒന്ന് നന്നായി റീചാർജ്ഡ് ആയി, ഒരു ജീവിതകാലത്തിലേക്കുള്ള ഓർമ്മകളുമായിട്ടായിരുന്നു ആ മടക്കം..

Rajasthan Diaries (Part  5): Jaisalmer Desert Camp Night 


ഒട്ടക യാത്ര ഒക്കെ കഴിഞ്ഞു പരിക്ഷീണരായ ഞങ്ങൾ മരുഭൂമിയിൽ അസ്തമയസൂര്യനെ സാക്ഷിയാക്കി കുറച്ചു photos ഒക്കെ എടുത്തത്തിനു ശേഷം ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങി. അവിടെ ചെന്നിറങ്ങിയപ്പോൾ ഞങ്ങളെ വരവേൽക്കാൻ ഒരു രാജസ്ഥാനി പരമ്പരാഗത വേഷധാരിയായ യുവതിയും പിന്നെ കുറച്ചു ചെണ്ട മേളക്കാരും. ‘കട്ട മേക്കപ്പ് ഒക്കെ ഇട്ടു കുട്ടപ്പി’യായിട്ടാണ് നമ്മുടെ താരം. ഞങ്ങളെ വരവേൽക്കാൻ ഇത്ര മേക്കപ്പോ സംഭവം കൊള്ളാല്ലോ എന്ന് വിചാരിച്ചു. പിന്നീടാണ് മനസ്സിലായത് അടുത്ത ഇനമായ നൃത്തനൃത്യങ്ങൾക്കുള്ള makeup ഉം വേഷവിധാനവും ഒക്കെയെന്നു.

ഒരു open theatre മോഡലിൽ ഉള്ള സ്ഥലത്തു ആണ് പരിപാടികൾ. ദുബായ് ൽ Desert സഫാരി ൽ ഉള്ള ബെല്ലി ഡാൻസ് ന്റെ രാജസ്ഥാൻ മോഡൽ substitution ആണ് നേരത്തെ കണ്ട ആന്റിയുടെ dance. നല്ല ഒന്നാംതരം movements..കണ്ടാൽ കൊതുകിനെ ഓടിക്കുകയാണെന്നു തോന്നും!!പിന്നെ snacks ഉം ചായയും ഒക്കെ കിട്ടിയൊണ്ട് ഞങ്ങൾ അടങ്ങി അവിടെയിരുന്നു കാണാൻ തീരുമാനിച്ചു. തലപ്പാവൊക്കെ  അണിഞ്ഞു പാട്ടു പാടാൻ കുറച്ചു പേരും ഉണ്ട് വേദിയിൽ. 

‘കൊതുകിനെ ഓടിക്കൽ ഡാൻസ് ‘കഴിഞ്ഞപ്പോൾ വേറൊരു ആന്റി വന്നു. അവരുടെ ഡാൻസ് നന്നായിരുന്നു. പക്ഷെ ഒറ്റക്കുഴപ്പം മാത്രം. ഇടയ്ക്കിടയ്ക്ക് അവർ കറങ്ങി കറങ്ങി audience ഇരിക്കുന്ന സ്ഥലത്തേക്ക് വരും. എന്നിട്ട് അവിടുന്ന് ഒരാളെ കൂടി കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു നടുക്ക് കൊണ്ട് പോയി നിർത്തി ഡാൻസ് കളിയ്ക്കാൻ ആഹ്വനം ചെയ്യും!! തീർന്നില്ലേ!! പണ്ട് പത്താം ക്ലാസ്സിൽ പൊന്നമ്മ ടീച്ചർ randomly question ചോദിക്കാനായി ക്ലാസ്സിലെ കുട്ടികളെ നോക്കുന്നത് പോലെ ഈ dance aunty തൻ്റെ അടുത്ത ഇരയെ നോക്കി നോക്കിഇങ്ങനെ ചുറ്റി കറങ്ങുമ്പോൾ ഞങ്ങൾ അവരെ നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു! ഇനി എങ്ങാനും നോക്കിപ്പോയാൽ അവർ നമ്മളെ പിടിച്ചാലോ എന്നൊരു ഭയം ഞങ്ങളുടെ എല്ലാവരുടെയും  മുഖങ്ങളിലും! 

ഞാൻ ചേച്ചിയെയോ ചേച്ചി എന്നെയോ  നോക്കിയാൽ അപ്പോൾ ചിരി പൊട്ടുന്ന അവസ്ഥ. രണ്ടു പേരുടെയും മനസ്സിൽക്കൂടി പോകുന്ന thoughts പരസ്പരം കണ്ണിൽ നോക്കിയാൽ വായിച്ചെടുക്കാവുന്ന അവസ്ഥ. ഹിന്ദിക്കാരെ ഒക്കെ വിളിക്കുമ്പോൾ അവർ പുഷ്പം പോലെ എഴുന്നേറ്റു പോയി dance ചെയ്യുന്നു!. ഇവിടെ നമ്മൾ കൊല്ലാൻ കൊണ്ട് പോകുന്ന അവസ്ഥ പേടിച്ചിരിക്കുന്ന  mode !കുറച്ചു dance ഒക്കെ പഠിച്ചിരിക്കേണ്ടത്  ജീവിതത്തിൽ അത്യാവശ്യമാണെന്ന് അപ്പോൾ തോന്നി. ഞങ്ങളുടെ ഓണത്തിൻറെ “മാങ്ങപറി ചെളിക്കുത്തു” പാഠങ്ങൾ ഒക്കെ മനസ്സിലിട്ടു ഒന്നുകൂടി ഒന്ന് ഓടിച്ചു. ഇനി എങ്ങാനും ആവശ്യം വന്നാൽ എടുത്തു പ്രയോഗിക്കാമല്ലോ എന്ന് കരുതി. എന്തായാലും അവരുടെയോ ഞങ്ങളുടെയോ, കാണികളുടെയോ ഒക്കെ ഭാഗ്യത്തിന് അത്രക്കൊരു സാഹസികത ഒന്നും വേണ്ടി വന്നില്ല. Dance aunty ഞങ്ങളുടെ വെപ്രാളം സെൻസ് ചെയ്തിട്ടാണോ എന്തോ ഞങ്ങളെ ഒന്നും അവരുടെ ചൂണ്ടയിൽ കൊളുത്താൻ ശ്രമിച്ചില്ല!! അവസാനം ഭക്ഷണം ready ആയി എന്ന് കേട്ട് ഞങ്ങൾ അവിടെ നിന്നും ഓടി mess hall ലക്ഷ്യമാക്കി രക്ഷപെട്ടു പോയി. 

സമൃദ്ധമായ dinner. റോട്ടിയും, പലതരം കറികളും, Dal Kichdi യും (വീട്ടിൽ നിന്നും ഇറങ്ങിയതിൽ പിന്നെ വായിൽ വെച്ച് കഴിച്ചാൽ നമുക്കിഷ്ടപ്പെടുന്ന ആദ്യത്തെ rice version അതായിരുന്നു!), ആവശ്യത്തിന് Chass (നമ്മുടെ സ്വന്തം മോരും വെള്ളം), bathi ഉം, കടി എന്ന രാജസ്ഥാൻ കറി , നല്ല ഒന്നാംതരം choorma (sweet) ഒക്കെയായിരുന്നു വിഭവങ്ങൾ. കഴിച്ചു ക്ഷീണിച്ചു ഞങ്ങൾ ടെന്റിൽ എത്തി fresh ആയി  കിടന്നുറങ്ങി. കൊതുകിന്റെ ശല്യം ഒഴിവാക്കാൻ Gud Night വരെ കുത്തി വെച്ചിട്ടുണ്ടായിരുന്നു ടെന്റിൽ. നേർത്ത തണുപ്പുള്ള രാത്രി, പകലത്തെ ക്ഷീണം, ഒട്ടകപ്പുറത്തെ സാഹസം, dance aunty യുടെ ഭീഷണി, നല്ല ഭക്ഷണം എല്ലാം കൂടി ആയപ്പോൾ കിടന്നതേ ഓർമ്മയുണ്ടായിരുന്നുള്ളു..യാത്ര തീരുവാൻ പിന്നീട് ഒരേ ഒരു ദിവസം കൂടി മാത്രമല്ലല്ലോ എന്ന ചിന്ത മാത്രം ആണ് ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുൻപേ മനസ്സിലേക്കോടി വന്നത്.. 

തുടരും..

ജയ ജയ ജയ ജയഹേ


ജയ ജയ ജയ ജയഹേ കണ്ടു. ഒരിക്കലും പതിവില്ലാത്ത പോലെ Bangalore റിലീസ് ആവാൻ കാത്തിരുന്നു, റിലീസ് ചെയ്ത അന്ന് തന്നെ കണ്ട സിനിമയാണ്. Gender politics സംസാരിക്കുന്ന ഏതു സിനിമയും കണ്ടും, ചർച്ച ചെയ്തും, എഴുതിയും എത്രത്തോളം കൂടുതൽ ആളുകളിലേക്ക്‌ എത്തുന്നു അത്രയും നല്ലതു എന്ന് കരുതി തന്നെയാണ് കണ്ടത്..ഞാൻ അനുഭവിച്ചിട്ടില്ലാത്തതെല്ലാം വെറും കെട്ടുകഥകളാണെന്നൊരു ചിന്ത ഇല്ലാത്തതു കൊണ്ട് ആദ്യ പകുതിയിലെ ജയയുടെ ഓരോ നിശ്വാസം പോലും നന്നായി പൊള്ളിച്ചു..സ്വന്തം അച്ഛനെ ഫോൺ വിളിച്ചു പറയുന്ന നിസ്സഹായത കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു..വിസ്മയയെയും അത് പോലെ ആയിരക്കണക്കിന് പെൺകുട്ടികളെയും ഓർമ്മ വന്നു.

അത് കഴിഞ്ഞുള്ള അവിശ്വസനീയമായ ആ transformation കണ്ടു കോരിത്തരിക്കുക തന്നെ ചെയ്തു. നായകന്മാർ വില്ലന്മാരെ ഒക്കെ നിലംപരിശാക്കുന്നത് മാത്രം കണ്ടു ശീലിച്ചതിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം ഉണ്ടായല്ലോ ഇപ്പോഴെങ്കിലും. കണ്ണിനു കണ്ണ് എന്നതിലെ ശരികേടുകളെക്കുറിച്ചുള്ള ചർച്ചകൾ കണ്ടു . എങ്കിലും തല്ക്കാലം ജയക്ക് കൈയ്യടിക്കാതിരിക്കാനാവില്ല. ജയ ഒരാൾക്കെങ്കിൽ ഒരാൾക്ക് എങ്കിലും നേരെ നിവർന്നൊന്നു നിന്ന് ധൈര്യപൂർവം ജീവിതത്തെ നേരിടാൻ ഉള്ള ഒരു inspiration കൊടുക്കുന്നെങ്കിൽ അത്രയുമെങ്കിലും ആകട്ടെ..അതിന്റെ ശരി തെറ്റുകൾ നമുക്ക് പിന്നീട് ചികയാം..

എന്റെ മൂന്നിൽ രണ്ടു പെൺകുട്ടികളും സിനിമ നന്നായി enjoy ചെയ്തു തന്നെ കണ്ടു. രണ്ടാമത്തവൾക്കു എത്ര മനസ്സിലായി എന്നെനിക്കു മനസ്സിലായില്ല. പക്ഷെ മടങ്ങി വരുമ്പോൾ സ്ത്രീകൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട കാര്യങ്ങൾ എന്താണെന്നു ചോദിച്ചപ്പോൾ ” “നീതി, സമത്വം..”എന്ന് ചാടി വീണു അവൾ ഉത്തരം പറയുന്നത് കേട്ട് ഞാൻ സന്തോഷിച്ചു!അതിന്റെ അർത്ഥം ഞങ്ങൾ അവൾക്കു പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു. Gender neutrality യെ പറ്റി ഇനിയുമിനിയും ആളുകൾ സംസാരിക്കട്ടെ..സ്വന്തം കാലിൽ നില്ക്കാൻ പെൺകുട്ടികൾക്ക് അങ്ങനെയുള്ള ചർച്ചകൾ പ്രചോദനമാകട്ടെ..ആരെയും ഇടിച്ചും തൊഴിച്ചും ഒന്നും വേണ്ട, പക്ഷെ സമാധാനപരമായ, സന്തോഷമുള്ള, അഭിപ്രായസ്വാതന്ത്ര്യം ഉള്ള, ആരെയും അനാവശ്യ ഭയം ഇല്ലാത്ത, അർത്ഥപൂർണ്ണമായ ജീവിതങ്ങൾ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവുന്ന ഒരു കാലം എന്നെങ്കിലും പുലരട്ടെ.. ഈ കൊച്ചു സിനിമ, എന്നെ ചിരിപ്പിച്ചതിനേക്കാൾ ഒരുപാടേറെ ചിന്തിപ്പിച്ചത് അതിനെക്കുറിച്ചൊക്കെയായിരുന്നു.

Rajasthan Diaries ( Part 4 ): Jaisalmer Desert memories 


ഒരു നാല്-നാലര  മണിയോടെ ഞങ്ങൾ ജീപ്പ് സഫാരി തുടങ്ങുന്ന സ്ഥലത്തു എത്തിച്ചേർന്നു. ഒരു ചായ ഒക്കെ കുടിച്ചു നിൽക്കുമ്പോൾ ജീപ്പ് എത്തി. ചെറിയ കുഞ്ഞുള്ളത് കൊണ്ടും എന്നെ  ജീപ്പിന്റെ  മുൻസീറ്റിൽ കൊണ്ട് പ്രതിഷ്ഠിച്ചു.  . മൊത്തത്തിൽ ഇതിനെ പറ്റി  വല്യ idea ഇല്ലാത്തതു കൊണ്ട് ഞാൻ അവിടെ തന്നെ ഇരിപ്പുറപ്പിച്ചു. മറ്റേ ജീപ്പിന്റെ മുൻ സീറ്റിൽ ചേച്ചി ഹൃദ്യയുടെ ഇളയ മകനെയും കൊണ്ടിരുന്നു. ബാക്കി ഉള്ളവർ എല്ലാം back സീറ്റിൽ, അച്ഛനും അമ്മയും ഉൾപ്പെടെ. ന്ന അച്ഛന്റേം അമ്മയുടേം ഒക്കെ അവസ്ഥ കുറച്ചു ഭീകരമായിരുന്നു എന്ന് പിന്നീട് മനസ്സിലായി. പിള്ളേർക്കൊക്കെ ശരിക്കും fun ആയിരുന്നു. മൂന്നു desert peaks കഴിഞ്ഞു ഒരിടത്തു സ്റ്റോപ്പ് ചെയ്യും, photos ഒക്കെ എടുക്കാനായി . അവിടെ ഇറങ്ങിയപ്പോൾ അച്ഛൻ” ഞാൻ ഇവിടെങ്ങാനും ഇറങ്ങി വഴിയൊക്കെ കണ്ടു പിടിച്ചു  നടന്നങ്ങു തിരിച്ചു വന്നോളാം” എന്ന്!! തിരിച്ചു വന്നപ്പോൾ അമ്മയെയും നിയക്കുട്ടിയെയും front ൽ ആക്കിയിട്ടു ഞാൻ ബാക്കിൽ കയറി. “നമുക്കെന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതു” എന്ന് ഞങ്ങൾ ഞങ്ങളോട് തന്നെ ചോദിച്ചു. ബാക്കിൽ നിന്നുള്ള യാത്ര എനിക്ക് ശരിക്കങ്ങു ഇഷ്ട്ടപെട്ടു. 

അവിടെ നിന്നും പെട്ടന്ന് ഞങ്ങൾ desert ക്യാമ്പിംഗ് ന്റെ സ്ഥലത്തു എത്തി checkin ചെയ്തു . നിരനിരയായി ടെന്റുകൾ. ഓരോ ടെന്റിനും നല്ല ഒരു മുറിയുടെ വിസ്താരം, ഒരു double bed , പിന്നെ ഒരു സിംഗിൾ bed ഉം. . നീണ്ട ഒരു ബാത്റൂമും. ഓടിച്ചെന്നു സാധനങ്ങൾ വെച്ചിട്ടു ഞങ്ങൾ ബസ്സിൽ കയറി ഒരു 5 മിനിട്ട്  യാത്ര ചെയ്ത് Thar മരുഭൂമിയുടെ മടിത്തട്ടിലേക്ക് വീണ്ടും എത്തിച്ചേർന്നു. സ്വർണ്ണവർണ്ണമാർന്ന  പൂഴിമണ്ണിൽ ഷൂഅടയാളങ്ങൾ പതിപ്പിച്ചു ഞങ്ങൾ നടന്നു..ഒട്ടകങ്ങളും, ജീപ്പുകളും, Quad bikes ഉം നിറയെ മനുഷ്യരും ഒക്കെയുള്ള തിരക്കാർന്ന ഒരു മരുഭൂ സന്ധ്യ. അങ്ങകലെ അസ്തമിക്കാനൊരുങ്ങി പടിഞ്ഞാറേക്ക് നീങ്ങുന്ന ഓറഞ്ചു നിറമുള്ള സൂര്യൻ. എല്ലാം picture perfect ആയിട്ടിരിക്കുമ്പോഴാണ് ഒട്ടക സവാരിക്കാർ വരുന്നത്!!

ഒരു ഒട്ടകത്തിന് പുറത്തു രണ്ടു വലിയവരും ഒരു കൊച്ചും  മാത്രമേ കയറു. ഞങ്ങൾ കുറെ കണക്കു കൂട്ടിയിട്ടും ‘മറ്റേ കുറുക്കനും, കോഴിയും പുല്ലും കൂടി  boat ൽ  അക്കരെ കടക്കുന്ന situation തന്നെ. ചെറുതിനെയും കൊണ്ട് ഞാൻ കയറയുമ്പോൾ എനിക്ക് കൂടെ പ്രിയതമൻ വേണം എന്നാണ്. നിവിക്കു ആണെങ്കിൽ ഞങ്ങൾ രണ്ടു പേരും കൂടെ വേണം. നവമിക്കു ഇതൊന്നും പ്രശ്‌നമേയല്ല. അവൾക്കു അല്ലെങ്കിലും കുറച്ചു ധൈര്യക്കൂടുതലിന്റെ സൂക്കേട് ഉണ്ട്!  Wonderla ലെ ഒക്കെ ഏതു തലയും കുത്തി rides ലും കയറാൻ തയ്യാറായി നിൽക്കുന്ന ഇനം ആണ്. paragliding ഒക്കെ കാണുമ്പോൾ ഒരു side വലിവ്കാണിക്കുന്നവൾ ..!

ഒടുവിൽ  ഞാനും പ്രിയതമനും, നിവിയും, നിയക്കുട്ടിയും കൂടി ഒരു ഒട്ടകത്തിന്റെ പുറത്തു കയറാൻ തീരുമാനിച്ചു. (അതിന്റെ ഒരു അവസ്ഥ !!!) മൊത്തം കൂടി നൂറ്റിഅമ്പതു കിലോയോളം!!

ഞാൻ മറ്റേ ബൈക്കിൽ കയറുന്ന മോഡിൽ ഒട്ടകപ്പുറത്തു കയറാൻ  ശ്രമിച്ചിട്ട് അങ്ങോട്ട് പറ്റുന്നില്ല. ഒട്ടകം കടിക്കുമോ എന്ന നല്ല സംശയം ഉള്ളോണ്ട് പേടിച്ചു പേടിച്ചാണ് നിൽക്കുന്നത് അടുത്ത്. അവസാനം ബൈക്ക് mode work ആവാത്തൊണ്ടു ഞാൻ അതിന്റെ ആ നട്ടെല്ലിലൊട്ടു എന്റെ കാൽമുട്ട്  ചെറു….തായിട്ട് ഒന്ന് കുത്തിയിട്ട് ഐശ്വര്യമായിട്ട് ആദ്യത്തെ കാൽ വെച്ചു!!. (സന്തോഷമായി ഗോപിയേട്ടാ..മോഡ് ൽ ഒട്ടകം ഒന്ന് തല ചരിച്ചു എന്നെ നോക്കി!! ) പിന്നെ മറ്റേ കാൽ മുട്ട് കൂടി ഒന്ന് കുത്തിയിട്ട് ഇരിപ്പൊന്ന് adjust ചെയ്തു.  .. (കിലുക്കത്തിലെ രേവതി പറയുന്നത് പോലെ..ഇത്രേ അല്ല ചെയ്തുള്ളു..അതിനാണീ ദുഷ്ട ഒട്ടകം എന്നെ കടിക്കാൻ വന്നത്! സത്യം. അതിനു ഇഷ്ടപ്പെട്ടില്ല എന്റെ ആ നട്ടെല് പ്രയോഗം. ഞാൻ കയറി ഇരുന്നു കഴിഞ്ഞപ്പോൾ അത് അതിന്റെ നീണ്ട കഴുത്തും നീട്ടി എന്റെ കാലു ലക്ഷ്യമാക്കി  ഒരു swift movement നടത്തി. ഞാൻ ഒരൊറ്റ നിലവിളി (എന്തായാലും കുഞ്ഞു കൈയ്യിൽ ഉള്ളത് കൊണ്ട് താഴോട്ട്  ചാടിയില്ല!!. ഒട്ടകം കടിക്കത്തില്ലെന്നും, പേടിക്കണ്ട എന്നുമൊക്കെ ഹിന്ദിയിൽ ഒട്ടക ഡ്രൈവറായ താടിക്കാരൻ അപ്പൂപ്പൻ  എന്നെ സമാശ്വസിപ്പിച്ചു. . അയാൾ അറിയുന്നില്ലല്ലോ ആപാവം ഒട്ടകത്തിൻറെ trigger എന്റെ സ്വന്തം കാൽമുട്ടുകൾ ആയിരുന്നു എന്ന്!!

ഞാൻ കയറിയതിനു പിന്നാലെ  പരിവാരങ്ങളും ഓരോന്നായി കയറി. കുഞ്ഞിനെ പിടിക്കണം, ഒട്ടകം കടിക്കാത്ത നോക്കണം ആകെ ടെൻഷനോട് ടെൻഷൻ!!

 ഒട്ടകം ഒന്ന് എഴുന്നേറ്റു നിന്ന്. അതോടെ ഞങ്ങളുടെ പാതി ജീവൻ പോയി. എങ്ങും പിടിക്കാനും ഇല്ല, സീറ്റ് ബെൽറ്റും ഇല്ല. ഇത്രയും ഒക്കെ പോരെ..!നല്ല ഒരു നിലയുടെ height ൽ   ഞങ്ങൾ പെട്ടന്നങ്ങു എത്തിയത് പോലെ..കാലുറപ്പിക്കാൻ കഴിയാത്ത പൂഴിമണലിലൂടെ ഒട്ടകം കുലുങ്ങിക്കുലുങ്ങി നടക്കാൻ തുടങ്ങി..ഞങ്ങൾ ജീവൻ കൈയ്യിൽ പിടിച്ചു അതിന്റെ മുകളിലും..ബാക്കിയുള്ളവരുടെ അവസ്ഥ നോക്കാനുള്ള സാവകാശം ഒന്നും ഞങ്ങൾക്ക് കിട്ടിയില്ല. പക്ഷെ പലരുടെയും നിലവിളി സൈറൺ പോലെ മുഴങ്ങികേൾക്കുന്നുണ്ടായിരുന്നു!! ഈ ഒട്ടകത്തിന് പുറത്തു കയറി മരുഭൂമി കടന്നു പോകുന്നവരെ കുറിച്ചോർത്തു ഞങ്ങൾ അത്ഭുതപ്പെട്ടു..

ഞങ്ങൾക്ക് atleast ഒരു experienced അപ്പൂപ്പൻ ഡ്രൈവർ നെ കിട്ടി. നോക്കിയപ്പോൾ അച്ഛൻ അമ്മയുടെ ഒട്ടകത്തിന്റെ ഡ്രൈവർ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു നരുന്തു പയ്യൻസ്. ബിജു ഹൃദ്യ , ചേച്ചി ചേട്ടൻ എല്ലാരുടെയും ഒട്ടക സാരഥികൾ കുഞ്ഞിപ്പയ്യന്മാർ. നവമിയും ആദിയും ആണ് ഇതിൽ ഒട്ടകസവാരി enjoy ചെയ്ത രണ്ടു മനുഷ്യജീവികൾ. ബാക്കി എല്ലാവരുടെയും അവസ്ഥ “ഇതിനുമാത്രം എന്ത് പാപം നമ്മൾ ചെയ്തു” എന്നമട്ടിൽ ആയിരുന്നു!!

ഒട്ടകത്തിന്റെ landing ആണ് ഏറ്റവും പ്രശ്നം. ആദ്യം front legs  മടക്കും അപ്പൊ നമ്മൾ മുൻപിൽ താഴേക്ക് പതിക്കുന്നത് പോലെ തോന്നും. പിന്നെ അടുത്ത round ൽ backlegs മടക്കും അപ്പൊ നമുക്ക് തോന്നും പിന്നിലേക്ക് മറിയുന്നതായി.തിരിച്ചിറങ്ങിയപ്പോൾ ഒട്ടകത്തിന്റെ നട്ടെല്ലിന് പണി കൊടുക്കാതെ നന്നായി ശ്രദ്ധിച്ചു തന്നെ ഇറങ്ങി!!ഒരു 5 മിനുട്ടു കൊണ്ട് ഒരു യുഗം കഴിഞ്ഞത് പോലെ ആണ് തോന്നിയത്!!

തുടരും..

Rajasthan Diaries (Part 3 ): Jaisalmer


വരണ്ട മണ്ണിലൂടെ വെയിലത്ത് ബസ് പോകുമ്പോൾ എല്ലാവരും  ഓരോ കൊച്ചു മയക്കത്തിൽ ആയിരുന്നു. Jaisalmer എത്തുന്നതിനു കുറച്ചു മുൻപാണ് പണ്ട് ഇന്ത്യ ആണവ പരീക്ഷണം നടത്തിയ Pokhran മരുഭൂമി. ആ വഴി കടന്നാണ് ഞങ്ങൾ പോയത്. അങ്ങോട്ട് ഒന്ന് പോയി നോക്കിയാലോ എന്ന് കൂട്ടത്തിൽ ചിലർക്ക് ആഗ്രഹം ഉദിച്ചെങ്കിലും പട്ടാളക്കാരുടെ തോക്കിനു വെറുതെ പണി ഉണ്ടാക്കേണ്ടല്ലോ എന്നോർത്ത് വണ്ടി ചവിട്ടി വിട്ടു. അത് പറഞ്ഞപ്പോഴാണ് ഓർത്തത് Jodhpur ഞങ്ങൾ താമസിച്ച ഹോട്ടൽ ന്റെ നടക്കാവുന്ന ദൂരത്തിൽ ആയിരുന്നു ആർമി camp. അതും വെറും ആർമി അല്ല. Desert Scorpions എന്ന  India’s most elite special force ന്റെ ക്യാമ്പ്. ഇന്ത്യൻ ആർമിയുടെ ഏറ്റവും physiologically strong, intelligent and highly driven trained para commandos എന്നാണ് അവരെ പറ്റി  വായിച്ചതു. അത് വഴി കടന്നു പോയപ്പോൾ, അവരുടെ slogans വായിച്ചപ്പോൾ ഒക്കെ  കുറച്ചു ദേശസ്നേഹം കൂടിയതായി തോന്നി! Jaisalmer ൽ നിന്നും പാകിസ്താനിലേക്ക് വെറും 700 kilometer മാത്രമേയുള്ളു. (വെറുതെ പറഞ്ഞെന്നേയുള്ളൂ!!)

Jaisalmer city ഒക്കെ കണ്ടാൽ ഒരു city എന്നൊന്നും പറയാനില്ല. കോടുകുളഞ്ഞി junction ഒക്കെ കുറച്ചു കൂടി developed ആണെന്ന് തോന്നും!!സന്ധ്യ കഴിഞ്ഞാണ് ഹോട്ടലിൽ എത്തിയത്. എങ്ങും പോകാതെ terrace dining ഉള്ള ഹോട്ടലിൽ കാഴ്ചകൾ ഒക്കെ കണ്ടു ഞങ്ങൾ ഇരുന്നു. 

പിറ്റേന്ന് രാവിലെ എഴുന്നേറ്റ്‌ Jaisalmer Fort കാണാൻ പോയി. അന്നൊക്കെ ആയപ്പോഴേക്കും നമുക്ക് ഈ കൊട്ടാരങ്ങൾ ഒക്കെ കണ്ടു കണ്ടങ്ങു മടുത്തു പോയിരുന്നു. ഇതിനും മാത്രം രാജാക്കന്മാർ ഇവിടെ മാത്രം എങ്ങനെ വന്നുവെന്നു തോന്നിപ്പോയി!!  Street shopping ആണ് ആ പോകുന്ന വഴികളിൽ എല്ലാം ഞങ്ങളെ പിന്നോട്ട് വലിച്ചു കൊണ്ടിരുന്നത്.

ഞങ്ങൾക്ക് കിട്ടിയത് ഒരു അസ്സൽ ബോറൻ ഗൈഡിനെ ആയിരുന്നു.. അയാൾക്ക്‌ ഞങ്ങളെ ഏതെങ്കിലും bourgeoisie കടയിൽ കൊണ്ടുപോയി കയറ്റിയിട്ട് അയാളുടെ commission അടിച്ചെടുക്കണം എന്നതിൽ കവിഞ്ഞു യാതൊരു ലക്ഷ്യവും ഇല്ലായിരുന്നു. നല്ല ‘കിണ്ണംകാച്ചിയ’ കമ്മലുകളും, block printed cotton skirts ഉം, വർണ്ണങ്ങൾ വാരി വിതറിയ Bandhini shawls ഉം ഞങ്ങളെ പോകുന്ന വഴിയോരങ്ങളിൽ മാടി മാടി വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഗൈഡ് ഞങ്ങളെ അവിടെ നിന്നും വലിച്ചു Local market ഉണ്ട് അവിടെ ആണ് ഏറ്റവും നല്ലതു എന്ന് പറഞ്ഞു പറ്റിച്ചു കൊണ്ടിരുന്നു. അവസാനം local market എന്ന് പറഞ്ഞു ഞങ്ങളെ ഉന്തിത്തള്ളി കയറ്റാൻ തുടങ്ങിയ ഒരു വൻ setup കട ബഹിഷ്കരിച്ചു ഞങ്ങൾ അയാളെ പറഞ്ഞു വിട്ടു, എന്നിട്ടു പോയി കുറച്ചു Roti, Dal, Lassi ഒക്കെ കഴിച്ചു ഞങ്ങളുടെ ആ frustration അടക്കാൻ ശ്രമിച്ചു. എന്നിട്ടും കലിപ്പ് തീരുന്നില്ലലോ എന്ന് തോന്നിയപ്പോൾ, പിന്നെ ഒന്നും നോക്കിയില്ല  ലഞ്ച് കഴിഞ്ഞിറങ്ങിയപ്പോൾ കണ്ട  തൊട്ടടുത്തുള്ള ആദ്യത്തെ കൊച്ചു കടയിൽ പോയി കുറച്ചു shopping ചെയ്തു. അപ്പോൾ എന്തെന്നില്ലാത്ത ഒരു മനസ്സുഖം കൈവന്നു!!Shopping is therapy എന്ന് പണ്ടാരാണ്ട് പറഞ്ഞിട്ടുള്ളത്  ശരിയാണെന്നു തോന്നിപ്പോയി. 

അപ്പോഴേക്കും അങ്ങ് അധികം അകലെയല്ലാതെ Thar മരുഭൂമി ഞങ്ങളെ മാടി വിളിക്കുന്നുണ്ടായിരുന്നു..ഈ യാത്രയുടെ ഏറ്റവും മനോഹരമായ experience ആയിരുന്ന desert camp stay. മരുഭൂമിയിലൂടെയുള്ള speed jeep സഫാരിയും, ഒട്ടക സവാരിയും (എന്റമ്മോ…ഓർമ്മിപ്പിക്കല്ലേ എന്നാരോ മനസ്സിലിരുന്നു നിലവിളിക്കുന്നു!!), മടങ്ങിയെത്തിയപ്പോൾ ക്യാമ്പിൽ  അണിഞ്ഞൊരുങ്ങിയ രാജസ്ഥാനി സുന്ദരിമാരുടെ നൃത്ത പരിപാടികളും, സമൃദ്ധമായ ഡിന്നറും, tent സ്റ്റേയും ഒക്കെ ചേർന്ന ആ കഥകളുമായി വീണ്ടും വരാം..കാത്തിരിക്കുക..!

തുടരും..

Rajasthan Diaries (Part 2): Jodhpur


രണ്ടു ദിവസത്തെ ജയ്‌പൂർ വാസത്തിനു ശേഷം മൂന്നാം ദിവസം രാവിലെ ഞങ്ങൾ Jodhpur (The Blue City )ലേക്ക് പുറപ്പെട്ടു. ജയ്‌പൂർ വിട്ടിറങ്ങുമ്പോൾ മനസ്സിൽ തോന്നിയത് അവിടുത്തെ ആളുകൾ അത്രയ്ക്ക് ഒന്നും Polished അല്ല എന്നാണ്. പൊതുവെ ഒരുതരം rudeness ആണ് ഷോപ്പിംഗ് സ്ഥലങ്ങളിലും, താമസിച്ച ഹോട്ടലിലും ഒക്കെ തോന്നിയത്. .പക്ഷെ പിന്നീട് ജോധ്പ്പൂരും ജൈസൽമേറും ആതിഥ്യ മര്യാദയുടെ ഊഷ്മളത കൊണ്ട് ഞങ്ങളുടെ മനസ്സ് കവരുക തന്നെ ചെയ്തു..

ജയ്‌പ്പൂരിൽ നിന്ന് ജോധ്പുരിലെക്കു ഒരു 300 കിലോമീറ്റര് ഉണ്ട്. ആറു മണിക്കൂർ യാത്ര. എല്ലാവരും ഒരുമിച്ചു ബസ്സിൽ ആയതു കൊണ്ട് ആ യാത്ര പോലും ഒട്ടും മുഷിപ്പിച്ചില്ല. ചേച്ചിക്കൊപ്പം ആയിരുന്നു ഞാൻ യാത്രകളിൽ മിക്കവാറും ഇരുന്നത്. ” അല്ലെങ്കിലും അത് അങ്ങനെയാണാല്ലോ..ചേച്ചിയേം അനിയത്തിയേം ഒക്കെ കണ്ടു കഴിഞ്ഞാൽ..” എന്ന് പ്രിയതമന്റെ പതിവ് പല്ലവി കേൾക്കാത്തത് പോലെ അഭിനയിച്ചു കൊണ്ട് ഞാൻ അനന്തതയിലേക്ക് കണ്ണും നട്ടിരുന്നു!!!!

യാത്രക്കിടയിൽ വഴിയോര ചായക്കടയിലെ പാൽ കുറുക്കി വറ്റിച്ചു ണ്ടാക്കുന്ന Rabdi വീണ്ടും ഞങ്ങളുടെ ഹൃദയം കവർന്നു. പണ്ട് കോടുകുളഞ്ഞിയിൽ വെച്ച് study leave കാലങ്ങളിൽ എന്റെ സ്ഥിരം കലാപരിപാടി ആയിരുന്നു ഈ പാൽ കുറുക്കി വറ്റിച്ചു പേട ഉണ്ടാക്കൽ. ഞാനും അമ്മൂമ്മയും മാത്രം വീട്ടിൽ ഉള്ള സമയം നോക്കി ആണ് പരീക്ഷണം. പാവം അമ്മൂമ്മ ഞാൻ പാത്രം കരിച്ചാലും പാല് മറിച്ചാലും ഒന്നും ഒരു വഴക്കു പോലും പറയില്ലായിരുന്നു. ‘അമ്മ വരുന്നതിനു മുൻപേ എല്ലാ തെളിവും നശിപ്പിച്ചു പാത്രം ഒക്കെ clean ക്ലീൻ ആക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.. ഓർക്കുമ്പോൾ കണ്ണ് നിറയുന്നു..ഇത് പറഞ്ഞപ്പോൾ പ്രിയതമൻ അനുസ്മരിക്കുന്നു. ആൾക്ക് ഉണ്ടായിരുന്നു ഇതേ കലാപരിപാടി തന്നെ . പാൽ വറ്റിച്ചു പാത്രം മൊത്തം കരിച്ചു വെച്ചിട്ടു വൈകിട്ട് അമ്മയുടെ ‘അമ്മ എത്തുന്നതിനു മുൻപേ ഒറ്റയ്ക്ക് തെളിവ് നശിപ്പിച്ചു നമ്മുടെ ജോർജ് കുട്ടിയെ വെല്ലുന്ന ചങ്കൂറ്റത്തോടെ ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കും!!! (തല്ലുകൊള്ളിത്തരത്തിന്റെ കാര്യത്തിൽ പോലും എന്തൊരു യോജിപ്പാണ് ഞങ്ങൾ തമ്മിൽ എന്നാർക്കെങ്കിലും തോന്നിയാൽ തികച്ചും സ്വാഭാവികം!!!) ചില രുചികൾ നമ്മളെ അറിയാതെ കൊണ്ടെത്തിക്കുന്ന പഴയ ഓർമ്മകളുടെ അറകൾ അങ്ങനെ തുറന്നിരിക്കാൻ എന്തൊരു രസമാണെന്നോ..

ജോധ്പുർ വൈകുന്നേരം എത്തിയിട്ട് ഞങ്ങൾ എങ്ങും പോയില്ല അന്ന്. നല്ല ഒന്നാംതരം തന്തൂരി റൊട്ടിയും, പനീർ കറിയും, ലസ്സിയും, veg ജൽഫ്രെയ്‌സിയും ഒക്കെ കഴിച്ചു നന്നായി വിശ്രമിച്ചു. ദീപാവലിയുടെ വെളിച്ചവും, ശബ്ദവും എല്ലായിടവും നിറഞ്ഞു നിന്നിരുന്നു..

പിറ്റേന്ന് രാവിലെ ദീപാവലി പ്രമാണിച്ചു എല്ലാരും നല്ല രാജാപ്പാർട്ട് ഗെറ്റപ്പിൽ ഒരുങ്ങി, തലപ്പാവൊക്കെ ഫിറ്റ് ചെയ്ത് ഒരു ഗൈഡിനെയും കൂട്ടി Jodhpur ന്റെ ഭൂതകാല പ്രൗഢി മുഴുവൻ വിളിച്ചോതുന്ന Mehrangarh Fort കാണുവാനായി പോയി. Elevator ൽ പന്ത്രണ്ടു നില കയറി ആണ് ഞങൾ കൊട്ടാരത്തിനു മുകളിൽ എത്തിയത്. പണ്ടേ ക്ലാസ്സിലിരിക്കുന്നതു ഇഷ്ടമല്ലാത്തത് കൊണ്ട് ഞങ്ങൾ Guide ‘പാഠങ്ങൾ’ പറഞ്ഞു തരുന്നതിനിടയിൽ നിന്നും മുങ്ങി നടന്നു ഫോട്ടോസ് എടുത്തു!!

അവിടെ നിന്നും ഞങ്ങൾ Jaswant Thada എന്ന രാജാക്കന്മാരുടെ crematory fort കാണാൻ പോയി. കൊട്ടാരത്തിനകത്തു മുഴുവൻ രാജാക്കന്മാരുടെ ചിത്രങ്ങൾ. എല്ലാവരുടെയും കണ്ണും മൂക്കുമൊക്കെ ഒരുപ്പോലെ. ഒരേ template ൽ പ്രിന്റൗട്ട് എടുത്തത് പോലത്തെ ചിത്രങ്ങൾ. ഇത് കണ്ടു നടക്കുമ്പോൾ നിവി ചോദിക്കുന്നു: ഇതെന്താ ഇവിടെ ഈ രാജാക്കന്മാരുടെ ഫോട്ടോസ് മാത്രം വെച്ചിരിക്കുന്നത്. ഒരൊറ്റ രാജകുമാരിമാരുടെയും ഫോട്ടോസ് ഇല്ലല്ലോ” എന്ന്!!ഒരു 8 വയസ്സുകാരി feminist വീട്ടിൽ വളർന്നു വരുന്നതിൽ കുറച്ചു അഭിമാനം ഒക്കെ തോന്നി!! ചരിത്രം രാജാക്കന്മാരുടേതു മാത്രമായിരുന്നു എന്നും, കിളിവാതിലിനു മറവിൽ , മുഖപടത്തിനു പിന്നിൽ, രാജാക്കന്മാരുടെ നിഴലായി, ഒരു രാജാവിനും 12 രാജകുമാരിമാർ എന്നമട്ടിൽ എണ്ണമറ്റ സ്ത്രീകൾ ജനിച്ചു, അന്തഃപുരങ്ങളിൽ ജീവിച്ചു, മരിച്ചു പോയിരുന്നു എന്നും..ചരിത്രം അതൊന്നുമേ അടയാളപ്പെടുത്തിയിട്ടില്ല എന്നുമൊക്കെ പറയണമെന്നുണ്ടായിരുന്നു..പക്ഷെ പറഞ്ഞു തുടങ്ങിയാൽ അതിൽ നിന്നും ഉരുത്തിരിയുന്ന ആയിരം ചോദ്യങ്ങൾ വരുമെന്നറിയാവുന്നതു കൊണ്ട് മറ്റൊരവസരത്തിൽ എന്ന് കരുതി ഞങ്ങൾ നടന്നു നീങ്ങി..

Jodhupur Shopping ആയിരുന്നു അജണ്ട യിലെ അടുത്ത ഇനം. ബിന്ദു പണിക്കർ mode on “ഇതെന്റെ മിക്സി, ഇതെന്റെ ഗ്രൈൻഡർ” എന്നത് പോലെ നല്ല രാജാപ്പാർട്ട് Quilt ഉം, നല്ല ഒന്നാംതരം ബ്ലോക്ക് പ്രിന്റ് ഉള്ള ബെഡ്ഷീറ്റും, Bandhini ചുരിദാർ material ഉം ഒക്കെ വാങ്ങി എല്ലാരും. Guide പറഞ്ഞ ഒരു കാര്യമാണ് മനസ്സിൽ പതിഞ്ഞത്. ” എല്ലാവരും പറയും Marwadiകളെ പറ്റി . ലോകത്തെവിടെ പോയാലും കാണാം Marwadi ബിസിനസ് കാരെ എന്ന്. നിങ്ങൾ ആലോചിച്ചിട്ടുണ്ടോ അവരെ പറ്റി എന്ന്..ജലസ്രോതസ്സുകളൊന്നും ഇല്ലാത്ത ഒരു നാട്ടിൽ, വിളകളൊന്നു കൃഷി ചെയ്യാൻ നിവർത്തിയില്ലാത്ത ഒരു നാട്ടിൽ നിന്നും അവർ ജയിച്ചു കയറി ലോകം മുഴുവൻ പടർന്നു പന്തലിച്ചതു അവരുടെ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ് എന്ന് അയാൾ വിവരിച്ചു. ഓരോ വീടും ഓരോ വ്യവസായമായി മാറി. Tie Dye യും കരകൗശല വസ്തു നിർമ്മാണവും ഒക്കെ അവർ കണ്ടെത്തിയ ജീവനോപാധികളായി മാറി. നിറങ്ങൾ മുക്കിയ കോട്ടൺ തുണികളിൽ നിന്ന് അവർ അവരുടെ ജീവിതത്തിനു നിറം ചാർത്തിയ കഥകൾ ഞങ്ങൾ ആ യാത്രയിൽ കേട്ടിരുന്നു..

സ്വർണ്ണ നിറമാർന്ന, അതിരുകളില്ലാതെ ഒഴുകി പരന്നു കിടക്കുന്ന മരുഭൂമി സ്വപ്നം കണ്ടു കണ്ടു അങ്ങനെ അന്ന് ഉച്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ വാഹനം Jaisalmer-The Golden City of Rajasthan ലക്ഷ്യമാക്കി വേഗത്തിൽ യാത്ര തുടങ്ങി..

തുടരും..

Rajasthan Diaries (Part 1) : Jaipur 


അങ്ങനെ കോവിടാനന്തര കാലത്തൊരു യാത്ര പോയി. രാജാക്കന്മാരുടെ നാട്ടിലേക്കു..കോട്ട കൊത്തളങ്ങളുടെയും, ചക്രവർത്തിമാരുടെയും ചരിത്രമുറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിലേക്ക് ..രാജസ്ഥാൻ വിനോദസഞ്ചാരത്തിന്റെ season തുടങ്ങുന്ന October സമയം, ദീപാവലിയുടെ അവധി, ഒപ്പം ഏറ്റവും പ്രിയപ്പെട്ടവർ ചേച്ചിയും അനിയത്തിയും അവരുടെ കുടുംബവും  ഞങ്ങളും..ഓർമ്മകളുടെ താളുകളിലേക്കു ഏറെ പ്രിയതരമായ  ചില അധ്യായങ്ങൾ കൂടി എഴുതി ചേർത്ത ദിവസങ്ങൾ ആയിരുന്നു…

Routine life ന്റെ എല്ലാ മടുപ്പുകളെയും, വിരസതകളെയും, ടെന്ഷനുകളെയും ഒക്കെ  കുടഞ്ഞെറിഞ്ഞു കളഞ്ഞിട്ടു ഒന്ന് പുനർജ്ജനിച്ചതു പോലെ ഒരു തോന്നൽ  ആണ്  തിരിച്ചെത്തിയപ്പോൾ..വർത്തമാനകാലത്തിന്റെ കെട്ടുപാടുകൾ വന്നു പൊതിയുന്നുണ്ടെങ്കിലും പിന്നിലേക്കൊന്നു നോക്കുമ്പോൾ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന ചില നിമിഷങ്ങളുണ്ട്. യാത്രകൾ അതും പ്രിയപ്പെട്ടവരുമൊത്തുള്ളത് പോലെ നമ്മളെ recharge ചെയ്യാൻ കഴിയുന്ന മറ്റെന്തുണ്ട്..എഴുതി പങ്കു വെച്ചും ഫോട്ടോസ് ഇട്ടും ഞാൻ നിങ്ങളെ കൊതിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഒരു പ്രചോദനം ആകട്ടെ എന്ന് കരുതി തന്നെയാണ്. ജീവിതം ചെറുതാണ്. അതിൽ ഇങ്ങനെ ചില നിമിഷങ്ങളാവും നമുക്ക് എല്ലാക്കാലത്തേക്കുമുള്ള  സമ്പാദ്യം. ഓർമ്മകളുടെ സമൃദ്ധിയോളം  മറ്റെന്തിനാണ് നമ്മളെ ധനികരാക്കാൻ കഴിയുന്നത്…!! അതുപോലെ ഒന്നുകൂടി ഓർക്കുക..യാത്ര അങ്ങ് largescale ആകണമെന്നും ഇല്ല. തൊട്ടടുത്തുള്ള ഒരു കൊച്ചു പാർക്കിലേക്കായാലും മതി..പക്ഷെ എടുത്താൽ പൊങ്ങാത്ത ഭാരങ്ങളൊക്കെ ഒന്ന് താഴേ വെച്ച്, ഒന്ന് relax ചെയ്യാനുള്ളതാവണം യാത്ര. 

ഞങ്ങളുടെ രാജസ്ഥാൻ    യാത്രയുടെ മുഴുവൻ രസവും അങ്ങനെ എഴുതി ഫലിപ്പിക്കാൻ ഒന്നും ആവില്ല. എങ്കിലും ചിലതു എഴുതാതിരിക്കാനും ആവില്ല..അങ്ങനെ ചിലതു മാത്രം ഇവിടെ കുറിക്കുന്നു. ഒപ്പം ചിത്രങ്ങളും…

പിങ്ക് സിറ്റി എന്ന് വിളിപ്പേരുള്ള ജയ്‌പ്പൂരിലേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. Amber fort , City Palace , Hawa Mahal എന്നിവ ആയിരുന്നു ജയ്‌പൂരിലെ പ്രധാന കാഴ്ചകൾ. രാജകൊട്ടാരങ്ങളുടെ പ്രൗഢ സ്മരണകൾ ഉണർത്തുന്നതാണ് രാജസ്ഥാനിലെ മിക്ക സ്ഥലങ്ങളും. മിക്ക സിറ്റികളുടെയും മുഖ്യ ആകർഷണം ഏതെങ്കിലും കൊട്ടാരം തന്നെ ആയിരിക്കും.

October മുതൽ ജനുവരി  വരെയാണ് രാജസ്ഥാൻ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. പക്ഷെ ഈ സമയത്തു ആണെങ്കിൽ പോലും തൊപ്പിയും വെള്ളക്കുപ്പിയും കൈയ്യിൽ കരുതാതെ പകൽ റൂമിനു വെളിയിൽ ഇറങ്ങുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല. Bangalore Airport le 150 രൂപ വിലമതിക്കുന്ന കൂറ ചായയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു ഞങ്ങൾ ചെന്നിറങ്ങിയപ്പോൾ ജയ്‌പൂർ ഞങ്ങളെ വരവേറ്റത് റോഡരികത്തെ കൊച്ചു ചായക്കടയിലെ ‘Kulhad tea ‘ -മൺകപ്പിനുള്ളിലെ ഇഞ്ചിയിട്ട നല്ല ഒന്നാന്തരം ചായയോടെ  ആയിരുന്നു. യാത്രയുടെ മുഴുവൻ ക്ഷീണവും അലിയിച്ചു കളഞ്ഞു ആ ചായ. അവിടെ മിക്കവാറും എല്ലായിടങ്ങളിലും ഈ Kulhad ൽ ആണ് ചായ തരുന്നത്. 

നാല് നേരവും അരിഭക്ഷണം മാത്രം കഴിക്കുന്ന നമ്മൾ മലയാളികൾക്ക് അവരുടെ ഗോതമ്പു മാത്രം ഉള്ള diet അതിശയിപ്പിക്കുന്ന ആണ്. അവിടെ എങ്ങാനും ചെന്ന് ചോറ് ചോദിച്ചാൽ കിട്ടുന്നത് കഷ്ടിച്ച്പ കുതി വേവിച്ച അരി ആണ്. അതിലും എത്രയോ ഭേദമാണ് അവരുടെ തന്തൂരി റൊട്ടിയും തവ റൊട്ടിയും ബാജ്‌റ റൊട്ടിയും ഒക്കെ എന്ന് തോന്നിപ്പോയി. Dal Bati Churma ആണ് രാജസ്ഥാൻകാരുടെ മാത്രം പ്രത്യേകത ഉള്ള ഭക്ഷണം. നമ്മൾ അങ്ങനെ ഇവിടെ വെച്ചൊന്നും കഴിച്ചിട്ടില്ലാത്തതു. Bati ഒരു ഗോതമ്പുണ്ട ആണ്. Choorma ഗോതമ്പും റവയും നെയ്യും ഒക്കെ കൂടി ചേർത്തുണ്ടാക്കുന്ന ഒരു പൊടിയായുള്ള സ്വീറ്റും. നമുക്ക് ഇഷ്ടപ്പെടാൻ കുറച്ചു പ്രയാസം തോന്നും ഈ Bati. മറ്റേതു രണ്ടും okay. ഏതു കൊടും ചൂടിലും നമ്മുടെ ആത്മാവിനെ വരെ തണുപ്പിക്കാൻ പോന്ന അവരുടെ ലസ്സി ആണ് താരം..ജയ്‌പ്പൂരിലെ Lassiwala യുടെ  മൺകപ്പിലെ  ലസ്സി ഒന്നു  ടേസ്റ്റ് ചെയ്‌താൽ എന്റെ സാറേ…ചുറ്റുമുള്ളെതെല്ലാം നമ്മൾ വിസ്മരിച്ചു പോകും കുറച്ചു നേരത്തേക്ക്..പിന്നെ അവരുടെ garam jilebi with  rabdi യും..,

തുടരും…

 അരങ്ങേറ്റം Part 2 


Practice അങ്ങനെ പുരോഗമിച്ചു കൊണ്ടേയിരുന്നു. ശ്രുതി വരുന്ന ദിവസങ്ങളിൽ ഞങ്ങൾ ‘മര്യാദരാമികൾ’ ആയി പ്രാക്ടീസ് നടത്തും.എങ്ങാനും ശ്രുതി വരാതിരുന്നാൽ ക്ലാസ് ടീച്ചർ വരാത്ത ക്ലാസ്സിലെ പിള്ളേരുടെ തനി സ്വഭാവം എടുക്കും ഞങ്ങൾ. എങ്ങനെയൊക്കെയോ അവസാനം ഞങ്ങൾ ഒരുവിധം ഡാൻസ് പഠിച്ചെടുത്തു. ഡാൻസ് തുടങ്ങുന്നതിനു മുൻപായി ഞങ്ങൾ ഒരു clap dance ചെയ്യാൻ ആദ്യമേ തീരുമാനിച്ചിരുന്നു. (ആദ്യം dance ഞങ്ങൾക്ക് പറ്റുന്ന പരിപാടി അല്ല എന്ന് കരുതി ക്ലാപ് ഡാൻസ് മാത്രം എന്ന് കരുതി തുടങ്ങിയതായിരുന്നു). അത് കാണാപ്പാഠം പഠിച്ചു പഠിച്ചു ഞങ്ങളുടെ ജീവിതം അവസാനിക്കുമല്ലോ എന്ന് തോന്നുന്ന  വിധമായിരുന്നു പ്രാക്ടീസ്. അതൊക്കെ കഴിഞ്ഞു Costume  ഒക്കെ തീരുമാനിച്ചു, position ഒക്കെ fix ചെയ്തു ഞങ്ങൾ . കറുത്ത കണ്ണട  നിർബന്ധം ആയിരുന്നു എല്ലാർക്കും. അത് വെച്ചാൽ ഞങ്ങളുടെ ഒരു വിചാരം ആർക്കും ഞങ്ങളെ കാണില്ല  എന്നായിരുന്നു. എന്നാൽ പിന്നെ ഒരു മാസ്കും, പിന്നെ ഒരു ഹെൽമെറ്റ് ഉം കൂടി ആയാലോ എന്ന് ആരോ അതിനിടയിൽ അഭിപ്രായപ്പെടുകയും ചെയ്തു! എങ്കിൽ പിന്നെ ഒരു bullet proof ഡ്രെസ്സും കൂടി ആയാലോ  എന്നായി!! ഒടുവിൽ അങ്ങനെ ആ ദിവസം വന്നെത്തി. 

Windrush ലെ മറ്റു സുന്ദരിമാർ തിരുവാതിരയും, ഡാൻസ് ഉം ഒക്കെ കളിക്കുമ്പോഴും , വില്ലയിലെ സുന്ദരിമാർ ഡാൻസ് കളിക്കുമ്പോഴും ഒക്കെ  ഞങ്ങൾ നെഞ്ചിൽ ഒരു പെരുമ്പറയുമായി കാത്തിരുന്നു. അവരൊക്കെ പയറ്റി തെളിഞ്ഞവർ, Show stealers, ഞങ്ങൾ മാത്രം കന്നിയങ്കത്തിന് ഇറങ്ങുന്നവർ. യാതൊരു സ്റ്റേജ് experience ഉം ഇല്ലാത്തവർ.     കുരുക്ഷേത്രയുദ്ധത്തിനു ഇറങ്ങിയപ്പോൾ അർജുനൻ തകർന്നു നിന്ന mode ൽ കുറച്ചു tension ഒക്കെ അടിച്ചു നിന്നെങ്കിലും പിന്നെ വിചാരിച്ചു എന്തായാലും നനഞ്ഞിറങ്ങി ഇനി അങ്ങ് കുളിച്ചു കയറിയേക്കാം എന്ന്. Clap  dance കളിയ്ക്കാൻ കസേരയുമായി ഞങ്ങൾ വേദിയിൽ കയറുന്നതു കണ്ടു ആൾക്കാർ ഇവർ ഇതെന്തിനുള്ള പുറപ്പാടാണ് എന്ന് അത്ഭുതപ്പെട്ടു. ഞങ്ങൾ കൈകൊട്ടി തുടങ്ങിയിട്ടും ആൾക്കാർക്കു മനസ്സിലാവുന്നില്ല. മൈക്ക് ഇല്ലാതിരുന്നതു കൊണ്ട് കൊട്ടിന്  സൗണ്ട് തീരെ കുറവ്..ആൾക്കാർ വണ്ടർ അടിച്ചിരിക്കുന്നു. ഞങ്ങൾ ഒന്നും നോക്കാതെ കൈകൊട്ടു  തുടർന്നു . കുറച്ചു ചെന്നപ്പോൾ audience കൌണ്ട് ചെയ്തു തുടങ്ങി ഉറക്കെ. അത് കേട്ടതും എന്റെ concentration കപ്പലു കയറാൻ തുടങ്ങി!.  കുറച്ചൊക്കെ തെറ്റിച്ചെങ്കിലും ഞങ്ങൾ ഒരുവിധത്തിൽ clap പൂർത്തിയാക്കി. ആളുകൾ കരുതി ഞങ്ങളുടെ program അവിടെ തീർന്നു എന്ന്. 

ഞാൻ സകല ദൈവങ്ങളെയും ഒന്നാഞ്ഞു മനസ്സിൽ ധ്യാനിച്ച് മൈക്ക് ഏറ്റു  വാങ്ങി തയ്യാറാക്കി വെച്ച സ്ക്രിപ്റ്റ് അങ്ങു അലക്കി. Audience ന്റെ ഒരു പോസിറ്റീവ് സപ്പോർട്ട് കിട്ടിത്തുടങ്ങിയപ്പോൾ ഞങ്ങളുടെ confidence വാനോളം ഉയർന്നു. ‘Dance അറിയാത്ത അവരുടെ സ്വന്തം വീട്ടിലെ കുട്ടികളെ’ ആവോളം പ്രോത്സാഹിപ്പിക്കണം എന്നൊരു ചിന്ത കാണികളിൽ പെട്ടന്ന് ഉണ്ടായതു ഞങ്ങൾക്ക് ഒരു പ്രത്യേക  ഊർജ്ജം തന്നെ സമ്മാനിച്ചു . എല്ലാവരും കൈമെയ് മറന്നു അങ്ങ് കളിച്ചു തകർത്തു. ഒരു പ്രാക്ടീസ് ദിനത്തിൽ പോലും  ഞങ്ങൾ ഇത്രയ്ക്കു രസിച്ചു കളിചിട്ടുണ്ടായിരുന്നില്ല. നിറഞ്ഞ സംതൃപ്തിയോടെ , audience ന്റെ മുഴുവൻ സ്നേഹവും ഏറ്റു  വാങ്ങി ആയിരുന്നു ഞങ്ങൾ വേദിയിൽ നിന്നും ഇറങ്ങിയത്.

ഞങ്ങളോരോരുത്തരുടേയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷമായി വേണമെങ്കിൽ അടയാളപ്പെടുത്താവുന്ന ഒരു നിമിഷം തന്നെ ആയിരുന്നു അത്. ഞങ്ങൾക്ക് വഴങ്ങില്ല എന്ന് കരുതിയ ഒരു കാര്യം വിജയകരമായി പൂർത്തിയാക്കി ഇറങ്ങുന്ന ആ നിമിഷം. ഇപ്പോഴും ഞങ്ങൾക്കറിയാം ഞങ്ങൾ നർത്തകർ ഒന്നും ആയിട്ടില്ല എന്ന്, ഏറ്റവും perfect ആയിട്ടൊന്നുമല്ല ഞങ്ങൾ കളിച്ചതു എന്നും. . പക്ഷെ ഞങ്ങളെയും കാണികളെയും ചേർത്ത് വെക്കുന്ന ഒരു ഇഴ എവിടെയോ ഒന്ന് കൊരുത്തിടാൻ ഞങ്ങൾക്ക് കഴിഞ്ഞുഎന്ന് തോന്നി . performers ഉം audience ഉം ഒരേ മനസ്സാവുന്ന ഒരു നിമിഷം ഉണ്ടായിരുന്നു അവിടെ. അതിലും വലുതായി മറ്റൊന്നും ഞങ്ങൾക്ക് നേടാനും ഇല്ലായിരുന്നു…ഇനി അടുത്ത വർഷത്തെ ഓണത്തിനറിയാം ഇതിന്റെ ബാക്കി എന്താണെന്ന്!! ഏറ്റവും നല്ല ചില നിമിഷങ്ങളും , ഏതു ഇരുളിലും  വെളിച്ചമാകുന്ന ചില സൗഹൃദങ്ങളും, ഒരായിരം ഓർമ്മകളും സമ്മാനിച്ച് അങ്ങനെ ഞങ്ങളുടെ ഇത്തവണത്തെ Concorde കുടുംബത്തിന്റെ ഓണാഘോഷത്തിന് കൊടിയിറങ്ങി. 

പ്രോഗ്രാം Video Link ഇവിടെ ചേർക്കുന്നു..കാണാം (At your own risk!!) ഇനി പറഞ്ഞില്ലാന്നു വേണ്ടാ..!!

അരങ്ങേറ്റം! പാർട്ട് 1 


യഥാർത്ഥ ഓണം  കഴിഞ്ഞിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ഇവിടെ ഞങ്ങളുടെ ബാംഗ്ലൂർ ഓണം ഈ കഴിഞ്ഞ ദിവസമായിരുന്നു . നല്ല ഒരു മഴ പെയ്തു തോർന്ന പോലെ ആയിരുന്നു ഇന്നലത്തെ ആ ഒരു ഫീൽ. Windrush ലെ ഈ തവണത്തെ ഓണം പ്രമാണിച്ചുള്ള ഞങ്ങളുടെ ഒത്തു കൂടലുകൾ  തുടങ്ങിയിട്ട് ഏകദേശം ഒന്നര മാസം പിന്നിട്ടിയിരിക്കുന്നു.ശരിക്കും പറഞ്ഞാൽ Windrush ജീവിതം ആ ഒന്നര മാസത്തിനു മുൻപും  അതിനു ശേഷമുള്ളതും എന്ന് തീർത്തും  അടയാളപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള ഒരു എക്സ്പീരിയൻസ് ആയിരുന്നു !.

 Windrush ൽ വന്നിട്ട് ഇപ്പോൾ ആറു  വർഷത്തിലേറെയായി. കാണുമ്പോൾ സംസാരിക്കുന്ന, ഓണപ്പരിപാടിക്ക് മാത്രം കണ്ടു മുട്ടി സൗഹൃദം പങ്കിടുന്ന ഒരു രീതിയായിരുന്നു ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്. അത് കഴിയുമ്പോൾ എല്ലാവരും അവരവരുടെ ജീവിതത്തിന്റെ തിരക്കുകളിലേക്ക് മടങ്ങിപ്പോകുന്ന അവസ്ഥ. പക്ഷെ കഴിഞ്ഞ ഒന്നര മാസം അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. അതിനു കാരണമായതോ  ഞങ്ങൾ ഒമ്പത് അടിപൊളി പെണ്ണുങ്ങളെ ഒരുമിച്ചു ചേർത്ത് വെച്ച ഒരു “മാങ്ങപറി ചെളിക്കുത്തു” ഡാൻസ് ഐഡിയയും. 

Concorde  Sylvan View വില്ലയും , Windrush ഉം അടുത്തടുത്തുള്ള Concorde Group ന്റെ  കമ്മ്യൂണിറ്റി ആണ്. ഞങ്ങളിവിടെ വന്ന കാലത്താണ് അറിഞ്ഞത്   ഇവിടെ വില്ലയിലുള്ള മലയാളികളുടെ  ഏറ്റവും വലിയ ആഘോഷമാണ് ഓണം എന്നത്. ഘോഷയാത്രയും,ചെണ്ടമേളവും, വെടിക്കെട്ടും, തിരുവാതിരയും, ഓണ പാട്ടുകളും, നൃത്തവും, സദ്യയും ഒക്കെയായി നാട്ടിൽ പോലും നമ്മൾ ആഘോഷിക്കാത്ത അത്രയും കേമമായി അവർ കൊണ്ടാടി വന്ന പരിപാടി. പിന്നീട് അവർ ക്ഷണിച്ചു ഞങ്ങളും അതിലെ ഒരു ഭാഗമായി.  അന്നൊക്കെ Concorde ഓണം  എന്ന് പറഞ്ഞാൽ ആദ്യം ഓർമ്മ വരുന്നത് വില്ലയിലെ അരുണയുടെ മുഴങ്ങുന്ന ചിരിയും സ്വരവുമാണ്. പിന്നെ രാജീവിന്റെ English ൽ ഉള്ള program anchoring ഉം, വില്ലയിലെ സുന്ദരിമാരുടെ തിരുവാതിരയും..   ഇതിനു മുൻപുള്ള മൂന്ന് ഓണപ്പരിപാടികളിലും ഞങ്ങൾ Windrush  ലെ പെൺകുട്ടികൾ ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്ത പഞ്ച പാവമായ group song ന്റെ മാത്രം  വക്താക്കൾ ആയിരുന്നു.  ഗ്രൂപ്പ് സോങ് ആകട്ടെ  അന്നത്തെ Lady Superstar of Windrush Greeshma പാടും, ഞങ്ങൾ പാടുപെടും എന്ന mode !  ഗ്രീഷ്മ നാട്ടിലേക്കു ചേക്കേറിയപ്പോൾ ഞങ്ങൾ പാട്ടു പഠിപ്പിക്കാൻ ആളില്ലാത്ത അനാഥരായി  മാറി! . (പിന്നീട് വൈകിയാണെങ്കിലും ഞങ്ങൾക്കൊരു മികച്ച ഗായികയെ-ഞങ്ങളുടെ  സ്വാതിയെ കോച്ച് ആയി കിട്ടുകയും, വന്ന വഴി മറക്കാത്ത ഞങ്ങൾ ഗ്രൂപ്പ് സോങ്ങും പാടി എന്നുള്ളത് മറ്റൊരു സത്യം!! (പാടി എന്ന് മുഴുവനായും പറയാൻ പറ്റില്ല എങ്കിലും സ്റ്റേജിൽ കയറി എന്ന് പറയാം !!) )

ഇക്കുറി എന്തായാലും ഞങ്ങൾ പോലും അറിയാതെ, പ്രതീക്ഷിക്കാതെ ഏതോ ഒരു ദുർബ്ബല നിമിഷത്തിൽ  ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചു dance കളിയ്ക്കാൻ തീരുമാനിച്ചു ഞങ്ങൾ. ബാക്കി ചരിത്രം!! 

അങ്ങനെ ഓണം പ്രോഗ്രാം ചർച്ചകൾ ഒക്കെ കഴിഞ്ഞു തീയതി ഒക്കെ നിശ്ചയിച്ചു കഴിഞ്ഞു കുഞ്ഞിപ്പിള്ളേരുടെ  ഡാൻസ് പഠനം ഒക്കെ തുടങ്ങിയ സമയത്തെ ഒരു ദിവസമാണെന്ന് തോന്നുന്നു  ഞങ്ങളുടെ കൂട്ടത്തിൽ നല്ല ഒരു കൊച്ചു കാന്താരി മുളകിനെ ഓർമ്മിപ്പിക്കുന്ന കൊച്ചിക്കാരി  കൂട്ടുകാരി സെബിൻ ഒരു ഉൾവിളി ഉണ്ടായതു പോലെ  “നമുക്ക്  ഇക്കുറി ഒന്ന് മാറ്റിപ്പിടിച്ചാലോ” എന്ന് ആദ്യം പറഞ്ഞത്. ഞാനൊക്കെ അത് കേട്ട് കാര്യമായി ചിരിച്ചു തള്ളി. ഡാൻസ് കളിയ്ക്കാൻ, അതും ഈ ഞാൻ!! ബാക്കി ആരൊക്കെ കളിച്ചാലും ഞാൻ കളിക്കും എന്നൊരു ചിന്ത “not even in my wildest dreams ” ൽ ഇല്ലായിരുന്നു!! ഇടയ്ക്കു ഒരു രണ്ടു ദിവസം ഒന്ന് നാട്ടിൽ പോയിട്ട് ഞാൻ എത്തിയപ്പോൾ കേട്ടത് ഇവളുമാർ practice തുടങ്ങി എന്നാണു. ‘മുങ്ങണോ…  കയറണോ’  എന്ന ഒരു ആശയ സംഘട്ടനം ഉള്ളിന്റെ ഉള്ളിൽ ബലാബലം നടത്തി. ഞങ്ങളുടെ ആദ്യത്തെ ഡാൻസ് മാസ്റ്റർ Sunsha ആയിരുന്നു. പഠിപ്പിക്കുന്ന കുട്ടികളുടെ മെച്ചം കാരണം ആണോന്നറിയില്ല ഒരാഴ്ച കഴിഞ്ഞപ്പോൾ Sunsha ഈ സംസ്ഥാനം തന്നെ വിട്ടു നാട്ടിലേക്കു ചേക്കേറാൻ തീരുമാനിച്ചു!!പിന്നെ ബാക്കി ഉള്ളവർ ഏകലവ്യൻ mode ൽ പഠനം തുടർന്നപ്പോൾ ആണ് ഒമ്പതാമതായി ഞങ്ങളുടെ ഗ്രൂപ്പിലേക്ക് ഒരു കറ  തീർന്ന നർത്തകി വന്നു ജോയിൻ ചെയ്തത്! ശ്രുതി. ശ്രുതി ഞങ്ങൾക്ക് നല്ല മനോഹരമായ സ്റ്റെപ്പുകൾ ഒക്കെ ഇട്ടു തരാൻ തുടങ്ങി.   അപ്പോഴൊക്കെ ഞാൻ കയ്യാലപ്പുറത്തെ തേങ്ങാ mode ൽ ആയിരുന്നു നിന്നിരുന്നത്. ഇത് എനിക്ക് പറ്റുന്ന പണിയേ അല്ല, ഏതു നിമിഷവും ഞാൻ രാജി വെക്കും എന്ന അവസ്ഥയിൽ! പക്ഷെ ഗ്രൂപ്പിന്റെ ഒരു vibes slowly എന്നെ വന്നു പൊതിയാൻ തുടങ്ങി. എത്ര പിന്നോട്ട് വലിയാൻ  ശ്രമിച്ചാലും നല്ല സൗഹൃദങ്ങൾ തരുന്ന ഒരു കാന്തിക ശക്തിയുണ്ട്. അതിന്റെ ഒരു ലഹരിയിൽ അവസാനം ഞാനും  കീഴടങ്ങി. 

ഞങ്ങൾ എന്നും ഓഫീസിൽ പണിയും, പിള്ളേർ/ വീട്ടു ജോലികൾ ഒക്കെ കഴിഞ്ഞു രാത്രി  പ്രാക്ടീസ് നു പോകാൻ തുടങ്ങി. പ്രാക്ടീസ് നല്ല രസമാണ്. ഒരാൾ കിഴക്കോട്ടു ചുവടു വെച്ചാൽ മറ്റെയാൾ കൃത്യം പടിഞ്ഞാട്ടായിരിക്കും വെക്കുന്നത്. കമ്പ്ലീറ്റ് confidence പോയിട്ട് ഞാൻ ഓർത്തു കളിയ്ക്കാൻ തുടങ്ങുന്നത് മുൻപേ ഒരു disclaimer പറഞ്ഞിട്ട് പ്രോഗ്രാം ചെയ്യാമെന്ന്. അന്ന് രാത്രി പ്രാക്ടീസ് കഴിഞ്ഞു വീട്ടിൽ വന്നു ഒരു ഏഴു മിനിറ്റിൽ ഒരു disclaimer എഴുതി ഫോണിൽ റെക്കോർഡ് ചെയ്തു. ബാക്കി എട്ടു പേരുടെയും ആദ്യത്തെ response തന്നെ വളരെ പോസിറ്റീവ് ആയിരുന്നു. അങ്ങനെ ഞങളുടെ പരിപാടി തുടങ്ങുന്നതിനു മുൻപേ disclaimer ഞാൻ തന്നെ announce  ചെയ്യാൻ ഞങ്ങൾ ധാരണയിലായി. (ഒരു ഓളത്തിനു  കയറി എഴുതി, ഫോണിൽ റെക്കോർഡ് ചെയ്‌തെങ്കിലും ലൈവ് സ്റ്റേജ് ൽ  ഇത് ഞാൻ present ചെയ്യുന്നത് എങ്ങനെ എന്ന് എനിക്ക് തന്നെ ഒരു ധാരണയില്ലായിരുന്നു. അതിന്റെ കൂടെ പ്രിയതമൻ “അത് വേണോ..റെക്കോർഡ് ചെയ്തു പറഞ്ഞാൽ പോരെ. എങ്ങാനും ഫ്ലോപ്പ് ആയാലൊന്ന് ” ചോദിക്കുന്നു. ആഹാ.. എന്നാൽ പിന്നെ തട്ടേൽ കേറിയിട്ടു തന്നെ കാര്യം എന്ന് അന്നേരം തീരുമാനിച്ചു!! Prove ചെയ്യാനുള്ള ഒരു ത്വര മനസ്സിൽ ഉണർന്നത് ആ casual ഡയലോഗ് ൽ ആണ്. തുടരും..

Parenting


 നിങ്ങൾ എപ്പോഴെങ്കിലും ഒക്കെ നിങ്ങളുടെ മക്കളെ ഒന്ന് closely watch  ചെയ്തിട്ടുണ്ടോ? നല്ല രസമുള്ള പരിപാടിയാണ്. ഓരോരുത്തരും എന്ത് വ്യത്യസ്ത സ്വഭാവം ആണെന്നോ..ചില സ്വഭാവങ്ങളൊക്കെ നമ്മളുടേതു തന്നെയാവും. ചിലതൊക്കെ നമ്മുടെ മറുപാതിയുടെ, വേറെ ചിലതൊക്കെ പുരാതന  ജീനുകൾ കടന്നു വന്നു കൂടിയതുമാകും. എൻ്റെ മൂത്ത രണ്ടു സന്താനങ്ങളുടെയും സ്വഭാവം എന്തൊരു വ്യത്യസ്തമാണെന്നോ..(ഏറ്റവും ഇളയത്തിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല!!) 

ഈ കഴിഞ്ഞ weekend ഞങ്ങൾ ഏർക്കാട് ഒന്ന് പോയി. അവിടെ പീക്കൂ പാർക്ക് എന്നൊരു സ്ഥലം ഉണ്ട്. സാധാരണ പാർക്കുകളിൽ 20 or 30 രൂപ ടിക്കറ്റ് ഉള്ളപ്പോൾ ഇവിടെ ഒരാൾക്ക് 250 രൂപ ആയിരുന്നു. ഇതിനും മാത്രം എന്താണവിടെ എന്ന് ഞങ്ങൾക്ക് പുറത്തു നിന്നപ്പോൾ തീരെ മനസ്സിലായില്ല. ഉള്ളിൽ ചെന്നപ്പോൾ പക്ഷികൾ ഉള്ള ഒരു സ്ഥലം. ഓരോ ഗ്രൂപ്പുകളായി ഉള്ളിലേക്ക് നമ്മളെ കയറ്റി വിടും. Jewelry ഒക്കെ ഊരി  വെക്കുന്നത് നല്ലതായിരിക്കും എന്ന് അവിടുത്തെ care takers പറഞ്ഞിരുന്നു. അകത്തു കയറിയപ്പോൾ നിറയെ വർണ്ണ മനോഹര പക്ഷികൾ. നമ്മളെ കണ്ടാൽ പറന്നു വന്നു തോളത്തും, കൈയ്യിലും തലയിലും ഒക്കെ കയറിയിരിക്കും. ഇത് കണ്ടതും എന്റെ മൂത്ത സന്താനത്തിന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരികൾ. അവൾ പണ്ടേ ഒരു മൃഗസ്നേഹി ആണല്ലോ.

രണ്ടാമത്തേതിന് ഇത് കണ്ടപ്പോഴേ പാതി ജീവൻ പോയ അവസ്ഥ!! അവൾക്കു ഈ പട്ടി, പൂച്ച, കിളികൾ അങ്ങനെ ഒരുമാതിരി മീഡിയം സൈസ് ജീവികളെ എല്ലാം കുറച്ചു ബഹുമാനം കൂടുതൽ ആണ്!! ബഹുമാനം കൂടിയിട്ട് അവരുടെ ഏഴയലത്തു പോലും പോകുന്നത് ഇഷ്ടമല്ലാത്ത അവസ്ഥ ആണ്! (ഞാനും ഏറെക്കുറെ അങ്ങനെ ആണ്). വലിയവൾക്കു  ചുറ്റും അനേകം കിളികൾ വട്ടമിട്ടു പറക്കുകയും, അവൾ അതിനെയൊക്കെ ഏറെ വാത്സല്യത്തോടെ സ്വീകരിക്കുകയും ചെയ്തപ്പോൾ. രണ്ടാമത്തവൾ ഇതിനെ ഒക്കെ കൂടെ കണ്ടിട്ട് നിലവിളിയായി. അതും നല്ല വലിയ വായിലെ നിലവിളി!. എനിക്കിപ്പോ ഇറങ്ങണം ഇവിടുന്നു മോഡ്. അവസാനം എങ്ങനെയൊക്കെ വലിച്ചു പുറത്തെത്തിച്ചു. എന്റെയും അവളുടെയും അവസ്ഥ കണ്ടിട്ടാവും ഒറ്റ കിളി പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല!! ഏറ്റവും ചെറുതാകട്ടെ യാതൊരു കൂസലുമില്ലാതെ ഇതൊക്കെ കണ്ടു കൊണ്ടിരുന്നു. ഇടയ്ക്കു അവളുടെ കൈയ്യിലെ  വളയിൽ  ഒരു കിളി വന്നു കൊത്തി  നോക്കിയിട്ടും ആൾക്ക് നോ പ്രോബ്ലം!

പുറത്തിറങ്ങിയിട്ടു വലിയവൾ  അവിടെ കണ്ട husky, ആട്, ഒട്ടകപക്ഷി, മുയൽ എന്ന് വേണ്ട സകല ജന്തു ജാലങ്ങളെയും ഓമനിച്ചു പരിപാലിച്ചു നടന്നു. രണ്ടാമത്തവൾ ആകട്ടെ മുഖം വീർപ്പിച്ചും ദേഷ്യപ്പെട്ടും നടന്നു. ചെറുത് ഇതൊന്നും അവൾക്കൊരു പ്രശ്‌നമേയല്ല ഭാവത്തിലും. 

അടുത്തതായി ഞങ്ങൾ ഒരു view  point കാണാനാണ് ആണ് പോയത്. നടക്കുന്ന വഴിയിൽ നല്ല ഭംഗിയുള്ള ഒരു പുഴുവിനെ കണ്ടിട്ട് എന്റെ പ്രിയതമൻ മൂത്ത പുത്രിയെ വിളിച്ചു കാണിച്ചു. അതിനെ കണ്ടതും അവൾ ഒറ്റ നിലവിളി. അതിനെ അച്ഛൻ മെല്ലെ അവളുടെ അടുത്തേക്ക് തട്ടുന്നതായി ഭാവിച്ചു. ഒരൊറ്റ പൊട്ടിക്കരച്ചിൽ. രണ്ടാമത്തവൾ ആകട്ടെ കൂളായി പോയി ഒരു ഇല പറിച്ചു കൊണ്ട് വന്നു അതിനെ  വഴിയിൽ നിന്നും എടുത്തു മാറ്റി വിട്ടു. “ഈ കൊച്ചു പുഴുവിനെ നവമി ചേച്ചിക്ക് ഇത്രയ്ക്കു പേടിയാണോ” എന്നവൾ ചേച്ചിയെ ട്രോളുന്നു!!    അപ്പോൾ ആണ് ഞങ്ങൾക്ക് മനസ്സിലായത്. Medium sized animals നെ മാത്രം ഇഷ്ടപ്പെടുന്ന പ്രത്യേകതരം മൃഗസ്നേഹി ആണ് മൂത്ത മകൾ എന്നും, തീരെ ചെറിയ insects , അട്ട, പുഴു, ഇത്യാദി ജീവികളെ കണ്ടാൽ നിലവിളിച്ചു കൊണ്ട് ഓടി പോകുന്ന ആളാണ് അവളെന്നും. ഒരു പുഴുവിനെ കണ്ടതിന്റെ effect അന്ന് വൈകുന്നേരം മുഴുവൻ ഉണ്ടായിരുന്നു. അവളുടെ സുധ അമ്മൂമ്മയുടെ ‘അട്ട ഫോബിയ’ യുടെ ഒരു enhanced version ആണ് ഇതെന്ന് ഞങ്ങൾക്ക് വ്യക്തമായി. അമ്മക്ക് ലോകത്തിലേക്കും ഏറ്റവും പേടിയുള്ള രണ്ടു ജീവികൾ ആണ് അട്ടയും ആനയും. ഇതിനെ പരിസരത്തു കണ്ടാൽ അമ്മക്ക് തന്നെ അറിയില്ല എങ്ങനെ ആകും പ്രതികരിക്കുക എന്ന്. ഓടാൻ സ്ഥലമുണ്ടെങ്കിൽ ആ നിമിഷം ഓടും . ഇല്ലെങ്കിൽ തൊട്ടടുത്ത് നിൽക്കുന്ന ആളിനെ പിച്ചും!! ഇതാണ് അവസ്ഥ!! പണ്ടൊക്കെ അമ്മയുടെ ഈ അട്ട പേടി മുതലെടുക്കാൻ അട്ടയെ ഒരു കമ്പിൽ തോണ്ടിയെടുത്തു ശ്രീകാര്യത്തെ വീടിനു ചുറ്റും അമ്മയെ ഓടിക്കുക എന്ന ക്രൂര വിനോദത്തിൽ ഏർപ്പെടുന്ന പണ്ടത്തെ ആ സൽപ്പുത്രനെക്കുറിച്ചുള്ള ഓർമ്മകൾ  പ്രിയതമൻ ഇടയ്ക്കിടയ്ക്ക് ഇരുന്നു അയവിറക്കും!!

