Archive for March, 2017

എൻറെ അച്ഛൻ


 പെൺകുട്ടികളുടെ ആദ്യത്തെ ഹീറോ അച്ഛനാണ് എന്ന്    പറഞ്ഞു കേൾക്കാറുണ്ട്..ഞാൻ പണ്ടൊന്നും അത് അത്ര വിശ്വസിച്ചിരുന്നില്ല. പക്ഷെ അതിൽ കുറച്ചു സത്യം ഉണ്ട്.

അച്ഛൻ  എന്നാൽ ചെറുതിലെ എനിക്ക് ശനിയാഴ്ചകളിൽ രാവിലെ എത്തുന്ന അതിഥി ആയിരുന്നു. ബാഗിൽ നിറയെ  കപ്പലണ്ടി മുട്ടായിയും, നാവിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന തിരുനെൽവേലി ഹൽവയും, മുറുക്കും, നാവിൽ കൊതിയൂറിക്കുന്ന പാൽ  ഖോവയും കൊണ്ട് ശനിയായാഴ്ച വരികയും, ഞായറാഴ്ച്ച വൈകുന്നേരം ദൂരദർശൻ സിനിമ  സംപ്രേക്ഷണം ചെയ്യുമ്പോൾ തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്യുന്ന അതിഥി. അന്ന് കൊച്ചുവെളുപ്പാൻ കാലത്തെ എണീറ്റു പടിക്കലേക്കു കണ്ണും മിഴിച്ചിരിക്കുന്ന പെറ്റിക്കോട്ടുകാരി കൊച്ചു പെൺകുട്ടിയെ എനിക്ക് ഇപ്പോഴും കാണാം..വരുമ്പോഴേ ബാഗ് തുറന്നു ഈ ഐറ്റംസ് എല്ലാം കാണുന്നത് വരെ ഒരു അക്ഷമ ആണ് ഞങ്ങൾക്ക്. ഈ മധുരപലഹാരങ്ങൾക്കു പുറമെ മാസികകളും കാണും അച്ഛന്റെ ബാഗിൽ. അങ്ങനെ അക്ഷരങ്ങളുടെ/ വായനയുടെ  ലോകത്തിലേക്കുള്ള ഞങ്ങളുടെ ആദ്യത്തെ പിച്ച വെയ്പ്പ് അവിടെ നിന്നായിരുന്നു. ഇന്നും എവിടെ എങ്കിലും ബുക്ക് സ്റ്റാളിൽ കണ്ടാൽ, കയറാൻ പ്രേരിപ്പിക്കുന്ന ആ ഒരു drive വന്നത് അവിടെ നിന്നായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
ചില typical സിനിമകളിൽ കാണുന്നത് പോലെ അച്ഛൻ ഞങ്ങൾക്ക് കൂട്ടുകാരൻ ഒന്നും അല്ലായിരുന്നു. പക്ഷെ വഴക്കു പറയുന്ന, സ്വാതന്ത്ര്യം തരാതെ  മക്കളെ വളർത്തുന്ന ഒരു old  generation  അച്ഛനും ആയിരുന്നില്ല എന്റെ അച്ഛൻ. ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങൾക്കറിയാമായിരുന്നു അച്ഛന് എന്താവും ഇഷ്ടമാകുന്നത്  എന്നും എന്താവും ഇഷ്ടമാകാത്തതു എന്നും. ഒരു പക്ഷെ അതാവും ഞങ്ങളെ  രൂപപ്പെടുത്തി എടുത്തതും. പറയാതെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന വണ്ണം ഒരു telepathy ഞങ്ങൾ അച്ഛനും മക്കൾക്കും ഇടയിൽ work ചെയ്തിരുന്നത് പോലെ..