Archive for September, 2011

“ബ്ലെസ്സിയുടെ പ്രണയം “


പ്രണയം കണ്ടു..പ്രണയം എന്ന വാക്കിന്‍റെ അര്‍ത്ഥവും അര്‍ത്ഥന്തരങ്ങളും വളരെ മനോഹരമായി തന്നെ നിര്‍വചിച്ചിട്ടുള്ള ഒരു സിനിമ. തൂവാനതുമ്പികള്‍ ആയിരുന്നു മുന്‍പ് ഇത് പോലെ പ്രണയം നന്നായി വരച്ചിട്ടിരുന്ന ഒരു ചിത്രം. ഒരു പക്ഷെ പദ്മരാജന്‍ ന്റെ കളരിയില്‍ നിന്നു ഇറങ്ങിയത്‌ കൊണ്ടാവും ബ്ലെസ്സിയുടെ  പ്രണയത്തിനും ഇത്ര ചാരുത. സിനിമ തീര്‍ന്നപ്പോള്‍ വെള്ളിത്തിരയില്‍ ഉടക്കി നിന്ന മനസ്സിനെ അടര്‍ത്തി എടുത്തു  കൊണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഉള്ളില്‍ അപ്പോള്‍ പ്രണയത്തിന്റെ ചെറിയ ചെറിയ ചാറ്റല്‍ മഴകള്‍..

വളരെ സൂക്ഷ്മതയോടെയും ,കയ്യടക്കതോടെയും ഉള്ള സംവിധാനം ആണെന്ന് തോന്നുന്നു പ്രണയത്തിനെ തീവ്രമായ ഒരു കാഴ്ചാനുഭവം ആക്കി മാറ്റിയത്. അശ്രദ്ധമായ ഒരു ഫ്രെയിം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ പാളി പോകാമായിരുന്ന വളരെ sensitive ആയ ഒരു പ്രമേയം. ” ഭാര്യയും ഭര്‍ത്താവും, മുന്‍ ഭര്‍ത്താവും അവിചാരിതമായി കണ്ടു മുട്ടുന്നു, ഒരുമിച്ചു ഒരു യാത്ര പോകുന്നു, എന്ന ഒരു one liner നെ ഏതൊരു കാഴ്ച്ചക്കരന്റെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ വന്നു തൊടതക്കവണ്ണം present ചെയ്യാന്‍ കഴിഞ്ഞു എന്നയിടതാണ് പ്രണയം എന്ന സിനിമ വിജയിക്കുന്നത്. നാടകീയമായ dialogues ഇല്ലാ, ഏച്ചു കേട്ടലുകള്‍ ഇല്ലാ, മുഴച്ചു നില്‍ക്കലുകള്‍ ഇല്ലാ, ഓരോന്നും അതിന്‍റെ പാകത്തിന് ഉണ്ട് താനം. ഓരോ കഥാപാത്രത്തിന്റെയും വീക്ഷണ കോണില്‍ നിന്നും കാര്യങ്ങള്‍ കാണാനും ചിന്തിക്കാനും പ്രേക്ഷകന് ഇടം കൊടുക്കുന്നുണ്ട് ഈ സിനിമ. പ്രേക്ഷക മനസ്സിനോട് നന്നായി സംവദിക്കുന്ന ഒരു സിനിമ.

മോഹന്‍ ലാല്‍ എന്ന താരമോ, നടനോ അല്ല മാത്യൂസ് എന്ന മനുഷ്യനെ മാത്രം ഈ സിനിമ നമുക്ക് മുന്നില്‍ കാട്ടി തരുന്നു. പ്രണയം എന്ന വികാരം ഇത്രമേല്‍ തീവ്രമായി അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള മറ്റൊരു നടന്‍ ഇല്ലാ എന്ന ലാല്‍ ഈ ചിത്രത്തിലൂടെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്. അനുപം ഖേറും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ജയപ്രദയുടെ ഭാവ പൂര്‍ണതക്കുറവുകള്‍പോലും സമര്‍ത്ഥമായി മറയ്ക്കപ്പെടുന്നു മാത്യൂസ് ന്‍റെ അഭിനയതികവില്‍. മലയാള സിനിമ ഇനിയും പൂര്‍ണ്ണമായി ഉപയോഗിച്ചിട്ടില്ലാത്ത ഒരു നടനായ അനൂപ്‌ മേനോന്റെ കഥാപാത്രവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്.