ഒരേ വയറ്റിൽ നിന്നും വന്ന ചേച്ചിയും അനിയത്തിയും.  രണ്ടു പേരുടെയും ഇഷ്ടങ്ങളും പേടികളും  ഒക്കെ എന്ത് വ്യത്യസ്തം ആണെന്ന് ഞാനോര്ക്കുകയായിരുന്നു. ഒരാൾക്ക് വരയ്ക്കാൻ വലിയ ഇഷ്ടം, ഒരാൾക്ക് വരയ്ക്കാൻ അറിയുകയേ ഇല്ല എന്ന് പരാതി. ഒരാൾക്ക് ഡാൻസ് കളിയ്ക്കാൻ ഇഷ്ടമേയല്ല എന്ന്. മറ്റേയാൾക്ക് അതിഷ്ടം. ഭക്ഷണക്കാര്യത്തിലും വ്യത്യസ്തങ്ങളായ ഇഷ്ടങ്ങൾ. sweet  potato, mushroom, കപ്പലണ്ടി മുട്ടായി, പപ്പായ, ഇത്യാദികൾ ഒക്കെ വലിയ ഇഷ്ടമായ ഒരുവൾ . ഇതൊന്നും തീരെ ഇഷ്ടമേയല്ലാത്ത മറ്റെയാൾ . ഏത്തപ്പഴം വലിയ ഇഷ്ടമുള്ള ഒരാൾ . അത് തീരെ ഇഷ്ടമല്ലാത്ത മറ്റേയാൾ . ഒരാൾ നമ്മുടെ expressive സ്നേഹത്തിനു വേണ്ടി ദാഹിക്കുന്നവൾ. മറ്റെയാൾ expressive  സ്നേഹ വിരോധി!! ഇതൊന്നും ആരും പഠിപ്പിച്ചും പറഞ്ഞുമൊന്നും കൊടുത്തിട്ടുള്ളതല്ല. രണ്ടാൾക്കും കിട്ടുന്ന exposure ഒരു പോലെ തന്നെയാണ്. എങ്കിലും എന്തൊരു വ്യത്യസ്തരാണ് അവരെന്ന് കാണുമ്പോൾ വിസ്മയം. രസമുള്ള ഒരു നിരീക്ഷണം ആണിത്. അവരുടെ ചിന്തകൾ, സ്വഭാവം, പേടികൾ , ഇഷ്ടങ്ങൾ, ഇതൊക്കെ ഇങ്ങനെ ഓരോ ദിവസവും evolve ആയിക്കൊണ്ടിരിക്കുകയാണ്.  ഓരോ ദിവസവും ഓരോ നിമിഷവും അവർ വളർന്നു കൊണ്ടിരിക്കുമ്പോൾ നമുക്ക് മുൻപിൽ ഓരോരോ പുതിയ പാഠങ്ങൾ ആണ് അനാവൃതമാകുന്നത് . അവരെ ഒരു വര വരച്ചു അതിലെ നടത്താനൊന്നും കഴിയാത്തതു കൊണ്ട് ഇതൊക്കെ കണ്ടു കണ്ട്  ചിലപ്പോൾ ഞെട്ടിയും, ചിലപ്പോൾ സന്തോഷിച്ചും, ചിലപ്പോൾ അമ്പരന്നു ഒക്കെ ജീവിതം ഇങ്ങനെ ഒഴുകി കൊണ്ടിരിക്കുന്നു..

Parenting പോലെ ഇത്രമേൽ complex ആയ  മറ്റെന്തുണ്ട് ജീവിതത്തിൽ എന്ന് തോന്നാറുണ്ട് പലപ്പോഴും. യാതൊരു മുൻ പരിശീലനവും , പാഠങ്ങളും  ഒന്നും ഇല്ലാതെ നമ്മൾ എടുത്തു ചാടുന്ന ഒരിടം. ഓരോ ദിവസവും ഓരോ അനുഭവങ്ങൾ പകർന്നു തന്നു നമ്മളെ പഠിപ്പിക്കുന്ന, പക്വതയുള്ളവർ ആക്കാൻ ശ്രമിക്കുന്ന  ഭൂമിക..മറ്റൊരാളിന്റെ ജീവിതത്തിലും എത്തി നോക്കി പഠിച്ചു പാസ്സാകാൻ കഴിയാത്ത,  ഓരോരുത്തർക്കും വ്യത്യസ്ത ചോദ്യപേപ്പറുകൾ ഉള്ള പരീക്ഷ! ജയവും തോൽവിയും ആപേക്ഷികമായ, ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം!! 

എന്തായിത്തീരുമോ എന്തോ..ചിന്തിച്ചാൽ ഒരു അന്തവുമില്ലല്ലോ ഈശ്വരാ ..!!

പറയാതെ പോയവർ…


“അമ്മ  എപ്പോ വരും” എന്നൊരു ചോദ്യമായിരുന്നു ആ കുഞ്ഞിക്കണ്ണുകളിൽ ആകെ നിറഞ്ഞിരുന്നത്..അത് കണ്ടപ്പോളത്രയും പറയാനാകാത്ത ഒരു ദുഃഖഭാരം മനസ്സിൽ നിറഞ്ഞു കൊണ്ടേയിരുന്നു. അവരുടെ അമ്മ ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര പോയി എന്നെങ്ങനെ ആ കുഞ്ഞു മുഖങ്ങളിൽ നോക്കി പറയാനാണ്. പറഞ്ഞാൽ തന്നെ അവർക്കു അതെങ്ങനെ മനസ്സിലാവാനാണ്..രാത്രി പതിനൊന്നു മണി വരെ ഒരു സാധാരണ ഞായറാഴ്ച ആയിരുന്നു അവരുടേതും ഞങ്ങളുടേതും. അതിനു ശേഷം ഉള്ള ചില നിമിഷങ്ങളിൽ അവരുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. എല്ലാത്തിനും കാഴ്ച്ചക്കാരാകാൻ ഞങ്ങളും..

ഞങ്ങളുടെ ഫ്ലാറ്റ് ന്റെ മുൻവാതിൽ തുറന്നാൽ കാണുന്നതാണ് അവരുടെ ഫ്ലാറ്റ്. രണ്ടര  വയസ്സുള്ള മകളും, അഞ്ചു വയസ്സുള്ള മകനും അച്ഛനും അമ്മയും ആയി സന്തോഷത്തോടെ കഴിയുന്ന ഒരു കൊച്ചു മലയാളി കുടുംബം. മിക്കവാറും കാണാറുള്ളതാണ് അവരെ..നാട്ടിൽ നിന്ന് വരുമ്പോൾ പലതവണ ഞങ്ങൾക്ക് ചക്കയും മാങ്ങയും ഒക്കെ സമ്മാനിച്ചിട്ടുള്ള  സ്നേഹമുള്ള മനുഷ്യർ.. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒരു 11  മണി കഴിഞ്ഞപ്പോൾ calling bell  കേട്ട് തുറന്നപ്പോൾ ആകെ പരവശനായ ആ കുഞ്ഞുങ്ങളുടെ അച്ഛൻ. ഭാര്യക്കു എന്തോ വയ്യായ്ക. ബോധമില്ല എന്ന്. ഓടി ചെന്ന് നോക്കുമ്പോൾ അബോധാവസ്ഥയിൽ ആ പെൺകുട്ടി.  വളരെ പെട്ടന്ന് ഒരു പത്തു മിനിറ്റിൽ ആശുപത്രിയിൽ എത്തിക്കാനായി അയാളും  എന്റെ പ്രിയതമനും മറ്റു രണ്ടു സുഹൃത്തുക്കളും കൂടി  പോയി. കുഞ്ഞുങ്ങളെ ഞങ്ങൾ വീട്ടിലേക്കു കൊണ്ട് പോരുകയും ചെയ്തു. ആകെ പകച്ചു പോയ നാല് കുഞ്ഞിക്കണ്ണുകൾ..ചേർത്ത് പിടിച്ചു വെച്ച് സമാധാനിപ്പിച്ചു ഞങ്ങൾ. അമ്മക്കൊന്നും ഇല്ല, ഡോക്ടർ നെ കണ്ടു മരുന്ന് മേടിച്ചിട്ടു ഇപ്പോൾ വരുമെന്നും പറഞ്ഞു. ഞങ്ങളും അങ്ങനെ ആശ്വസിച്ചു. പക്ഷെ ആ ആശ്വാസത്തിന് വല്യ ആയുസ്സൊന്നും ഉണ്ടായിരുന്നില്ല.

വെറും 32 വയസ്സുകാരിയായ ആ പെൺകുട്ടി ഇനിയില്ല എന്നതാണ് പിന്നീട് കേട്ടത്. അപ്പോഴേക്കും ആ കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്നു. ചെറിയ മകൾ ഉറങ്ങാൻ വല്ലാതെ താമസിച്ചിരുന്നു. നെറ്റിയിൽ മെല്ലെ തലോടി ഞാൻ അടുത്തിരുന്നപ്പോൾ ആ കുഞ്ഞിക്കണ്ണുകൾ  പറയാതെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊണ്ടെന്നവണ്ണം എന്തോ  തിരഞ്ഞു കൊണ്ടിരുന്നു.. രാത്രി ഇടക്കെപ്പോഴോ ‘അമ്മെ’ എന്ന് വിളിച്ചുണരാൻ തുടങ്ങിയ  ആ കുഞ്ഞു മോനെ  ഇവിടെ ഞങ്ങളുടെ ‘അമ്മ ചേർത്ത് പിടിച്ചുറക്കി..  അമ്മയില്ലാത്ത അവരുടെ ആദ്യത്തെ രാത്രി..ഇനിയുള്ള എല്ലാ രാത്രികളും അവർക്കു ഇങ്ങനെ ആണല്ലോ എന്നോർത്ത് ഞങ്ങളുടെ നെഞ്ച് വല്ലാതെ പിടയുന്നുണ്ടായിരുന്നു..  

എന്തോ ചെറിയ health issues ഉണ്ടായിരുന്നു എന്നേയുള്ളു ആ പെൺകുട്ടിക്ക് . ഇങ്ങനെ ഒരു ഞായറാഴ്ച്ച വൈകുന്നേരം ആരോടും ഒന്നും പറയാതെ അവൾ ഇങ്ങനെ അങ്ങു  മരിച്ചു പോകാനായിരിക്കും വിധി എന്ന്  ആ പാവം ചെറുപ്പക്കാരനും സ്വപ്നത്തിൽ പോലും  വിചാരിച്ചിട്ടുണ്ടാവില്ല..അതിന്റെ ഞെട്ടൽ അത്രയും ആ മുഖത്തുണ്ടായിരുന്നു ആ നേരങ്ങളിൽ ..

ജീവിതം ഇങ്ങനെ ചിലർക്ക് ചില നിമിഷങ്ങളിൽ മാറി മറിഞ്ഞു പോകുന്നത് നമ്മൾ ഇപ്പോഴും വായിച്ചും കെട്ടും ഒക്കെ അറിയാറുണ്ട്. അപ്പോഴൊക്കെ നമ്മൾ അത് കേട്ട് ഒന്ന് നെടുവീർപ്പിട്ടു മറന്നു പോകാറും ഉണ്ട്. പക്ഷെ ഇതിപ്പോൾ കണ്മുന്നിൽ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തു, ഇങ്ങനെ ചില കാഴ്ച്ചകൾ കാണേണ്ടി വന്നപ്പോൾ ജീവിതം എന്തിനിത്ര ക്രൂരമാകുന്നു ചിലരോട്എ ന്ന്  തോന്നിപോകുന്നു. ആ ചെറിയ കുഞ്ഞിന് ഇനി ജീവിതകാലത്തു  ഒരിക്കലും അമ്മയെ കാണാൻ കഴിയില്ല എന്നോർക്കാനേ  വയ്യ. ആ അഞ്ചു വയസ്സുകാരനു കുറേക്കൂടി അമ്മയോർമ്മകൾ ഉണ്ടാവും.. എന്നും രാവിലെ അവനെ ബസ്‌സ്റ്റോപ് ൽ കൊണ്ട് വിടുന്നത് ആ അമ്മയായിരുന്നു. എന്റെ കുഞ്ഞുങ്ങളുടെ സ്കൂളിൽ തന്നെ ആണ് അവനും പഠിക്കുന്നത്. പിറ്റേന്ന്  രാവിലെ ഞങ്ങൾ ഭക്ഷണം കൊടുത്തപ്പോൾ “അമ്മ ആണെനിക്ക് എടുത്തു തരുന്നത്, ഞാൻ ‘അമ്മ വന്നിട്ട് കഴിച്ചോളാം” എന്നവൻ..ഞങ്ങൾ എന്ത് പറയാൻ..എങ്ങനെ പറയാൻ..

രണ്ടാഴ്ച മുൻപേ ചേട്ടന്റെ എഞ്ചിനീയറിംഗ് കോളേജ് സുഹൃത്തിന്റെ രണ്ടര വയസ്സുകാരനും  ഇതുപോലെ പോലെ പെട്ടന്നങ്ങു കടന്നു പോയതേ ഉള്ളായിരുന്നു . അതിന്റെ ഞെട്ടലിൽ നിന്ന് ഒന്ന് കരകയറിയാതെ ഉള്ളായിരുന്നു. അപ്പോഴാണ് ഇത്.. 

നിയതിയുടെ  വഴികൾ, നിയോഗം, വിധി എന്നൊക്കെ പറയുന്നതിനെ  തിരുത്താൻ ഒന്നും ആർക്കും കഴിയില്ല. പക്ഷെ.. എന്തിനൊക്കെയോ വേണ്ടി നമ്മൾ പാഞ്ഞു പോകുമ്പോൾ, മത്സരിക്കുമ്പോൾ, ആവശ്യമില്ലാതെ കലഹിക്കുമ്പോൾ ഒക്കെ ഓർക്കുക ജീവിതം എത്ര ചെറുതാണെന്ന്.  എന്താകും സംഭവിക്കുക എന്ന് ആർക്കും  അറിയില്ല എന്ന്. ഈ നിമിഷങ്ങളേയുള്ളു നമുക്ക് സ്വന്തമായെന്നോർത്തു  പ്രിയപ്പെട്ടവരേ ഒന്നുകൂടിയൊന്നു ചേർത്തൊന്നു പിടിച്ചേക്കു..നാളെയാരെന്നും എന്തെന്നും ആർക്കറിയാം.. 

എഴുതി പങ്കുവെച്ചെങ്കിലും ആ ദിവസത്തിന്റെ trauma യിൽ നിന്നും രക്ഷപെടാമെന്നു കരുതിയാണ് ഈ കുറിപ്പ്..

അമ്മ 


ഞാൻ ഓർക്കുകയായിരുന്നു..ഞങ്ങളുടെ വീട്ടിൽ ആദ്യം ഡ്രൈവിംഗ് പഠിച്ചത് അമ്മയായിരുന്നു..’അമ്മ എന്തൊരു active ആയിരുന്നു അന്നൊക്കെ..എത്ര സന്തോഷത്തോടെയും ഉത്സാഹത്തോടെയും കൂടി ആയിരുന്നു ‘അമ്മ അന്ന് ഡ്രൈവിംഗ് ഒക്കെ പഠിച്ചു  ലൈസൻസ് ഒക്കെ എടുത്തത്. ഓടിക്കാൻ കാർ ഇല്ലാതിരുന്നതു കൊണ്ടോ, പിന്നീട് ഒന്ന് പ്രാക്ടീസ് ചെയ്യിപ്പിക്കാൻ ആളില്ലാതിരുന്നത് കൊണ്ടോ ‘അമ്മ അങ്ങനെ വണ്ടി ഓടിച്ചിട്ടൊന്നുമില്ല. എങ്കിലും ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു ആ enthusiasm! ഇപ്പോഴത്തെ ‘അമ്മ പണ്ടത്തെ അമ്മയിൽ നിന്ന് എന്തൊരു വ്യത്യസ്തയാണ്. എന്തൊരു അധീരയാണ്..

ഈ ലോകം മൊത്തം നമുക്ക് മുന്നിലേക്ക് ഇളകി വന്നു നിന്നാലും അമ്മ ഉണ്ടെന്നുള്ള ധൈര്യം ആയിരുന്നു ഞങ്ങൾ മൂന്നു പെണ്മക്കൾക്കും കുട്ടിക്കാലത്തിലും  കൗമാരത്തിലും..  അച്ഛൻ നാട്ടിൽ ഇല്ലാതിരുന്നതു കൊണ്ട് ആയിരിക്കും ഞങ്ങൾക്ക് ഇത്രയ്ക്കു ‘അമ്മ dependency വന്നത്.. അച്ഛൻ തമിഴ്‌നാട്ടിലെ ജോലി കാരണം ശനിയാഴ്ചകളിൽ വന്നു ഞായറാഴ്‌ചകകളിൽ മടങ്ങി പോകുമായിരുന്നു. അതിനിടയിൽ  van fee അല്ലെങ്കിൽ school fee ഇതൊക്കെ തരുന്നതിനപ്പുറം ഞങ്ങളുടെ കുട്ടിക്കാല ജീവിതത്തിലെ എല്ലാ കാര്യങ്ങളും അമ്മയിലൂടെ തുടങ്ങി അമ്മയുടെ തന്നെ  ആയിരുന്നു അവസാനിച്ചിരുന്നത് .

എന്തൊരു ഉജ്വലമായിട്ടാണ് ‘അമ്മ ഒറ്റയ്ക്ക് അതൊക്കെ ചെയ്തിരുന്നത്..അതിപ്പോൾ ഇങ്ങേയറ്റം  ഒരു ഉടുപ്പ് വാങ്ങുന്നത് മുതൽ, അങ്ങേയറ്റം കോളേജ് അഡ്മിഷൻ വരെ എല്ലാ കാര്യങ്ങളും ‘അമ്മ ഒറ്റയ്ക്ക് തന്നെ ആയിരുന്നു ഡീൽ ചെയ്തിരുന്നത്. അതും ഞാനിതൊക്കെ ചെയ്തു, ഇങ്ങനെ ചെയ്തു, ഒറ്റക്കായിരുന്നു ചെയ്‌തത്‌  എന്ന് ഒരിക്കൽ പോലും ആരോടും ‘അമ്മ പറയുന്നത് കേട്ടിട്ടില്ല. പരാതി ഇല്ല എന്ന് മാത്രമല്ല ഞാൻ ഒരു വല്യ കാര്യം ചെയ്യുകയാണെന്ന് ഒരിക്കലും ‘അമ്മ പറഞ്ഞു കേട്ടിട്ടേയില്ല.. എന്തൊക്കെ വലിയ കാര്യങ്ങളായിരുന്നു അതൊക്കെ എന്ന് മനസ്സിലാകുന്നത്, ഓർമ്മിക്കുന്നത് ഞാൻ  ഇന്നിപ്പോൾ 3  പെൺകുട്ടികളുടെ അമ്മയായി അവരുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുമ്പോഴാണ്. (അതും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ പിള്ളേരുടെ അച്ഛനും, അപ്പൂപ്പനും അമ്മൂമ്മയും ഒക്കെയായി ഓരോ ദിവസങ്ങൾ കടന്നു പോകുമ്പോൾ..)

അമ്മക്ക് എന്തൊരു ധൈര്യമായിരുന്നു. ഊർജ്ജമായിരുന്നു. മൂന്നു പെൺകുട്ടികളും, അമ്മൂമ്മയും മാത്രമായിരുന്നു ഏറെ ദിവസങ്ങളും വീട്ടിൽ. വീട്ടിലെ എല്ലാകാര്യങ്ങളും അമ്മൂമ്മയുടെ അകമഴിഞ്ഞ പിന്തുണയോടെ ആയിരുന്നു നടന്നിരുന്നത്..എന്നാലും വീടിനു പുറത്തു എന്തൊക്കെ കാര്യങ്ങളുണ്ടായിരുന്നു അമ്മക്ക് ഒറ്റയ്ക്ക് ഡീൽ ചെയ്യാൻ..’ 

പലപ്പോഴും ഞങ്ങളെ മൂന്നു പേരിൽ ആർക്കെങ്കിലും   dentist appointment ഉണ്ടാവും, അപ്പോൾ  ബാക്കി രണ്ടിനേം രാവിലെ ഒരുക്കി സ്കൂൾ ബസിൽ വിട്ടിട്ടു, ഒന്നിനെ കൊണ്ട് പോയി dentist  നെ ഒക്കെ കാണിച്ചു  സ്കൂളിൽ കൊണ്ട് വിട്ടിട്ടു ‘അമ്മ അമ്മയുടെ സ്കൂളിലേക്ക് പോയിരുന്നു. ‘അമ്മ ഒറ്റയ്ക്ക്  പോയി നോക്കി ഞങ്ങൾക്ക് എന്തു നല്ല ഡ്രെസ്സുകൾ ഒക്കെ വാങ്ങി വരുമായിരുന്നു.ഒന്നും വേണമെന്ന് അങ്ങോട്ട് പറയേണ്ടി വന്നിട്ടേയില്ല..കണ്ടറിഞ്ഞ് ‘അമ്മ ചെയ്യുന്നതത്രയും ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ മാത്രമായിരുന്നു. ഒന്നിനും ഒരു കുറവും കൂടാതെ.. എത്ര സന്തോഷത്തോടെ മനസ്സ് നിറഞ്ഞതായിരുന്നു ‘അമ്മ അങ്ങനെ ഓരോന്നും ചെയ്തിരുന്നത് എന്ന് തോന്നുന്നു.., വീടും, സ്കൂളും, അമ്പലവും, അച്ഛനും, അമ്മൂമ്മയും, മക്കളും-അവരുടെ പഠിത്തവും/ നേർവഴിക്കുള്ള  നടത്തവും,  ഒക്കെയായി ‘അമ്മ ചേർത്ത് പിടിച്ചു വെച്ചിരുന്നത് എന്ത് മാത്രം ഉത്തരവാദിത്വങ്ങളായിരുന്നു എന്ന് ഇപ്പോഴെനിക്ക് എണ്ണി തീർക്കാൻ കഴിയുന്നതേയില്ല..

ചെയ്തതത്രയും സഫലമായി എന്നേ  പറയുവാനുള്ളു..അത്രമേൽ ആത്മാർത്ഥതയോടെ, മനസ്സ് നിറഞ്ഞു ചെയ്തതല്ലേ..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ..എങ്ങനെ ഫലം കാണാതെയിരിക്കും..അമ്മയുടെ മക്കൾ മൂന്നു പേരും സമാധാനമുള്ള, സന്തോഷത്തിന്റെ ചെറു തുരുത്തുകളിൽ ആണ്..അത് മാത്രമല്ല,  ആയിരിക്കുന്ന ഇടങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നത് അവനവന്റെ ഉത്തരവാദിത്വം മാത്രമാണെന്ന വലിയ പാഠവും  ‘അമ്മ ആയിരുന്നല്ലോ പണ്ടേ പഠിപ്പിച്ചത്..അത് മറക്കാൻ കഴിയില്ലല്ലോ..

പഴയതൊക്കെ ഇങ്ങനെ ഇരുന്നു ഓർമിക്കുമ്പോൾ ഒറ്റ സങ്കടം മാത്രം..ആ പഴയ  ‘അമ്മ എവിടെ മറഞ്ഞു പോയി എന്ന്. ശക്തയായ, ഏതു കടലിരമ്പി വന്നാലും ഈശ്വരനെ മുറുകെ പിടിച്ചു  ഞങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തക്കവണ്ണം ധീരയായ ആ അമ്മയുടെ നിഴൽ മാത്രമാണ് ഇന്ന്. ‘ഒരു പക്ഷെ അമ്മ  അമ്മയുടെ ആ ഒറ്റയാൾ പോരാട്ട ദിനങ്ങൾ ഒക്കെ മറന്നു പോയിട്ടുണ്ടാവും. എങ്കിൽ ഒന്ന് ഓർമ്മിപ്പിക്കാൻ കൂടി ആണ് ഈ എഴുത്തു. ഒരു Diabetes നോ, High Blood Pressure നോ, കൂടിയ creatinine ലെവൽ നോ, cataract നോ ഒക്കെ തകർത്തു കളയുന്നതിലും ഒക്കെ  അപ്പുറമാണ് (ആവണം)ഞങ്ങളുടെ അമ്മയുടെ ആത്മബലം. അതൊന്നു തിരിച്ചറിഞ്ഞാൽ ഇപ്പോഴത്തെ ഈ അധൈര്യവും, ടെൻഷനും ഒക്കെ മാറും. അമ്മക്ക് ഇനിയും അമ്മയുടെ മക്കളുടെ ‘graceful aging’ കാണാനുണ്ട്, ശിവന് ശക്തി എന്നത് പോലെ അച്ഛന്റെ ഓരോ കാൽവെയ്പ്പിലും താങ്ങാവാൻ ഉണ്ട്, കൊച്ചു മക്കളുടെ ഓരോരോ milestones ഉം സന്തോഷത്തോടെ അഭിമാനത്തോടെ നോക്കി നിൽക്കാനുണ്ട്. പിന്നെ ജീവിതത്തിന്റെ നിറങ്ങളെ, രസങ്ങളെ  ഒക്കെ കുറച്ചു കൂടി  പ്രിയത്തോടെ നോക്കി നിൽക്കാനുണ്ട്.

ഉത്തരവാദിത്വങ്ങൾ ഒക്കെ കഴിഞ്ഞു എന്ന് കരുതാതെ, രോഗങ്ങളുടെ നടുവിലാണ് എന്ന് തളർന്നു  നിൽക്കാതെ  ഇനിയും മനോഹരമായ അനേകം കാഴ്ചകളിലേക്ക് കണ്ണ് തുറക്കാൻ, വീടോർമ്മകൾ മാടി വിളിക്കുമ്പോൾ ഞങ്ങൾക്ക് ഓടി വന്നു സ്വസ്ഥരായി തല ചായ്ക്കാൻ, അനേകം കഥകൾ പങ്കു വെക്കാൻ  അച്ഛനൊപ്പം അമ്മ അവിടെ ഉണ്ടാവണം..പഴയതു പോലെ മനസ്സ് കൊണ്ട് ശക്തയായി, സന്തോഷവതിയായി, രോഗങ്ങളെ കുറിച്ച് ആകുലതകളില്ലാതെ..

ദൂരത്തിരുന്നാണെങ്കിലും നിറഞ്ഞ ഒരു ചിരിയോടെ അമ്മയുടെ മുഖം എന്നും കാണുന്നതാണ് ജീവിതത്തിലെ ഏറ്റവും നിറവ്..

Father’s Day!


കുറച്ചു ലേറ്റ് ആയിപ്പോയ Father’s Day പോസ്റ്റ് ആണേ..ഇക്കുറി Father’s Day എന്റെ പിള്ളേരുടെ father നു ശരിക്കും ഒരു ഒന്നൊന്നര Father’s Day തന്നെയായിരുന്നു!അന്ന് മാത്രമല്ല അതിനു മുൻപും ശേഷവും  ഉള്ള രണ്ടു ദിവസങ്ങളും ചേർത്ത് ഒരു ‘Father’s week’ തന്നെ ആഘോഷിക്കാൻ ഉള്ള അവസരം ഈ പ്രിയതമ കൊടുത്തു!! ഏറ്റവും ചെറുതിനെ മാത്രം ഒപ്പം കൂട്ടി ഞാനും അച്ഛനും അമ്മയും കൂടി ഒന്ന് നാട്ടിൽ പോയി വന്നു.അങ്ങനെ ആദ്യമായി അച്ഛനും രണ്ടു മക്കളും  കൂടി കുക്കിങ്ങും , സ്കൂളിൽ പോക്കും, ജോലിയും, വീട്ടു പണികളും ഒക്കെയായി കുറച്ചു ദിവസത്തെ വാസം. 

നാട്ടിൽ കണ്മണി കുഞ്ഞുവാവയുടെ ചോറൂണ് കൂടാൻ അച്ഛനും അമ്മയും കൂടി പോകുന്നു എന്ന് കേട്ടപ്പോൾ പെട്ടന്നുണ്ടായ ഒരു ഉൾവിളി ആയിരുന്നു എനിക്ക്. അവരുടെ കൂടെ പോയാൽ എനിക്ക് കൊടുകുളഞ്ഞിയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഒരു 3 to 4  days നില്ക്കാൻ പറ്റും. പിള്ളേർക്ക് സ്കൂൾ തുറന്നതു കാരണം ഇനി എപ്പോൾ എന്ന് പോകാൻ കഴിയും എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു അവസരം മുന്നിൽ വന്നത്. നമ്മുടെ അച്ഛനമ്മമാർക്ക് പ്രായമാകുന്നു എന്നോർക്കുമ്പോൾ ഉള്ളിലുയരുന്ന ഒരു ഭാരമുണ്ട്. പ്രത്യേകിച്ച് നമ്മൾ ആ നാട്ടിൽ, ഒന്നോടിയെത്താവുന്ന ദൂരത്തിൽ അല്ലെങ്കിൽ..അപ്പോഴാണ് അവരുടെ കൂടെ ചെലവഴിക്കാനാവുന്ന ഓരോ നിമിഷവും എത്രമേൽ വിലമതിക്കാനാവാതാണെന്നു തോന്നലുണരുന്നത്. അപ്പോഴാണ് ഇവിടെ നമ്മുടെ വർത്തമാനകാലത്തിന്റെ എല്ലാ കെട്ടുപാടുകളെയും അൽപ ദിവസത്തേക്കെങ്കില്, ഒന്ന് പൊട്ടിച്ചെറിഞ്ഞു അവർക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ തോന്നുന്നത്. അങ്ങനെ  പെട്ടന്നുണ്ടായ ആ ഒരു തോന്നലിൽ ആണ് ഞാൻ പറഞ്ഞത് ഞാനും കൂടി നാട്ടിൽ പോയാലോ എന്ന്. ചേട്ടന് ഇവിടെ മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ എന്ന്. ഒരൊറ്റ സെക്കന്റ് പോലും ആലോചിക്കാതെ “അതിനെന്താ നീയും പൊക്കോ, ഞാൻ നോക്കിക്കോളാം” എന്ന ഒറ്റ വരി മറുപടിയിൽ എന്റെ മനസ്സിൽ  പെയ്തിറങ്ങിയത് ആയിരം വേനലിനെ തണുപ്പിക്കുവാൻ പോന്ന മഴയായിരുന്നു..

പോകുന്നതിന്റെ അന്ന് രാവിലെ നവമിയുടെ കാലിൽ ഒരു തേനീച്ച കുത്തി. വൈകുന്നേരം വന്നപ്പോഴേക്കും കാലിൽ ആകെ നീര് വന്നു വീങ്ങിയിരിക്കുന്നു. അന്ന് തന്നെ വൈകുന്നേരം അവളുടെ പല്ലിനു braces ഇടാനുള്ള appointment ഉം  ഉണ്ട്.കമ്പി ഇട്ടു കഴിഞ്ഞ ആദ്യത്തെ കുറച്ചു ദിവസം എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റില്ല, adjustment problems ഇതെല്ലാമുണ്ടാകുകയും ചെയ്യും. പോകണോ  വേണ്ടയോ എന്നൊക്കെ ആലോചിച്ചു കുറച്ചു. പിന്നെ രണ്ടും കൽപ്പിച്ചു പോകാൻ തീരുമാനിച്ചത് അവരുടെ അഛനിലുള്ള വിശ്വാസം കൊണ്ട് തന്നെയാണ്. 

ഞങ്ങൾ നാട്ടിൽ പോയ ദിവസങ്ങളിൽ അച്ഛനും മക്കളും കൂടി ഒരു പരാതിയും പരിഭവുമില്ലാതെ കഴിച്ചു കൂട്ടി. രണ്ടാം ദിവസവും കാലിനു നീര് കുറവില്ലാത്തതിനാൽ നവമിയെ ഡോക്ടർ നെ കാണിച്ചു മരുന്നൊക്കെ വാങ്ങി. രണ്ടിനെയും സമയത്തു എഴുന്നേൽപ്പിച്ചു ഫുഡ് ഒക്കെ കുക്ക് ചെയ്തു കഴിപ്പിച്ചു, ലഞ്ചും പാക്ക് ചെയ്തു സ്കൂളിൽ വിട്ടു അങ്ങനെ Father’s week സമുചിതമായി കൊണ്ടാടി!!

തിരിച്ചെത്തിയപ്പോൾ ഞാൻ രണ്ടിനോടും ചോദിച്ചു അമ്മയെ miss  ചെയ്തോന്ന്. ഓ അമ്മയെ അത്രക്കൊന്നും മിസ് ചെയ്തില്ല, നിയക്കുട്ടിയെ മിസ് ചെയ്തു എന്ന് രണ്ടാമത്തവൾ. “ഏയ് അമ്മയെ മിസ് ഒന്നും ചെയ്തില്ല” എന്ന് മൂത്തവൾ. (എന്റെ ഒരു ആശ്വാസത്തിന് പോലും രണ്ടും മിസ് ചെയ്തുന്നു പറഞ്ഞില്ല!!)

Parenting എന്നത് തുല്യ ഉത്തരവാദിത്വം ആണെന്നൊരു concept  നമ്മുടെ നാട്ടിൽ ഒരുപാട് പേർക്കൊന്നും  ഇല്ല. എന്നാൽ തീരെ അങ്ങില്ലാതില്ല എന്നതും ഒരു ആശ്വാസം ആണ്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല. നിങ്ങളുടെ മറുപാതിക്കു ചിലപ്പോൾ വേണ്ട ഒരു much  needed break  അല്ലെങ്കിൽ അവരുടെ അച്ഛനമ്മമാർക്ക് ഒരു support വേണ്ട സമയത്തു കൂടെ ചെന്ന് നിന്ന് അത് കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ എന്ന് വിചാരിക്കുന്ന നേരങ്ങളിൽ ഇത് പോലെ ഒരു Father’s day or week offer ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കുന്ന ഒരുപാട് പേരുണ്ടാകും.ആ നേരങ്ങളിൽ  മനസ്സറിഞ്ഞു നിങ്ങൾ പറയുന്ന ഒരു ‘Yes’ നു നിങ്ങളറിയുന്നതിനേക്കാൾ ആയിരം മടങ്ങു മൂല്യം ഉണ്ടാകും. അത് നിങ്ങൾ അച്ഛനും മക്കളും തമ്മിലും, നിങ്ങളും നിങ്ങളുടെ മറുപാതിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആഴവും പരപ്പും കൂട്ടുകയും ചെയ്യും..

ഇനിയും ഇതുപോലെ ഒരുപാടൊരുപാട് Father’s day or week ആഘോഷിക്കാൻ ഉള്ള സൗഭാഗ്യം എന്റെ പ്രിയതമനുണ്ടാവട്ടെ എന്ന് ഹൃദയം നിറഞ്ഞ  ആശംസകൾ!!

രുചികൾ, ഓർമ്മകൾ, രുചിയോർമ്മകൾ..


ഇൻസ്റ്റാഗ്രാമിൽ വെറുതെ കറങ്ങി നടക്കുന്ന നേരത്താണ് തിരുനെൽവേലി ഹൽവ ഓൺലൈൻ ന്റെ പരസ്യം കണ്ടത്. pettikadai.in ൽ ആയിരുന്നു കണ്ടത്.   Resist ചെയ്യാൻ പറ്റാത്തത് കൊണ്ട് അപ്പൊ തന്നെ ഓർഡർ ചെയ്തു. ‘ഇരുട്ടു കടെയ്’ ഹൽവ തന്നെ വന്നു ഇന്നലെ. പഴയ ഓർമ്മകളിൽ മുങ്ങി നിവർന്നു സന്തോഷിച്ചു കൊണ്ട് ആ മധുരം നുണഞ്ഞു.  അച്ഛൻ തമിഴ്‌നാട്ടിൽ ജോലി ചെയ്തിരുന്ന സമയത്തു  ഓരോ ആഴ്ചയവസാനവും  കാത്തിരിപ്പിന്റെ അവസാനം എല്ലാ ശനിയാഴ്ചകളിലും ഞങ്ങളുടെ പ്രഭാതങ്ങൾ മധുരമുള്ളതാക്കുന്നതു ഈ ഹൽവ ആയിരുന്നു. എത്ര മധുരമുള്ള ഒരു ഓർമ്മയാണ് തിരുനെൽവേലി ഹൽവയും പാൽക്കോവയും മുറുക്കും കപ്പലണ്ടി മുട്ടായിയും ഒക്കെയായി അച്ഛൻ കോടുകുളഞ്ഞി വീടിന്റെ പടിക്കൽ പ്രത്യക്ഷപ്പെടുന്ന ആ രംഗം. മുൻപ് എത്രയോ തവണ പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ്..ഭക്ഷണത്തിനാണെന്നു തോന്നുന്നു നമുക്കൊക്കെ ഏറ്റവും പ്രിയതരമായ  ഓർമ്മകൾ നമുക്ക് സമ്മാനിക്കാൻ കഴിയുന്നത്…

അത് പോലെ അമ്മ സ്കൂളിൽ നിന്നും വരുമ്പോൾ ഇടക്കൊക്കെ വാങ്ങി കൊണ്ട് വരുമായിരുന്നു sweetna. കല്ലൂപ്പാറ അമ്മൂമ്മ വാങ്ങി കൊണ്ട് വരുന്ന Nice Biscuit, കിടങ്ങന്നൂർ അമ്മൂമ്മ വരുമ്പോൾ കൊണ്ട് വരുന്ന പഞ്ചസാരവെള്ളത്തിലിട്ട ചുവന്ന ചെറി, ഒരിക്കൽ ഒരു ഉത്സവ കാലത്തു കരുനാഗപ്പള്ളിയിലെ അമ്മൂമ്മ കൊണ്ട് വന്ന 10 kg വെളുത്ത ഹൽവ, ഇതൊക്കെ  മായാത്ത മധുര സ്‌മൃതികളാണ്. നാട്ടിൽ ചെല്ലുമ്പോൾ കൊടുകുളഞ്ഞിയിൽ ഞങ്ങൾ ഉള്ളപ്പോൾ ചേച്ചി ഓഫീസിൽ നിന്ന് വരുന്നതും നോക്കി ഞങ്ങൾ ഇരിക്കാറുണ്ട് ഇപ്പോഴൊക്കെ. AArvee ബേക്കറി യിലെ മാർബിൾ കേക്ക് ഉം, ലഡ്ഡുവും അല്ലെങ്കിൽ സുപ്രീമിലെ ദിൽഖുഷ് , അല്ലെങ്കിൽ കാരറ്റ് കേക്കോ അങ്ങനെ  എന്തെങ്കിലും ഒന്നില്ലാതെ ചേച്ചി വരില്ല. 

പിന്നെയും ചിലരുണ്ട് അവർ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കി തരുന്ന ഭക്ഷണം കൊണ്ട് നമ്മുടെയൊക്കെ ഓർമ്മകളെ ജയിച്ചു നിൽക്കുന്നവർ. ആദ്യമായി വെജിറ്റബിൾ ബിരിയാണി എന്ന സംഭവം പരിചയപ്പെടുത്തിയ (ഉമാ ചിറ്റയുടെ) മുരളി അഫന്റെ പാചകം. Variety rice ഒന്നും തന്നെ കണ്ടും കഴിച്ചും ശീലിച്ചിട്ടില്ലാതിരുന്ന ഞങ്ങൾക്ക്‌ ഏറ്റവും ഫ്രഷ് ആയ ഒരു change ആയിരുന്നു ആ ബിരിയാണി ദിവസം.ഇപ്പൊ വന്നു വന്നു എല്ലാ ആഴ്ചയും ഒരു ദിവസമെങ്കിലും  ബിരിയാണി കഴിച്ചു തുടങ്ങിയെങ്കിലും ഒരിക്കലും ആ കാലത്തു മുരളി അഫൻ ഉണ്ടാക്കി തരുന്ന ബിരിയാണിയുടെ സ്വാദിലേക്കു എത്താൻ  പറ്റുന്നില്ല..

ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം ഒരു മുന്തിരി ജ്യൂസ് ആണ്. കോവിടുകാലം ഒക്കെ കഴിഞ്ഞു കോളേജ് തുറന്നു കണ്ണൻ കോയമ്പത്തൂരിലേക്കു  പോകുന്നതിനു തലേ ദിവസം ഉറങ്ങാതെ ഇരുന്നു ഉണ്ടാക്കി തന്നു വിട്ട മുന്തിരി ജ്യൂസ്..(സാധാരണ പിള്ളേർക്ക്  നമ്മൾ മുതിർന്നവർ ആണ്  ഹോസ്റ്റൽ ഇത് പോകുന്നതിനു മുൻപേ ഓരോന്ന് ഉണ്ടാക്കി കൊടുത്തു വിടുന്നത്. ഇവിടെ അത് തിരിച്ചായിരുന്നു!!)  ദിവസവും ഫ്രിഡ്ജ് തുറന്നു ഒരിത്തിരി സ്റ്റീൽ ഗ്ലാസ്സിലേക്കു പകർന്നു ഒരു കുഞ്ഞു ഐസ്‌ക്യൂബും ഇട്ടു, ഇത്തിരി വെള്ളവും ഒഴിച്ച് അതൊന്നു ഒരു കവിൾ  കുടിച്ചിറക്കുമ്പോൾ കിട്ടുന്നതത്രയും അവന്റെ കലർപ്പില്ലാത്ത സ്നേഹത്തിന്റെ മധുരമാണ്. എന്റെ മക്കൾക്കും അതൊരു ആയുഷ്‌ക്കാലത്തിലേക്കുള്ള ഒരു സഹോദരസ്നേഹത്തിന്റെ ഓർമ്മമധുരമാണ്. 

ഏതു ഭക്ഷണം കഴിക്കുമ്പോളും ഇപ്പോഴും എപ്പോഴും  ഓർമ്മകൾ ചെന്ന് നിൽക്കുന്നത് കൊടുകുളഞ്ഞി അമ്മൂമ്മയിലേക്കു തന്നെയാണ്..ഭക്ഷണത്തിലൂടെ ഞങ്ങൾക്ക് ഇത്രമേൽ സ്നേഹം വാരിക്കോരി തന്നിട്ടുള്ള മറ്റാരുണ്ട്..നമ്മളും ഇത് പോലെ ആർക്കെങ്കിലും ഒക്കെ വിലമതിക്കാനാവാത്ത രുചിയോർമ്മകൾ  സമ്മാനിക്കൂ..എത്ര ദൂരത്തേക്ക് മറഞ്ഞു പോയാലും ചിലപ്പോൾ  ഒരൊറ്റ രുചിയോർമ്മയിൽ അവർക്കു നമ്മുടെ കടന്നു പോയ ഒരു കാലത്തെ മുഴുവൻ തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞേക്കും…

കോടുകുളഞ്ഞിയിലെ   അമ്മൂമ്മ 



ഇപ്പോഴും എന്റെ വലതു കൈയ്യിൽ ആ നെറ്റിയുടെ ഇളം ചൂടുണ്ട്. ഉള്ളിൽ ആ പുഞ്ചിരിയുടെ തണുപ്പും..ഈ ജനുവരി പത്തിന്  ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് കോടുകുളഞ്ഞിയിലെ അമ്മൂമ്മ പോയത്. ജനുവരി 8 നു ബാംഗ്ലൂർ നിന്ന് വളരെ അപ്രതീക്ഷിതമായി വന്നതായിരുന്നു ഞങ്ങൾ . പിറ്റേന്ന് കൊടുകുളഞ്ഞിയിൽ പോയി അമ്മൂമ്മയെ  കണ്ടപ്പോഴും മരണത്തിലേക്ക് മണിക്കൂറുകളുടെ ദൂരം മാത്രമുള്ള ഒരാളായിരുന്നു എന്ന് തോന്നിയതേയില്ല. എപ്പോ വന്നു എന്നും, പിള്ളേരെന്തിയെന്നും ഒക്കെ ചോദിച്ചു അമ്മൂമ്മ. നെറ്റിയിൽ  തലോടി വളരെ കുറച്ചു സമയം അമ്മൂമ്മയുടെ കൂടെയിരുന്നു..ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്നറിഞ്ഞിരുന്നെങ്കിൽ ആ ദിവസം മുഴുവൻ കൂടെയിരുന്നേനെ എന്ന് വെറുതെ ഓർക്കാൻ മാത്രം ഇപ്പോൾ കഴിയുന്നു. 


അമ്മൂമ്മ പോയിട്ട് രണ്ടാഴ്ച പിന്നിട്ടു. ദിവസങ്ങൾ ഇങ്ങനെ കടന്നു പോകുന്നു സാധാരണ പോലെ..പക്ഷെ ഉള്ളിന്റെ  ഉള്ളിൽ ഇപ്പോഴും ആ നഷ്ടത്തിന്റെ ആഴം തരുന്ന വേദന അങ്ങോട്ട് മാറുന്നില്ല. വയസ്സായിരുന്നെങ്കിലും , വയ്യാതെ കിടക്കുകയായിരുന്നെങ്കിലും ആ വീടിന്റെ ജീവനാഡി ആയിരുന്നു അമ്മൂമ്മ. ഒരുതരത്തിൽ പറഞ്ഞാൽ ഇനി ഒരിക്കലും പഴയതു പോലെ ആകാത്ത വണ്ണം കൊടുകുളഞ്ഞിയിലെ വീട് അത്രമേൽ അനാഥമായി പോയി എന്ന് തോന്നുന്നു. എത്രമേൽ ആഗ്രഹിച്ചാലും ഇനി ആ മുഖത്തെ പുഞ്ചിരി കാണാൻ , ആ സ്വരത്തിലെ വാത്സല്യം കേൾക്കാൻ  കഴിയില്ലല്ലോ എന്ന ചിന്ത ഒരു കനൽ പോലെ ഇരുന്നു ഉള്ളിനെ പൊള്ളിക്കുന്നുണ്ട്.

13 വയസ്സിൽ അമ്മൂമ്മ വേളി  കഴിഞ്ഞു ആ വീട്ടിൽ വന്നതായിരുന്നു എന്ന് കേട്ടപ്പോൾ നവമിക്കു ആകെ വിസ്മയം. അവളുടെ അതെ പ്രായം. അന്ന് മുതൽ ആ വീടിന്റെ നെടും തൂണായി നിന്നതു അമ്മൂമ്മയായിരുന്നു. വീട്, അമ്പലം, ഉത്സവകാലങ്ങൾ,ഞങ്ങൾ പിള്ളേരുടെ കാര്യങ്ങൾ, അച്ഛന്റേം, അമ്മയുടെയും  കാര്യങ്ങൾ എല്ലാം എത്ര ഭംഗിയായി, എത്ര കൃത്യതയോടെ ചെയ്തിരുന്ന ഒരാളായിരുന്നു അമ്മൂമ്മ. ഒന്നിനും പരാതിയില്ലാതെ, ഒരു കണക്കും പറയാതെ, ഏറ്റവും നിസ്വാർത്ഥമായി, ഏറ്റവും സ്നേഹവായ്പോടെ അങ്ങനെ ഒക്കെ ചെയ്യാൻ ആർക്കെങ്കിലും ഈ ലോകത്തു കഴിയുമോ..?


അമ്മൂമ്മയെ പറ്റി ഒരു ബ്ലോഗ് പണ്ട് ഞാൻ എഴുതിയിരുന്നു. അമ്മൂമ്മയുടെ എൺപത്തി നാലാം പിറന്നാളിനായിരുന്നു എന്ന് തോന്നുന്നു. അത് വായിച്ചു ഒരുപാട് സന്തോഷമായിട്ടു അമ്മൂമ്മ എനിക്ക് ഒരു കത്തെഴുതിയിരുന്നു. അമ്മൂമ്മയുടേതായി എന്റെ കൈയ്യിൽ ഉള്ള ആദ്യത്തെയും അവസാനത്തെയും എഴുത്തു..അതിനെങ്കിലും അന്ന് കഴിഞ്ഞു എന്നോർക്കുമ്പോൾ ഇപ്പോൾ ഒരു ആശ്വാസം. തന്നിട്ടുള്ള വാത്സല്യത്തിന്, കടലോളം സ്നേഹത്തിനു അത് കൊണ്ടൊന്നും പകരം കൊടുക്കാൻ കഴിയില്ല എന്ന് നന്നായി അറിയാം ..പക്ഷെ തിരികെ ഒന്നും പ്രതീക്ഷിക്കാതെ, ആഗ്രഹിക്കാതെ സ്നേഹിക്കാൻ കഴിയുന്ന അപൂർവ്വം മനുഷ്യരിൽ ഒരാളായിരുന്നല്ലോ അമ്മൂമ്മ..


ഓഫീസ് പണികൾ ഒക്കെ തീർന്നു, ഭക്ഷണം ഒക്കെ കഴിച്ചു കുഞ്ഞിനെ ഉറക്കി കട്ടിലിൽ വന്നു കിടന്നു ഒന്ന് കണ്ണടക്കുമ്പോൾ ആണ് സങ്കടം ഒരു തിരയായി എന്നെ വന്നു പൊതിയുന്നത്. എന്നാലും കണ്ടു മതിയായിരുന്നില്ലല്ലോ എന്നൊരു തേങ്ങൽ ഉള്ളിൽ നിറയുന്നത്. അല്ലെങ്കിലും അതങ്ങനെ ആണ്. ഒരാൾ ഇല്ലാതാവുമ്പോൾ ആണ് എത്ര മടങ്ങു സ്നേഹം തിരിച്ചു കൊടുക്കാമായിരുന്നു എന്ന് ചിന്തിക്കുന്നത്.  ജീവിതം ജീവിച്ചു തീർക്കുന്നതിന്റെ ഓട്ട പാച്ചിലിന്റെ ഇടയിൽ അമ്മൂമ്മ അവിടെ ഉണ്ടായിരുന്നു എന്ന് ദൂരെ നിന്ന് കാണുന്നതേ ഉള്ളായിരുന്നു. ചന്ദനത്തിന്റെയും, ഭസ്മത്തിന്റെയും, വിയർപ്പിന്റെയും ഗന്ധമുള്ള ആ നെറ്റിയിൽ ഇനി ഒരിക്കൽ കൂടി തലോടാൻ കഴിയില്ലല്ലോ എന്നതുമായി പൊരുത്തപ്പെട്ടേ  മതിയാകൂ എന്നറിയാഞ്ഞിട്ടില്ല..എങ്കിലും ദുഃഖം  ഒരു ശില പോലെ മനസ്സിൽ ഇങ്ങനെ ഉറഞ്ഞു കൂടി നിൽക്കുന്നു..


കുട്ടിക്കാലത്തെ പൊള്ളുന്ന പനിക്കാലങ്ങളിൽ അമ്മൂമ്മ എൻ്റെ നെറ്റിയിൽ ഭസ്മം ജപിച്ചിടുമായിരുന്നു. പിറ്റേന്ന് ഉണർന്നെഴുന്നേൽക്കുമ്പോഴേക്കും എൻ്റെ പനി പമ്പ കടന്നിരിക്കും. അത് പോലെ ആർക്കെങ്കിലും എങ്ങനെ എങ്കിലും ഒരു ഭസ്മം ജപിച്ചിട്ടെങ്കിലും  ഈ സങ്കടത്തിനെ ഒന്ന് അലിയിച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ..എൻ്റെ പുലർകാലങ്ങളും, സന്ധ്യകളും പഴയതു പോലെ ആയിരുന്നെങ്കിൽ..

മൈലപ്ര അമ്മൂമ്മ


മൈലപ്ര അമ്മൂമ്മ ഓർമ്മയായി.. ഇന്ന് ആറു  ദിവസമായി.  ഇല്ലത്തെ അമ്മൂമ്മയുടെ മുറിയിൽ അതിൽപ്പിന്നെ കയറിയിട്ടില്ല. ആ ശൂന്യത കാണണ്ട എന്നൊരു തോന്നൽ..പഞ്ഞി പോലത്തെ ആ വെളുത്ത തലമുടിയിഴകളും, പരുപരുത്ത കൈകളുടെ സ്നേഹ സ്പർശവും, “എൻ്റെടീ”എന്നുള്ള ആ സ്വരവും , പറഞ്ഞാലും തീരാത്ത കഥകളും ഒക്കെയുള്ള ആ രൂപം ആണ് മനസ്സ് നിറയെ ആദ്യം കടന്നു വരുന്നത്.

ഞാൻ ഇവിടെ വരുമ്പോൾ ഉള്ള അമ്മൂമ്മ അതായിരുന്നു. തിരുവന്തപുരത്തെ വീടിന്റെ അടുക്കള വശത്തു അവിയലിന് അരിഞ്ഞു  കൊണ്ട് അമ്മൂമ്മയിരുന്നു പറയുന്ന നൂറു നൂറു പഴങ്കഥകൾ. പിന്നീട് പതിയെപ്പതിയെ  ഓർമ്മയുടെ അടരുകൾ മാഞ്ഞു പൊയ്ക്കൊണ്ടിരുന്ന മറ്റൊരാളായി മാറി അമ്മൂമ്മ. പതിയ പതിയെ എല്ലാവരെയും മറന്നു പോയ അമ്മൂമ്മ. ആൾക്കൂട്ടത്തിൽ കൈ വിട്ടു പോയ ഒരു കൊച്ചു കുട്ടിയുടെ വിഹ്വലമായ കണ്ണുകളായി മാറി അമ്മൂമ്മയുടേത്. “എന്നെ അറിയാമോ ഓർമ്മയുണ്ടോ” എന്നുള്ള ഓരോരോ ചോദ്യങ്ങളിലും അറിയാവുന്ന ഏതെങ്കിലും ഉത്തരമെഴുതി പരീക്ഷക്ക് ജയിക്കാൻ വെമ്പുന്ന ഒരു കുട്ടിയെ പോലെ ആയിരുന്നില്ലേ അമ്മൂമ്മ.. കഴിഞ്ഞ ആറേഴു വര്ഷക്കാലത്തിലെ Alzheimer’s ദിവസങ്ങളിൽ എത്രയെത്ര മാറ്റങ്ങൾ.   അമ്മൂമ്മ   മുറ്റത്തെ അയയിൽ   നിറയെ നനച്ചു വിരിക്കുന്ന പല പല നിറങ്ങളുള്ള ബ്ലൗസുകളുമായി ഒരു കാലം, ഇടയ്ക്കു ബാംഗ്ലൂരെയിൽ ഞങ്ങളോടൊപ്പം ഏകദേശം ഒരു വര്ഷം, മണിക്കൂറുകൾ നീണ്ട ലളിതാസഹസ്രനാമം ജപത്തിന്റെ ഒരു കാലം, കുടയുമെടുത്തു തട്ട യിൽ സ്വന്തം വീട് തേടിപ്പോകുന്ന ഒരു കാലം, സ്വന്തം അച്ഛനെയും അമ്മയെയും, സഹോദരങ്ങളെയും മാത്രം ഓർക്കുന്ന ഒരു കാലം, പിന്നെ പിന്നെ പതിയ മൗനത്തിലേക്കു വഴുതി വീണ അവസാന കാലം. ഒടുവിൽ ഞങ്ങൾ Septemberൽ നവമിയുടെ സ്കൂൾ തുറന്നപ്പോൾ ബാംഗ്ലൂർക്കു മടങ്ങുമ്പോൾ   ഇല്ലത്തെ അമ്മൂമ്മയുടെ മുറിയിൽ ഒറ്റക്കട്ടിലിൽ നിലാവിന്റെ ഒരു കീറു  പോലെയുള്ള ഒരു വെളുത്ത മുണ്ടും, ചുവന്ന ബ്ലൗസുമിട്ട്, മൗനത്തിന്റെ ഒരു ചെറു പുതപ്പും പുതച്ചു അമ്മൂമ്മ കിടക്കുന്നതും കണ്ടിട്ടാണ് ഞങ്ങൾ ഇറങ്ങിയത്. തിരികെ വരുമ്പോൾ ആ കട്ടിൽ ശൂന്യമായിപ്പോകുമെന്നു അപ്പോഴൊർത്തതേയില്ല ..


സൗഭാഗ്യവതിയായിരുന്നു അമ്മൂമ്മ.  മക്കളുടെയും, മരുമക്കളുടെയും  ,ചെറുമക്കളുടെയും എല്ലാവരുടെയും  സ്നേഹത്തണലിൽ ഒരു രാജ്ഞിയെപ്പോലെ ആണ് യാത്രയായത്. എല്ലാവരുടെയും മനസ്സിൽ അമ്മൂമ്മയുട നിറഞ്ഞ സ്നേഹം കൊളുത്തി വെച്ച ഒരു നിലവിളക്കു പോലെ പ്രകാശം പരത്തി  നിൽക്കുന്നുണ്ട്. എന്റെയും ഉള്ളിലുണ്ട് നനുത്ത സ്നേഹത്തിന്റെ ആ ഓർമ്മകൾ. പണ്ട് പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപേ അമ്മൂമ്മയുടെ Pacemaker സർജറി കഴിഞ്ഞു ശ്രീചിത്ര യിൽ കാണാൻ ചെന്ന ഒരു നിമിഷമാണ് ഓർമ്മയിൽ ആദ്യം ഓടിയെത്തുന്നത്. സർജറി കഴിഞ്ഞു അനസ്‌തേഷ്യ ടെ എഫ്ഫക്റ്റ് മാറി അമ്മൂമ്മ ഓർമ്മയിൽ വന്നതേയുള്ളായിരുന്നു. അപ്പോഴായിരുന്നു ഞങ്ങൾ അകത്തു കയറിയത്. എന്നെ കണ്ടപ്പോൾ കൈയ്യിൽ ഇരുന്ന രണ്ടു arrowroot ബിസ്ക്കറ്റ് എന്റെ കൈയ്യിൽ പിടിച്ചു  വെച്ച് തന്നിട്ട് ” നീ തിന്നോടി , അവനും കൂടെ ഒരെണ്ണം കൊടുത്തേക്കൂ ” എന്ന് പറഞ്ഞ ഒരു നിമിഷമുണ്ട്. മറക്കില്ല അതൊരിക്കലും..അത്രമേൽ അവശയായി കിടക്കുമ്പോഴും ഉള്ളിലുള്ള ആ care , വാത്സല്യം, പരിഗണന ഇതൊക്കെ നമുക്ക് നേരെ ഒഴുകുന്നുവെന്നറിയുന്ന ആ നിമിഷം മറക്കാനാവില്ല ഒരിക്കലും. അമ്മൂമ്മയെക്കുറിച്ചുള്ള ഏറ്റവും പ്രിയതരമായൊരു ഓർമ്മത്തുണ്ട് ആണെനിക്കതു..

അഗ്നിക്ക് കേവലം ശരീരത്തിനെ മാത്രമേ ഏറ്റു  വാങ്ങാൻ കഴിയു. ഞങ്ങളുടെ അനേകായിരം ഓർമ്മകളിൽ അമ്മൂമ്മ അമരയായി തന്നെയുണ്ട്..എന്നേക്കുമെന്നേക്കും..

ഒരു Cerelac അപാരത !!



Cerelac പണ്ടേ എന്റെ ഒരു weakness ആണ്..കൊച്ചുകുഞ്ഞിപ്പെണ്ണ് എന്ന് തൊട്ടാണ് Cerelac  തിന്നു തുടങ്ങുന്നത് എന്ന് ആകാംഷാഭരിതയായി ഇരിക്കുകയായിരുന്നു അവൾ ജനിച്ചപ്പോൾ മുതൽ. അമ്മയാവട്ടെ അവൾക്കു വീട്ടിൽ ഉണ്ടാക്കുന്ന ഹെൽത്തി ഫുഡ് മാത്രമേ കൊടുക്കൂ എന്ന പോളിസിക്കാരിയും. അങ്ങനെ റാഗിയും , ഏത്തക്കാപ്പൊടിയും, ചോറും, കഞ്ഞിയും, പയറും, ഏത്തപ്പഴം പുഴുങ്ങിയതും ഒക്കെ മാത്രമുള്ള കുഞ്ഞിപ്പെണ്ണിന്റെ ‘വിരസ’ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് Cerelac introduce ചെയ്യാനുള്ള ഒരു സുവർണ്ണാവസരം എന്റെ മുന്നിൽ തെളിഞ്ഞത്.

ബാംഗ്ലൂർ സ്കൂളുകൾ തുറന്നു തുടങ്ങി. കുഞ്ഞിപ്പെണ്ണിന്റെ വല്യ ചേച്ചിക്ക് Half yearly exam നു കുട്ടികൾ നേരിട്ട് പ്രത്യക്ഷപ്പെട്ടാലേ പറ്റൂ എന്ന് അറിയിപ്പ് കിട്ടി.  ദൂരയാത്ര ഒക്കെ പോകുമ്പോൾ കുഞ്ഞിന് പെട്ടന്ന് കൊടുക്കാൻ പറ്റുന്ന ഫുഡ് എന്തെങ്കിലും കരുതിയല്ലേ പറ്റു ..എന്റെ അമ്മഹൃദയം ശുഷ്കാന്തിയിലായി!! “അമ്മേ കുഞ്ഞിന് Cerelac വല്ലതും ഇടക്കെങ്കിലും കൊടുത്തു ശീലിപ്പിച്ചില്ലെങ്കിൽ നമ്മൾ 14 hours യാത്ര ചെയ്തു പോകുമ്പോൾ പ്രയാസമാവില്ലേ? നമുക്ക് Cerelac മേടിച്ചു ഒന്ന് കൊടുത്തു നോക്കിയാലോ”? പറഞ്ഞു തീർന്നില്ല അതിനു മുൻപേ ഒരു പട തന്നെ മുൻപിൽ എത്തി. മൂത്തത്‌ , രണ്ടാമത്തേത് അതും പോരാഞ്ഞു അവരുടെ അച്ഛനും!! ശരിയാ ശ രിയാ Cerelac കൊടുക്കാതെ പറ്റത്തെയില്ല. നമുക്ക് നാളെത്തന്നെ മേടിക്കാം. ‘ഇത്രേം കരുതലുള്ള മനുഷ്യരോ’ എനിക്ക് ചുറ്റും എന്നോർത്ത് കുഞ്ഞിപ്പെണ്ണ് കണ്ണും മിഴിച്ചു നോക്കിയിരുന്നു.


“Cerelac  തിന്നിട്ട് ചെയ്തിട്ട് എത്ര വര്ഷം ആയി”, നവമിയുടെ ആത്മഗതം! നിവിയാകട്ടെ “ഞാൻ Cerelac ന്റെ ടേസ്റ്റ് ഒട്ടും ഓർക്കുന്നേയില്ല, അതിന്റെ colour എന്താ എന്ന്”. (ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെ മനസ്സിൽ ധ്യാനിച്ച് ഞാൻ പുച്ഛിച്ചു “Cerelac ന്റെ നിറം പച്ച!!” .  എന്റെ ഹൃദയം തകർന്നു..  ഈ നാല് എണ്ണത്തിനോട്   മത്സരിച്ചു കഴിഞ്ഞു എനിക്ക് എത്ര cerelac കിട്ടാനാ!!. പെട്ടന്ന് ഞാൻ ഭയങ്കര strict അമ്മയായി!!”പിന്നെ Cerelac അങ്ങനെ നിങ്ങള്ക്ക് തിന്നാനൊന്നും അല്ല മേടിക്കുന്നതു. ഒരു അത്യാവശ്യ ഘട്ടത്തിൽ കൊച്ചിനെ ഒന്ന് പ്രാക്ടീസ് ചെയ്യിപ്പിക്കാൻ മേടിക്കാമെന്നു വിചാരിക്കുമ്പോൾ നിങ്ങൾ എല്ലാരുടെ ഇങ്ങനെ തുടങ്ങിയാൽ എങ്ങെനയാ..” നിങ്ങൾക്കൊക്കെ ഇനി എന്ന് പക്വത വരാനാ..? ” ഓ Cerelac ന്റെ കാര്യം വന്നാൽ ഞങ്ങൾക്ക് ഇത്ര ഒക്കെ പക്വതേയുള്ളു”, അത് തിന്നിട്ടുള്ള പക്വത മതി ഞങ്ങൾക്ക്” എന്ന് പ്രിയതമൻ. “ശരിയാ അച്ഛാ, അമ്മക്ക് വേണ്ടെങ്കിൽ വേണ്ട ഞങ്ങൾക്ക് എന്തായാലും വേണം ” എന്ന് എന്റെ രണ്ടു സന്താനങ്ങളും അച്ഛന്റെ പക്ഷം ചേർന്നു .  അപ്പൊ ഒരുങ്ങി തന്നെ ഇറങ്ങിയേകുവാണ് എല്ലാം കൂടെ!! ഇതുങ്ങളെ എല്ലാം കൂടി ഞാൻ എന്ത് ചെയ്യും എന്റീശ്വരാ, Cerelac വാങ്ങുന്നതിനു മുൻപേ തന്നെ ഇതാ സ്ഥിതി എങ്കിൽ ഇനി വാങ്ങി കൊട്നു വന്നാൽ എന്താവും എന്നോർത്ത് ആവും  അമ്മ കുഞ്ഞിപ്പെണ്ണിനെയും എടുത്തു അവിടെ നിന്നും സ്ഥലം വിട്ടു. 

 
പിറ്റേന്ന് തന്നെ Cerelac Wheat Apple Cherry വീട്ടിൽ എത്തി. ഹോ, കണ്ടപ്പോൾ തന്നെ എന്തൊരു nostu ആണെന്നോ. എവിടെയായിരുന്നു ഇത്രയും കാലം എന്ന് ഞാൻ മനസ്സിൽ ചോദിച്ചു. ആദ്യമായി Cerelac തിന്ന ഓർമ്മകൾ ഉള്ളത്  കല്ലൂപ്പാറ വെച്ച്ബാ ലുവിന്റെ കുഞ്ഞുകാലത്തിലാണ്.  പണ്ട് നവമിയുടെ കുഞ്ഞുകാലം എന്റെ സുവർണ്ണ കാലമായിരുന്നു.   അ വളും ഞാനും മാത്രം. പ്രിയതമൻ ഓഫീസിൽ. അവൾക്കു capacity ക്കു അപ്പുറം Cerelac എടുത്തിട്ട് ” അയ്യോ പാവം അവൾക്കു വേണ്ടാഞ്ഞിട്ടല്ലേ , വേസ്റ്റ് ആക്കുന്നതെന്തിനാ mode ൽ അതെല്ലാം ഞാൻ ഒറ്റയ്ക്ക്അ കത്താക്കിയിരുന്ന സുവർണ്ണകാലം!! നിവിയുടെ സമയത്തു വല്യ സ്കോപ്പ് ഇല്ലായിരുന്നു. ‘അമ്മ ആയിരുന്നു അവളുടെ dietician. ‘കണ്ടകടച്ചാണി സാധനങ്ങൾ’ ഒന്നും ആ area യിൽ അടുപ്പിക്കുകയില്ലായിരുന്നു. വീണ്ടും Cerelac കണ്ടപ്പോൾ ആ കാലം ഒക്കെ ഒന്ന് മനസ്സിൽ വന്നതാ. 
അമ്മേ Cerelac എടുക്കുന്നത് എപ്പോഴാ, ശെരിയാ അമ്മെ എപ്പോഴാ..ശെരിയാ ടീ എപ്പോഴാ എടുക്കുന്നത്..? അത് വീട്ടിൽ വന്നു കയറിയത് മുതൽ വീട്ടിൽ ഈ ശബ്ദങ്ങൾ മാത്രം. അവസാനം Cerelac എടുത്തു. കവർ പൊട്ടിച്ചപ്പോഴേ മുൻപിൽ നാല് bowls നിരന്നു കഴിഞ്ഞു. ഇതിൽ ആരെ എവിടുന്നു വഴക്കു പറഞ്ഞു തുടങ്ങും എന്ന് confusion കാരണം ആണെന്ന് തോന്നുന്നു ‘അമ്മ ആയുധം വെച്ച് കീഴടങ്ങി!!  നിങ്ങൾ ഒക്കെ കൂടെ എന്താണെന്നു വെച്ച ആയിക്കോ എന്ന് walkout നടത്തി…

ഞാൻ എല്ലാര്ക്കും രണ്ടു സ്പൂൺ വെച്ച് കലക്കി കൊടുത്തു. കുഞ്ഞിപ്പെണ്ണിന് നാല് സ്പൂണും. (അതാവുമ്പോൾ അവൾക്കു അത്രയും വേണ്ടല്ലോ, waste ആക്കണ്ടല്ലോ mode ൽ എനിക്ക് തിന്നുകയും ഒപ്പം അഭിമാനം സംരക്ഷിക്കുകയും ചെയ്യാമല്ലോ  എന്ന് കുരുട്ടു ബുദ്ധി തന്നെ!!)എല്ലാരും Cerelac ഒക്കെ തിന്നു നിർവൃതി അടഞ്ഞു. കുഞ്ഞിപ്പെണ്ണ് എന്റെ മനസ്സ് മനസ്സിലാക്കി പ്രതീക്ഷിച്ചതു പോലെ രണ്ടു സ്പൂൺ കഴിച്ചിട്ട് ബാക്കി എനിക്ക് വിട്ടു തരികയും ചെയ്തു.!! 
വൈകിട്ട് ഞങ്ങൾ sisters ന്റെ video call ഇൽ ഈ കഥകൾ പറഞ്ഞപ്പോൾ പൊതുവെ decent ആയ ഞങ്ങളെപ്പോലെ (ഹൃദ്യയും ഞാനും) Boost , Horlicks , പാൽപ്പൊടി ഇത്യാദി സാധനങ്ങൾ ഒന്നും നക്കിതിന്നുകയോ, അങ്ങനെ നക്കി തിന്നുന്നവരെ തീരെ  പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത ചേച്ചി പറയുന്നു ” ഹോ എത്ര നാളായി ഒന്ന് Cerelac തിന്നിട്ട്. കുഞ്ഞിപ്പെണ്ണിനോടു പറഞ്ഞേക്കു പേരമ്മയുടെ പങ്കു വെച്ചേക്കണം എന്ന്!! ഹൃദ്യ മിണ്ടുന്നില്ല. അതെന്താ നിനക്ക് Cerelac എന്ന് കേട്ടിട്ടും ഒരു ഉത്സാഹം ഇല്ലാത്തത് . അപ്പോഴാണ് ആ കഥ പുറത്തു വന്നത്. പണ്ട് പണ്ട് ഞാനും ചേച്ചിയും ഒക്കെ കല്യാണം കഴിഞ്ഞു പോയിക്കഴിഞ്ഞു അവൾ കൊടുകുളഞ്ഞിയിലെ വീടിന്റെ മഹാറാണിയായി വാഴുന്ന കാലം. ഒരു ദിവസം മഹാറാണിക്ക് ഒരു ആഗ്രഹം Cerelac തിന്നണം എന്ന്. അമ്മയോട് ചോദിച്ചു അനുവാദം ഒക്കെ വാങ്ങി ഒരു പാക്കറ്റ് cerelac വാങ്ങി വെച്ച് അവൾ ഒരു ദിവസം തീറ്റി തുടങ്ങി.  അതും പോരാഞ്ഞു ഒരു sweet cum spicy mixture അമ്മായി ബാംഗ്ലൂർ നിന്നും കൊണ്ട് കൊടുത്തിട്ടുണ്ടായിരുന്നു. Cerelac  തിന്നുക, പിന്നെ ബോർ അടിക്കുമ്പോൾ mixture വീണ്ടും തിന്നുക. അങ്ങനെ തിന്നു തിന്നു അവസാനം അവൾ വാളു വെച്ചു!! അന്ന് തീർന്നതാ തിരുമേനി അവൾക്കു Cerelac നോടുള്ള പ്രേമം!! പിന്നെ തൊട്ടു Cerelac എന്ന് കേൾക്കുമ്പോഴേ ഒരു തരം  വിരക്തി തോന്നുന്ന അവസ്ഥ!!.  
കേട്ടപ്പോൾ ഞാൻ ആലോചിച്ചു ഇവിടേം കൂടെ കുറച്ചു sweet spicy mixture വാങ്ങി വെച്ച് എല്ലാറ്റിനും ആദ്യം Cerelac ഉം പിന്നെ അതും കൊടുത്തു വിരക്തി ആക്കിപ്പിച്ചാലോ എന്ന്. അത്രത്തോളം കടുത്ത competition ആണ് ഈ വിഷയത്തിൽ വീട്ടിനുള്ളിൽ!!

ഓഗസ്റ്റ് 2020, Covid ഓർമ്മകൾ അവസാനഭാഗം


മഴ താണ്ഡവം തുടരുമ്പോൾ കണ്ണുകൾ സദാ പത്തനംതിട്ട കളക്ടർ പി ബി നൂഹ് ന്റെ പേജിൽ ആയിരുന്നു. ഇത്രത്തോളം നല്ല രീതിയിൽ ജനങ്ങളെ update ചെയ്യുന്ന മറ്റൊരു കളക്ടർ പേജ് ഇല്ലായിരുന്നു  എന്ന് തന്നെ പറയാം. . ജില്ലയുടെ പരിധിയിൽ വരുന്ന അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ്, നദികളിലെ ജലനിരപ്പ് എല്ലാം ആ പേജിൽ നിന്ന് അറിയാമായിരുന്നു. വെള്ളപ്പൊക്കം വരികയാണെങ്കിൽ ഒരു ദിവസം നേരത്തെ ടെസ്റ്റ് ചെയ്തു വീട്ടിൽ  home quarantine ചെയ്താൽ മതി എന്ന് ചെറിയ ഒരു പ്രതീക്ഷ ഞങ്ങൾക്ക് കിട്ടി. വീടെല്ലാം റെഡി ആക്കി ഞങ്ങൾ കാത്തിരിപ്പു തുടങ്ങി. പക്ഷെ വൈകുന്നേരം വരെയും ഒന്നും സംഭവിച്ചില്ല മഴ തുടർന്നതല്ലാതെ..


 അവിടെ ഒരാൾക്ക് സംശയം antigen test ഇത് വീണ്ടും പോസിറ്റീവ് എങ്ങാനും കാണിച്ചാൽ പിന്നെയും ഒരാഴ്ച കൂടി ജയിൽ വാസം അനുഷ്ടിക്കേണ്ടി വരും. ആദ്യത്തെ റിസൾട്ട് false positive എങ്ങാനും ആയിരുന്നെങ്കിൽ അവിടെ പോയി covid കാർക്കിടയിൽ താമസിച്ചു എങ്ങാനും അസുഖം കിട്ടിയാൽ ചിലപ്പോൾ പോസിറ്റീവ് കാണിക്കാൻ സാധ്യത ഉണ്ടെന്നുള്ളതായിരുന്നു പ്രധാന ഭീഷണി.  ദൈവത്തിനെ വിളിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും ഞങ്ങൾക്ക് മുൻപിൽ ഇല്ലായിരുന്നു. ആ പത്തു ദിവസങ്ങളിലെ ഏറ്റവും ഉറങ്ങാത്ത രാത്രിയും അന്നായിരുന്നു..പിറ്റേന്ന് നേരം പുലർന്നു. റാന്നിയിൽ ഒക്കെ വെള്ളം പൊങ്ങിത്തുടങ്ങിയിരുന്നു. മഴ തുടരുകയും ചെയ്യുന്നു. എങ്ങനെ എങ്കിലും ആൾ ഇങ്ങു വന്നു പറ്റിയാൽ മതിയെന്ന് ഞങ്ങൾ ഇങ്ങനെ ഉള്ളുരുകി കാത്തിരുന്ന് ഓരോ നിമിഷവും.

ഓരോ അരമണിക്കൂർ കൂടുമ്പോഴും ഞാൻ വിളിക്കും. അപ്പോഴൊന്നും ടെസ്റ്റ് ചെയ്യാൻ ആൾക്കാർ എത്തിയിട്ടില്ല എന്ന് മറുപടി. റൂമിലെ ജനലിൽ കൂടി പുറത്തേക്കു നോക്കിയാൽ കാണുന്ന പാടത്തു വെള്ളം ഇങ്ങനെ നിറഞ്ഞു കൊണ്ടിരിക്കുന്നത് കാണാം എന്ന് പറയുന്നത് കേട്ട് വീണ്ടും എന്റെ ടെൻഷൻ കൂടിക്കൊണ്ടിരുന്നു. അങ്ങനെ അവസാനം ടെസ്റ്റ് നു ആൾക്കാർ എത്തി. സ്വാബ് എടുത്തു മെഷീനിൽ വെച്ചിട്ടു അരമണിക്കൂർ എടുക്കും റിസൾട്ട് അറിയാൻ. ജീവിതത്തിലെ ഒരുപക്ഷെ ഏറ്റവും നീളം കൂടിയായ 30 മിനിറ്റ് അതായിരിന്നിരിക്കണം!! എന്തായാലും  അവസാനം ഫലം വന്നു. നെഗറ്റീവ് ആയി. സമാധാനത്തിന്റെ ഒരു വലിയ മഴ ആണ് ഉള്ളിൽ പെയ്തു തോർന്നതു. 


എങ്ങനെ വന്നെത്തും എന്നതായി അടുത്ത ടെൻഷൻ. നെഗറ്റീവ ആണെന്നറിഞ്ഞതോടെ ആത്മാവിശ്വാസം വീണ്ടെടുത്ത പ്രിയതമൻ എങ്ങനെ  ആണെങ്കിലും ഞാൻ അങ്ങെത്തും എന്ന് പറഞ്ഞു ഞങ്ങൾക്ക് ധൈര്യം തന്നു. ഉച്ചക്ക് ഫലം അറിഞ്ഞിട്ടു അവിടുത്തെ formalities എല്ലാം പൂർത്തിയാക്കി ഒരു ഓട്ടോയും പിടിച്ചു വെള്ളം കയറാത്ത ഏതൊക്കെയോ വഴികൾ താണ്ടി ഒടുവിൽ  ആൾ ഇങ്ങെത്തി. ഓഗസ്റ്റ് പത്താം തീയതിയിൽ ഒരു പെരുമഴയുള്ള സന്ധ്യയിൽ ഈ ഗേറ്റ് കടന്ന് ആ ഓട്ടോ വരുന്നത് കാണുമ്പോൾ ഒരു ജന്മം കൊഴിഞ്ഞു പോയത് പോലെയുള്ള ഒരു തോന്നലായിരുന്നു. ഓണത്തിനപ്പോൾ കൃത്യം പതിനെട്ടു ദിവസങ്ങൾ ബാക്കിയായിരുന്നു..വെള്ളപ്പൊക്കം ഒക്കെ പതിയെ വഴിമാറിപ്പോയി, മഴയൊക്കെ നിന്ന് മാനം  തെളിഞ്ഞു. 


ജയിൽ വാസത്തിലെ ഭക്ഷണത്തിന്റെ മേന്മ കാരണം perfect square ആയിരുന്ന മുഖം നീളൻ rectangle ആയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന room quarantine doctor മാർ നിർദ്ദേശിച്ചപ്പോൾ ആൾ അത് രണ്ടാഴ്ച നീണ്ടു നിൽക്കുന്നതാക്കി. വന്നു കയറിയ മനുഷ്യൻ ഇവിടെ നിന്നും പോയതിൽ നിന്നും വ്യത്യസ്തനായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി..ഒരുതരം PTSD അവസ്ഥ പോലെ തോന്നി..Stress കുറയ്ക്കാനായി രണ്ട് മുറികളിൽ നിന്ന് ഞങ്ങൾ video call  ചെയ്തു സംസാരിക്കാൻ തുടങ്ങി. പിന്നെയും ഉണ്ടായിരുന്നു പലതരം മാറ്റങ്ങൾ..പണ്ടൊക്കെ ഒരു ദിവസം ഒരു രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കാൻ ഞാൻ ‘മൂന്നാം  ലോക മഹായുദ്ധം’ തന്നെ ചെയ്യേണ്ടി വന്നിരുന്നു. തിരിച്ചു വന്ന മനുഷ്യൻ ഒരു ദിവസം 3 to 4 ltrs വെള്ളം കുടിക്കുന്നു, ഭക്ഷണം ഒക്കെ വളരെ controlled, work ൽ നിന്നും വീണ്ടും ഒരാഴ്ച കൂടി അവധി എടുക്കൽ എന്ന് വേണ്ട അടിമുടി മാറ്റം!!..(ആരും പേടിക്കേണ്ട ഒന്ന് രണ്ടു മാസം കൊണ്ട് ഇതൊക്കെ മാറി പൂർവാധികം ശക്തിയോടെ പഴയ ആൾ തിരിച്ചു വന്നു!!)


പതിനാലു ദിവസം കഴിഞ്ഞും ആൾക്ക് പുറത്തിറങ്ങാൻ പേടി. പിന്നെ ഞാൻ ഒന്നും നോക്കിയില്ല ഇടിച്ചങ്ങു കേറി റൂമിൽ താമസമാക്കി. വീടിനു പുറത്തിറങ്ങിയത് ആ ഉത്രാടത്തിനായിരുന്നു. മെല്ലെ മെല്ലെ പേടികളൊക്കെ  കൂടൊഴിഞ്ഞു പോയി ഞങൾ സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരുന്നു. എങ്കിലും ഏതു സംഭാഷണവും ചെന്നവസാനിക്കുന്നതു ആ പത്തു ദിവസങ്ങളിലേക്ക് തന്നെ ആയിരുന്നു.. അത് മാറാൻ കുറെ കാലം കൂടിയെടുത്തു. ഇന്നും ഓർക്കുമ്പോൾ ഉള്ളിൽ ഇരുന്നു കുത്തുന്ന ചോദ്യം ആ പോസിറ്റീവ് false പോസിറ്റീവ് ആയിരുന്നോ എന്നുള്ളതാണ്.. ജലദോഷമോ പനിയോ വന്നില്ല, മണവും രുചിയും നഷ്ടപ്പെട്ടില്ല, യാതൊരു വിധ ലക്ഷണവും ഇല്ലായിരുന്നു, കൂടെയുള്ള ഞങ്ങൾക്കാർക്കും ഒരു കുഴപ്പവും വന്നില്ല. Covid positive ആയിരുന്നു, institutional ഐസൊലേഷനിൽ 10 ദിവസം  ഇരുന്നു എന്ന് മാത്രം അറിയാം.. . ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ ആ പോസിറ്റീവ് result  അതിങ്ങനെ ഉള്ളിൽ തന്നെ കാണും എന്ന് തോന്നുന്നു.  ഏതോ ഒരു ദുരന്തമോ ദുഖമോ ഒക്കെ  ഇങ്ങനെ കുറെ ടെന്ഷനുകളായി ഒഴിഞ്ഞു പോയിക്കാണും എന്ന് സമാധാനിക്കാൻ ഞങ്ങൾ മനസ്സിനെ പഠിപ്പിച്ചു.
 