ഇന്നും അമ്മയെ വിളിക്കുന്നത് പോലെ എല്ലാ ദിവസവും ഒന്നും ഞങ്ങൾ മൂന്നു പേരും അച്ഛനെ വിളിക്കാറില്ല. അച്ചൻ ഇങ്ങോട്ടും വിളിക്കാറില്ല. പക്ഷെ അങ്ങനെ ഇരുന്നു ഇരുന്നു ഒരു 3 മാസം കൂടുമ്പോൾ ഒക്കെ പെട്ടന്ന് ഒന്ന് അച്ഛനോട് ഫോണിൽ സംസാരിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്.. അത് ആസ്വദിക്കാൻ മാത്രം ചിലപ്പോൾ കുറേക്കാലം വിളിക്കാതിരുന്നിട്ടു വിളിക്കും ഞാൻ അച്ഛനെ..അച്ഛനും അത് പോലെ വാത്സല്യം ഒന്നും പ്രകടിപ്പിക്കാറില്ല..ഇടയ്ക്കു ബാംഗ്ലൂർ വരുമ്പോൾ കൊണ്ട് വരുന്ന മാമ്പള്ളി  ബേക്കറിയിലെ ബനാന ഹൽവയായും, ആർക്കും കൊടുക്കാതെ മാറ്റി വെക്കുന്ന മാതൃഭൂമി ഓണപ്പതിപ്പായും, ‘നിനക്ക് കലാകൗമുദിയോ, മാതൃഭൂമിയെ, മലയാളം വാരികയോ subscribe ചെയ്തു തരട്ടെ’ എന്ന ചോദ്യമായോ ഒക്കെ ആണ് പലപ്പോഴും  അച്ഛൻ അച്ഛന്റെ വാത്സല്യത്തെ അടയാളപ്പെടുത്തുന്നത്
Achen
‘Happily Living in the present’ എന്നതാണ് അച്ഛന്റെ പോളിസി. ഇന്നിപ്പോൾ retirement  ഒക്കെ കഴിഞ്ഞു അമ്പലവും വീടും ഒക്കെയായി കഴിയുമ്പോഴും ജീവിതത്തിന്റെ ആ മധുരം അച്ഛൻ ആസ്വദിക്കുന്നുണ്ട്.. പക്ഷെ ഒന്നുണ്ട് ഇങ്ങനെയൊരു present യിലേക്ക് എത്താനുള്ള കാരണം അച്ഛന്റെ ജീവിതത്തിലെ ശരിയായ തീരുമാനങ്ങൾ ആയിരുന്നു…വേണം എന്നോ  വേണ്ട എന്നോ രണ്ടു തെരഞ്ഞെടുപ്പുകൾക്കിടയിലെ ഒരു ഞാണിന്മേൽ കളിയാണ് ജീവിതം. അതിൽ വേണ്ട  എന്നത് തെരഞ്ഞെടുക്കാൻ ആണ് ഏറ്റവും പ്രയാസം കുറവ്.  അമ്പലവും, സ്വത്തും ഒക്കെയുള്ള ചിറമുഖത്തു ഇല്ലത്തെ ആൺ തരിക്കു അമ്പലവും വീടും മാത്രം പോര  നിറയെ വിദ്യാഭ്യാസവും, നല്ല ജോലിയും വേണം എന്നുള്ള ആ ചിന്തയ്ക്ക്  എന്റെ ആദ്യത്തെ സല്യൂട്ട് . MA  English  ചെയ്യാൻ സാഗറിലേക്കു  വണ്ടി കയറിയ ആ തീരുമാനത്തിന്  രണ്ടാമത്തെ സല്യൂട്ട്. പിന്നെ അങ്ങ് തമിഴ് മണ്ണിൽ കോളേജ് അദ്ധ്യാപകൻ ആയി ജോലി കിട്ടിയപ്പോ ഒന്നും ആലോചിക്കാതെ അവിടെ കഷ്ടപ്പാടാകും എന്ന് കരുതി പിന്തിരിയാതെ പോയി ജോലിക്കു ചേർന്നതിന്  മൂന്നാമത്തെ സല്യൂട്ട്. പാതിവഴിയിൽ പിന്തിരിഞ്ഞു വന്നാലും ആരും ഒന്നും പറയുമായിരുന്നില്ല.