പ്രണയതോടുള്ള  വളരെ ധീരമായ ഒരു സമീപനം ആണീ ചിത്രം മുന്നോട്ടു വെയ്ക്കുന്നത്. പൊതു സമൂഹത്തിന്റെ മാനദണ്ടങ്ങളെ, ചട്ടങ്ങളെ ഒക്കെ നിശബ്ദമായി വെല്ലു വിളിക്കുന്നുണ്ട് ക്ലൈമാക്സ്‌ ന് മുന്‍പ് വരെ ഈ ചിത്രം. പക്ഷെ ഒടുവില്‍ ക്ലൈമാക്സ്‌ ഒരു ഒതുക്കി തീര്‍ക്കലിലേക്ക് തന്നെ വന്നെത്തുന്നു. സമൂഹത്തിന്റെ ഇടപെടലുകളില്‍ നിന്നു, ചോദ്യ ചിഹ്നങ്ങളില്‍ നിന്നും സമര്‍ത്ഥമായ ഒരു മോചനം തന്നെ കൊടുത്തു നായികയെ സംവിധായകന്‍ രക്ഷിച്ചെ ടുത്തു .! ഇങ്ങനെയാകുമ്പോള്‍ സമൂഹത്തിനും നെറ്റി ച്ചുളിയില്ലല്ലോ..!!അവിടെ മാത്രം ബ്ലെസി compromise ചെയ്തു എന്നൊരു തോന്നല്‍.

ഇത്ര നാളും എനിക്ക് ബ്ലെസി ചിത്രങ്ങളോട് എനിക്ക് ഉണ്ടായിരുന്ന ഒരു aversion പ്രണയം കണ്ടതോട്‌ തല്ക്കാലം നീങ്ങി. കാഴ്ചയും തന്മാത്രയും പളുങ്കും, കല്‍ക്കട്ട ന്യൂസ്‌ ഉം സമ്മാനിച്ചത്‌ പോലെയുള്ള ഒരു “emotional black മെയിലിംഗ്” ഇല്ലായിരുന്നു ഈ ചിത്രത്തില്‍. മറിച്ച്  , മനസ്സിന്‍റെ ആഴങ്ങളില്‍ എവിടെയോ ഒരു കണ്ണുനീര്‍ത്തുള്ളി കുടഞ്ഞു പോയ മേഘക്കീറ് പോലെ പ്രണയം മനസ്സില്‍ ബാക്കി നില്‍ക്കുന്നു..

NB: second ഷോ തീരാന്‍ ഒരു 10 – 15 മിനുട്ടുകള്‍ മുന്‍പേ വരെ എന്‍റെ പ്രിയ പുത്രി ഇരുന്നു ഈ സിനിമ കണ്ടു. എന്തെങ്കിലും മനസ്സിലായോ എന്നറിയില്ല.. തുടക്കത്തില്‍ അനുപം ഖേരിനെ തനിച്ച് കണ്ടപ്പോഴെ അന്വേഷണം വന്നു ” ഈ അപ്പൂപ്പന്റെ അമ്മൂമ്മ എന്തിയെ…?” ഒടുവില്‍ അപ്പൂപ്പന്മാരും അമ്മൂമ്മയും ബീച്ചില്‍ എത്തിയപ്പോള്‍ നവമിടെ കമന്റ്‌ ഇപ്പൊ രണ്ടു അപ്പൂപ്പനും ഒരു അമ്മൂമ്മയും മാത്രം ഉണ്ടല്ലോ…? (ത്രികോണ പ്രണയ കഥ അത്ര ക്ക് ദഹിച്ചില്ല എന്ന് തോന്നുന്നു!!!)

സിനിമ കാണാന്‍ കയറുന്നതിനു മുന്‍പ്  ഒറ്റ demand മാത്രം അവള്‍ വെച്ചു ,
 അച്ഛാ ” current bill “ആകുമ്പോ എനിക്ക് pop corn മേടിച്ചു തരണേ എന്ന്..
interval എന്നതിന്‍റെ ” നവമി ഭാഷ്യം ” ആണ് കറന്റ്‌ ബില്‍ എന്നത് സമഗ്രമായ ഒരു അന്വേഷണത്തിലൂടെ ആണ് ഞങ്ങള്‍ക്ക് വ്യക്തമായത് !!

“കൊച്ചു വലിയ വര്‍ത്തമാനങ്ങള്‍ “


ഒന്നാമതെ വിഷമിച്ചിരിക്കുന്ന ഒരാള്‍ക്ക്  ‘മിസ്റ്റര്‍’  വേണം എന്ന് പറയുമ്പോ വഴക്ക് പറയാമോ????

ആരാണാവോ ഈ ” ഒന്നാമതെ വിഷമിച്ചിരിക്കുന്ന ആള്‍?”
“ഞാന്‍ തന്നെ…”

നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല..