പക്ഷെ ഒന്നറിയാം.. ആ  പ്രതിസന്ധി ഘട്ടത്തിൽ ഒരു കുടുംബം എന്ന നിലയിൽ  ഞങ്ങൾ പരസ്പരം അങ്ങേയറ്റം ചേർത്ത് പിടിച്ചു നിന്ന് താങ്ങും തണലും ആയി മാറി. മൈലപ്രയിലെ ഈ വീട്, ഈ കുടുംബം എനിക്ക് എന്റെ  ജനിച്ച വീടിനോളം തന്നെ ഉള്ള ഒരു comfort zone ആണെന്ന് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചതായിരുന്നു ആ ദിവസങ്ങൾ..

ഓഗസ്റ്റ് 2020, Covid ഓർമ്മകൾ മൂന്നാം ഭാഗം



ബ്ലോഗ് ഇങ്ങനെ വലിച്ചു നീട്ടി ജഗതിയുടെ ഭാഷയിൽ ‘കാണ്ഡം കാണ്ഡം’ ആയി കൊണ്ടുപോകാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല ഇങ്ങനെ episode  ആയിട്ട് എഴുതുന്നത്!! വല്ലാത്ത മാനസിക സംഘർഷത്തിൽക്കൂടി പോയ ദിവസങ്ങൾ ആയിരുന്നു അത്. ഒറ്റ ഇരുപ്പിനു എഴുതി പൂർത്തിയാക്കാനാവാത്തതു കൊണ്ട് ആണേ..ഒരു വർഷം എടുത്തു ഇതൊന്നു എഴുതി മനസ്സിൽ നിന്നും ഒഴിപ്പിച്ചെടുക്കാൻ..ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തോന്നും എന്തിനായിരുന്നു ഇത്രയും ടെൻഷൻ അടിച്ചത്..വല്യ പ്രശ്നങ്ങൾ ഇല്ലാതെ നീന്തിക്കയറിയല്ലോ എന്ന്. പക്ഷെ അന്ന് അതായിരുന്നില്ല  അവസ്ഥ. ഇന്നിപ്പോൾ Covid   കേട്ട് കേട്ട്  നമുക്ക് ഒരു next door boy/ girl image ൽ കാണാറായി. Protocols മാറി, vaccination വന്നു, വീട്ടിൽ തന്നെ ഐസൊലേഷൻ ഇരുന്നാൽ മതി എന്നായി , ലക്ഷണങ്ങൾ ഉള്ളവർ മാത്രം ടെസ്റ്റ് ചെയ്താൽ മതിയെന്നായി.. പക്ഷെ അന്നത്തെ ആ പാവം variant മാറി അതി ഭീകരന്മാർ കളത്തിലിറങ്ങി എന്ന് മാത്രം!. 


അപ്പോൾ കഥ തുടരാം..വീട്ടിലെല്ലാവർക്കും ഒരേ മനസ്സായിരുന്നു Covid പോരാട്ടത്തിൽ. എല്ലാവരും rules ഒരു മടിയും കൂടാതെ പാലിച്ചു. അച്ഛനും അമ്മയും ഒരു ഉരുക്കു കോട്ട പോലെ എനിക്കും പിള്ളേർക്കും കാവൽ നിന്നു . അച്ഛൻ പ്രാര്ഥനകളാൽ. ‘അമ്മ പ്രയോഗികതകളായി. നിവിക്കോ നവമിക്കോ വന്നാൽ അവർ ഒറ്റയ്ക്ക് isolation center ലേക്ക്പോകില്ല, എന്ത് വന്നാലും ഞാൻ കൂടെ പോകും എന്ന് അമ്മ പറഞ്ഞു.ആ വാക്കുകൾ എനിക്ക് തന്ന ധൈര്യം ചില്ലറയായിരുന്നില്ല.. United we conquer എന്നതായിരുന്നു സത്യം. അത്ഭുതം പോലെ ഞങ്ങൾക്കാർക്കും ഒരു പ്രശ്നവും ഉണ്ടായില്ല ആ പത്തു ദിവസവും.പ്രിയപ്പെട്ടവരുടെയെല്ലാം ഒരുപാട് പ്രാർത്ഥനകളുടെ ശക്തി കൂടി ആയിരുന്നു അത്. 


ക്യാമറ  മുത്തൂറ്റ് FLTC ലേക്ക് തിരിച്ചു വെക്കുമ്പോൾ അവിടെ അപ്പോഴെല്ലാം കട്ട ശോകം scenes ആയിരുന്നു. റൂമിൽ ഉള്ള ഓരോരുത്തർ ബാഗുകൾ നിറയെ സാധങ്ങളുമായി വന്നപ്പോൾ ഇവിടെ ഒരാൾ തലമുടി ചീകാനുള്ള ചീപ്പ് ഇല്ല, ചൂടുവെള്ളം കുടിക്കാൻ ഫ്ലാസ്ക് ഇല്ല, sanitizer ഇല്ല, നല്ല മഴക്കാലമായതിൽ തുണികൾ ഉണങ്ങാതെ രക്ഷ ഇല്ല. (ബാംഗ്ലൂർ നിന്നെ ഞങ്ങൾ വന്നത് ഓരോരുത്തർക്കും 3  or 4 dress മാത്രമായിട്ടായിരുന്നു. കാറിലെ സ്ഥലപരിമിതി മൂലം luggage maximum കുറക്കാൻ മാർഗ്ഗം ഉണ്ടായിരുന്നുള്ളു.) ഇതൊക്കെ പോട്ടെ ന്നു വെക്കാം ഓരോ നിമിഷവും tension. അറിയാത്തൊരു അസുഖമാണ്.. ഒന്നും പ്രത്യേകിച്ച് തോന്നുന്നില്ലെങ്കിലും ഹൃദയമിടിപ്പ് കൂടുന്നുണ്ടോ, oxygen കുറഞ്ഞാൽ അറിയാതിരിക്കുമോ, (Happy Hypoxia  കഥകൾ ഒക്കെ ധാരാളം വായിച്ചു പണ്ഡിതരായി ഇരിക്കുകയായിരുന്നു ഞങ്ങൾ അന്ന്!!)ഞങ്ങളുട കാര്യമോർത്തു അതിലേറെ ആശങ്കയും.ഒന്ന് distracted  ആയി ഇരിക്കാൻ പാട്ടു  കേൾക്കാൻ എങ്കിലും ഒരു  headset ഉം എടുത്തിട്ടില്ല. അങ്ങനെ ഒരിക്കലും ഓഫീസിൽ ജോലി ചെയ്യാതെയും, പ്രിയപ്പെട്ടവരേ കാണാതെയും, വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെയും നമ്മൾ ഇരുന്നിട്ടില്ലല്ലോ. ശ രിക്കും ജയിലിൽ പിടിച്ചിട്ട ആ അവസ്ഥ എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു. 


അവിടുത്തെ കഥകൾ എഴുതിയാലും തീരാത്ത അത്ര ഉണ്ട്. പിന്നീട് എത്രയോ രാത്രികളിൽ ഞങ്ങൾ terrace ൽ നടക്കാൻ പോകുമ്പോൾ ആ കഥകൾ മുഴുവൻ എനിക്ക് പറഞ്ഞു തന്നിരുന്നു. അവിടുത്തെ ഭക്ഷണം, വൃത്തി (യില്ലായ്മ), മറ്റു inmates ന്റെ കഥകൾ, ..ശിവഗംഗയിൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയി കുറെ കാര്യങ്ങളോട് immune ആയിരുന്നത് കൊണ്ട് അതൊക്കെ നിശബ്ദം സഹിക്കാൻ കഴിഞ്ഞുവെന്നും പറഞ്ഞു. Medical Insurance ഉം, കൈയ്യിൽ പൈസയും ഉണ്ടായിട്ടും ഒരു ഹോസ്പിറ്റൽ  തിരഞ്ഞെടുക്കാൻ പോലും പറ്റാത്ത നിസ്സഹായാവസ്ഥ. അത്യാവശ്യമുള്ള ഒരു സാധനം ആൾക്ക്എ ത്തിക്കണമെങ്കിലും ആർക്കും എത്തിക്കാൻ ആവാത്ത അവസ്ഥ. ഒരു pandemic situation ൽ നമ്മുടെ personal choice, treatment choice, അത്യാവശ്യ സാധനങ്ങൾ കിട്ടുന്നത്, ഭക്ഷണം, ഇതൊക്കെ സ്റ്റേറ്റ് നു മുൻപിൽ എത്രത്തോളം നിസ്സാരമായിരിക്കും എന്ന് ആദ്യമായി  തിരിച്ചറിഞ്ഞതു അന്നായിരുന്നു. ജീവിതം എത്രമേൽ അനിശ്ചിതമാണെന്നും.False positive ആയിരുന്നോ ആ positive എന്ന് cross verify ചെയ്യാനുള്ള സമയമോ സാവകാശമോ പോലും ഞങ്ങൾക്ക് കിട്ടിയില്ല. ആരോട് ചോദിയ്ക്കാൻ, ആരോട് പറയാൻ എന്ന അവസ്ഥ..  ഒഴുക്കിനൊപ്പം നീങ്ങുക  എന്നല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു.  


അങ്ങനെ ഓരോ ദിവസവും തള്ളി നീക്കി ഏഴാം  ദിവസം എത്തി. കേരളത്തിൽ അതിനു മുൻപത്തെ വർഷത്തെ പ്രളയകാലം  ഓർമ്മിപ്പിക്കുന്ന തരത്തിൽ അതിഭീകര മഴ തുടങ്ങി. അടുത്ത രണ്ടു  ദിവസവും തോരാത്ത ഭീകര മഴ. ഞങ്ങളുടെ നെഞ്ചിടിപ്പുയർത്തിക്കൊണ്ടു റാന്നിയിൽ വെള്ളം ഉയരാൻ തുടങ്ങി എന്ന് കേട്ട്. റാന്നിയിൽ നിന്ന് നേരെ കോഴഞ്ചേരിയിലേക്കാണ് വെള്ളം ഉയർന്നാൽ പോകുന്നത്. മുത്തൂറ്റ് നിൽക്കുന്ന സ്ഥലം എല്ലാം നന്നായി വെള്ളം കയറിയതുമാണ് മുൻ വർഷങ്ങളിൽ. വെള്ളം ഉയർന്നാൽ റോഡ് വഴി വരാൻ  പറ്റില്ല. പുതിയൊരു ദുരന്തം കൂടി വന്നാൽ existing protocols മൊത്തം മാറും. 

എങ്ങനെ എങ്കിലും പത്താമത്തെ ദിവസം ടെസ്റ്റ് എടുത്തു നെഗറ്റീവ് ആയി വരാൻ  നോക്കിയിരിക്കുന്ന മനുഷ്യർക്ക് മുന്പിലേക്കാണ് മഴയിങ്ങനെ ആർത്തട്ടഹസിച്ചു പെയ്തു നിറയുന്നതെന്നോർക്കണം.. 
തുടരും..

ജൂലൈ 31, 2020 Covid ഓർമ്മകൾ..


വീട്ടിലൊരാൾ പോസിറ്റീവ് ആകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാതിരുന്നത് കൊണ്ട് അടുത്തത് എന്താണ് ചെയേണ്ടതെന്നു ഞങ്ങൾക്കാർക്കും യാതൊരു രൂപവും ഇല്ലായിരുന്നു. അടുത്തോ അകന്നോ അറിയാവുന്ന ആർക്കും Covid വന്നിട്ടില്ലാത്തതു  കൊണ്ട് സംശയ നിവാരണത്തിനും ആരുമില്ലാത്ത അവസ്ഥ. വൈകിട്ട് ആംബുലൻസ് വരും. എന്തൊക്കെ എടുക്കണം എന്നറിയില്ല, എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്നറിയില്ല, എന്താണ് treatment  എന്നറിയില്ല, എത്ര ദിവസത്തേക്കാണെന്നു അറിയില്ല . 


അത്രയും നേരം പിള്ളേരുടെ കൂടെ കളിച്ചു കൊണ്ടിരുന്ന ആൾ പെട്ടന്ന് അപ്പുറത്തെ മുറിയിലേക്ക് മാറി നിന്നു. ഞങ്ങൾ വാതിലിനു പുറത്തു ഇതികർത്തവ്യഥാമൂഢരായും!കാര്യങ്ങളുടെ കിടപ്പു വശം പിടികിട്ടിയ നവമി നിറഞ്ഞു വരുന്ന കണ്ണുകൾ ബാത്‌റൂമിൽ പോയി തുടച്ചു മുഖം ഒക്കെ കഴുകി വന്നു നിന്നു. ചെറുതിനു പിന്നെ പ്രത്യേകിച്ചൊന്നും പിടികിട്ടാഞ്ഞത് കൊണ്ട് ഫോൺകളിയിൽ തന്നെ  വ്യാപൃതയായി. 

യാതൊരുവിധ symptoms ഉം ഇല്ലാതിരുന്ന രോഗി അപ്പോഴേക്കും password കൾ, bank details, office details ഒക്കെ തപ്പിയെടുത്തു എനിക്ക് കൈമാറാൻ തുടങ്ങി. അതും കൂടി ആയപ്പോൾ പൂർത്തിയായി എന്റെ അവസ്ഥ. രണ്ടു ബെഡ്ഷീറ്റും , കുറച്ചു ഡ്രെസ്സും ഒക്കെ ഞാൻ പാക്ക് ചെയ്തു വെച്ചു . covid ന്റെ ആദ്യ കാലം ആയതു കൊണ്ട് കുപ്പിക്കണക്കിനു sanitizer ഒന്നും വാങ്ങി വെച്ചിട്ടില്ലായിരുന്നു. ആകെ ഉള്ള വലിയ കുപ്പി കൊടുത്തു വിട്ടാൽ  ഞങ്ങൾ എന്ത് ചെയ്യും എന്ന് കരുതി എടുത്തു വെച്ചില്ല. ആശുപത്രി അല്ലെ sanitizer ഒക്കെ കിട്ടും യഥേഷ്ടം എന്നായിരുന്നു ധാരണ. പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ്, മഗ്‌ ഒക്കെ ഭാഗ്യത്തിന് കൊടുത്തു വിടാൻ ഓർത്തു. ഒരു ഏഴു മണിയൊക്കെ ആയപ്പോൾ ആണ് വണ്ടി വന്നു എന്ന് അറിയിപ്പ് കിട്ടിയത്. എല്ലാം പാക്ക് ചെയ്തു ഇറങ്ങാൻ നേരം ഒരു ഫോട്ടോ ഒക്കെ എടുത്തു ടാറ്റ പറഞ്ഞു പോയി.

. ആൾ ഇവിടെ നിന്നും ഇറങ്ങിയത് മുതൽ ആശങ്കകൾ ഒരു സുനാമി പോലെ എന്നെ വന്നു പൊതിയാൻ തുടങ്ങി. അടുത്ത നറുക്കു ആർക്കാണെന്നായിരുന്നു ചോദ്യം. വീടിനുള്ളിൽ എല്ലാവരും ഒരുമിച്ചു ഇടപഴകിയതാണ്. അതും പോരാഞ്ഞു ടെസ്റ്റ് ചെയ്യാൻ പോയ ദിവസം കാറിൽ AC  ഇട്ടാണ് ഇരുന്നത്. അത്ഭുതങ്ങൾ വല്ലതും സംഭവിച്ചാൽ മാത്രമേ കിട്ടാതിരിക്കു എന്ന് മനസ്സ് പറഞ്ഞു. (അത്ഭുതങ്ങളിൽ ഉള്ള വിശ്വാസം അപ്പോൾ തൽക്കാലത്തേക്ക് പോകുകകയും ചെയ്തു). Permutations and combinations എത്ര നോക്കിയിട്ടും എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടിയില്ല. എനിക്ക് കിട്ടിയാൽ പ്രെഗ്നന്റ് ആയോണ്ട് എന്തായാലും ഹോസ്പിറ്റിലൈസ്ഡ് ആക്കും, അച്ഛനും അമ്മയും senior citizens ആയോണ്ടും, diabetes ഒക്കെ ഉള്ളത് കൊണ്ട് അവർക്കു കിട്ടിയാൽ അവരെയും hospitalized ആക്കും. അപ്പോൾ പിള്ളേർക്ക് കിട്ടിയില്ലെങ്കിൽ എന്താവും, കിട്ടിയാൽ എന്താകും, അങ്ങനെ അങ്ങനെ നൂറുകണക്കിന് ചോദ്യങ്ങൾ. ഉള്ളിലൊരു കുഞ്ഞു ജീവനിരുന്ന്  ഈ ആശങ്കകൾ എല്ലാം കൂടി എങ്ങനെ താങ്ങി എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

അടുത്ത ആൾക്ക്/ ആൾക്കാർക്ക് കൊണ്ട് പോകാനുള്ള സാധനങ്ങൾ പോലും ഈ വീട്ടിൽ ഇല്ല. (ബാംഗ്ലൂര് നിന്നും വന്നു വീടൊന്നു ജീവൻ വെച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. നേരത്തെ വാങ്ങി വെച്ച കുറച്ചു സാധനങ്ങളെ ഉള്ളു അന്ന് വീട്ടിൽ). ആദ്യം തന്നെ രണ്ടു മൂന്നു ബക്കറ്റ്, മഗ് , sanitizer കുപ്പികൾ, സോപ്പ്, ചീപ്പ്, അങ്ങനെ കുറെ അധികം സാധനങ്ങൾ വാങ്ങി തയ്യാറായി ഇരുന്നു!


അതേസമയം ഇവിടെ നിന്നും പോയ ആളെ കൊണ്ട് പോയത് കോഴഞ്ചേരി മുത്തൂറ്റ് Nursing college Hostel ലേക്കാണ്. Asymptomatic ആയ രോഗികൾക്ക് ആശുപത്രി വേണ്ടാന്നും, അവർക്കു ഐസൊലേഷൻ മാത്രം കൊടുക്കാൻ ഉള്ള First Line Treatment Centers ഉണ്ടെന്നും ഒക്കെ ഞങ്ങൾക്ക് അന്നാണ് മനസ്സിലായത്. പത്തു ദിവസം അവിടെ നിൽക്കണം എന്നും, പത്താം  ദിവസം antigen test പാസായാൽ മാത്രമേ വീട്ടിലേക്കു വിടൂ  എന്നും വ്യകതമായി. നാല് പേര് ഒരുമിച്ചു ഒരു റൂമിൽ. ആവശ്യത്തിന് മാസ്‌കോ, sanitizer പോലും ഇല്ലാതെ  ഒരാൾ അവിടെ ചെന്ന് ചേക്കേറി. ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തതു കൊണ്ട് എനിക്ക് അന്നും ഇന്നും ആ പോസിറ്റീവ് റിസൾട്ട് ഒരു false positive ആയിരുന്നോ എന്ന് സംശയം ഉണ്ട്. അപ്പോഴും ഉണ്ട് അപകടം. ബാക്കി മൂന്നു രോഗികളുടെ കൂടെ ഒരു മുറിയിൽ ആണ് താമസം. ഇനി ഇപ്പൊ ഇല്ലായിരുന്നെങ്കിലും അവിടുന്ന് കിട്ടിയാലോ എന്ന ദയനീയ അവസ്ഥ. ഭക്ഷണം കൊണ്ട് കൊടുക്കാനും , രാവിലെ vitals ചെക്ക് ചെയ്യാനും PPE kit ഇട്ടു നഴ്സുമാർ വരും. ഭക്ഷണം പൊതിയായി കൊടുക്കും. കുറ്റമൊന്നും ചെയ്യാതെ ജയിലിൽ കിടക്കുന്ന ഒരു അവസ്ഥ. ബന്ധുക്കളുടെ കൂട്ടത്തിലെ ആദ്യത്തെ Covid രോഗിയെന്ന പട്ടം കിട്ടിയത് കൊണ്ട് ഫോൺ വിളികളുടെ തീരാപ്രവാഹം. നിമിഷങ്ങളും, മണിക്കൂറുകളും എണ്ണിയെണ്ണി ഒരാൾ അവിടെ അങ്ങനെ..


ഇവിടെ  വീട്ടിൽ ഉള്ളവർ ഐസൊലേറ്റഡ് ആയി ഇരിക്കാൻ തുടങ്ങി. ഓരോരുത്തർക്കും പ്രത്യേകം പ്ലേറ്റ് , ഗ്ലാസ്, തുടങ്ങി അതീവ ജാഗ്രത. ഒരു ദിവസം ഒരു നൂറു പ്രാവശ്യം എങ്കിലും എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരുന്ന നിവിക്കു എന്റെ സ്പർശനം  പോലും ഞാൻ നിഷേധിച്ചു. (ഏറ്റവും exposed ഉം vulnerable ഉം ഞാൻ ആയിരുന്നതിനാൽ room quarantine ൽ ആയിരുന്നു) ഇടയ്ക്കിടെ അവൾ വാതിലിനരികിൽ വന്നു. അമ്മെ ഞാൻ ഒറ്റ പ്രാവശ്യം കെട്ടിപ്പിടിച്ചോട്ടെ, എന്നിട്ടു ഞാൻ കൈകൾ  sanitize ചെയ്തോളാം  എന്ന് കെഞ്ചി..ഒരു നിവർത്തിയുമില്ലാതെ ഞാൻ അവൾക്കു മുന്നിൽ വാതിലടച്ചു. (എന്നെങ്കിലും എഴുതി എങ്കിലും മോക്ഷം കൊടുത്തു വിടാനായി ഉള്ളിലിട്ടു നീറ്റിയ  സങ്കടത്തുണ്ടുകളിൽ ഒന്നാണ് അന്നത്തെ ആ നിസ്സഹായത..) 

അങ്ങനെ ഇരിക്കുമ്പോൾ തൊണ്ട വേദനിക്കുന്നുണ്ടോ, പനിക്കുന്നുണ്ടോ എന്നൊക്കെ തോന്നും. അച്ഛനും അമ്മയ്ക്കും നവമിക്കും  എല്ലാം അതെ പേടി..Thermometer എടുത്തു നോക്കും, പിന്നെ ദിവസവും ഒരു അമ്പതു പ്രാവശ്യം pulse oximeter  വെച്ച് ചെക്ക് ചെയ്യും. എല്ലാം നോർമൽ ആണെന്ന് കണ്ടു സമാധാനപ്പെടും . വീണ്ടും  കുറച്ചു കഴിയുമ്പോൾ പഴയ അവസ്ഥ. ഉറങ്ങാത്ത രാത്രികൾ ആയിരുന്നു ആ പത്തു ദിവസവും, പിന്നീട് ഒരുപാട് കാലവും .. ദിവസവും നേരം പുലരുമ്പോൾ പനി  ആയിട്ടാവുമോ ഉണരുന്നത് എന്ന് പേടിച്ചു പേടിച്ചങ്ങനെ..

തുടരും..


July 18, 2020


ഇന്ന് ജൂലൈ 18 2021. ഒരു വർഷം  പൂർത്തിയാകുന്നു ബാംഗ്ലൂർ നിന്ന് നാട്ടിൽ എത്തിയിട്ട്. .അടുത്ത ഒരു വർഷം  എല്ലാവരും ഒരുമിച്ചു  നാട്ടിൽ ആയിരിക്കും എന്ന് അന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.  അന്നത്തെ ഓരോ സംഭവങ്ങളും കണ്ണാടിയിൽ എന്നവണ്ണം ഇന്നും കാണാൻ കഴിയുന്നുണ്ട് .   അന്ന് നാട്ടിൽ ഇത്രയ്ക്കു covid cases ഒന്നുമില്ലായിരുന്നു. യാത്ര വിലക്ക് കഠിനവുമായിരുന്നു. എൻ്റെ first trimester കടന്നതേയുള്ളായിരുന്നു.  നീണ്ട യാത്ര കഴിഞ്ഞു ഒരു രാത്രി എട്ടു മണിയോടെ മൈലപ്രയിലെ വീടിന്റെ ഗേറ്റ് കടന്നു കാർ നിന്നപ്പോൾ മനസ്സിൽ വീണ ഒരു തണുപ്പുണ്ടായിരുന്നു..ഏറ്റവും സുരക്ഷിതമായൊരിടത്തിലേക്കു മനസ്സ് ചേർത്ത് വെച്ചപോലെ ഞങ്ങൾ സമാധാനമായി ഉറങ്ങിയ ദിവസം. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആയിരുന്നു അതെന്നുതിരിച്ചറിഞ്ഞത് പന്ത്രണ്ടാം ദിവസം മാത്രമായിരുന്നു. .


ഏറ്റവും സമാധാനമുള്ള പത്തു ദിവസങ്ങൾ. അങ്ങേയറ്റം സൂക്ഷ്മതയോടെ ഉള്ള quarantine. യാത്രയ്ക്ക് മുൻപോ, യാത്രയിലോ, ശേഷമോ  എങ്ങും പോയിട്ടേയില്ല . ബാംഗ്ലൂർ ആയിരുന്നപ്പോൾ ഫ്ലാറ്റ് ന്റെ മുൻവാതിൽ കടന്നു പുറത്തേക്കു ഇറങ്ങിയിരുന്നു പോലും ഇല്ല. യാത്രയിൽ പക്ഷെ കുമളി ചെക്‌പോസ്റ് ൽ മാത്രം എല്ലാവരും നിർബന്ധമായും ഇറങ്ങണമായിരുന്നു.

ഹെൽത്ത് ൽ നിന്നുള്ളവർ മിക്കവാറും ദിവസവും വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്നു. എല്ലാവരും perfectly fine ഉം ആയിരുന്നു. പത്താം  ദിവസം covid test നു ചെല്ലണം എന്ന് പറഞ്ഞു. പെരുമഴ പെയ്യുന്ന ഒരു പകൽ നേരം ഞങ്ങളെല്ലാം ഒരുമിച്ചു കാറിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചെന്ന്. തിരക്ക് കണ്ടു ഞങ്ങൾ ഏറെ നേരം കാറിൽ തന്നെ AC ഒക്കെ ഇട്ട്ഇ രുന്നു. ഒടുവിൽ ഞങ്ങളുടെ ഊഴം എത്തിയപ്പോൾ അവിടേക്കു ചെന്ന്. ഊഴം കാത്തിരിക്കുമ്പോൾ ഹെൽത്ത് ൽ നിന്ന് വിളി. “ഭവ്യ അല്ലെ. pregnant ആണല്ലേ. ടെസ്റ്റ് ചെയ്തു പോസിറ്റീവ് ആണെങ്കിൽ ഇവിടെ ജനറൽ ആശുപത്രിയിലേക്ക് വരേണ്ടി വരും”.   നെഞ്ചിൽ ഒരു വെള്ളിടി മുഴങ്ങി. എങ്കിലും സമാധാനിച്ചു അങ്ങനെ എന്തായാലും വരില്ലല്ലോ..ജീവിതം പൊതുവെ അങ്ങനെ എന്നോട് unfairness കാണിക്കാൻ വഴിയില്ലല്ലോ.  ഒടുവിൽ ഏറെ കാത്തിരുന്നിട്ട്  മൂക്കിൽ നിന്നും, തൊണ്ടയിൽ നിന്നും ഒക്കെ ആവശ്യത്തിന് സ്രവം കുത്തിയെടുത്തിട്ടു  ഞങ്ങൾ വീട്ടിലേക്കു തിരിച്ചു പൊന്നു. 


പതിനൊന്നാം ദിവസവും സമാധാനമായി കടന്നു പോയി. ഇടക്കൊക്കെ തമാശക്ക് ഞങ്ങൾ പറഞ്ഞു എങ്ങാനും പോസിറ്റീവ് ആയാൽ ആംബുലൻസ് വീട്ടു മുറ്റത്തു വരുമ്പോഴായിരിക്കും നമ്മൾ അറിയുന്നത്. പിന്നെ ടാറ്റാ bye bye പറഞ്ഞു പോയാൽ പിന്നെ ഈ വഴിക്കൊന്നും കാണില്ല എന്നൊക്കെ. അത്രത്തോളം ഭീതിദമായ covid കഥകളായിരുന്നു അന്നൊക്കെ കേൾക്കുന്നത്. ബന്ധുക്കളിലോ നേരിട്ടറിയാവുന്ന സുഹൃത്തുക്കളിലോ ആർക്കും Covid വന്നിട്ടുണ്ടായിരുന്നില്ല അന്ന്. 

പന്ത്രണ്ടാം ദിവസം ഒരു ഉച്ച കഴിഞ്ഞ നേരം ആയിരുന്നു എന്റെ ഫോണിലേക്കു ഹെൽത്ത് ന്റെ call വന്നത്. Health ന്റെ നമ്പർ കണ്ടപ്പോഴേ എന്റെ പാതി ജീവൻ പോയി. നിങ്ങൾ എന്നാണ് ബാംഗ്ലൂർ നിന്ന് വന്നത് എന്ന് തുടങ്ങി ചോദ്യങ്ങളുടെ സ്വഭാവം കേട്ടപ്പോഴേ ബാക്കി കൂടി പോയി. ഹരികൃഷ്ണൻ എന്നൊരാൾ നിങ്ങളുടെ കൂടെയുണ്ടായിരുന്നോ . ഉണ്ട്, ഞാൻ പറഞ്ഞു. അച്ഛനാണ്. പെട്ടന്ന് അവർ പറഞ്ഞു  ഒന്ന് കൂടി കൺഫേം ചെയ്തിട്ട് വിളിച്ചു പറയാം. ആളോട് ഇപ്പൊ പറയണ്ട എന്ന്.  ഞാൻ ചേട്ടനെ വിളിച്ചു. അപ്പുറത്തെ മുറിയിൽ നവമിയുടെ കൂടെ തകർത്തു കളിയാണ്. “താരാപഥമാകെ..” എന്ന Anna Ben സിനിമയിലെ  പാട്ടു ബാക്ക്ഗ്രൗണ്ടിൽ കേട്ട് കൊണ്ടിരുന്നത്. 


ഒറ്റ ശ്വാസത്തിൽ ഈ കാര്യം  പറഞ്ഞു തീർന്നതും വീണ്ടും ഹെൽത്ത് വിളിച്ചു ചേട്ടൻ ആണ് ഇക്കുറി എടുത്തത്. ഫോൺ സ്പീക്കർ ൽ. “ആനന്ദ് ഹരികൃഷ്ണൻ എന്നൊരാൾക്കാണ് പോസിറ്റീവ്. ബാക്കി ഉള്ളവർ നെഗറ്റീവ് എന്നാണ് കാണിക്കുന്നത്”. എന്ത്  ചെയ്യണം എന്നറിയാതെ ഇരുന്നു പോയി. Quarantine ആണെങ്കിലും വീടിനുള്ളിൽ എല്ലാവരും ഒരുമിച്ചായിരുന്നു. കഴിഞ്ഞ ദിവസം ടെസ്റ്റ് നു പോയപ്പോൾ car ൽ  AC ഇട്ടു ആണ് പോയത്. ഞാൻ നാല് മാസം ഗർഭിണി, അച്ഛനും അമ്മയും senior citizens, നിവി കൊച്ചുകുട്ടി, മൊത്തത്തിൽ എല്ലാവരും
അങ്ങേയറ്റം vulnerable ആയാ ആൾക്കാർ. ചുറ്റുമുള്ള ഭൂമി മൊത്തം  കറങ്ങുന്നതായി തോന്നി. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.   

പിന്നാലെ കളക്ടറേറ് , പോലീസ് സ്റ്റേഷൻ , പഞ്ചായത് അങ്ങനെ സകല സർക്കാർ സ്ഥാപനങ്ങളിൽ നിന്നും calls വന്നു കൊണ്ടിരുന്നു. വന്നൊന്നും ഈ പോസിറ്റീവ് ആയവർക്ക് ‘ഹോം ഐസൊലേഷൻ’ എന്ന സംഭവം ഇല്ലായിരുന്നു. തയ്യാർ ആയിരിക്കണം ആംബുലൻസ് വന്നു കൊണ്ട് പോകും എന്ന് അറിയിപ്പ് കിട്ടി. 
ജീവിതത്തിൽ ഇത്രയും തകർന്നു പോയ ഒരു moment ഉണ്ടായിട്ടില്ല. അന്നത്തെ ഓരോ നിമിഷവും ഇന്നും പൊള്ളിക്കൊണ്ടല്ലാതെ ഓർത്തെടുക്കാനാവുന്നുമില്ല. ഒരു പനിയോ ജലദോഷമോ, ക്ഷീണമോ ഒന്നുമില്ലാതെ ഇതെങ്ങനെ പോസിറ്റീവ് ആയി വന്നു എന്ന് ഞങ്ങൾ ഉത്തരമില്ലാതെ പരസ്പരം നോക്കി കൊണ്ട് നിന്ന് പോയി.  ഇനി എന്ത് എന്നത് വലിയൊരു സമസ്യയായി അതിനേക്കാൾ മുന്നിൽ വാ പിളർന്നു നിൽക്കുന്നു. അറിയാവുന്ന ഒരാൾക്ക് പോലും വന്നിട്ടില്ലാത്ത അസുഖം. നാട് മുഴുവൻ പേടിക്കുന്ന ഒരു അസുഖം. നമുക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അത്ര നിസ്സഹായമാക്കുന്ന situation, ആശുപത്രി തിരഞ്ഞെടുക്കാനോ  കൂടെ ആർക്കെങ്കിലും പോകാനോ അനുവാദമില്ലാത്ത  അവസ്ഥ. കേട്ട കഥകൾ മുഴുവൻ മരണത്തോളം ഭീദിതമായത് മാത്രം.  ബന്ധുബലമോ, ജോലിയോ, വീടോ  പൈസയോ, എന്തൊക്കെ ഉണ്ടെങ്കിലും ഒന്നിനും യാതൊരു വിലയില്ലാതാകുന്നു എന്ന് തിരിച്ചറിഞ്ഞ  നിമിഷം കണ്മുന്നിൽ വരൻ അധികം നേരം ഒന്നും വേണ്ട  എന്ന് തിരിച്ചറിഞ്ഞ  നിമിഷം. ജീവിതം അങ്ങനെ ഒരിക്കലും unfairness കാണിക്കില്ല എന്ന എന്റെ ശുഭാപ്തി വിശ്വാസത്തിന് ആദ്യമായി പോറൽ ഏറ്റ  ദിവസം കൂടിയായിരുന്നു ആ ജൂലൈ 31.  

തുടരും..

#വിസ്മയ


മൂന്നു പെൺകുട്ടികൾ ഉള്ള വീട്ടിൽ നിന്നാണ് വന്നത്. മൂന്നു പെൺകുട്ടികളുടെ അമ്മയും ആണ്. അതുകൊണ്ടു കൂടിയാവും ഒരു പെൺകുട്ടിയുടെ സങ്കട കഥ കേൾക്കുമ്പോൾ ഇത്രയ്ക്കു വന്നു ഉള്ളുലക്കുന്നതു..Social Media channels നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ ആത്മരോഷം, സങ്കടം, പ്രതിഷേധം ഇതെല്ലം എന്റെ മനസ്സിലും നിറഞ്ഞു കവിയുന്നുണ്ട്. മനസ്സിലാകാത്തത് ഒന്ന് മാത്രം..മനുഷ്യൻ എങ്ങനെ ഇത്ര ക്രൂര ജീവിയാകുന്നു എന്ന്. വിദ്യാഭ്യാസം, ജോലി, civilized society ലെ അംഗത്വം, സാമൂഹിക അംഗീകാരം ഇതെല്ലം ഉള്ളവരാണ് പ്രതിസ്ഥാനത്തു നിൽക്കുന്നത്. എന്നിട്ടും എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ..നമ്മളൊരുപാട് പുരോഗമിച്ചു എന്ന് കേൾക്കുന്നുണ്ട്, പക്ഷെ ഇപ്പോഴും പെണ്ണിനെ, ഭാര്യയെ ബഹുമാനിക്കാൻ..അല്ലെങ്കിൽ പോട്ടെ ബഹുമാനിക്കാൻ മാത്രം വളർന്നില്ലെങ്കിൽ പോകട്ടെ, സഹജീവിയാണെന്നുള്ള പരിഗണന കൊടുക്കാനെങ്കിലും കഴിയാത്തവണ്ണം ഇങ്ങനെയൊക്കെ ചെയ്യുന്നവർ നമുക്ക് ചുറ്റും ഉണ്ടാകുന്നു എന്ന് മനസ്സിലാകുന്നില്ല. അടിച്ചും ചവിട്ടിയും കൊന്നും ഒക്കെ പണം നേടണം എന്ന് എങ്ങനെ ചിന്തിക്കാൻ കഴിയുന്നു എന്നും മനസ്സിലാകുന്നില്ല. (അതും അധോലോകത്തിലൊന്നുമില്ല, ഏറ്റവും സുരക്ഷിതം എന്ന് നമ്മളെല്ലാം കരുതുന്ന വീടിനുള്ളിൽ..)

ഈ ഓളം ഒന്ന് അടങ്ങിക്കഴിയുമ്പോൾ ഇതെല്ലം വീണ്ടും പഴയതു പോലെ തന്നെ ആവും. ഈ ആത്മരോഷ പ്രകടനം നടത്തുന്നവരിൽ ഭൂരിപക്ഷവും ഒരു കല്യാണത്തിന് പോയാൽ ആഭരണം കുറച്ചു കുറഞ്ഞാൽ ” ആ പെങ്കൊച്ചിനു കാര്യമായിട്ടൊന്നും കൊടുത്തില്ല” എന്ന് അഭിപ്രായപ്രകടനം നടത്തുന്നവരല്ലേ..ആഴത്തിൽ വേരുകൾ ആഴ്ന്നു പോയ ദുരാചാരം ആണ്..ഒരു വിസ്മയയുടെ ദുരന്തത്തിനൊന്നും അതിനെ പൊളിച്ചെഴുതാനാകുമെന്നു തോന്നുന്നില്ല. ഉത്രയെ മറന്നത് പോലെ നമ്മളിതും മറക്കും..

അതല്ലെങ്കിൽ ചെയ്യാനാവുന്ന ഒന്നുണ്ട് .. ആൺകുട്ടികൾ ഉള്ള മാതാപിതാക്കൾ അവരുടെ മക്കളെ പഠിപ്പിക്കൂ അന്തസ്സായി സ്വന്തമായി അധ്വാനിച്ചു ജീവിക്കാനും ജോലിചെയ്തു വരുമാനം സമ്പാദിചു ജീവിക്കാനും. . അല്ലാതെ ഒരൊറ്റ പ്രാവശ്യം കണ്ട ഒരു പെണ്ണിന്റെ വീട്ടുകാർ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയും സ്വർണ്ണവും വസ്തുവും കണ്ണ് വെച്ച് കച്ചവടം പോലെ നടത്തേണ്ട ഒന്നല്ല വിവാഹം എന്നത് . ഭാര്യ എന്ന സ്ഥാനത്തേക്കു വരുന്ന പെൺകുട്ടി ബഹുമാനവും സ്നേഹവും അർഹിക്കുന്ന നിങ്ങൾക്കൊപ്പം തന്നെ വ്യക്തിത്വം ഉള്ള ഒരു മനുഷ്യൻ ആണെന്നു.

പെണ്മക്കളുടെ അച്ഛനമ്മമാർ അവരെയും പഠിപ്പിക്കൂ പഠിച്ചു സ്വന്തം കാലിൽ നിന്ന് സാമ്പത്തിക സുരക്ഷിതത്വം നേടാൻ, ബഹുമാനം, സ്നേഹം ഇവ ലഭിക്കാത്ത ബന്ധത്തിൽ നിന്ന് തല ഉയർത്തി തന്നെ ഇറങ്ങിപ്പോകാൻ, അവരെ ഒന്ന് നുള്ളി നോവിക്കാൻ പോലും ആർക്കും അവകാശമില്ല എന്ന് .അങ്ങനെ ആരെങ്കിലും അവരെ physically or mentally abuse ചെയ്താൽ അത് ഒരു നിമിഷം പോലും സഹിക്കേണ്ട കാര്യമില്ല എന്ന്. വിവാഹം എന്നാൽ തുല്യതയുള്ള, സ്നേഹത്താൽ അടിസ്ഥാനം തീർക്കേണ്ട ഒരു companionship ആണെന്ന്.

മുഖത്ത് വെച്ചിരിക്കുന്ന mask അറിയാതെ ഒന്ന് താഴ്ന്നുപോയാൽ വല്ല Delta variant ഉം കയറിപ്പിടിച്ചു ശ്വാസം മുട്ടി തീരാവുന്നത്ര ചെറിയ ജീവിതം ആണ് നമ്മുടെയൊക്കെ . ഇനിയെങ്കിലും തിരുത്താനുള്ളത് തിരുത്തുക..ഓരോരുത്തരും..അല്ലെങ്കിൽ ഈ hashtag വിപ്ലവം കഴിയുന്നതിനു മുൻപ് തന്നെ എല്ലാം പഴയതു പോലെയാകും. മരിക്കുന്ന വിസ്മയമാരെയും, ഉത്തരമാരെയും മാത്രം നമ്മൾ അറിയും..പിന്നെയും അനേകായിരങ്ങൾ വീടിന്റെ ഉൾത്തളങ്ങളിൽ നമ്മളറിയാതെ അടിയും ചവിട്ടും ഏറ്റു വാങ്ങി ആരോടും പറയാതെ ജീവിതം എണ്ണിത്തീർക്കും..

മടക്കം



നാട്ടിൽ വന്നിട്ട് ഏകദേശം ഒൻപതു മാസങ്ങൾ പൂർത്തിയാകുന്നു. ഒരു വരി പോലും എഴുതാതെ ആയിട്ടും ഒൻപതു മാസങ്ങൾ..പഴയ എന്നെ എവിടെയോ മറന്നു വെച്ച്, പുതിയൊരു ജന്മം പോലെ ഈ കഴിഞ്ഞ മാസങ്ങൾ..ഒഴുക്കിൽ ഒരു ഇല പോലെ, ഇളം കാറ്റിൽ ഒരു തൂവൽ പോലെ അങ്ങനെ കടന്നു പോയ ദിവസങ്ങൾ. എഴുതാനിരുന്നാൽ മനസ്സ് തുള്ളി തുളുമ്പി ഓർമ്മകൾ തൂവി പോയി മനസ്സ് ശൂന്യമാകുമോ  എന്ന് വെറുതെയുള്ള ഒരു  ഭയം കാരണം ആണാവോ എഴുതാതിരുന്നത്..അറിയില്ല..അടിമുടി പൂത്തുലഞ്ഞു നിൽക്കുന്ന ഒരു വിഷുകണിക്കൊന്ന പോലെ കഴിഞ്ഞ ഒരു വർഷക്കാലത്തിലെ ഓർമ്മകൾ ഇങ്ങനെ ഉള്ളിൽ നിറഞ്ഞു കിടപ്പുണ്ട്..


Covid  കാലം എല്ലാവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ  പിടിച്ചെടുത്തപ്പോൾ ഞങ്ങൾക്ക് തിരിച്ചു തന്നത് നാടും വീടും ആയിരുന്നു..2006 ൽ വിവാഹിതയായി ഈ പടി കടന്നു പോയത് മുതൽ ഉള്ള 15 വർഷക്കാലത്തിനിടക്ക് ചിലപ്പോൾ ഒക്കെ നാട്ടിൽ  വന്നു നിന്നിട്ടുണ്ട്. രണ്ടു വീടുകളിലും കുറച്ചു ദിവസങ്ങളിലേക്ക് വന്നു നിൽക്കുമ്പോഴും തിരിച്ചു പോക്ക്, ചെയ്യാൻ ബാക്കി കിടക്കുന്ന കാര്യങ്ങൾ  അങ്ങനെ ഒരുപാടു baggages ഉണ്ടാകുമായിരുന്നു. പക്ഷെ ഈ covid കാലം അങ്ങനെ  അല്ലായിരുന്നു. കഴിഞ്ഞ ജൂലൈ പതിനെട്ടിന് ബാംഗ്ലൂർ നിന്ന് പുറപ്പെട്ടു അന്ന് രാത്രി മൈലപ്രയിൽ വന്നു കയറിയത് മുതൽ നാടും വീടും സമ്മാനിക്കുന്ന സ്വാസ്ഥ്യം എന്താണെന്നു പറഞ്ഞറിയിക്കാനാവില്ല. ഒരു പക്ഷെ നാട്ടിൽ തന്നെ ജീവിക്കുന്നവർക്ക് അത് മനസ്സിലാകില്ല. വേരുകൾ സമ്മാനിക്കുന്ന ഊർജ്ജം, ധൈര്യം, നിറവ് ഇതൊന്നും മറ്റൊരു നാടിനും, വീടിനും, നാട്ടുകാർക്കും സമ്മാനിക്കാനാവില്ല എന്ന തോന്നൽ ഒന്നുകൂടി മനസ്സിൽ ഉറക്കുന്നു..കുഞ്ഞുങ്ങൾ ശുദ്ധമായ മലയാളം പറയുന്നത് കേൾക്കുമ്പോൾ, കിണറ്റിലെ വെള്ളം ആർത്തിയോടെ കോരി ക്കുടിക്കുന്നതു കാണുമ്പോൾ, പറമ്പിൽ നിന്നും പറിച്ചെടുത്ത ചാമ്പക്കയും , പേരക്കയും, മാങ്ങയും, ചക്കയും , ഓമക്കായും ഒക്കെ കഴിക്കുമ്പോൾ, അച്ഛനും അമ്മയ്ക്കും, സഹോദരങ്ങൾക്കുമൊപ്പം പണ്ടത്തെ പോലെ ഇരുന്നു കഥ പറയുമ്പോൾ   കഴിഞ്ഞ പതിനഞ്ചു വര്ഷക്കാലത്തിന്റെ നഷ്ടങ്ങൾ നികരുന്നു..


ഏറ്റവും വിലപ്പെട്ട ഒരു കൈനീട്ടമായി രണ്ടു കുഞ്ഞിക്കണ്ണുകളിലെ നക്ഷത്രത്തിളക്കം കൂടി ഇനി എന്നും  കൂട്ടായുണ്ട് എന്ന് കൂടി ഓർക്കുമ്പോൾ തീരാത്ത വിസ്മയം. ഏറ്റവും പ്രിയപ്പെട്ടവരുടെ സ്നേഹത്തണുപ്പിലേക്കു ഒരിക്കലും തീരാത്ത ഒരു ഉത്സവം പോലെ പിറന്നു വീണ മഞ്ഞുതുള്ളിക്ക് ‘നിഹാരിക’ എന്നല്ലാതെ എന്ത് പേരിടും..!! പൂത്തു വിടർന്നു ജീവിത വൃക്ഷം, വീടും, മനസ്സും നിറഞ്ഞു മകൾചിരിക്കിലുക്കങ്ങൾ, ജന്മനാടിന്റെ മഴത്തണുപ്പും, വെയിൽതെളിച്ചവും, അച്ഛന്റേം അമ്മയുടെയും സ്നേഹച്ചൂട് …അങ്ങനെ മഹാമാരിക്കാലം ഭയത്തിനൊപ്പം കൈ നിറയെ സമ്മാനങ്ങളും തന്നിട്ടുണ്ട്.. 
ജീവിതം ഇനിയെന്ന് അതിന്റെ സ്വാഭാവികമായ  പഴയ താളം വീണ്ടെടുക്കുമെന്നു അറിയില്ല..വരം പോലെ ലഭിച്ച ഈ ദിവസങ്ങൾ എന്നേക്കുമെന്നേക്കുമായിട്ടൊന്നും അല്ല എന്നറിയാം.. .മടക്കയാത്ര എന്ന ചിന്ത തന്നെ ഉള്ളിൽ ഒരു കാർമേഘം നിറക്കുന്നുണ്ട്.. എങ്കിലും  “വിസ്മയം പോലെ ലഭിച്ച ഈ നിമിഷങ്ങൾക്ക് അർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്കാൻ” കഴിഞ്ഞതോർക്കുമ്പോൾ  നിറഞ്ഞ സന്തോഷം..ചാരിതാർഥ്യം..

സൂഫിയും സുജാതയും 


കൊറോണയിങ്ങനെ കൊടികുത്തി വാഴുന്ന കാലം..വീട്ടിൽ നിന്നും വെളിയിലിറങ്ങാക്കാലം..വർക്ക് ഫ്രം ഹോം ആയതു മുതൽ പണി ചെയ്തു പ്രാന്താവുന്ന കാലം.. അങ്ങനെയുള്ള ഈ കാലത്തേ ആഴ്ചയവസാനങ്ങൾ കാത്തിരിപ്പിന്റേതാണ്. ആമസോൺ പ്രൈമിൽ വല്ല new release ഉം ഉണ്ടോയെന്ന് മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഇങ്ങനെ നോക്കിയിരിക്കും..കടുത്ത യാഥാർഥ്യങ്ങളുടെ ലോകത്തു നിന്ന് അൽപ  നേരമെങ്കിലും ഒരു രക്ഷപെടൽ ആയെങ്കിൽ അത്രയെങ്കിലും ആകട്ടെ ..പൊന്മകൾവന്താലും, പെൻഗ്വിനും വന്നു നിർദ്ദയം എന്നെ തേച്ചിട്ടു പോയി..പിന്നെയും തേപ്പുകൾ ഏറ്റു വാങ്ങാൻ എന്റെ ജീവിതം ബാക്കി എന്ന് പിന്നീട് മനസ്സിലായി!

പാദസരപ്രണയിനികളുടെ ഹൃദയം കവർന്ന് ...

സൂഫിയും സുജാതയും എന്ന് കേട്ടപ്പോൾ, പോസ്റ്റർ കണ്ടപ്പോൾ ഒരു ജയസൂര്യ ചിത്രം എന്നത് കൊണ്ട് അത്ര പ്രതീക്ഷയൊന്നും തോന്നിയിരുന്നില്ല ആദ്യം. പിന്നെ അദിതിയെയും, സൂഫി പയ്യൻസിനെയും കണ്ടപ്പോൾ ഒരു പ്രതീക്ഷ ‘ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ’ എന്ന്! ഫോണിൽ സിനിമ ആദ്യത്തെ പത്തു മിനിട്ടു കടന്നപ്പോൾ ഞാനങ്ങു മോഹിച്ചു പോയി..എന്തൊരു മധുരമായ background score, സൂഫിയുടെ കണ്ണുകളിലെ ആ മിസ്റ്റിക് ചാരുത, രാത്രിയുടെ ഭംഗി, പാറിപ്പറന്നു ജലത്തിൽ വീഴുന്ന ആ വെള്ളത്തൂവൽ പോലെ ഞാനുമൊന്നു ഒഴുകി..അത്രയും കണ്ടു ഞാൻ നിർത്തി. “റൂഹിന്  നൂറിനോടുള്ള പ്രണയമാണ് പടച്ചവനെ പടച്ചവൾ ആക്കിയതെന്ന്  സിനിമയെക്കുറിച്ചുള്ള കവിത തുളുമ്പുന്ന caption വായിച്ചു ഞാൻ കോൾമയിർ കൊണ്ടു! (ശെരിക്കും അതിന്റെ അർത്ഥം അങ്ങോട്ട് പിടികിട്ടിയില്ലെങ്കിലും സംഭവം കിടു ആണെന്ന്, ഒരു eternal  love  story തന്നെയാണ് ഇതെന്ന്  ഞാൻ അങ്ങോട്ട് ഉറപ്പിച്ചു). ഇനിയിപ്പോ ഇത്രേം കിടു സിനിമ ഞാൻ ഒറ്റക്കിരുന്നു കണ്ടു സന്തോഷിച്ചു എന്ന ദുഷ്‌പേര് കേൾക്കണ്ടല്ലോ എന്ന് കരുതി അവിടെ മര്യാദക്ക് പണി ചെയ്തോണ്ടിരുന്ന പ്രിയതമനെ കുത്തിപ്പൊക്കി , ഇനിയിപ്പോ ഫോണിൽ കണ്ടാൽ അങ്ങോട്ട് നിറഞ്ഞില്ലെങ്കിലോ എന്ന് കരുതി പിള്ളേരൊക്കെ ഉറങ്ങി കഴിഞ്ഞു ടീവി യിൽ കാസറ്റ് ചെയ്തു കാണാനിരുന്നു.

ആ അമിതാവേശം എന്തായാലും ആദ്യത്തെ അരമണിക്കൂറോടെ അവസാനിച്ചു. ശോഭനയെ (രൂപം കൊണ്ട് മാത്രം) ഓർമ്മിപ്പിക്കുന്ന നായിക, മനോഹരമായ പുഞ്ചിരിയുള്ള, ആർദ്രമായ കണ്ണുകളുള്ള സൂഫി, ഹൃദയം തൊടുന്ന mystic charm ഉള്ള ആ backdrop ഇതിനുമൊക്കെ അപ്പുറം പ്രണയം ഒരിളം കാറ്റായിട്ടു പോലും എന്നെ വന്നു തൊട്ടതേയില്ല..Eternal പ്രതീക്ഷിച്ചിരുന്നിട്ടു Infatuation കിട്ടിയ അവസ്ഥ..വാക്കുകളില്ലാത്തവളുടെ  പ്രണയം നോക്കിലും, പറയാത്ത വാക്കുകളിലും തുളുമ്പും എന്നൊക്കെ പ്രതീക്ഷിച്ചിട്ടു അങ്ങോട്ട് കിട്ടാത്ത അവസ്ഥ..രാജീവിനൊപ്പം ജീവിച്ചു തുടങ്ങിയിട്ട്  പത്തു വർഷങ്ങൾ ആയിട്ടും സൂഫിക്കായി തുടിക്കുന്ന ഹൃദയം എന്നത് അവളുടെ കൈകളിലിട്ട മൈലാഞ്ചിയിൽ മാത്രമേ ഞാൻ കണ്ടുള്ളു..സുജാതേടെ ആളെന്ന് ഇത്ര വര്ഷങ്ങള്ക്കു ശേഷവും ആൾക്കാർ സൂഫിയെ റെഫർ ചെയ്യുന്നത് സിനിമയുടെ തുടക്കത്തിൽ ഉണ്ട്.. ആ തീവ്രത പക്ഷെ എവിടെയും ഫീൽ ചെയ്യിപ്പിക്കാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നതാണ് സിനിമയുടെ പരാജയം..

പിന്നെയും ഉണ്ട് സംശയങ്ങൾ..ദഹിക്കാത്ത points. സൂഫിക്കു സുജാതയോടുള്ള പ്രണയത്തിൽ എവിടെയും ഒരു ideological കൺഫ്യൂഷൻ വരുന്നതായേ തോന്നിയില്ല. സൂഫിയുടെ ആത്മീയ പരിസരവും പ്രണയത്തിന്റെ വൈകാരിക പരിസരവും തമ്മിൽ ഒരിടത്തും കൂട്ടിമുട്ടുന്നതേയില്ല  ..ആദ്യ കാഴ്ചയിൽ തന്നെ പരസ്പരം കണ്ടു മോഹിച്ച രണ്ടു ടീനേജർസ് എന്നത് പോലെയാണ് തോന്നിയത്..പിന്നീട് പിരിയുന്നതും ‘അങ്ങ് പിരിയുന്നത്’ പോലെയായി..സിനിമയുടെ ഒടുവിൽ അവളെ അവളുടെ പ്രണയത്തെ, പ്രണയനഷ്ടത്തെ ഉപാധികളില്ലാതെ സ്വീകരിക്കാൻ ജയസൂര്യയുടെ രാജീവ് തയ്യാറായെന്നു തോന്നിക്കുന്ന നിമിഷത്തിൽ  ദാ സുജാത ‘രാജീവിന്റെ സുജാതയായി’ പുനർജ്ജനിക്കുന്നുവെന്നവണ്ണം ആ തോളിലേക്ക് ചായുന്നു..Eternal എന്നൊക്കെ നമ്മളെ കഷ്ട്ടപ്പെട്ടു വിശ്വസിപ്പിക്കാൻ ശ്രമിച്ച പ്രണയം സൂഫിക്കൊപ്പം, ആ മാലക്കൊപ്പം ഖബറിൽ ചേർന്നോ…?

എന്തോ മൊത്തത്തിൽ ഹൃദയത്തിൽ വന്നു തൊട്ടതേയില്ല ആ പ്രണയം..രാജീവ് മൊത്തത്തിൽ ആളു ഡീസന്റ് ആണല്ലോയെന്നു തോന്നി!! സൂഫിയുടെ ഉസ്താദിനെ കണ്ടപ്പോൾ തിലകനെങ്ങാനും ജീവിച്ചിരുന്നെങ്കിൽ എത്ര ഉജ്ജ്വലമായി ആ വേഷം ചെയ്തിരുന്നേനെ എന്ന് തോന്നി. Dialogues ഉം തീരെ പറ്റിയില്ല എന്ന് തോന്നി. (സുജാത കൂർക്കം വലിക്കാറുണ്ടോ എന്ന് ഉസ്താദ് ചോദിച്ചായിരുന്നു, അതോ എനിക്ക് തോന്നിയതാണോ.,!!)
പിന്നെ ഹൃദയത്തിൽ വന്നു തൊട്ടതു രണ്ടുണ്ട്..ആ മനോഹരമായ വെള്ളിക്കൊലുസ്സുകളും പച്ചയും ചുവപ്പും പാവാടയും ബ്ലൗസും..അതൊന്നു കിട്ടിയാൽ തരക്കേടില്ലായിരുന്നു എന്ന് തോന്നിപ്പോയി..

ജിഷ പറഞ്ഞത് പോലെ മനോഹരമായ ഒരു ചിത്രം രചിക്കാൻ  കഴിയുമായിരുന്ന നല്ലൊരു ക്യാൻവാസ് വെറുതെ പാഴായിപ്പോയത് പോലെ ആണ് തോന്നിയത്..

കല്ലൂപ്പാറ ഓർമ്മകൾ reloaded!


ഓർമ്മവെച്ച കാലം മുതൽ എല്ലാ വേനലവധിക്കാലങ്ങളും കല്ലൂപ്പാറയിലായിരുന്നു. ഞാനും ചേച്ചിയും സ്‌കൂളടക്കാൻ  നോക്കിയിരിക്കും. അമ്മൂമ്മയോ അമ്മാവനോ വന്നു കൂട്ടികൊണ്ടു പോകാനായി.  (കൊച്ച് അന്ന് അമ്മയുടെ ‘ള്ള’ കുട്ടിയായ കാരണം ഞങ്ങളുടെ കൂടെ വരാറില്ലായിരുന്നു.)  അമ്മൂമ്മയും അപ്പൂപ്പനും ഞങ്ങളും മാത്രമുള്ള ഒരു ലോകം ആയിരുന്നു മിക്കപ്പോഴും ആ ഏപ്രിൽ മേയ് മാസങ്ങളിൽ . ബാലരമയുടെയും, പൂമ്പാറ്റയുടെയും, അമ്പിളി അമ്മാവന്റെയും ഒക്കെ ഒരു വൻ ശേഖരം ഒഴിച്ചാൽ മറ്റു പറയത്തക്ക വിനോദോപാധികൾ  ഒന്നുമില്ല. എങ്കിലും അവധിക്കാലങ്ങൾ സന്തോഷകരം തന്നെയായിരുന്നു.. കുറച്ചു കാലം കഴിഞ്ഞപ്പോൾ ടീവി യും ദൂരദര്ശനും വന്നു. ഹിന്ദി അന്നൊക്കെ allergy ആയിരുന്ന കാരണം ആദ്യമൊക്കെ വെറുതെ അത്ഭുത കാഴ്ച കണ്ടിരിക്കുകയെ ഉള്ളായിരുന്നു   പിന്നെ മലയാളം വാർത്തയും, ഞായറാഴ്ച സിനിമയും ഒക്കെ വന്നപ്പോൾ ആണ് ഞങ്ങൾ കാര്യമായി സന്തോഷിച്ചു കണ്ടു തുടങ്ങിയത്.

Image 2_Ammomma

കല്ലൂപ്പാറ ദിനങ്ങളിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു കട്ടൻ കാപ്പി ഉണ്ടായിരുന്നു.. ഏറ്റവും മെലിഞ്ഞ ഒരു സ്റ്റീൽ  tumbler ഉണ്ടവിടെ .(സുമ ചിറ്റയുടെ ഗ്ലാസ്  എന്നാണറിയപ്പെടുന്നത്. സുമ ചിറ്റ വേളി കഴിഞ്ഞു പോയതോടെ അത് ഞങ്ങൾക്ക് സ്വന്തമായി). ആ ഗ്ലാസിൽ ആര് ആദ്യം കട്ടൻ കാപ്പി കുടിക്കും എന്നത് അന്നത്തെ ഒരു പ്രധാന തർക്കവിഷയം ആയിരുന്നു!). ഏറ്റവും വലിയ, വക്കൊക്കെ കുറച്ചു വളഞ്ഞ ഒരു tumbler അപ്പൂപ്പന്റെ ആയിരുന്നു. നടുമുറ്റത്തിന്റെ ഓരം ചേർന്ന് മഞ്ഞ പ്ലാസ്റ്റിക് വിരിയിട്ട ഒരു rectangle ഊണ് മേശയിൽ ആ ഗ്ലാസും വെച്ച്  അപ്പൂപ്പൻ അതിനടുത്തു ഇരുന്നു കട്ടൻ കാപ്പി കുടിക്കുന്ന ചിത്രം മനസ്സിൽ..അപ്പൂപ്പൻ പോയിട്ടെത്ര വർഷങ്ങൾ ആയാലും ഓർമ്മയിലെ ചില ദൃശ്യങ്ങൾ ഇപ്പോഴും മായാതെ..!എന്ത് സാധനം ഉണ്ടാക്കിയാലും അതെല്ലാം equal ആയി divide ചെയ്തു കൊടുക്കുന്ന പാഠം പഠിപ്പിച്ചത് കല്ലൂപ്പാറ അമ്മൂമ്മ ആയിരുന്നു. ആണെന്നോ, പെണ്ണെന്നോ, കുഞ്ഞെന്നോ, വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരു പങ്ക് . അമ്മൂമ്മ ഉണ്ടാക്കുന്ന ഒരു ‘ചീനച്ചട്ടി ദോശ’ ഉണ്ടായിരുന്നു. ഏതു pizza യും തോറ്റു  പോകുന്ന ലൂക്കും സ്വാദും ഉള്ള ഒന്ന്. കടുക് വറുത്തു ക്യാരറ്റ് ഉള്ളി പച്ചമുളക് ഒക്കെ ധാരാളം വഴറ്റി ഇട്ടു ചീനച്ചട്ടിയിലേക്കു ദോശമാവ് കട്ടിയിൽ ഒഴിച്ച് ഉണ്ടാക്കുന്ന ആ ദോശക്കു ഒരു പ്രത്യേക മണം തന്നെയായിരുന്നു. വൈകുന്നേരം ഒരു അഞ്ചു മണിക്കൊക്കെ ആണ് അത് സാധാരണ ഉണ്ടാക്കുന്നത്. എന്നിട്ട് അതിനെ triangle ആയിട്ട് അമ്മൂമ്മ മുറിക്കും. ഞങ്ങൾ നാലുപേർക്കും ഓരോ triangle. സംതൃപ്തമായ ഒരു ലിമിറ്റഡ് snacking! വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു അത് കഴിച്ചിട്ട്. എന്നിട്ടും ആ മണം പോലും ഓർമ്മയിൽ ഇങ്ങനെ നിൽക്കുന്നു.

ഇരുട്ടുള്ള അടുക്കളയുടെ അങ്ങേയറ്റത്തെ പഴക്കുലകൾ ഇങ്ങനെ അടുക്കിയടുക്കി കെട്ടി തൂക്കിയിരിക്കുന്ന ഒരിടം ഉണ്ടായിരുന്നു. കാളിപ്പഴവും, പാളയംകോടനും  ഒക്കെ അങ്ങനെ സമൃദ്ധമായി പഴുത്തു നിറഞ്ഞു നിൽക്കും. ഒരു മായവുമില്ലാതെ മണ്ണ് തരുന്ന ശുദ്ധമായ രുചിസമൃദ്ധികൾ. ബാലരമയും കക്ഷത്തിൽ വെച്ച് വന്നു ഒന്നോ രണ്ടോ പഴവും എടുത്തു കൊണ്ട് നടുമുറ്റത്തിന്റെ അര മതിലിൽ ഇരുന്നു പാരായണവും, പഴം തീറ്റിയും ആയിരുന്നു ഞങ്ങളുടെ main ഹോബി .

ഒരു പത്തര പതിനൊന്നു മണിയാവുമ്പോൾ അമ്മൂമ്മക്കൊപ്പം, മണിമലയാറ്റിലേക്കു കുളിക്കാനുള്ള ഒരു യാത്രയുണ്ട് . തെളിനീരായിരുന്നു അന്നൊക്കെ ആറ്റിൽ. അമ്മൂമ്മ തുണികൾ ഒക്കെ നനയ്ക്കുന്ന അത്രയും നേരം  ആഘോഷിച്ചു വെള്ളത്തിൽ കളി. ഒടുവിൽ മനസ്സില്ലാമനസ്സോടെ കയറി വന്നു തുണിയൊക്കെ നിറയെ ചരൽ ഉള്ള വീട്ടുമുറ്റത്തു നീട്ടി വിരിച്ചിടും. പിന്നെ കുറച്ചു നേരം റേഡിയോ കേൾക്കൽ. പന്ത്രണ്ടരയോടെ വാർത്ത അമ്മൂമ്മക്ക്‌ നിര്ബന്ധമാണ്. അത് കേട്ടുകൊണ്ട് ഒരു quick nap ഉണ്ട് അമ്മൂമ്മക്ക്‌. കൂർക്കം വലി കേട്ടാൽ അപ്പോൾ ഞങ്ങൾ ഉണർത്തും, അമ്മൂമ്മ വാർത്ത കേൾക്കുവാനെന്നു പറഞ്ഞു കിടന്നു ഉറങ്ങുകയാണല്ലോ  എന്ന്. എന്നാൽ നിങ്ങൾ പോയി വെള്ളമൊക്കെ എടുത്തു വെക്കും ചോറുണ്ണാം എന്ന് പറഞ്ഞു അമ്മൂമ്മ ഒരു അഞ്ചു മിനിട്ടു കൂടി കിടക്കും.

ഉച്ച തൊട്ടു വൈകുന്നേരം വരെയുള്ള സമയം വായിക്കാനുള്ള ബാലരമ എടുക്കാനുള്ള ഒരു പോക്കുണ്ട്. തെക്കേ മുറി എന്നൊരു മുറിയിൽ ഒരു അലമാരി നിറച്ചും പുസ്തകങ്ങൾ ഉണ്ടവിടെ.  പക്ഷെ ആ മുറി ആകെ ഇരുട്ട് നിറഞ്ഞ പേടിപ്പിക്കുന്ന ഒരിടം ആണ് ഞങ്ങൾക്ക്. അങ്ങോട്ട് എത്തണമെങ്കിൽ അത്  ഒരു സാഹസം തന്നെ ആണ്. ഒറ്റ ഓട്ടത്തിന് ആ മുറിയിൽ എത്തും. ഒരടുക്ക് പുസ്തകങ്ങൾ എടുക്കും എന്നിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ ഓട്ടം. വല്ലാത്തൊരു നിശബ്ദത, ശാന്തത ഉള്ള ഒരിടമായിരുന്നു കല്ലൂപ്പാറയിലെ നാലുകെട്ടും, കാവും, യക്ഷിയമ്പലവും ഒക്കെ. വൈകുന്നേരം ഉണങ്ങി വടി പോലെ ആയ  തുണികൾ ഒക്കെ sort ചെയ്തു മടക്കി കൊണ്ട് വെയ്ക്കുന്ന ഡ്യൂട്ടി ഞങ്ങൾക്കാണ്. സന്ധ്യക്ക്‌ തൊട്ടു മുൻപ് ഞങ്ങൾ എന്തെങ്കിലുമൊക്കെ വർത്തമാനം പറഞ്ഞു അവിടെ മുറ്റത്തിരിക്കും. അപ്പൂപ്പനും അമ്മൂമ്മക്കും ഒപ്പമുള്ള ഞങ്ങളുടെ സ്പെഷ്യൽ bonding time ആയിരുന്നു അത്. അപ്പൂപ്പൻ കുറച്ചു കഴിയുമ്പോൾ അവിടെ നീണ്ടു നിവർന്നു കിടക്കും . കുറച്ചു കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ പുറത്തു പറ്റിയിരിക്കുന്ന കുഞ്ഞു കല്ലുകൾ ഞങ്ങൾ അങ്ങനെ എണ്ണിപ്പെറുക്കിതൂത്തു കളയും..

സന്ധ്യ ആവുമ്പോൾ അമ്മൂമ്മയും അപ്പൂപ്പനും കൂടി വിഷ്ണു സഹസ്രനാമം ജപിക്കാനിരിക്കും. ഞങ്ങളും  തിണ്ണക്കു  കൂടെപ്പോയിരിക്കും. സഹസ്രനാമത്തിന്റെ last stanza ആണ് ഞങ്ങൾ ആദ്യം പഠിച്ചത്. അവിടെ എത്താറാവുമ്പോഴേക്കും ഞങ്ങൾ ഇങ്ങനെ ഫോക്കസ്ഡ് ആയിരിക്കും. “ഇതൊന്നും വേഗം തീരണേ  തീരണേ  എന്നായിരുന്നു എന്ന് തോന്നുന്നു ഞങ്ങളുട മനസ്സിലെ ജപം! ” ഉദ്ദേശം അത് തീരുന്ന നിമിഷം ഓടി പോയി ടീവി വെക്കുക എന്നതായിരുന്നു. ആ നിമിഷങ്ങളുടെ ഒക്കെ fun എഴുതി ഒന്നും ഫലിപ്പിക്കാനാവുമെന്നു തോന്നുന്നില്ല. രസങ്ങൾക്കൊപ്പം ഉത്തരവാദിത്വവും, അച്ചടക്കവും ഒക്കെ പഠിപ്പിച്ചത് കല്ലൂപ്പാറയിലെ അവധിക്കാലങ്ങളായിരുന്നു എന്ന് തോന്നുന്നു. പറഞ്ഞു പഠിപ്പിക്കാതെ ജീവിതം  കണ്ടും കേട്ടും ,experience ചെയ്തും ഒക്കെ   പഠിക്കാൻ അവസരം ഉണ്ടാക്കിയ ശക്തമായ ഒരു സ്ത്രീ സ്വാധീനമാണ് കല്ലൂപ്പാറ അമ്മൂമ്മ ഞങ്ങൾക്ക് എന്നും.

അമ്മൂമ്മ അങ്ങനെയിരിക്കുമ്പോൾ ഞങ്ങൾക്കായി ഉണ്ടാക്കുന്ന ചില special items ഉണ്ട്. റവലഡ്ഡു ആണ് അതിൽ ഞങ്ങൾക്ക് ഏറ്റവും favorite. നെയ്യും റവയും പഞ്ചസാരയും ഒക്കെ കൂടി മൂപ്പിച്ചു ചൂടോടെ ഉരുട്ടി എടുക്കുന്ന  രംഗം ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു. ഇന്നിപ്പോൾ ഞാൻ ആ ഓർമ്മയിൽ റവലഡ്ഡു ഉണ്ടാക്കിയപ്പോൾ അതിനൊപ്പം ഓടി കയറി നിറഞ്ഞതാണ് ഈ കല്ലൂപ്പാറയോർമ്മകൾ. ചില രുചികൾ നമ്മളെ എത്രയോ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോകും. മനസ്സിലിനിയും മായാതെ കിടക്കുന്ന കുട്ടിത്തത്തിനെ ഉണർത്തി വിടും.

Image 1_Kalluppara

ഞങ്ങളുടെ ലോകം അപ്പൂപ്പനും അമ്മൂമ്മയുമായും ഏറ്റവും പ്രിയതരമായി ബന്ധിക്കപ്പെടുന്ന കാലമായിരുന്നു വേനലവധിക്കാലം. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഏതോ ജന്മത്തിൽ ആയിരുന്നു എന്ന് തോന്നുന്നു അതൊക്കെ. കല്ലൂപ്പാറ ഒന്നും വല്ലപ്പോഴും പോകാതെ ഇങ്ങനെ അന്യ നാട്ടിൽ വന്നു ജീവിക്കാൻ പറ്റുമെന്ന് അന്നൊന്നും തീർത്തും അറിയുകയേ ഇല്ലായിരുന്നു. എത്ര നിഷ്കളങ്കവും, നിറവാർന്നതുമായ  ദിനങ്ങൾ ആയിരുന്നു അതൊക്കെ.

തിരിഞ്ഞു നോക്കുമ്പോൾ സന്തോഷവും, നഷ്ടബോധവും ഒരേ അളവിൽ..ഒരാശ്വാസം ഇടയ്ക്കു ഒന്നോടിപ്പോയി കണ്ടു വരാനുള്ള ദൂരത്തിൽ അമ്മൂമ്മയും അമ്മാവനും ഒക്കെ ബാംഗ്ലൂർ ഉണ്ടെന്നുള്ളതാണ്. കൊറോണ ഇപ്പോൾ ആ സന്തോഷങ്ങളെയും ലോക്ക് ഡൌൺ ചെയ്തു വെച്ചേക്കുന്നതിനാൽ ആണ് കല്ലൂപ്പാറ ഓർമ്മകളിലേക്ക് മനസ്സ് ഒന്ന് തിരിഞ്ഞു, തിരഞ്ഞു പോയതെന്ന് തോന്നുന്നു.  ഇനിയും തീരാതെ ഒരായിരം കല്ലൂപ്പാറ  സ്‌മൃതികൾ മനസ്സിൽ അലയടിച്ചിരുപ്പുണ്ട്..ചിലതൊക്കെ അങ്ങനെ എല്ലാം എഴുതി അങ്ങ് ഫലിപ്പിക്കാനാവില്ല എന്നത് ആണ് ഒരു നിസ്സഹായത. ഉള്ളിലുള്ള ചില  പൂക്കാലങ്ങളിൽ നിന്ന് ഇങ്ങനെ ഒന്നോ രണ്ടോ പൂക്കളൊക്കെയേ  അക്ഷരങ്ങളായി പുനർജനിക്കാനാവു എന്ന് തോന്നുന്നു..

തീരാത്ത കൊറോണാക്കാലം:   #Stay@home #Breakthechain 


ലോകം മുഴുവൻ ഒരു മഹാമാരിയുടെ പിടിയിൽ ഞെരുങ്ങുമ്പോൾ എന്തെഴുതാനാണെന്നു അറിയില്ല..പക്ഷെ  എന്തെങ്കിലുമൊക്കെ എഴുതണമെന്നുണ്ട്, കാരണം ഇന്ന് വരെ ഉണ്ടായിട്ടില്ലാത്ത അനുഭവങ്ങളിലൂടെ ആണ് യാത്ര. നാളെ ഒരു നാൾ തിരിഞ്ഞു നോക്കി അത്ഭുതപ്പെടാൻ നമ്മളൊക്കെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനായിട്ടെങ്കിലും  ഈ അനുഭവങ്ങൾ കുറിച്ച് വെയ്ക്കുന്നു..

എങ്ങും കൊറോണ, കോവിഡ്  എന്നുള്ള രണ്ടു വാക്കുകൾ അല്ലാതെ മറ്റൊന്നുമില്ല. ഓരോ ദിവസവും ഇറ്റലിയിൽ നിന്ന് കേൾക്കുന്ന മരണസംഖ്യ ഭീതിയുണർത്തുന്നതാണ്. ഇന്ത്യയിൽ അതെ പോലെ ഒരു വ്യാപനം ഉണ്ടായാൽ തടയാൻ നമുക്ക് എങ്ങനെ കഴിയും എന്ന ഭയം ഉള്ളിൽ നിറയുമ്പോൾ, അങ്ങനെ ഒന്നും ഉണ്ടാവില്ല നമ്മൾ ഇതിനെ അതിജീവിക്കും എന്നൊരു ചിന്ത മറുവശത്തു.

ഓർക്കുമ്പോൾ വിസ്മയം. കേവലം ഒന്നോ രണ്ടോ മാസം കൊണ്ട് ലോകത്തിനു വന്ന മാറ്റം, നമ്മുടെ ജീവിതങ്ങൾക്ക് വന്ന മാറ്റം. ജീവിതം എത്രമേൽ unpredictable  ആണെന്ന് ഇത്ര തീവ്രമായി ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്ന ദിവസങ്ങൾ. പ്രളയം വന്നപ്പോൾ നേരിട്ട് experience ചെയ്തില്ലെങ്കിലും ദൂരെയിരുന്നു ഓരോന്നും അറിയുമ്പോൾ കരുതിയിരുന്നു അതായിരുന്നു ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ ദിനങ്ങൾ എന്ന്.  നാട്ടിലുള്ള പ്രിയപ്പെട്ടവരേ ഓർത്തു അന്ന് ആശങ്കയുണ്ടായിരുന്നു. ഇന്നിപ്പോൾ ഏതേതു നാടുകളിൽ  ഉള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ എല്ലാവരും ഒരേ അവസ്ഥയിൽ. വീടിനു പുറത്തു ഇറങ്ങാതെ, പുറത്തു നിന്നും വരുന്ന ഓരോ സിംഗിൾ touch point നെ, space  നെ ഭയന്ന് ഇങ്ങനെ..  വീടിനു പുറത്തു വരുന്ന പാൽ കവർ എടുക്കുമ്പോൾ പോലും അജ്ഞാതമായ ഒരു ഭയമാണ് മനസ്സിൽ. വീട്ടിൽ ഉള്ള കുഞ്ഞുങ്ങൾ, അച്ഛനും അമ്മയും, നാട്ടിൽ ഉള്ള പ്രായമായവർ, ഇന്ത്യക്കകത്തും, പുറത്തും ഉള്ള കൂട്ടുകാർ  എല്ലാവരും സുരക്ഷിതമായി ഇരിക്കണെ  എന്നൊരു പ്രാർത്ഥനയാണ് മനസ്സിൽ.

Apartment  gate  കടന്നു ഒന്ന് പുറത്തു പോയിട്ട് ഏകദേശം മൂന്നാഴ്ച കഴിഞ്ഞുവെന്ന് തോന്നുന്നു. അത്യാവശ്യ സാധനങ്ങൾ ഒക്കെ online ൽ കിട്ടുന്നതനുസരിച് ആണ് വാങ്ങുന്നത്. പിള്ളേരൊന്നും വീടിന്റെ മുൻവാതിൽ കടന്നു വെളിയിൽ ഇറങ്ങിയിട്ടില്ല. വീട്ടിൽ സഹായത്തിനു വരുന്ന അക്കക്കു ശമ്പളത്തോടെ  അവധി നൽകി. പിള്ളേരൊക്കെ പാത്രം  കഴുകിയും, വീട് തൂത്തു തുടച്ചും ഒക്കെ സഹായം ചെയ്തു തുടങ്ങി. എന്നാലും ഇങ്ങനെ ഒരു കാലം നമ്മുടെ wild dreams ൽ പോലും ഉണ്ടായിരുന്നില്ല എന്നോർക്കുമ്പോഴാണ് അതിശയം. പ്രളയം വന്നപ്പോൾ സഹായത്തിനായി ഒരുപാട് പേര് ഒത്തു ചേർന്നിരുന്നു. ഈ കൊറോണ കാലത്തു നമുക്ക് ഓരോരുത്തർക്കും മാത്രമേ, നമ്മളെയും, മറ്റുള്ളവരെയും ഒരുപോലെ സഹായിക്കാൻ കഴിയു. അതും ആ സഹായം എന്നത് അസുഖം പിടിക്കാതെ, പകർത്താതെ, ഓരോ ജീവനെയും കാക്കാം എന്നുള്ളതാണ്. ഓരോ നിർദ്ദേശങ്ങളെയും അത് അർഹിക്കുന്ന എല്ലാ ഗൗരവത്തോടെയും നമുക്ക് അനുസരിക്കാം. പുറത്തിറങ്ങാതെ ഇരുന്നാൽ ശ്വാസം മുട്ടുന്നവർ  ഒക്കെ എങ്ങേനെയും സഹിച്ചേ മതിയാകൂ..കാരണം ജീവനേക്കാൾ വിലയുള്ള മറ്റൊരു ഉല്ലാസവും ഇല്ല എന്നുള്ളത് കൊണ്ടാണ്.