പക്ഷെ സ്വയം തോന്നുന്ന ആ ഉത്തരവാദിത്വം ആണ് അച്ഛനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. വിദ്യാഭ്യാസമുള്ള, ജോലികിട്ടാൻ സാധ്യത ഉള്ള ഒരു പെണ്ണിനെ മാത്രമേ വിവാഹം കഴിക്കു എന്ന് ഉറച്ച തീരുമാനത്തിന് അടുത്ത സല്യൂട്ട്. പിന്നെ 28  വര്ഷം തമിഴ് നാടിന്റെ കൊടും ചൂടും ഏകാന്തതയും, പ്രതികൂല സാഹചര്യങ്ങളും സഹിച്ചു ജോലി ചെയ്ത ആ endurance നു അടുത്ത സല്യൂട്ട്. അതിനൊപ്പം ഇങ്ങു സ്വന്തം കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ, അമ്പലത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ, ഉത്സവം എല്ലാം അച്ഛൻ ഭംഗിയായി നിർവഹിച്ചു കൊണ്ടിരുന്നു  , (അതിൽ അമ്മക്കുള്ള പങ്കു ശിവന് ശക്തി എന്നത്  പോലെയും, അർജ്ജുനന് കൃഷ്ണൻ എന്നത് പോലെയും  എത്രത്തോളം വലുതായിരുന്നു എന്നതും സത്യമാണ്).
28 വർഷത്തെ പരദേശവാസത്തിനു ശേഷം മടങ്ങി വന്ന് അമ്പലത്തിന്റെ ഡ്യൂട്ടി ഏറ്റെടുക്കുമ്പോൾ പിന്നീട് വന്നത് പ്രതിസന്ധികളുടെ പെരുമഴക്കാലം. തളർന്നു വീഴും എന്ന് തോന്നിയിടത്തു നിന്നൊക്കെ അച്ഛൻ കൂടുതൽ കരുത്തനായി എഴുന്നേറ്റു..അച്ഛൻ എനിക്ക് role model ആയതു അന്ന് മുതൽക്കു ആയിരുന്നു. പ്രതിസന്ധികളിൽ തളർന്നു പോകാതെ പൊരുതി നിൽക്കുന്നവരോട് എനിക്ക് ഒരിക്കലും തീരാത്ത ബഹുമാനമാണ്..പിന്തിരിയാൻ എളുപ്പമാണ്, പൊരുതി നിൽക്കാനാണ് പ്രയാസം..അവരാണ് യഥാർഥ വിജയികൾ.
അച്ഛന് അഭിമാനം തോന്നുന്ന മകൾ ആകാൻ ആണ് എനിക്ക് ഇഷ്ടം..അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും..എനിക്ക് വളരെ ഇഷ്ടമുള്ള വരികളാണിത്
‘On the darkest days, when I feel inadequate, unloved and unworthy, I remember whose daughter I am and I straighten my crown’.
ആ വരികൾ ഞാൻ ഇങ്ങനെ തിരുത്തുന്നു..ചെറിയ ചെറിയ പ്രതിസന്ധികൾ വരുമ്പോൾ, പരീക്ഷണങ്ങൾ വരുമ്പോൾ ഞാൻ ഓർക്കും ആരുടെ മകൾ ആണ് ഞാനെന്ന് ..അതെനിക്ക് തരുന്നത് ജീവിതത്തിൽ എന്തിനെയും അതിജീവിച്ചു മുന്നേറാനുള്ള കരുത്താണ് ..ഒരു അച്ഛന് മകൾക്കു നൽകാവുന്നതിൽ ഏറ്റവും മികച്ച സമ്മാനമാണ് ആ ഒരു ചിന്ത.