ഇത് ഇന്നലെ രാത്രി രണ്ടു പേര്‍ തമ്മില്‍ ഉണ്ടായ സംഭാഷണ ശകലം ആയിരുന്നു. രണ്ടാമത്തെയാള്‍ ഞാന്‍ ആണ്. ആദ്യത്തെയാള്‍ , കഴിഞ്ഞ  മൂന്നു  വര്‍ഷങ്ങളായി ഊണിലും ഉറക്കത്തിലും എന്‍റെ നിഴലായി കൂടെ ക്കൂടിയ ഒരാള്‍ ആണ്..

മറ്റാരുമല്ല ഓമനപ്പുത്രി തന്നെ കഥാനായിക.
രാത്രി ഒന്‍പതു മണിക്ക് മിക്സ്ചര്‍ വേണം എന്ന് വാശി പിടിച്ചപ്പോള്‍ ഞാന്‍ കൊടുത്തില്ല എന്ന് മാത്രമല്ല ഒന്നു വഴക്കും പറഞ്ഞു പോയി..

ആദ്യം ഭീഷണി മുഴക്കി ” തന്നില്ലേല്‍ ഞാന്‍ അമ്മയെ അടിക്കും, പിച്ചും, മാന്തും, കടിക്കും എന്നൊക്കെ”

എന്നിട്ടും ഫലം കാണഞ്ഞപ്പോള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന എന്‍റെ മുഖം പിടിച്ച് അവളുടെ നേര്‍ക്ക്‌ തിരിച്ചിട്ട്, ഇടത്തെ പുരികംതെല്ലൊന്നു  വളച്ചിട്ടു ഒരു ചോദ്യം…(അതാണ്‌ ആദ്യം കൊടുത്തിരിക്കുന്നത്‌!!)

എന്താണ് വിഷമ കാരണം എന്ന് ചോദിച്ചിട്ട് എനിക്ക് വ്യക്തമായ ഉത്തരം കിട്ടിയില്ല..(ദൈവമെ ഇത്ര ചെറുതിലെ “അസ്തിത്വ ദുഃഖം” വല്ലതും പിടിപെട്ടത്‌ ആകുമോ? )

പണ്ട് ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലെ “കുട്ടി Pre KG യില്‍  ആണ് പഠിക്കുന്നതെങ്കിലും നാക്ക് MCJ ക്ക് ആണോന്നു ഒരു സംശയം!!!”

കുറച്ചു ദിവസം നാട്ടില്‍ പോയിട്ട് വന്നപ്പോള്‍ ആകെ ‘ഇടങ്ങേര്‍’ ആണ് കക്ഷി. പരോള്‍ കഴിഞ്ഞു  ജയില്‍ ഇല്‍ തിരിച്ചെത്തിയ പ്രതിയെ പോലെ ആകെ ഒരു വീര്‍പ്പുമുട്ടല്‍..സ്കൂള്‍ മാത്രം ആണ് ആള്‍ക്ക് ഏക ആശ്രയം. അതു കൊണ്ട് സന്തോഷിച്ച് തുള്ളിച്ചാടി ആണ് അങ്ങോട്ടുള്ള പോക്ക്..ഇനി അടുത്തയാഴ്ച എക്സാം അന്നെന്നു കേള്‍ക്കുന്നു. 4 ദിവസത്തെ  ടൈം ടേബിള്‍ ഒക്കെയായി കഴിഞ്ഞ ദിവസം വന്നിട്ടുണ്ട്. എന്ത് പരീക്ഷിക്കാന്‍  ആണാവോ ? ടീച്ചര്‍ ന് എന്തായാലും പരീക്ഷണ കാലഘട്ടം  തന്നെ..!

“ജനുവരി, ഫെബ്രുവരി ….”ഒക്കെ ഇരുന്നു നീട്ടിപ്പിടിച്ചു ജപിച്ചു revise ചെയ്യുന്നത് കേട്ടു അവള്‍. ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് പറഞ്ഞു തന്നു.

കൂട്ടത്തില്‍ ഒന്നു കൂടി ചേര്‍ത്തു ” എന്‍റെ ക്ലാസ്സിലെ പ്രീതി ആണെങ്കില്‍ പെപ്പ്രുവരി   ക്ക്  ചെപ്ര്വരി എന്ന് ആണ് പറയുന്നത് എന്ന്” . ഇതും പറഞ്ഞിട്ട് ഭയങ്കര ചിരിയാണ് ആള്‍..!!! “സ്വന്തമായി ആദ്യം ശരിയായി പറയാന്‍ പഠിച്ചിട്ടു പ്രീതിയെ കളിയാക്കെടി” എന്ന് പറയാന്‍ ഞാന്‍ ഒരുങ്ങിയെങ്കിലും വേണ്ട എന്ന് വെച്ചു. അവളുടെ കൊച്ചു കൊച്ചു രസങ്ങള്‍ അവളും പറയട്ടെ..!