പിന്നെ കുറുമ്പന്മാരെയും കുറുമ്പത്തികളെയും ഒക്കെ നാല് ചുവരുകൾക്കുള്ളിൽ മേയ്ക്കുന്നവരോട്. അവർക്കു ഇത് പോലെ focused ആയി നിങ്ങളുടെ attention കൊടുക്കാൻ പറ്റുന്ന മറ്റൊരു സമയവും  ഉണ്ടാവില്ല.. അവരെ എപ്പോഴും  സ്‌ക്രീനിൽ തളച്ചിടാതെ ഒരു പ്ലാൻ ഉണ്ടാക്കൂ..(അവർ എപ്പോഴും ഫോണും ടീവി യും നോക്കിയിരിക്കുകയാണെന്നു വെറുതെ ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. അവർ എന്ത് ചെയ്യുന്നതിനും ഒരു പകുതി ഉത്തരവാദിത്വം നമുക്കുമുണ്ട്)

ഞങ്ങൾ ഇവിടെ വലുതിനെ Harry Potter ലോകത്തേക്ക് കയറ്റി വിട്ടു. (പണ്ട് ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസനെ ശബരിമലക്ക് വിട്ട അവസ്ഥ ആണിപ്പോ!) അത് കൂടാതെ രണ്ടിനും ഓരോ ദിവസവും ഓരോ topic നേപ്പറ്റി എഴുതാനായി കൊടുക്കുന്നുണ്ട്. Internet search ചെയ്യാൻ option ഉണ്ട്. Can teachers be replaced by computers, Reading vs video games എന്ന മട്ടിൽഅവളുടെ ലെവലിൽ  opinion ഫോം ചെയ്യാൻ ഉള്ള topics  മുതൽ Corona virus പോലെ awareness കൊണ്ട് വരാനുള്ളത്, Bermuda triangle പോലെയുള്ള കൗതുകമുള്ള ടോപിക്‌സും ഒക്കെ പരീക്ഷിക്കുന്നുണ്ട്. Favourite character നേപ്പറ്റി, last vacation vs this vacation  ഒക്കെ  topics ആക്കാൻ പ്ലാൻ ചെയ്യുന്നു. .എല്ലാ ദിവസവും പുതിയ ഒരു ടോപ്പിക്ക് കണ്ടു പിടിക്കുക എന്നതിന്റെ രസം ഇപ്പോൾ  ഞങ്ങൾക്കുമുണ്ട്.

ചെറുത് സ്വന്തം ടോപ്പിക്ക് എന്നും സ്വയം മാത്രമേ പ്രഖ്യാപിക്കൂ എന്ന് നിര്ബന്ധത്തിൽ ആയിരുന്നു. . അവൾക്കു ഒരു ദിവസം 5 sentences  മതി. അതിനു ചേരുന്ന ഒരു പടം വരച്ചു കളർ ചെയ്യാനും പറഞ്ഞു.  നോക്കുമ്പോൾ എല്ലാ  ദിവസത്തെയും ഒരു പോലെ. ആദ്യത്തെ ദിവസം ടോപ്പിക്ക് orange .I love orange, Orange is orange in colour, orange is healthy, orange is tasty. അടുത്ത ദിവസം ഓറഞ്ച് മാറി, strawberry  വന്നു, പിന്നെ carrot . എല്ലാം ഒരമ്മ പെറ്റ  മക്കൾ! ഇങ്ങനെ ആയപ്പോൾ ഈ കളി  പറ്റില്ല ന്നു പറഞ്ഞു ഞാൻ takeover ചെയ്തു. ഇന്നലെ അങ്ങനെ vacation നേപ്പറ്റി എഴുതാൻ പറഞ്ഞു.  vacation എഴുതി, വരച്ചു വന്നപ്പോൾ നല്ല അത്തപൂവിട്ടതു  പോലത്തെ ഒരു കൊറോണ വൈറസ് കൂടി ബുക്കിൽ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളും അറിയുന്നു, ആശങ്കപ്പെടുന്നു ഈ കെട്ട  കാലത്തെക്കുറിച്ചോർത്തു..
collage 2
നല്ല പഴയ സിനിമകൾ അവർക്കൊപ്പം ഇരുന്നു കാണാറുണ്ട് ഈ ദിവസങ്ങളിൽ. ചിലപ്പോഴത് Harry Potter സിനിമ ആയിരിക്കും, ചിലപ്പോൾ പഴയ മോഹൻലാൽ തമാശ സിനിമകൾ. ഒരുമിച്ചു ഇരുന്നു കാണുന്നതിന്റെ രസമുണ്ട്.  ഇടയ്ക്കു കുക്കിംഗ് ന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചപ്പാത്തി പരത്താനും, മറ്റും വലുതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. (ചെറുത് അത് കണ്ടാൽ നുഴഞ്ഞു കയറ്റം നടത്തി അവിടെ കലാപം സൃഷ്ടിക്കുന്നുമുണ്ട്!). അവർക്കൊപ്പം ചെലവഴിക്കുന്ന ഈ സമയങ്ങൾ ഈ കെട്ട കാലത്തിന്റെ എല്ലാ അസ്വസ്ഥതകളെയും കുറച്ചൊക്കെ മായ്ച്ചു കളയുന്നുണ്ട്.
നമ്മുടെ വിശാലമായ ലോകം വീട്ടിലേക്കു , നമ്മുടെ പ്രിയപ്പെട്ടവരിലേക്കു ഏറ്റവും നന്നായി ചേർത്ത് വെയ്ക്കാവുന്ന സമയം കൂടിയാണ് ഇത് . വെറുതെ പാഴാക്കി കളയരുത്. വീട്ടിൽ ഇരുന്നു കൊണ്ട് നമ്മളെ കൊണ്ട് പിള്ളേർക്കും, വീടിനും,  പ്രയോജനം ഉണ്ടാക്കാനും, നാടിനു ദ്രോഹം ഉണ്ടാക്കാതിരിക്കാനും പറ്റിയ നേരമാണ്. So, stay at home safely and break the chain.

കൊറോണാക്കാലത്തെ പരീക്ഷ (ണങ്ങൾ)


കൊറോണ പോലെ ഇതുപോലെ ജാതി മത വർഗ്ഗ വർണ്ണ ദേശ ഭാഷ,പ്രായ,രാജ്യഭേദങ്ങളില്ലാതെ, നമ്മളെ ഇത്രയേറെ ബാധിച്ച മറ്റൊന്നും ഞാനും നിങ്ങളുമൊക്കെ ഈ ജീവിതകാലത്തു കണ്ടിട്ടുണ്ടാവില്ല. പണ്ടൊക്കെ ഏതെങ്കിലും പ്രധാന പരീക്ഷ ഒക്കെ വരുമ്പോ അത് നടക്കാതിരിക്കാൻ ലോകം അവസാനിക്കണേ എന്നൊക്കെ മുട്ടിപ്പായിട്ടു പ്രാർത്ഥിച്ചിട്ടുണ്ട്. അന്നൊന്നും ഒരു ബന്ദ് വന്നു പോലും പരീക്ഷ ഒന്നും മാറ്റി വെച്ചിട്ടുമില്ല!  ഇപ്പോഴത്തെ പിള്ളേർക്കൊന്നും ഈ ലോകാവസാന പ്രതീക്ഷ/ പ്രാർത്ഥന ഒന്നും തീരെ ശീലമില്ലാത്തതാണെന്നു തോന്നുന്നു. പക്ഷെ ഇപ്പൊ ദേ കൊറോണ വന്നു മൊത്തം പരീക്ഷയും ക്ലാസും ഒക്കെ തകിടം മറിച്ചിരിക്കുന്നു . കുഞ്ഞിപ്പെണ്ണിന് വിശ്വസിക്കാൻ പറ്റുന്നില്ല. 12th തൊട്ടു പരീക്ഷ ആണ്, 16 ദിവസം കഴിഞ്ഞു മാത്രമേ സ്കൂൾ അടക്കൂ എന്നൊക്കെ പറഞ്ഞിട്ട് ഇന്നലെ രാവിലെ എഴുന്നേറ്റപ്പോൾ ദാ സ്കൂൾ അടച്ചു പൂട്ടി എന്ന് കേൾക്കുന്നു. വലുതിനാണെങ്കിൽ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ട്ടപെട്ട അവസ്ഥയാണ്. ബാംഗ്ലൂർ LKG to അഞ്ചാം ക്ലാസ് വരെയേ പരീക്ഷ ഒഴിവാക്കി സ്‌കൂൾ പൂട്ടിയുള്ളു. അതെന്താ ‘ആറാം ക്ലാസ്സുകാർക്കിവിടെ ഒരു വിലയുമില്ലേ’, ഞങ്ങളുടെ health നേപ്പറ്റി Education Minister ക്കു എന്താ ഒരു ചിന്തയുമില്ലാത്തതു എന്ന് ധാർമ്മിക രോഷം മുഴക്കി നടക്കുന്ന വലുതിനെ ആശ്വസിപ്പിക്കാൻ ഡിക്ഷനറിയിൽ ഉള്ള മുഴുവൻ വാക്കുകളും നിരത്തി തളർന്നിരിക്കുകയാണ് ഞാൻ.

 സ്‌കൂളിൽ hand sanitizer ഉം മാസ്കും കൊണ്ട് ചെല്ലാൻ പറഞ്ഞതിനാൽ അത്യധികം ആനന്ദതുന്തിലയായി നടക്കുകയായിരുന്നു കുഞ്ഞിപ്പെണ്ണ്. (പണ്ടേ അവളുടടെ വീക്നെസ് ആയിരുന്നു sanitizer ഉം liquid handwash ഉം). ഇതിപ്പോ സ്വന്തം കൺട്രോളിൽ അത് കിട്ടുകയെന്നു പറഞ്ഞാൽ പിന്നെ ആനന്ദലബ്ധിക്കിനി എന്ത് വേണം എന്ന അവസ്ഥയിൽ നടക്കുമ്പോഴാണ് അവിചാരിതമായി ഇന്നലെ സ്‌കൂൾ പൂട്ടിയത്! വലുതിന്റെ പ്രശ്നം കുറച്ചു കൂടി സങ്കീർണമാണ്!  പരീക്ഷ ഒക്കെ കഴിഞ്ഞു നാട്ടിൽ പോകാൻ ടിക്കറ്റും എടുത്തു, സ്വപ്നവും കണ്ടു നടക്കുമ്പോഴാണ്  കൊറോണ ആഞ്ഞടിച്ചത്. പരീക്ഷ എന്ന യാഥാർഥ്യത്തെ ഒക്കെ മനസ്സാ അംഗീകരിച്ചു revision ഒക്കെ നടത്തി അങ്ങനെ വരികയായിരുന്നു. പെട്ടന്നൊരു ദിവസം ദാ കിടക്കുന്നു. ആറാം ക്ലാസ് മുതൽ ഉള്ളവർക്ക് മാത്രം പരീക്ഷ!! അനിയത്തിക്ക് പരീക്ഷ ഇല്ല എന്ന് മാത്രമല്ല സ്‌കൂളും പൂട്ടി, താഴെയുള്ള മൊത്തം കൂട്ടുകാർക്കും പരീക്ഷയില്ല, സ്‌കൂളും പൂട്ടി..എങ്ങനെ സഹിക്കും തമ്പുരാനെ..!!ഇനിയെങ്ങാനും last minute ‘ബിരിയാണി കിട്ടിയാലോ’ എന്ന് ഇപ്പോഴും വല്ലാത്ത പ്രതീക്ഷ ഇപ്പോഴു വെച്ചുപുലർത്തുന്നുണ്ട് ആൾ!!

പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത് നമ്മളെല്ലാം ഇപ്പോൾ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പോകുന്നത് എന്നതാണ്. ഇവിടെ ഒരു ആറാം ക്ലാസുകാരിയുടെ പരീക്ഷയെക്കാൾ, നാട്ടിൽ പോക്കിനെക്കാൾ ഒക്കെ ജീവന്മരണ പോരാട്ടം നടക്കുന്ന സമയമാണ്. ചില മനുഷ്യരുടെ ജാഗ്രതയില്ലായ്മ കാരണം, ഒരു നാട് തന്നെ തീ തിന്നുന്ന അവസ്ഥയാണ്. നാടിന്റെ സമാധാനവും, സമ്പദ് വ്യവസ്ഥയും ഒക്കെ തകിടം മറിയാവുന്ന നിർണ്ണായക ഘട്ടം. നമ്മളെന്ന ഒറ്റ വ്യക്തിയിൽ നിന്ന് ഒരു നാടെന്ന, ഒറ്റ രാജ്യമെന്ന, ഒറ്റ ലോകമെന്ന ചിന്തയിലേക്ക് വന്നേ മതിയാവു. നമ്മുടെ ചുരുക്കം ചില അസൗകര്യങ്ങൾ മാത്രമാവും വീട്ടിനുള്ളിൽ അടച്ചിരിക്കുകയെന്നതും മറ്റും. അതൊഴിവാക്കാൻ ഒളിച്ചോടിയിട്ടോ, വിവരങ്ങൾ മറച്ചു വെച്ചിട്ടോ ഒക്കെ എന്ത് കാര്യം. വിവേകമുള്ള ഒരു ജനതയെന്ന നിലയിൽ നമുക്ക് കാര്യങ്ങൾ മനസിലാക്കാം, വേണ്ട മുൻകരുതലുകൾ എടുക്കാം, പുതിയ ആരോഗ്യ ശീലങ്ങൾ കൈക്കൊള്ളാം.

എന്നാൽ പിന്നെ പറഞ്ഞതു പോലെ “Go back to your revisions’.
കൊറോണാക്കാലത്തെ ഈ പരീക്ഷകളെ, പരീക്ഷണങ്ങളെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

The power of dreaming


പതിവുള്ള  കഥാപാരായണമൊക്കെ കഴിഞ്ഞു കുഞ്ഞിപ്പെണ്ണിനെയും കെട്ടിപിടിച്ചു ഉറങ്ങാൻ കിടക്കുമ്പോഴാണ് അവൾ പറഞ്ഞത് ” ‘അമ്മ ഉറങ്ങുന്നതിനു മുൻപേ കണ്ണടച്ച് അമ്മക്കിഷ്ടമുള്ള കാര്യങ്ങൾ, വേണ്ട കാര്യങ്ങൾ  ഒക്കെ ഒന്ന് dream ചെയ്‌തേയെന്നു”. അവളുടെ ടീച്ചർ പറഞ്ഞു കൊടുത്തിട്ടുണ്ടത്രെ അങ്ങനെ കണ്ണടച്ച് ഡ്രീം ചെയ്യണമെന്ന്. പണ്ടപ്പൊഴോ ഞാൻ എവിടെയോ വായിച്ചു മറന്നതാണ് ഉറങ്ങാൻ കിടക്കുന്നതിനു മുൻപും, ഉണർന്നെഴുന്നേൽക്കുന്നതിനു തൊട്ടു മുമ്പുമുള്ള ഈ dreaming technique. ഇടക്കെപ്പോഴോ അങ്ങനെ ചെയ്തു നോക്കിയിരുന്നതുമാണ്. സ്വയം സംഭാഷണത്തിന്റെ ആ ചില നിമിഷങ്ങളിൽ പലപ്പോഴും ഞാൻ അപ്പോഴുള്ള എന്നേക്കാൾ മികച്ച ഒരു version imagine ചെയ്തിരുന്നു. അത് വളരെ ഫലപ്രദവും ആയിരുന്നു. പിന്നെ എപ്പോഴോ അങ്ങനെ ഒരു ശീലം കൈവിട്ടു പോയി. കുറച്ചു നാളുകളായി ഒരു അന്തവും കുന്തവുമില്ലാതെ ഒഴുക്കിൽ ഒരില പോലെ ഇങ്ങനെ നീങ്ങുകയാണ്, പ്രത്യേകിച്ച്  ജോലിയിൽ . കുഞ്ഞിപ്പെണ്ണിൻറെ ഉപദേശം ഞാൻ സ്വീകരിക്കാൻ തീരുമാനിച്ചു. എന്നാലും പിള്ളേരൊക്കെ എന്നാണാവോ ഇങ്ങനെ ഉപദേശിക്കാനും മാത്രം വളർന്നത്  എന്നോർക്കുമ്പോൾ വിസ്മയം.  (  പിള്ളേരൊന്നും പണ്ടത്തെ പിള്ളേരല്ലേ! ഞാനൊക്കെ ഈ പ്രായത്തിൽ എന്ത് ചെയ്യുകയായിരുന്നു ആവോ. ? സ്വാമിയുടെ കടയിലെ മുട്ടായി മൊത്തമായും ചില്ലറയായും അകത്താക്കുന്ന തിരക്കിൽ ഇത്തരം താത്വികമായ അവലോകനങ്ങളിൽ ഒന്നും തീരെ തല്പര ആയിരുന്നില്ലായെന്നു തോന്നുന്നു!!)

Dream

സ്വപ്നങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് കല്ലൂപ്പാറ അമ്മൂമ്മ പണ്ട് ജോലി കിട്ടുന്നതും  സ്വപ്നം കണ്ടു, കിട്ടുമ്പോൾ ധരിച്ചു കൊണ്ട് പോകുവാൻ ഉള്ള ബ്ലൗസ് തയ്പ്പിച്ചു വെച്ച കഥ ഓർമ്മിക്കുന്നത്. എത്രയോ വർഷങ്ങൾക്കു മുൻപേയുള്ള കാര്യമാണ്. അന്തർജനങ്ങൾ വളരെ വിരളമായി ജോലിക്കൊക്കെ പോകുന്ന കാലം. ഡിഗ്രിക്ക് പഠിച്ചു  കൊണ്ടിരുന്നപ്പോൾ വിവാഹിതയായി, അതിന്റെ ഇടയ്ക്കു എന്റെ അമ്മയെ പ്രസവിച്ചു, പിന്നെ പഠനം പൂർത്തിയാക്കി, ഒരു ജോലിയും സ്വപ്നം കണ്ട്, അന്നിടാൻ    ബ്ലൗസ് ഉം തയ്പ്പിച്ചു, , ആ സ്വപ്നം സാക്ഷാത്കരിച്ച്‌,  ആ ബ്ലൗസ് ഉം ഇട്ടു കൊണ്ട് ജോലിക്കു പോയ ‘മാസ്സ് ലേഡി’ ആണ് എന്റെ അമ്മൂമ്മ.  പറഞ്ഞു വന്നത് ആ തീവ്രമായ സ്വപ്നത്തിന്റെ power ആണ്. ചുമ്മാതല്ല Coelho പറഞ്ഞത് “And, when you want something, all the universe conspires in helping you to achieve it.”

ഞാൻ എന്റെ കുഞ്ഞിപ്പെണ്ണിനെ power of dreaming ൻറെ കഥ പറഞ്ഞ്‌ നാളെ ഇതിലും മികച്ച ഒരു നിവേദിതയായി ഉണർന്നെഴുന്നേൽക്കാൻ inspire ചെയ്തു കിടത്തിയുറക്കി.(അതോ അവൾ എന്നെയാണോ inspire ചെയ്‌തത്‌ എന്ന് സംശയമുണ്ട്!) . സ്വപ്‌നങ്ങൾ ഉള്ളവർ, അതിലേക്കെത്താൻ സ്വയം സംസാരിച്ചു കൊണ്ടിരിക്കുന്നവർ, അവർ തരുന്ന ഊർജ്ജം ഒന്ന് വേറെയാണ്. ഞാനും ഉറങ്ങുന്നതിനു മുൻപെ കണ്ണൊന്നടച്ചു നാളത്തെ എന്നെയൊന്നു കാണട്ടെ..

Valentine’s day 2020


ഈ Valentine’s day ഞങ്ങൾ തകർക്കും!! Valentines day ഒക്കെയല്ലേ കുറച്ചൊരു ഗും ആയിക്കോട്ടെയെന്നു കരുതി  അലക്സയിൽ പ്രണയാർദ്രമായ ഹിന്ദി ഗാനങ്ങൾ വെക്കുന്ന പ്രിയതമൻ. എഴുതാനുള്ള മൂന്നു case study കൾക്കും കൂടി ഉച്ചക്ക് ഒറ്റ meeting വെച്ച് അതിൻ്റെ invite കിട്ടി കട്ട കലിപ്പിൽ ഇരിക്കുന്ന WFH കഥാനായിക. ഇനി എന്തൊക്കെ അടവ് പ്രയോഗിച്ചാൽ ആണ് ഇതൊക്കെ case study പരുവത്തിൽ ആക്കാനുള്ള information ഈ മീറ്റിംഗിലൂടെ ചോർത്തി എടുക്കാൻ പറ്റുകയെന്നു തലപുകഞ്ഞ ആലോചന നടത്തുമ്പോഴാണ് അവിടെ ye rathem ye badal ye chanchal hawa തകർക്കുന്നത്. നിഷ്കരുണം അവൾ അലറി ” ഈ അലപ്പൊന്നു ഓഫ് ചെയ്യാമോ.., എനിക്ക് concentrate ചെയ്യാൻ പറ്റുന്നില്ല..”

പ്രതിഷേധ സൂചകമായി ഹാളിൽ പോയി വാർത്ത കണ്ടു തകർക്കുമ്പോൾ, മീറ്റിംഗ് തിങ്കളാഴ്ചത്തേക്ക് postpone ചെയ്തതറിഞ്ഞു പ്രിയതമ എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കാൻ പിന്നാലെ പോയി!! ആദ്യം കുറച്ചു ജാഡ ഇട്ടെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ‘വിശാല ഹൃദയനായ ആശാൻ’ പ്രിയതമയോട് ക്ഷമിച്ചു കൊണ്ട് കുടിച്ചു കൊണ്ടിരുന്ന ചൂട് ചായയുടെ ഗ്ലാസ് പ്രിയതമക്ക് കൈമാറി!! ഒരു ചൂട് ചായക്ക്‌ അലിയിച്ചു കളയാനാവാത്ത ഏതു പരിഭവമുണ്ട്!! Society tea കീ ജയ്!! (അതിപ്പോ Valentines day ഒന്നും അല്ലെങ്കിലും ഈ മനുഷ്യൻ എനിക്ക് ചായകുടിച്ചു കൊണ്ടിരിക്കുന്നതിൽ പാതി തരാറുണ്ട്. ഞാൻ എനിക്ക് വേണ്ടാ എന്ന് ചുമ്മാ ജാഡയും ഇടാറുണ്ട്!! എന്നാലും നിർബന്ധിച്ചു തരികയും ചെയ്യും. ഉള്ളിലൂറുന്ന ഒരു ചെറുപുഞ്ചിരിയോടെ ഞാൻ കുടിക്കാറുമുണ്ട്!)

‘എന്നാലും.. നല്ല പാട്ട് കേട്ടാൽ അലപ്പാണെന്ന് ലോകത്തിൽ ആരെങ്കിലും പറയുമോ’ എന്ന് പ്രിയതമനു തീരാത്ത സംശയം.’എന്റെ വിധി’ എന്ന് കൂടി ആത്മഗതം !!

Vday

ഇതൊക്കെയാണ് ഇവിടെ Valentine’s day ലൈവ് !!

Happy Valentine’s Day !!

സ്ക്രീൻടൈം 


ആലോചിക്കുകയായിരുന്നു..ഇനി എന്നാണ് നമ്മുടെയൊക്കെ ജീവിതത്തിൽ സ്ക്രീൻ ഫ്രീ ദിനങ്ങൾ വരുന്നതെന്ന്. അതോ അങ്ങനെ ഒന്ന് ഇനി ഒരിക്കലും ഉണ്ടാവില്ലെന്നോ..എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും ഭീകരം എന്ന് തന്നെ പറയാവുന്നത് മൊബൈൽ ഫോൺ ആണ്. ആബാലവൃദ്ധം ജനങ്ങളെയും അതിന്റെ ഉപഭോക്താക്കൾ ആക്കി അവരും അവരുടെ സ്ക്രീനും മാത്രമുള്ള  ഓരോരോ കൊച്ചു തുരുത്തുകളിലേക്ക് നമ്മളെയൊക്കെ ഇങ്ങനെ ഒതുക്കിയിട്ടുള്ള മറ്റെന്തുണ്ട്..ടീവി ഒന്നും മനുഷ്യനെ ഇത്രക്കും നമ്മളിലേക്ക് ചുരുക്കുകയും  alienate ചെയ്യുകയും ചെയ്യുന്നില്ല എന്ന് തോന്നുന്നു..നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..ബസ്‌റ്റോപ്പുകളിൽ നിൽക്കുന്ന ആളുകൾ, ട്രെയിനിൽ യാത്ര ചെയ്യുന്നവർ, നിങ്ങൾക്കൊപ്പം ഒരേ ലിഫ്റ്റിൽ പോകുന്നവർ ഇവരൊന്നും തന്നെ പരസ്പരം മുഖത്ത്  നോക്കാറില്ല.എല്ലാവരും മൊബൈൽ ഫോണിലേക്കു മുഖം കുനിച്ചു ആണ് ഇരിക്കുന്നത്. . സ്വയം ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും രാവിലെ എഴുന്നേറ്റാൽ നമ്മളാദ്യം ചെയ്യുന്നത് ഒന്നോടിച്ചാണെങ്കിലും ഫോണിൽ ഒന്ന് പരാതിയിട്ടു ആണ് നമ്മുടെ ദിവസം തുടങ്ങുന്നത് തന്നെ, യാത്ര ചെയ്യുമ്പോൾ, എവിടെയെങ്കിലും കാത്തിരിക്കുമ്പോൾ ഒക്കെ ഇപ്പോൾ ഈ ഫോൺ സ്ക്രീൻ ആണ് നമ്മുടെ വിരസത അകറ്റുന്നത്,   ചെയ്യാനുള്ള ജോലികൾ തീർന്നു കഴിഞ്ഞാൽ എവിടെയെങ്കിലും ഒന്ന് നടു  നിവർത്തുന്നതിനു മുൻപും നമ്മൾ ചെയ്യുന്നത് ഫോൺ എടുക്കുകയെന്നതാണ്..ഒരിക്കലും കണ്ടു തീരാത്തത്ര content ഉണ്ടവിടെ..

 

Scree free day

പണ്ട് പണ്ടൊരു കാലത്തു റേഡിയോ മാത്രമുണ്ടായിരുന്നു നമുക്ക്. എനിക്ക് നല്ല ഓർമ്മയുണ്ട് സ്കൂൾ കാലത്തു രാവിലെ പ്രഭാതഭേരി കേട്ടുണരുന്നത്. രാമചന്ദ്രന്റെ മുഴങ്ങുന്ന സ്വരത്തിൽ വാർത്ത കേൾക്കുന്നത്, “സംപ്രതി വാർത്താ ഹി സൂയന്താ” കേട്ട് കൊണ്ട് രാവിലെ സ്കൂളിൽ പോകാൻ റെഡി ആവുന്നത്. റേഡിയോ നാടകങ്ങൾ സമയം  നോക്കിയിരുന്നു കേൾക്കുന്നത്, വല്ലപ്പോഴും വരുന്ന സിനിമയുടെ ശബ്ദ രേഖ സാകൂതം കേൾക്കുന്നത്. അതും കഴിഞ്ഞു ദൂരദർശൻ കാലം. തുടക്കത്തിൽ വ്യാഴാഴ്ചകളിൽ  മാത്രമുള്ള ചിത്രഗീതം,   ഞായറാഴ്ചകളിൽ മാത്രമുള്ള സിനിമ. ബാലകൃഷ്ണന്റെയും , രാജേശ്വരി മോഹന്റെയും, ഹേമലതയുടെയും മായയുടെയും  ഒക്കെ വാർത്ത. പിന്നെ ആദ്യമൊക്കെ 13 എപ്പിസോഡുകൾ മാത്രമുള്ള സീരിയലുകൾ. അതിനൊക്കെ  നിശ്ചിത സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴോ.. Whatsapp, ഫേസ്ബുക്, Instagram, Twitter, LinkedIn  ഒന്നും പോരാഞ്ഞു Prime, Netflix, Hotstar, ഓൺലൈൻ ഷോപ്പിംഗിനു ആമസോൺ, Flipkart… വെറുതെയിരിക്കുന്ന നേരമത്രയും കവർന്നെടുക്കാൻ മാത്രം ഒരിക്കലും തീരാത്തതു പോലെ content. വെറുതെ ഒന്നിരിക്കാൻ, നമ്മളെപ്പറ്റി ചിന്തിക്കാൻ, സ്വയം ഒന്ന് വിലയിരുത്താൻ ഒന്നിനും നമുക്ക് സമയമില്ലാതെയായിരിക്കുന്നു..

ഞാൻ ഓർക്കുകയായിരുന്നു അന്നത്തെ ഒക്കെ ആ റേഡിയോ കാലത്തു, ദൂരദർശൻ കാലത്തൊക്കെ ബാക്കി ഉണ്ടായിരുന്ന സമയമൊക്കെ നമ്മൾ എന്ത് ചെയ്യുകയായിരുന്നു?  ഒരുപക്ഷെ മനുഷ്യരോട് സംസാരിക്കുകയായിരിക്കണം, വായിക്കുകയായിരുന്നിരിക്കണം, കളിക്കുകയായിരുന്നിരിക്കണം, സ്വപ്നം കാണുകയായിരുന്നിരിക്കണം, ചിന്തിക്കുകയും ചിരിക്കുകയും ഒക്കെ ആയിരുന്നിരിക്കണം..അത്രയുമൊക്കെ ഒറ്റയടിക്ക് മൊത്തമായും തട്ടിയെടുത്തു നമ്മളെ ആ കൊച്ചു സ്‌ക്രീനിന്റെ നാലതിരുകൾക്കുള്ളിൽ തളച്ചിടുന്ന ലവൻ ഭീകരനല്ല..കൊടും ഭീകരനാണ്!!

ഇവിടെ പിള്ളേർക്കിതു വരെ മൊബൈൽ ഫോൺ സ്വന്തമായി കിട്ടിയിട്ടില്ല. എന്നാലും ഇടയ്ക്കിടയ്ക്ക് കണ്ണ് തെറ്റിയാൽ രണ്ടും മോഷ്ടിച്ചെടുക്കും അവരുടേതായ സ്ക്രീൻ ടൈം. ചെറുതിനു പിന്നെ പാസ്സ്‌വേർഡ് ഒന്നും ഗവേഷണം ചെയ്തു കണ്ടെത്താനുള്ള പ്രാപ്തി ആയിട്ടില്ല. ഒരു ദിവസം  ഞാൻ നോക്കുമ്പോൾ അപ്പൂപ്പന്റെ ഫോൺ എടുത്തിട്ട് ഓടിപ്പോയി മേശ തുറന്നു ഒരു പേപ്പർ എടുത്തിട്ട് വരുന്നു. ഞാൻ നോക്കുമ്പോൾ പാസ്സ്‌വേർഡ് ഒക്കെ സ്വന്തമായി എഴുതി വെച്ചിട്ടുണ്ട്. അതിനു മുൻപൊരു ദിവസം അച്ഛനെ സോപ്പിട്ടു പാസ്സ്‌വേർഡ് പറയിപ്പിച്ചിട്ടു അത് future reference നു ആയിട്ട് എഴുതി സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു!! (ആ ശുഷ്‌കാന്തി കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി!!) ഇങ്ങനെ മോഷ്ടിച്ചെടുക്കുന്ന സ്ക്രീൻ ടൈം മാത്രമേ ഇപ്പോഴവർക്കുള്ളു..അത് മാറുന്ന കാലം ഓർക്കാൻ വയ്യ.. നവമിയിപ്പോൾ പുസ്തകം വായിക്കുന്ന, എന്നും കിടക്കുന്നതിനു മുൻപ് കൃത്യമായി ഡയറി എഴുതുന്ന ഒരു കുട്ടിയാണ്. കുഞ്ഞിപെണ്ണാവട്ടെ എന്നും കിടക്കുന്നതിനു മുൻപേ എന്നെ gunpoint ൽ നിർത്തിയാണെങ്കിലും മഹാഭാരതത്തിലെ മിനിമം ഒരു കഥയെങ്കിലും എന്നെക്കൊണ്ട് വായിപ്പിച്ചിട്ടേ ഉറങ്ങൂ എന്ന നിര്ബന്ധമുള്ളവളാണ്.. നാളെ ഇതൊക്കെ മാറിയേക്കാം.. സ്വന്തം മൊബൈൽ ഫോണും സ്ക്രീൻ ടൈമും ഒക്കെ അവരെ മുഴുവനായും വിഴുങ്ങുന്ന ആ കാലം ഒരുപാട് അകലത്തായി തന്നെയിരിക്കട്ടെ..

ഇതൊക്കെ പറയാൻ കാരണം എന്താണെന്ന് ഓർത്താൽ നിങ്ങള്ക്ക് മനസ്സിലാവും..ഇത് എന്റെയും നിങ്ങളുടെയും ഒക്കെ കഥയാണ്, അവസ്ഥയാണ്.

അവധി ദിനം


ആഴ്ചയുടെ ഒത്ത നടുക്ക് കിട്ടിയ പൊങ്കൽ അവധി അങ്ങ് ആഘോഷിച്ചു കളയാമെന്നു തീരുമാനിച്ചു Cubbon Park ൽ പോകാമെന്നു പറഞ്ഞിറങ്ങി, വഴിയിൽ പ്ലാൻ മാറ്റി planetarium എന്ന് തീരുമാനിച്ചു, അവിടെ ചെന്നപ്പോൾ അത് പൊങ്കൽ അവധി കാരണം അടച്ചിരിക്കുകയാണെന്ന് അറിഞ്ഞു അലഞ്ഞു തിരിയുമ്പോൾ അതിന്റെ തൊട്ടു opposite ൽ കണ്ടെത്തിയ സ്ഥലമാണ് നാഷണൽ മിലിറ്ററി മെമ്മോറിയൽ. ഇത് വരെ കേട്ടിട്ട് പോലുമില്ലായിരുന്നു ഇങ്ങനെ ഒരിടം ഇവിടെയുണ്ടെന്ന്. നഗരത്തിന്റെ ഒത്ത നടുക്ക് നിറയെ മരങ്ങൾ നിറഞ്ഞ 40 ഏക്കർ. വൃത്തിയുള്ള നടപ്പാതകൾ, ആളുകൾ ഏറെയില്ല, ഒരു കൊച്ചു കിഡ്സ് പാർക്ക്. എൻട്രി ഫീ വാങ്ങാൻ പോലും ആരെയും കണ്ടില്ല അവിടെ. ആരും നോക്കാനില്ലാത്തവണ്ണം അനാഥമായി കിടക്കുന്ന ഒരു underground മിലിറ്ററി museum ഉണ്ട് അതിനകത്തു. മിലിറ്ററി ടാങ്കും, ഹെലികോപ്ടറും, മിസൈൽ മോഡലുകളും ഒക്കെ വെച്ചിട്ടുണ്ട് പുറത്തു.

Pic2

പിള്ളേർ ഓടി നടന്നു മനസ്സ് നിറച്ചു കളിച്ചു, കുറെ ചിരിച്ചു., ഭക്ഷണം Swiggy വഴി order ചെയ്തു അവിടെ പുല്ലിൽ ഷീറ്റ് വിരിച്ചിരുന്നു കഴിച്ചു. അവിടെയുള്ള പഴയ steam engine ട്രെയിനിൽ പിള്ളേർ കയറി കളിച്ചു. അങ്ങനെ ഒരു well spent day ആയിരുന്നു അത്.. ഒരുപക്ഷെ പിള്ളേർ കുറെ നാളത്തേക്ക് ഓർത്തു വെക്കാൻ ഇടയുള്ള മനോഹരമായ ഒരു ദിവസം.. ജീവിതത്തിന്റെയും, ജോലിയുടെയും തിരക്കുകളിൽ നിന്നൊക്കെ അവധി എടുത്തു മെല്ലെ ചാഞ്ഞിരുന്നൊന്നു സമാധാനമായി ശുദ്ധവായു ശ്വസിച്ച ദിവസം..ഇത് പോലെയുള്ള ചില ദിവസങ്ങൾ തരുന്ന ആ പുതു ജീവൻ വിലമതിക്കാനാവാത്തതാണെന്നു തോന്നിപ്പോയി..വെറുതെയിങ്ങനെ ഓടിയോടി പോകാതെ ഇടക്കിടെ വല്ലപ്പോഴും ഇങ്ങനെ ഒന്നിരുന്ന് കടന്നു പോകുന്ന നിമിഷങ്ങളുടെ മൂല്യം ഓർമ്മിക്കുന്നത് എത്ര നല്ലതാണെന്നു തോന്നിപ്പിച്ച ദിവസം. ജീവിതത്തെ, വരാനിരിക്കുന്ന ദിവസങ്ങളെ കൂടുതൽ സ്നേഹത്തോടെ കാണാൻ, അറിഞ്ഞും, ആസ്വദിച്ചും ജീവിക്കാൻ പഠിപ്പിക്കാൻ അതുപകരിക്കും എന്ന് തോന്നുന്നു..പ്രത്യേകിച്ചും കുട്ടികൾക്ക്..അവർക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയവും, ഇത് പോലെ ഒരുമിച്ചുള്ള ചില നിമിഷങ്ങളുടെ ഭംഗിയുമാണ്..

Family pic

പാഠശാല


Padashala

എന്നും രാവിലെ എഴുന്നേറ്റു സന്തോഷത്തോടെ, സമാധാനത്തോടെ പോകാൻ കഴിയുന്ന ഒരിടം..കണ്ണുരുട്ടലും, വടിയും, അടിയും, ഇല്ലാതെ പഠനം രസകരമാക്കുന്ന ഒരിടം..മണ്ണിൽ ചവിട്ടി, കാറ്റിന്റെ സ്വരം കേട്ട്, പൂവിന്റെ ഗന്ധം അറിഞ്ഞു വളരാൻ ഇടം നൽകുന്ന ഒരിടം..ഏറ്റവും ചെറിയ ക്ലാസ്സുകളിൽ വരെ പേജുകൾ കണക്കിന് ഹോംവർക്കുകൾ എഴുതിപ്പിച്ചും കാണാപ്പാഠം പഠിപ്പിച്ചും, പരീക്ഷയെഴുതിപ്പിച്ചു ബുദ്ധിയും അറിവും അളന്ന് ശ്വാസം മുട്ടിക്കാത്ത ഒരിടം..അതാണ് പാഠശാല. നാഗരികതയുടെ നീരാളി കൈകൾ ഇപ്പോഴും തൊട്ടശുദ്ധമാക്കാത്ത കല്ലൂപ്പാറയിലെ, എന്റെ കുട്ടിക്കാല ഓർമ്മകളിലെ ഏറ്റവും ദീപ്തമായ ആ വീട്ടു മുറ്റത്തു ഇന്ന് നിറയെ കളിചിരികളും കലപിലകളും ആണ്. അവിടെയാണ് പാഠശാല പ്രവർത്തിക്കുന്നത്. ഞങ്ങളുടെ സുമ ചിറ്റയും പാഠശാലയുടെ നെടും തൂണുകളിൽ ഒരാളാണ്.

padashala 3

കഴിഞ്ഞ ഒക്ടോബറിൽ നാട്ടിൽ പോയപ്പോൾ ആണ് ഒരുപാട് കാലത്തിനു ശേഷം ഞാൻ കല്ലൂപ്പാറയിൽ പോയത്. ചെന്നപ്പോൾ അവിടെ സ്‌കൂൾ നടക്കുന്നുണ്ടായിരുന്നു. ഇത്രയ്ക്കു സന്തോഷമായി, ഇത്രയ്ക്കു fearless ആയി കുഞ്ഞുങ്ങൾ self express ചെയ്യുന്ന ഒരിടം കാണാൻ തന്നെ എന്തൊരു സന്തോഷമായിരുന്നു. കെട്ടി നിർത്താൻ പ്രത്യേകം പ്രത്യേകം ക്ലാസ്സ്‌മുറികളുടെ തടയണകൾ ഇല്ലാത്തതു കൊണ്ടാവും അവർ നിർബാധം ഒഴുകി കൊണ്ടിരുന്നു..സന്തോഷം നിറഞ്ഞ, പ്രസരിപ്പ് നിറഞ്ഞ പതിനഞ്ചു കുഞ്ഞു മുഖങ്ങൾ. അവർ ഓരോരുത്തരും മുഴുവനായും ഉണ്ടവിടെ..ശരീരം കൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും.. ഓരോ നിമിഷവും, അറിഞ്ഞു ആസ്വദിച്ചു അവർ അറിവ് നേടുകയാണ്.. സാധാരണ സ്‌കൂളുകളിലെ പോലെ authoritative സ്വരങ്ങൾക്കു പകരം കുഞ്ഞു ശബ്ദങ്ങൾ ആണ് അവിടെ കേട്ടത് ഏറെയും. ഒന്നും അവരിലേക്ക്‌ stuff ചെയ്യാതെ ഓരോ ചെറിയ ചോദ്യങ്ങളിൽ നിന്ന് ഉത്തരങ്ങളിലേക്കു അവർ തനിയെ നടന്നടുക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു. അത് മാത്രമല്ല നെടുനെടുങ്കൻ തിയറികളും , equations ഉം, ഒക്കെ പഠിക്കുന്നതിനു മുൻപേ അവർ പ്രകൃതിയെ അറിഞ്ഞു, മനുഷ്യരെ അറിഞ്ഞു, തന്നെ ആവും വളരുകയെന്നത് കാണുമ്പോഴേ അറിയാം. ചെയ്യുന്ന ഏതു കാര്യത്തിനെയും അങ്ങേയറ്റം സന്തോഷത്തോടെ, ഭയമില്ലാതെ, ഇഷ്ടത്തോടെ ചെയ്യാനാവുകയെന്നത് ആണ് ഏറ്റവും വലിയ കാര്യം. ഏറ്റവും ചെറുതിലെ മുതൽ അങ്ങനെ പഠിച്ചു , ശീലിച്ചു വരുന്ന ഈ പാഠശാലയിലെ കുരുന്നുകൾ നാളെയുടെ പ്രതീക്ഷയാണ്.

padshala 2

ഇങ്ങനെയൊരിടത്തു എനിക്ക് പഠിക്കാൻ ആയില്ലല്ലോ, എന്റെ മക്കളെ പഠിപ്പിക്കാനായില്ലലോ എന്ന് പൊടിക്കൊരു അസൂയയും തോന്നാതിരുന്നില്ല..!! വളർച്ചയുടെ പുതിയ ആകാശങ്ങൾ തേടി പറക്കാൻ പാഠശാലക്കും അതിന്റെ സാരഥികൾക്കും ഹൃദയപൂർവം ആശംസകൾ. ഒപ്പം ചേർക്കുന്നു പാഠശാലയെ പറ്റി ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പും..

Kottayam-Kottayam–january-13th-2020-page-18

ഗൃഹാതുരം 


Nostalgia അഥവാ ഗൃഹാതുരത്വം എന്നത് ഉപയോഗിച്ച് തേഞ്ഞു പോയ ഒരു വാക്കാണ് പലർക്കും. എനിക്കതു ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഒരു നെടുവീർപ്പായും , തൊണ്ടയിൽ തടയുന്നൊരു ചെറു തേങ്ങലായും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും..പ്രത്യേകിച്ച് നാട്ടിൽ പോയി മടങ്ങുമ്പോൾ. അത് മറികടക്കാൻ കിണറ്റിൽ നിന്ന് കോരിയെടുത്ത ഒരു കുപ്പി വെള്ളമോ, തൊടിയിൽ നിന്നും പറിച്ചെടുത്ത കുറച്ചു വഴനയിലകളോ, വാഴയില തുണ്ടുകളോ, കുറച്ചു കാന്താരി മുളകുകളോ ഒക്കെയായി പൊതിഞ്ഞെടുത്തു ഞാനെന്റെ ഓർമ്മകളുടെ ചില നുറുങ്ങുകളെ  കൂടെക്കൂട്ടുന്നു. ഇതൊക്കെ കൂടി ചേർന്നതായിരുന്നു എന്റെ ലോകം. ഇതൊക്കെ തന്നെയായിരുന്നു എന്റെ ലോകം. തിരിച്ചെടുക്കാൻ കഴിയാത്തത് . പിന്തിരിഞ്ഞു നോക്കാൻ മാത്രം കഴിയുന്നത്.

Ila

ഇന്ന് വഴനയിലകളെടുത്തു പിള്ളേർക്കായി തെരളി ഉണ്ടാക്കി കൊണ്ടിരുന്നപ്പോൾ  ഗൃഹാതുരതയുടെ ഒരു കടലാണ് ഉള്ളിലിളകിയത്. വഴനയിലകളിൽ ആവി കയറുമ്പോൾ ഒരു മണമുണ്ട്. എന്റെ ബാല്യത്തിന്റെ മണമാണ് അതിനു. എത്രയോ വൈകുന്നേരങ്ങളിൽ  സ്‌കൂൾ വിട്ടു വരുമ്പോൾ എന്നെ സ്വാഗതം ചെയ്തിട്ടുള്ള മണമാണ് ഇത്.  ഇത് മാത്രമല്ല ഇലയടയും കൊഴുക്കട്ടയും, പരിപ്പ് വടയും, ഓട്ടടയും അങ്ങനെ എത്ര എത്ര പലഹാരങ്ങൾ. ഓരോ ദിവസവും ഇതിൽ ഏതെങ്കിലും ഒന്ന് ഒരുക്കി വെച്ച് കാത്തു ഇരിക്കുന്ന ഒരു അമ്മൂമ്മയും. പണം കൊടുത്തു സന്തോഷവും, സ്വാദും ഒന്നും വാങ്ങാൻ കിട്ടാതിരുന്ന ഒരു കാലം..

കാലമെത്ര മാറിപ്പോയി..വയ്യായ്കകളുടെ ലോകത്തിലേക്ക് നടന്ന് അമ്മൂമ്മ എത്ര മാറിപ്പോയി..പണ്ട് വിശ്രമം എന്തെന്നറിയാത്ത ആ കൈകൾ ഇന്ന് മെലിഞ്ഞു രണ്ടു കമ്പുകൾ പോലെ. കുട്ടിക്കാലത്തു അത്രമേൽ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്ന രണ്ടു കൈകൾ ആണത്.  ഇപ്പോൾ ഇടയ്ക്കിടെ സോഡിയംകുറഞ്ഞു ക്ഷീണിച്ചു കണ്ണ് തുറക്കാതെ അമ്മൂമ്മ കിടക്കുന്നതു കണ്ടപ്പോൾ ഉള്ളിൽ ഒരാന്തൽ..പിന്നീട് വീണ്ടും കണ്ണ് തുറന്നു പഴയതു പോലെ സംസാരിച്ചപ്പോൾ ആശ്വാസം..അത്രമേൽ കഥകൾ പറഞ്ഞു, ഞങ്ങളെ ഊട്ടി വളർത്തി വലുതാക്കിയ ദേഹമാണത്.  പഴയതു പോലെ നടക്കാൻ, ജോലികൾ ചെയ്യാൻ കഴിയാത്തതിന്റെ സങ്കടമാണ് അമ്മൂമ്മയിൽ അത്രയും നിറഞ്ഞു നിൽക്കുന്നത്. പ്രായത്തിനു ശരീരത്തിനെയെ തോൽപ്പിക്കാനാവു മനസ്സിങ്ങനെ കുതിച്ചു കൊണ്ടിരിക്കാൻ വെമ്പും എന്ന് തോന്നി.

പോരുന്ന ദിവസം നല്ല ഓർമ്മയിൽ കുറെ സംസാരിച്ചു അമ്മൂമ്മ. ഇവൾക്ക് ട്രെയിനിൽ കഴിക്കാൻ എന്താണ് കൊടുത്തു വിടുന്നതെന്ന് അമ്മയോട് ചോദിച്ചു. ചില മനുഷ്യർ അങ്ങനെയാണ്. അവർ എത്ര വയ്യാതെ കിടക്കുമ്പോഴും അവർക്കു പ്രിയപ്പെട്ടവരെ care ചെയ്തു കൊണ്ടേയിരിക്കും. അതിന്റെ പകുതി പോലും  തിരിച്ചു കൊടുക്കാനാവാതെ, ഉള്ളിൽ വിങ്ങി ദൂരെയിരിക്കാനേ കാലം അപ്പോൾ നമ്മളെ അനുവദിക്കുകയുള്ളു..എന്ത് ചെയ്യാൻ..ചിലപ്പോൾ അവർ ഉണ്ടാക്കി തന്നിരുന്ന വിഭവങ്ങൾ ഒക്കെ മക്കൾക്ക് ഉണ്ടാക്കി കൊടുത്തു കൊണ്ട് ആ സങ്കടങ്ങളെ ഒക്കെ മറികടക്കാൻ ചിലർ ശ്രമിച്ചു കൊണ്ടിരിക്കും..പലപ്പോഴും കഴിയില്ലെങ്കിലും ആ പാഴ്ശ്രമത്തിനും അതിന്റേതായ ഒരു സുഖമുണ്ട്..

Driving Licence


driving-licence

അമിത പ്രതീക്ഷകളുടെ ഭാരമൊന്നും ഇല്ലാതെ പോയി കണ്ട സിനിമ ആയിരുന്നു ഡ്രൈവിംഗ് ലൈസൻസ്. പൃഥ്വിരാജ് ചിത്രം ആയതു കൊണ്ടാണ് അധികം പ്രതീക്ഷിക്കാതിരുന്നത് . ആദം ജോണും, 9 ഉം , അതും പോരാഞ്ഞു ലൂസിഫറും കണ്ടു (ഭാഗ്യത്തിന് ഇതൊന്നും theatre ൽ അല്ല കണ്ടത്) എന്റെ കിളിപോയതു ഇനിയും അങ്ങോട്ട് മറക്കാറായിട്ടില്ല!! പക്ഷെ അതെല്ലാം മായ്ച്ചു കളഞ്ഞു ഡ്രൈവിംഗ് ലൈസൻസ്. സുരാജ് വെഞ്ഞാറമ്മൂട്  എന്ന അത്ഭുത മനുഷ്യൻ ഓരോ സിനിമ കഴിയുമ്പോഴും കൂടുതൽ കൂടുതൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. അയാളുടെ തികച്ചും സാധാരണ മുഖത്ത് എത്ര അസാധാരണവും, brilliant ഉം ആയിട്ടാണ് ഓരോ ഭാവങ്ങളും വിരിയുന്നത് എന്ന് ഓരോ ഷോട്ടിലും തോന്നിപ്പിച്ചു. ഇങ്ങനെ ഒരാളിനോപ്പം അഭിനയിക്കുമ്പോൾ പിന്നോട്ട് പൊയ്ക്കൂട  എന്നുള്ളത് കൊണ്ടാണെന്നു തോന്നുന്നു പ്രിത്വിരാജ്ഉം വെറുപ്പിച്ചില്ല. പലപ്പോഴും പല സിനിമകളും ആദ്യം കുറെ ഭാഗമൊക്കെ വളരെ ഇന്റെരെസ്റ്റിംഗ് ആയി വന്നിട്ട് അവസാനം എങ്ങോട്ടു കൊണ്ട് പോകണം എന്നറിയാതെ അലഞ്ഞു തിരിഞ്ഞു എവിടെയെങ്കിലും കൊണ്ട് ചെന്ന് ഇടിച്ചു നിർത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. Android കുഞ്ഞപ്പൻ കണ്ടപ്പോളും അങ്ങനെ തോന്നിയിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്തമായി നല്ല കയ്യടക്കമുള്ള തിരക്കഥ ഉള്ള സിനിമ ആയിരുന്നു DL. വളരെ വ്യക്തമായി വരച്ചിട്ട കഥാപാത്രങ്ങൾ, യോജിക്കുന്ന casting.

ഹരീന്ദ്രൻ എന്ന സിനിമാതാരമായ പ്രിത്വിരാജ്ഉം, അയാളുടെ ആരാധകനായ കുരുവിളയും നേർക്കുനേർ നിൽക്കുമ്പോൾ തെറ്റ് ആരുടെ ഭാഗത്താണ്, ശരി ആരുടെ ഭാഗമാണ് എന്ന് നമുക്ക് judge ചെയ്യാനാവാത്ത വിധം മനോഹരമായ അവതരണം.  സൈജു  കുറുപ്പിനെ ഇത്ര ശ്രദ്ധിച്ചു ഞാൻ കാണുന്നത് ഈ സിനിമയിലും ആൻഡ്രോയിഡ് കുഞ്ഞപ്പനിലും ആണ്. വളരെ controlled and fine actor ആണ് അയാൾ. മിയ ജോർജ് ന്റെ കുശുമ്പും കുന്നായ്മയും, ആലോചിക്കാതെ വർത്തമാനം പറയലും ഒക്കെ ചിലപ്പോഴെങ്കിലും പഴയ ഉർവശിയെ ഓർമ്മിപ്പിച്ചു. ‘ആത്മാഭിമാനം’ എന്ന ഒറ്റ വരിയിൽ നിന്നും ഒരു രണ്ടര മണിക്കൂർ സിനിമ ലോജിക്കൽ ആയി  നെയ്തെടുക്കാനായി എന്നത് ഒരു ചെറിയ കാര്യമല്ല. അങ്ങനെ ക്രിസ്മസ് അവധി നല്ല ഒരു സിനിമ അനുഭവം തന്നെ സമ്മാനിച്ചു. സുരാജ് ഫാൻസ്‌ അസോസിയേഷൻ ഉണ്ടെങ്കിൽ എനിക്കും ഒരു membership കിട്ടിയാൽ കൊള്ളാം!!

നമ്മൾ വളർത്തുന്ന കുട്ടികൾ..


Harley Davidson ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന് ഡിഗ്രിക്ക് പഠിക്കുന്ന ഒരാൺകുട്ടി തിരുവനന്തപുരത്തു ആത്മഹത്യ ചെയ്തു എന്ന്. വേണമെന്ന് തോന്നിയ ഒരു സാധനം കിട്ടാതിരുന്നാൽ ജീവനൊടുക്കുന്ന, ഇഷ്ടമുള്ള ഒരു പെൺകുട്ടി No പറഞ്ഞാൽ അവളുടെ ജീവനെടുക്കുന്ന എന്തൊരു വിചിത്രമായ തലമുറ ആണാവോ ഇത്..എവിടെയാണ് പിഴക്കുന്നത്, ആർക്കാണ് പിഴക്കുന്നത്…അവർക്കാവില്ല..നമുക്ക് തന്നെയാണ്. കാരണം പിച്ച വെച്ച് നടക്കുമ്പോൾ വീണാൽ മുറിയാതിരിക്കാൻ knee capഉം ഹെൽമെറ്റും ഇടീപ്പിക്കുന്നതു മുതൽ നമ്മൾ തുടങ്ങുന്നു അവർക്കു ചുറ്റും കവചം അണിയിക്കാൻ. അവരുടെ കണ്ണൊന്നു നനയാൻ അനുവദിക്കാറുണ്ടോ നമ്മൾ? ഓരോ പരീക്ഷയിലും ഒന്നാമതെത്താൻ നമ്മൾ അവരെ കൂടെയിരുന്നു അട വെച്ചു വിരിയിക്കുന്നു. ഓരോ achievements നും സമ്മാനങ്ങൾ വാങ്ങി കൊടുക്കുന്നു. അവരാണ് വീട്ടിലെ ഏറ്റവും precious ആയതെന്ന് ഓരോ ചെറു ചലനം കൊണ്ട് നമ്മൾ ഓരോ ദിവസവും അറിയിക്കുന്നു.

Image

തോൽവി എന്തെന്ന് പോലും അവർക്കറിയില്ല. പിന്നെ എങ്ങനെ അതിനെ അതിജീവിക്കാൻ പഠിക്കാനാണ്..Rejection എന്തെന്ന് പോലും അവർക്കറിയില്ല, പിന്നെ എങ്ങനെ അവർ അതിനെ അതിജീവിക്കാൻ പഠിക്കാനാണ്. ആഗ്രഹിക്കുന്നതിനു മുൻപേ തന്നെ നമ്മൾ അവർക്കു എല്ലാം കൊടുക്കുമ്പോൾ ഇച്ഛാഭംഗം എന്നതിന്റെ അർത്ഥം പോലും അവർക്കു എങ്ങനെ മനസ്സിലാവാനാണ്. ഒന്നും ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലാത്തവർക്കു നഷ്ടബോധം നേരിടാൻ എങ്ങനെ അറിയാനാണ്. ഏറ്റവും പ്രിയമുള്ള വാക്കുകൾ മാത്രം കേട്ട് വളർന്നവർ ലോകം മുഴുവനും എന്നും അവർക്കായി തണൽ കുട വിരിയിക്കും എന്ന് കരുതിയെങ്കിൽ തെറ്റാണോ..

ഓരോ വീട്ടിലും ഇന്ന് ഒറ്റ രാജകുമാരന്മാരും രാജകുമാരിമാരും ഒക്കെയാണ്. ഒരു മുള്ളു കൊണ്ട് പോലും കാലു പോറിയിട്ടില്ലാത്ത , ഒരു വാക്ക് കൊണ്ട് പോലും മനസ്സ് നൊന്തിട്ടില്ലാത്തവർ. അവർക്കു ചുറ്റും ഉപഗ്രഹങ്ങൾ പോലെ കറങ്ങുന്ന, അവർക്കു ഏതു വരവും അരുളുന്ന ദൈവങ്ങളാണ് നമ്മളൊക്കെ. ഇടയ്ക്കു ഏതെങ്കിലും ഒരു വരം ഒന്ന് അരുളാൻ താമസിച്ചാൽ അവർ കാത്തു നിന്നു എന്ന് വരില്ല..അതോർമ്മിക്കുന്നതു എപ്പോഴും നല്ലതായിരിക്കും.

കല്ലൂപ്പാറയിലെ ഷാജി..


shaji

“സാറേ” എന്ന് മുഴങ്ങുന്ന ശബ്ദത്തിൽ ഒരു നീട്ടി വിളിയുമായി കല്ലൂപ്പാറയിലെ വീടിന്റെ മുറ്റത്തേക്ക് വന്നിരുന്ന ഈ മനുഷ്യൻ ഓർമ്മയായി എന്ന് വിശ്വസിക്കാൻ പ്രയാസം.

നമുക്കൊക്കെ സ്വന്തം കാർ ഉണ്ടാകുന്നതിനു മുൻപേ, ഓലയും, യൂബെറും നമ്മുടെ യാത്രകളുടെ ഭാഗമാകുന്നതിനു മുൻപേ, ഒരു കാലത്തു കല്ലൂപ്പാറ എന്ന തുരുത്തിൽ നിന്നും എങ്ങോട്ടു പോകണമെങ്കിലും ഈ മനുഷ്യന്റെ ഇളം വെള്ള കളർ ഉള്ള ആ അംബാസഡർ കാർ ഉണ്ടായിരുന്നു. വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ഒരു മനുഷ്യൻ. അതിപ്പോൾ യാത്രക്ക് മാത്രമല്ല ഫ്യൂസ് പോയാൽ കെട്ടാൻ, മോട്ടോർ കേടായാൽ അതെന്താണെന്നു നോക്കാൻ, പഞ്ചായത്തിലെ എന്തെങ്കിലും അന്വേഷിക്കണമെങ്കിൽ അതിനൊരു പരിഹാരം കാണാൻ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങൾക്ക് പരിഹാരവുമായി എത്തുന്ന മനുഷ്യൻ. നമ്മളൊക്കെ ഫോണിലേക്കും, ആപ്പുകളിലേക്കും ഒക്കെ ചുരുങ്ങുന്ന ഈ കാലത്തിനും അപ്പുറത്തു ഏതോ ഒരു കാലത്തു ആയിരുന്നുവെന്നു തോന്നുന്നു ഇങ്ങനെ ഒക്കെ സഹായ ഹസ്തവുമായി അയൽക്കാരായ മനുഷ്യർ ജീവിച്ചിരുന്നത് എന്നു തോന്നുന്നു. ജന്മം കൊണ്ട് യാതൊരു ബന്ധവുമില്ലെങ്കിലും എന്ത് സഹായത്തിനും ഓടിയെത്തുന്ന മനുഷ്യർ. “അവൻ എനിക്കൊരു മോനെപ്പോലെ” ആണെന്ന് കല്ലൂപ്പാറ അമ്മൂമ്മ പറഞ്ഞിരുന്നത് പലവട്ടം കേട്ടിട്ടുള്ളത് കൊണ്ടാവും അടുത്ത ഒരു ബന്ധുവിനെ നഷ്ടമായത് പോലെ ആ ആകസ്മിക മരണം എന്നെ ഒന്ന് നടുക്കിയത്.

ഇന്നലെ ഷാജി മരിച്ചു എന്ന് പറയാനായി എന്നെ വിളിച്ചപ്പോൾ ഒരിക്കൽ കൂടി അമ്മൂമ്മ പറഞ്ഞു “അവൻ എനിക്കൊരു മോനെപ്പോലെ ആയിരുന്നു” എന്ന്..ഫോണിൽ അത് കേട്ട് കൊണ്ടിരുന്ന നേരം ഇവിടെ പിള്ളേർ ആകെ ബഹളവും ചൂട് ചായ തട്ടി മറിക്കലും, എന്റെ ‘കഴുതേ’ വിളിയും ഒക്കെ മുഴങ്ങി. പക്ഷെ അമ്മൂമ്മ ഒന്നും കേട്ടതേയില്ല..പറഞ്ഞു കൊണ്ട് മാത്രമിരുന്നു.. ചില നേരങ്ങളിൽ നമുക്ക് പറഞ്ഞാൽ മാത്രം മതിയാവും…ചുറ്റും ഉള്ള ബഹളങ്ങൾ ഒന്നും കേൾക്കാതെ, അറിയാതെ..

അപ്രതീക്ഷിതമായിപ്പോയി. അല്ലെങ്കിലും മരണം അങ്ങനെ ആണല്ലോ..രംഗബോധമില്ലാതെ..

നിത്യശാന്തി നേരുന്നു..പ്രാർത്ഥനകൾ..

തണൽ


ഒരുപാട് നാളിനു ശേഷം ഇന്ന് അച്ഛന്റെ   വഴക്ക് ഒന്നു  കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സമാധാനം!!ഞാനതിങ്ങനെ പ്രതീക്ഷിച്ചു ഇരിക്കുമ്പോഴായിരുന്നു അച്ഛൻ വിളിച്ചത്. വിഷയം മറ്റൊന്നുമല്ല, അച്ഛനും അമ്മയ്ക്കും ബാംഗ്ലൂർക്കു വരാനുള്ള ടിക്കറ്റ് ഞാൻ അമ്മയോടും, ഹൃദ്യയോടും discuss ചെയ്തിട്ട് അങ്ങ് ബുക്ക് ചെയ്തു. ബുക്ക് ചെയ്തപ്പോഴേ ഞാൻ ഹൃദ്യയെ വിളിച്ചു പറഞ്ഞു, മിക്കവാറും എനിക്കിന്ന് അച്ഛന്റെ കൈയ്യിൽ നിന്നും ശരിക്കും കിട്ടും എന്ന് . (അച്ഛൻ ഇങ്ങോട്ട് വരാൻ  റെഡി ആയി ഇരിക്കുകയാണെങ്കിലും on the spot consultation നടത്താതെ ഞാൻ അമ്മയോട് മാത്രം ചോദിച്ചു feasible dates അറിഞ്ഞിട്ടു സ്വന്തമായി അങ്ങ് തീരുമാനിച്ചു. ഇതു  പ്രശ്നം ആവാൻ chance ഉണ്ടെന്ന് അപ്പോഴേ എന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നുണ്ടായിരുന്നു  !) Hridya വിളിച്ചപ്പോൾ അവളും പറഞ്ഞു അതിനു നല്ല സാധ്യത ഉണ്ടെന്നു.

achen

 ഫോൺ വിളിച്ചിട്ട് അച്ഛൻ,” നീ ടിക്കറ്റ് എടുത്തു എന്ന് പറയുന്നത് കേട്ടല്ലോ”. (ആ ടോൺ കേട്ടപ്പോഴേ ഞാൻ ഉറപ്പിച്ചു ” നിന്റെ കാര്യം തീർന്നു മോളെ എന്ന്! )

ഞാൻ പറഞ്ഞു “അച്ഛാ ഞാൻ അമ്മയെ വിളിച്ചു പറഞ്ഞല്ലോ.”

അച്ഛൻ: “അതല്ല എത്ര ദിവസത്തേക്ക് ആണ് നീ എടുത്തത്”.

ഓഹോ പണി കിട്ടി എന്നുറപ്പിച്ചു ഞാൻ പറഞ്ഞു. “അച്ഛാ ഞാൻ നാല് ദിവസത്തേക്ക് ആണെടുത്തത്..”(ടോൺ: കുറ്റബോധം ആണേ..)

(അതെന്തിനാ നാല് ദിവസം ഞങ്ങൾക്കിവിടെ ഒരുപാടു commitments ഉണ്ടെന്ന ഉത്തരം പ്രതീക്ഷിച്ചിരിക്കുന്ന ഞാൻ.)
അച്ഛൻ : “നാല് ദിവസത്തേക്ക് എടുക്കാൻ നിന്നോടാരാ പറഞ്ഞത്?”.
ഞാൻ: ഞാൻ ജപ ജപ mode ൽ “അമ്മ പറഞ്ഞു മൂന്നോ നാലോ ദിവസത്തേക്ക് പറ്റുമെന്ന്…”
അച്ഛൻ: “അവൾ അങ്ങനെ ഒക്കെ പറയും. എത്ര നാളിന്  ശേഷം ആണ് വരുന്നത്. നിങ്ങൾക്കൊപ്പം നാല് ദിവസം തീരെ കുറവാണ്” എന്ന്.
അപ്പൊ ഇക്കുറി കാറ്റ് തിരിഞ്ഞാണ് വീശിയത്.  ഞാൻ കരുതിയത് പോലെ നാലു ദിവസം ഉണ്ടെന്നുള്ളതല്ല പ്രശ്നം., നാല് ദിവസമേ ഉള്ളു എന്നുള്ളതാണ് പ്രശ്നം.  എന്റെ മനസ്സിൽ അത് കേട്ട് ഒരു മഴ ആണ് പെയ്തിറങ്ങിയത്. (ഇതിപ്പോൾ പണ്ട് സലിം കുമാർ പറഞ്ഞ ബിരിയാണി ശരിക്കും കിട്ടിയ അവസ്ഥ ആയിരുന്നു എന്റേത്!!)

പാവം ഞാൻ!! ഇനി 5 ദിവസം എടുത്തു പോയാൽ prosecution വരുമെന്ന പേടിയിൽ നാല്  ദിവസത്തിൽ return എടുത്തു പോയതാണ് എന്നെങ്ങനെ പറഞ്ഞു മനസ്സിലാക്കും!!
ഞാൻ പിന്നെ എൻ്റെ assumptions, understanding, അമ്മയുടെ നിർദ്ദേശങ്ങൾ ഇതൊക്കെ പറഞ്ഞു എന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചപ്പോഴേക്കും അച്ഛൻ ദേഷ്യം ഒക്കെ പോയി വെണ്ണ പോലെ ഉരുകിയിരുന്നു. എന്തൊക്കെ കൊണ്ട് വരണം mode ആയി പിന്നീട്. അച്ഛന്റെ സ്വരം ആകെ വാത്സല്യവും ഉത്സാഹവും കൊണ്ട് നിറഞ്ഞിരുന്നു. കേട്ട് കേട്ടിരുന്നു എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോഴേക്കും കുട്ടിപ്പട്ടാളം സാധനങ്ങളുടെ list പറയാൻ ആയി ഫോൺ കൈക്കലാക്കി. അതിന്റെ കൂടെ എനിക്കായുള്ള magazines ന്റെ ലിസ്റ്റും ഞാൻ കൊടുത്തു.

ഫോൺ  വെച്ച് കഴിഞ്ഞു ആദ്യം ചെയ്തത് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാനുള്ള ശ്രമം ആണ്. അപ്പോഴാകട്ടെ IRCTC സഹകരിക്കുന്നില്ല. ഈ മാസം ഞാൻ കുറെ ആയി ബുക്ക് ചെയ്തു കളിക്കുന്നു അത് കൊണ്ട് Go to your classes ന്നു. പിന്നെ  ഹൃദ്യയെ വിളിച്ചപ്പോൾ അവൾ ബുക്ക് ചെയ്തു. ഇനി ഇപ്പോൾ മാറ്റി ബുക്ക് ചെയ്തതിനു വഴക്കു കിട്ടുമോ ആവോ? കിട്ടിയാലും അത് അവൾക്കാവും, എന്റെ quota ഇന്ന് കഴിഞ്ഞത് കൊണ്ട്!!

 കല്യാണം ഒക്കെ കഴിഞ്ഞു നമ്മുടെ അത്ര ഉയരം ഒക്കെ ആകാറായ  പിള്ളേർ ഒക്കെ ഉണ്ടെങ്കിലും അച്ഛനമ്മമാരുടെ  അടുത്ത് നിന്നും ഇത് പോലെ വല്ലപ്പോഴും പണ്ടത്തെപ്പോലെ ചില വഴക്കുകൾ കേൾക്കുന്നത് എത്ര സുഖമുള്ള കാര്യമാണ്. നമുക്കൊക്കെ അങ്ങിങ്ങു നര വീണ മുടിയും, പിള്ളേരെ പെരുമാറ്റ ചട്ടം പഠിപ്പിക്കുമ്പോഴുള്ള ഗൗരവവും, ഉത്തരവാദിത്വങ്ങളുടെ സ്വാഭാവികമായുണ്ടാകുന്ന ഭാരവും, ഒക്കെ സമ്മാനിച്ച് കാലം മുന്നോട്ടു കുതിക്കുമ്പോഴും  ഉള്ളിലിപ്പോഴും  ഒരു  ‘കുട്ടി മനസ്സ്’  ഒരിത്തിരി പോലും വയസ്സാകാതെ ഇരിപ്പുണ്ടെന്നു ഓർമ്മിപ്പിക്കുന്നു ഇത്തരം ചില അച്ഛൻ അമ്മ വഴക്കു കേൾക്കലുകൾ.എത്ര വയസ്സായാലും അച്ഛനമ്മമാരുടെ അടുത്തെത്തുമ്പോൾ മാത്രം കുട്ടികളാകാൻ ഉള്ള ആ സിദ്ധി നമുക്ക് തന്ന ദൈവത്തിനു നന്ദി. എത്ര സുരക്ഷിതമായൊരിടമാണ് ആ സ്നേഹത്തണൽ..ഏതു കൊടും വെയിലും താണ്ടിയെത്തുമ്പോൾ ഇത്തിരി നേരം ഇളവേൽക്കാൻ, സ്വസ്ഥരാവാൻ അതവിടെ ഉണ്ടെന്നുള്ള ഓർമ്മ പോലും എന്തൊരു ധൈര്യവും, ഊർജ്ജവുമാണ്  സമ്മാനിക്കുന്നത്..

ഒരു ഉപ്പേരി വറുക്കൽ മഹാമഹം!!


 

Chips1
ചന്ദ്രയാൻ ദൗത്യം ലക്‌ഷ്യം കണ്ടിരുന്നെങ്കിൽ ISRO ചെയർമാന് ഉണ്ടാകുമായിരുന്ന സന്തോഷം ആയിരുന്നു എനിക്ക് ഇപ്പോൾ ആ ഉപ്പേരി വറുക്കൽ മഹാമഹം വിജയകരമായി പര്യവസാനിപ്പിച്ചപ്പോൾ ഉണ്ടായത്!! കാര്യം ഓണം ഉണ്ണാൻ  തുടങ്ങിയിട്ട് ഒരു മൂന്നു വ്യാഴവട്ടക്കാലത്തോളം ഒക്കെ  ആയിട്ടുണ്ടെങ്കിലും ‘കുട്ടി’ ജീവിതത്തിൽ ഇന്ന് വരെ സ്വന്തം കൈപ്പടയിൽ ഒരു ഉപ്പേരി വറുത്തിട്ടുണ്ടായിരുന്നില്ല. കുട്ടിയുടെ പ്രിയപ്പെട്ടവർ അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല എന്ന് വേണമെങ്കിലും പറയാം! ഇക്കുറി ഓണം ബുധനാഴ്ച വന്നു ചതിച്ചതു കാരണം നാട്ടിൽ പോകാൻ കഴിയാതെ വീർപ്പു മുട്ടുമ്പോഴാണ് ആ ചിന്ത ഉദിച്ചത്.  ഉപ്പേരിയില്ലാതെ എന്തോണം. ‘അമ്മയും അച്ഛനും ഒക്കെ ഓണത്തിന് മൈലപ്രക്ക് പോകുകയും ചെയ്തു. എന്റെ പിള്ളേർ ഓണമായിട്ടു ഉപ്പേരി ചോദിച്ചാൽ എന്ത് സമാധാനം പറയും എന്നൊരു ചിന്ത ആയിരുന്നു . എന്നാൽ സ്വന്തമായി ഉപ്പേരി വറുക്കുവാൻ ഉള്ള ആ ഒരു confidence ഒട്ടു അങ്ങോട്ട് കിട്ടുന്നുമില്ല. അടുത്തുള്ള മലയാളിക്കടയിൽ പ്രിയതമന്റെ നിർബന്ധപ്രകാരം കപ്പ വാങ്ങാൻ ഇറങ്ങിയപ്പോൾ കടക്കാരൻ എന്റെ ഉപ്പേരി മോഹങ്ങൾ  ആളിക്കത്തിക്കാൻ എന്നവണ്ണം ഒരു ചോദ്യം. “ചേച്ചി, ഓണമായിട്ടു പച്ചക്കായ ഒന്നും വേണ്ടേ,  ഉപ്പേരി ഒക്കെ വറുക്കേണ്ടേ..” എന്ന്. എന്നെ കണ്ടിട്ട് ഉപ്പേരി ഒക്കെ വറുക്കാൻ ഉള്ള caliber ഉള്ള ആൾ  ആണെന്ന് അയാൾക്കെങ്കിലും തോന്നിയല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. എന്നാൽ പിന്നെ ഒരു കിലോ പോരട്ടെ എന്നായി ഞാൻ.

ഉപ്പേരി വറുക്കുന്നതിനെ പറ്റി  എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ പ്രിയതമന്റെ മുഖത്ത് ഒരു ഞെട്ടൽ.നീ എന്തായാലും ആദ്യം ഒരെണ്ണം എടുത്തു സാമ്പിൾ വറുത്തു നോക്ക് എന്നിട്ടു നമുക്ക് തീരുമാനിക്കാം ബാക്കി വാഴക്ക എന്ത് ചെയ്യണം എന്ന്. എന്തൊരു വിശ്വാസം!!അപ്പോഴേ തീരുമാനിച്ചു ഇന്ന് ശരിയാക്കിത്തരാം എന്ന്!!പ്രിയതമൻ ഓണപരിപാടികളുടെ പ്രാക്ടീസ് നു പോയ ശുഭ മുഹൂർത്തം നോക്കി   പ്രിയതമ കളത്തിലിറങ്ങി.    YouTube നോക്കിയാലോ എന്നാദ്യം ഓർത്തു. മലയാളി ആയിട്ട് യൂട്യൂബ് നോക്കി ഉപ്പേരി വറുക്കുവാൻ എന്റെ അഭിമാനം സമ്മതിക്കാത്തതു കൊണ്ട് ആ ഉദ്യമം  ഞാൻ ഉപേക്ഷിച്ചു. വെളിച്ചെണ്ണ അടുപ്പിൽ വെച്ചപ്പോഴേ  മണം പിടിച്ചു കുഞ്ഞിപ്പെണ്ണ് ഹാജരായി. ഏതു തരം  ഉപ്പേരിയുടെയും കടുത്ത ഫാൻ ആണ് ആൾ.  ഞാൻ ആദ്യമായിട്ട് ഉപ്പേരി വറുക്കാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ കുഞ്ഞിപ്പെണ്ണിന് ഒരു പുച്ഛം . അമ്മൂമ്മക്ക്‌ ഒക്കെ നന്നായിട്ടു ഉപ്പേരി വറുക്കാൻ അറിയാമത്രേ!! ‘സ്ഥലം വിട്  സ്ഥലം വിട്’  എന്ന് ഞാൻ ഭീഷണി മുഴക്കിയപ്പോൾ, അടുത്ത ചോദ്യം  പാറു ചിറ്റയുടെ Youtube നോക്കിയാണോ ‘അമ്മ ഉണ്ടാക്കുന്നത് എന്നാണ്. അല്ല എന്ന് പറഞ്ഞപ്പോൾ, ‘അമ്മ ഈ ഫോൺ ഒന്ന് ഓൺ ചെയ്തു തന്നാൽ ഞാൻ YouTube നോക്കി അമ്മക്ക് പറഞ്ഞു തരാമത്രെ!! എന്തൊരു ഉദാരമനസ്കത!! ആ പേരും പറഞ്ഞു ഫോൺ എടുത്തു മുങ്ങാൻ ആണ് പ്ലാൻ.

എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം പണ്ട് ചെങ്ങന്നൂരിൽ  ബസ് കാത്തു നിൽക്കുമ്പോൾ opposite ഇൽ Malabar chips ന്റ്റെ  ഒരാളിരുന്നു ചകചകാന്നു ഇങ്ങനെ എണ്ണയിലേക്ക് ഉപ്പേരി അരിഞ്ഞു  തള്ളി വറത്തെടുക്കുന്നതു പോലെ സ്പീഡിലും perfection ലും ഒക്കെ ഉണ്ടാക്കണം എന്നൊക്കെ ആയിരുന്നു. ആദ്യത്തെ കായ ഞാൻ മറ്റേ ആ ഉപകരണം വെച്ച് ഒന്ന് അരിഞ്ഞു  നോക്കി. ഷേപ്പ് അങ്ങോട്ട് പറ്റുന്നില്ല. മലബാർ ചിപ്‌സ്‌കാരനെ പോലെ എണ്ണയിലേക്ക് നേരിട്ട് അരിഞ്ഞു തള്ളാൻ പറ്റുന്നില്ല. ഇത് ‘ഒരു നടയ്ക്കു’ പോകുന്ന ലക്ഷണം കാണുന്നില്ലല്ലോ എന്ന് ഞാനോർത്തു. ആദ്യത്തെ സെറ്റ് വറുത്തു കോരിയപ്പോൾ  തന്നെ പിള്ളേർ വന്നു attack ചെയ്തു.  ഇത്രയും മൂക്കണ്ട എന്ന് നവമി വക ഉപദേശം. അമ്മൂമ്മമാർ ഉണ്ടാക്കി കൊടുത്ത ഉപ്പേരി തിന്നു തിന്നു രണ്ടിനും ഉപ്പേരിയുടെ quality standards നെ പറ്റി  നല്ല ബോധ്യം ആണ്!!

രണ്ടാമത്തെ സെറ്റ് ഞാൻ ഉപകരണം മാറ്റി വെച്ച് സ്വന്തം കൈയ്യാൽ അരിഞ്ഞു  നോക്കി.  കണ്ടിട്ട് വല്യ കുഴപ്പമില്ല.. വറുത്തു കോരാൻ നേരം നവമിയുപദേശം ശിരസ്സാ വഹിച്ചു മൂപ്പു കുറച്ചു. നല്ല സ്വർണ്ണ വർണ്ണത്തിലുള്ള കിടിലൻ ഉപ്പേരി ഉണ്ടാക്കിയതോടെ കുറച്ചു അഹങ്കാരം വന്നു. പിള്ളേർ വന്നു രണ്ടാമത്തെ സെറ്റ് taste ചെയ്തു അവരുടെ standards അനുസരിച്ചുള്ളതാണെന്നു ഉറപ്പു വരുത്തി! ഒടുവിൽ 4 set വറുത്തെടുത്തപ്പോൾ പല shapes, പല colours ഒക്കെ ഉണ്ടെങ്കിലും ആകെ മൊത്തം ഒരു ഉപ്പേരി ലുക്കും, സ്വാദും ഉള്ളത് കൊണ്ട് സ്വന്തം സംരംഭം വിജയിച്ചതായി കുട്ടി സ്വയം പ്രഖ്യാപിച്ചു.!ഇത്രയൊക്കെ ഉണ്ടാക്കിയിട്ടും അവസാനം ആകെ കുറച്ചേ ഉള്ളു എന്നതേയുള്ളു ഒരു ദുഃഖം!. മൂത്തോ എന്ന് നോക്കാനായി വേണ്ടായെങ്കിലും ഞാൻ തന്നെയാണ് കുറെ തിന്നത്!! എന്തായാലും  ഇപ്പോൾ ഈ രംഗത്ത് ‘അമച്വർ’ ആണെങ്കിലും ഒരുനാൾ ഞാനും വറുത്തു തെളിയും എന്നൊരു ശുഭ പ്രതീക്ഷ മനസ്സിൽ നിറഞ്ഞു!

Chips full

ഓരോ ഓണത്തിനും സ്റ്റീൽ പാത്രത്തിൽ നിന്നും കൈയ്യിട്ടു വാരി ഉപ്പേരി തിന്നുമ്പോൾ ഓർത്തിരുന്നില്ല അമ്മമാരുടെ/ അമ്മൂമ്മമാരുടെ ഒക്കെ  ഈ അദ്ധ്വാനം. (അതൊക്കെ ‘business as usual’ എന്ന മട്ടിൽ ആയിരുന്നു കണ്ടിരുന്നത്!!) ഇന്നിപ്പോൾ സ്വന്തമായി ഉണ്ടാക്കിയപ്പോൾ ഒരു കാര്യം കൂടി മനസ്സിലായി, ചില അദ്ധ്വാനത്തിനു അതിന്റേതായ ഒരു രസമുണ്ട് എന്ന്..  “ഇനി മതി തിന്നത്” എന്ന് പറയുമ്പോഴും അതൊട്ടും കേൾക്കാതെ നാലു കുഞ്ഞിക്കൈകൾ ഉപ്പേരി വാരി എടുത്തു കൊണ്ട് ഓടി പോകുമ്പോൾ മനസ്സിലാണ് ഏറ്റവും മധുരമുള്ള  ഒരോണം വിടരുന്നത്.

Travel Diaries- Part 7 Nainital Day one 


കടുവാക്കാട്ടിൽ നിന്നും ഞങ്ങൾ പോയത് തടാകങ്ങളുടെ  നാടായ നൈനിറ്റാളിലേക്ക് ആയിരുന്നു.
Nainital Lake view

നൈനിറ്റാൾ മലനിരകളിലേക്കു കയറും തോറും സുഖമുള്ള ഒരു കുഞ്ഞു തണുപ്പ് ഞങ്ങളെ വന്നു പൊതിഞ്ഞു തുടങ്ങി. വീണ്ടും മനോഹരമായ ഹരിതവർണ്ണ കാഴ്ചകൾ. ഉച്ചയോടെ ഞങ്ങൾ ഹോട്ടലിൽ എത്തി. ഒരു രണ്ടു മണിക്കൂറേ ഉണ്ടായിരുന്നുള്ളു  അവിടെ എത്താൻ.  നൈനിറ്റാൾ ‘നയനാ ദേവി’യുടെ ആവാസസ്ഥലം  ആണ്..നയനാ ദേവിയിൽ നിന്നും ഉണ്ടായ പേരാണ് ആ നാടിനു. . അറുപതു തടാകങ്ങൾ ഉള്ള നാടാണ് നൈനിറ്റാൾ . അതിൽ ഏഴെണ്ണം ഏറെ പ്രശസ്തം. നൈന ദേവി എന്നത് ശിവന്റെ പ്രിയപത്നി സതി ആണെന്ന് ഞാൻ വായിച്ചറിഞ്ഞു. പണ്ട് സ്വന്തം പിതാവായ ദക്ഷൻ നടത്തിയ ദക്ഷ യാഗത്തിന് ശിവന്റെ എതിർപ്പ് വക വെയ്ക്കാതെ പോയ സതി അവിടെ നേരിട്ട  കടുത്ത അപമാനത്തിൽ മനം നൊന്ത് ആ ഹോമകുണ്ഡത്തിൽ ചാടി ആത്മാഹൂതി ചെയ്ത കഥ പണ്ട് അമ്മൂമ്മ പറഞ്ഞു തന്നിരുന്നു. ദക്ഷ നിഗ്രഹം ചെയ്തിട്ടും കോപവും ദുഖവും അടക്കാനാവാത്ത ശിവൻ ,പ്രാണപ്രിയയോടുള്ള ഇഷ്ടത്താൽ ആ  സതീദേഹം വഹിച്ചു ഉലകം മുഴുവനും ചുറ്റി  നടന്നു എന്ന് കഥ.    ശിവനെ ആ കൊടിയ ദുഃഖത്തിൽ നിന്നും മോചിപ്പിക്കാൻ മഹാവിഷ്ണു കണ്ടെത്തിയ മാർഗ്ഗം തന്റെ സുദർശന ചക്രം ഉപയോഗിച്ച് സതീദേഹം ഛിന്നഭിന്നമാക്കുക എന്നതായിരുന്നു.   അങ്ങനെ ഛേദിക്കപ്പെട്ട ദേഹത്തിലെ കരിംകൂവള മിഴികൾ വന്നു വീണത് നൈനിറ്റാളിൽ എന്ന് ഐതിഹ്യം. ദേവിയുടെ മനോഹര നയനങ്ങൾ വീണ ഇടം  നൈനിറ്റാൾ ആയി മാറി. അവിടെ ഒരു നയന ദേവി ക്ഷേത്രവും ഉണ്ടായി. സജലങ്ങളായ ആ മിഴികളിൽ നിന്ന് വാർന്നു വീണ മിഴിനീരിനാൽ ആകും ആ  നാടിനു ഇത്രയധികം തടാകങ്ങൾ ഉണ്ടായതെന്ന് ഞാൻ വെറുതെ ഓർത്തു. ഓരോ നാടിനും എത്രയെത്ര കഥകൾ, ഐതിഹ്യങ്ങൾ.. ഞാൻ അപ്പോൾ നമ്മുടെ ചെങ്ങന്നൂരിനെ ഓർത്തു. ഇതേ കഥയുമായി സാമ്യം. ദേവിയുടെ രക്തം വീണു ചുവന്ന മണ്ണ് ചെങ്കുന്നൂരും പിന്നീട് ചെങ്ങന്നൂരും ആയി കഥ.

ഞങ്ങൾ അന്ന് ഉച്ചകഴിഞ്ഞു റോപ്പ്‌വേ കയറി വ്യൂ പോയിന്റ് കാണാൻ പോയി. വന്നതിൽ പിന്നെ ഇത് എത്രാമത്തെ റോപ്പ്‌വേ ആണെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. ഇനി ഇപ്പം  തിരിച്ചു ചെല്ലുമ്പോൾ താഴെ നിന്നും വീട്ടിലോട്ടു കയറാനും ഒരു റോപ്പ്‌വേ ആയാലെന്താ എന്ന അവസ്ഥയിലായി ഞങ്ങൾ. അവിടെ നിന്നും ഞങ്ങൾ നൈനി lake ൽ ബോട്ടിംഗ് നു പോയി.

Nainital boating2

ബാംഗ്ലൂർ ലെ waste  dumping ഇടങ്ങളായ, പതഞ്ഞു പൊങ്ങി, തീ പിടിക്കുന്ന തടാകങ്ങൾ മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്ക് നൈനി lake ന്റെ മനോഹാരിത ഒരു അത്ഭുതമായി തോന്നി. അപ്പോൾ മൊത്തം ഇടങ്ങളിലും മനുഷ്യർ ഇങ്ങനെ ഒന്നും അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. ചുറ്റിലും ഉള്ള പച്ച പർവതങ്ങളുടെ പ്രതിഫലനം നെഞ്ചിലേറ്റിയെന്നത് പോലെ നല്ല പച്ച നിറമുള്ള ജലം. ഏറ്റവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് ഇവിടെ . തൊട്ടാൽ ഇളം തണുപ്പ്. വേണമെങ്കിൽ കുടിക്കുകയും ചെയ്യാം എന്ന് ഞങ്ങളുടെ ബോട്ട്കാരൻ പറഞ്ഞെങ്കിലും ശീലമില്ലാത്തതു കൊണ്ട് ആ സാഹസത്തിനു മുതിർന്നില്ല. ഒരു ബോട്ടിൽ 4  പേര് കഷ്ടിയാണ്. Threat and Vulnerability expert ആവട്ടെ  boat ticket എടുക്കുന്നതിനു മുൻപ് തന്നെ life jacket ആവശ്യപ്പെട്ടു. ഇവിടെ ഒന്നും ആരും life jacket  ഇടാറില്ല എന്ന് ബോട്ട്കാരൻ വാദിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെടുത്തി നമ്മുടെ ‘risk assessmentൻറെ മൊത്ത കച്ചവടക്കാരൻ’!! അവസാനം boat പുരയുടെ ഏതോ മൂലയിൽ നിന്നും അയാൾ കുറെ ലൈഫ് ജാക്കറ്റ് പൊക്കി കൊണ്ട് വന്നു. അതിന്റെ നാറ്റം കുറച്ചു കടുപ്പമായിരുന്നു. ഇതിട്ട് അത്രയും നേരം ഇരിക്കുന്നതിലും ഭേദം ഞാൻ ആ നൈനി lake ൽ മുങ്ങി ചാകുന്നതാ എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ കഷ്ട്ടപ്പെട്ടു control ചെയ്തു. കാവിലമ്മേ ശക്തി തരണേ എന്ന് പ്രാർത്ഥിച്ചു നാവടക്കി!!കുഞ്ഞിപ്പെണ്ണിന് വെള്ളത്തിൽ കൈ മുക്കണം, കാൽ മുക്കണം, മുഖം കഴുകണം തുടങ്ങിയ അത്യാഗ്രഹങ്ങൾ ആവോളം ഉണ്ടായിക്കൊണ്ടിരുന്നു. യഥാസമയം കണ്ണുരുട്ടലും, ‘ഗർർർ’ ശബ്ദവും പിച്ചും, അടിയും ഒക്കെ വേണ്ട അളവിൽ സമാസമം ചേർത്ത്  നൽകി ഞാൻ അതൊക്കെ അടക്കി നിർത്തിപ്പിച്ചു..!!

Nainital 1

അവിടെ നിന്നും ഞങ്ങൾ തിരിച്ചു വരുമ്പോഴാണ് ആ portrait artist നെ കണ്ടത്. 15 മിനിറ്റിനുള്ളിൽ മുഖം വരക്കും, 200 രൂപ. ഇതിനു മുന്നേ ഒരിക്കൽ എന്റെ ഓഫീസിൽ ഒരു ഫാമിലി ഡേ പ്രോഗ്രാം നു വന്ന നവമി ഇത് പോലെ ഒരു സാഹസത്തിനു തല വെച്ച് കൊടുത്തിരുന്നു. ഒടുവിൽ output ആയി കിട്ടിയ ചിത്രം വീട്ടിൽ വന്നു 150 കഷ്ണങ്ങളായി കീറി കാറ്റിൽ പറത്തിയിട്ടാണ് ശ്വാസം വിട്ടതെന്ന് മാത്രം. പക്ഷെ ഇക്കുറി ആൾ കടുത്ത ആത്മവിശ്വാസത്തിൽ ആയിരുന്നു. ‘ഇയാൾ പൊളിക്കും, എനിക്കുറപ്പാ mode’ !! അങ്ങനെ വര ആരംഭിച്ചു. നെറ്റിയും, കണ്ണും മൂക്കും വരച്ചു കഴിഞ്ഞപ്പോളേ എനിക്ക് സന്തോഷമായി. ” കണ്ടോ കണ്ടോ ഇത് ഞാൻ തന്നെ അല്ലെന്നു ആരെങ്കിലും പറയുമോ..” എന്നായി ഞാൻ. പിതാശ്രീ ആവട്ടെ “ഓ  പിന്നെ, വേണമെങ്കിൽ ആ മുടിയുടെ അറ്റം നിന്റെ കൂട്ട് തന്നെ ആണെന്ന് സമ്മതിക്കാം, ബാക്കി മൊത്തത്തിന്റെയും copy rights ഞാൻ ആർക്കും വിട്ടു കൊടുക്കാൻ ഉദ്ദേശിക്കുന്നിലത്രെ..”!!അങ്ങനെ അവിടെ അടി മൂക്കുമ്പോൾ കുഞ്ഞിപ്പെണ്ണ് അന്തിമ വിധി പ്രഖ്യാപിച്ചു ” അങ്ങനെ  നിങ്ങൾ രണ്ടു പേരുടേം കൂട്ടാണ്  നവമിച്ചേച്ചി ന്നു വിചാരിക്കണ്ട. എന്റെ കൂട്ട് മാത്രം ആണെന്ന്.!!” തല്ക്കാലം വെടി  നിർത്തൽ പ്രഖ്യാപിച്ച ഞങ്ങൾ അത് സമ്മതിച്ചു കൊടുത്തു. (അല്ലെങ്കിൽ ഞങ്ങളുടെ കാര്യം കട്ടപൊകയാവും).

Portrait drawing

പതിനഞ്ചു മിനിറ്റിൽ അയാൾ ആ ചിത്രം മനോഹരമായി വരച്ചു തന്നു. മുഖത്തിന്റെ താഴ് ഭാഗത്തിന് ചെറിയ വ്യത്യാസം ഉണ്ടെങ്കിലും നന്നായിട്ടുണ്ടായിരുന്നു ആ വര. അത് ഞങ്ങൾ അവിടെ ഒരു കടയിൽ കൊടുത്തു ഫ്രെയിം ചെയ്യിപ്പിച്ചു കൊണ്ട് വന്നു.

തുടരും..

അത്തം


 

അത്തം ആണല്ലോ ഇന്ന് .

ഈ ബാംഗ്ലൂർ ഫ്ലാറ്റിൽ മുറ്റമില്ല,  തുളസിയില്ല, തെച്ചിപ്പൂവും, തുമ്പയും തുമ്പിയും ഒന്നുമില്ല
എങ്കിലും..
പഴയ ഒരുപാടോർമ്മകളുടെ നിറവുള്ളതിനാൽ പൂക്കളമിടാതിരിക്കാനാവില്ലല്ലോ..
കുഞ്ഞിക്കൈകൾ താഴെ നിന്ന് എങ്ങനെയൊക്കെയോ സംഘടിപ്പിച്ചു കൊണ്ടു വന്ന പൂക്കളാൽ ഞങ്ങളും ഇട്ടു ഒരു കുഞ്ഞു പൂക്കളം.

atham

കോടുകുളഞ്ഞിയിലെ പഴയ വീടിന്റെ മുറ്റത്തു മണ്ണ് കൊണ്ട് ഒരു കൂനയുണ്ടാക്കി അതിൽ തലേദിവസം ചാണകം മെഴുകി അമ്മൂമ്മ ഉണ്ടാക്കി തരുന്ന പൂത്തറയും, ചുവന്ന ചെമ്പരത്തികൾ ധാരാളം പറിച്ചു കൊണ്ട് വന്നു ഈർക്കിലിൽ കുത്തിയ കുടയും, ഇളം വയലറ്റ് നിറമുള്ള ഓണപ്പൂവിന്റെ സമൃദ്ധിയും, ചേച്ചിയുടെയും അനിയത്തിയുടെയും കൈയ്യിന്റെ ഇളം ചൂടും ഒന്നുമില്ലെങ്കിലും നാളെ എന്റെ മക്കൾക്ക് ഓർമ്മകളുടെ കണിയാവാൻ ഇതെങ്കിലും ഒരുക്കാതിരിക്കാനാവില്ലല്ലോ.. ഓണമല്ലേ..നാളെയുടെ ഓർമ്മകളല്ലേ..

atham2

10 years of Blogging!


എന്റെ ബ്ലോഗ് തുടങ്ങിയിട്ട് പത്തു വർഷവും ഒരു മാസവും പിന്നിട്ടിരിക്കുന്നു..വിശ്വസിക്കാനാവുന്നില്ല കാലത്തിന്റെ ഈ കുത്തൊഴുക്ക്..എനിക്കേറ്റവും പ്രിയപ്പെട്ട എന്റേതെന്നു മാത്രം പറയാവുന്ന ഒരിടമാണിത്. ഏതു കുഞ്ഞു സങ്കടത്തിരയിലും, ഏതു ടെന്ഷനുകൾക്കു നടുവിലും, എത്ര മടുപ്പാർന്ന ദിവസങ്ങളിലും, എനിക്ക് ആശ്വാസതീരം ആണിത്.. ഓർമ്മകളുടെ ഉത്സവകാലത്തിലേക്കു ഒരു നിമിഷാർദ്ധം കൊണ്ടെന്നെ കൊണ്ട് പോകുന്ന ഇടം.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയ നിമിഷങ്ങളുടെ സ്പന്ദനം നിങ്ങൾക്കിവിടെ തൊട്ടറിയാം , എന്റെ ഏറ്റവും പ്രിയതരമായ ഓർമ്മകളുടെ കിലുക്കം നിങ്ങൾക്കിവിടെ കേട്ടറിയാം, എനിക്കേറ്റവും പ്രിയങ്കരരായ ചിലരെ നിങ്ങൾക്കിവിടെ കണ്ടറിയാം..എന്തെങ്കിലും എഴുതാൻ വേണ്ടിയെന്നവണ്ണം ഞാൻ ഇവിടെ ഒന്നും എഴുതിയിട്ടില്ല. വാക്കുകൾ, emotions, അനുഭവങ്ങൾ, ഓർമ്മകൾ, ഇതൊക്കെ വന്നു മനസ്സ് നിറയുമ്പോൾ പകർത്തിയെഴുതിയ പേജുകൾ ആണിവിടെ..എന്റെ ബ്ലോഗ് മാത്രം വായിച്ചു വായനാശീലം മരിക്കാതെ കാത്തു സൂക്ഷിക്കുന്ന ചില പ്രിയപ്പെട്ട കൂട്ടുകാർ എനിക്കുണ്ട് എന്നത് എന്റെ സ്വകാര്യമായ ഒരു അഹങ്കാരമാണ് എന്ന് പറയാതിരിക്കാനാവുന്നില്ല. ഒരുപാട് വായനക്കാരൊന്നും എനിക്കില്ല. എനിക്ക് ഏറ്ററ്വും പ്രിയപ്പെട്ട ചിലർ മാത്രം.  അവർ വായിക്കുമ്പോൾ, അവർക്കു എന്റെ emotions മായി connect ചെയ്യാൻ കഴിയുമ്പോൾ എന്റെ എഴുത്തു ധന്യമായിത്തീരുന്നു..

BK

എഴുതി തുടങ്ങിയത് high school കാലത്തായിരുന്നു. ‘വൈകി വന്ന വസന്തമെന്നോ’ ‘മൺ മറഞ്ഞ വസന്തമെന്നോ’ മറ്റോ പേരിട്ട ഒരു പൈങ്കിളി കഥയിൽ ആയിരുന്നു തുടങ്ങിയത്. പത്താം  ക്ലാസ്സിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ കവിത രചന മത്സരത്തിൽ അബദ്ധത്തിൽ പോയെന്നു പങ്കെടുത്തപ്പോൾ എങ്ങനെയോ രണ്ടാം സ്ഥാനം കിട്ടിയിരുന്നു. മേഘക്കായിരുന്നു ഫസ്റ്റ്. ആ ചെറിയ സമ്മാനം തന്ന പ്രോത്സാഹനം വളരെ വലുതായിരുന്നു.

കോളേജിൽ എത്തിയപ്പോൾ അങ്ങനെ കാര്യമായി ഒന്നും എഴുതുന്നുണ്ടായിരുന്നില്ല. അപ്പപ്പോൾ തോന്നുന്ന ചിലതു പ്രീഡിഗ്രി ക്ലാസ്സിന്റെ ബ്ലാക്ക് ബോർഡ് ൽ അക്ഷരങ്ങളായി വിരിഞ്ഞിരുന്നു. ടീച്ചർ വന്നു തുടച്ചു കളയുന്നത് വരെ മാത്രം ആയുസ്സുള്ള സൃഷ്ടികൾ. ബാബു സാറിൻറെ മാത്‍സ് ട്യൂഷൻ ക്ലാസ്സുകളിലെ ഈ ബോർഡ് എഴുത്തുകൾ കണ്ടു സാർ ഒരു ദിവസം സഹികെട്ടു ഒരു നോട്ട് ബുക്ക് കൊണ്ട് തന്നിട്ട് പറഞ്ഞു. ഇനി എന്തെഴുതണമെങ്കിലും ഈ ബുക്കിൽ കുറിച്ച് കൊള്ളാൻ. ഞാൻ അത് ഇവിടെ സൂക്ഷിച്ചു വെച്ച് കൊള്ളാമെന്നും. അക്ഷരക്കൂട് എന്ന് പേരിട്ട ആ ബുക്കിൽ ആയി പിന്നീട് സൃഷ്ടികൾ. തലയും വാലും  ഒന്നും ഇല്ലാതെ എന്തൊക്കെയോ എഴുതിയിരുന്ന കാലം. വായനക്കാർ സാറും കൂട്ടുകാരും.പിന്നീട് വര്ഷങ്ങള്ക്കു ശേഷം ഒരിക്കൽ സാറിനെ കാണാൻ ചെന്നപ്പോൾ, “ഒരു മിനിട്ടെ..ഞാൻ ഇപ്പൊ വരം” എന്ന് പറഞ്ഞു അകത്തേക്ക് പോയ സാർ വന്നത് എന്റെ ആ  പഴയ നോട്ടുബുക്കുമായിട്ടായിരുന്നു.  അതിൽ നിറയെ കാലം മായ്ക്കാത്ത അക്ഷരങ്ങൾ. കണ്ണ് നിറഞ്ഞു പോയി..

കോളേജ് മാഗസിനിൽ  പ്രസിദ്ധീകരിച്ച ഒരു ‘കട്ട സാഹിത്യ’ കഥ ആയിരുന്നു അടുത്ത മേജർ ഐറ്റം. എന്തായിരുന്നു അതിൻ്റെ  ഒക്കെ അർഥം എന്ന് ഇപ്പോൾ ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല. അന്നൊക്കെ എഴുത്തു എന്ന് വെച്ചാൽ സാഹിത്യ സൃഷ്ടി അന്നൊരു തെറ്റുദ്ധാരണ ഉണ്ടായിരുന്നു. മനുഷ്യന് മനസ്സിലാവാത്ത ഭാഷയിൽ, ഏറ്റവും മനോഹരവും, കഠിനവുമായ മലയാള പദങ്ങൾ  ചേർത്ത് വെച്ചാലേ  നല്ല കഥയാവു, കവിതയാവു എന്നൊക്കെ ധരിച്ചിരുന്നു. ഹൃദയത്തോട് സംവദിക്കാൻ കഴിയുന്നതാവണം സൃഷ്ടി എന്ന് മനസ്സിലായത് പിന്നീടെന്നോ  ആണ്. എന്റെ അക്ഷരങ്ങൾ  കൊണ്ട് നിന്റെ കണ്ണൊന്നു നനഞ്ഞാൽ നെഞ്ച് ഒന്നു  പിടച്ചാൽ, പ്രിയപ്പെട്ടവരേ ഒന്നോർമ്മിച്ചാൽ, ഗൃഹാതുരമായാൽ, അവിടെയാണ് ഓരോ എഴുത്തും ധന്യമാവുന്നതെന്നു ഞാൻ അറിഞ്ഞു.

ഡിഗ്രിക്കും, പിജിക്കും ഒക്കെ പഠിക്കുമ്പോൾ എഴുത്തു കത്തുകളിലേക്കായി മാത്രം ചുരുങ്ങി. ചേച്ചി അപ്പോഴേക്കും വയനാട്ടിലേക്ക് പോയിരുന്നു. ജേർണലിസം പഠിക്കാൻ പോയപ്പോൾ എഴുത്തു മൊത്തമായിട്ടേ നിർത്തി. അത്രക്കുണ്ടായിരുന്നു കാര്യവട്ടം തന്ന ആത്മവിശ്വാസക്കുറവ്!!പിന്നെ കുറേക്കാലം ഒന്നും എഴുതിയതേ ഇല്ല. (പ്രിയതമന് എഴുതിയ കത്തുകൾ ഒഴികെ..(ഞങ്ങളുടെ ആ കാലത്തിൽ  മൊബൈൽ ഫോണും SMS ഉം ഉണ്ടായിരുന്നെങ്കിലും എനിക്കു കൂടുതലിഷ്ടം പോസ്റ്റൽ സർവീസ് നോടായിരുന്നു). എഴുത്തിലേക്കൊരു മടങ്ങി വരവ് അതോ വരവോ നടത്തിയത് ഒരിക്കൽ കല്ലൂപ്പാറയിലെ നാലുകെട്ടിന്റെ മുറ്റത്തു ചെന്നിരുന്നപ്പോൾ എനിക്ക് തോന്നിയ ഒരു വിവരിക്കാനാവാത്ത ഒരു വിഷാദമോ നഷ്ടബോധമോ ഒക്കെ ആയിരുന്നു. അത് ഞാൻ ഒന്നെഴുതി വെച്ചു. അത് എന്റെ ബ്ലോഗിൽ ഉണ്ട്-  Link

അന്ന് ബ്ലോഗുകൾ സജീവമായിരുന്ന കാലം ആയിരുന്നു. ബെർളിത്തരങ്ങളും, കൊടകരപുരാണവും ഒക്കെ ഹിറ്റ് ആയി ഓടുന്ന കാലം. ബ്ലോഗുലകത്തിൽ എന്റേതായ ഒരു കുഞ്ഞിടം ഒരുക്കണമെന്ന് ആഹ്വനം ചെയ്തതും, പിന്നെ ബ്ലോഗ്സ്പോട്ടില് ആദ്യം ഒരു അക്കൗണ്ട് തുടങ്ങിയതും പ്രിയതമൻ ആയിരുന്നു. പിന്നീട് അത് WordPress ലേക്ക് കൂടു മാറി. ബ്ലോഗിന്റെ സുവർണ്ണകാലം അസ്തമിച്ചുവെങ്കിലും, പലരും ബ്ലോഗ് നിർത്തിയെങ്കിലും എന്റെ ബ്ലോഗ് സജീവമായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെ, എന്റെ ചിന്തകളുടെ ഓർമ്മകളുടെ ഒക്കെ ഒരു reflection ആയി ഈ ഇടം കാത്തു സൂക്ഷിച്ചത് കൊണ്ടായിരിക്കും അതിങ്ങനെ മാറ്റമൊന്നുമില്ലാതെ തുടരുന്നത്. ഓരോ ബ്ലോഗിലും ആദ്യത്തെ ലൈക്ക് വീഴുന്ന നിമിഷം ഞാൻ ഇന്നും ഒരു കുട്ടിയെ പോലെ സന്തോഷിക്കും. ഒരുപാടു വായനക്കാർ ഒന്നും വേണമെന്ന് എനിക്കില്ല.. അറിഞ്ഞു വായിക്കുന്ന ഒരേ ഒരാൾ ആയാലും മതി.

ബ്ലോഗ് പത്തു വർഷം പിന്നിടുമ്പോൾ ഒരേ ഒരു പ്രാർത്ഥന മാത്രം..ഒരു പുഴ സ്വാഭാവികമായി ഒഴുകുന്നത് പോലെ എഴുതാൻ എല്ലാക്കാലത്തും  കഴിയണേ  എന്ന്. കാരണം അത് നിലച്ചു പോകുന്ന നിമിഷം മരണമാണ്..അത്രമേൽ ആഴത്തിൽ ഞാനെന്നെ ചേർത്ത് വെച്ചിരിക്കുന്ന ഇടമാണിത്.  ഏറ്റവും സന്തോഷമായി, ഏറ്റവും ആയാസരഹിതമായി ഞാൻ ഇടപെടുന്ന  എന്റെ പ്രിയപ്പെട്ട ഇടമാണിത്..എന്റെ അക്ഷരങ്ങളോളം സ്വന്തമെന്നു അത്രമേൽ അവകാശപ്പെടാവുന്ന മറ്റെന്താണ് ഈ ഭൂമിയിൽ ഉള്ളത്..

Travel Diaries Part 6- കാടറിയാനൊരു യാത്ര (Jim Corbett Jungle Safari )


കാടറിയാനുള്ള യാത്രയുടെ ദിവസം പുലർന്നു.


 വെളുപ്പിനെ അഞ്ചരക്ക് റെഡി ആയി ചെന്നപ്പോൾ ഓപ്പൺ ജീപ്പ് ഞങ്ങളെ പ്രതീക്ഷിച്ചു അവിടെ ഉണ്ടായിരുന്നു. അതൊന്നു കവർ ചെയ്യിപ്പിക്കാൻ നമ്മുടെ threat & vulnerability expert മാക്സിമം ശ്രമിച്ചു പരാജയപ്പെട്ടു. കുഞ്ഞിപ്പെണ്ണിന് വണ്ടിയിൽ കയറിയപ്പോൾ side seat തന്നെ വേണം. ഒടുവിൽ രണ്ടു പിച്ചും ഒരടിയും ഒക്കെ കൊടുത്തു ഞാൻ ആ നീക്കം പൊളിച്ചു.

 

Jungla safari

Jim Corbett National Park ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു Tiger reserve ആണ്. Jim Corbett എന്ന പേരുള്ള ബ്രിട്ടീഷ് കാരനായ ഒരു ‘പുലിമുരുകന്റെ’ പേരിലുള്ളതാണ് ഈ national park. മനുഷ്യജീവന് ഭീഷണിയായ 50 ലധികം കടുവകളെ തട്ടിയ ചരിത്രമാണ് കോർബ്ബെട്ടിന്റേതു. ചുമ്മാ തട്ടിയെന്ന് വെച്ച് ആൾ അങ്ങനെ ക്രൂരനൊന്നുമല്ല. Wild life conservation നു വേണ്ടി ഒരുപാട് പ്രവർത്തിക്കുകയും, ഏറെ പുസ്തകങ്ങൾ രചിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു മനുഷ്യനായിരുന്നു അത്.   നൈനിറ്റാളിലേക്കുള്ള യാത്രയിൽ പണ്ടത്തെ ആ പുലിമുരുകന്റെ എല്ലാ details ഉം ഉള്ള ഒരു museum  ഞങ്ങൾ സന്ദർശിച്ചിരുന്നു.
Jim Corbett

 

കാട് തുടങ്ങുന്നയിടത്തു വെച്ചാണ് വളരെ interesting ആയ ആ കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ഞങ്ങളുടെ വനയാത്രയിലെ ഗൈഡ് ആയിരുന്നു അത്. ബച്ചി എന്ന പേരുള്ള നീണ്ട ചെമ്പൻ മുടിക്കാരൻ. എന്റെ മുടിയേക്കാൾ നീളമുള്ള അയാളുടെ മുടി അയാൾ കെട്ടിവെച്ചിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന മനുഷ്യൻ. അയാൾ ഞങ്ങളെ പരിചയപ്പെട്ട് വണ്ടിയുടെ മുൻ സീറ്റിൽ കയറി. അയാൾ ഞങ്ങളോട് പറഞ്ഞു കാട് ഒരു അനുഭവമാണ്. എന്തൊക്കെ വിസ്മയങ്ങളാണ് അത് നിങ്ങള്ക്ക് മുൻപിൽ തുറക്കുന്നത് എന്നത് അറിയാൻ നിങ്ങൾ കണ്ണും കാതും തുറന്നിരിക്കണം, ഓരോ അനുഭവങ്ങളെയും നിറഞ്ഞ മനസ്സോടെ എറ്റു  വാങ്ങണം. ഇത്ര മൃഗങ്ങളെ കാണും, ഇത്ര പക്ഷികളെ കാണും എന്നുള്ള ഒരു ചെക്ക് ലിസ്റ്റ് മായി പോകേണ്ട ഇടമല്ല അത്. കാട് തരുന്ന മനോഹരമായ കാഴ്ചകൾ, സ്വരഭേദങ്ങൾ, പൂത്ത മാമരങ്ങളുടെ ഗന്ധം, ഇതൊക്കെ വിലമതിക്കാനാവാത്ത സമ്മാനമായി കരുതി സ്വീകരിക്കണം എന്ന്. ഞങ്ങൾക്കും അത് തന്നെയായിരുന്നു വേണ്ടിയിരുന്നത്. (കടുവയെയും, പുലിയെയും, ആനയെയും ഒക്കെ കാണുക എന്നത് ഞങ്ങളുടെ അജണ്ടയിൽ ഇല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. )

Forest Guide Bachi

 

ഒരു തികഞ്ഞ കാനന സ്നേഹിയായ മനുഷ്യൻ ആയിരുന്നു ഞങ്ങളുടെ ഗൈഡ്.  30 വർഷങ്ങളായി കാടിന്റെ സ്പന്ദനങ്ങൾ തേടി നടക്കുന്ന മനുഷ്യൻ. profession ഉം passion ഉം ഒന്നായതിന്റെ സന്തോഷം അനുഭവിക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ. അയാൾ പറഞ്ഞു ചിലർ ഒക്കെ ജീപ്പിൽ കയറുമ്പോഴേ ചോദിക്കും “നിങ്ങളുട കൈയ്യിൽ gun ഉണ്ടോന്നു, കടുവ വന്നാൽ വെടി  വെക്കുമോ എന്ന്. എനിക്ക് തീരെ ഇഷ്ടമല്ലാത്ത ചോദ്യമാണത്.  അവരോടു ഞാൻ പറയും മനുഷ്യരോളം ക്രൂരായ മറ്റൊരു species ഈ ലോകത്തിലില്ലെന്ന് . ഗൺ കൊണ്ടല്ല intelligence കൊണ്ടാണ് മൃഗങ്ങളെ നേരിടേണ്ടതെന്നു” മൃഗങ്ങൾ മനുഷ്യരെപ്പോലെ അല്ലെന്നും അനാവശ്യമായി അതൊരു ആക്രമണത്തിന് മുതിരാറില്ല എന്നും അയാൾ കൂട്ടിച്ചേർത്തു. . (ഈ ഗൺ ഉണ്ടോ ചോദ്യം ബച്ചി വരുന്നതിനു മുൻപേ യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഡ്രൈവറോട് ചോദിച്ച പ്രിയതമൻ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ ജപിച്ചു പടിഞ്ഞാറോട്ടു നോക്കി ഇരുന്നു ഒരു മിനിറ്റ് നേരം!!)എന്തൊക്കെ പറഞ്ഞാലും വിശന്നിരിക്കുന്ന ഒരു കടുവക്കു ഈ പറയുന്ന ആദർശങ്ങൾ ഒക്കെ ഉണ്ടായിരിക്കുമോ എന്നൊരു സംശയം ആ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റി !!ഉൾക്കാടിന്റെ സ്പന്ദനങ്ങൾ അറിയുന്ന ബച്ചിയോടു എന്തായാലും ആൾ കൂടുതൽ ‘കടുവ വന്നാലോ related’ സംശയങ്ങൾ ഒന്നും ഉന്നയിച്ചില്ല..

കാടിന് ഒരു തണുപ്പുണ്ടായിരുന്നു , ഹൃദ്യമായ ഒരു ഗന്ധമുണ്ടായിരുന്നു , നിശബ്ദതയുടെ ഒരു സംഗീതമുണ്ടായിരുന്നു, ഇടയ്ക്കു അരുവികൾ ഒഴുകുമ്പോൾ കളകളാരവം ഉണ്ടായിരുന്നു.. അതിലൂടെ ഞങ്ങളുടെ ഓപ്പൺ ജീപ്പ് ഇരമ്പി പാഞ്ഞു പോകുമ്പോൾ  ഒരു ആന ഫാമിലിയെ കണ്ടു. കുഞ്ഞാനകളും, വല്യാനകളും എല്ലാം ചേർന്ന ഒരു കൂട്ടുകുടുംബം. ഇടക്കൊരു rare bird ആയ Indian Pitta യെ spot ചെയ്തത് നവമിയായിരുന്നു. കുഞ്ഞു മാൻ കൂട്ടങ്ങളും, കുരങ്ങുകളും യഥേഷ്ടം വിഹരിക്കുന്നതു കണ്ടു. ബച്ചി അയാളുടെ ‘ചിഡിയാ’ എന്ന് പേരുള്ള 10 വയസ്സുകാരി മകളെക്കുറിച്ചു പറഞ്ഞു  കൊണ്ടിരുന്നു.പെൺകുട്ടികൾ ഓരോ വീടിന്റെയും അനുഗ്രഹമാണെന്നും, രണ്ടു പെൺകുട്ടികൾ ഉള്ള ഞങ്ങൾ അനുഗ്രഹീതരാണെന്നും ഒക്കെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു ഒരു കീരിയെ കണ്ടപ്പോൾ അയാൾ വിഖ്യാതമായ ആ കീരിക്കഥ  അറിയുമോയെന്നു നവമിയോട് ചോദിച്ചു. നവമിയോട് അതൊന്നു പറയാൻ പറഞ്ഞപ്പോൾ നവമി അത് വളരെ ഭംഗിയായി narrate ചെയ്തതു കേട്ട് അയാൾ അവളെ അഭിനന്ദിച്ചു. You narrated it very well and that too in a few lines. very crisply എന്നൊക്കെ പറഞ്ഞത് കേട്ട് നവമിയുടെ മുഖത്തു ആയിരം whatt തെളിച്ചമായി. കുഞ്ഞിപ്പെണ്ണിന് അതത്ര പിടിച്ചില്ലെങ്കിലും കാട് ആയതു കൊണ്ട് ആൾ സംയമനം പാലിച്ചു. പോകുന്ന വഴികളിലെല്ലാം ആയിരക്കണക്കിന് കറിവേപ്പിന്റെ തൈകൾ നിരന്നു നിൽക്കുന്നത് കണ്ടു കാടായതു  കൊണ്ട് അമ്മയും കഷ്ടപ്പെട്ട് സംയമനം പാലിച്ചു.

jungle stream
ഒരു രണ്ടു രണ്ടര മണിക്കൂർ ചുറ്റി ഞങ്ങൾ വന്നെങ്കിലും കാനനം  ഞങ്ങൾക്ക് മുൻപിൽ അതിന്റെ വന്യമായ കാഴ്ചകൾ ഒന്നും തുറന്നില്ല (ഭാഗ്യത്തിന് എന്ന് കൂട്ടിച്ചേർക്കുന്നു). തിരിച്ചുള്ള വരവിൽ ജീപ്പിൽ ബച്ചി ഒരു ‘ബച്ചാ’ യെപ്പോലെ കൂർക്കം വലിച്ചുറങ്ങി. ഞങ്ങൾ കാടിന്റെ ഹരിത സമൃദ്ധിയിൽ മനസ്സ് കൊരുത്തു ജീപ്പിലിരുന്നു..
Jim Cobett wordings
കാട് തന്ന freshness മനസ്സിലേക്കും ശരീരത്തിലേക്കും ആവോളം ആവാഹിച്ചു ഞങ്ങൾ ബച്ചിയോടു വഴിയിൽ വിട പറഞ്ഞു ഹോട്ടലിൽ എത്തി.  സർവ്വം ശുഭം. അനിഷ്ട സംഭവങ്ങൾ ഒന്നും കൂടാതെ സുരക്ഷിതമായി തിരിച്ചെത്തിയതോർത്തു threat & vulnerability expert നു സമാധാനം. ഞാൻ അപ്പോഴും ‘ഹിതോക്കെയെന്ത് ‘.. എന്ന് സലിം കുമാർ mode ൽ  ഇരുന്നു!!   ആ mode ഒന്ന് മാറ്റിപ്പിടിച്ചത് ബാക്കി യാത്രയൊക്കെ പൂർത്തിയാക്കി തിരിച്ചു ബാംഗ്ലൂർ  എത്തി, ഓഫീസിൽ ഇരിക്കുന്ന ആ തിങ്കളാഴ്ച ആയിരുന്നു. യാത്ര പോകുന്നതിനു മുൻപേ പോകുന്ന സ്ഥലങ്ങളുടെ എല്ലാം പേരിൽ വാർത്തകൾ അറിയാനായി ഒരു ഗൂഗിൾ alert set ചെയ്തിരുന്നു. അതിൽ ആദ്യം കണ്ണിലുടക്കിയത് Jim Corbbett national park ന്റെ ഒരു വാർത്തയായിരുന്നു. അതിന്റെ title ഇതായിരുന്നു ” Daily Wage Patroller dragged and killed by tiger at Corbett Reserve in Nainital “.അതും news August 14 നു,ഞങ്ങൾ പോയത് August 13 നായിരുന്നു..നട്ടെല്ലിൽ നിന്ന് ഇരച്ചു കയറിയ ഒരു ഞെട്ടൽ ചെന്നെത്തി നിന്നതു  മസ്തിഷ്‌കത്തിൽ ആയിരുന്നു. Threat &vulnerability expert ന്റെ  ഉറക്കമില്ലായ്മയുടെ അർത്ഥം അപ്പോൾ മാത്രമാണ് എനിക്ക് കൃത്യമായി  വായിച്ചെടുക്കാനായത് . എന്റെ അന്നത്തെ അവസ്ഥ ‘ignorance is bliss’ എന്നതായിരുന്നു എന്നും തിരിച്ചറിഞ്ഞു !!
തുടരും..

തുളുമ്പി വീണൊരു ബ്ലോഗ്..(ചേച്ചി)


sisters

പണ്ടു പണ്ടൊരു അനിയത്തിക്കുട്ടിയുണ്ടായിരുന്നു..ചേച്ചിയുടെ നിഴലായി നടന്നവൾ, ചേച്ചിയുടെ കൈത്തലം വിടാതെ പിടിച്ചിരുന്നവൾ..ചേച്ചിയെ ഒരു അഞ്ചുനിമിഷമെങ്കിലും കാണാതെയിരുന്നാൽ  കണ്ണു കലങ്ങുന്നവൾ. ഊണും ഉറക്കവും, സ്കൂളിൽ പോക്കും, മടങ്ങി വരവും എല്ലാം ഒരുമിച്ചായിരുന്നു അവർ. അച്ഛനും അമ്മയും പോലും അവൾക്കു ചേച്ചിയോളും വരില്ലായിരുന്നു. അവർ പറഞ്ഞത്രയും കഥകൾ ഈ ലോകത്തിൽ മറ്റാരും പറഞ്ഞിട്ടുണ്ടായിരിക്കില്ല. പഠിച്ചു ജോലി കിട്ടിയിട്ട് വേണം ഒരു കിലോ കശുവണ്ടിപ്പരിപ്പ് മേടിച്ചു തിന്നണം എന്ന് പ്ലാൻ ഇട്ടത് അവർ രണ്ടും ചേർന്നായിരുന്നു. (എന്നിട്ട് വാങ്ങിച്ചു കഴിച്ചെങ്കിലും പോട്ടെ!!) സി വി രാമൻ പിള്ളയുടെ ധർമ്മരാജ സിനിമയാക്കണമെന്ന് തീരുമാനിച്ചത് അവർ രണ്ടും ചേർന്നായിരുന്നു, അതിലെ ഓരോ കഥാപാത്രങ്ങളെയും കണ്ടുപിടിക്കാൻ brainstorm ചെയ്‌തത്‌ അവർ ഒരുമിച്ചായിരുന്നു. രാമായണത്തിൽ മര്യാദാപുരുഷോത്തമനായ ശ്രീരാമൻ സീതയെ ഉപേക്ഷിക്കുക എന്ന കൊടും ക്രൂരതയെ അപലപിച്ചതു അവർ ഒരുമിച്ചായിരുന്നു.   എന്നെങ്കിലും ഒരു കാലത്തു ഭാരതപ്പുഴയുടെ തീരത്തു ഒരു കുടിൽ കെട്ടി താമസിച്ചു എല്ലാ സന്ധ്യകളിലും ഒരുമിച്ചിരുന്നു കഥകൾ പറഞ്ഞിരിക്കണം എന്ന് പ്ലാൻ ചെയ്തതും അവരായിരുന്നു. (ഏതു context ലാണ് അങ്ങനെ ഒരു ആഗ്രഹം മുളപൊട്ടിയതെന്നു ഇപ്പൊ തീരെ ഓർമ്മ കിട്ടുന്നില്ല!!)പുസ്തകങ്ങളെപ്പറ്റി, സിനിമയെപ്പറ്റി, രാഷ്ട്രീയത്തെപ്പറ്റി, മനുഷ്യരെപ്പറ്റി ഒരിക്കലും തീരാത്ത കഥകൾ പറഞ്ഞത് അവരായിരുന്നു. ചേച്ചി വിവാഹിതയായി പോയപ്പോൾ അനിയത്തി കത്തുകൾ  എഴുതാൻ തുടങ്ങി, ഒരു കടലോളം വിശേഷങ്ങൾ ഉൾക്കൊള്ളിച്ച വെള്ളക്കടലാസ്സുകൾ. (വിശേഷങ്ങളുടെ ഭാരം കാരണം അന്ന് പത്തു രൂപയുടെ ഒക്കെ സ്റ്റാമ്പ് മേടിച്ചു ഇന്ത്യൻ പോസ്റ്റൽ സർവീസ് നെ നന്നായി പരിപോഷിപ്പിച്ച കാലം!!)   ചേച്ചിയെ കാണാതെ  ഇരുന്നാൽ എങ്ങനെ survive ചെയ്യുമെന്ന് ഒരുകാലത്തു ആശങ്കപ്പെട്ടിരുന്നവൾ ഇന്ന് കാതങ്ങൾ അകലെ..ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഫോൺ ചെയ്തു വിശേഷങ്ങൾ പറഞ്ഞും ജീവിക്കാമെന്ന് കാലം അവളെ പഠിപ്പിച്ചു കൊടുത്തു. ഇടയ്ക്കിടെ നാട്ടിലൊന്നോടിപ്പോയി ജീവശ്വാസം എടുത്തു വരുന്നത് പോലെ ചേച്ചിയെ കണ്ടു മടങ്ങുന്നവൾ ആയി അനിയത്തി.

sis2

ഉള്ളു നിറഞ്ഞു തുളുമ്പി ഒരു കടലോളം ആഴത്തിൽ, ഒരാകാശത്തോളം വ്യാപ്തിയിൽ നിറഞ്ഞു നിൽക്കുന്നവരെക്കുറിച്ചു ഒറ്റ പേജിൽ, ചില വരികളിൽ ഒതുക്കാനാവില്ല എന്നറിഞ്ഞു  കൊണ്ട് ഒരിക്കലും എഴുതില്ല, എഴുതി തീർക്കില്ല എന്ന് കരുതി വെച്ചതായിരുന്നു. പക്ഷെ ഇന്ന് തോളോട് തോൾ ചേർന്ന്, സ്നേഹത്തിന്റെ ഒരു ക്ഷീരപഥം ചിരിയിൽ ഒളിപ്പിച്ച രണ്ടു പഴയ കുട്ടികളുടെ ഒരു പഴയ ഫോട്ടോ അവിചാരിതമായി കണ്ടപ്പോൾ മനസ്സിൽ സന്തോഷത്തിന്റെ, സങ്കടത്തിന്റെ വേലിയേറ്റം. (ആ ചിത്രത്തിന് വേണ്ടത്ര തെളിച്ചമുണ്ടാകില്ല, പക്ഷെ ഓർമ്മകൾക്ക് ഏറെ തെളിച്ചമുണ്ട്..) എഴുതിക്കൊണ്ടിരുന്ന travel  diaries വിട്ടിട്ട്, എഴുതാതിരിക്കാൻ വയ്യാത്തവണ്ണം വാക്കുകൾ വന്നു തൊട്ടു  വിളിച്ചപ്പോൾ എഴുതുന്ന ചില വരികൾ ആണിത്. ചിലർ ചില വരികളിൽ ഒതുങ്ങില്ല..എങ്കിലും ചില നിമിഷങ്ങളിൽ തുളുമ്പി തൂവിപ്പോകുന്നതു പോലെ സംഭവിച്ചു പോയതാണീ ബ്ലോഗ്..

Travel Diaries- Part 5-കാടറിയും മുൻപേ.. (Jim Corbett )


വൈകിയതിനാൽ ഞങ്ങൾക്ക് അന്ന് മാനസാ ദേവീ ദർശനത്തിനു സമയം കിട്ടിയില്ല. അന്ന് ഹരിദ്വാറിൽ സ്റ്റേ ചെയ്തു പിറ്റേന്ന് രാവിലെ breakfast കഴിഞ്ഞു ജിം കോർബെറ്റ്‌ ലേക്ക് പുറപ്പെടാൻ ആയിരുന്നു പ്ലാൻ. അച്ഛന് മാനസാദേവിയെ തൊഴണം എന്ന് ആഗ്രഹം. പിള്ളേർക്കാവട്ടെ ജിം കോർബെറ്റിൽ എത്രയും വേഗം എത്തണം. അങ്ങനെ leisure angle ഉം spiritual angle ഉം തമ്മിൽ ഒരു വടംവലി നടന്നു. അവസാനം spiritual തന്നെ ജയിച്ചു. അപ്പൂപ്പന്റെ പിറന്നാൾ ഒക്കെ അല്ലെ, പിറന്നാളുകാർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മൾ അത് ചെയ്തു കൊടുക്കണം എന്ന് നവമി ഉദാരമതിയായി!!അങ്ങനെ രാവിലെ സമൃദ്ധമായ പ്രഭാതഭക്ഷണം കഴിഞ്ഞു ഞങ്ങൾ മനസ്സിലുള്ള ഏതാഗ്രഹവും സാധിച്ചു തരുന്ന മാനസാ ദേവിയെ തൊഴാനായി പോയി. റോപ്പ്‌വേ കയറി മുകളിൽ എത്തി, നല്ല തിരക്കിൽ ഞങ്ങൾ തൊഴുതു മടങ്ങി. ഒരു 11 മണിയോടെ ഞങ്ങൾ അങ്ങനെ ഹരിദ്വാറിനോട് വിട പറഞ്ഞു. ഏകദേശം അഞ്ചു മണിക്കൂർ ഉണ്ട് ജിം കോർബെറ്റ്‌ അവിടെ നിന്നും. അച്ഛന്റെ എഴുപതാം പിറന്നാൾ അങ്ങനെ സദ്യ ഒന്നുമില്ലാതെ കുറച്ചു ഉണക്ക ചപ്പാത്തിയും, പേരക്കയും, പഴവും ഒക്കെ കഴിച്ചു ഞങ്ങൾ വഴിയിൽ ആഘോഷിച്ചു. നാല് മണിയോടെ ഞങ്ങൾ ഹോട്ടലിൽ എത്തി. ഒരു കൊച്ചു വനത്തിന്റെ ambiance ഉള്ള സ്റ്റേ ആയിരുന്നു അവിടെ. എവിടെയും കിളികളുടെ കളകളാരവം മുഴങ്ങുന്ന വഴികൾ..Off season ആയതു കൊണ്ട് അതിനുള്ളിലെ വഴികളൊക്കെ വിജനമായിരുന്നു..

Jungle Safari നേരത്തെ ബുക്ക് ചെയ്യാത്തത് കൊണ്ട് option ഇല്ലെന്നു ഹോട്ടലുകാർ ഞങ്ങളെ കൈയ്യൊഴിഞ്ഞു. Lakbir അയാളുടെ വഴിയിൽ ഒന്ന് അന്വേഷിച്ചു പറയാമെന്നു പറഞ്ഞത് ഞങ്ങൾക്ക് പ്രതീക്ഷയായി. ഒടുവിൽ പിറ്റേന്ന് വെളുപ്പിനെ 6 മണിക്ക് പുറപ്പെടുന്ന ഒരു ജീപ്പ് ഉണ്ടെന്നു ലൿബീർ പറഞ്ഞു. ഞങ്ങളുടെ ID യും details ഒക്കെ കൊടുത്തു ബുക്ക് ചെയ്തു ഞങ്ങൾ. Open Jeep സഫാരി ആണ് ആകെ ഉള്ള ഓപ്ഷൻ. അത് കേട്ടപ്പോഴേ പ്രിയതമന്റെ പാതി ജീവൻ പോയി. Risk, threat , vulnerability ഇതൊക്കെ പ്രധാന പ്രവർത്തന മേഖലയും, മൊത്തക്കച്ചവടവും എടുത്തിട്ടുള്ള  ആളാണല്ലോ. അത് കൊണ്ട് അലെർട്നെസ്സ് കുറച്ചു കൂടുതലാണ്. ഇതല്ലെങ്കിൽ സാധാരണ ഓപ്ഷൻ Elephant safari ആണ്. (അതിനേക്കാൾ ഭേദം ഇതാണെന്നു ഞാൻ പറഞ്ഞു). ഞാൻ അധികം ഒന്നും ആലോചിച്ചില്ല. അല്ലെങ്കിലും കാട് കയറാൻ പോകുമ്പോൾ ‘കാട് കയറി ചിന്തിക്കുന്നത്’ പണ്ടേ എനിക്കിഷ്ടമല്ല!!

Pic1

കിളികൾ കൂട്ടത്തോടെ കൂടണയുന്ന കാഴ്ചകളും മറ്റും കണ്ടു ഞങ്ങൾ അവിടെയൊക്കെ ചുറ്റി കറങ്ങുമ്പോൾ ആണ് swimming pool കണ്ടത്.  ആളുകൾ ആരും ഇല്ല. നല്ല ഇളം ചൂടുള്ള വെള്ളം. അമ്മയൊഴിച്ചു ഞങ്ങൾ എല്ലാവരും പൂളിൽ ഇറങ്ങി. അമ്മയ്ക്കും അച്ഛനും നന്നായി നീന്തൽ അറിയാവുന്നവർ ആണ്. പണ്ടൊക്കെ എല്ലാവരും അവശ്യം പഠിച്ചിരുന്ന ഒരു life skill ആയിരുന്നല്ലോ അത്. പമ്പയാറിന്റെ തീരത്തു വളർന്ന ‘അമ്മ നീന്തൽ expert ആണ്. അച്ഛനും അറിയാം. പ്രിയതമനു  നീന്തലിന്റെ theory ആണ് കൂടുതൽ അറിയാവുന്നതു!! അത് വെച്ച് കുറെ പേരെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു എന്റെ കണ്ണ് തള്ളിയിട്ടുണ്ട്!!എല്ലാ vacation നും കുഞ്ഞിലേ മുതൽ കല്ലൂപ്പാറ മണിമലയാറ്റിൽ കുളിച്ചും , കളിച്ചും  വളർന്ന എനിക്ക് നീന്തലിന്റെ എബിസിഡി പോലും അറിയില്ല എന്നത് വിരോധാഭാസം!നവമി കുറച്ചൊക്കെ നീന്താൻ പഠിച്ചതായിരുന്നു എങ്കിലും പ്രാക്ടീസ് ഇല്ലാത്തതു കൊണ്ട് അത്ര പോരാ.

pic2വെള്ളത്തിൽ കളി ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തി dinner ഒക്കെ കഴിഞ്ഞു വന്നു കിടന്നു. വെളുപ്പിനെ 5.30 ക്കു റെഡി ആവണം എന്ന് പറഞ്ഞിരുന്നു. ഞാനും പിള്ളേരും ഒക്കെ പോത്തു പോലെ കിടന്നുറങ്ങുമ്പോൾ നമ്മുടെ Risk and Vulnerability expert ഉറക്കമില്ലാതെ tension അടിച്ചു എണീറ്റ് നടക്കാൻ തുടങ്ങി. ഓപ്പൺ ജീപ്പിൽ എന്ത് വിശ്വസിച്ചു പിള്ളേരെയും കൊണ്ട് കാട് കയറുമെന്നതാണ് ചിന്ത. കണക്കനുസരിച്ചു Jim Corbett ൽ  ഏതാണ്ട് 300 കടുവകൾ ഉണ്ടെന്നു ആണ് വെയ്പ്പ് ..കടുവ വരുന്നതിന്റെ full YouTube വീഡിയോസ് refer ചെയ്തു വെച്ചിട്ടായിരുന്നു ആളുടെ ഇരിപ്പു. ഞാനാകട്ടെ അതിനെക്കുറിച്ചൊന്നും വല്യ ചിന്തയൊന്നും ഇല്ലാതെ സുഖമായി ഉറങ്ങി (അതെന്താണ്  എനിക്ക് അങ്ങനെ ഉള്ള ടെൻഷൻ ഒന്നും ഇല്ലാത്തതെന്ന് എനിക്ക് തീരെ മനസ്സിലാവുന്നില്ല!!).

അങ്ങനെ കാടറിയാനുള്ള ആ യാത്രയുടെ ദിവസം പുലർന്നു…

തുടരും..

Travel Diaries- Part 4- ദൈവങ്ങളുടെ മണ്ണിൽ (Rishikesh & Haridwar)


മുസ്സൂരിയിലെ രണ്ടാം ദിവസത്തെ മഴയുള്ള പുലരിയിൽ ഞങ്ങൾ പുണ്യ നദിയായ  ഗംഗ ഒഴുകുന്ന , അനേകമനേകം  ആശ്രമങ്ങളുടെയും, ക്ഷേത്രങ്ങളുടെയും നാടായ ഋഷികേശിലേക്കു യാത്ര തിരിച്ചു. രണ്ടര മണിക്കൂർ ആണ് മുസ്സൂരിയിൽ നിന്നും ഋഷികേശ്. അവിടെ എത്തിയപ്പോഴേക്കും മഴ ഒക്കെ ഒഴിഞ്ഞു മാനം തെളിഞ്ഞിരുന്നു. മലമുകളിൽ നിന്ന് ഒഴുകി വരുന്ന ഗംഗ കാവി  വസ്ത്രം ധരിച്ചൊരു സന്യാസിനിയെപ്പോലെ ആയിരുന്നു. കലങ്ങിയൊഴുകുകയായിരുന്നു, പക്ഷെ കരകവിഞ്ഞിട്ടൊന്നുമില്ല.

Lekshman Jhula

Lekshman jhula കടക്കുമ്പോൾ പ്രിയതമനും, അച്ഛനും, അമ്മയ്ക്കും ഒരായിരം ഓർമ്മകൾ ഉണ്ടായിരുന്നു. ചരിത്രത്തിന്റെ ആവർത്തനം.. അന്ന് അച്ഛൻ അച്ഛന്റെ അച്ഛനെയും, അമ്മയെയും, മക്കളെയും അമ്മയെയും കൂട്ടി ആയിരുന്നു ഇവിടെ വന്നത്. അന്നത്തെ ആ കുസൃതിക്കുരുന്ന്  ഇന്ന് അച്ഛനെയും അമ്മയെയും, ഭാര്യയെയും മക്കളെയും ഒക്കെ കൂട്ടി ലക്ഷ്മൺ Jhula യിൽ നിൽക്കുന്നു. അന്ന് അവർ ഓർത്തിട്ടുണ്ടാവുമോ രണ്ടാം വരവ് ഇങ്ങനെ ആയിരിക്കുമെന്ന്. ജന്മങ്ങളുടെ ദൂരസാഗരങ്ങൾക്കപ്പുറം നിന്ന് ഞാൻ കണ്ടിട്ടില്ലാത്ത  മൈലപ്ര അപ്പൂപ്പൻ ആ കാഴ്ച കണ്ടു ചിരിക്കുന്നുണ്ടായിരുന്നിരിക്കണം.. ഗംഗയുടെ തീരത്തു നിന്ന് ഓർമ്മകളുടെ ചില മധുരം നുണഞ്ഞു നിന്നിട്ട്  ഞങ്ങൾ ഹരിദ്വാറിലേക്കു യാത്ര തിരിച്ചു.

Ganga1

അവിടെ ആദ്യം ചണ്ഡീ ദേവി ദർശനത്തിനായി ഞങ്ങൾ റോപ്പ്‌വേ കയറി മുകളിൽ എത്തി, ഭംഗിയായി ദർശനം ഒക്കെ നടത്തി വന്നു. ഗംഗയുടെ പടിക്കെട്ടുകളിൽ  ഇരുന്ന്  ഭക്തി നിർഭരമായ ആ ഗംഗാ ആരതി തൊഴാൻ  ഞങ്ങൾക്ക് ഭാഗ്യ ലഭിച്ചു.

Ganga arathi

നദിയെ ദേവിയായി കാണുന്ന, ജലത്തെ പവിത്രമായി കരുതി പൂജിക്കുന്ന അനേകായിരം മനുഷ്യർ ആ ഗംഗയുടെ പടിക്കെട്ടുകളിൽ ഇരുന്നു ആരതി ദർശനം നടത്തുന്നുണ്ടായിരുന്നു. പക്ഷെ ഞങ്ങളടക്കം അതിലെത്ര പേര് യഥാർത്ഥ ജീവിതത്തിൽ ജലത്തെ സംരക്ഷിക്കാൻ, സൂക്ഷിച്ചു ഉപയോഗിക്കാൻ, പാഴാക്കാതിരിക്കാൻ  ഒക്കെ  നിത്യ ജീവിതത്തിൽ ശ്രമിക്കാറുണ്ട് എന്ന് വെറുതെ ഓർത്തിരുന്നു പോയി ഇടക്കെപ്പോഴോ.. പ്രകൃതിയോട് മനുഷ്യനെ ഇണക്കി നിർത്താനായിരുന്നിരിക്കണം ഈ ജല പൂജയും, കാവുകളും, കുളങ്ങളും ഒക്കെ പണ്ടുള്ളവർ വിശ്വാസങ്ങളുമായി tag ചെയ്തു വെച്ചിരുന്നത്. മനുഷ്യൻ യുക്തി കൊണ്ട് പുതിയ ഉയരങ്ങൾ കണ്ടെത്തിയപ്പോൾ കൈയ്യിൽ നിന്ന് ഊർന്നു പോയത് പ്രകൃതിയുമായി ഉണ്ടായിരുന്ന ആ ഹൃദ്യമായ ഒരു ബന്ധം ആയിരുന്നുവെന്നു തോന്നുന്നു. മനുഷ്യൻ സംഹാര താണ്ഡവം ആടിത്തുടങ്ങിയപ്പോൾ  തടയാൻ പ്രകൃതിക്കു കഴിഞ്ഞില്ല.  കാലത്തിന്റെ കാവ്യനീതി പോലെ ഇപ്പോൾ പ്രകൃതി സംഹാര താണ്ഡവം ആടിത്തുടങ്ങിയപ്പോൾ തടുക്കാൻ മനുഷ്യനുമാവുന്നില്ല..

തുടരും..

Travel Diaries- Part 3-Mussoorie- Queen of the hills!


അങ്ങനെ ഞങ്ങൾ ഉദ്യാനനഗരിയിൽ നിന്ന് തലസ്ഥാനനഗരിയിലേക്കു വിമാനമേറി . പണ്ട് 45  ദിവസം പ്രായമുള്ളപ്പോൾ ആയിരുന്നു കുഞ്ഞിപ്പെണ്ണിന്റെ കന്നി വിമാന യാത്ര. അതിനു ശേഷം പിന്നീട് ഇപ്പോൾ ആയിരുന്നു. ആവേശഭരിതയായ കുഞ്ഞിപ്പെണ്ണിന് എഴുന്നേറ്റു നിന്ന് ജനാലയിലൂടെ കാഴ്ചകൾ ഒക്കെ കാണണം എന്നുള്ള complex demands വെച്ചപ്പോൾ ഒരുതരത്തിൽ അതിനെ hibernate ചെയ്തു ഉറക്കി വെച്ചു! വല്യേച്ചി ആകട്ടെ അപ്പോഴേക്കും ചെവിക്കു വേദന എന്ന് പറഞ്ഞു കണ്ണീർ പൊഴിക്കാൻ തുടങ്ങിയിരുന്നു. എന്തായാലും  ഒരുതരത്തിൽ ഞങ്ങൾ അങ്ങെത്തിപ്പറ്റി.

അവിടെ ഞങ്ങളെയും കാത്തു Innova Crysta യുമായി Lakbir എന്ന ഡ്രൈവർ അവിടെ ഉണ്ടായിരുന്നു. യാതൊരു വികാരങ്ങളും മുഖത്തു തെളിയാത്ത ഒരു dry മനുഷ്യൻ ആണ്  Lakbir   എന്നാണ് ഞങ്ങൾക്ക് ആദ്യ കാഴ്ചയിൽ തോന്നിയത്. എന്നാൽ മടങ്ങി പോരുന്നത് വരെ ഏതു കൊടിയ വളവും തിരിവും ഉള്ള റോഡുകളിലും, ഏറ്റവും സുരക്ഷിതമായി വണ്ടി ഓടിക്കുന്ന, ശാന്തനും, അധികം സംസാരമില്ലാത്തതുമായ ഒരു മനുഷ്യൻ ആണ് Lakbir എന്ന് ഞങ്ങൾക്ക് വഴിയേ മനസ്സിലായി.

ഡൽഹിയിൽ നിന്ന് ലഞ്ച് ഒക്കെ കഴിച്ചിട്ട് ഞങ്ങൾ മുസ്സൂരിയിലേക്ക് യാത്ര തിരിച്ചു. വിങ്ങി പൊട്ടാൻ  എന്നവണ്ണം മുഖം വീർപ്പിച്ചു നിൽക്കുന്ന ആകാശം ആയിരുന്നു അപ്പോഴൊക്കെ വഴി നീളെ. കുറെ ചെന്നപ്പോൾ ‘എന്തായാലും  നിങ്ങളൊക്കെ എത്തിയില്ലേ  ഇനിയിപ്പം ഒന്ന് ചിരിച്ചേക്കാം’ എന്ന മട്ടിൽ നേർത്ത വെയിലിന്റെ അലകൾ ഞങ്ങളെ തഴുകിയെത്തി. ഹെയർ പിൻസ് കയറാൻ തുടങ്ങിയപ്പോൾ അത് സുഖമുള്ള നേർത്ത ഒരു തണുപ്പിലേക്ക് മാറി. പച്ചമരക്കാടുകൾക്കു മേൽ പുക മഞ്ഞിന്റെ വെളുത്ത നേർത്ത മുഖാവരണം അണിഞ്ഞു മുസ്സൂരി ഞങ്ങളെ വരവേറ്റു. ചെന്നപ്പോഴേക്കും നന്നായി ഇരുട്ടിയിരുന്നു. കുന്നിന്റെ മുകളിൽ ഒരു ഹോട്ടൽ. പനീർ കൊതിച്ചികളായ എന്റെ പുത്രിമാരെ ആനന്ദ സാഗരത്തിൽ ആറാടിച്ചു പനീർ വിഭവങ്ങൾ മേശമേൽ നിറഞ്ഞു. (പിന്നീടങ്ങോട്ട് ഒരാഴ്ച പനീർ ഫെസ്റ്റിവൽ തന്നെയായിരുന്നു. അവസാനം കുറച്ചു ചോറും ചമ്മന്തിയും കിട്ടിയിരുന്നെങ്കിൽ എന്ന് ഏതു കൊടിയ പനീർ സ്നേഹിയെക്കൊണ്ടും തോന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു അവസ്ഥ!)റൂമിലെത്തിയതും ഒരു 15 സെക്കൻഡിൽ എല്ലാരും switch off mode ൽ  എത്തി.തലേന്നത്തെ ഉറക്ക ക്ഷീണവും, പകലത്തെ യാത്രയും ഒക്കെ കൂടി ആകെ ക്ഷീണിതനായിരുന്നു എല്ലാവരും.

Pic1

മഞ്ഞിന്റെ മറയിട്ടൊരു പുതു പുലരിയായിരുന്നു ഞങ്ങളെ വന്നു തൊട്ടു വിളിച്ചുണർത്തിയത്. റൂം തുറന്നപ്പോൾ കണിയായി വീണ്ടും പച്ച പുതച്ച  മലനിരകളിലെ വെള്ള പുക മഞ്ഞിന്റെ തട്ടം.  മഴയുടെ ലാഞ്ചന ഇല്ലാത്ത തെളിഞ്ഞ ആകാശം. കുളിച്ചു റെഡി ആയി ഭക്ഷണം കഴിച്ചു ഞങ്ങൾ Kempty Waterfalls കാണാൻ ആയി പുറപ്പെട്ടു. നമ്മുടെ ആതിരപ്പള്ളി യെ ഒക്കെ അപേക്ഷിച്ചു അത്ര ഗെറ്റ് അപ്പ് ഒന്നും ഇല്ലാത്ത ഒരു പാവം വെള്ളച്ചാട്ടം. കുഞ്ഞിപ്പെണ്ണ് ഒരു നാലടി നടന്നു തുടങ്ങുമ്പോഴേക്കും ‘അമ്മ എടുത്താൽ മതി എന്ന് പരിദേവനം തുടങ്ങി. അങ്ങനെ അവിടുന്ന് ഞങ്ങൾ തമ്മിലുള്ള അങ്കം  വെട്ടു തുടങ്ങി.(പിന്നീടങ്ങോട്ട് എല്ലാ ദിവസം അതൊരു തുടർക്കഥയായി). മുസ്സൂറിയുടെ മണ്ണിലൂടെ കണ്ണുനീർ വാർത്തു നടക്കുന്ന കുഞ്ഞിപ്പെണ്ണിന് ഞങ്ങൾ “മുസ്സൂരി മോങ്ങി” എന്ന നാമകരണവും നടത്തി.

Pic 2

Zip line ൽ ആൾക്കാർ പോകുന്നത് കണ്ടു നവമിക്കു കടുത്ത ആഗ്രഹം. പ്രിയതമനാകട്ടെ എന്നെ അതിൽ കയറ്റി വിട്ടു അതിന്റെ ഫോട്ടോ എടുത്തു ആസ്വദിക്കണമെന്നു കടുത്ത ആഗ്രഹം. രണ്ടും ഞാൻ മുളയിലേ നുള്ളി!! അവിടെ നിന്ന് ഇറങ്ങിയപ്പോൾ നിറയെ ഷോപ്പിംഗ് options കണ്ടു പെൺപട എല്ലാം ഉഷാറായി. കയം കണ്ട കന്നിനെപ്പോലെ ഞങ്ങൾ ഒരു ഇറക്കം അങ്ങിറങ്ങി.

അവിടെ വെച്ചാണ് ഞങ്ങൾ എല്ലാവരും മുസ്സൂരി ഡ്രസ്സ് ധരിച്ചു ഫോട്ടോ എടുത്തത്. രാജാപ്പാർട്ട് വേഷം ഒക്കെ ഇട്ടപ്പോൾ പ്രിയതമന് ശരിക്കും ഒരു രാജാവ് ലുക്ക്! അച്ഛൻ ആകട്ടെ  വാളൊക്കെ പിടിച്ചു ചക്രവർത്തി ലുക്കിൽ എത്തി. ഓരോരോ വേഷപ്പകർച്ചകൾ കണ്ടു നാട്ടിലുള്ളവർ Whatsapp വഴി ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ടിരുന്നു.

pic3

അവിടെ നിന്നും ഞങ്ങൾ Company Garden കാണാൻ ആണ് പോയത്. കുറെ  ചെറിയ ചെറിയ activities ഉം rides ഉം ഒക്കെയുള്ള സ്ഥലം. കുഞ്ഞിപ്പെണ്ണിന് ബോട്ടിംഗ് നു പോകണം എന്ന് കടുത്ത ആഗ്രഹം. പോകണം എന്ന് മാത്രമല്ല, ബോട്ട് സ്വയം ചവിട്ടണം എന്ന അത്യാഗ്രഹം കൂടി ഉണ്ട് എന്ന് ഞങ്ങൾക്ക് വളരെ വൈകി ആണ് മനസ്സിലായത്. ആകപ്പാടെ മൂന്നു ചാൺ നീളമേ ഉള്ളെങ്കിലും ആഗ്രഹങ്ങൾക്ക് അതിരുകൾ ഇല്ലല്ലോ. എത്ര പിന്തിരിപ്പിച്ചിട്ടും കേൾക്കാതായപ്പോൾ വാത്സല്യനിധിയായ പിതാശ്രീ അനുവാദം കൊടുത്തു. അങ്ങനെ കുഞ്ഞിക്കാലുകൾ കൊണ്ട് ബോട്ട് തുഴയാൻ തുടങ്ങി. മറ്റേ ഭാഗത്തു വല്യേച്ചിയും. ഞങ്ങൾ രണ്ടു നോക്കുകുത്തികളും. കുറച്ചു കഴിഞ്ഞപ്പോൾ എന്തായാലും കുഞ്ഞിപ്പെണ്ണ് ചവിട്ടു നാടകം നിർത്തി വെച്ച് ‘മര്യാദരാമിയായി’! അവിടെ നിന്നും റോപ്പ്‌വേ കയറി ഞങ്ങൾ Gunpoint എന്ന വ്യൂ പോയിന്റിൽ എത്തിയപ്പോൾ സന്ധ്യ ആയിരുന്നു . അവിടെയും കാര്യമായ കാഴ്ചയൊന്നും ഇല്ലായിരുന്നു. നേർത്ത മഴ ചാറ്റൽ സൂചിമുനകൾ പോലെ ഞങ്ങളെ വന്നു പൊതിഞ്ഞു തുടങ്ങി അപ്പോഴേക്കും. മുസ്സൂരി യിലെ പ്രശസ്തമായ Mall road ഷോപ്പിംഗ് നു കാര്യമായി നേരം കിട്ടാതെ ഞങ്ങൾ ചെറിയ മഴച്ചാറ്റൽ ഏറ്റു റൂമിലേക്ക് മടങ്ങി. അങ്ങനെ യാത്രയിലെ രണ്ടാം ദിനം കൊഴിഞ്ഞതോർത്തു ഞങ്ങൾക്ക് നേർത്ത നൊമ്പരം തോന്നി. തുടരും..

Travel Diaries Part 2-Plan B


ദേ ഞാൻ പിന്നേം എത്തി, അടുത്ത ഭാഗവുമായി.

 കാശ്മീർ പ്ലാൻ ചെയ്‌തെപ്പോൾ  മടക്കം ഡൽഹി വഴി വന്നു അവിടെ നിന്നും ഒരു  ദിവസം ആഗ്രയും, ഒരു ദിവസം ഡൽഹിയും ഒക്കെ  കണ്ടിട്ട് മടങ്ങാം  എന്ന് പ്ലാൻ ചെയ്തിരുന്നു. അതിനായി പ്രത്യേകമായി Panickers Travels ന്റെ രണ്ടു  ദിവസത്തെ ഡേ ടൂറും, അമ്മയുടെ ICAR ഗസ്റ്ഹൗസും ഒക്കെ ബുക്ക് ചെയ്തിരുന്നു. എന്തായാലും ഒരു വഴിക്കു ഇറങ്ങുകയാണ്, ഇനി ഏതു കാലത്തു ഇത് പോലെ ഒന്നു നടക്കും എന്നും അറിയില്ല. എന്നാൽ പിന്നെ മൊത്തം അങ്ങ് കവർ ചെയ്തേക്കാം എന്നായിരുന്നു ഇതൊക്കെ പ്ലാൻ ചെയ്തപ്പോഴത്തെ ഞങ്ങളുടെ തോന്നൽ.  പക്ഷെ കാശ്മീർ പ്ലാൻ മുടങ്ങിയപ്പോൾ ഈ അനുബന്ധ പ്ലാനുകൾ എല്ലാം വെള്ളത്തിലായി. ‘Best Time’ എന്ന് മുകേഷ് സ്റ്റൈലിൽ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. Airlines ഞങ്ങളുടെ Kashmir onward ticket, free cancellation initiate ചെയ്യാൻ option തന്നത് ആയിരുന്നു അപ്പോഴത്തെ ഏറ്റവും വല്യ ആശ്വാസം. അത് കിട്ടിയാലും ഡൽഹിയിൽ നിന്നുള്ള മടക്ക ടിക്കറ്റ് നു ഒരു cancellation ഓപ്ഷനും ഇല്ലായിരുന്നു. അതും പോരാഞ്ഞു ‘തന്റേതല്ലാത്ത കാരണത്താൽ’ ഉള്ള cancellation  നു ട്രാവൽ കമ്പനി റീഫണ്ട് തരില്ല. ഒന്നുകിൽ വേറെ ഒരു ട്രിപ്പ് എടുക്കാം, അല്ലെങ്കിൽ എന്നെങ്കിലും അവർ കാശ്മീർ കൊണ്ട് പോകുന്ന കാലത്തു പോകാം. ആകെ മൊത്തം ജഗപൊക.രാജസ്ഥാൻ പോയാലോ എന്നാലോചിച്ചു. Snow കാണിക്കാമെന്നു പറഞ്ഞു അവസാനം മരുഭൂമി കാണിച്ചാൽ പിള്ളേർ എന്ത് പറയുമെന്ന് ഞങ്ങൾ പേടിച്ചു . പുതിയ ടിക്കറ്റ് ബുക്ക് ചെയ്യണം അതിന്റെ മടക്കം ഡൽഹി വഴി ആക്കണം, അങ്ങനെ criteria നിരവധിയാണ്. മൊത്തത്തിൽ ക്യാൻസൽ ചെയ്യാമെന്ന് വെച്ചാൽ ഒട്ടു കഴിയുകയുമില്ല.  അതിനിടയിൽ നാട്ടിൽ മഴയും വെള്ളപ്പൊക്കവും. കഴിഞ്ഞ വർഷത്തെ നടുക്കുന്ന ഓർമ്മകൾ. എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ ആകെ വലഞ്ഞു. കൈയ്യിൽ ഇരിക്കുന്ന ‘കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ’!! പട്ടിയെ തിരിച്ചു കൊടുത്തു കാശു തിരിച്ചു വാങ്ങാൻ ഓപ്ഷൻ ഇല്ല. പട്ടി ഒട്ടു  സഹകരിക്കുന്നുമില്ല.

അങ്ങനെ പെരുവഴിയിൽ നിക്കുന്ന നേരത്താണ് ഹൃദ്യ “നിങ്ങൾ  മുസ്സൂരി  , നൈനിറ്റാൾ , ജിം കോർബെറ്റ്‌ ഒക്കെ ഒന്ന് നോക്കൂ” എന്ന് പറഞ്ഞത്. ഞങ്ങൾ നോക്കിയപ്പോൾ ഡൽഹിയിൽ തുടങ്ങി ഡൽഹിയിൽ അവസാനിപ്പിക്കാവുന്ന ട്രിപ്പ് ആണ്. അപ്പൊ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് cancellation എന്ന പ്രശ്നം ഒഴിവായി. ഞങ്ങൾ ട്രാവൽ കമ്പനി യോട് അന്വേഷിച്ചപ്പോൾ അത് feasible ആണെന്നറിഞ്ഞു. Leisure trip നു ഒരു spiritual angle കൂടി കൊടുക്കാൻ തീരുമാനിച്ചു ഞങ്ങൾ. അങ്ങനെ ഹൃഷികേശും ഹരിദ്വാറും കൂടി ഞങ്ങളുടെ പ്ലാനിൽ ഇടം പിടിച്ചു. ഏകദേശം ഒരു മുപ്പതു-മുപ്പത്തി അഞ്ചു വര്ഷങ്ങള്ക്കു മുൻപേ അച്ഛനും അമ്മയും മൈലപ്രയിലെ അപ്പൂപ്പനെയും അമ്മൂമ്മയേയും, മായചേച്ചിയെയും, മഹാ കുസൃതിയായ എന്റെ പ്രിയതമനെയും കൊണ്ട് പോയതാണ് ഹൃഷികേശ്, ഹരിദ്വാറിൽ.  മഹാ കുരുത്തക്കേടായിരുന്ന പ്രിയപുത്രന്റെ ലീലാവിലാസങ്ങൾ കാരണം അവർക്കു സമാധാനമായി അവിടെ ഒന്നും കാണാൻ പറ്റാഞ്ഞതിനാൽ  കാലം ഒരുക്കി വെച്ച പ്രായശ്ചിത്തം ആവും ഇത്. അങ്ങനെ വീണ്ടും ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു റെഡി ആയി ഞങ്ങൾ. ഗ്രൂപ്പ് ടൂർ മാറി customized ആയി ട്രിപ്പ്. ഡൽഹിയിൽ ഇന്നോവയുമായി ഡ്രൈവർ കാത്തു നിൽക്കും, അവിടെ നിന്ന് മുസ്സൂരി, പിന്നെ ഋഷികേശ്, ഹരിദ്വാർ, ജിം കോർബെറ്റ്‌ , ഏറ്റവും ഒടുവിൽ നൈനിറ്റാൾ. അങ്ങനെ പോകുന്നതിന്റെ തലേ ദിവസം ഞങ്ങൾക്ക് itinerary യും, stay details ഉം ഒക്കെ കിട്ടി.  ഇങ്ങനെയും മനുഷ്യർക്ക് ട്രിപ്പ് പോകാൻ പറ്റും , അതും കുഞ്ഞു കുട്ടി പരാധീനങ്ങൾ അടക്കം എന്ന് ഞങ്ങൾക്ക് ഇപ്പോഴാണ് മനസ്സിലായത്.  ആകസ്മികമായിട്ടാണെങ്കിലും അച്ഛന്റെ എഴുപതാം പിറന്നാൾ ദിനത്തിൽ ഞങ്ങൾ ഋഷികേശ്, ഹരിദ്വാറിൽ ആണെന്ന് പ്ലാൻ കണ്ടു എല്ലാവര്ക്കും ഏറെ സന്തോഷമായി. ഞങ്ങൾ കരുതിയതിലും ഒരു ദിവസം കൂടുതൽ ഉണ്ട്.. അതിനാൽ ഡൽഹി പ്ലാൻസ് നടക്കില്ല എന്ന് ഞങ്ങൾക്ക് ഉറപ്പായി. താജ് മഹൽ എന്ന പ്രണയത്തിൻെറ ആ മഹാസ്മരകം- ‘കാലത്തിന്റെ കവിളിൽ വീണ ആ കണ്ണുനീർത്തുള്ളി’ കാണാൻ ഞങ്ങൾക്ക് ഇനിയും സമയമായിക്കാണില്ല എന്ന് ഞങ്ങൾ സ്വയം സമാധാനിച്ചു.

ഉത്തരാഖണ്ഡ്‌ ആണ് ഞങ്ങൾ പോകുന്ന സ്ഥലം. അവിടെ ferocious monsoon with landslides  ആണ് ഓഗസ്റ്റിൽ എന്ന് ഞങ്ങൾ നാനാഭാഗത്തു നിന്നും റിപോർട്ടുകൾ കാണാൻ തുടങ്ങി. ആരെങ്കിലും ഈ സമയത്തു ഉത്തരാഖണ്ഡ് പോകുമോ എന്ന ചോദ്യം കേട്ട് ഞങ്ങൾ തളർന്നു. എന്തൊക്കെയായാലും നനഞ്ഞിറങ്ങി, ഇനി മഴ എങ്കിൽ മഴ, ഞങ്ങൾ കുളിച്ചു തന്നെ കയറാൻ തീരുമാനിച്ചു.മൺസൂൺ ടൂറിസം ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്ന് വെറുതെ അടിച്ചു വിട്ടു. കുഞ്ഞിപ്പെണ്ണ് അപ്പോഴും snow വിടാൻ ഉദ്ദേശമില്ലായിരുന്നു. snow ഒന്നും കാണാൻ ഒരു സാധ്യതയുമില്ല എന്ന് ഞങ്ങൾ സ്റ്റഡി ക്ലാസ് എടുത്തു മടുത്തു.  അങ്ങനെ ആ ദിവസം ഓഗസ്റ്റ് 10 സമാഗതമായി. എല്ലാം റെഡി ആയിക്കഴിഞ്ഞു കുഞ്ഞിപ്പെണ്ണ് ചോദിക്കുന്നു,” ഞാൻ എന്റെ ഹിന്ദി homework book കൂടി എടുത്താലോ എന്ന്”. ഡൽഹിയിൽ ചെന്നിട്ട് എനിക്ക് എഴുതാൻ ആണെന്ന്. ” ഇവിടെ എങ്ങും ഇരുന്നു എഴുതാൻ പറ്റാത്തത് പോലെ!! (എങ്ങോട്ട് പുറപ്പെട്ടാലും  ജോലി ചെയ്യാൻ ഉള്ള ലാപ്ടോപ്പും കൊണ്ട് പുറപ്പെടുന്ന ഒരു മനുഷ്യന്റെ മകൾ അല്ലെ..എങ്ങനെ ഇങ്ങനെ പറയാതിരിക്കും!! (മത്തൻ കുത്തിയാൽ..!!)”അച്ഛൻ പോലും ദേ ലാപ്ടോപ്പ് എടുക്കുന്നില്ല അത് കൊണ്ട് മോൾ ഹിന്ദി ഹോംവർക് ഒന്നും എടുക്കേണ്ട” എന്ന് പ്രിയതമൻ ആഹ്വനം ചെയ്തു.

Nivi

പണ്ടൊക്കെ സ്കൂളിൽ നിന്ന് ടൂർ ഒക്കെ പോകുന്നതിന്റെ തലേന്ന് ഒരു ഉറക്കം വരാഴിക ഉണ്ട്. മനസ്സിങ്ങനെ തുള്ളി തുളുമ്പുന്ന അവസ്ഥ. ഇക്കുറിയും അതുണ്ടായിരുന്നു. പക്ഷെ അത് excitement കൊണ്ടായിരുന്നില്ല.  പിള്ളേരെ ഒക്കെ കൊണ്ട് പോകുമ്പോൾ നെഞ്ചിൽ ഒരു പെരുമ്പറ ആണ്.നിർത്താതെ മഴ പെയ്താൽ, landslide ഉണ്ടായാൽ, ആർക്കെങ്കിലും അസുഖം പിടിച്ചാൽ, എന്ന് തുടങ്ങി ആയിരം tensions. ഓരോ അരമണിക്കൂറിലും ഞങ്ങൾ  ഉത്തരാഖണ്ഡ് weather forecasting നോക്കാൻ തുടങ്ങി. എല്ലാ predictions ഉം High Humidity, Precipitation, Thunder storms എന്ന് മാത്രം. വരുന്നിടത്തു വെച്ച് കാണുക അല്ലാതെന്തു ചെയ്യാൻ എന്ന് തീരുമാനിച്ചു ഞങ്ങൾ ഇറങ്ങി.

Trip ready

തുടരും..

Travel Diaries- Part 1 (പൊലിഞ്ഞു പോയൊരു കാശ്മീർ സ്വപ്നം!)


ജൂലൈയിൽ വെറുതെ മടി പിടിച്ചിരുന്ന  ഒരു ശനിയാഴ്ചയാണ് പ്രിയതമനു  ഒരു ഉൾവിളി ഉണ്ടായത് . ഒരുപാട് വര്ഷങ്ങളായി എങ്ങോട്ടെങ്കിലും ഒരു യാത്ര പോയിട്ടെന്ന്..ഏഴു വര്ഷങ്ങള്ക്കു മുൻപ് കുഞ്ഞു നവമിയേം കൂട്ടി ഒരു ഷിംല മണാലി യാത്ര കഴിഞ്ഞു പിന്നെ ഒരിടത്തും പോയിട്ടില്ല. പിള്ളേർ ഇപ്പോൾ ചിറകു മുളച്ചു പറന്നു പോകുമെന്നും, അച്ഛനും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്ന സമയത്തു അവരെയും കൂട്ടി യാത്ര പോകണം എന്നും തുടങ്ങി, routine office life tensions ൽ നിന്നും ഒരു താൽക്കാലിക രക്ഷപെടൽ വേണമെന്നും ഒക്കെ ആ ഉൾവിളിയുടെ various elements ആയിരുന്നു. അങ്ങനെ ഇങ്ങനെ എങ്ങോട്ടും ഇറങ്ങാൻ മനസ്സില്ലാതെ മടിപിടിച്ചിരിക്കാറുള്ള പ്രിയതമയെ നോക്കി ‘ഇവിടെത്തന്നെ അങ്ങ് ഇരുന്നു വേരുപിടിച്ചോ’ എന്ന  മട്ടിൽ പ്രിയതൻ ഒന്ന് നോക്കിയ  നേരം, പ്രിയതമക്ക് വാശിയായി എന്നാൽ പിന്നെ എങ്ങോട്ടെങ്കിലും പോയിട്ട് തന്നെ കാര്യം. ആലോചിച്ചു തുടങ്ങിയത് ഒരു മുംബൈ യാത്ര പോകാൻ ആണ്. പിള്ളേർക്ക് ഓഗസ്റ്റ് ൽ നാല് ദിവസം അടുപ്പിച്ചു അവധിയുണ്ട്. അപ്പൊ പോയേക്കാം എന്ന് തീരുമാനിച്ചു. പിന്നെയും ചിന്തിച്ചിരുന്നപ്പോൾ ആണ്  അവിടെയിരുന്നു ഒരു  ട്രാവൽ ബുക്ക് എടുത്തു പ്രിയതമൻ exploration തുടങ്ങിയത്. അതിൽ ജമ്മു കാശ്മീർ ന്റെ ചില മനോഹര ചിത്രങ്ങൾ കണ്ടപ്പോൾ പ്രിയതമൻ വല്യ പ്രതീക്ഷയോടെ ഒന്നുമല്ലെങ്കിലും പ്രിയതമയെ നോക്കി ‘പോയാലോ’ എന്ന് ആംഗ്യം കാണിച്ചു.  സാധാരണ ഇത്തരം സന്ദർഭങ്ങളിൽ response ആയി കിട്ടാറുള്ള കണ്ണുരുട്ടൽ നു പകരമായി ‘the unpredictable version of പ്രിയതമ’ പറഞ്ഞു “നമുക്ക് അത് തന്നെ കാച്ചിക്കളയാം “എന്ന്. യാത്രകൾ ഓർമ്മകൾ ആണ് ഒരു ജീവിതകാലത്തിലേക്കുള്ളത്, എന്നോർത്ത ഏതോ ഒരു നിമിഷത്തിൽ ആണ് പ്രിയതമക്ക് സമ്മതം മൂളാൻ തോന്നിയത്. ആ ഒരു ഒറ്റ വാക്കിൽ ഒരു യാത്രയുടെ സ്വപ്‌നങ്ങൾ ഉരുവായി. പിന്നെ എല്ലാം പെട്ടന്നായി. എല്ലാ ബുക്കിങ്ങും, ട്രാവൽ പ്ലാൻസ് ഉം ഒക്കെ റെഡി ആയി.

Independence Day യുടെ സമയത്തു ആണ് പോകുന്നത് എന്നോർത്ത് കുറച്ചു ടെൻഷൻ ഒക്കെ അടിച്ചെങ്കിലും ഗ്രൂപ്പ് ടൂർ ആണല്ലോ എന്നോർത്ത് ഞങ്ങൾ സമാധാനിച്ചു. Snow കാണാൻ കൊതിച്ചു കൊതിച്ചു രണ്ടു കുഞ്ഞിപ്പെണ്ണുങ്ങളും സ്വപ്‌നങ്ങൾ നെയ്തു തകർത്തു. യാത്രക്ക് കൃത്യം ഒരാഴ്ച മുൻപേ പണി Article 370 യുടെ വേഷമിട്ടു വന്നു. കശ്മീരിൽ പട്ടാളക്കാരെ കൊണ്ട് നിറഞ്ഞു, നിരോധനാജ്ഞ, ടൂറിസ്റ്റുകൾ തിരിച്ചു വരുന്നു, flights ക്യാൻസൽ ചെയ്യുന്നു ആകെ കലുഷിതം..അങ്ങനെ സകല തയ്യാറെടുപ്പുകൾക്കും നടുവിൽ വെച്ച് ആ പ്ലാൻ ‘simply വടി കുത്തിപ്പിരിഞ്ഞു’. യാത്ര postpone ചെയ്തു എന്നല്ലാതെ travel കമ്പനിക്കും ഒരു definite date തരാനാവാത്ത അവസ്ഥ. നെയ്ത സ്വപ്നങ്ങളും, ബുക്ക് ചെയ്ത ഫ്ലൈറ്റ് tickets ഉം, approved ആയ leaves ഉം, രണ്ടാഴ്ച മുൻപേ തന്നെ പാക്ക് ചെയ്തു വെച്ച പിള്ളേരുടെ luggage ഉം  ഞങ്ങളെ നോക്കി നിർദ്ദയം പല്ലിളിച്ചു. Snow കാണാൻ കച്ച കെട്ടിയിരിക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഇനി എന്ത് പറഞ്ഞു സമാധാനിപ്പിക്കും. എന്നാലും എന്റെ അമിത് ഷാ..ഈ ചതി ഞങ്ങളോട് വേണമായിരുന്നോ..!!

ഇനി ഇപ്പോൾ എന്താണൊരു വഴി എന്ന അവസ്ഥയിലായി ഞങ്ങൾ.

Trip 1

തുടരും..

നാട്, വീട്, കൂട്ടുകാർ, ചില മണിക്കൂറുകൾ..


ഒരൊറ്റ രാത്രിക്കു വേണ്ടിയാണെങ്കിൽ കൂടി ഒന്ന് ഓടി നാട്ടിൽ പോയിട്ട് വരുമ്പോൾ കിട്ടുന്ന ഊർജ്ജം പറഞ്ഞറിയിക്കാനാവാത്തതാണ്.. അതും no strings attached mode ൽ, അച്ഛന്റേം, അമ്മേടേം, അമ്മൂമ്മയുടേം, ചേച്ചിയുടേം ഒക്കെ പഴയ കുട്ടിയെപ്പോലെ ആയിരുന്നു ഞാൻ ഇക്കുറി ..കല്യാണം കഴിഞ്ഞു പത്തു പന്ത്രണ്ടു വര്ഷം കഴിഞ്ഞതും, രണ്ടു പിള്ളേർ ഉള്ളതും ഒക്കെ മറന്നു ഞാൻ പണ്ടത്തെ ചിറമുഖത്തില്ലത്തെ കുട്ടി മാത്രമായി ഒരു പകലും ഒരു രാത്രിയും.

Home

ഹൃദ്യയുടെ പിറന്നാൾ എന്ന പേരിൽ (അവൾ ബാംഗ്ലൂർ ആണെങ്കിലും) ‘അമ്മ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടലപ്രഥമൻ ഉണ്ടാക്കി. ചക്കപ്പഴം വെച്ച തെരളി ഉണ്ടാക്കി. അച്ഛൻ എനിക്കായി magazines തന്നു. ചേച്ചിയോടും  , അമ്മൂമ്മയോടും കുറെ കഥ പറഞ്ഞിരുന്നു,കുതിരവട്ടത്തു അമ്പലത്തിലും, ചെങ്ങന്നൂർ അമ്പലത്തിലും, കാവിലും  തൊഴുതു വന്നു..ദൈവങ്ങൾ എല്ലാം കൂട്ടായി അരികിൽ വന്നു നിന്നതു പോലെ..

IMG_20190804_122806

ഇതൊന്നും പോരഞ്ഞു ഏറെ പ്രിയപ്പെട്ട എൻ്റെ ST Annes കൂട്ടുകാരെ കണ്ടു. . അങ്ങ് LKG ക്ലാസ്സിൽ കൈ ചേർത്ത് പിടിച്ചു കൂടെ നടക്കാൻ തുടങ്ങിയെ Ansu നെ മുതൽ ഏറ്റവും  പ്രിയപ്പെട്ട അനുവിനേം,അഞ്ജുവിനേം,പിന്നെ വിദ്യയെയും  , റ്റീനയെയും, ലിജിയെയും, അനു മേരിയെയും, Blossom നെയും, ജെൻസിയേയും ഒക്കെ ഒന്ന് കണ്ടു വന്നപ്പോൾ പ്രായം  പകുതിയിലധികം കുറഞ്ഞത് പോലെ. നിർത്താതെ ചിരിച്ചു കവിളുകൾ വേദനിച്ചു അവരെ കണ്ട ദിവസം. ഇത്രയൊക്കെ ചിരിക്കാനുള്ള കഴിവ് നഷ്ട്ടപ്പെട്ടു പോയിട്ടില്ല എന്ന് ഓർമ്മപ്പെടുത്തിയ എന്റെ പ്രിയപ്പെട്ടവർക്ക് നിറഞ്ഞ സ്നേഹം.. ഒരു യുഗത്തിലെ കഥകൾ ചില മണിക്കൂറുകൾ കൊണ്ട് ഞങ്ങൾ കവർ ചെയ്തു.  ഇക്കുറിയും ആചാരം തെറ്റിക്കാതെ Ansu നെ കൊണ്ട് അവളുടെ മാസ്റ്റർ പീസ് ‘ഒളിച്ചേ കണ്ടേ കണ്ണാരം പൊത്തി” പാടിപ്പിച്ചു. എത്ര തവണ കേട്ടാലും ഒരിക്കലും മതി വരാത്തതാണ് അവളുടെ ആ പാട്ടു..എത്ര വർഷങ്ങൾ കഴിഞ്ഞാലും അവൾക്കും, അവളുടെ ആ പാട്ടിനും ഒരു മാറ്റവും വരാത്തത് പോലെ..ജെൻസിയുടെ കേക്ക് ന്റെ സ്നേഹമധുരം നുണഞ്ഞു. അവളുടെ കുഞ്ഞു ബിസിനസ്സ്(Jency’s Cups & Cakes) നാളെ പടർന്നു പന്തലിച്ചു ലോകം കീഴടക്കാൻ ഉള്ള ആദ്യത്തെ പ്രോത്സാഹനമായി രണ്ടു കേക്ക് വാങ്ങി ബാംഗ്ലൂർക്കു പാക്ക് ചെയ്തു പൊന്നു. ഞങ്ങൾക്കൊപ്പം കൂടാൻ കഴിയാത്ത ചിലർ ഭൂഗോളത്തിൻറെ മറുപുറത്തു ഉറങ്ങാതെ ഇരുന്നാണെങ്കിലും ഞങ്ങളെ വീഡിയോ കാൾ വിളിച്ചു കണ്ടു സന്തോഷിച്ചു കൂട്ടത്തിൽ ചേരുകയും ചെയ്തു. അതിനും കഴിയാത്ത ചിലർ സങ്കടപ്പെട്ടു ഇരിക്കുകയും ചെയ്തു.. ഇനി കാണുമ്പോൾ overnight stay ചെയ്തു ഉറങ്ങാതെ കഥകൾ പറയണം എന്ന് പ്ലാൻ ചെയ്തു മടങ്ങിയപ്പോൾ ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു സങ്കട മഴ..

 ഒരു ട്രെയിൻ പിടിച്ചു പോയി കുറെ മണിക്കൂറുകൾ മാത്രം എങ്കിലും ആ പഴയ സ്കൂൾ ദിനങ്ങൾ ഒന്ന് തിരിച്ചു പിടിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് നിറഞ്ഞ സന്തോഷം. വിദ്യയുടെ സച്ചുവേട്ടന്റെ studio ലെ സ്റ്റാഫ് വീട്ടിൽ വന്നു ഫോട്ടോ എടുത്തു, എല്ലാവര്ക്കും പ്രിന്റൗട്ട് എടുത്തു കൊണ്ട് തന്നതിൽ എല്ലാവര്ക്കും ഇരട്ടി സൗന്ദര്യം. നമ്മൾ ഒക്കെ എപ്പോഴാ ഇത്രയ്ക്കു സുന്ദരിമാരായതു എന്ന് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കണ്ണ് മിഴിച്ചു നിൽക്കുകയായിരുന്നു. സന്തോഷം നിറഞ്ഞ മനസ്സുള്ളവർ ആണ് ഏറ്റവും സുന്ദരിമാരായി ഇരിക്കുക എന്ന് കേട്ടിട്ടുണ്ട്. ഏറ്റവും സന്തോഷത്തോടെ ഞങ്ങൾ ചിലവഴിച്ച ആ നിമിഷങ്ങളുടെ ചാരുതയിൽ എല്ലാവരുടെ സൗന്ദര്യം ഇരട്ടിയായി പ്രതിഫലിച്ചതാവും.

Friends

 ഞാൻ തനിച്ചു നാട്ടിൽ പോയി ആഘോഷിക്കുന്നതിൽ Already ‘കുശുമ്പ് at its peak’ ൽ നിൽക്കുന്ന  പ്രിയതമൻ ഇത് വായിച്ചാൽ തകർന്നു പോകും! I am the sorry അളിയാ ..I am the sorry .! (ഇനിയൊരു കാലത്തു കെട്ടിച്ചു വിട്ടു കഴിഞ്ഞു നമ്മുടെ നവമി നിവിമാർ ഒന്ന് വരുമ്പോൾ ഞാൻ ഈ എഴുതിയതിന്റെ full meaning പിടികിട്ടും !!) അല്ലെങ്കിലും ‘അശോകന് കുറച്ചു ക്ഷീണം ആകാം’!.ആളുടെ കൂടെ  Engineering നു ഒരുമിച്ചു പഠിച്ച 5 കൂട്ടുകാർ ഈ apartment ൽ തന്നെയുണ്ട് എന്ന് മാത്രമല്ല ഇതിൽ ആരെങ്കിലും ഒന്ന് മൂളിയാൽ  എല്ലാം കൂടി എവിടെയെങ്കിലും ഒരുമിച്ചു കൂടി ഗിറ്റാർ വായനയും, പാട്ടുപാടലും, ചെണ്ടകൊട്ടലും തിരുവാതിര കളിയും, മറ്റു കലാപരിപാടികളും തകർക്കാറുള്ളത് ആണ്.. അതും പോരാഞ്ഞു ഇപ്പൊ സ്കൂളിൽ ഒരുമിച്ചു പഠിച്ച കൂട്ടുകാരനും ഇവിടേയ്ക്ക് ചേക്കേറിയിട്ടുണ്ട്. അതൊക്കെ എന്റെ കൂട്ടുകാരെ നോക്കണം, ഒരൊറ്റ എണ്ണം ഈ ബാംഗ്ലൂരിലോ അതിന്റെ പ്രാന്ത പ്രദേശങ്ങളിലോ ഇല്ല.പറയാനാണെങ്കിൽ, സ്കൂൾ ഉണ്ട്, പ്രീഡിഗ്രി ഉണ്ട്, BSc ഉണ്ട്, എം എസ്‌സി ഉണ്ട്, എംസിജെ യും ഉണ്ട്. എന്നാലും ഒറ്റ ഒരെണ്ണം ബാംഗ്ലൂർ ഇല്ല.   അതാണ് എന്റെ സങ്കടം.

ആ പഴയ സ്കൂൾ കുട്ടിയേയും, കൊടുകുളഞ്ഞിക്കുട്ടിയെയും ഒക്കെ മടക്കി പോക്കറ്റിൽ വെച്ച് ഇന്ന് കാലത്തു എന്റെ പ്രിയപ്പെട്ടവർ ഉള്ള ബാംഗ്ലൂരിലെ ഈ കുഞ്ഞു സ്വർഗ്ഗത്തിലേക്കും  ജോലിയിലേക്കും ഒക്കെ തിരികെ പ്രവേശിച്ചു. അപ്പോഴും കണ്ടു മതി വരാത്ത ഒരു സ്വപനത്തിന്റെ പിൻവിളി എന്ന പോലെ  പോലെ വീടും, കൂട്ടുകാരും, ദൈവങ്ങളും  ഒക്കെ നിൽക്കുന്നുണ്ട്..തിരിഞ്ഞു നോക്കാതെ ഞാൻ നടക്കട്ടെ..ഇനി അടുത്തൊരു കിനാക്കാലത്തിന്റെ പ്രതീക്ഷ തിരികൊളുത്തി..

Photograph: Movie Review


Periods ഹോർമോൺ വേലിയേറ്റങ്ങളുടെ  വെള്ളിയാഴ്ച വൈകുന്നേരം എന്ത് ചെയ്യണം എന്നറിയാതെ, ക്ളോക്കിന്റെ സൂചി കറങ്ങുന്നതും നോക്കി കിടക്കുമ്പോഴാണ് Prime എടുത്തത്. അങ്ങനെ  തപ്പി നടക്കുമ്പോഴാണ് നവാസിദ്ദീൻ സിദ്ദിക്വി യുടെ തലവെട്ടം  കണ്ടത്. Photograph എന്ന സിനിമ അങ്ങനെയാണ് കണ്ടത്. തിളച്ചു മറിയുന്ന ലാവ പോലെയുള്ള മനസ്സിനെ ഒന്ന് തണുപ്പിക്കാനായിട്ടാണ് കണ്ടത്. കണ്ടു തീർന്നപ്പോൾ മനസ്സ് സ്വച്ഛമായ ഒരു തടാകം പോലെ ശാന്തം. പ്രണയത്തിന്റെ മാന്ത്രികത ആവും. ഒരു വാക്കു കൊണ്ട് പോലും പറയാതെ, ഒരു സ്പർശം  പോലും ഇല്ലാതെ, രണ്ടു മനസ്സുകൾ സംസാരിക്കുന്നതിന്റെ മനോഹാരിതയാണ് ഈ ചിത്രം. ജീവിതത്തിന്റെ രണ്ടരികുകളിൽ നിന്ന് ആൾക്കൂട്ടത്തിൽ നിന്ന് കണ്ടു മുട്ടുന്ന, ഒരു ഫോട്ടോഗ്രാഫിനാൽ ആദ്യമായി ബന്ധിക്കപ്പെട്ട രണ്ടു അപരിചതർ . അവർ അവിടെ നിന്ന് ഒരുമിച്ചു ഒഴുകുകയാണ്. എന്തെനെന്നോ, ഏതിനെന്നോ , എവിടേക്കോ എന്നൊന്നും അറിയാതെ, പറയാതെ, ഓർക്കാതെ വെറുതെ അങ്ങനെ..സ്വാഭാവികമായി വിടരുന്ന പൂവ് പോലെ ഒരു ആണ് റാഫി എന്ന മുംബൈ ഇന്ത്യ ഗേറ്റ് ലെ സ്ട്രീറ്റ് ഫോട്ടോഗ്രാഫറും, CA student ആയ മിലോനിയും തമ്മിലുള്ള ആ ഇഷ്ടം (പ്രണയത്തിന്റെ കടുത്ത വര്ണങ്ങളൊന്നും അവിടെയില്ല)വിടരുന്നത്. രണ്ടാൾക്കും തങ്ങൾക്കിടയിലുള്ള അന്തരം അറിയാം. ആരും ആരെയും പ്രണയം അറിയിക്കുന്നില്ല. പക്ഷെ അവർ ഒരു ഒഴുക്കിൽ പെട്ടത് പോലെ ഒരുമിച്ചു നീങ്ങുകയാണ്.

Photograph

മിലോനി എന്ന പെൺകുട്ടി CA ക്ലാസ്സിലെ topper ആയ, അച്ഛനും അമ്മയും ചേച്ചിയും ചേർന്ന് decisions എടുത്തു വഴി നടത്തുന്ന ഒരു upper middle class പെൺകുട്ടിയാണ്. സ്വന്തം വസ്ത്രം പോലും അമ്മയും ചേച്ചിയും ചേർന്ന് തിരഞ്ഞെടുക്കുമ്പോൾ ഒരു lost world ൽ എന്നവണ്ണം നിൽക്കുന്നവൾ . മടുപ്പിക്കുന്ന ആ ലോകത്തു നിന്ന് തെല്ലൊന്നു മാറി നടന്ന നേരമാണ് അവൾക്കു മുന്നിൽ 30 രൂപയ്ക്കു India Gate നു മുന്നിൽ ഫോട്ടോ എടുത്തു കൊടുക്കുന്ന റാഫി ആൾക്കൂട്ടത്തിൽ നിന്നും പ്രത്യക്ഷപ്പെടുന്നത്. അഭിനയം ഇഷ്ടമുള്ള, ഡ്രാമകളിൽ സമ്മാനം വാങ്ങിക്കൂട്ടുന്ന സ്വന്തം ഇഷ്ടങ്ങൾ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ആയിരുന്നു എന്നോ അവൾ. ആരൊക്കെയോ design ചെയ്‌തെടുക്കുന്ന ജീവിതം ജീവിച്ചു   മടുക്കുന്നതിന്റെ ഒരു coldness ഒരു നിർവികാരത അവളുടെ കണ്ണുകളിൽ ഉണ്ട്. പക്ഷെ അയാളെടുത്ത ഫോട്ടോയിലെ അവൾ വ്യത്യസ്ത ആണെന്ന് അവൾ തന്നെ പറയുന്നുണ്ട്. അവളെക്കാൾ സന്തോഷമുള്ള, അവളിൽ നിന്ന് വ്യത്യസ്ത ആയ ഒരാളെ പോലെ ആയിരുന്നു ആ ചിത്രം എന്ന് അവൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അയാൾ കണ്ടെടുത്ത അവളെ അവൾക്കു ഇഷ്ടമായത് കൊണ്ടാവും അവൾ അയാളോടൊപ്പം നടന്നു തുടങ്ങിയത്. അയാളുടെ ഉള്ളിൽ ഒരു കാമുകൻ ഉണ്ട്. പക്ഷെ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ ഉള്ള ഒരു വിവേകം ഉള്ള മനുഷ്യനാണ് അയാൾ.  മനസ്സ് കൊണ്ട് ഒരുപാടു സമാനതകൾ ഉള്ള രണ്ടു മനുഷ്യരാണെന്നു അവർ കൊച്ചു കൊച്ചു സംഭാഷണങ്ങളുടെ നമുക്ക് കാട്ടിത്തരുന്നുണ്ട്. ഗ്രാമത്തിൽ നിന്നും വരുന്ന അയാളുടെ അമ്മൂമ്മക്ക്‌ മുൻപിൽ അയാളുടെ പ്രണയിനിയായി അഭിനയിക്കാനായി ആയിരുന്നു അവൾ ആദ്യമൊക്കെ അയാൾക്കൊപ്പം നടക്കുന്നത്. നിഷ്കളങ്കമായ വളരെ ലളിതവും സൗമ്യവുമായ അയാളുടെ ലോകം, അയാൾ, അയാളുടെ നിർത്താതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന  അമ്മൂമ്മ ഒക്കെ ഉൾപ്പെടുന്ന ഇടങ്ങൾ  അവൾക്ക്  വളരെ comfortable ആയി തോന്നുകയാണ്. അവൾക്കു ഇഷ്ട്ടപ്പെട്ട Campa Cola തേടി അയാൾ പോകുന്നതും, വഴിയിൽ അവളെ കാപ്പി കുടിക്കാൻ ക്ഷണിക്കുന്ന, അവൾ നിരസിച്ചു മുന്നോട്ടു നീങ്ങുമ്പോൾ കൈയ്യിൽ പിടിച്ചു തടയാൻ ശ്രമിച്ച അവളുടെ CA അധ്യാപകനെ കണ്ടപ്പോൾ അയാൾക്ക്‌ തോന്നുന്ന ദേഷ്യവും, അയാളുടെ തലയണക്കടിയിൽ  സൂക്ഷിച്ചിരിക്കുന്ന അവളുടെ ചിത്രങ്ങളും  ഒക്കെ അയാൾക്ക്‌ അവളോടുള്ള പ്രണയത്തിന്റെ അടയാളപ്പെടുത്തലുകൾ ആണ്. അവൾക്കത് അറിയുകയും ചെയ്യാം. ഒന്നും പരസ്പരം പറയാതെ, ഒന്നും ആവശ്യപ്പെടാതെ, ഉപാധികളില്ലാതെ വെറുതെ രണ്ടു മനുഷ്യരുടെ മൗനത്തിൽ  ഉറയുന്ന സംഗീതം പോലെ ഉള്ള  പ്രണയം. അതിന്റെ അവസാനവും അയാൾക്കറിയാം..അവർ പകുതിക്കു വെച്ച് ഇറങ്ങിപ്പോകുന്ന സിനിമയെ പറ്റി എന്നത് പോലെ അയാൾ അത് പറയുന്നുണ്ട്. “കണ്ടില്ലെങ്കിലും അതിന്റെ ബാക്കി എനിക്കറിയാം. ഈ കഥകളുടെ എല്ലാം അവസാനം ഒരുപോലെ ആവും..”എന്ന്. എന്ന് അയാൾ പറയുന്നത് അവരെ കുറിച്ച് തന്നെ ആണ് എന്ന് രണ്ടാൾക്കും അറിയുകയും ചെയ്യാം..

കണ്ടു തീർന്നപ്പോൾ ഉള്ളിലെ ലാവാ പ്രവാഹം  ഒക്കെ തണുത്തുറയാൻ പാകത്തിൽ ഒരു മഴ പെയ്തു തോർന്നതു  പോലെ.. പ്രണയത്തിന്റെ പേരിൽ കൊല്ലുകയും, കത്തിക്കുകയും, കുഴിച്ചു മൂടുകയും ഒക്കെ ചെയ്യുന്ന മനുഷ്യർ എന്നാണാവോ മനസിലാക്കുക യാതൊരു ബഹളങ്ങളും ഇല്ലാതെ, പരസ്പരം പറയുക പോലും ചെയ്യാതെ, ഏറ്റവും മൗനമായി രണ്ടു മനസ്സുകൾ തമ്മിൽ സംസാരിക്കാൻ കഴിയുക എന്നതാണ് പ്രണയം എന്നത്..ധ്യാനത്തിൽ നിന്നുരുവാകുന്ന ശാന്തത പോലെ വിശുദ്ധമാണ് അതെന്നു..

Bhavya’s Enlightenment!! 


ഗൗതമ ബുദ്ധന് ജ്ഞാനോദയം ഉണ്ടായതു പോലെ ഉള്ള  പാതയിൽ ആണ് ഇപ്പോൾ. സമയം കുറച്ചു കൂടി optimize ചെയ്യണമെന്നും, സ്വന്തമായിട്ടെങ്കിലും ഒരു പ്രയോജനം അത് കൊണ്ട് വേണമെന്നും ഒക്കെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അത് പ്രാവർത്തികമാക്കുന്ന സമയം ആവുമ്പോൾ ‘പിന്നേം ശങ്കരൻ തെങ്ങേൽ’ അവസ്ഥ ആയിരുന്നു. കാരണം digital world തരുന്ന അനന്ത സാദ്ധ്യതകൾ  തന്നെ. ചുമ്മാ ഇരുന്നു കൊടുത്താൽ മതി, ഒരു മെനക്കേടും ഇല്ലാതെ ബ്രെയിൻ entertained ആയിക്കൊള്ളുന്ന അവസ്ഥ. എന്നാൽ അത് കൊണ്ട് എനിക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ പോകട്ടെ. ഫേസ്ബുക്കിൽ ബാലഭാസ്കർ issue കത്തി നിൽക്കുന്ന സമയത്തു ഞാൻ വെറുതെ കളഞ്ഞ സമയം ഉണ്ടായിരുന്നെങ്കിൽ രണ്ടു പുസ്തകം വായിച്ചു തീർക്കാമായിരുന്നു എന്ന് തോന്നി. Creative ആയി എന്തെങ്കിലും ചെയ്തു കൊണ്ടിരുന്നില്ലെങ്കിൽ നമുക്ക് നമ്മളോട് തന്നെ ഉള്ള ബഹുമാനം കുറയും എന്ന് തോന്നുന്നു. അതുകൊണ്ടു  എന്തായാലും തീരുമാനിച്ചു ഇനി ഒന്ന് നന്നാവാൻ ശ്രമിച്ചേക്കാം എന്ന്. (എത്ര നാളത്തേക്ക് എന്ന് അറിയില്ല!!).

long way to go

നന്നാവുന്നതിന്റെ ഭാഗമായുള്ള എന്റെ ആദ്യ പാഠങ്ങൾ (വേണമെങ്കിൽ note ചെയ്തു വെച്ചോ. പിന്നെ അറിഞ്ഞില്ല കേട്ടില്ല, ആരും പറഞ്ഞില്ല എന്നൊന്നും പറയരുത്!)

ഫേസ്ബുക് അരിച്ചു പെറുക്കൽ അങ്ങ് നിർത്തുക. അതിനായി ആദ്യം FB ഫോണിൽ നിന്ന് uninstall ചെയ്യുക എന്നതാണ്. അത് ഞാൻ last week ചെയ്തു കഴിഞ്ഞു. കുറച്ചു നാൾ  മുൻപ് ഇത് ചെയ്തിട്ട് ഞാൻ Broswer വഴി FB access ചെയ്തു തകർക്കുമായിരുന്നു.പക്ഷെ ഇക്കുറി അങ്ങനെ അല്ല, കട്ട കലിപ്പാണ്. ഞാൻ ഒരു  കലക്ക് കലക്കും! ഓവർ ആക്കി ചളമാക്കില്ലെങ്കിൽ  അത്യാവശ്യത്തിനു ഞാൻ എനിക്ക് രണ്ടു ദിവസത്തിൽ ഒരിക്കൽ ലാപ്ടോപ്പ് ൽ കുറച്ചു സമയം FB അനുവദിച്ചിട്ടുണ്ട്.

പിന്നെ Whataspp. അവിടെ അധികം scope ഇല്ലാത്തോണ്ട് കുഴപ്പമില്ല. വല്ലപ്പോഴും പുതുമഴ പോലെ പൊഴിയുന്ന school ഗ്രൂപ്പ് messages ഉം, സിസ്റ്റേഴ്സ് ഗ്രൂപ്പിലെ അശ്വിൻ വാവ ചിത്രങ്ങളും അല്ലാതെ പൊതുവേ എന്റെ whatsapp ഒരു സഹാറ മരുഭൂമിയാണ്. നന്നായി, അല്ലെങ്കിൽ മനസ്സിനെ കല്ലാക്കി അതിനേം കൂടി എനിക്ക്  കണ്ടം  വഴി ഓടിക്കേണ്ടി വന്നേനെ!!

Amazon Prime ൽ പുതിയതായി പ്രത്യക്ഷപ്പെട്ട Ishq സിനിമയും, Netflix ലെ വിജയ് സൂപ്പറും പൗർണ്ണമിയും പ്രലോഭനങ്ങളായി വന്നു മുന്നിൽ നിൽപ്പുണ്ട്. (കൂടെ കുമ്പളങ്ങിയും സൂപ്പർ ഡീലക്സും ഒന്ന് കണ്ടതാണ് എങ്കിലും വീണ്ടും പ്രലോഭനങ്ങളും  ആയി വരുന്നു!). തല്ക്കാലം ഒന്ന് നീക്കി വെച്ചെന്നേയുള്ളു. എന്നാലും ഒരു cheat day കണ്ടെത്തി ഇതൊക്കെ കവർ ചെയ്യണം!!

നിർത്തി വെച്ചിരിക്കുന്ന പുസ്തകവായന പുനരാരംഭിക്കാൻ നോം തീരുമാനിച്ചിരിക്കുന്നു. ഒരു വര്ഷം മുൻപ് വായിച്ചു തുടങ്ങി തുടങ്ങിയിടത്തു തന്നെ ഒടുങ്ങിയ  Homosapiens ഉം, പിന്നെ വാങ്ങി വെച്ചിട്ടു തുറക്കാതിരുന്ന സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, നിലം പൂത്തു മലർന്ന നാൾ, അഷിതയുടെ കഥകൾ സമ്പൂർണ്ണം, Made to Stick, ജിഷ പറഞ്ഞ (ഇനിയും വാങ്ങാത്ത) Sheryl Sandberg ബുക്ക് ഒക്കെ ഇങ്ങനെ എന്നെ ഏറ്റു വാങ്ങൂ ആദ്യം എന്ന മട്ടിൽ മുന്നിൽ വന്നു നിരന്നു നിൽക്കുന്നു. എന്തായാലും ഒരു ദിവസം atleast ഒരു മണിക്കൂർ എങ്കിലും വായിച്ചു വളരാൻ തീരുമാനിച്ചു. എവിടെ തുടങ്ങും എന്ന് ഉടൻ തീരുമാനിക്കപ്പെടുന്നതാണ്. Railway station ലെ മുഷിപ്പൻ കാത്തിരുപ്പുകളിൽ കൂട്ടായി ഇനി ഒരു പുസ്തകം ഈ കൈകളിൽ കാണാൻ നിങ്ങൾ ഒന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചേക്കണേ. (താൻ  പാതി ദൈവം പാതി എന്നാണല്ലോ.!)

മനുഷ്യന് പ്രയോജനപ്പെടുത്തുന്ന കാര്യങ്ങളെ കുറച്ചു കൂടി എഴുതണം എന്നുണ്ട്. അത് എന്താവണം, എങ്ങനെ വേണം, (Technical/non technical) എന്നതിന് ഇനിയും ക്ലാരിറ്റി കിട്ടാനുണ്ട്. ഓഫീസിൽ അല്ലാതെ ഇംഗ്ലീഷ് എഴുതാറില്ല എന്നതിനെ ഒന്ന് മാറ്റി പിടിച്ചു സജീവമായി ഇറങ്ങണം എന്നുണ്ട്. LinkdeIn ൽ എങ്കിലും എഴുതി പ്രൊഫൈൽ strong ആക്കണമെന്നുണ്ട്. കുറെയേറെ inhibitions നെ മറികടക്കണം  എന്നുണ്ട്.

പിന്നെ ഒന്നുകൂടി. രാവിലെ എഴുന്നേറ്റാൽ ചായക്കൊപ്പം അകത്താക്കാൻ ഉള്ള ബിസ്ക്കറ്റ് എടുക്കാൻ നീളുന്ന എന്റെ കൈകളെ ഞാൻ കെട്ടിയിടാൻ തീരുമാനിച്ചു. വേറെയും കുറെ ഉണ്ട്. എന്നും നടക്കാൻ പോവുക, healthy food മാത്രം കഴിക്കുക തുടങ്ങി.  (ഇതിപ്പോ  ഇത്രേം അങ്ങ് നന്നാവുന്നതു കണ്ടു ദൈവം ഉടലോടെ സ്വർഗ്ഗത്തിൽ കൊണ്ട് പ്രതിഷ്ഠിക്കുമോ  എന്നൊരു പേടി ഇല്ലാതില്ല! . എന്ത് ചെയ്യാനാ എന്റെ ഒരു കാര്യം!!നന്നാവാൻ തീരുമാനിച്ച മാക്സിമം അങ്ങ് കവർ ചെയ്യണം. ചിലപ്പോൾ അങ്ങ് ഏറ്റാലോ..!! ഏറ്റാൽ  മതിയായിരുന്നു..

ഇത് ഇങ്ങനെ തള്ളി തകർക്കുന്നത്   ,തള്ളുമ്പോൾ എങ്കിലും അത് സ്വയം ഒരു commitment ആയി സീരിയസ് ആയി എടുക്കാൻ വേണ്ടിയാണ്. അത് മാത്രമല്ല, ഈ തള്ള് കേട്ട് ഒരാൾ എങ്കിൽ ഒരാൾക്ക്  creative inspiration and energy കിട്ടിയെങ്കിലോ എന്ന് കൂടി കരുതിയിട്ടാണ്. കാരണം ചിലപ്പോൾ ഒരൊറ്റ വാക്കിന്റെ spark മതിയാവും ഒരു ജീവിതകാലത്തേക്കുള്ള വെളിച്ചമാവാൻ.

ഇത്രയൊക്കെ ജ്ഞാനോദയത്തിനു കാരണം US ൽ നിന്നും വന്ന വല്യ മുതലാളിയുടെ ഒരു session ആയിരുന്നു.
ഒരു 60 to 70 years ആകുമ്പോൾ നിങ്ങളുടെ potential unused അല്ലെങ്കിൽ rightly used ആക്കിയില്ല എന്നൊരു തോന്നൽ വരാതിരിക്കാൻ ശ്രദ്ധിക്കണം എന്നാണ് പുള്ളി പറഞ്ഞത്. Creation vs consumption എന്നതിന് ഒരു balance വേണമെന്നും പുള്ളി പറഞ്ഞു. Utilizing your creatilvity to the fullest can only give you the sense of fulfillment and you all should strive for it  എന്നും പുള്ളി പറഞ്ഞു. അതും അത് പറഞ്ഞത് നിങ്ങള്ക്ക് വേണേൽ ചെയ്താൽ മതി എന്നൊരു mode ൽ ആണ്. I am not a school principal or your teacher to enforce you all to do these എന്നും കൂട്ടിച്ചേർത്തു.

നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും നമ്മൾ തന്നെ ചങ്ങലക്കിട്ടു വെച്ചിരിക്കുന്ന ഓരോ പ്രതിഭകൾ ഉണ്ട്. അത് തിരിച്ചറിയപ്പെടാതെ , utilize ചെയ്യപെടാതെ പോകുന്നതോളം വല്യ ദുരന്തം വേറെ ഒന്നുമില്ല. അലസമായി നമ്മൾ ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങൾ കണ്ടും കെട്ടും ഇടപ്പെട്ടും കടന്നു പോകുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ആ പ്രതിഭയെ പുറത്തു കൊണ്ട് വരാനുള്ള വഴികൾ ആണ്.  ഇനി ഇത് വരെ പുറത്തു വരാതെ ഇരിക്കുന്ന വല്ല പ്രതിഭയും ഉള്ളിൽ ഇരുപ്പുണ്ടെങ്കിൽ ഇനി ഞാനായിട്ട് അവസരം കൊടുത്തില്ല എന്ന് വേണ്ട എന്നങ്ങു തീരുമാനിച്ചു. കാരണം creativity തരുന്ന ആ sense of fulfillment എന്താണെന്നു ആദ്യമായി അറിഞ്ഞത് ബ്ലോഗ് തുടങ്ങിയ കാലത്താണ്. അത് ആളുകൾ വായിക്കുമ്പോൾ, ഇഷ്ടപ്പെട്ടു എന്നൊരു thumbs up എങ്കിലും തരുമ്പോൾ, ആൾക്കാർക്ക് relate ചെയ്യാൻ കഴിയുന്നു എന്നറിയുമ്പോൾ  കിട്ടുന്ന ഒരു ഊർജ്ജം ഉണ്ട്.

അങ്ങനെ മൊത്തത്തിൽ ജ്ഞാനോദയം at its peak ൽ നിൽക്കുമ്പോൾ ആണ് തുമ്മാരുക്കൂടി ഒരു Personal Transformation ന്റ്റെ Udemy freely accessible course ന്റ്റെ link കൊണ്ട് വന്നത്. അതും കൂടിയയായപ്പോൾ പൂർത്തിയായി. ഇനി എന്നെ തടയാൻ ഒരു ശക്തിക്കും കഴിയില്ല മക്കളെ..!!

വെറുതെ ഓരോന്നോർത്തു കുത്തിയിരിക്കാതെ വേഗം എല്ലാരും പോയി നന്നായിക്കേ . കോഴ്സ് ലിങ്ക് :https://www.udemy.com/complete-personal-development-personal-transformation-course/

കുഞ്ഞിപ്പെണ്ണിൻറെ ‘Vote of Thanks’


അങ്ങനെ കുഞ്ഞിപ്പെണ്ണ് വിജയശ്രീലാളിതയെപ്പോലെ ‘Performer of the day’ പട്ടം ഒക്കെ തൂക്കി സ്കൂളിൽ നിന്നും മടങ്ങി എത്തി. എന്റെ ഒരാഴ്ച നീണ്ടു നിന്ന അധ്വാനത്തിന് ഫലം കണ്ടു എന്ന് ചുരുക്കം. ‘She did it beautifully’ എന്നായിരുന്നു അവളുടെ ബിന്ദു മാം ന്റെ മെസ്സേജ്.

Nivi vote of thanks

ഒരാഴ്ച മുൻപായിരുന്നു ടീച്ചർ ന്റെ മെസ്സേജ് വന്നത്. സ്കൂളിൽ Environment Day program നു ഒരു vote of thanks ഇവളെ കൊണ്ട് പറയിപ്പിക്കാമോ എന്ന്. ഒരു കടലാസ്സിൽ നെടുനെടുങ്കൻ കുറെ വാചകങ്ങൾ സഹിതമായിരുന്നു മെസ്സേജ്. അത് കണ്ടപ്പോഴേ എന്റെ പാതി ബോധം പോയി. ഒന്നാമതെ ഓഫീസിൽ വല്യമുതലാളി അമേരിക്കയിൽ നിന്ന് പുറപ്പെട്ടു വന്ന സമയമായതിനാൽ എനിക്ക് ശ്വാസം വിടാൻ സമയം ഇല്ലാതിരിക്കുകയാ. മുതലാളി വന്നതിനാൽ ഒട്ടും കുറക്കണ്ട എന്നോർത്ത് എന്നും നാൽപ്പതു കിലോമീറ്റർ താണ്ടി ഓഫീസിലേക്ക് പുറപ്പെടേണ്ട അത്യാവശ്യം ഉള്ള സമയം. അതിന്റെ കൂടെയാണ് ഈ സ്പീച് മഹാമഹം. ടീച്ചർ ആകട്ടെ saturday message അയച്ചിട്ട് പറഞ്ഞു Monday ലേക്ക് അതിന്റെ ഒരു പകുതിയെങ്കിലും practice ചെയ്യിപ്പിച്ചു വിടാമോ എന്ന്. കുഞ്ഞിപ്പിള്ളേർക്കു സ്റ്റേജ് fear എന്താണെന്നു മനസ്സിലാവുന്നതിനു മുൻപേ സ്റ്റേജ് ൽ കയറാൻ ഉള്ള ഒരു അവസരം ആയതിനാൽ വയ്യ എന്ന് പറയാനും മടി.

എന്തായാലും ഏറ്റെടുത്തു. ആദ്യം ചെയ്തത് എന്റെ എഡിറ്റിംഗ് സ്‌കിൽസ് ഉപയോഗിച്ച് ആ ഭീകര പ്രസംഗത്തിനെ ഒന്ന് മയപ്പെടുത്തി. എന്നിട്ടും കുഞ്ഞിപ്പെണ്ണ് അങ്ങോട്ട് അടുക്കുന്നില്ല. അവളുടെ പിന്നാലെ നടന്നു ഞാൻ അലട്ടി പ്രസംഗിക്കാൻ തുടങ്ങി. അവളാകട്ടെ ഈ ‘vote of thanks’ എന്ന് എന്തിനാ പറയുന്നത്, വെറുതെ താങ്ക്സ് എന്ന് പറഞ്ഞാൽ പോരെ, വോട്ട് എന്ന് പറഞ്ഞാൽ നമ്മൾ പോയി ചെയ്യണ്ടതല്ലേ എന്ന് തുടങ്ങി കുറെ കുനുഷ്ടു സംശയങ്ങൾ ചോദിയ്ക്കാൻ തുടങ്ങി. സ്പീച് പഠിപ്പിക്കാൻ വന്നാൽ അപ്പൊ സംശയം തുടങ്ങും. പിന്നെ അതിന്റെ വേര് പിടിച്ചു പറഞ്ഞു തുടങ്ങി അവസാനം speech ‘ഗോവിന്ദ’ എന്ന അവസ്ഥ ആയി. കുറെ കേട്ട് കഴിയുമ്പോൾ അവൾ പറയാൻ തുടങ്ങി ‘ഞാൻ കേട്ട് കേട്ട് ക്ഷീണിച്ചു, ഇനി ഞാൻ ഒന്ന് rest എടുക്കട്ടെ എന്ന്’!! ഇതൊക്കെ കേൾക്കുന്നത് തന്നെ ക്ഷീണം ആണ് എന്ന് എനിക്കും തോന്നി. എങ്കിലും അങ്ങനെ തൊട്ടു പിന്മാറാൻ കഴിയുമോ..

ഇടയ്ക്കു ഒരു birthday party യും, ഹൃദ്യ വീട് , മായ ചേച്ചി വീട് സന്ദർശനം ഒക്കെയായി weekend അങ്ങനെ പര്യവസാനിക്കാറും ആയി. പണ്ട് നവമിയെ സ്പീച് പഠിപ്പിക്കുമ്പോൾ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളായിരുന്നത് കാരണം അവൾ ബോറടിച്ചു പെട്ടന്ന് പഠിച്ചു.ഇവൾക്ക് ചുറ്റും എല്ലാവരും ഉണ്ട്, യാതൊരു ബോറടിയും ഇല്ല. അത് കൊണ്ട് അവൾ എന്നെ കാണുമ്പോഴേ സ്പീച് പഠിപ്പിക്കും എന്നോർത്ത് ഓടാൻ തുടങ്ങി! എങ്കിലും ഞായറാഴ്ച വൈകുന്നേരം more mega store സന്ദർശനം ഒക്കെ കഴിഞ്ഞു ഒരു 7 മണിക്ക് കൂട്ടിൽ കയറിയപ്പോൾ കുഞ്ഞിപ്പെണ്ണ് ഉഷാറായി. സ്പീച് പഠിക്കാം അമ്മേ എന്നവൾ ഉദാരമതിയായി ഇങ്ങോട്ടു വന്നു. ഒരു വിധത്തിൽ അങ്ങനെ സ്പീച് ന്റെ പാതി പഠിപ്പിച്ചെടുത്തു. opportunity യും , environment day, privilege,Principal Reverant Father Lawrence തുടങ്ങിയ കടുത്ത വാക്കുകൾ ഒക്കെ ഈ കുരുന്നിനെ കൊണ്ട് ഒന്ന് പറയിപ്പിച്ചെടുക്കാൻ ഞാൻ 18 അടവും പയറ്റി. എന്തായാലും തിങ്കളാഴ്ചത്തെ സാമ്പിൾ വെടിക്കെട്ട് അവൾ തകർത്തു. അപ്പോഴേ യഥാർത്ഥ പൂരം മോശം ആകില്ല എന്നെനിക്കു ഒരു പ്രതീക്ഷ കിട്ടി. അങ്ങനെ കുഞ്ഞിപ്പെണ്ണ് ഓരോ ദിവസമായി കഷ്ട്ടപെട്ടു ആ ബാലികേറാമല കയറി. സ്റ്റേജ് fear , ടെൻഷൻ എന്നതിനെക്കുറിച്ചൊന്നും വല്യ ധാരണ അവൾക്കില്ലാത്തതു കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. വീട്ടിൽ ഒരു നീണ്ട കമ്പെടുത്തു മൈക്ക് ആക്കി, സോഫ സ്റ്റേജ് ആക്കി അവൾ തലങ്ങും വിലങ്ങും പ്രസംഗിച്ചു തകർത്തു. അങ്ങനെ ഇന്ന് പ്രോഗ്രാം ദിവസം എത്തിയപ്പോൾ അവൾ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ പോയി പ്രസംഗിച്ചു വന്നു.

കഴിഞ്ഞ വര്ഷം അവൾക്കു ആദ്യമായി ഒരു സ്റ്റേജ് അവസരം കൊടുത്ത അവളുടെ പ്രിയപ്പെട്ട റോസമ്മ മാം നെ നന്ദിപൂർവം സ്മരിക്കുന്നു. ഞങ്ങൾക്ക് പോലും അവൾ ‘പറയും’ എന്ന് പ്രതീക്ഷ ഇല്ലാതിരുന്ന കാലത്തു അവളുടെ റോസമ്മ മാം ആയിരുന്നു അവളിൽ ഒരു speaker ഉണ്ടെന്നു കണ്ടറിഞ്ഞത്. അന്നത്തെ ആ പ്രോഗ്രാം കഴിഞ്ഞു ” അവൾ ഞാൻ മനസ്സിൽ വിചാരിച്ചതു പോലെ തന്നെ പറഞ്ഞു” എന്ന് പറഞ്ഞ റോസമ്മ മാം ന്റെ comment കേട്ട് അവൾക്കു എന്തൊരു സന്തോഷമായിരുന്നു എന്നോ..ആ പ്രോത്സാഹനം കൊടുത്ത confidence ആണ് അവളുടെ ഉള്ളിൽ ഇപ്പോഴും ഉള്ളത്.

മണ്ണിൽ ഒരു കുഞ്ഞു ചെടി പോലെയാണ് കുഞ്ഞുങ്ങൾ. സൂര്യപ്രകാശവും, വെള്ളവും, വളവും ഒക്കെ അതിന്റെതായ അളവിൽ കിട്ടുമ്പോൾ മെല്ലെ വളർന്നു, നാമ്പിട്ടു, തളിരുകൾ, മൊട്ടുകൾ ഒക്കെ വിടരുന്നത് പോലെ ആണവർ വളരുന്നത്. ഈ കുഞ്ഞു ചെടിയും ആകാശത്തോളം വളരട്ടെ, നിറയെ പൂക്കളും കായ്കളും വിടർത്തട്ടെ, തണൽക്കുട വിരിക്കട്ടെ.

അതിജീവനം


 നിറയെ തളിർത്തു നിൽക്കുന്ന ഈ മുരിങ്ങമരം അതിജീവനത്തിന്റെ ഒരു മനോഹരമായ ചിത്രമാണ്. ഒരുനാൾ നിനച്ചിരിക്കാതെ പെയ്ത വേനൽ മഴക്കൊപ്പം വന്ന കൊടുംകാറ്റിൽ പെട്ട് ആടിയുലഞ്ഞു അതിന്റെ ചില്ലകളെല്ലാം നിലംപതിച്ചു കിടക്കുന്നതു കണ്ടു വല്ലാതെ സങ്കടം തോന്നിയിരുന്നതാണ്. ഏതോ ഓർമ്മയുടെ ഒരു അവശിഷ്ടം പോലെ അതിന്റെ ഒരൊറ്റക്കമ്പ്  ശിരസ്സറ്റ്‌, ഉടൽ പാതി മാത്രം ആയതു പോലെ നിൽക്കുന്നത് കണ്ടും സങ്കടം വന്നിരുന്നു. പിന്നെയൊരു നാളിൽ അതിൽ നിന്നും കുഞ്ഞു കുഞ്ഞു നാമ്പുകൾ തളിരിട്ടു. ഇന്ന് നോക്കുമ്പോൾ നിറയെ തളിരിലകൾ..എത്ര പ്രതീക്ഷാനിർഭരമായ ഒരു കാഴ്ചയാണത്..ഏതു പതനത്തിന്റെ ആഴങ്ങളിൽ നിന്നും എഴുന്നേറ്റു വരാൻ , പുതിയ ആകാശങ്ങൾ തേടാൻ, ചിറകു തളരാതിരിക്കാൻ ഒക്കെ ഇങ്ങനെ ഒരു കാഴ്ച തരുന്ന ഊർജ്ജം  മതി.

ഇത് കണ്ടപ്പോൾ പണ്ട് പഠിച്ച ഏറെ പ്രിയമുള്ള O. Henry കഥ ‘The Last Leaf’ ഓർമ്മ വന്നു. എന്തൊരു മനോഹരമായ കഥയായിരുന്നു അത്..

Survival

കമ്മലിഷ്ടങ്ങൾ, ഓർമ്മകൾ


 

പണി ചെയ്തു പ്രാന്തായി,  ഇരിക്കുമ്പോഴാണ് താഴെ office premises ൽ stalls ഇട്ടിരിക്കുന്നത് രാവിലെ കണ്ടതോർമ്മിച്ചതു. Lunch Break ൽ ഒന്നോടിപ്പോയി നാല് കമ്മൽ വാങ്ങിച്ചു വന്നപ്പോഴാണ് ആ വിരസതയും, അലസതയും ഒക്കെ  മാറി ഒന്നുഷാറായത്. ഷോപ്പിംഗ്, therapy ആണെന്ന് പണ്ടാരാണ്ടു പറഞ്ഞട്ടുള്ളത് പോലെ. കമ്മൽ മേടിച്ചതു പോരാഞ്ഞിട്ട് അതിന്റെ ഒരു ഫോട്ടോ എടുത്തു status ൽ ഇട്ടു  കഴിഞ്ഞപ്പോൾ കുറച്ചു കൂടി സന്തോഷമായി. അത് കണ്ടു കൂട്ടുകാരി അനു മെസ്സേജ് അയച്ചു ‘പണ്ടൊന്നും നീ കമ്മൽ മാറ്റിയിടാറേയില്ലായിരുന്നു എന്ന്. മണികൾ ഉള്ള ഒരു rings ആയിരുന്നു പത്താം  ക്ലാസ് മുതൽ കോളേജിലും ഒക്കെ നീ ഇടുമായിരുന്നത് എന്ന്.  നിനക്ക്  ആദ്യമായി periods വന്നപ്പോൾ കല്ലൂപ്പാറ അമ്മൂമ്മ വാങ്ങി തന്ന കമ്മൽ അല്ലായിരുന്നോ അതെന്നു’ കൂടി ചോദിച്ചു അവൾ എന്റെ കണ്ണ് നിറച്ചു.  എത്രെ പ്രിയപ്പെട്ട ഒരു  ഓർമ്മ ആണ് അവൾ ആ  ഒറ്റ വരിയിൽ ഊതി തെളിച്ചത്.

വർഷങ്ങൾ എത്രെ കടന്നു പോയാലും ചിലരോർമ്മകളിൽ നമ്മളിങ്ങനെ minute ഡീറ്റൈൽസോടെ നിറഞ്ഞു നിൽക്കുന്നു എന്ന അറിവ് മനസ്സ് നിറയ്ക്കും. അല്ലെങ്കിലും ചില മനുഷ്യർ അങ്ങനെയാണ്, കാലങ്ങൾ എത്ര മുന്നോട്ടോടിയാലും, തമ്മിൽ കണ്ടിട്ട്, സംസാരിച്ചിട്ട് വർഷങ്ങൾ ആയാലും ഒരൊറ്റ വാക്കിൽ, ഒരു ഓർമ്മത്തുണ്ടിൽ, ഒരു പൂക്കാലം തന്നെ സമ്മാനിക്കും. അവൾ പറഞ്ഞത് ഓർത്തു ഞാൻ എന്റെ ഫോണിൽ ഉള്ള പഴയ ഫോട്ടോസ് നോക്കി. പത്തു മുതൽ ഡിഗ്രി ടൂർ ഫോട്ടോസ് ൽ  വരെ അതേ  കമ്മൽ ആണ് ഞാൻ ഇട്ടിരിക്കുന്നത്. ഇനി നാട്ടിൽ പോകുമ്പോൾ ആ കമ്മൽ തപ്പി എടുത്തു കൊണ്ട് വന്നു ഒന്നുടെ ഇടണം.

എന്റെ കാതു കുത്തിയത് എനിക്ക് നല്ല ഓർമ്മ ഉള്ള കാലത്തായിരുന്നു. സുന്ദരിയാകാം എന്ന ഉമ ചിറ്റയുടെ മോഹന വാഗ്ദാനത്തിൽ മയങ്ങി ഒരു വേനലവധിക്കാലത്തായിരുന്നു അത്. തിരുവല്ലയിലെ ഒരു ബ്യൂട്ടി പാർലർ ൽ  ഒറ്റയ്ക്ക് എന്നെ കാത്തു കുത്താൻ കൊണ്ട് പോയ ഉമ ചിറ്റയുടെ ധൈര്യം അപാരം! കരയാതെ കാത്  കുത്തു ഏറ്റു  വാങ്ങിയ ഞാൻ ഒരു കുഞ്ഞു rings ഉം കാതിലിട്ടാണ് മടങ്ങിയത്. പിന്നെ മൂന്നാം ക്ലാസ് വരെയോ മറ്റോ അതായിരുന്നു എന്റെ ആസ്ഥാന കമ്മൽ. ഒരിക്കൽ ആരുടെയോ ഒരു ഹെൽമെറ്റ് ഒരു കൗതുകത്തിനു തലയിൽ കയറ്റി നോക്കുന്നതിനിടയിൽ ആ  റിങ്‌സ് ഒടിഞ്ഞു പോയി. പിന്നെ കുറെ നാൾ കമ്മലിടാക്കാലം. കാതിലെ തുള  അടഞ്ഞു പോയ എന്നെയും കൊണ്ട് ‘അമ്മ ചെങ്ങന്നൂരിൽ പോയി വീണ്ടും കാതു  കുത്തൽ മഹാമഹം. പിന്നെ കുറേക്കാലം ഒരു പച്ചക്കൽ കമ്മൽ ആയിരുന്നു കാതിൽ.

Kammal

 

പിന്നീട് സ്ത്രീത്വത്തിലേക്കുള്ള എന്റെ ആദ്യത്തെ പദം വെയ്പ്പിന്റെ  ആ ആഘോഷദിനങ്ങളിൽ  ആയിരുന്നു അമ്മൂമ്മ എനിക്ക് ആ മനോഹരമായ rings സമ്മാനിച്ചത്. അത്രമേൽ ഇഷ്ടമായ ആ കമ്മൽ കാതിൽ  ഇട്ട കാലം മുതൽ ഞാൻ അത്  ഊരിയതേയില്ല . അതിന്റെ നേർത്ത സ്വർണ്ണക്കമ്പിക്കു അനുസരിച്ചു എന്റെ കാതിലെ തുള ചെറുതായി. പിന്നീട് വേണമെന്ന് വിചാരിച്ചാൽ പോലും മറ്റൊരു കമ്മലും ഇടാനാവാത്ത വിധം എന്റെ കാത്  ആ കമ്മലുമായി അത്രമേൽ ഇഷ്ടത്തിലായി.

അന്നൊക്കെ ഫാൻസി കമ്മൽ വല്ലതും ഇടാൻ ശ്രമിച്ചാൽ എന്റെ കാത്  കടുത്ത പ്രതിഷേധം ഉയർത്തുമായിരുന്നു..വര്ഷങ്ങള്ക്കിപ്പുറത്തു ഇപ്പോൾ  എന്റെ കാത്  ഫാൻസി കമ്മലുകളോട് സഹിഷ്ണുത കാട്ടി തുടങ്ങി. മനോഹരമായ കമ്മലുകൾ തുച്ഛമായ വിലക്ക് സമ്മാനിച്ച് ചെന്നൈ നഗരം ആണ് എന്നിൽ  കമ്മലിഷ്ടം കൊണ്ട് വരുന്നത്. ബാംഗ്ലൂർക്കു മടങ്ങിയെത്തിയപ്പോൾ Commercial Street ഉം CMH റോഡിലെ വഴിയോരകടകളും ഒക്കെ എന്റെ കമ്മലിഷ്ടത്തെ  ആവോളം പരിപോഷിപ്പിച്ചു. നക്ഷത്രത്തിന്റെ ഒരു കീറ്  പോലെയോ, പൂമ്പാറ്റ ചിറകു പോലെയോ ഒക്കെ ഉള്ള കൗതുക തിളക്കം ഒളിപ്പിച്ച ചില കമ്മലുകൾ എന്റെ ഇഷ്ടങ്ങളിൽ മുന്നിലാണ്. നവമി വളർന്നതോടെ അതിൽ ചിലതൊക്കെ ദുരൂഹ സാഹചര്യത്തിൽ മിസ്സിംഗ് ആവാനും തുടങ്ങി! എന്തായാലും കമ്മൽ purchase ഉം സ്റ്റാറ്റസും അനുവിന്റെ വാക്കുകളും ഏറെ പ്രിയപ്പെട്ട ഒരു കാലത്തിലേക്ക്, ഒരുപാട് ഓർമ്മകളിലേക്ക് മടക്കി കൊണ്ട് പോയി..എന്നാലും.. എന്നോ എനിക്ക് നഷ്ടപ്പെട്ട, എന്നും ഒരേ കമ്മൽ ഇടുന്ന ആ എന്നെ ഞാൻ എവിടെ തിരഞ്ഞു കണ്ടുപിടിക്കും. എങ്ങനെ തിരിച്ചു പിടിക്കും..

വേനലവധി


Nivi

“മറക്കുവാനാകുന്നില്ലൊരാ മാമ്പഴം പൊഴിയുന്ന വേനൽ പകലുകൾ,
മഴച്ചിരി പെയ്യുന്നൊരാ രാത്രികൾ..
പൂവിട്ടു നിൽക്കുന്നൊരാ മന്ദാരം..
കുസൃതി കിലുക്കം മുഴങ്ങുന്നൊരാ കളിമുറ്റം..
മതിയായില്ലെനിക്ക്…
മടങ്ങണം വീണ്ടുമാ
വേനലവധിതൻ മടിത്തട്ടിലേക്കായി….”

ചുരുക്കി പറഞ്ഞാൽ സ്കൂൾ തുറക്കാൻ പോകുന്നതിന്റെ വൈക്ലബ്യം ആണ് ആ കുഞ്ഞു മുഖത്ത്! പണ്ട് ഞാനും നിങ്ങളും എല്ലാം ഒരേ പോലെ അനുഭവിച്ചിട്ടുള്ളത്. അടുത്ത വേനലവധിക്കാലത്തിനായുള്ള കാത്തിരുപ്പു ഇവിടെ തുടങ്ങുന്നു.കാത്തിരിക്കാൻ ഒരു വേനലവധി പോലും ഇല്ലാതായിപ്പോയവർ എന്ത് ചെയ്യും..

അങ്ങനെ ഒരു തിയേറ്റർ സിനിമാക്കാലം! 


വർഷങ്ങൾക്കു ശേഷം ആണ് നാട്ടിൽ വെച്ച് ഒരു സിനിമ കാണുന്നത്. അതും ചിപ്പി തീയേറ്ററിൽ. അവിടെ ഇതിനു മുൻപ് അവസാനം കണ്ട സിനിമ ഏതെന്നു ഓർമ്മ പോലും ഇല്ല. പണ്ട് ചിപ്പി അടച്ചു പൂട്ടിയപ്പോൾ ചെങ്ങന്നൂർ നു  ഉള്ള ഒരേ ഒരു കുറവായി അനുഭവപ്പെട്ടത് സിനിമ തിയേറ്റർ ഇല്ല എന്നതായിരുന്നു.ആ സമയം മാവേലിക്കരയിൽ പ്രതിഭയും, സാന്ദ്രയും, സന്തോഷും, വള്ളക്കാലിലും  ഒക്കെയായി തിയേറ്റർ മയം തന്നെ. പിന്നെ കുറച്ചു നാളുകൾക്കു മുൻപേ ചിപ്പിയുടെ ഉയർത്തെഴുന്നേൽപ്പ്‌ അറിഞ്ഞു ആകെ സന്തോഷം തോന്നിയിരുന്നു. പോയി കാണാൻ ഒന്നും പറ്റിയില്ലെങ്കിലും ഞങ്ങളുടെ ചെങ്ങന്നൂരിന്റെ ആ കുറവ് നികത്തി തിയേറ്റർ ത്രയം തന്നെ ഉണ്ടായി എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു ആനന്ദം. തിയേറ്ററിൽ പോയി സിനിമ കാണുന്നതിന്റെ ആ ത്രിൽ വീണ്ടും ഓർമ്മയിൽ വന്നു ഇത്തവണ ചേച്ചിക്കും, പിള്ളേർക്കും ഒക്കെ ഒപ്പം ചിപ്പിയിൽ  പോയി ‘ഉയരെ’ കണ്ടപ്പോൾ. അതും ‘ഉയരെ’ പോലെ നല്ല ഒരു സിനിമ കണ്ടപ്പോൾ..(ചിപ്പി പഴയ ചിപ്പിയല്ല മക്കളെ!!)

kids at chippy

 

പണ്ട് അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഹൃദ്യക്കും ഒപ്പം  വർഷത്തിൽ ഒന്നോ രണ്ടോ തവണ ഉള്ള തിയേറ്റർ യാത്രകൾ ഓർമ്മകളിലേക്ക് ഓടിയെത്തി. പണ്ട് തിയേറ്ററിൽ  പോകുമ്പോൾ കട്ടന്കാപ്പി മുതൽ, കപ്പലണ്ടി മുട്ടായി വരെ പാക്ക് ചെയ്തു ആയിരുന്നു പോക്ക് എന്ന് ഞാനും ചേച്ചിയും ഇരുന്നു അനുസ്മരിച്ചു. കുടുക്ക പോലത്തെ മൂന്നു എണ്ണത്തിനെ രണ്ടര മണിക്കൂർ  സന്ധിക്കണമെങ്കിൽ ഇത്രയൊക്കെ കെട്ടി പൊതിഞ്ഞു കൊണ്ട് പോകാതെ പറ്റുമോ!! ഇപ്പോഴല്ലേ പോപ്‌കോൺ, ഐസ് ക്രീം, പെപ്സി ഒക്കെ ഇങ്ങനെ നമ്മളെ തന്നെ വിഴുങ്ങാൻ പാകത്തിൽ തിയേറ്റർ നുള്ളിൽ പടർന്നു പന്തലിച്ചു വാ പിളർന്നു നിൽക്കുന്നത്! ഒരു വടക്കൻ വീരഗാഥയും, കിരീടവും, പെരുന്തച്ചനും, ഉത്സവപ്പിറ്റേന്നും, എന്റെ സൂര്യപുത്രിക്കും, പൂക്കാലം വരവായി യും, മണിച്ചിത്രത്താഴും, അനിയത്തിപ്രാവും, ലൈഫ് ഈസ് ബ്യൂട്ടിഫുളും, നേരറിയാൻ സിബിഐ യും     തുടങ്ങി അവസാനം അച്ഛനും അമ്മയ്ക്കും ഹൃദ്യക്കും ഒപ്പം പോയി കണ്ട പാണ്ടിപ്പട (വേറെ  ഏതോ സിനിമയ്ക്കു പോയതാ, ടിക്കറ്റ് കിട്ടാത്തതെന്നു കൊണ്ട് മാത്രം പാണ്ടിപ്പടക്ക് തല വെക്കേണ്ടി വന്നതാ, ലേലു അല്ലു!!) വരെ ഇങ്ങനെ തിയേറ്റർ ഓർമ്മകൾ മനസ്സിൽ ഇങ്ങനെ നിരനിരയായി വന്നു നിൽക്കുന്നു. പ്രതിഭയും, ചിലങ്കയും ചിപ്പിയും, വള്ളകാലിലും  ഒക്കെ ആയിരുന്നു ഞങ്ങൾക്ക് ഈ കാഴ്ച വസന്തം അന്നൊരുക്കിയത്. (അതിൽ പൂക്കാലം  വരവായി കാണാൻ പോയത് കല്ലൂപ്പാറ നിന്ന് ആയിരുന്നു. ജനിച്ചു 56 ദിവസം പ്രായമായി തുഷാരയും ഉണ്ടായിരുന്ന് ആ സിനിമ കാണാൻ!! എന്തൊരു ത്രിൽ ആയിരുന്നു ആ ഓരോ യാത്രകൾക്കും. ഇന്നും  അത് മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ തിയേറ്ററിൽ കാണാൻ പോയത് പോലെ ഒരു എമണ്ടൻ പണി വേറെ കിട്ടാനില്ല !!)  ചെല്ലുമ്പോൾ ടിക്കറ്റ് കിട്ടുമോ, സിനിമ തുടങ്ങി കാണുമോ, എന്ന് കടുത്ത മാനസിക സംഘർഷം മനസ്സിൽ സൂക്ഷിച്ചു ബസ്സിൽ ഒക്കെ കയറി വഴിയിൽ പോസ്റ്റർ ഒക്കെ നോക്കി ആ യാത്രകൾ, ആ സിനിമ കാണൽ process & experience  എത്ര ഹൃദ്യമായിരുന്നു. ഇന്നത്തെ ഒരു multiplex, inox experience നും പകരം വെക്കാൻ ആവാത്ത സന്തോഷം ആയിരുന്നു ആ തിയേറ്റർ യാത്രകൾ എന്ന്  ഇപ്പോഴറിയുന്നു. അച്ഛന്റെയും അമ്മയുടെയും തണലിലെ കൊച്ചു കുട്ടികളായി, ചേച്ചിയുടെയും അനിയത്തിയുടെയും കൈ കോർത്ത് പിടിച്ചു, ഉത്തരവാദിത്വങ്ങളുടെ ഭാരങ്ങളേതും ഇല്ലാതെ അങ്ങനെ ഒരു കാലം.. (വെറുതെ ഇങ്ങനെ വളരണ്ടായിരുന്നു!!)

നാളെ ഒരു നാൾ നവമി, നിവിമാർ അവരുടെ മക്കളോട് പറയുന്ന അവരുടെ നൊസ്റ്റു കഥകളിൽ   ആയിരിക്കും ഈ തിയേറ്റർ സിനിമകൾ ഒക്കെ. ഓൺ ഡിമാൻഡ് സിനിമകൾ വിരൽ തുമ്പിൽ വിരിയുന്ന ആ കാലത്തു ആർക്കും തിയേറ്റർ വരെ പോകാൻ മിനക്കെടേണ്ടി ഒന്നും വരില്ല എന്ന് തീർച്ച. ഫോൺ സ്ക്രീൻ തൊട്ടു ഭക്ഷണം വീട്ടിൽ വരുമ്പോൾ, ഫോൺ സ്ക്രീൻ വീണ്ടും തൊട്ടു സിനിമ കണ്മുന്നിൽ എത്തുമ്പോൾ, ലാപ്ടോപ്പ് തുറന്നാൽ ഓഫീസ് ജോലി മുന്നിൽ അനാവൃതമാകുന്ന കാലത്തു, നമ്മളൊക്കെ വീടിനു വെളിയിലേക്കു ഇറങ്ങാറുണ്ടാവുമോ..? എല്ലാം വിരൽ തുമ്പിൽ ഇങ്ങനെ കൊണ്ട് തരേണ്ട എന്ന് എന്തെ ആരും പറയുന്നില്ല..ചില അസൗകര്യങ്ങൾക്കു , ചില കഷ്ടപ്പാടുകൾക്ക് അതിന്റെതായ ഒരു സുഖമുണ്ട്. നിഷേധിക്കാൻ ആവുമോ?

 ഒരു അച്ഛനും, അമ്മയും, മക്കളും പണ്ട് കപ്പലണ്ടിയും, കട്ടങ്കാപ്പിയും ബിസ്ക്കറ്റ് ഉം ഒക്കെ പൊതിഞ്ഞെടുത്തു  ബസ്സിൽ ഒക്കെ കയറി സിനിമ കാണാൻ പോയിരുന്നു എന്നതു ഒക്കെ വെറും മുത്തശ്ശിക്കഥകൾ ആയി മാറാൻ ഇനി എത്രെ കുറച്ചു കാലം മാത്രം.

NB: ‘ഉയരെ’ കണ്ട സന്തോഷത്തിൽ റിവ്യൂ എഴുതാൻ വേണ്ടി ഇരുന്നതാണ്. എഴുതി വന്നപ്പോൾ നൊസ്റ്റു ആയിപ്പോയി, ‘ഉയരെ’ ഒട്ടു തൊട്ടതും ഇല്ല.! രണ്ടു വരിയിൽ റിവ്യൂ നിർത്തുന്നു ..ഉയരെ ഒരു നല്ല സിനിമ ആണ്. ഓരോ പെൺകുട്ടിയും, ആൺകുട്ടിയും  നിശ്ചയമായും കണ്ടിരിക്കേണ്ടത്. ഓരോ പെണ്ണിനും അവളുടെ space ഉണ്ടെന്നും, അതിനെ ബഹുമാനിക്കാൻ പഠിക്കണം  എന്ന്  ആൺകുട്ടികളെ ഓർമ്മിപ്പിക്കാനും, അങ്ങനെ ഒരു സ്പേസ് ആരുടേയും ഔദാര്യം അല്ല എന്നും നമ്മുടെ അവകാശം  ആണെന്നും ഓരോ പെൺകുട്ടികളെയും ഓർമ്മിപ്പിക്കാനും ഈ സിനിമയ്ക്കു കഴിയും.കഴിയട്ടെ..

അമ്മയ്ക്ക്…


‘സന്തോഷം സ്വയം കണ്ടത്തെണം, അത് ഏത് അവസ്ഥയിൽ ആയിരുന്നാലും. അവനവന്റെ സന്തോഷത്തിന്റെ പൂർണ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം’. അമ്മ എന്നോ പറഞ്ഞു മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ വാചകങ്ങളാണ്. ഞാൻ പഠിച്ച, പാലിക്കാൻ എപ്പോഴും ശ്രമിക്കുന്ന ഏറ്റവും മഹത്തരമായ പാഠം.

amma collage

ആ ചിന്തയിൽ തന്നെ ഒരു പോസിറ്റിവിറ്റി ഉണ്ട്. അത് എപ്പോഴും സ്വന്തം ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ആ ചിന്തയിൽ നമുക്ക് വിരിയിച്ചെടുക്കാനാവുന്നതു മനോഹരമായ ഒരു അവസ്ഥയാണ്, ജീവിതമാണ്. അതിനു നമ്മുടെ ചുറ്റുപാടുകളെയും പ്രകാശമാനമാക്കാൻ ഉള്ള കഴിവുണ്ട്. അമ്മ പകർന്നു തന്ന ഈ പാഠം ഉള്ളിൽ ഉള്ളത് കൊണ്ടാവും ഒരു സങ്കടത്തിനും, ഇച്ഛാഭംഗത്തിനും അധിക നേരം എന്റെ ഉള്ളിനെ ഉലക്കാനാവില്ല. സന്തോഷത്തിന്റെ ഒരു ചെറു തീരം തേടി മനസ്സ് എപ്പോഴും ഇങ്ങനെ ഒഴുകും. കഴിഞ്ഞു പോയതിനെയും, കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതിനേയും ഇനി വരാനിരിക്കുന്നതിനേയും ഒക്കെ ഒരു നിറപുഞ്ചിരിയോടെ ചേർത്ത് പിടിക്കാൻ, ഏറ്റുവാങ്ങാൻ, അമ്മ തന്ന ഈ വാക്കുകളുടെ വെളിച്ചമുള്ളിടത്തോളം സ്വസ്ഥയായി, ശാന്തയായി ഞാൻ ഇവിടെ ഉണ്ടാവും. 


നാളെ തിരുവാതിര നാളിൽ അമ്മ അറുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ അമ്മക്കായി എനിക്ക് നല്കാൻ കഴിയുന്നത് ഈ വാക്കാണ്.. എന്നും എവിടെയും സന്തോഷമായിരിക്കാമെന്നു, ചുറ്റിലും സന്തോഷത്തിന്റെ പൂത്തിരികൾ വിടർത്താമെന്നു..
നിറഞ്ഞു തുളുമ്പുന്ന സ്നേഹം, പ്രാർത്ഥനകൾ

ആങ്ങള


‘ആങ്ങള ഇല്ലായ്മ’ ഒരു ദാരിദ്ര്യം ആണെന്ന് ഉള്ള തോന്നൽ വീണ്ടും വന്നത് ലക്ഷ്മിയുടെ വേളിക്ക് ശംഭു ഓടുന്ന ഓട്ടം കണ്ടാണ്. പതിനാറു വയസ്സിന്റെ മെലിഞ്ഞ തോളുകൾക്കു താങ്ങാൻ കഴിയുന്നതിലും ഏറെ ഉത്തരവാദിത്വങ്ങൾ അവൻ അവന്റെ ‘പെങ്ങൾ സ്നേഹത്തിന്റെ’ ബലത്തിൽ താങ്ങുന്നുണ്ടായിരുന്നു. നോക്കി നിന്നപ്പോൾ, എനിക്ക്,  ഇല്ലാതെ പോയ ഒരു ആങ്ങളയെ വല്ലാതെയങ്ങു മിസ് ചെയ്തു. വിവാഹത്തലേന്ന് കാലിൽ മൈലാഞ്ചി ഇട്ടു മഴയത്തു നടക്കാൻ മടിച്ചു നിന്ന് അവളെ ആ മെലിഞ്ഞ കൈകൾ വാരിയെടുത്തു ഇല്ലത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ലേശം കുശുമ്പ് തോന്നാതിരുന്നില്ല. നാളെ ഒരുനാൾ ലക്ഷ്മിയുടെ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളാവും ‘അമ്മാവൻ റോളിൽ’ ഇവൻ എന്ന് ഞാൻ വര്ഷങ്ങള്ക്കപ്പുറത്തേക്കു ഞാൻ ചിന്തകളെ പായിച്ചു. ആങ്ങള ഇല്ലായ്മയെക്കാൾ വലിയ ദുഃഖം എന്റെ മക്കൾക്ക് അമ്മാവൻ ഇല്ലല്ലോ എന്നതാണെന്ന് ഞാൻ അപ്പോൾ ഓർത്തു. ഞങ്ങളുടേതടക്കം ഓരോ അമ്മാവന്മാരെ കാണുമ്പോൾ ഞാൻ ഓർക്കും എന്റെ മക്കളുടെ നികത്താൻ കഴിയാത്ത ആ കുഞ്ഞു നഷ്ടം.
Shambhu Leppy
‘ചേച്ചി അനിയത്തി സൗഭാഗ്യങ്ങളെ’ മറന്നിട്ടു പറഞ്ഞതല്ല.. ഓരോ കുഞ്ഞുകാര്യങ്ങളും, വിശേഷങ്ങളും പങ്കു വെക്കുന്ന, ഡ്രെസ്സുകളും, കമ്മലും മാലയും വരെ പങ്കു വെക്കുന്ന ഞങ്ങളുടെ girls world രസങ്ങളെ ഒട്ടും വില കുറച്ചു കാണുന്നുമില്ല. എങ്കിലും അമ്മയ്ക്കും ഉമ ചിറ്റ സുമ ചിറ്റമാർക്കു അമ്മാവനോടുള്ള അടങ്ങാത്ത വാത്സല്യവും കരുതലും കാണുമ്പോൾ (ഞങ്ങൾ മക്കളെക്കാൾ അമ്മക്ക് സ്നേഹം ആങ്ങളയോട് ഉണ്ടോയെന്ന് സംശയം ഉണ്ട് എനിക്ക്..ശരിക്കും!), മിണ്ടിയാൽ, നോക്കിയാൽ പരസ്പരം വഴക്കു ഇടുമെങ്കിലും പ്രിയതമനും മായ ചേച്ചിയും തമ്മിലുള്ള സജീവമായ ആ അന്തർധാര കാണുമ്പോൾ, ജിഷ അവളുടെ മോൻ എന്ന് വിളിക്കുന്ന ചേട്ടനെ കുറിച്ച് വാ തോരാതെ പറയുന്നത് പണ്ടൊക്കെ കേൾക്കുമ്പോൾ, ഗോപു സ്നേഹത്തോടെയും, കരുതലോടെയും അവന്റെ ഗീതു ചേച്ചിയെ പറ്റി പറയുമ്പോൾ, ഒക്കെ എന്റെ ആ ‘ആങ്ങള ഇല്ലായ്മ’ ദാരിദ്ര്യ ചിന്ത അറിയാതെ പുറത്തു വരും.
എന്ത് ചെയ്യാനാ.. അല്ലെങ്കിലും മനുഷ്യന് എന്ത് ഇല്ല എന്നുള്ള ചിന്ത അല്ലെ പുറത്തു വരൂ..!മാറ്റാൻ ശ്രമിക്കാം.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, തൊഴിൽ: ചില ചിന്തകൾ


സുരേഷ് സി പിള്ളയുടെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള FB കുറിപ്പ് വായിച്ചപ്പോൾ തോന്നി ചിലതു കുറിക്കണം എന്ന്. ചില ചിതറിയ ചിന്തകൾ ആണ്. അടുക്കി പെറുക്കാൻ സമയം ഇല്ല..

ലോകത്തുള്ള ഏതൊരു സ്ത്രീയും കൊതിക്കുന്നതാണ് സാമ്പത്തിക സ്വാതന്ത്ര്യം. പക്ഷെ എല്ലാവര്ക്കും അത് നേടിയെടുക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാറില്ല എന്ന് തോന്നുന്നു. (സാഹചര്യങ്ങളെ ആകുമ്പോൾ നമുക്ക് വെറുതെ കുറ്റം പറയാമല്ലോ!!). ജോലി ഉള്ളവർക്ക് തിരിഞ്ഞു നോക്കുമ്പോൾ വളരെ സന്തോഷം തോന്നും. അവർക്കു അറിയാം എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന സന്തോഷം, അഭിമാനം, എന്ന്. പക്ഷെ മറു തട്ടിൽ നിൽക്കുന്നവർക്ക് ജോലിയും, സാമ്പത്തിക സ്വാതന്ത്ര്യവും ഒക്കെ ഒരു ‘ബാലികേറാമല’ ആയിട്ടാവും തോന്നുന്നത്. അത് പഠിച്ചിറങ്ങുന്നവർ ആയാലും, ഇനിയും ഒരു career ലേക്ക് ഇറങ്ങാതെ വർഷങ്ങൾ തള്ളി നീക്കുന്നവർ ആയാലും. ഒരിക്കൽ ഞാൻ എന്റെ ഒരു പോസ്റ്റിൽ എഴുതിയത് പോലെ രണ്ടാമത്തെ വിഭാഗം പലപ്പോഴും ഒരു വീടെന്ന comfort zone ൽ ആണ് ഇരിക്കുന്നത്. അത് അവരെ സുരക്ഷിതം എന്ന് തോന്നുന്ന ഒരു മൂടുപടത്തിൽ പൊതിഞ്ഞു വെക്കും, അവിടെ ഒരിക്കലും ചെയ്തു തീരാത്ത പോലെ ജോലികൾ ഉണ്ടായിരിക്കും. മറ്റൊന്നും കഴിയുന്നതും നമ്മളെ ഓർമ്മിപ്പിക്കാതെ സൂക്ഷിക്കും പല വീടുകളുടെ ഉൾത്തളങ്ങളും.  നമ്മൾ ജോലിക്കു പോയാൽ കുട്ടികളുടെ ഭാവി തന്നെ അവതാളത്തിൽ ആകും എന്ന് ചിന്തിച്ചു കൊണ്ടേയിരിക്കും നമ്മൾ. കാരണങ്ങൾ തിരഞ്ഞു കൊണ്ടേയിരിക്കും. അത് പക്ഷെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നും ആവില്ല.

അവരിൽ പലർക്കും എങ്ങനെ എവിടെ തുടങ്ങും എന്ന് ഒരു രൂപവും ഉണ്ടാവില്ല. ഇടയ്ക്കു ഒരു ബ്രേക്ക് വന്നവർ ഇനി തിരിച്ചു വരാൻ കഴിയില്ലായിരിക്കും എന്ന് ചിന്തിക്കും. അങ്ങനെ  ഉള്ള തോന്നലുകളിൽ നിന്ന് രക്ഷപെടാൻ അവർ കൂടുതൽ ജോലികളിൽ വ്യാപൃതരാവും. പക്ഷെ എന്തൊക്കെ പറഞ്ഞാലും ജീവിതത്തിന്റെ സന്തോഷങ്ങളുടെയും, കുഞ്ഞുങ്ങളുടെ കിളികൊഞ്ചലുകളുടെയും ഒക്കെ അടിത്തട്ടിൽ എവിടെയോ ഒരു അസ്വസ്ഥമായ മനസ്സുണ്ടാവും അവർക്കു. അത് സ്വന്തം career നോക്കിയില്ലല്ലോ എന്ന ചിന്തയാവും.( (ഇതൊക്കെ അനുഭവത്തിന്റെ 1000 W  വെളിച്ചത്തിൽ ആണ് പറയുന്നത് എന്ന് കൂട്ടി ചേർക്കുന്നു).)അവിടെയാണ് അവരുടെ കൂടെ ഉള്ളവർക്ക്- ഭർത്താവിന്, അമ്മക്ക്, അച്ഛന്, സഹോദരന്, സഹോദരിക്ക് കൂട്ടുകാർക്കു, അല്ലെങ്കിൽ പ്രിയപ്പെട്ട ആർക്കെങ്കിലും ഒക്കെ അവരെ ഒന്ന് support ചെയ്യാനാവുന്നത്.

Navami 1

ഇനി freshers ന്റെ കാര്യം. പലപ്പോഴും നമുക്ക് ചുറ്റുമുള്ള പഠിച്ചിറങ്ങുന്നവർക്കു ഇൻഡസ്ടറിയിൽ നടക്കുന്നത് എന്താണ്, ഈ തൊഴിൽ രംഗം എങ്ങനെ ആണ് function ചെയ്യുന്നത് എന്നതിനെക്കുറിച്ചൊന്നും യാതൊരു ധാരണയും ഉണ്ടാവില്ല. നെടുനെടുങ്കൻ theories and formulas വിഴുങ്ങുന്ന/ വിഴുങ്ങിപ്പിക്കുന്ന തിരക്കിൽ നമുക്ക്, നമ്മുടെ universities നു ഒന്നും യഥാർത്ഥത്തിൽ ആ field ൽ ചെന്നാൽ എങ്ങനെ എന്ത് ആവും ജോലി ചെയേണ്ടത് എന്ന് എവിടെയും പറഞ്ഞു കൊടുക്കുന്നില്ല. ഇന്ത്യയിൽ പഠിച്ചിറങ്ങുന്ന കുട്ടികളുടെ employability skills നെ പറ്റിയുള്ള സർവ്വേകൾ കണ്ടാൽ മനസ്സിലാവും നമ്മൾ എവിടെ നിൽക്കുന്നു എന്ന്. കേരളത്തിലെ  ഏറെ പ്രശസ്തമായ കാര്യവട്ടം ക്യാമ്പസ്സിൽ നിന്ന് ജേർണലിസം രണ്ടാം റാങ്കോടെ പാസ്സായി ഇറങ്ങിയ എനിക്ക് ആദ്യത്തെ കുറെ വര്ഷം എന്ത് ജോലി എങ്ങനെ ചെയ്യും എന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. തെറ്റ് കൂടാതെ നല്ല ഒഴുക്കോടെ  ഇംഗ്ലീഷിൽ ഒരു രണ്ടു പേജ് എഴുതാം എന്ന ആത്മവിശ്വാസം പോലും ഇല്ലായിരുന്നു. മര്യാദക്ക് ഒരു ഇംഗ്ലീഷ് പത്രം വായിക്കാനുള്ള ക്ഷമ പോലും ഇല്ലായിരുന്നു. ആദ്യത്തെ കുറെ വർഷങ്ങൾ ഞാൻ തള്ളി നീക്കിയത് ഈ confidence കുറവ് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ആണ്. കല്യാണം, കുഞ്ഞു അങ്ങനെ കുറെ ക്ളീഷേ കാരണങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഉള്ളിന്റെ ഉള്ളിൽ എവിടെ തുടങ്ങും, എങ്ങനെ തുടങ്ങും എന്ന അറിവില്ലായ്മ ആയിരുന്നു കൂടുതലും. സാമ്പത്തിക സ്വാതന്ത്ര്യം കൊതിപ്പിക്കുന്ന ഒരു ചിന്തയായിരുന്നു. പക്ഷെ എങ്ങനെ അതിലേക്കു എത്തും എന്ന് അറിയില്ലായിരുന്നു. അവിടെയാണ് എന്റെ മറുപാതി എന്നെ groom ചെയ്തു കൊണ്ട് വന്നത്. ആ കഥ ഞാൻ പല പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്..(എങ്കിലും ഇനിയും പറഞ്ഞു കൊണ്ടിരിക്കും..കാരണം അതെനിക്ക് വിലമതിക്കാനാവാത്ത ഒരു കാര്യമാണ്.) പിന്നോട്ട് വലിക്കാനുള്ള ആയിരം ചിന്തകൾക്ക്, കാരണങ്ങൾക്ക്  നടുവിൽ  നിന്നും ഞാൻ മുന്നോട്ടുള്ള ആദ്യത്തെ പദം വെയ്ക്കാൻ കാരണം ആ ഒരു  push തന്നെയായിരുന്നു.

പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ നമ്മൾ ജോലി ചെയ്യുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരം ആളുകളെ employ ready ആക്കാൻ ഹെല്പ് ചെയ്യുക എന്നതാണ്. കഴിയുമെങ്കിൽ similar field ൽ ഉള്ളവർ അവരെ ജോലിയെക്കുറിച്ചു ധാരണ കൊടുക്കുക, guide ചെയ്യുക. അവർ കരുതുന്നത് പോലെ ഉള്ള ഒരു ബാലികേറാമലയും ഈ തൊഴിൽ രംഗങ്ങളിൽ ഇല്ലെന്നു മനസ്സിലാക്കാൻ സഹായിക്കുക.. ചെയ്യുന്ന കാര്യങ്ങളെ passion എന്ന ഒറ്റ കണ്ണോടെ കാണുന്ന ഇന്ദ്രജാലം practice ചെയ്യുക. ഈ ജോലി അല്ലായിരുന്നു , ഈ ഫീൽഡ്  അല്ല എന്റെ പാഷൻ എന്ന് ഒരുപാടു പേര് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിൽ വല്യ അർഥം ഒന്നുമില്ല. ചെയ്യുന്ന ഏതു കാര്യത്തിലും പാഷൻ കാണാൻ പഠിച്ചാൽ ശ്രമിച്ചാൽ നിങ്ങളോളം വിജയി ഈ ലോകത്തു മറ്റാരും കാണുകയില്ല.

നമ്മുടെ തൊഴിൽ രംഗത്തും കാതലായ മാറ്റം വരുത്തേണ്ടതായുണ്ട് . ഇടയ്ക്കു ഒരു ബ്രേക്ക് വന്നവർക്കു , ഇനിയും തുടങ്ങാത്തവർക്കു ഒരു തുടക്കത്തിനു വേദി ഒരുങ്ങിയിരുന്നു എങ്കിൽ..അസാമാന്യ potential ഉള്ളവർ ആയിരിക്കും ഈ വീട്ടിൽ ഇരുന്നു  ആലോചിച്ചു കൂട്ടുന്നവർ. അവർക്കു പയറ്റി തെളിയാൻ, പരിശീലിച്ചു തെളിയാൻ അവസരങ്ങൾ കൊടുക്കാൻ കമ്പനികൾ തയ്യാറായെങ്കിൽ..ശമ്പളത്തേക്കാൾ. പദവിയേക്കാൾ ചിലപ്പോൾ സ്വയം ഒന്ന് prove  ചെയ്യാൻ ഒരു അവസരം ആവും അവർക്കു ആദ്യം ഉപകാരപ്പെടുക.  അത് കൊടുക്കുന്ന ആത്മവിശാസത്തിൽ നിന്ന്, ആത്മബലത്തിൽ നിന്ന് അവർ പതിയെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് മെല്ലെ ചുവടു വെച്ച് കൊള്ളും.

അതല്ലെങ്കിൽ പുറംതോട്  പൊട്ടിച്ചിറങ്ങി  പുതിയ ഒരു  മേഖല സ്വയം വെട്ടി തുറക്കാൻ ഉള്ള ആർജവം സ്വയം ഉണ്ടാവണം.അതിനും കൂടെയുള്ളവരുടെ നിസ്സീമമായ support ,പ്രോത്സാഹനം, motivation ഒക്കെ അത്യാവശ്യമാണ്.

ഇനി മറ്റൊരു കൂട്ടരുണ്ട് ഈ എന്റെ cash നിന്റെ cash എന്നൊന്നും പറയാൻ പാടില്ല..അതിലൊന്നും   വല്യ കാര്യമില്ല എന്ന് പറയുന്നവർ. അതൊക്കെ അവർ വെറുതെ പറയുന്നത് ആണ്. അതിൽ വല്യ കാര്യമുണ്ട്. അഞ്ചു രൂപയെങ്കിലും അഞ്ചു രൂപ, അത് സ്വന്തമായി ആണ് സമ്പാദിച്ചതെങ്കിൽ അതിനൊരു difference ഉണ്ട്. അത് സമ്പാദിച്ചു തുടങ്ങിയാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ.

അതു കൊണ്ട് നിങ്ങൾ ജോലി ചെയ്യുന്നതിനും, അതിൽ അഭിമാനിക്കുന്നതിനും ഒപ്പം,  ഒരു വ്യക്തിയെ എങ്കിലും  ജോലിയിലേക്ക്, ജോലിയെന്ന ചിന്തയിലേക്ക്, അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്  കൈ പിടിച്ചുയർത്തുക എന്നതാവട്ടെ ഇന്ന് മുതൽ ഓരോരുത്തരുടെ യും  ലക്‌ഷ്യം. ഈ കുറിപ്പിന് ആധാരമായ കുറിപ്പ് ഇവിടെ വായിക്കാം

ചില വനിതാദിന ചിന്തകൾ


കഴിഞ്ഞ വനിതാ ദിനത്തിൽ എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ കുറിച്ചാണ് എഴുതിയത്. ഈ വനിതാ ദിനത്തിൽ തിരിച്ചായിക്കോട്ടെ….

ഭക്ഷണം ആയോ എന്ന് നോക്കാൻ മാത്രം അടുക്കളയിൽ കയറാറുണ്ടായിരുന്ന പണ്ടത്തെ അൽ ‘കുൽപുരുഷൂസ്‌’ ൽ നിന്നും വ്യത്യസ്തരായ  ചില  പുരുഷന്മാർ/  പയ്യന്മാരെ കുറിച്ചാണ് ഈ കുറിപ്പ്..  . അടുക്കള, ഭക്ഷണമുണ്ടാക്കൽ ഇതൊക്കെ പെണ്ണുങ്ങളുടെ മാത്രം കുത്തക എന്ന് എന്ന് കരുതിയിരുന്ന മനുഷ്യരിൽ നിന്ന് വളരെ വ്യത്യസ്തരാണ് ഇവർ.

പ്രിയതമന്റെ അച്ഛനാണ് അതിൽ ഒന്നാമത്തെ ‘ഫെമിനച്ചൻ’. അച്ഛന് അങ്ങനെ ആണുങ്ങളുടെ ജോലി , പെണ്ണുങ്ങളുട ജോലി എന്നൊന്നും ഇല്ല. ഏതു പ്രശ്നത്തിനും ഒരു പരിഹാരം അച്ഛന്റെ കൈയ്യിൽ ഉണ്ടാകും. ഇന്ത്യൻ ക്രിക്കറ്റ് നു പണ്ട് രാഹുൽ ദ്രാവിഡ് എന്ന വന്മതിൽ ഉണ്ടായിരുന്നത് പോലെയാണ് അച്ഛൻ ഉള്ള വീട്.. ശാന്തം, സൗമ്യം,  സുദൃഢം. അമ്മയിവിടെ ഇല്ലെങ്കിൽ രാവിലത്തെ നെട്ടോട്ടത്തിൽ, പിള്ളേരെ സ്കൂൾ വിടൽ  മഹാമഹത്തിൽ അച്ഛൻ തരുന്ന സപ്പോർട്ട് ആണ് ഇവിടുത്തെ വണ്ടി സ്മൂത്ത് ആയി ഓടിക്കുന്നത്. വളരെ സ്വാഭാവികമായി  ഇതൊക്കെ ചെയ്യാൻ കഴിയുന്നു എന്നതും കൂടിയാണ് അച്ഛന്റെ പ്രത്യേകത.അച്ഛൻ മാത്രം അല്ല അച്ഛന്റെ സഹോദരങ്ങളും അങ്ങനെ തന്നെയാണ്. അവിടെയാണ് പതിവ് social conditioning ൽ നിന്നും വ്യത്യസ്തമായി മക്കളെ വളർത്തിയ ഞങ്ങളുടെ മൈലപ്രയിലെ അമ്മൂമ്മക്ക്‌ ഒരു സല്യൂട്ട് . (എല്ലാത്തിനും അവസാന ക്രെഡിറ്റ് ഞങ്ങൾ പെണ്ണുങ്ങൾ എടുത്തിരിക്കും!!)പ്രിയതമൻ  ഈ കാര്യത്തിൽ അച്ഛനോളം വരില്ലെങ്കിലും , motivation and moral support ആണ് കൂടുതൽ. എങ്കിലും സാഹചര്യം ആവശ്യപ്പെട്ടാൽ രണ്ടാമതൊന്നു ചിന്തിക്കാതെ ആൺ പെൺ  വ്യത്യാസം ഇല്ലാത്ത ഏതു റോളും ഏറ്റെടുക്കും എന്ന് എനിക്ക് ഉറപ്പുള്ള ആളാണ് എന്റെ മറുപാതി. (‘അമ്മ അങ്ങനെയാ വളർത്തിയത് എന്ന് ചുരുക്കം!!)

blog womens day

കഴിഞ്ഞ തലമുറയിൽ അച്ഛനെ പോലെ ഉള്ളവർ വളരെ വിരളം ആണ്.എന്നാൽ പുതിയ തലമുറയിൽ എനിക്ക് വളരെ പ്രതീക്ഷയുണ്ട്. അവർക്കു അടുക്കള കയറിക്കൂടാത്ത ഇടമല്ല. സുമ ചിറ്റയുടെ മകൻ ബാലുവിനു കുക്കിംഗ് craze ആണ്. അമേരിക്കയിൽ ഉപരിപഠനത്തിനു പോയിരിക്കുന്ന അവൻ  സ്വന്തമായി ഉണ്ടാക്കി കഴിക്കുന്ന വിഭവങ്ങൾ കണ്ടാൽ, കൂട്ടുകാരെ സൽക്കരിക്കാൻ സ്വയം പാകം ചെയ്യുന്നത് കണ്ടാൽ കണ്ണ് തള്ളി പോകും. എക്സിസ്റ്റൻസ് നു വേണ്ട ഏറ്റവും fundamental skill ആണ് കുക്കിംഗ്. അത് നന്നായി അറിയുക എന്നത് ഏതൊരു പുരുഷനും (സ്ത്രീക്കും) അലങ്കാരം ആണ് അപമാനമല്ല. ബാലുവിന്റെ  പാത പിന്തുടർന്ന് മായചേച്ചിയുടെ   മകൻ പന്ത്രണ്ടാം ക്ലാസ്സുകാരൻ കണ്ണൻ അടുക്കളയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അവനുണ്ടാക്കി വെക്കുന്ന വിഭവങ്ങളും  കിടു ആണ്. പുസ്തകങ്ങളും, പഠിത്തവും sports ഉം, ഗെയിംസും ഒക്കെ മാത്രം interest ആയി കൊണ്ട് നടക്കുന്ന ടീനേജ്  ആൺപ്രജകളിൽ നിന്ന് അവനും വ്യത്യസ്തനാണ്. ദിവ്യ ചേച്ചിയുടെ മകൻ ആദിയും ഏതാണ്ടിതേ പാതയിൽ വരുന്നുണ്ട്. ജിഷ ഇന്നലെ അവൾക്കൊപ്പം മോൻ ഇഷാനും അടുക്കളയിൽ പെരുമാറുന്ന ഫോട്ടോ പങ്കു വെച്ചു.    (നോക്കണ്ട.. എല്ലാം അമ്മമാരുടെ പേര് മാത്രമേ എഴുതിയിട്ടുള്ളു. വനിതാ ദിനം ഒക്കെ അല്ലെ..ഇന്ന് ഞങ്ങൾക്ക് എന്തുമാകാം!!) ഈ ഇളം തലമുറ  ആണ് നമ്മളുടെ പ്രതീക്ഷകൾ.

കാലം മാറുകയാണ്. മാറ്റങ്ങൾ നല്ലതാണു.. അനിവാര്യവും. അടുക്കളയിൽ കയറുന്ന, ജോലികളിൽ നിരുപാധികം സപ്പോർട്ട് ചെയ്യുന്ന ആണുങ്ങളെ glorify ചെയ്യാനുള്ള പോസ്റ്റ് അല്ല എന്റേത്. അവരൊക്കെ അത് വളരെ സ്വാഭാവികമായിട്ടാണ് ചെയ്യുന്നത്. അതിലെ സ്വാഭാവികതയാണ് നോട്ടീസ് ചെയ്യപ്പെടേണ്ടത്. അത് അങ്ങനെ തന്നെയായിരിക്കട്ടെ. കുഞ്ഞിലേ വല്ലപ്പോഴും അബദ്ധത്തിൽ ഒന്ന് അടുക്കക്കളയിൽ കയറിപ്പോയാൽ ‘മോനിതൊന്നും ചെയ്യണ്ട, പോയി പഠിച്ചോളൂ’ എന്ന് പറയാതിരുന്ന അമ്മമാരും അമ്മൂമ്മമാരും ഒക്കെ ആണ് ഇവർക്ക് പിന്നിൽ ഉള്ളത്. നാളെ അവർക്കു കൂട്ടായി വരുന്ന പെൺകുട്ടികൾ നിങ്ങൾ ചെയ്ത ഈ നന്മയെ നന്ദിയോടെ സ്മരിക്കുമെന്നു തീർച്ച. രണ്ടു പേരും ജോലി ചെയ്യുന്നിടങ്ങളിൽ വീടും, അടുക്കളയും, കുഞ്ഞുങ്ങളെ വളർത്തലും ഒക്കെ അറിയുന്ന, അറിഞ്ഞു ചെയ്യുന്ന, മറുപാതികൾ ഉണ്ടാവട്ടെ. അത് ഒരു വീടിന്റെ തികഞ്ഞ സ്വാഭാവികതയായി മാറട്ടെ.

NB: ഒരു ആൺ തരി ഇല്ലാതായിപ്പോയി. അല്ലെങ്കിൽ ഇതൊക്കെ അവനെ പഠിപ്പിച്ചു ഞാൻ തകർത്തേനെ!!

Greeting Card Memories


ഒരു 17-18 വര്ഷങ്ങള്ക്കു ശേഷം ആണെന്ന് തോന്നുന്നു ഒരു Archies shop  എന്റെ ശ്രദ്ധയിൽ പെടുന്നത്.. പ്രിയതമന്റെ സുഹൃത്തിന്റെ housewarming നു സമ്മാനം വാങ്ങാൻ പോയപ്പോൾ നവമി ആണ് പുതിയതായി തുറന്ന ആ  Archies shop കാട്ടി  തന്നത്. അകത്തു കയറിയപ്പോൾ നിറങ്ങളുടെ ഒരു ഉത്സവം. ഇപ്പോഴും  രണ്ടു വലിയ racks നിറയെ greeting  cards ഉണ്ട്. ഒരു തിരക്കുമില്ല.

പണ്ട് ഒരു കാലത്തു Archies ൽ എന്തായിരുന്നു തിരക്ക്. ചെങ്ങന്നൂർ കോടതി ജംഗ്ഷന് അടുത്തായി ഒരു Archies ഉണ്ടായിരുന്നു. ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവിടെ അധികം പോകാൻ പറ്റിയിട്ടില്ല. ആൺകുട്ടികളുടെ തിരക്ക് ആയിരുന്നു അവിടെ എപ്പോഴും. അന്നൊക്കെ വളരെ തീവ്രമായി ഉണ്ടായിരുന്ന   ‘കുലസ്ത്രീ insecurity’ കാരണം അവിടെ കയറാൻ  പേടിയായിരുന്നു, മടിയായിരുന്നു. എങ്കിലും പുറത്തു നിന്ന് കാണുമ്പോൾ തെളിയുന്ന ആ നിറങ്ങൾ ഒന്ന് അടുത്ത് കാണാൻ ആഗ്രഹമുണ്ടായിരുന്നു. അതിനു പകരം നന്ദാവനം ജംഗ്ഷന് അടുത്ത് ഒരു bookstall/ card shop ഉണ്ടായിരുന്നു. പേര് എത്ര ആലോചിച്ചിട്ടും ഓർമ്മ വരുന്നില്ല. (അമ്ലെഷ്യം ബാധിക്കും എന്ന് ഞാൻ കഴിഞ്ഞ കുറച്ചു നാളായി ഉറപ്പിച്ചു കൊണ്ടേയിരിക്കുകയാണ്!) ആ കാർഡ് ഷോപ്പിൽ കുലസ്ത്രീകളും കയറും എന്നുള്ളത് കൊണ്ട് ഞാൻ എന്നെ അവിടെ കൊണ്ട് പോകുമായിരുന്നു!. Archies ന്റെ അത്രയും വരില്ലെങ്കിലും മനോഹരമായ greeting cards അവിടെയും ഉണ്ടായിരുന്നു. എത്ര രസമായിരുന്നു ഗ്രീറ്റിംഗ് കാർഡ്‌സ് തിരയുന്ന ആ കാലം. മനോഹരമായ വരികൾ ഉള്ള cards എന്നും എന്നെ മോഹിപ്പിച്ചിട്ടുണ്ട്. Greeting  cards ൽ വരികൾ എഴുതുന്ന ജോലി കിട്ടിയിരുന്നെങ്കിൽ എന്നൊരു മോഹം കൂടി അന്ന് ഉള്ളിൽ ഉണ്ടായിരുന്നു. ഒരു പാട് പേർക്ക് സൗഹൃദവും , പ്രണയവും, വിരഹം, സാഹോദര്യവും, മറ്റനേകമനേകം ആശംസകളും പരസ്പരം കൈ മാറുന്ന സന്ദേശങ്ങൾ കവിത തുളുമ്പുന്ന വരികളിൽ എഴുതി അത് മനോഹരമായ കാർഡ്ൽ അച്ചടിച്ച് ഇങ്ങനെ വെക്കുക. ആഹാ എത്ര മേൽ സുന്ദരമായ ഒരു സ്വപ്ന ജോലി!ഇന്ന് Archies ന്റെ ഉള്ളിൽ നിൽക്കുമ്പോഴാണ് ഞാൻ വര്ഷങ്ങള്ക്കപ്പുറത്തുള്ള ആ എന്നെ ഞാൻ ഓർത്തെടുത്തത്.

archies

അതിനും മുൻപ് സ്‌കൂൾ കാലത്തു ക്രിസ്മസ് newyear കാർഡ്‌കൾ പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരു സമയമുണ്ടായിരുന്നു. പോസ്റ്മാൻ പടികടന്നു വരുന്നതും നോക്കി ഇങ്ങനെ ഞങ്ങൾ മൂന്നു പേരും. സ്ഥിരമായി കാർഡ് അയച്ചിരുന്നത് ശ്രീജ ചേച്ചി, ശ്രീലേഖ ചേച്ചി, പിന്നെ ജയശ്രീച്ചേച്ചിയും മനോജ് കൊച്ചാട്ടനും, നിമിഷ, തുഷാരമാർ,  ദിവ്യ ചേച്ചിയുടെ കൂട്ടുകാരി വിനി ചേച്ചി, ഒക്കെ  ആയിരുന്നു. ഞങ്ങൾ അവർക്കു തിരിച്ചും. ഒരിക്കൽ അമ്മാവന്റെ വിവാഹം ഒക്കെ തീരുമാനിച്ചിരുന്ന കാലത്തു മായചേച്ചി ഒരു കാർഡ് അയച്ചിരുന്നു. മായക്കൊപ്പം ആനന്ദ് ന്റെയും   പേരുള്ള ഒരു  കാർഡ്!

പിന്നെ പതിയെ പതിയെ കാർഡുകളുടെ പ്രസക്തി നഷ്ടപ്പെടാൻ തുടങ്ങി. മൊബൈൽ ഫോണിന്റെ വരവോടെ ആണെന്ന് തോന്നുന്നു. തിരിഞ്ഞു നോക്കുമ്പോൾ കാലം പിന്നിൽ ഉപേക്ഷിച്ചു പോന്ന പ്രിയങ്കരമായ ഏതോ ഓർമ്മ പോലെ ഗ്രീറ്റിംഗ് കാർഡുകളോടുള്ള പ്രിയവും  മനസ്സിൽ അവശേഷിക്കുന്നു. വിരൽ തുമ്പൊന്നു തൊട്ടാൽ സന്ദേശങ്ങൾ പ്രവഹിക്കുന്ന ഈ കാലത്തു ആരെങ്കിലും ആർക്കെങ്കിലൊമൊക്കെ ഗ്രീറ്റിംഗ് കാർഡുകൾ അയക്കുന്നുണ്ടാവുമോ? ഞാൻ വെറുതെ കടക്കാരനോട് അന്വേഷിച്ചു. അയാൾ ആവേശപൂർവം പറയുന്നു. എല്ലാവരും ഇപ്പോൾ പഴയ കാലത്തിലേക്ക് തിരിച്ചു പോകാൻ തുടങ്ങിയിട്ടുണ്ടെന്നു. അത് കൊണ്ടാണ് ഞങ്ങൾ ഇത്രയധികം കാർഡ്‌സ് ഇവിടെ വെച്ചിരിക്കുന്നത് എന്ന്. ആവോ ആർക്കറിയാം.. നവമിയൊന്നും ആ കാർഡുകളുടെ സൈഡിലേക്ക് വന്നതേയില്ല. അവൾക്കൊന്നും തീരെ പരിചിതമല്ല ഗ്രീറ്റിംഗ് കാർഡ് ലോകം. ഒരാൾ കടയിൽ പോയി കാർഡ് വാങ്ങി, പിന്നെ പോസ്റ്റ് ഓഫീസിൽ പോയി സ്റ്റാമ്പ് വാങ്ങി, അഡ്രസ് എഴുതി പോസ്റ്റ് ബോക്സ് ൽ  കാർഡ് ഇട്ടു, പിന്നെ ഒരു മൂന്നോ നാലോ ദിവസം കഴിഞ്ഞു പോസ്റ്റ് മാന്റെ മണിയൊച്ച കേട്ട് കാർഡ് ഏറ്റു  വാങ്ങാൻ ഓടുന്ന ഒരു ബാല്യമൊന്നും ഇപ്പോഴത്തെ പിള്ളേർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നുണ്ടാവില്ല.

കാലഹരണപ്പെട്ടു പോയ നിധികളുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ കാർഡുകളും കത്തുകളും ഒക്കെ. അതിന്റെ രസവും ത്രില്ലും അറിയാത്തതു കൊണ്ട് പുതിയ തലമുറയ്ക്ക് അതിന്റെ നഷ്ടബോധവും ഉണ്ടാവില്ല. എന്നാലും മനോഹരമായ ഒരു കാലത്തിന്റെ ഓർമ്മകളിലേക്ക് മടക്കിക്കൊണ്ടു പോയി അവിചാരിതമായ ഈ Archies സന്ദർശനം. മനസ്സിലൊരു നൊസ്റ്റി കടൽ ഇരമ്പി നിൽക്കുന്ന പ്രിയതമയെ കണ്ടിട്ട്   ഒരു ബ്ലോഗ്  സാധ്യത മുന്നിൽ കണ്ടു കടക്കാരൻ കാണാതെ പ്രിയതമൻ  ഒളിച്ചു പകർത്തിയ ഫോട്ടോ ആണ് മുകളിൽ ! മൂന്നു ക്ലിക്ക് കഴിഞ്ഞപ്പോൾ അയാൾ പൊക്കി എന്നുള്ളത് മറ്റൊരു സത്യം. എങ്കിലും ഞങ്ങൾ ‘ലേലു അല്ലു’ പറഞ്ഞു  തടിയൂരി.

പ്രണയദിനം


പ്രണയദിനമാണ്. എല്ലാവരും പ്രണയിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയത് കൊണ്ടാണോ എന്നറിയില്ല ഇന്ന് ഓഫീസിൽ ആള് കുറവായിരുന്നു. ട്രെയിനിലും ആള് കുറവായതു കൊണ്ട് സീറ്റ് കിട്ടി. (Vday കാരണം അങ്ങനെ ഒരു ഉപകാരം ഉണ്ടായി!) വഴിയിൽ ഒരുത്തൻ മുഖം മുഴുവൻ വെള്ള paint പൂശി, ബാറ്റ്മാൻ ലെ ജോക്കർ നെ പോലെ വാ കീറി ചുവപ്പുനിറവും പുരട്ടി, കറുത്ത കോട്ടുമിട്ട്, ഒരു റോസാപ്പൂവും കടിച്ചു പിടിച്ചു ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടു. അത് എന്ത് അവതാരം ആണെന്നോ, അവതാരോദ്ദേശ്യം എന്താണെന്നോ തീരെ മനസ്സിലായില്ല. പ്രായത്തിന്റെ ആവും, കുറച്ചു കഴിയുമ്പോൾ മാറിക്കോളും..പ്രണയവും ഭ്രമവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഒരു പ്രായത്തിൽ കഴിയില്ല പലർക്കും.

പരസ്പരം കാണുമ്പോൾ ഉയരുന്ന ഹൃദയമിടുപ്പുകളുടെ താളത്തിലോ , സമ്മാനിക്കുന്ന പനിനീർ പൂവിന്റെ ചുവപ്പിലോ , പറയുന്ന മധുര വാക്കുകളുടെ മാസ്മരികതയിലോ, ഒക്കെ പ്രണയത്തിനേക്കാളും ഈ ഭ്രമമാണ് മുന്നിൽ നിൽക്കുന്നത്എ ന്ന് തോന്നുന്നു.. പ്രണയിച്ചു വിവാഹം കഴിച്ചവർ പോലും വിവാഹം കഴിയുന്നതോടെ ഈ വക കീഴ്വഴക്കങ്ങൾ അവസാനിപ്പിക്കാനാണ് പതിവ്. യാഥാർഥ്യങ്ങളുടെ ലോകം കുറച്ചു കൂടി പരുക്കൻ ആണ്. നിങ്ങൾ പ്രണയി ആണോ..? എങ്കിൽ പരസ്പരം ഇന്ധനമാവൂ. അവനോ അവളോ കൂടുതൽ ഉയരങ്ങളിലേക്കു പറക്കാനുള്ള പ്രചോദനമാവൂ,സങ്കടങ്ങൾ പങ്കുവെച്ച് പകുതിയാക്കുകയും, സന്തോഷങ്ങൾ പങ്കുവെച്ചിരട്ടിയാക്കുകയും ചെയ്യുന്ന കൂട്ടാകൂ.. അവളെ സ്വന്തം കാലിൽ നില്ക്കാൻ പ്രേരിപ്പിക്കൂ, സാമ്പത്തികമായി സ്വാതന്ത്രയാകാൻ പ്രേരിപ്പിക്കൂ, സ്വയം സഞ്ചരിക്കാനും, തീരുമാനങ്ങൾ എടുക്കാനും പ്രാപ്തയാക്കൂ. നാളെ ഒരു പക്ഷെ നിങ്ങൾ ഇല്ലാതായാലും അവൾ പതറാതെ ജീവിതത്തിനെ നേരിടാൻ പ്രാപ്തയാക്കൂ..

അത് പോലെ അവനു എന്നും എല്ലാം ചെയ്തു കൊടുത്തു മടിയനാക്കാതിരിക്കൂ, സ്വന്തം കാര്യങ്ങളും, കുഞ്ഞുങ്ങളുടെ കാര്യങ്ങളും ഒക്കെ ചെയ്യാൻ അവനെയും പ്രാപ്തനാക്കൂ, സ്വപ്നം കാണാൻ സമയം കണ്ടെത്തൂ , നല്ല സൗഹൃദങ്ങൾ നിലനിർത്തൂ. പരസ്പരം താങ്ങും തണലും ആയി എല്ലാക്കാലത്തേക്കും ഒരു ഹൃദയബന്ധം ഊട്ടിയുറപ്പിക്കൂ..വര്ഷത്തിലൊരു നാൾ പനിനീർ പൂവ് സമ്മാനിക്കുന്നത് പോലെയോ, കേക്ക് കട്ട് ചെയ്യുന്നത് പോലെയോ, എളുപ്പമാവില്ല അത്. കുറച്ചു അധ്വാനം വേണ്ടതാണ് ഇതിനൊക്കെ. (വിയർപ്പിന്റെ അസുഖമുള്ളവർക്കു പറഞ്ഞിട്ടുള്ളതല്ല!)

swing

ചിലർക്ക് പ്രണയം തനിച്ചിരിക്കുമ്പോൾ ചുണ്ടിലൂറി വരുന്ന ഒരു ചെറു പുഞ്ചിരി ആണ്, ചിലർക്ക് നഷ്ട വസന്തത്തിന്റെ ഒരു തുള്ളി കണ്ണുനീരാവും, ചിലർക്ക് വിപ്ലവകരമായി പോരാടി നേടിയ ജീവിതമാവും, ചിലർക്ക് വിവാഹത്തോടെ കിട്ടിയ കൂട്ട് ആവും. എന്ത് തന്നെ ആയാലും അത് നിങ്ങളെ പിന്നോട്ട് വലിക്കുന്ന ഒന്ന് ആവാതിരിക്കട്ടെ. ചുറ്റും നിറപുഞ്ചിരികൾ പടർത്തി മുന്നോട്ടു തന്നെ പോകാനുള്ള ഊർജ്ജമായി തീരട്ടെ നിങ്ങളുടെ പ്രണയം..

ഞാനും ഇങ്ങനാണ് ഭായ്!


വണ്ണമില്ലായ്മയെ കുറിച്ചുള്ള Dr. Nelson ന്റെ മനോരമ ഓൺലൈൻ കുറിപ്പ് വായിച്ച ആവേശത്തിൽ എഴുതാനിരുന്നതാണ് ഞാൻ. ആ പറയുന്ന വാക്കുകളിലൂടെ ഒക്കെ പോയ ഒരാൾ ആണ് ഞാനും.
മെലിഞ്ഞു നീണ്ടു മുരിങ്ങക്കോലു പോലെയായിരുന്നു ഞാൻ എല്ലാക്കാലവും. പത്താം  ക്ലാസ്സിൽ പഠിക്കുമ്പോൾ 37 കിലോ ഭാരം മാത്രം (Height അനുസരിച്ചു ideal weight 55  plus വേണ്ടിയിരുന്നതാണ്). കണ്ടുമുട്ടുന്ന ജനങ്ങളുടെ മുഴുവൻ സഹതാപ തരംഗം ഏറ്റു വാങ്ങിക്കൊണ്ടായിരുന്നു എന്റെ ജൈത്രയാത്ര. കോളേജിലെത്തിയിട്ടും എന്റെ weight കഷ്ടിച്ച് 39 കിലോ എത്തിയെന്നല്ലാതെ കാര്യമായ പുരോഗമനം ഉണ്ടായില്ല. ഉയരം ദൈവം കനിഞ്ഞനുഗ്രഹിച്ചു 165 ആക്കി തന്നിരുന്നു!
ഇടതടവില്ലാതെയുള്ള സഹതാപ തരംഗത്തിൽ മനം നൊന്ത് എന്ത് വില കൊടുത്തായാലും വേണ്ടില്ല വണ്ണം വെച്ചേ അടങ്ങു എന്ന് ഞാൻ ‘ദൃഢ പ്രതിജ്ഞ’ എടുത്തത് ആ കാലത്തായിരുന്നു എന്ന് തോന്നുന്നു. മകളെ വണ്ണം വെപ്പിച്ചു എടുത്തേ അടങ്ങു എന്ന് എന്റെ അമ്മയും ദൃഢ പ്രതിജ്ഞ എടുത്തു.  ഉള്ള ഒറ്റമൂലി പുസ്തകങ്ങളും ആയുർവേദ അറിവുകളും  ഒക്കെ അരിച്ചു പെറുക്കി ‘അമ്മ എനിക്കു ഒരു 41 days പാക്കേജുമായി വന്നു.  അശ്വഗന്ധം എന്ന വേര് ആയിരുന്നു പരിഹാരം. അശ്വഗന്ധം പാലിൽ തിളപ്പിച്ച് അത് ഉണക്കി പൊടിച്ചു നെയ്യും കൂട്ടി വെറും വയറ്റിൽ 41 ദിവസം കഴിച്ചാൽ മെലിഞ്ഞ ഭവ്യ മാറി ഇനി ഒരു കാവ്യാ മാധവൻ എങ്ങാനും വന്നാലോ എന്ന് ഞങ്ങൾ ആലോചിച്ചു. എന്തായാലും ഒരു കൈ നോക്കാം എന്ന് ഞങ്ങൾ അരയും തലയും മുറുക്കി ഇറങ്ങാൻ തീരുമാനിച്ചു. ‘അമ്മ അങ്ങാടി കടയിൽ പോയി വേരൊക്കെ സമ്പാദിച്ചു കൊണ്ട് വന്നു പാലിൽ പുഴുങ്ങി. നല്ല അസാമാന്യ വൃത്തികെട്ട ഒരു മണം  ആയിരുന്നു ആ ഐറ്റത്തിന്. ഞങ്ങൾ അത് ഉണക്കി പൊടിച്ചു ഒരു horlics കുപ്പിയിലിട്ടു വെച്ചു. പിറ്റേദിവസം മുതൽ ഞാൻ ഒരു തപസ്യയിൽ ആണെന്ന് എന്റെ മനസ്സിനെ പറഞ്ഞു ഞാൻ പഠിപ്പിച്ചു. വൃത്തികെട്ട  മണം, ടേസ്റ്റ് അങ്ങനെ പിന്നോട്ട് വലിക്കുന്ന ശക്തികൾ ഒരുപാടുണ്ടെങ്കിലും ‘തളരരുതു രാമൻകുട്ടീ തളരരുത്’ എന്ന് ഞാൻ എന്നെ പ്രോത്സാഹിപ്പിച്ചു അന്ന് രാത്രി ഉറങ്ങുന്നത് വരെ. പിറ്റേന്ന് രാവിലെ എണീറ്റ് ഹോർലിക്‌സ് കുപ്പിയിൽ നിന്നും ഒരു സ്പൂൺ എടുത്തു നെയ്യിൽ കുഴച്ചു ഞാൻ അകത്താക്കി. മണത്തിനു ഒപ്പമോ അതിലുപരിയോ  നിൽക്കുന്ന നല്ല വൃത്തികെട്ട സ്വാദ്. എന്നാലും 41 ദിവസത്തിന് ശേഷം വരുന്ന ആ വണ്ണമുള്ള പുതുപുലരി മുന്നിൽ കണ്ടു ഞാൻ അത് സഹിച്ചു. അതിനൊപ്പം ഒരു ഗ്ലാസ് പാലും കൂടി കുടിക്കാൻ ഉള്ള ത്യാഗ മനോഭാവം ഞാൻ കാട്ടി. അത് മുതലെടുത്തു ഒരു ഏത്തപ്പഴം കൂടി ആയിക്കോട്ടെ എന്ന മട്ടിൽ ‘അമ്മ interventions നടത്താൻ വന്നത് ഞാൻ മുളയിലേ നുള്ളി.
ഈ വൃത്തികെട്ട സാധനം തിന്നുന്നത് ഓർത്തു രാവിലെ എഴുന്നേൽക്കുന്നത് ഓർക്കുന്നതെ എനിക്ക് ഇഷ്ടമല്ലാതായി. എന്നാലും എൻ്റെ tolerence level ന്റെ ബലം കാരണം ഞാൻ പിടിച്ചു നിന്നു. ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അങ്ങനെ 41 ആം ദിവസം സമാഗതമായി സുഹൃത്തുക്കളെ. കാലത്തേ എണീറ്റ് കണ്ണാടി നോക്കിയാ ഞാൻ കാവ്യാ മാധവന് പകരം ആ പഴയ മുരിങ്ങക്കോൽ ഭവ്യയെ മാത്രം കണ്ടു. ‘അന്ന് തീർന്നതാ  തിരുമേനി ഈപ്പച്ചന്‌ ഈ വണ്ണം വെക്കൽ ഒറ്റമൂലികളോടുള്ള ബഹുമാനം’!! ഒരിഞ്ചു വണ്ണം പോലും എനിക്ക് കൂടിയില്ല ആ നാൽപത്തിയൊന്ന് ദിവസത്തെ അദ്ധ്വാനം കൊണ്ട്. (ജനറൽ ഹെൽത്ത് ആൻഡ് ഇമ്മ്യൂണിറ്റി മെച്ചപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു).
പിന്നീടെപ്പോഴോ ഒരു കാലത്തു ഞാൻ എന്നെ എന്റെ മെലിഞ്ഞ രൂപത്തെ ഉപാധികളില്ലാതെ ഇഷ്ടപ്പെടാൻ പഠിച്ചു. നീണ്ടു മെലിഞ്ഞ ഒരു സുന്ദരി ആണ് ഞാനും എന്ന്  സ്വയം പഠിപ്പിച്ചു. ആ സ്വയം തോന്നലിനോളം വില  മറ്റൊരു സഹതാപ  തരംഗത്തിനും കൊടുക്കേണ്ട എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു. അന്ന് മുതൽ ഞാൻ കുറച്ചൊക്കെ narcist ആയി!! രൂപത്തിന്, നിറത്തിനു, വണ്ണത്തിന്,  ഉയരത്തിന്  ഇതിനൊക്കെ നമ്മൾ സ്വയം തീരുമാനിക്കുന്ന പ്രാധാന്യത്തിനു അപ്പുറം ഒന്നും ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇതൊനൊക്കെ അപ്പുറം ആണ് identity എന്ന സാധനം എന്ന സത്യം മനസ്സിലാക്കി.  (ഞങ്ങളുടെ പിള്ളേരെയും ഈ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ ശ്രമിക്കുന്നുണ്ട് ).
എന്റെ രണ്ടു pregnancy കാലത്തൊഴിച്ചാൽ എന്റെ weight ഇത് വരെ 50 കടന്നിട്ടില്ല. BMI എല്ലാക്കാലത്തും കുറവായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെ. എങ്കിലും തീരെ ആത്മവിശാസക്കുറവില്ല. എങ്ങാനും വണ്ണം വെച്ച് പോയിക്കഴിഞ്ഞാൽ പണ്ടത്തെ സഹതാപ തരംഗത്തിന്റെ മറ്റേ extreme കാണണമല്ലോ എന്നുള്ള പേടിയെ ഉള്ളു ഇപ്പോൾ. തന്റേതല്ലാത്ത കാരണത്താൽ വണ്ണം വെച്ചു പോയ  ആളുകളെ യോഗ ചെയ്യാനും, ഭക്ഷണം control ചെയ്യാനും excercise ചെയ്യാനും ഒക്കെ  ആഹ്വാനം ചെയ്യുന്ന അഭ്യുദയകാംക്ഷികളെ ഞാൻ പലപ്പോഴും കാണാറുണ്ട്.  ആ league ലേക്ക് കയറാൻ ഒട്ടും താല്പര്യം ഇല്ലാത്തതു കൊണ്ട് ഇങ്ങനെ ഒക്കെ അങ്ങ് പോകട്ടെ..
ഈ പോസ്റ്റ്നു കാരണമായ കുറിപ്പ് ഇവിടെ വായിക്കാം

കുഞ്ഞിക്കുറിപ്പുകൾ 3


ഉറങ്ങാൻ കിടന്നപ്പോൾ കുഞ്ഞിപ്പെണ്ണ് ” അമ്മെ ഞാൻ ഇന്ന് എന്റെ ഡയറി യിൽ ഉള്ള അമ്മേടേം അച്ഛന്റേം ഫോട്ടോ ക്ലാസ്സിൽ എല്ലാവരെയും കാണിച്ചു. ”
‘അമ്മ: എന്നിട്ട് ?
എല്ലാവരും ‘Niiiiceeee’ (ആ nice ന്റെ ടോൺ ഒന്ന് സങ്കൽപ്പിക്കൂ..)ന്നു പറഞ്ഞു.പിന്നെ…പിന്നെ..അഭിനവ് എനിക്ക് ഒരു ഉമ്മയും തന്നു..
ഞാൻ ഒന്ന് ഞെട്ടി. എങ്കിലും പുറത്തു കാണിക്കാതെ പറഞ്ഞു ” അത് വേണ്ടായിരുന്നു..എന്നിട്ട് നീ എന്ത് പറഞ്ഞു?
തെല്ലൊരു നാണത്തോടെ..” ഞാൻ “Thankyou” പറഞ്ഞൂന്ന്..
എന്നിട്ടോ..
എന്നിട്ട് ഞാനും തിരിച്ചൊരു ഉമ്മ കൊടുത്തൂന്ന്‌ ..

niveditha winking

എന്റെ ദൈവമേ ഉമ്മ വെച്ച് കളിയ്ക്കാൻ ആണോ ഞാൻ ഈകൊച്ചുപെണ്ണിനെ സ്കൂളിൽ വിടുന്നത്!! അതോ generation gap ൻറെ ‘അസ്ഖ്യത’ എനിക്ക് ഇപ്പോഴേ തുടങ്ങിയതാണോ..! എന്തായാലും സ്കൂൾ decorum നെ പറ്റി ഞാൻ അവൾക്കു ഒരു ക്ലാസ് കൊടുക്കട്ടെ..

എന്നാലും യാതൊരു പ്രകോപനവും ഇല്ലാത്ത ആ ‘ഉമ്മ’ എന്തിനായിരുന്നു എന്ന് മനസ്സിലാവുന്നില്ല. ഇനി ഇപ്പൊ ഞങ്ങൾ തള്ളയുടേംതന്തയുടേം ‘കട്ട ഗ്ലാമർ’ കണ്ടിട്ടെങ്ങാനും ആണോന്നു ആണ് എന്റെ സംശയം!

എൻ്റെ ട്രെയിൻ യാത്രക്കാലം


ഒരു വർഷം പൂർത്തിയാകുന്നു..ഈ Cognizant യാത്ര തുടങ്ങിയിട്ട്. സമയത്തിന് ചിറകുകൾ ഉണ്ടെന്നു തോന്നിപോകുന്നു. എത്ര പേടിച്ചും മടിച്ചും എടുത്ത തീരുമാനം ആയിരുന്നു. അതും ദൂരം എന്ന ഒറ്റക്കാരണം കൊണ്ട്. നാനാ  ഭാഗത്തു നിന്നും ‘ഇതെന്തൊരു മണ്ടൻ തീരുമാനം ആണ് ഇത്രയും ദൂരത്തുള്ള ഒരു ജോലി അതും ബാംഗ്ലൂർ ട്രാഫിക്കിൽ’ എന്ന അഭിപ്രായങ്ങൾ. എനിക്ക് ആണെങ്കിൽ Cognizant മോഹിപ്പിക്കുന്ന ഒരു പേരായിരുന്നു. വർക്ക് ചെയ്തിരുന്ന കമ്പനികൾ എല്ലാം അധികം ആരും പേര് കേട്ടിട്ടില്ലാത്ത ആയിരുന്നത് കാരണം, ഒറ്റ പ്രാവശ്യം കേട്ടാൽ ആൾക്കാർക്ക് ‘തിരിയുന്ന’ ഒരിടം എന്നത് ഒരു മോഹമായിരുന്നു. വിട്ടു കളഞ്ഞാൽ ഇനി ഇത് പോലെ ഒന്ന് വന്നില്ലെങ്കിലോ എന്ന അനാവശ്യമായ പേടിയും കുറച്ചു അധികമായിരുന്നു. എങ്കിലും ഇടക്കെപ്പോഴോ ഞാനും ചഞ്ചലചിത്തയായിരുന്നു. എല്ലാവരും ചുറ്റും നിന്ന് പറയുമ്പോൾ ജോലി ജീവിതം തന്നെ വിഴുങ്ങുമോ എന്ന പേടി  ഇടക്കെപ്പോഴോ എനിക്കും തോന്നി. ആദ്യം തൊട്ടു അവസാനം വരെ ഒരു ചാഞ്ചല്യവും ഇല്ലാതെ കട്ടക്ക് കൂടെ നിന്നതു പ്രിയതമൻ ആയിരുന്നു. ‘ഒന്നും നോക്കണ്ട കണ്ണും അടച്ചു പൊയ്ക്കൊള്ളാൻ’ ഉള്ള ശക്തമായ ആഹ്വനം മാത്രം ആയിരുന്നു എന്റെ ശക്തി. 10 കിലോമീറ്റർ സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മിനിമം വേണ്ടി വരുന്ന ഈ നഗരത്തിന്റെ അഴിയാക്കുരുക്കുകളിൽ എങ്ങനെ ഈ 40 കിലോമീറ്റർ ദൂരം നീ ദിവസവും താണ്ടും എന്ന് ഒരിക്കൽ ചോദിച്ചിരുന്നെങ്കിൽ ഞാൻ അപ്പോഴേ തീരുമാനം മാറ്റിയേനെ. ഇന്നിപ്പോൾ ഈ 363 ദിവസങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ ,Where there is a will, there is a way” എന്ന പഴമൊഴി അക്ഷരാര്ഥത്തിൽ തന്നെ എന്റെ ഈ യാത്രയിൽ കൂടെ വന്നു എന്ന് പറയാം.

2018 ജനുവരിയിലെ ഒരു തണുത്ത വെളുപ്പാൻകാലത്തു ആണ് ഞാൻ എന്റെ Cognizant യാത്ര തുടങ്ങുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്നും രാവിലെ 6.45 നു ഉള്ള ഒരു എയർപോർട്ട് ബസിൽ 132 രൂപ മുടക്കി ആയിരുന്നു കന്നി യാത്ര. ഇനി  ദിവസവും നേരം വെളുക്കുന്നതിനു മുൻപേ ഈ യാത്ര തുടരണമല്ലോ എന്നുള്ള ചിന്ത ഞാൻ മനപ്പൂർവം പോസിറ്റീവ് ആക്കി വെച്ചു . ‘ആഹാ എന്ത് നല്ല യാത്ര’ എന്ന് ഞാൻ മനസ്സിനെ മനപ്പൂർവം പഠിപ്പിക്കാൻ ശ്രമിച്ചു . എങ്കിലും ആ 132 രൂപ ടിക്കറ്റ് മാത്രം അത്രയ്ക്ക് അങ്ങോട്ട് ദഹിച്ചില്ല.അത് മാത്രം അല്ല, ഈ എട്ടര മണിക്ക് ഓഫീസിൽ, പ്രത്യേകിച്ച് എന്റെ ടീമിലെ ഒരു കുഞ്ഞു പോലും വരില്ല എന്ന് എനിക്ക് പിറ്റേ ദിവസം തൊട്ടു വ്യക്തമായി. അവിടെ നേരം വെളുക്കുന്നതു ഒരു പത്തര പതിനൊന്നു മണിക്കാണ്. വൈകുന്നേരങ്ങളിലെ ബസ് യാത്ര എന്നെ ഞെക്കി കൊല്ലാൻ തുടങ്ങിയപ്പോൾ ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് ഞാൻ സ്വയം ചോദിച്ചു തുടങ്ങി. വീട്ടിൽ എത്തുമ്പോൾ രാത്രി എട്ടര. അതും  പെട്ടിയിലോട്ടു എടുക്കാൻ പാകത്തിൽ!. അങ്ങനെ ഒരു രണ്ടാഴ്ച കടന്നു പോയി. ജോലി എന്ന് പറഞ്ഞാൽ കുറച്ചൊക്കെ കഷ്ടപ്പാട് സഹിക്കണം എന്നും, നിന്റെ അമ്മൂമ്മ ഒക്കെ കല്ലൂപ്പാറയിൽ നിന്നും കാരക്കാട് ‘അന്ത കാലത്തിൽ’  പോയി വർക്ക് ചെയ്തത് എന്തുമാത്രം കഷ്ടപ്പെട്ടാണ് എന്നൊക്കെ ഉള്ള വേദാന്തവും, ഗുണദോഷവും ഒക്കെ പ്രിയതമൻ വക. ‘കണ്ടോ കണ്ടോ ഞങ്ങൾ പണ്ടേ പറഞ്ഞതല്ലേ’ എന്ന്  അഭ്യുദയ കാംക്ഷികൾ.

അങ്ങനെ സന്ദിഗ്ധാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ഇന്ത്യൻ റെയിൽവേ കനിവിന്റെ കരങ്ങളുമായി  വന്നത് (വന്നതല്ല,g അവിടെ തന്നെ ഉണ്ടായിരുന്നു. ഞാൻ അറിഞ്ഞില്ല, ആരും പറഞ്ഞില്ല!!).  വീടിനു ഒരു പത്തു മിനിറ്റ് ദൂരത്തിൽ ഒരു  റെയിൽവേ സ്റ്റേഷൻ ഉണ്ടെന്നു കേട്ടിട്ടുണ്ട് എന്നല്ലാതെ അന്നോളം കണ്ടിട്ടില്ലായിരുന്നു. നിറയെ വാകമരങ്ങൾ പൂവിട്ടു നിൽക്കുന്ന  മനോഹരമായ ഒരു സ്റ്റേഷൻ ആണ് ‘ഹീലാലിഗേ’. കൃഷ്ണഗുഡി എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പോലത്തെ ഒരു സ്ഥലം. അധികമാർക്കും അറിയാത്തതു കൊണ്ട് പലപ്പോഴും വിജനം.

Heelalige 1

അവിടെ നിന്നും ഹെബ്ബാൾനു ട്രെയിൻ ഉണ്ടെന്നുള്ള അറിവ് പുതിയതായിരുന്നു. ബാക്കി എല്ലാം ചരിത്രം! ഓഫീസിൽ നിന്നും വെറും പത്തു  കിലോമീറ്റർ ദൂരത്തുള്ളവർ 2 മണിക്കൂർ സമയം എടുത്തു ട്രാഫിക് ഒക്കെ താണ്ടി വരുമ്പോൾ ഞാൻ ഈ 40 കിലോമീറ്റര് കേവലം ഒറ്റ മണിക്കൂറിൽ താണ്ടി ഓഫീസിൽ എത്താൻ തുടങ്ങി. ഹെബ്ബാൾ ഒരു റെയിൽവേ സ്റ്റേഷൻ പോലും ഉണ്ടെന്നു അറിയാത്ത പലരുടെയും മുന്നിൽ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും റെക്കോർഡ് സമയത്തിൽ സഞ്ചരിച്ചു ഓഫീസിൽ എത്തുന്ന ഞാൻ താരമായി. അതിലൊക്കെ രസം ഞാൻ one way airport bus ൽ pay  ചെയ്തിരുന്ന 132 രൂപയുടെ സ്ഥാനത്തു എനിക്ക് ട്രെയിനിൽ ഒറ്റ യാത്രക്ക് 10  രൂപ മാത്രം. 3 മാസത്തേക്ക് season എടുത്താൽ 750 രൂപ മാത്രം. ആനന്ദലബ്ധിക്കിനി എന്ത് വേണം mode ൽ ആയി ഞാൻ.

ചെറുതിലെ ട്രെയിൻ യാത്രകൾ എന്നും എന്നെ മോഹിപ്പിച്ചിരുന്നു. ഇപ്പോഴും ആ മോഹത്തിന് കുറവൊന്നും ഇല്ലാത്തതു കൊണ്ട് ഞാൻ ഓരോ യാത്രയും ആസ്വദിക്കുന്നു. ജനലോരം സീറ്റ് കിട്ടിയാൽ കുഞ്ഞിപ്പിള്ളേരെ പോലെ സന്തോഷിക്കുന്നു. പൂത്തു നിൽക്കുന്ന ജമന്തി തോട്ടങ്ങൾ ഉള്ള വയലുകൾ കടന്നു പോകുമ്പോൾ കാഴ്ചകളിൽ മുഴുകിയിരിക്കുന്നു. എന്നെ പോലെ ഗൃഹാതുരതയും, കാല്പനികതയും കൊണ്ട് നിർമ്മിച്ച ഒരു സ്വപ്നജീവിക്കു ഏറ്റവും പറ്റിയ യാത്രകൾ. യാത്രകളിൽ ഞാൻ കഴിവതും ആരോടും മിണ്ടാറില്ല. ആരോടും മിണ്ടാത്ത ഒരു അന്യഗൃഹ ജീവിയാണ് ഞാൻ എന്ന് എന്റെ സ്ഥിരം സഹയാത്രികർ കരുതുന്നുണ്ടാവും. സാരമില്ല.

Train

ട്രയിനിലെ ‘സമോസ മണം’  മോഹിപ്പിക്കാറുണ്ടെങ്കിലും പ്രത്യാഘാതങ്ങളെ ഭയന്ന് വാങ്ങാറില്ല. ട്രെയിൻ ഇറങ്ങുമ്പോൾ സ്റ്റേഷന് പുറത്തു രണ്ടു ആന്റിമാർ വിൽക്കുന്ന ഒരു കെട്ടു ചീരയിലയോ, റാഡിഷോ, മല്ലിയിലയോ ഒക്കെ പത്തു രൂപയ്ക്കു വാങ്ങി വീട്ടിലേക്കു ഉള്ള വരവ് പോലും ഒരു രസമാണ്. എന്ന് കരുതി എല്ലാം ശുഭം മാത്രം അല്ല. ട്രെയിൻ പിടിക്കാനുള്ള ചില നേരത്തെ  ഓട്ടങ്ങൾ . ട്രെയിൻ ഇറങ്ങി  ക്രോസ്സ് ചെയ്തു ഓടിപ്പോയി പിടിക്കേണ്ട cab ഒക്കെയുണ്ട്. പലപ്പോഴും പ്ലാറ്റഫോമിലേക്കു ആവില്ല ഇറങ്ങുന്നത് (ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല!). ഒരു സർക്കസ്സുകാരിയുടെ മെയ് വഴക്കത്തോടെ പാളത്തിലേക്ക് ഇറങ്ങി, പ്ലാറ്റഫോമിലേക്കു ഓടിച്ചാടി കയറി അപ്പുറം കടന്നു ഒരു വൻ സാഹസിക യാത്രാ കൂടിയാണ് എന്റെ ഓഫീസ് യാത്രകൾ. എങ്കിലും ഇതൊക്കെ part and parcel of the journey ആയി ആണ് കാണുന്നത്.  (ഒരിക്കൽ അപ്പുറത്തെ പാളത്തിൽ  ഒരു ട്രെയിൻ ഉണ്ടായിരുന്നു. അതിന്റെ ഒറ്റ ഡോറും തുറന്നിട്ടും ഇല്ലായിരുന്നു. അറ്റം കണ്ടു പിടിച്ചു അപ്പുറം എത്താൻ  ഉള്ള സമയവും ഇല്ല.  അത് കടന്നു അപ്പുറത്തു എത്തിയാലേ ഓഫീസിൽ എത്താനുള്ള ക്യാബ് കിട്ടു. പിന്നെ എന്താ ചെയ്യുക..ട്രെയിൻ ന്റെ അടിയിൽ കൂടി നൂഴ്ന്ന് അപ്പുറം കടന്നു (ഒറ്റക്കല്ല, തുല്യദുഃഖിതർ കൂടെ ഉണ്ടായിരുന്നു!.) ശരിക്കും പുനർജനി നൂഴുക എന്നൊക്കെ പറഞ്ഞാൽ ഇതല്ലേ എന്ന് തോന്നിപ്പോയി!!!. ട്രെയിൻ എങ്ങാനും വിട്ടിരുന്നേൽ!!..

അങ്ങനെ എന്റെ ട്രെയിൻ യാത്ര കാലത്തിനും, Cognizant ജീവിതത്തിനും ഉടൻ ഒരു വയസ്സാകും. വിശ്വസിക്കാൻ പറ്റുന്നില്ല ഒരു വര്ഷം ഇത്ര വേഗം കടന്നു പോയി എന്നത്.

അതൊക്കെ പോകട്ടെ അപ്പൊ moral of the story എന്താണെന്ന് വെച്ചാൽ നമുക്ക്  പോലും പലപ്പോഴും അറിവുണ്ടാകില്ല നമുക്കായി തുറക്കാനിരിക്കുന്ന വഴികൾ. തുനിഞ്ഞിറങ്ങുമ്പോൾ മാത്രം തുറന്നു വരുന്നതാണ് വഴികൾ. കരക്ക്‌ നിൽക്കുമ്പോൾ  നമ്മൾ അത് അറിയണം എന്നില്ല. ദൂരം, സൗകര്യം, തുടങ്ങിയ പല പല blocks കൊണ്ട് നമ്മൾ വേണ്ട എന്ന് വയ്ക്കുന്ന പലതിനും നമുക്ക് അനുകൂലമായ ഒരായിരം വഴികൾ ചിലപ്പോൾ ഒളിച്ചിരുപ്പുണ്ടാകും. സന്തോഷത്തോടെ ഇറങ്ങി ചെല്ലൂ..കിട്ടുന്ന അനുഭവങ്ങളെ ആസ്വദിച്ചു ചേർത്ത് പിടിക്കൂ..നിങ്ങളുടെ ലോകം തന്നെ മാറുന്നത് കാണാം.

കുഞ്ഞിപ്പെണ്ണും പ്രിൻസസ് ഡയാനയും!


അമ്മെ നവമി ചേച്ചിയെ കണ്ടിട്ട് ഒരു princess ന്റെ കൂട്ടിരിക്കുന്നു. എന്നെ കണ്ടിട്ട് ഒരു boy ടെ കൂട്ടും..കുഞ്ഞിപ്പെണ്ണിന് മുഖം ഒരു sad smiley mode ൽ വെച്ചിട്ടു എന്നോട് ഇന്നലെ പറഞ്ഞ ആവലാതി ആണ്. രണ്ടാളുടെയും മുടി വെട്ടിച്ചിട്ടു വന്നപ്പോൾ മുതൽ ചെറുതിന് ആകെ അങ്ങോട്ട് പിടിക്കുന്നില്ല. കണ്ണിലേക്കും ചെവിയിലേക്കും ഒക്കെ പടർന്നിറങ്ങിയ കുഞ്ഞിപ്പെണ്ണിന്റെ മുടി സാമാന്യം നല്ല രീതിയിൽ വെട്ടി ഒതുക്കിയപ്പോൾ ആൾക്ക് ഒരു boy ലുക്ക് വന്നു എന്നത് ഒരു സത്യമാണ്. എങ്കിലും ഞാൻ ആശ്വസിപ്പിക്കാൻ പറഞ്ഞു മോളെ കണ്ടിട്ട് ഒരു prince ന്റെ കൂട്ട് ഉണ്ടല്ലോ എന്ന്. അതവൾക്കു തീരെ ഇഷ്ടമായില്ല. എനിക്ക് പ്രിൻസ് ന്റെ കൂട്ട് വേണ്ട പ്രിൻസസ് മതി അല്ലെങ്കിൽ girls ന്റെ കൂട്ടെങ്കിലും മതി എന്ന്. (ഫെമിനിസം ഇപ്പോൾ നഴ്സറിയിലെ തുടങ്ങും എന്ന് തോന്നുന്നു!)എന്റെ അനുരഞ്ജന സംഭാഷണങ്ങൾ ഒന്നും ലക്‌ഷ്യം കണ്ടില്ല. എങ്കിലും സ്‌കൂളിൽ പോയിട്ട് വന്നപ്പോൾ കുറച്ചു സമാധാനമായി. അവളുടെ കാന്തി മാം പറഞ്ഞു അത്രേ “യു ലുക്ക് ബ്യൂട്ടിഫുൾ ആഫ്റ്റർ ദി ഹെയർ കട്ട് “എന്ന്. ടീച്ചർ പറഞ്ഞാൽ പിന്നെ അതിനു അപ്പീൽ ഇല്ല കുഞ്ഞിപ്പെണ്ണിന്.

Niv

എന്നാലും ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ കുഞ്ഞിപ്പെണ്ണിന് വീണ്ടും ഒരു ആത്മവിശ്വാസക്കുറവ്. ചേച്ചി ഒരു പ്രിൻസസ് ആയോ എന്ന്. ഞാൻ അവളോട് പറഞ്ഞു ” മോൾ പ്രിൻസസ് Diana എന്ന് കേട്ടിട്ടുണ്ടോ എന്ന്”ഡയാന എന്ന കുട്ടി എന്റെ കൂടെ prekg ൽ ഉണ്ടായിരുന്നു, പക്ഷെ ആ കുട്ടി പ്രിൻസസ് ഒന്നും അല്ല എന്ന് അവൾ! ഞാൻ പറഞ്ഞു ആ ഡയാന അല്ല ഇത് പ്രിൻസസ് ഡയാന ആണ്. Short hair ൽ ഏറ്റവും മനോഹരിയായ ഒരു പ്രിൻസസ് ആയിരുന്നു Diana എന്ന് ഞാൻ അവളോട് പറഞ്ഞു. Short hair ൽ ഒരു beautiful princess എന്നത് അവൾക്കു ആശ്വാസം പകരുന്ന ഒരു പുതിയ അറിവായിരുന്നു. അവൾ ചോദിച്ചു എനിക്ക് ഫോട്ടോ കാണണം (പണ്ടത്തെ പോലെ അല്ല, പ്രൂഫ് കിട്ടാതെ ഇപ്പോഴത്തെ പിള്ളേർ ഒന്നും വിശ്വസിക്കില്ല!)ഞാൻ പറഞ്ഞു Princess Diana മരിച്ചു പോയി അത് കൊണ്ട് ഫോട്ടോ ഒന്നും ഇല്ല എന്ന്. കുഞ്ഞിപ്പെണ്ണിന് തീരെ വിശ്വാസം ആയില്ല. അമ്മേടെ google ൽ നോക്കിയാൽ എന്തായാലും ഫോട്ടോ കിട്ടും എന്ന് അവൾ. വേണമെങ്കിൽ ഫോൺ തന്നാൽ അവൾ “Ok Google ” പറഞ്ഞു കണ്ടു പിടിച്ചോളാം എന്ന്! മുട്ടയിൽ നിന്ന് വിരിഞ്ഞില്ല അപ്പോഴേക്കും OK Google , ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് പേടി ഫോട്ടോ കാണിച്ചാൽ ഇതല്ല ഞാൻ ഉദ്ദേശിച്ചത് എന്ന് അവൾ പറയുമോ എന്നാണ്. അത് കൊണ്ട് തല്ക്കാലം ഞാൻ ഫോട്ടോ ഇല്ല എന്ന നിലപാടിൽ ഉറച്ചു നിന്ന് അവളെ ഉറക്കി.

‘രണ്ടു പിള്ളേർ അമ്മമാരുടെ’ ഏറ്റവും വലിയ struggle ആണ് ഈ അനുരഞ്ജനവും സന്ധിസംഭാഷണവും നയതന്ത്രവും ഒക്കെ. ദിവസത്തിന്റെ പകുതിയും അതിൽ ആണ് പോകുന്നത്. ഒരു പീസ് കേക്ക് ന്റെ ഒരു സെന്റിമീറ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തീർന്നു. ആഭ്യന്തര കലഹം പൊട്ടിപുറപ്പെടും. ഇളയവർ പലപ്പോഴും തീവ്രവാദികൾ ആയി മാറും. മൂത്തവർ cold war experts ഉം. എന്നാണാവോ ഇനി ഇതിനൊക്കെ ഒരു ബോധം വെയ്ക്കുന്നത്. നാളെ ഒരു നാൾ ഏതേതു ദൂരങ്ങളിൽ ഇരുന്നാലും രക്തബന്ധത്തിന്റെ അതിലോലമായ കണ്ണികളാൽ ബന്ധിതരായ പരസ്പരം തണലാവാനുള്ളവർ ആണ് ഇവർ . ഏതു കുഞ്ഞു സങ്കടത്തുണ്ട് വന്നു പൊതിയുമ്പോഴും ചേച്ചിയോടോ അനിയത്തിയോടോ ഒന്ന് സംസാരിച്ചാൽ ഭാരങ്ങൾ ഒഴിഞ്ഞു free ആകുന്ന ഒരാളാണ് ഞാൻ. നാളെ ഒരു നാൾ ഈ കുഞ്ഞിപ്പെണ്ണും വല്യപെണ്ണും അത് പോലെ ആയിരിക്കും, ആയിരിക്കട്ടെ… സഹോദരങ്ങളോളം നമ്മളെ മനസ്സിലാക്കാനും ഉപാധികളില്ലാതെ അത്രത്തോളം ചേർത്ത് പിടിക്കാനും മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല..

ഒടിയൻ


മിത്തും ഫാന്റസിയും ഇഴ ചേർത്ത കഥാതന്തു. മോഹൻലാൽ എന്ന മഹാ നടന്റെ ചില നേരങ്ങളില് വിസ്മയിപ്പിക്കുന്ന പ്രകടനം (പ്രത്യേകിച്ചും older version of ഒടിയൻ). സുദീപും ശ്രേയയും പാടിയ മനോഹരമായ ഗാനരംഗത്തിൽ അതിമനോഹാരിയായി മഞ്ജു വാര്യർ, ഇത് മൂന്നിനും അപ്പുറം ഒടിയൻ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല. എനിക്ക് ഒടിയനെ കുറിച്ച് ആദ്യം കേട്ടത് മുതൽ ഇപ്പോൾ കണ്ടത് വരെ അമിതം എന്നല്ല മിത പ്രതീക്ഷ പോലും ഇല്ലാതിരുന്നതു കൊണ്ട് നിരാശ തെല്ലുമില്ല. ബന്ധങ്ങൾ convincing ആയി തോന്നുന്ന സിനിമകൾ ആണ് എനിക്ക് കുറച്ചു കൂടി ഇഷ്ടം. ‘കൊണ്ടൊരാം.. ‘ എന്ന പാട്ട് ആദ്യം യൂട്യൂബ് ൽ കേൾക്കുമ്പോൾ അതിനു മുൻപ് മോഹൻലാലിൻറെ ഒരു വോയിസ് ഓവർ കേട്ടിരുന്നു. മാണിക്യന്റെ അംബ്രാട്ടിയെ പറ്റി. പക്ഷെ സിനിമ കണ്ടപ്പോൾ എനിക്കാ പ്രണയം അങ്ങോട്ട് ഫീൽ ചെയ്തില്ല. അത് പോലെ തന്നെ പ്രകാശ് രാജിന്റെ കഥാപാത്രത്തിന്റെ സൃഷ്ടിയും എനിക്ക് അങ്ങോട്ട് convincing ആയില്ല. പ്രണയവും പ്രതികാരവും ഒക്കെ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ ആയി പോയത് പോലെ. തിരക്കഥയുടെ പ്രശ്നമാവും എന്ന് തോന്നുന്നു. ഞാൻ സിനിമയെ മൊത്തത്തിൽ dissect ചെയ്തു അപഗ്രഥിച്ചു കാണുന്ന ഒരാളല്ല. കൂടുതലും അതിന്റെ ഇമോഷണൽ background ആണ് എന്നെ ആകർഷിക്കുക. അത് കൊണ്ടാവും നരസിംഹവും, പുലിമുരുകനും, ഒടിയനും ഒക്കെ അത്രയ്ക്ക് അങ്ങോട്ട് എന്റെ മനസ്സിലേക്ക് കയറാത്തത്. അത് കൊണ്ട് തന്നെയാവും അടുത്ത കാലത്തു കണ്ട സിനിമകളിൽ കൂടെ, 96, സുഡാനി ഒക്കെ എന്റെ മനസ്സിലേക്ക് കയറിയതും.

ഒടിയനെ ‘ശരിക്കു’ കാണാൻ എന്ന് പറഞ്ഞു കണ്ണാടി ഒക്കെ എടുത്തു പുറപ്പെട്ട എന്റെ ‘കൊച്ചൊടിയത്തി’ ഇരുട്ടും ഒടിയന്റെ ഷാളും കൊമ്പും ഒക്കെ കണ്ടപ്പോഴേ കീഴടങ്ങി.

odi

ദോശ പുരാണം


Dosa

ഞാൻ ഓർക്കുകയായിരുന്നു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ breakfast നു അമ്മ മൂന്നു ദിവസം അടുപ്പിച്ചു ദോശ ഉണ്ടാക്കുമ്പോൾ വൻ പ്രതിഷേധ സമരം നടത്തുന്നത്. ‘ഇന്നും ദോശയാണോ..ഈ വീട്ടിൽ എന്നും ദോശയാ ..ഈ ദോശ എന്നു പറഞ്ഞ സാധനം കണ്ടു പിടിച്ചത് ആരാണാവോ എന്നുമാത്രമല്ല, ദോശയിലെ ‘ശ’ എന്ന് കേൾക്കുമ്പോഴേ കല്ലിൽ ദോശ ഒഴിക്കുന്ന ‘ശ്ശ്’ എന്ന അറുബോറൻ ശബ്ദം ആണ് ഓർമ്മ വരുന്നത് എന്ന് വരെയുള്ള ‘ പരിദേവനങ്ങൾ എത്രയോ വട്ടം മുഴക്കിയിട്ടുണ്ടെന്നോ..

പക്ഷെ..മാരക ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ, ഈ ദോശ എന്ന ഭക്ഷണസാധനം ആണ് മനുഷ്യരാശിയുടെ ഏറ്റവും മഹത്തായ food innovation എന്ന് കാലം നമുക്ക് മുന്നിൽ തെളിയിക്കും, തെളിയിച്ചു, തെളിയിച്ചു കൊണ്ടിരിക്കുന്നു.. ദോശയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ നമുക്ക് സ്കൂളിൽ പോകുന്ന രണ്ടു പിള്ളേർ വേണം. മിനിമം കല്യാണം കഴിയുമ്പോൾ തന്നെ ദോശ എന്നത് വല്യ ഒരു സംഭവം ആണെന്ന് തിരിച്ചറിവ് വന്നു തുടങ്ങും.

പിന്നീടങ്ങോട്ട് ദോശയോടുള്ള ബഹുമാനം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കും. ഈ ദോശ എന്ന സാധനം മനുഷ്യൻ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ എന്ന് വരെ തോന്നിപോകും. ‘ദോശ’ എത്ര സരള മധുരമായ പേര്. അതിനു പകരം ഈ ‘ഇടിയപ്പം’ എന്നൊക്കെ കേട്ടാൽ തന്നെ അറിയില്ലേ കൈയ്യിലിരുപ്പ് . എന്ന് മാത്രമല്ല ദോശയിലെ ആ ‘ശ്ശ്’ ശബ്ദം കേട്ടോ എത്ര സംഗീതാത്മകം ആണെന്ന് വരെ (ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ തന്നെ ..!!) തോന്നുന്നത് വരെ വന്നെത്തും കാര്യങ്ങൾ. അരച്ച് വെയ്ക്കുകയോ കടയിൽ നിന്ന് ദോശമാവ് വാങ്ങുകയോ എന്തുമാകട്ടെ രാവിലെ ദോശ തരുന്ന flexibility യും സമാധാനവും നമുക്ക് മറ്റൊരു breakfast ഐറ്റവും തരില്ല എന്നത് തർക്കമേതും ഇല്ലാത്ത പരമസത്യമാണ്. സാമ്പാറോ മറ്റു കറിയോ കൂടെ വേണമെന്ന യാതൊരു അഹങ്കാരവും ഇല്ലാതെ പൊടിയായാലും മതി എന്ന മട്ടിൽ വിനയത്തോടെയുള്ള ആ ദോശയുടെ ഇരുപ്പാണ് എനിക്കേറ്റവും പ്രിയം. കവിത എഴുതാനുള്ള കുറച്ചു കഴിവ് ദൈവം തന്നിരുന്നെങ്കിൽ ഞാൻ ദോശയെക്കുറിച്ചു ഒരു മഹാകാവ്യം തന്നെ എഴുതി എന്റെ കൃതജ്ഞത അറിയിച്ചേനെ..

എനിക്ക് ഉറപ്പാണ് നിങ്ങളിൽ പലർക്കും ഞാൻ പറഞ്ഞതിനോട് പൂർണ യോജിപ്പ് ആയിരിക്കുമെന്ന്. ഒരു കാലത്തു തന്നെ തള്ളി പറഞ്ഞവരെക്കൊണ്ടെല്ലാം പിൽക്കാലത്തു ജയ് വിളിപ്പിക്കാനുള്ള ദോശയുടെ ആ കഴിവ് ആരും കാണാതെ പോകരുത്. ദോശ നീണാൾ വാഴട്ടെ..

Wishy Car



സ്കൂളിലെ സ്പോർട്സ് മത്സരത്തിന്റെ തലേന്ന് ആണ് ഞാൻ നവമിയിൽ നിന്ന് ആദ്യമായി ‘Wishy Car’ നെ  പറ്റി  കേൾക്കുന്നത്. താഴേ കളിയ്ക്കാൻ പോയിട്ട് വന്നപ്പോൾ അത്യധികം ആവേശത്തോടെ അവൾ പറഞ്ഞു ” ‘അമ്മ കണ്ടിട്ടുണ്ടോ നമ്മുടെ parking  lot ൽ കിടക്കുന്ന പൊടി പിടിച്ച ആ grey colour car? ഞാൻ പറഞ്ഞു ഉണ്ടല്ലോ. എന്തേ  നിങ്ങൾ പിള്ളേരെല്ലാം കൂടി അത് പൊളിച്ചടുക്കിയോ?ഓ..അതൊന്നുമല്ല..ആ car ഒരു ‘വിഷിക്കാർ’ ആണ്. എന്താ..? ഭിക്ഷക്കാർ എന്നൊക്കെ കേട്ടിട്ടുണ്ട് , ഇതെന്താ ഈ വിഷിക്കാർ? എന്നായി ഞാൻ. 

“അതോ.. അമ്മ വിശ്വസിക്കുമോ എന്നറിയില്ല ആ car ൽ നമ്മൾ എന്ത് വിഷ് എഴുതി വെച്ചാലും അത് നടക്കും. പ്രൂഫ് ഉണ്ട്. മിലൻ കഴിഞ്ഞ ദിവസം ആ കാറിൽ “I want a new pencil box” എന്നെഴുതി വെച്ചു . ഞങ്ങൾക്കു മാത്രമേ അതിനെ പറ്റി  അറിയുമായിരുന്നുള്ളു.  അന്ന് വൈകിട്ട്    നോക്കിയപ്പോൾ ദാ ജോമിൻ അങ്കിൾ അവനു പുതിയ ഒരു ബോക്സ് വാങ്ങി വന്നിരിക്കുന്നു. അത് Wishy Car ന്റെ മാജിക് അല്ലെ..”.എനിക്ക് ചിരി അടക്കാൻ വയ്യ എങ്കിലും ഞാൻ വളരെ സീരിയസ് ആയി തന്നെ കേട്ടിരുന്നു.  എന്തോ important information ആണ് ചേച്ചിയും അമ്മയും തമ്മിൽ കൈമാറുന്നത് എന്ന് ഊഹം കിട്ടിയതോടെ കൊച്ചു ഗുണ്ട ചെയ്തുകൊണ്ടിരുന്ന പാവ വളർത്തൽ പരിപാടി  അവസാനിപ്പിച്ച് ഞങ്ങളുടെ രണ്ടിന്റെയും നടുക്കായി വന്നു സ്ഥാനം ഉറപ്പിച്ചു. ഇനി അറ്റത്തു ആയിപ്പോയാൽ വല്ലതും crucial infoയും  മിസ് ആയാലോ എന്ന സംശയത്തിൽ!  ഞാൻ ചോദിച്ചു നീ എന്നിട്ട് വല്ല  വിഷും എഴുതി വെച്ചോ പരീക്ഷിക്കാൻ? പിന്നെ ഞാൻ മിലൻറെ വിഷ് നടന്നു എന്ന് കേട്ടപ്പോൾ തന്നെ എന്റേതും എഴുതി വെച്ചു. എന്താണാവോ അത്. അത് ആരോടും പറയാൻ പാടില്ല. ഞാൻ നോക്കട്ടെ നടക്കുമോന്നു. അവളുടെ കണ്ണുകളിൽ തിളക്കം.

wishy car

അങ്ങനെ ഒരു wishy car നും നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരാൻ  കഴിയില്ല എന്നും. നമ്മൾ ആത്മാർത്ഥമായി വേണം എന്ന് വെച്ചാൽ ഏതു വിഷും പുഷ്പം പോലെ നടത്തിയെടുക്കാൻ കഴിയും എന്നാണ് നമ്മൾ വിശ്വസിക്കേണ്ടത് എന്ന് തുടങ്ങിയ  കടുത്ത യാഥാർഥ്യങ്ങൾ അവളെ പറഞ്ഞു ബോധവൽക്കരിക്കണം എന്നെനിക്കു ഉണ്ടായിരുന്നു. പക്ഷെ ചെയ്തില്ല. എന്തിനാ വെറുതെ അവളുടെ കൊച്ചു കൊച്ചു കൗതുകങ്ങൾ തല്ലികെടുത്തുന്നത് എന്ന് കരുതി ഞാൻ ആ യാഥാർഥ്യ പാഠങ്ങൾ വിഴുങ്ങി. കുഞ്ഞിപ്പെണ്ണാകട്ടെ ഇതൊക്കെ എന്താ എന്ന മട്ടിൽ കണ്ണിൽ മിഴിച്ചിരുന്നു. wishy അവളെ സംബന്ധിച്ചിടത്തോളം കണ്ണിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഒറ്റ കണ്പീലി ആണ്. അത് കുഞ്ഞി കൈത്തണ്ട മടക്കി വെച്ച് കണ്ണുകൾ അടച്ചു ഊതി കളയുക എന്നത് അവൾക്കു ആത്മനിർവൃതിയുടെ peak ആണ്. എന്നും ഒരേ ആഗ്രഹം മാത്രം..” അമ്പോറ്റി എനിക്കിന്ന് ചോക്ലേറ്റ് കിട്ടണേ..”!!   അത് ഉറക്കെ  പ്രഖ്യാപിക്കാൻ അവൾക്കു ഒരു മടിയുമില്ല താനം. 

അന്ന് വൈകുന്നേരം നടക്കാൻ  ഇറങ്ങിയപ്പോൾ ഞാനീ കൗതുക കഥകൾ എല്ലാം പ്രിയതമനോട് ഉണർത്തിച്ചു. നമുക്ക് പോയി നോക്കാം ആ കാറിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞു ഞങ്ങൾ പോയി നോക്കി. പൊടിപിടിച്ച കാറിന്റെ പുറവും ഗ്ലാസും എല്ലാം  കുഞ്ഞു വിരലുകളാൽ കോറിയിട്ട wishes ആയിരുന്നു. അതിനിടയിൽ പരിചിതമായത് ഒരെണ്ണം. ” I want gold medal for running race. If not possible, I want atleast a  silver medal “. അത് കണ്ടപ്പോഴേ മനസ്സിലായി ആരാണ് ആൾ എന്ന്. അപ്പൊ അതാണ് വിഷ്. നാളെ ആണ് ടെസ്റ്റിംഗ് ഡേ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും bronze ഉം gold ഉം മെഡൽ നേടിയ ആൾക്ക് ഇക്കുറി Sofia എന്ന മഹാമേരു (ക്ലാസ്സിലെ കുട്ടി ആണ്) മുന്നിൽ ഉള്ളതിന്റെ കുറച്ചു ആത്മവിശ്വാസക്കുറവുണ്ട്. 

പിറ്റേന്ന് രാവിലെ ആൾ റെഡി ആയപ്പോൾ ഞാൻ പറഞ്ഞു “നവമി എന്തായാലും നിനക്ക് first or second കിട്ടും. ഇനി ഇപ്പൊ കിട്ടിയില്ലെങ്കിലും സാരമില്ല participation ആണ് പ്രധാനം എന്ന്. വൈകുന്നേരം വന്നപ്പോൾ എനിക്ക് സമ്മാനവും ഒന്നും കിട്ടിയില്ലെന്നു മുഖം കുനിച്ചു  നിന്നു . ഞാൻ പിന്നെ മൈതാന പ്രസംഗം ആരംഭിച്ചു. നവോത്ഥാന നായകരെ തോൽപ്പിക്കുന്ന വിധത്തിൽ വാഗ്ധോരണി മുഴക്കിയപ്പോൾ അവൾ മെല്ലെ എണിറ്റു പോയി തന്റെ silver medal കഴുത്തിൽ ഇട്ടു വന്നു. കണ്ടോ ഞാൻ പറഞ്ഞില്ലേ  wishy car ന്റെ കാര്യം. കണ്ടോ എന്റെ വിഷും  നടന്നത് കണ്ടോ. അവൾ ovewhelmed ആയിങ്ങനെ നിന്നു . നീ എന്തിനാ atleast silver medal എങ്കിലും ന്നു വിഷ് എഴുതിയത്. ഗോൾഡ് മാത്രം വിഷായി എഴുതിയിരുന്നെങ്കിൽ അത് തന്നെ കിട്ടിയേനെ എന്നായി ഞാൻ. ആണോ..ഇനി next time ഞാനോർത്തോളം എന്നവൾ.. 

അവൾ മനസ്സിൽ aim ചെയ്തു വെച്ചതിൽ ആണ് അവൾ എത്തിയത്. അതിൽ wishy car നു role ഒന്നും ഇല്ലാന്ന്  പറയണം  എന്നുണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞില്ല. പണ്ട് ഞാൻ എല്ലാ പരീക്ഷകൾക്കും ഇട്ടു കൊണ്ട് പോകുമായിരുന്ന ഒരു ഇളം പച്ച ചുരിദാർ എന്റെ ഓർമ്മയിൽ വെറുതെ വിരുന്നു വന്നു. (പരീക്ഷകൾക്ക് ഇടയിൽ gap ഉണ്ടായിരുന്നത് കാര്യമായി!) എപ്പോഴോ ഒരിക്കൽ ആ ചുരിദാർ ഇട്ട ദിവസത്തെ പരീക്ഷ എളുപ്പമായി പോയി. അതിൽ പിന്നെ ആ  ചുരിദാർ ഇട്ടാൽ പിന്നെ ഒന്നും പേടിക്കാനില്ല എന്നൊരു ലൈൻ ആയിരുന്നു എനിക്ക്!  ഡിഗ്രിക്കും പിജി ക്കും തുടർന്ന ഈ കലാപരിപാടി അവസാനിപ്പിച്ചത് കാര്യവട്ടത്തു  ചെന്ന് പുതിയൊരു ലോകം പരിചയപ്പെട്ടപ്പോൾ ആയിരുന്നു. ഇവൾ ഒന്നുമല്ലെങ്കിലും ഇത്ര ചെറുതാണല്ലോ. കൊച്ചു കൊച്ചു അന്ധവിശ്വാസങ്ങൾ അതിന്റെ കൗതുകങ്ങൾ ഒക്കെ പിന്നെയൊരു കാലത്തു ഓർമിക്കുമ്പോൾ എത്ര രസമാണെന്നോ..

ഇതെല്ലം കേട്ട കുഞ്ഞിപെണ്ണാകട്ടെ എനിക്ക് wishy ഒന്നും എഴുതാൻ അറിയത്തില്ല..പിന്നെ ഞാൻ എങ്ങനെ എഴുതും  എന്ന് രണ്ടു പുരികങ്ങളും താഴ്ത്തി വെച്ച് കൂലങ്കഷമായി ആലോചിച്ചിരുന്നു സങ്കടപ്പെടുന്നു. അവൾക്കു “The ” മാത്രമാണ് എഴുതാനും വായിക്കാനും അറിയാവുന്ന ഏക വാക്ക് !! നീ തല്ക്കാലം ‘കൺപീലി wish’ ഒക്കെ കൊണ്ട് തൃപ്തി പെടാൻ ഞാൻ അവളെ ഉപദേശിച്ചു!!അത് തീരെ ഇഷ്ടപ്പെടാതെ അവൾ എന്നെ ക്രുദ്ധയായി നോക്കി നിന്നു.  

ഏകാന്തം   


അലമാരയിൽ ഇരുന്ന പഴയ ഒരു purse ൽ  എന്നോ എഴുതി എന്നാൽ പോസ്റ്റ് ചെയ്യാൻ മറന്നു പോയ ഒരു ബ്ലോഗ് ഇന്ന് അവിചാരിതമായി കൈയ്യിലെത്തി. നിവി വരുന്നതിനു ഒരു രണ്ടു മാസം മുൻപ് ഒരു മാർച്ച് 31 നു ഞാനും നവമിയും ശ്രീകാര്യത്തു ഉള്ളപ്പോഴത്തെ ഒരു ഓർമ്മയാണ്.

ഏകാന്തം

നവമിയുമൊത്തുള്ള പതിവ് വൈകുന്നേര നടത്തം കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു ടീച്ചറെ കണ്ടത്. ആളൊഴിഞ്ഞ വഴിയിലേക്ക് മിഴികളൂന്നി അവർ sitoutൽ തനിച്ചിരിക്കുകയായിരുന്നു. കണ്ടിട്ട് ഒരുപാടു കാലമായിരുന്നു. എങ്കിലും ഭവ്യയല്ലേ എന്ന് ചോദിച്ചു ഒരു നിറചിരിയോടെ അവർ ഇറങ്ങി വന്നു. ശ്രീകാര്യത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന റിട്ട. ടീച്ചർ ആണവർ. എന്റെ കാര്യവട്ടം പഠന കാലത്തു എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അവരുടെ വീടിനു മുന്നിലൂടെ നടന്നു പോകുമ്പോൾ ഒരു പുഞ്ചിരി, ചിലകുശലങ്ങൾ ഒക്കെ കൈ മാറാറുണ്ടായിരുന്നു. എന്റെ പേരൊക്കെ ഓർമ്മയുണ്ടാകുമെന്നോ, അറിയുമെന്നോ പോലും എനിക്കറിയില്ലായിരുന്നു. എപ്പോൾ വന്നു, മോൾ വലുതായല്ലോ, എന്റെ date എന്നാണ് തുടങ്ങിയ വർത്തമാനങ്ങൾക്കു ശേഷം, “ഇവിടുത്തെ ‘അച്ഛൻ’ പോയതറിഞ്ഞായിരുന്നോ എന്നൊരു ചോദ്യം. ഞാൻ അന്ന് ചെന്നൈയിൽ ആയിരുന്നു.ഒരു വര്ഷം മുൻപ് എപ്പോഴോ അലസമായി കേട്ട് മറന്നിരുന്നു ആ വീട്ടിലെ അച്ഛന്റെ മരണം. ആഴമേറെയുള്ള ഒരു സങ്കടക്കടലിന്റെ അണ തുറക്കുന്നത് പോലെ ടീച്ചർ പിന്നെ പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ ഒന്നും മിണ്ടാതെ കേട്ടുകൊണ്ടും..

” ഒരു വർഷമായി ഇപ്പോൾ.. വിശ്വസിക്കാനേ പറ്റുന്നില്ല. പെട്ടന്നൊരു ദിവസം കാൽ അങ്ങ് തളർന്നു. പിന്നെ വെറും  പത്തു ദിവസം  കഴിഞ്ഞപ്പോൾ ആളങ്ങു പോയി. 80 വയസ്സുണ്ടായിരുന്നു. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. ഒരുമിച്ചുള്ള വർഷങ്ങൾ കടന്നു പോയത് ഒന്നും അറിഞ്ഞതേയില്ല. പെട്ടന്നൊരു ദിവസം ഒന്നും പറയാതെ ആളങ്ങു പോയി. ഞാൻ നേരത്തെ പറയുമായിരുന്നു പോകുമ്പോൾ നമുക്കൊരുമിച്ചു പോകണമെന്ന്. എന്നിട്ടു ഇപ്പൊ ഞാൻ തനിച്ചായി. എപ്പോഴും എന്റെ കൂടെ വൈകുന്നേരങ്ങളിൽ ഇവിടെ ഇങ്ങനെ കസേരയിട്ട് ഇരിക്കുമായിരുന്നു”. ഞാൻ വല്ലാതെയായി.. കേട്ട്തീർന്നപ്പോൾ അവരുടെ ഉള്ളിലെ സങ്കടത്തീ മീനച്ചൂടിനെ പോലും തോൽപ്പിച്ചു കൊണ്ട് എന്നെ പൊള്ളിക്കാൻ തുടങ്ങി.

ottayila

 എന്ത് ചെയ്യാൻ പറ്റും ആന്റീ എല്ലാം ഈശ്വരനിശ്ചയം പോലെയല്ലേ നടക്കു എന്ന ദുര്ബലമായൊരു മറുമൊഴി ഞാൻ ടീച്ചർക്ക് കൈമാറി. ടീച്ചർക്ക് ഒപ്പം മകളും, മരുമകനും, കൊച്ചുമക്കളും ഒക്കെയുണ്ട്. പക്ഷെ ഏതു പ്രിയബന്ധുവിനും നികത്താനാവാത്ത ഒരു ശൂന്യത ടീച്ചർന്റെ വലതുഭാഗത്തു എനിക്ക് അറിയാനായി. പാതിവഴിയിൽ തനിച്ചായി പോയ ഒരു കുട്ടിയുടെ വിഹ്വലമായ  കണ്ണുകൾ ആയിരുന്നു ടീച്ചർക്ക് അപ്പോൾ. അൻപതു വർഷത്തിലേറെ അത്രമേൽ സ്വന്തമായി കൂടെ ചേർന്ന് നിന്ന ഒരാളിന്റെ അഭാവം എത്ര തീവ്രമായിരിക്കുമെന്നു ഞാനപ്പോൾ ഉള്ളു കൊണ്ട് തൊട്ടറിഞ്ഞു.

ടീച്ചർക്ക് മറ്റു സൗഭാഗ്യങ്ങൾക്കു ഒന്നിനും ഒരു കുറവുമില്ല. മക്കൾ രണ്ടാളും well settled ആണ്. തനിച്ചുമല്ല. എങ്കിലും..തൊട്ടു തൊട്ടു ചേർത്തിട്ടിരിക്കുന്ന രണ്ടു കസേരകളിലൊന്നിൽ മൗനവും ശൂന്യതയും  തളം കെട്ടുമ്പോൾ മറ്റെല്ലാ സൗഭാഗ്യങ്ങൾക്കും, സൗകര്യങ്ങൾക്കും അര്ഥമില്ലാതെയാകുന്നത് പോലെ ടീച്ചർക്ക് തോന്നുന്നുണ്ടാവും. അത്രമേൽ ആഴത്തിൽ പരസ്പരം കൊരുത്തു പോയ  ബന്ധങ്ങൾ വേർപെടുമ്പോൾ അങ്ങനെയാവും.  കെ. രേഖയുടെ ഒരു ചെറുകഥയിൽ വായിച്ചതു  പോലെ , പണവും പ്രശസ്തിയും മറ്റെല്ലാ സൗഭാഗ്യങ്ങളും ഒന്നുമല്ല..ഹൃദയത്തോട് ആഴത്തിൽ ചേർത്ത് വെയ്ക്കുന്ന ചില ബന്ധങ്ങൾ ആണ് നമ്മുടെയൊക്കെ അഹങ്കാരം. അതിലേറ്റവും പ്രിയപ്പെട്ട ഒന്ന് പെട്ടന്നൊരു നാൾ അങ്ങ് മറഞ്ഞുപോയാൽ എല്ലാ അഹങ്കാരവും ഒടുങ്ങി നമ്മൾ ഉടഞ്ഞു തകരും.

ടീച്ചറുടെ നനഞ്ഞ കണ്ണുകളിലെ ആ നഷ്ടബോധത്തിന്റെ തീവ്രത നേരിടാനാവാതെ മുന്നിലേക്ക് ഓടിപ്പോയ നവമിയുടെ പേര് പറഞ്ഞു ഞാൻ ടീച്ചറോട് യാത്ര പറഞ്ഞിറങ്ങി. അപ്പോൾ അകവും പുറവും ഒരുപോലെ വേവുകയായിരുന്നു..

ദീപ നിശാന്ത് ഓർമ്മിപ്പിക്കുന്നത്..


‘ഒറ്റമരപ്പെയ്ത്തു’ അങ്ങനെ എന്റെ ആമസോൺ cart ൽ  തന്നെ കിടക്കുന്നു, അനാഥമായി. 40Rs ഡെലിവറി ചാർജ് കൂടി കൊടുത്തു വാങ്ങണോ  വേണ്ടയോ എന്ന സംശയം കാരണം  അതിങ്ങനെ കഴിഞ്ഞ 3  ആഴ്ചയായി  നിന്നതു കാര്യമായി. അല്ലെങ്കിൽ ഞാനിപ്പോ കുറച്ചു കൂടി  ദുഃഖിച്ചേനെ. കവിത മോഷണവും അനുബന്ധകഥകളും ഇങ്ങനെ FB താളുകൾ കവിഞ്ഞൊഴുകികൊണ്ടേയിരിക്കുന്നു..ഓരോന്നും സൂക്ഷ്മമായി ഇങ്ങനെ വായിച്ചു പോകുന്നുണ്ട്. അത് അതിനു പിന്നിലെ കഥകൾ അറിയാനുള്ള കൗതുകം അല്ല..ചില മനുഷ്യർ  എത്രമാത്രം പൊയ്മുഖങ്ങൾ അണിഞ്ഞു ആയിരുന്നു നടന്നതെന്ന് കാണുവാൻ ഉള്ള ആ കൗതുകം ആണ്. മുഖം മൂടികൾ അഴിഞ്ഞു വീഴുമ്പോഴും അവർക്കു ഇപ്പോഴും സാധാരണ മനുഷ്യരെ പോലെ ആവാൻ കഴിയാതെ പോകുന്നത് പോലെ തോന്നുന്നു. ദീപ നിഷാന്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ആയ മാപ്പു വീഡിയോയിലും അവർ നിൽക്കുന്നത് ഏറെ വിശ്വസിച്ച സുഹൃത്തിനാൽ ചതിക്കപ്പെട്ട ഒരു അബല എന്ന ലൈൻ ൽ ആണ്. ‘അത് എഴുതി എന്ന് അവകാശപ്പെട്ട സുഹൃത്തിന്റെ അനുവാദം വാങ്ങിയിട്ട് ഞാൻ അത് പ്രസിദ്ധീകരിക്കാൻ നൽകി എന്ന ചെറിയ തെറ്റ്’ എന്ന് അവർ രണ്ടു വട്ടം ആവർത്തിക്കുന്നുണ്ട്. അയാൾ അല്ല അത് എഴുതിയത് എന്നതിന്റെ ഞെട്ടൽ ആണ് അവർക്കു ഇപ്പോഴും. കലേഷ് ഇപ്പോഴും അവരുടെ കാഴ്ചകളുടെ ഓരങ്ങളിൽ എവിടെയോ മാത്രം നിൽക്കുന്നതേയുള്ളു. മാപ്പൊക്കെ പറയുന്നുണ്ട് പക്ഷെ അതൊരു വെറും മാപ്പാണ്. ചെയ്തതിന്റെ വ്യാപ്തി മനസ്സിലാക്കാതെ വെറുതെ വാരി വിതറുന്ന ആത്മാർത്ഥത ഇല്ലാത്തൊരു മാപ്പു.

എന്തൊക്കെ ആണെങ്കിലും ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ്. ഞാൻ അടക്കം ഉള്ള വായനക്കാർ തങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്ന്. ജിഷ ദേവികയുടെ കുറിപ്പ് അയച്ചു തന്നു ഓർമ്മിപ്പിച്ചു ” നമ്മുടെ വിലപ്പെട്ട വായനസമയം ദീപയെ പോലെ ഉള്ളവർക്ക് തീറെഴുതി കൊടുത്തു പാഴാക്കി കളയരുതെന്നു”.

സത്യമാണ്..availability യും, മടിയും അലസതയും, സമയക്കുറവും  ഒക്കെ കാരണം നമ്മൾ നടത്തുന്ന ഉത്തരവാദിത്വം ഇല്ലാത്ത തെരഞ്ഞെടുപ്പുകളിൽ നിന്ന് ആണ് ഇത് പോലെ ഇന്നലെ പെയ്ത മഴയിൽ കുതിർന്ന തകരകൾ ഉയരുന്നത്. അവർ ചെയ്ത ‘ചെറിയ തെറ്റിന്’ അനുഭവിക്കുന്ന മാനസിക പീഡനത്തിന് അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു ‘ഒന്ന് പൊട്ടിക്കരഞ്ഞാൽ തീരാവുന്ന തെറ്റ് മാത്രമേ നീ ചെയ്തുള്ളൂ’  എന്ന് പലരും പറയുമ്പോൾ വീണ്ടും തോൽപ്പിക്കപ്പെടുന്നത് നമ്മളൊക്കെ തന്നെയാണ്.

ശ്രീചിത്രനെ പരാമര്ശിക്കുക പോലും ചെയ്യാത്തത് എനിക്ക് അയാളെ അറിയുക പോലും ഇല്ലായിരുന്നു എന്നത് കൊണ്ട് തന്നെയാണ്. FB posters ൽ മുഖം കണ്ടു പരിചയം ഉണ്ടായിരുന്നു എങ്കിലും നവോത്ഥാന വായ്ത്താരികൾ ഒന്നും കേട്ടിരുന്നില്ല. പക്ഷെ ദീപ നിഷാന്ത് അങ്ങനെ അല്ലായിരുന്നു. അവരുടെ രണ്ടു പുസ്തകങ്ങളും  ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്തു സമ്പാദിച്ച കാശ് എണ്ണി കൊടുത്തു വാങ്ങിച്ചു എന്റെ അലമാരയിൽ ഉണ്ട് എന്ന് മാത്രമല്ല രണ്ടും ഞാൻ വായിച്ചു എന്റെ വിലപ്പെട്ട സമയം കളയുകയും ചെയ്തതതാണ്. അവരുടെ ‘girl next door’ സ്റ്റൈൽ ൽ ഉള്ള ഓർമ്മ എഴുത്തുകൾ സന്തോഷത്തോടെ തന്നെ ആണ് വായിച്ചു മറന്നതും.ഞാനടക്കം ഉള്ള വായനക്കാർ നൽകിയ പ്രോത്സാഹനത്തിന് സത്യസന്ധമായ എഴുത്തു കൊണ്ട് മറുപടി നൽകുന്നതിന് പകരം ആരോ ഒരാൾ പകർത്തിയെഴുതിയ ഒരു കവിതയെ നിർലജ്ജം സ്വന്തം പേരിൽ മുതൽകൂട്ടുകയാണ് അവർ ചെയ്തത്. അങ്ങോട്ട് പൊറുക്കാനാവുന്നില്ല, മറക്കാനാവുന്നില്ല. എഴുതുന്ന ഓരോ ആളിനും വായിക്കുന്നവരോട് ഒരു ഉത്തരവാദിത്വം ഉണ്ട്, ഉണ്ടാവണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ആൾ ആണ് ഞാൻ. അത് മനസ്സിലാക്കാൻ, പാലിക്കാൻ ഉള്ള സാമാന്യ ബോധം ഇല്ലാത്തവർ എഴുതുകയെ  ചെയ്യരുത്..

‘ചില ഞങ്ങൾ നേരങ്ങൾ’


പുറത്തിറങ്ങി കൃത്യം 3  മണിക്കൂർ കഴിഞ്ഞപ്പോൾ നവമിയുടെ ഫോൺ ” നിങ്ങൾ എന്താ വരാത്തത്. അച്ഛന്റെ ഡോക്ടർ appointment 6 മണിക്കല്ലായിരുന്നോ. സത്യം പറ നിങ്ങൾ ഇത് എവിടാ കറങ്ങുന്നതു എന്ന്. ഞങ്ങൾ “ജബ ജബ ” ആയി നിന്നു.

അന്ന്, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം എന്ന പൊരിഞ്ഞ പോരാട്ടം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാക്കിയ ദിവസമായിരുന്നു. October 29. ഭാഗ്യത്തിന് കിട്ടിയ ഒരു ഡോക്ടർ appointmentൻറെ പേരിൽ പിള്ളേരെ  ഒന്നും കൂട്ടാതെ ഞങ്ങൾ ഞങ്ങളുടെ ഒരു ‘ഞങ്ങൾ നേരം’ ആഘോഷിക്കാൻ Little Italy ൽ കയറി ഡിന്നർ ഒക്കെ കഴിച്ചു ആടിപ്പാടി ഇറങ്ങുമ്പോഴാണ് ഇവരിതെങ്ങോട്ടാണ് മുങ്ങിയത് എന്ന സംശയവുമായി ‘നവമിക്കോൾ’.ഡോക്ടർ ഒത്തിരി ലേറ്റ് ആയി നവമി ഇപ്പൊ ഇറങ്ങിയതേയുള്ളു എന്ന് അടിച്ചു വിട്ടിട്ടു അവൾക്കു അങ്ങോട്ട് ബോധിക്കുന്നില്ല. സിബിഐ മോഡൽ  ചോദ്യം ചെയ്യൽ.  അവസാനം കീഴടങ്ങി ..ഞങ്ങൾ ചെറുതായിട്ട് ഒന്നും ഡിന്നർ കൂടി കഴിച്ചെന്നേയുള്ളു. മറുപുറത്തു നിന്നും വലിയ ഒരു നിലവിളി. ഇത് പറ്റില്ല നിങ്ങൾ രണ്ടു പേരും തന്നെ ഇങ്ങനെ ഡിന്നർ ഒക്കെ കഴിക്കാൻ പോയാൽ എങ്ങനാണ് എന്ന്. കിണുങ്ങൽ , പ്രതിഷേധം, മുറുമുറുപ്പ് പിന്നാലെ. എന്തോ അത്യാഹിതം നടക്കുന്നു എന്ന് ചേച്ചിയുടെ പ്രതിഷേധങ്ങളിൽ നിന്ന് മനസ്സിലാക്കി ചെറുതും അവസരം പാഴാക്കാതെ ഓടിയെത്തി. ചേച്ചിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു അനിയത്തിയും പ്രതിഷേധ സ്വരം ഉയർത്തി. അവസാനം Little Italy ന്ന വാക്കു മിണ്ടാതെ ഞങ്ങൾ ഏതാണ്ട് ‘റോട്ടി ദാൽ’ ആണ് കഴിച്ചതെന്ന് പറഞ്ഞു തടി തപ്പി.

എന്നാലും അവളുടെ ടൈമിംഗ് അപാരം. ഞങ്ങൾ മുങ്ങി ഇറങ്ങുന്നത് കണ്ടപ്പോഴേ കുറെ പ്രാവശ്യം ചോദിച്ചു എങ്ങോട്ടാ പോകുന്നത്, ഡോക്ടർ അപ്പോയിന്മെന്റ് എപ്പോഴാ എന്നൊക്കെ. പിന്നെ അവസാനം ഫയൽ ഉം ഒക്കെ കണ്ടു ബോധ്യപ്പെട്ടിട്ട് ആയിരുന്നു ഊരി  പോന്നത്!  (നിങ്ങൾ സംശയിക്കുന്നത് പോലെയല്ല, സത്യമായും  Doctor appoinment ഉണ്ടായിരുന്നു കേട്ടോ!!) എനിക്കപ്പോൾ ഓർമ്മ വന്നത് പണ്ട് അച്ഛനും അമ്മയും ഞങ്ങൾ കുട്ടികളെ കൊണ്ട് പോകാതെ ‘ഞാൻ ഗന്ധർവ്വൻ’ സിനിമ കാണാൻ പോയത് ആയിരുന്നു. കാലങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ മൂന്നുപേരും അത് അറിഞ്ഞത് തന്നെ. പാവം ഞങ്ങൾ!! പിന്നെ ഏതൊക്കെ സിനിമ കാണാൻ അവർ പോയിട്ടുണ്ടാവോ..

മറ്റേ സൈഡ് ൽ  ആവട്ടെ തിരുവന്തപുരത്തായിരുന്നപ്പോൾ അച്ഛനും അമ്മയും ആരോടും പറയാതെ ഒരിക്കൽ ‘വടക്കുംനാഥൻ’ സിനിമ കാണാൻ പോയി. ടിക്കറ്റ് നു queue നിൽക്കുന്ന നേരം അമ്മയുടെ cousin ഹരി അമ്മാവനും ഫാമിലിയും ഉണ്ടായിരുന്നു. അവർ ഇവരെ കണ്ടു ഞെട്ടി നിന്നു എന്നും, ‘എന്നാലും ഇവർ രണ്ടാളും കൂടി തനിയെ സിനിമ കാണാറൊക്കെ ആയോ’ എന്ന മട്ടിൽ സ്വയം പിച്ചി നോക്കി എന്നും മറ്റും റിപോർട്ടുകൾ കിട്ടി!. . ഇതറിഞ്ഞു ഞങ്ങൾ മക്കൾ ബാംഗ്ലൂർ ഇരുന്നു തലയറഞ്ഞു ചിരിച്ചതും ഓർമ്മയിൽ വന്നു.

 

pic1

കഴിഞ്ഞ മാസം പിള്ളേർ നാട്ടിൽ ആയിരുന്നപ്പോൾ ഞങ്ങൾ അതീവ രഹസ്യമായി 96 കാണാൻ പോയിരുന്നു, നവമി തിരിച്ചു വന്നപ്പോൾ ആദ്യത്തെ ചോദ്യം ” ഞാനറിഞ്ഞു നിങ്ങൾ 96 ഒക്കെ കണ്ടെന്നു. ബ്ലോഗ് എഴുതിയതാണ് അവിടെ പാരയായത് !എന്തൊക്കെ പറഞ്ഞാലും ജീവിതത്തിൽ നിന്നും ഇങ്ങനെ മോഷ്ടിച്ചെടുക്കുന്ന ഈ ചില ‘ഞങ്ങൾ നേരങ്ങൾക്കു’  അതിന്റെതായ ഒരു ചാരുതയുണ്ട്.പിള്ളേരെ ഒക്കെ കെട്ടിച്ചു വിട്ടു, വയസ്സാം കാലത്തു  ഞങ്ങളുടെ കൊച്ചു വീടിന്റെ നീണ്ട തിണ്ണയിൽ കാലും നീട്ടിയിരുന്നു ഓർമ്മകളുടെ ഉത്സവകാലങ്ങൾ തേടിയിറങ്ങുമ്പോൾ ദിവസവും 12 മണിക്കൂർ computer ന്റെ മുൻപിൽ കുത്തിയിരുന്ന് ജോലി ചെയ്തതും, (അത് എന്നെ ഉദ്ദേശിച്ചല്ല ), Routine ജോലികളും, ഒന്നും ആവരുത്  മുന്നിൽ വരേണ്ടത്. ഇത് പോലെയുള്ള ചില രസമുള്ള നിമിഷങ്ങൾ ആവണം.

നവമിയോട് പറയണം നീ ഇതിനൊക്കെ തക്കതായ പ്രതികാരം ചെയ്തോളാൻ. ഭാവിയിൽ ഭർത്താവിനേം കൂട്ടി ഇങ്ങനെ കുറച്ചു നല്ല ചില ഞങ്ങൾ നേരങ്ങൾ സൃഷ്ടിച്ചു കൊണ്ട് ! ഹല്ലാ പിന്നെ!!

തിരിച്ചു വീട്ടിലെത്തിയപ്പോൾ ഓടി വന്ന കുഞ്ഞിപ്പെണ്ണിന്റെ റിപ്പോർട്ടിങ് ” അമ്മേം അച്ഛനും ഞങ്ങളെ കൊണ്ട് പോവാതെ ഹോട്ടലിൽ പോയി ഫുഡ് കഴിച്ചെന്നു കേട്ട് നവമിച്ചേച്ചി ‘ഒറ്റ ഞെട്ടൽ’ എന്ന്!! “അപ്പൊ നീ ഞെട്ടിയില്ലേ ..?, എന്ന് ഞാൻ.  ഞാൻ എപ്പോഴേ  ഞെട്ടി എന്നവൾ!!

പാവങ്ങൾ അറിയുന്നുണ്ടോ ഇനി എത്ര ഞെട്ടാനിരിക്കുന്നു എന്ന്!!

കുഞ്ഞിക്കുറിപ്പുകൾ 2


 രാത്രി പതിനൊന്നു മണിക്ക് കുഞ്ഞിപ്പെണ്ണിനെ അറസ്റ്റ് ചെയ്തു ഉറക്കാൻ കിടത്തിയപ്പോൾ ചോദ്യം ” അമ്മേ..ഈ അമ്മേം അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ എപ്പോഴാ മരിക്കുന്നത് “. നല്ല സംശയം. ഞാൻ ഒന്ന് ഞെട്ടി. അത് മോളെ അമ്പോറ്റി തീരുമാനിക്കും എപ്പോഴാ ഓരോരുത്തരും മരിക്കുന്നതു എന്ന്. എന്തായാലും എല്ലാവരും ഒരിക്കൽ മരിക്കും. അപ്പോൾ അടുത്ത സംശയം “നിങ്ങൾ ഒക്കെ ഒക്ടോബറിൽ മരിക്കുമോ”. വളരെ സീരിയസ് ആയിട്ടാണ് ചോദ്യം. അത്രേം നേരത്തെ ആയാൽ ബുദ്ധിമുട്ടാവില്ലേ..അകെ ഇനി ഒരാഴ്ചയോ  മറ്റോ ഉള്ളു October തീരാൻ!ചെയ്യാൻ ഇനി എന്തൊക്കെ ബാക്കി കിടക്കുന്നു.  ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് പതിയെ വിഷയം മാറ്റി വിട്ടു.

പിറ്റേ ദിവസവും same ചോദ്യം. “അമ്മയൊക്കെ എന്നാ മരിക്കുന്നതു എന്ന്” . ഇനി ഇപ്പൊ ഞങ്ങളുടെ ഒക്കെ ശല്യം ഒഴിവായിട്ടു വേണം എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാൻ എന്ന ലൈൻ ആണോന്നു ഞാൻ സംശയിച്ചു.
ഇന്നിപ്പോൾ മൂന്നാം ദിവസവും അതെ ചോദ്യം. ഞാൻ പറഞ്ഞു നിവിക്കുട്ടി വലുതായി പഠിച്ചു മിടുക്കിയായി ജോലി ഒക്കെ കിട്ടി കല്യാണം കഴിപ്പിച്ചു വിട്ടിട്ട് ഞങ്ങൾ മരിക്കുന്നുള്ളു എന്ന്. അത് കേട്ട് സമാധാനം ആയതു പോലെ അവൾ എന്നെ കെട്ടിപ്പിടിച്ചു ഉച്ചയുറക്കത്തിലേക്കു വഴുതി വീണു. അപ്പോഴാണ് ഞാൻ ഓർക്കുന്നത് ഈ ചോദ്യം വന്ന വഴി ഏതെന്നു.

കുഞ്ഞി പെണ്ണും വല്യ പെണ്ണും ഇന്ത്യയും പാകിസ്ഥാനും ആണ് വീട്ടിൽ. സദാ ക്രമസമാധാനലംഘനം ആണ് വീട്ടിൽ. നോക്കിയാൽ അടി, മിണ്ടിയാൽ അടി അങ്ങനെ സദാ രണ്ടും തമ്മിൽ യുദ്ധമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ എന്നും സ്റ്റഡി ക്ലാസ് ഉണ്ട് എന്റെ വക. അങ്ങനെ കുറച്ചു നാൾ മുൻപ് ഉറക്കാൻ കിടത്തിയപ്പോൾ സഹികെട്ടു ഞാൻ പറഞ്ഞു നമുക്ക് ഈ സിസ്റ്റർ ന്നു പറയുന്നത് അമ്പോറ്റി തരുന്ന ഗിഫ്റ് ആണ്. ഒരു ദിവസം ഞങ്ങൾ ഒക്കെ മരിച്ചു പോയാലും നിനക്ക് അവളും അവൾക്കു നീയും മാത്രമേ കാണും എന്ന് ഓർക്കണം എന്ന്. അന്ന് കുഞ്ഞിപ്പെണ്ണ് നിശ്ശബ്ദമായി അത് കേട്ടെങ്കിലും, മനസ്സിൽ എവിടെയോ കൊളുത്തി കിടന്നതു കൊണ്ടാണ് എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ആ ഒരു insecurity യും ചിന്തയും ഒക്കെ വന്നു ഈ question വരുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. അല്ലെങ്കിലും നമുക്കെല്ലാം ഉറങ്ങാൻ കിടക്കുമ്പോൾ ആണല്ലോ നമ്മുടെ worst fears പുറത്തു വരുന്നത്. പിള്ളേരോട് പറയുന്ന ഓരോ വാക്കും സൂക്ഷിച്ചു വേണം എന്ന് എനിക്ക് ഒരിക്കൽ കൂടി മനസ്സിലായി.

fingers together

96 


സിനിമ കണ്ടവർ എല്ലാം review എഴുതിയെഴുതി എനിക്ക് എഴുതാൻ ഒന്നും ബാക്കി വെച്ചിട്ടില്ല എന്നൊരു തോന്നൽ. എങ്കിലും മധുരമൂറുന്ന പാട്ടുകൾ കൊണ്ട്, ഹൃദയം തൊടുന്ന പ്രണയം കൊണ്ട്, ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ സുഖമുള്ള നീറ്റൽ  പോലുള്ള നഷ്ടബോധം കൊണ്ട്, വിജയ് സേതുപതിയെന്ന അത്ഭുത മനുഷ്യന്റെ അഭിനയപാടവം കൊണ്ട്, തൃഷയുടെ ചില കൺനോട്ടങ്ങളുടെ അപൂർവ ഭംഗി കൊണ്ട് അങ്ങനെ ഒരുപാടൊരുപാട് കാരണങ്ങൾ കൊണ്ട് 96 എന്ന സിനിമ ഇങ്ങനെ മനസ്സിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു. എണ്ണപ്പെട്ട ചില മണിക്കൂറുകൾ ഒരു വരം പോലെ ജാനുവിന് മുന്നിൽ തുറക്കുമ്പോൾ നേരം പുലരാതിരുന്നുവെങ്കിൽ എന്ന് അവൾക്കൊപ്പം നമ്മളും കൊതിക്കും. കാരണം നേരം പുലർന്നാൽ  ആ മായാലോകം അവൾക്കും നമുക്കും  അസ്തമിക്കും. പ്രണയം എന്നാൽ പിടിച്ചെടുക്കലുകൾ അല്ല വിട്ടു കൊടുക്കലുകൾ മാത്രം ആണെന്ന് ഇത്രമേൽ തീവ്രമായി പറഞ്ഞു വെച്ച മറ്റൊരു സിനിമ ഉണ്ടാകുമോ എന്നറിയില്ല. തിരിഞ്ഞു നടക്കാൻ വഴികൾ ഇല്ലാത്തതിന്റെ നിസ്സഹായതയിൽ ജാനു പിടയുമ്പോഴും, റാം എന്ന മനുഷ്യൻ വൃഥാ എങ്കിലും ഒരു പിൻവിളിക്കായി മുതിരുന്നില്ല. ഉപാധികളില്ലാത്ത, അവകാശവാദങ്ങളില്ലാത്ത,  അസൂയ ഇല്ലാത്ത അത്രമേൽ പവിത്രമായ ഒരു വികാരം ആണ് അയാൾക്ക്‌ ജാനുവിനോട്. അതിനെ വെറും പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല.

96

സ്വപ്നം പോലുള്ള ചില മണിക്കൂറുകളിൽ നിന്ന് യാഥാർഥ്യങ്ങളിലേക്കു  മടങ്ങുന്ന ജാനുവിന്റെ ശിഷ്ട ജീവിതം  ഇനി എങ്ങനെ ആകുമെന്നറിയാൻ ഒരു കൗതുകം. സിനിമ തീർന്നത് കൊണ്ട് അറിയാനും കഴിഞ്ഞില്ല. ഒരു പക്ഷെ മരണത്തിനല്ലാതെ  മറ്റാർക്കും പകുത്തു കൊടുക്കാതെ സൂക്ഷിക്കുന്ന ഒരു ഉൾനോവായി ആ നിമിഷങ്ങളെ അവൾ തന്റെ പ്രാണനിൽ കൊരുത്തു വെക്കുമായിരിക്കും. .

എന്തൊക്കെയായാലും കവിത പോലെ മനോഹരമായ ഒരു സിനിമ ആയിരുന്നു 96. പ്രണയിച്ചു വിവാഹം കഴിച്ചവർക്കും, പ്രണയിക്കാതെ വിവാഹം കഴിച്ചവർക്കും ഒക്കെ മൊത്തത്തിൽ ഭയങ്കര നഷ്ടബോധം മനസ്സിൽ ഉണർത്തിയ സിനിമ.  പറഞ്ഞും, പറയാതെയും ഒക്കെ ഒരു നാൾ വഴി പിരിഞ്ഞു പോയവർക്ക് ഓർമ്മകളുടെ ഒരു ഉത്സവകാലം സമ്മാനിച്ചു കാണും ഈ സിനിമ. തമിഴകത്തിനോട് വല്ലാത്ത ഒരു ബഹുമാനവും സ്നേഹവും.. ഇത്രമേൽ മനോഹരമായ ഒരു സിനിമ സമ്മാനിച്ചതിന്..ഗോവിന്ദ് വസന്തയുടെ ഓരോ ഈണവും മനസ്സിൽ ഇങ്ങനെ അലയടിക്കും സിനിമ കണ്ടിട്ട് എത്ര ദിവസങ്ങൾ കഴിഞ്ഞാലും.

കുഞ്ഞിക്കുറിപ്പുകൾ 1


എന്റെ മാലാഖമാർ 

pic

ഇന്ന് International Girl Child Day. മൂന്നു മാലാഖമാർ ഉള്ള വീട്ടിൽ നിന്നും വന്നോണ്ടാണോ എന്നറിയില്ല പെണ്മക്കളുടെ കൊലുസിന്റെയും, വളയുടെയും പിന്നെ ചിരിയുടെയും  കിലുക്കം ഉള്ള വീടുകൾ എന്നും എന്നെ മോഹിപ്പിച്ചിരുന്നു. വിവാഹം ആലോചിച്ചു വെച്ച നീണ്ട രണ്ടു വർഷങ്ങളിൽ ഞങ്ങൾ കണ്ട സ്വപ്നങ്ങളിൽ പോലും ‘മഴത്തുള്ളി’ എന്ന് പേരിട്ട ഒരു മകൾ നിറഞ്ഞു നിന്നിരുന്നു. എന്തായാലും വർഷങ്ങൾക്കിപ്പുറത്തു ഞങ്ങൾക്ക് കൂട്ടായി രണ്ടു മാലാഖമാർ തന്നെ വന്നു. അവർ ചാലിച്ച് ചേർക്കുന്ന നിറങ്ങൾ ആണ് ഞങ്ങളുടെ ജീവിതത്തിനെ മനോഹരമാക്കുന്നത് . പറയാതിരിക്കാൻ കഴിയുന്നില്ല.. ഒരു വീടിനെ വീടാക്കാൻ മകൾ ചിരിക്കിലുക്കങ്ങളോളം മറ്റൊന്നിനും കഴിയില്ല. (പെണ്മക്കൾ ഇല്ലാത്ത അമ്മമാരും അച്ഛന്മാരും  സദയം  ക്ഷമിക്കുക!!)

————————————————————————————————————————————
navami.jpg

സ്കൂൾ ഫാം ൽ നിന്ന് organic പച്ചക്കറിയും വാങ്ങി വൈകിട്ട് വന്ന എന്റെ മൂത്ത പുത്രി. ഇന്നലെ 10 രൂപയ്ക്കു നല്ല ഒന്നാന്തരം 9 മുരിങ്ങക്കയും ആയിട്ടായിരുന്നു വരവ്. ഇന്ന് 20 രൂപയ്ക്കു ഒരു ക്യാബേജ് . സ്കൂളിൽ കോൺവെന്റ്നോട് ചേർന്ന് ഒരു ഫാം ഉണ്ട്, അവിടെ അവർക്കു ആവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്തെടുത്തിട്ടു ബാക്കി സ്കൂളിൽ ചിലപ്പോൾ വിൽപ്പനക്ക് വെക്കുംന്നു കേട്ടിരുന്നു. അത് കണ്ടു inspired ആയി ഒരാൾ 30 രൂപയുമായി പോയതായിരുന്നു. Student ആയി അവൾ മാത്രമേ വാങ്ങാൻ ഉണ്ടായിരുന്നുള്ളു എന്ന്. എന്തായാലും സന്തോഷം, കാർട്ടൂണും കണ്ടു, Stilton books ഉം വായിച്ചു, Junk Food ഉം കഴിച്ചു ഒരു മുഴുവൻ സമയ നഗരസന്തതി ആയി അല്ല അവൾ വളരുന്നത് എന്നോർക്കുമ്പോൾ . ആരും നിർദ്ദേശിക്കാതെ വീടിനു ആവശ്യമുള്ള ഒരു സാധനവും വാങ്ങി വന്നിരിക്കുന്നു. ഉത്തരവാദിത്തത്തിലേക്കു ഉള്ള ഒരു ചെറിയ ചുവടു വെയ്പ്പ് ആണിത്. മകൾ വളർന്നിരിക്കുന്നു, എന്നെ വിസ്മയിപ്പിക്കുന്നു.
NB: അവളുടെ അമ്മൂമ്മക്ക്‌ അതിലേറെ സന്തോഷം. അമ്മ CTCRI ൽ ജോലി ചെയ്യുമ്പോൾ ഇത് പോലെ മിക്ക വൈകുന്നേരങ്ങളിലും ഓഫീസ് ഫാമിൽ നിന്നും നല്ല പച്ചക്കറികൾ, കപ്പ, ചേന ഒക്കെ വാങ്ങി വരുമായിരുന്നു അത്രേ. ആ പാരമ്പര്യം എന്തായാലും കൊച്ചുമകൾക്കും പകർന്നു കിട്ടിയിരിക്കുന്നു. ഇനി കുഞ്ഞിപ്പെണ്ണും നാളെ മുതൽ പച്ചക്കറിയും വാങ്ങി കൈയിൽ പിടിച്ചു സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വരുമോ ആവോ?

———————————————————————————————————————————-
Niv

രണ്ടു പേജ് homework വിജയകരമായി പരിസമാപ്തിയിൽ എത്തിച്ചതിനുള്ള കീർത്തിമുദ്ര ആണ് കുഞ്ഞിക്കൈകളിൽ പതിപ്പിച്ചിരിക്കുന്നത്! ഇതൊന്നു ശുഭ പര്യവസായി ആക്കാൻ കഴിഞ്ഞ മൂന്നു ദിവസങ്ങളായി അക്ഷീണം യത്നിച്ച ഈ മാതാശ്രീക്ക് വല്ല മരണാനന്തര ബഹുമതിയും സമർപ്പിക്കേണ്ടതാണ്. കാറ്റ് പോവാറായി എന്ന് ചുരുക്കം!
കുഞ്ഞിപ്പെണ്ണ് ഒരു കടുത്ത ‘perfectionist അവതാരം’ ആണ് എന്നതാണ് പ്രശ്നം. ഒരു A എഴുതിയാൽ അത് പെർഫെക്റ്റ് ആക്കാൻ ഒരു 16 പ്രാവശ്യം തുടയ്ക്കും. ‘കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചു പോയിട്ട് അതിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ’ എന്ന അവസ്ഥ ആണ് പലപ്പോഴും ബുക്കിൻറെ. എന്റെ നെല്ലിപ്പലക പിന്നെ തുടങ്ങുമ്പോഴേ ഒടിയും എന്നുള്ളത് കൊണ്ട് പിന്നെ പറയുകയും വേണ്ട!
ഈ obsession for perfection എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന അർത്ഥത്തിൽ ഞാൻ പ്രിയതമനെ നോക്കുമ്പോൾ ആൾ ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ mode ഇത് വേറെ എങ്ങോട്ടെങ്കിലും നോക്കും!
എന്നാലും ഈ കുഞ്ഞിതുമ്പികളെ കൊണ്ട് ഇങ്ങനെ കല്ലെടുപ്പിക്കുന്നതു എന്തിനാണാവോ..എന്തൊക്കെ മനോഹരമായ കാഴ്ചകൾ കാണാൻ ഉണ്ടവർക്കു, എന്തൊക്കെ കഥകൾ കേൾക്കനുണ്ടവർക്ക്. അതിനിടക്ക് ആണ് ഈ എഴുത്തു യുദ്ധം..

‘അമ്മപ്പരീക്ഷണങ്ങൾ’!


സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ള അമ്മമാർ നേരിടുന്ന  പരീക്ഷണങ്ങൾ ഒന്ന് വേറെ തന്നെയാണ്. ഞായറാഴ്ച രാത്രി 10 മണിക്ക് മാത്രം ഉൾവിളി ഉണ്ടാകുന്ന projects, അന്തമില്ലാതെ നീളുന്ന home work പേജുകൾ, അങ്ങനെ ഇരിക്കുമ്പോൾ വരുന്ന പരിപാടികൾക്ക് വേണ്ട വസ്ത്രാലങ്കാരം, കേശാലങ്കാരം, make up  and grooming, പരീക്ഷാ തലേന്നത്തെ  വെപ്രാളം പങ്കുവെക്കൽ ഇതിന്റെ ഒക്കെ മൊത്തമായും ചില്ലറയായായും ഉള്ള കുത്തക  അവകാശം പൊതുവെ അമ്മമാർക്ക് ആണ് വീടുകളിൽ. എന്നെ പോലെ ചില അപൂർവം ഭാഗ്യവതികൾക്കു അപ്പൂപ്പൻ അമ്മൂമ്മമാരുടെ ‘കട്ട സപ്പോർട്ട് ‘ ഉള്ളത് കാരണം വല്യ പരിക്കുകൾ ഇല്ലാതെ  ‘അമ്മ- തൊഴിൽ ജീവിതങ്ങൾ tally ആക്കി കൊണ്ട് പോകാൻ കഴിയുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് കുഞ്ഞിപ്പെണ്ണിന്റെ PTA meeting നു ചെന്നപ്പോൾ ടീച്ചർ പറഞ്ഞത് Independence Day celebration ന്റെ ഭാഗമായി നിവേദിതക് ഉത്തർപ്രദേശ്‌ ആണ് തീം എന്നും , അതിന്റെ വേഷം കെട്ടിപ്പിച്ചു വിടണം എന്നും. ഇഷ്ടം പോലെ സമയം ഉണ്ട് ഓഗസ്റ്റ് അവസാനം ആണ് സെലിബ്രേഷൻ ഫിക്സ് ചെയ്തിരിക്കുന്നത് എന്ന് കേട്ട് ഞങ്ങൾ അത് അങ്ങ് മറന്നു. പിന്നീടു പ്രളയത്തിന്റെ പരീക്ഷണ നാളുകൾ ആയിരുന്നു. അതിന്റെ ഓട്ടത്തിൽ പിള്ളേരുടെ കാര്യം കുറെയൊക്കെ അങ്ങ് മറന്നു. അത് കഴിഞ്ഞു നാട്ടിലും പോയി മടങ്ങി വന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ടീച്ചർ ന്റെ മെസ്സേജ് “ദേ ദിത് പോലെ വേണം ഉത്തർ പ്രദേശ് കാരിയായി നിവേദിതയെ മറ്റെന്നാൾ ഒരുക്കി വിടേണ്ടത് എന്ന്”. നോക്കിയപ്പോൾ ഇടത്തോട്ട് സാരി ഒക്കെ ഉടുത്തു ” വൈഷ്ണവ ജൻ കോ തീരെ സഖിയെ ..”ടൈപ്പ് ൽ  ഒരു തരുണി ആൻഡ് തരുണന്റെ പടം. ഇതിപ്പോ എവിടെ കിട്ടും ഈ ടൈപ്പ് എന്ന് മെസ്സേജ് അയച്ചിട്ട് ടീച്ചർ തിരിഞ്ഞു നോക്കിയില്ല.

UP image

തീർക്കാൻ ഉള്ള പത്തെഴുപത്തിരണ്ടു office  tasks ഇങ്ങനെ നിര നിരയായി അത്തപ്പൂവിട്ടു കളിച്ചു കൊണ്ടിരിക്കുന്ന പ്രിയതമനു മുന്നിൽ ഞാൻ ദയാഹർജി സമർപ്പിച്ചു. അച്ഛനും അമ്മയും നാട്ടിൽ ആയോണ്ട് ദുഃഖം പങ്കു വെക്കാൻ ഞങ്ങൾ മാത്രമേയുള്ളായിരുന്നു. പ്രിയതമൻ എന്തായാലും അവസരത്തിനൊത്തു ഉയർന്നു. UP സാരിയും തപ്പി ഞങ്ങൾ ഇലക്ട്രോണിക് സിറ്റിയുടെ പാതയോരങ്ങളിലൂടെ ഞങ്ങൾ  അലഞ്ഞു നടന്നു. പിള്ളേരുടെ size കോട്ടൺ സാരി എങ്ങും കിട്ടാനില്ല. ഇനി ഉള്ള ഏക ഓപ്ഷൻ customized sari ഉണ്ടാക്കി എടുക്കുക എന്നതാണ്. എനിക്ക് പണ്ടേ എഴുത്തൊഴിച്ചു ബാക്കി വര, തയ്യൽ, make up ഇത്യാദി കലകളിൽഅവഗാഹം തീരെ പോരാത്തതു കൊണ്ട് തീരെ കോൺഫിഡൻസ് കുറവ്. പിന്നെ ഗതികേട് കൊണ്ട് തലപുകഞ്ഞു ആലോചിച്ചു ഒരു കണ്ടു പിടിത്തം നടത്തി. ഒരു കടയിൽ കയറി കോട്ടൺ ബ്ലൗസ് പീസ് മേടിച്ചു സാരി ആക്കം. കൂട്ടുകാരി ഗ്രീഷ്മ കുഞ്ഞി ബ്ലൗസ് സംഘടിപ്പിച്ചു തരാം എന്ന് പറഞ്ഞത് കേട്ട് പകുതി ആശ്വാസം ആയി. അങ്ങനെ ഒരു കടയിൽ കയറു രണ്ടും കൽപ്പിച്ചു രണ്ടു മീറ്റർ ബ്ലൗസ് തുണി വാങ്ങി. ഇത്തിരിപ്പോന്ന കുഞ്ഞിപ്പെണ്ണായതു കൊണ്ട് രണ്ടു മീറ്റർ ധാരാളം എന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയി. വീട്ടിൽ വന്നു യൂട്യൂബ് ഒക്കെ നോക്കി സാരി ചാർത്തിപ്പിച്ചപ്പോൾ pleats ഇടാനും തലയിൽ കൂടി ഇടാനും ഒന്നും തികയുന്നില്ല. അതിൽ ലാഭം പിടിക്കാതെ ഒരു മീറ്റർ കൂടി വാങ്ങിയാൽ പോരായിരുന്നോ എന്ന് പ്രിയതമൻ. അതിപ്പോ ഞാൻ എങ്ങനെ അറിയാനാ UP സാരി ഉടുക്കാൻ ഇത്ര നീളം വേണമെന്ന് ഞാൻ. അവസാനം വീണ്ടും തലപുകച്ചു പ്രിയതമ ഐഡിയ കണ്ടെത്തി. അടുത്തുള്ള ഒരു കടയിൽ പോയി ഒരു മീറ്റർ ലൈനിങ് തുണി മേടിച്ചു നിലവിൽ ഉള്ള സാരി തുണിയിൽ തയ്ച്ചു പിടിപ്പിച്ചു. അങ്ങനെ ലാവിഷായി തലയിൽ കൂടി ഇടാൻ ഒക്കെ ഉള്ള നീളം ഒപ്പിച്ചു.

അങ്ങനെ എല്ലാം നേരെ ആയി എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഇടി  വെട്ടിയവന്റെ തലയിൽ തേങ്ങാ വീഴുന്നത്- office mail. നാളെ ടീമെല്ലാം കൂടി lunch നു മീറ്റ് ചെയ്യണം എന്ന്. തിങ്കൾ മുതൽ വെള്ളി വരെ work from home ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വേറെ വഴിയില്ല(അച്ഛനും അമ്മയും നാട്ടിൽ ആണല്ലോ). ഈ കഴിഞ്ഞ 9  മാസത്തെ Cognizant ജീവിതത്തിൽ ഇത് വരെ ടീം ഒരുമിച്ചു ഒരു ലഞ്ച് പ്ലാൻ ചെയ്തിട്ടില്ല. കൃത്യം മുഹൂർത്തത്തിന് വെച്ചിരിക്കുകയായിരുന്നു!

ഇതൊന്നു പറയാൻ മീറ്റിംഗോട് മീറ്റിംഗിൽ വ്യാപൃതനായിരിക്കുന്ന പ്രിയതമൻ നട  തുറക്കുന്നുമില്ല. ഇതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഞോണ്ടിയും മാന്തിയും കളിക്കുന്ന കൊച്ചു ലുട്ടാപ്പികൾക്കു എന്റെ കൈയ്യിൽ നിന്നും ശരിക്കും കിട്ടി. അവസാനം നട  തുറന്നിറങ്ങിയ പ്രിയതമനോട് ഞാൻ കാര്യങ്ങൾ ഉണർത്തിച്ചു.ഞാൻ mail calendar  invite decline ചെയ്യാൻ പോവാണെന്നും പറഞ്ഞു.   ഓഫീസെന്നാൽ ജീവശ്വാസത്തിനേക്കാളും പ്രധാനമായി കാണുന്ന പ്രിയതമൻ പറഞ്ഞു No Never. ടീം നെ മീറ്റ് ചെയ്യുന്ന ഒരു occassion നും മിസ് ചെയ്യാൻ പാടില്ല അത്രേ.  അപ്പൊ “ഇവിടെ കല്യാണം അവിടെ പാല് കാച്ചു ” എന്ന മട്ടിൽ ഞാൻ എങ്ങനെ  എല്ലാം കൂടി ഒപ്പിക്കും . രാവിലെ കൊച്ചു ഗുണ്ടയെ സാരി ഉടുപ്പിക്കണം, food ഉണ്ടാക്കണം, റെഡി ആക്കണം, ലഞ്ച് പാക്ക് ചെയ്യണം,  എനിക്ക് റെഡി ആകണം, ട്രെയിൻ പിടിക്കണം  ഇതെല്ലം കൂടി എങ്ങനെ..ഇതൊന്നും പോരാഞ്ഞു കൂനിന്മേൽ കുരു എന്ന് പറയുമ്പോലെ  കൊച്ചിനെ രാവിലെ സ്കൂൾ കൊണ്ട് വിടുകയും വേണം, പ്രിയതമനു  രാവിലെ 8 to 9 മീറ്റിംഗ് ഉള്ള ദിവസം കൂടിയാണ്. നീ ഒന്നും കൊണ്ട് പേടിക്കണ്ട എന്റെ മീറ്റിംഗ് കഴിഞ്ഞു വേണ്ടി വന്നാൽ ഞാൻ നിന്നെ നാളെ Hebbal വരെ കൊണ്ട് വിടും എന്ന് പ്രിയതമൻ ഉദാരമതിയായി. നിങ്ങൾ എന്തറിഞ്ഞ ഈ പറയുന്നത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു . ഇവിടുന്നു ഹെബ്ബാൾ വരെ ഡ്രൈവ് ചെയ്തു തിരിച്ചു വരണമെങ്കിൽ മിനിമം ആറു മണിക്കൂർ എടുക്കും. അപ്പോഴേക്കും കൊച്ചു സ്കൂളിൽ നിന്ന് വരും. എന്നാലും ആ ഉദാരമനസ്സിനു മുന്നിൽ ഞാൻ കൃതാർത്ഥയായി സൂർത്തുക്കളെ ..!

അന്ന് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു. അഞ്ചരക്ക് വെച്ച alarm അടിക്കുന്നുണ്ടോ എന്നറിയാൻ മൂന്നു മണി തൊട്ടു ഉണർന്നു കിടന്നു!!SSLC  പരീക്ഷക്കൊ തുടർന്നുള്ള മറ്റു ഒരുപാടു പരീക്ഷകൾക്കോ ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചിട്ടില്ല. രാവിലെ പണികൾ ഒക്കെ ഒതുക്കി ഞാൻ കൊച്ചിനെ എഴുന്നേൽപ്പിച്ചു. വലുതാകട്ടെ തനിയെ റെഡി ആയി ഒരു പരാതിയും പരിഭവും ഒന്നും ഇല്ലാതെ സമയം ആയപ്പോൾ തനിയെ ഇറങ്ങി സ്കൂൾ ബസിൽ കയറിപ്പോയി. ചെറുത് അപ്പോഴും ആടി  പാടി ഇരിക്കുന്നതെ ഉള്ളു. പ്രിയതമനു രാവിലെ മീറ്റിംഗ് ഉള്ള ദിവസം അല്ലേ.. curfew പ്രഖ്യാപിച്ചിരിക്കും എട്ടു മുതൽ ഒമ്പതു വരെ. തെറ്റിച്ചാൽ ഇറങ്ങി വരുമ്പോൾ ആകാശത്തേക്ക് വെടിയാണ് . അത് കൊണ്ട് എനിക്ക്അ ലറി കൊച്ചിനെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാൻ പറ്റില്ല. കുഞ്ഞു സാരിയും ബ്ലൗസ് ഉം ഒക്കെ എടുത്തപ്പോൾ ആണ് വെളിപാട് വന്നത്, ഇത് എവിടെ വെച്ച് കെട്ടും എന്ന്!! അടിപ്പാവാട എന്നൊരു സാധനത്തിനു ജീവിതത്തിൽ ഇത്രേം പ്രാധാന്യം തോന്നിയ ഒരു നിമിഷമായിരുന്നു. അവസാനം ഒരു ബ്ലാക്ക് പാന്റ് തപ്പിയെടുത്തു അതിൽ വെച്ച് കെട്ടാൻ തീരുമാനിച്ചു. അപ്പോഴാണ് അടുത്ത കടമ്പ. കൊച്ചിതു വരെ toilet ൽ  പോയിട്ടില്ല. ഇനി ഇതെല്ലം വെച്ച് കെട്ടി കഴിഞ്ഞേങ്ങാനും പോകണം എന്ന് പറഞ്ഞാൽ കഴിഞ്ഞില്ലേ കഥ. സാമം ദാനം ഭേദം വരെ പ്രയോഗിച്ചു ഉന്തി toilet ൽ വിടാൻ ശ്രമം നടത്തി പരാജയപ്പെട്ടു. പിന്നെ അവസാനം ഒരു പഴം കാണിച്ചു പ്രലോഭിപ്പിച്ചപ്പോൾ അവൾ വീണു. സമയം അങ്ങനെ  ശരവേഗത്തിൽ പൊയ്‌ക്കൊണ്ടിരിക്കുന്നു. അവസാനം അത് സംഭവിച്ചു. Toilet പ്ലാൻ success. ഞാൻ വിജയശ്രീലാളിതയായി കൊച്ചിനെ കുളിപ്പിച്ച് കൊണ്ട് വന്നു.

അസ്സൽ ഒരു കവലച്ചട്ടമ്പി mode ൽ നടക്കുന്ന ഈ ഐറ്റത്തിനെ എങ്ങനെ ഒരു ഉത്തർപ്രദേശ് “കുൽസ്ത്രീ” ആക്കും എന്നത് അടുത്ത കടമ്പ. ഇങ്ങോട്ടു തിരിയാൻ പറഞ്ഞാൽ കൃത്യം അങ്ങോട്ട് തിരിഞ്ഞിരിക്കും എന്നതാണ് അവളുടെ ഒരു ഇത്! അവസാനം ഒരുവിധത്തിൽ സാരി ഒക്കെ ഉടുപ്പിച്ചു ഒരു 150 പിന് ഒക്കെ കുതിപ്പിച്ചു  എടുത്തു. അമ്മാ എനിക്ക് കാലു കഴക്കുന്നു . കഴിഞ്ഞ അരമണിക്കൂറായി കൊച്ചിനെ കട്ടിലിന്റെ മുകളിൽ നിർത്തി ആയിരുന്നു പണി. പാവം ക്ഷീണിച്ചു. പൊട്ടും കമ്മലും മാലയും വളയും ഒക്കെ ചാർത്തി. Lipstick ആയപ്പോഴേക്കും കൊച്ചു charge ആയി. അപ്പൊ അടുത്ത പ്രശനം മൂക്കൂത്തി ഇല്ലല്ലോ എന്ന്. Innovation at its peak ൽ നിന്ന സമയം ആയതു കൊണ്ട് ‘അമ്മ അവൾക്കു നല്ല ഒരു കല്ല് വെച്ച പൊട്ടു കൊണ്ട് മൂക്ക് കുത്തിയിട്ടു. നല്ല ഒരുഗ്രൻ UP കുൽസ്ത്രീ അങ്ങനെ എന്റെ മുന്നിൽ അവതരിച്ചു.

 

pic1

അപ്പോഴേക്കും പ്രിയതമൻ മീറ്റിംഗ് ഒക്കെ തീർന്നു നട  തുറന്നു. അഞ്ചു മിനിറ്റിൽ കുളിച്ചെന്നു വരുത്തി, ദോശ തിന്നു എന്ന്  വരുത്തി കുലസ്ത്രീയെയും കൂട്ടി ഞങ്ങൾ ഇറങ്ങി. താഴെ എത്തി ഫോട്ടോ എടുക്കാൻ നിർത്തിയപ്പോൾ എനിക്കൊരു സംശയം ഇവളുട ആ വേഷം  കണ്ടിട്ട് ഒരു ഭൂകമ്പ ദുരിതാശ്വാസ ലുക്ക് ഉണ്ടോന്നു. പിന്നെ ഞാൻ തന്നെ ആണല്ലോ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് എന്നോർത്തപ്പോൾ ആരോടും മിണ്ടണ്ട ഈ സംശയം എന്ന് തീരുമാനിച്ചു. അങ്ങനെ വിജയകരമായി കൊച്ചിനെ സ്കൂളിൽ കൊണ്ട് സമർപ്പിച്ചു. കൊച്ചു സാരിക്കാരി ക്ലാസ്സിലേക്ക് നടന്നു കയറിയപ്പോൾ, കാന്തി മാം ന്റെ കണ്ണുകളിൽ സ്നേഹത്തിളക്കം, മറ്റനേകം കുഞ്ഞിക്കണ്ണുകളിൽ വിസ്മയം. ഓ…നിവേദിതാ , see ..നിവേദിതാ ..എന്ന് അലയൊലികൾ.

 

pic3

അങ്ങനെ ആ സംരംഭം വലിയ പരിക്കുകൾ ഇല്ലാതെ വിജയകരമായി പര്യവസാനിപ്പിച്ചു പ്രിയതമ അടുത്ത് കണ്ട ഒരു ബസ് ൽ  ചാടിക്കയറി ഓഫീസിലേക്ക്.. സ്കൂളിൽ നിന്ന്  പ്രോഗ്രാം കണ്ട പ്രിയതമൻ കുഞ്ഞിപ്പെണ്ണിന്റെ Ramp walk വീഡിയോ അയച്ചു തന്നു. കുഞ്ഞി  പെണ്ണ് നല്ല ഉഗ്രനായി അരയിൽ കയ്യൊക്കെ കുത്തി സാരിയും ഉടുത്തു catwalk ചെയ്യുന്നു. തിരിഞ്ഞു നടക്കാൻ ഒരുങ്ങിയിട്ടു പെട്ടന്ന് ഓർത്തു സദസ്സിനു Flying കിസ്സും സമ്മാനിച്ച് കുണുങ്ങി കുണുങ്ങി നടന്നു പോകുന്നു.. അങ്ങനെ എല്ലാം ശുഭം.

ഇതല്ല ഇതിനപ്പുറം ചാടികടന്നവനാണീ KK Joseph എന്ന മട്ടിൽ പ്രിയതമ ടീം ലഞ്ച് ഒക്കെ കഴിച്ചു  വൈകിട്ട് വീട്ടിലേക്കു..

പ്രളയവഴികളിലൂടെ 


 

ഇതിനു തൊട്ടു മുൻപത്തെ പോസ്റ്റ് ഇടുമ്പോൾ നാട്ടിൽ മഴ താണ്ഡവം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം കേരളത്തെ കാത്തിരുന്നത് എന്താണെന്ന് നമ്മളോരോരുത്തരും അരികത്തും  അകലത്തും  ഇരുന്നു അറിഞ്ഞതേയുള്ളു. കടന്നു പോയ നിമിഷങ്ങൾ, ദിവസങ്ങൾ ഇപ്പോഴും ഒരു ഞെട്ടലോടെയേ ഓർക്കാൻ കഴിയുന്നുള്ളു. ഒന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലേക്ക് ദയാരഹിതമായി ഉയർന്നു കയറുന്ന പ്രളയജലം സ്വപ്നം കണ്ടു ഞാൻ ഇപ്പോഴും ഞെട്ടി ഉണരുന്നുണ്ട് ചിലരാത്രികളിൽ.  അത് അകലത്തിരുന്നു ഞാൻ കേട്ട കഥകളുടെ അനുരണനം മാത്രം ആണ്. അപ്പോൾ ആ നിമിഷങ്ങളിലൂടെ നാല് ദിവസം കടന്നു പോയ എന്റെ പ്രിയപ്പെട്ടവരുടെ നഷ്ടപ്പെട്ട ഉറക്കം ഇനി എന്ന് തിരികെ ലഭിക്കും എന്നറിയില്ലല്ലോ..ചരിത്രത്തിന്റെ താളുകളിൽ ചുവന്ന അക്ഷരങ്ങളാൽ അടയാളപ്പെടുത്താൻ പാകത്തിനുള്ള ഒരു പ്രളയത്തിന് ആണ് നമ്മൾ സാക്ഷികൾ ആയതെന്നു ഓർക്കുമ്പോൾ ഇനിയും തീരാത്ത ഞെട്ടൽ. അതിജീവനത്തിന്റെ എത്ര കഥകൾ നമുക്ക് നമ്മുടെ അടുത്ത തലമുറകൾക്കു കൈമാറാൻ ഉണ്ടാവും.

 

flood in othera

ദുരന്തങ്ങളുടെ വാർത്തകൾ കാണുമ്പോൾ വായിക്കുമ്പോൾ ഇതൊന്നും ഒരിക്കലും നമ്മളെ, നമ്മുടെ പ്രിയപ്പെട്ടവരേ ഒരിക്കലും ബാധിക്കില്ല എന്നൊരു മൂഢസ്വർഗ്ഗത്തിൽ ആയിരുന്നു എന്നും. ഇന്നിപ്പോൾ ആ perception മാറിയിരിക്കുന്നു. ഒന്ന് ഇരുട്ടി വെളുക്കുമ്പോൾ ആർക്കും എന്തും സംഭവിക്കാം എന്നും, മനുഷ്യർ നിസ്സഹായർ മാത്രമായി നോക്കി നിൽക്കാനാവുന്ന പ്രകൃതി ദുരന്തങ്ങൾ ഇനിയും നമ്മളെ തേടിയെത്താം എന്നൊരു കയ്ക്കുന്ന നേരിന്റെ നേരെ ആണ് നമ്മളോരോരുത്തരും കണ്ണ് തുറന്നതു.

ഓതറയിലെ പ്രിയപ്പെട്ടവർ പ്രളയത്തിൽ ഒറ്റപ്പെട്ട വീടിന്റെ മുകൾ നിലയിൽ കുടുങ്ങിയ നാളുകൾ അടുത്ത കാലത്തെങ്ങും മനസ്സിൽ നിന്ന് മായുമെന്നു തോന്നുന്നില്ല. അവധിക്കാലം ആഘോഷിക്കാൻ കുട്ടികൾക്കൊപ്പം നാട്ടിൽ എത്തിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ ഓർത്തു ഞാൻ തിന്ന തീ അടുത്ത കാലത്തെങ്ങും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല. അവർ ഒക്കെ  ആ ദുരിത പർവ്വം താണ്ടി എത്തേണ്ടിടത്തു എത്തി എന്നറിയുമ്പോൾ ഒരു സമാധാനം ഉണ്ട് ഇപ്പോൾ. എങ്കിലും മറക്കാൻ കഴിയുന്നില്ല ആ ദിനങ്ങൾ.

കൊടുകുളഞ്ഞിയിലെ എന്റെ വീട്ടിലും ചരിത്രത്തിൽ ആദ്യമായി  വെള്ളം കയറിയിരുന്നു.

flood kdklnji

പ്രളയം എടുത്തു കൊണ്ട് പോയതിൽ ഏറ്റവും വിലപ്പെട്ടത് ഞങ്ങൾ മൂന്ന് സഹോദരിമാരുടെയും വിവാഹ ആൽബങ്ങൾ ആയിരുന്നു. പ്രളയത്തിന്റെ തിരുശേഷിപ്പായി നിറങ്ങൾ പടർന്നിറങ്ങിയ ആൽബങ്ങൾ. ആൽബത്തിലെ ചിത്രങ്ങൾ അല്ലെ കവർന്നെടുക്കാനാവു..മനസ്സിലെ ചിത്രങ്ങൾ ഒരു പ്രളയത്തിനും മായ്ക്കാനാവില്ലല്ലോ എന്ന് ഞങ്ങൾ വെല്ലു വിളിച്ചു.

 

pic2

പ്രളയം കടന്നു പോയ വഴികളിലേക്ക് ഞങ്ങൾ ഒന്ന് പോയി വന്നു. എല്ലാവരും നിരുത്സാഹപ്പെടുത്തിയിരുന്നു ഈ സമയത്തു നാട്ടിലേക്കൊരു യാത്രയെ. എങ്കിലും പ്രിയപ്പെട്ടവരേ എല്ലാം ഒന്ന് കാണുവാൻ ഉള്ള കൊതി കാരണം ഞങ്ങൾ അധികം ഒന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെട്ടു.ഓതറയും, ആറന്മുള, കോഴഞ്ചേരി വഴികളും ഒക്കെ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ആണ്. ഉലഞ്ഞു നിൽക്കുന്ന വലിയ മരങ്ങൾ, ചേറു കയറിയ വീടുകൾ- (വലുതെന്നും ചെറുതെന്നും യാതൊരു ഭേദവുമില്ലാതെ,) വീട്ടിലെ സാധനങ്ങൾ റോഡിലിട്ട് കഴുകി ഉണക്കി എടുക്കാൻ ശ്രമിക്കുന്ന നിസ്സഹായ മനുഷ്യർ. കാഴ്ചകൾ വേദനിപ്പിക്കുന്നതായിരുന്നു. എങ്കിലും അതിജീവനത്തിന്റെ ആ ഒരു ഫീൽ അവിടെ കിട്ടുന്നുണ്ടായിരുന്നു. തെളിഞ്ഞു കത്തിത്തുടങ്ങിയ സൂര്യൻ, തുറന്നിരിക്കുന്ന കടകൾ, നിറഞ്ഞിരിക്കുന്ന പച്ചക്കറി കൂടകൾ, തിരക്കേറുന്ന തുണിക്കടകൾ ഒക്കെ അതിന്റെ പ്രതിഫലനം ആയിരുന്നു.

August 16 മുതൽ 19 വരെയുള്ള ആ ദിനങ്ങളിലൂടെ ഒരിക്കൽ കൂടി ഒന്ന് പോയി വന്നാൽ  നന്മയുള്ള, സ്നേഹം നിറഞ്ഞ കുറെ ഓർമ്മകൾ കൂടി ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. ഉള്ളൊന്നു പിടച്ചാൽ കൈത്താങ്ങു ആവാൻ ഒരുപാട് പേരുണ്ടാവും എന്ന് .ഓതറയിലെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഞാനിട്ട FB പോസ്റ്റിനു മണിക്കൂറുകൾക്കകം ലഭിച്ച നൂറുകണക്കിന് shares, അതിനു താഴെ വന്ന അന്വേഷണങ്ങൾ, സഹായഹസ്തങ്ങൾ, ഒന്നും മറക്കില്ലൊരിക്കലും. അങ്ങ് ചെന്നൈയിൽ ഇരുന്നു കൊണ്ട് തന്നെ കൊണ്ട് ആവും വിധം എല്ലാം പ്രളയബാധിതർക്കു സഹായവുമായി ഇറങ്ങിയ എന്റെ അമ്പിളി, കിട്ടുന്ന നമ്പരുകളിൽ എല്ലാം വിളിച്ചു സഹായം അഭ്യർത്ഥിച്ചു അവരെ രക്ഷപെടുത്താൻ അമ്പിളി മുന്നിലുണ്ടായിരുന്നു. വെള്ളം ഇറങ്ങി തുടങ്ങിയപ്പോൾ ഇനി അവിടെ തന്നെ ഇരുന്നോളാം എന്ന് തീരുമാനിച്ചവരെ ” ചേച്ചി ഞാൻ forceful evacuation ചെയ്യാൻ പറയട്ടെ , ഞാൻ ആരുടേം സമ്മതം ഒന്നും ചോദിക്കുന്നില്ല” എന്ന് ഒരു കളക്ടറുടെ ആർജവത്തോടെ പറഞ്ഞു  ആത്മാർഥത കൊണ്ട് എന്നെ വിസ്മയിപ്പിച്ച അനിയത്തി ആരതി, ഹെലികോപ്റ്റർ റെസ്ക്യൂ വന്നാൽ 90 വയസ്സുള്ള അപ്പൂപ്പനെ എങ്ങനെ.. എന്ന എന്റെ ആശങ്കയെ 105 വയസ്സുള്ള ഒരു അമ്മൂമ്മയെ ‘പുഷ്പം പോലെ’ ഹെലികോപ്റ്റർ റെസ്ക്യൂ ചെയ്തതിന്റെ ചിത്രങ്ങൾ അയച്ചു തന്നു എന്റെ ആശങ്കയെ അലിയിച്ചു കളഞ്ഞ എന്റെ ജിഷ, എന്റെ പ്രിയപ്പെട്ടവർ അവളുടെയും പ്രിയപ്പെട്ടവർ ആയി കരുതി മുട്ടാവുന്ന വാതിലുകളിൽ എല്ലാം മുട്ടിയ എന്റെ ശ്രീജ, സ്വന്തം അച്ഛനും അമ്മയും അപ്പൂപ്പനും അവിടെ പ്രളയത്തിൽ കുടുങ്ങി കിടന്നപ്പോൾ കോയമ്പത്തൂർ ഇരുന്ന്  അവസാന നിമിഷം വരെ തളരാതെഎല്ലാം coordinate ചെയ്തിട്ട് ഒരുനിമിഷം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ ഞങ്ങളുടെ അനുജൻ അച്ചു, പ്രിയപ്പെട്ടവരെ  രക്ഷിക്കാൻ നെടുംതൂണായി നിന്ന മഞ്ജു ചേച്ചി,  Neatherlandes ൽ ഇരുന്നു ഇടതടവില്ലാതെ ഫോൺ കോൺഫറൻസ് ചെയ്തു ഏതൊക്കെ വഴികൾ ഉണ്ടോ അതെല്ലാം തേടിയ അരവിന്ദൻ ചേട്ടൻ, രാത്രി 12 മണിക്ക് control റൂം എന്ന് കരുതി വിളിച്ചപ്പോൾ അവിചാരിതമായി  ഫോൺൽ കിട്ടിയ ബന്ധു ഹരിക്കുട്ടൻ , ഇതൊക്കെ ഈ പ്രളയം തന്ന ദീപ്തമായ ഓർമ്മ ചിത്രങ്ങൾ ആണ്.   പല ദിക്കുകളിൽ ആയിരുന്നു എല്ലാവരും, ദൂരം ഒരുപാടുണ്ടായിരുന്നു. എങ്കിലും മനസ്സുകൾ എല്ലാം വളരെ അടുത്തായിരുന്നു. ഏതു ദുരന്തവും ദുരിതകാലവും താണ്ടാൻ ആ ഒരു ഓർമ്മ മാത്രം മതിയല്ലോ നമുക്കൊക്കെ..