Archive for June, 2021

#വിസ്മയ


മൂന്നു പെൺകുട്ടികൾ ഉള്ള വീട്ടിൽ നിന്നാണ് വന്നത്. മൂന്നു പെൺകുട്ടികളുടെ അമ്മയും ആണ്. അതുകൊണ്ടു കൂടിയാവും ഒരു പെൺകുട്ടിയുടെ സങ്കട കഥ കേൾക്കുമ്പോൾ ഇത്രയ്ക്കു വന്നു ഉള്ളുലക്കുന്നതു..Social Media channels നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ ആത്മരോഷം, സങ്കടം, പ്രതിഷേധം ഇതെല്ലം എന്റെ മനസ്സിലും നിറഞ്ഞു കവിയുന്നുണ്ട്. മനസ്സിലാകാത്തത് ഒന്ന് മാത്രം..മനുഷ്യൻ എങ്ങനെ ഇത്ര ക്രൂര ജീവിയാകുന്നു എന്ന്. വിദ്യാഭ്യാസം, ജോലി, civilized society ലെ അംഗത്വം, സാമൂഹിക അംഗീകാരം ഇതെല്ലം ഉള്ളവരാണ് പ്രതിസ്ഥാനത്തു നിൽക്കുന്നത്. എന്നിട്ടും എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ..നമ്മളൊരുപാട് പുരോഗമിച്ചു എന്ന് കേൾക്കുന്നുണ്ട്, പക്ഷെ ഇപ്പോഴും പെണ്ണിനെ, ഭാര്യയെ ബഹുമാനിക്കാൻ..അല്ലെങ്കിൽ പോട്ടെ ബഹുമാനിക്കാൻ മാത്രം വളർന്നില്ലെങ്കിൽ പോകട്ടെ, സഹജീവിയാണെന്നുള്ള പരിഗണന കൊടുക്കാനെങ്കിലും കഴിയാത്തവണ്ണം ഇങ്ങനെയൊക്കെ ചെയ്യുന്നവർ നമുക്ക് ചുറ്റും ഉണ്ടാകുന്നു എന്ന് മനസ്സിലാകുന്നില്ല. അടിച്ചും ചവിട്ടിയും കൊന്നും ഒക്കെ പണം നേടണം എന്ന് എങ്ങനെ ചിന്തിക്കാൻ കഴിയുന്നു എന്നും മനസ്സിലാകുന്നില്ല. (അതും അധോലോകത്തിലൊന്നുമില്ല, ഏറ്റവും സുരക്ഷിതം എന്ന് നമ്മളെല്ലാം കരുതുന്ന വീടിനുള്ളിൽ..)

ഈ ഓളം ഒന്ന് അടങ്ങിക്കഴിയുമ്പോൾ ഇതെല്ലം വീണ്ടും പഴയതു പോലെ തന്നെ ആവും. ഈ ആത്മരോഷ പ്രകടനം നടത്തുന്നവരിൽ ഭൂരിപക്ഷവും ഒരു കല്യാണത്തിന് പോയാൽ ആഭരണം കുറച്ചു കുറഞ്ഞാൽ ” ആ പെങ്കൊച്ചിനു കാര്യമായിട്ടൊന്നും കൊടുത്തില്ല” എന്ന് അഭിപ്രായപ്രകടനം നടത്തുന്നവരല്ലേ..ആഴത്തിൽ വേരുകൾ ആഴ്ന്നു പോയ ദുരാചാരം ആണ്..ഒരു വിസ്മയയുടെ ദുരന്തത്തിനൊന്നും അതിനെ പൊളിച്ചെഴുതാനാകുമെന്നു തോന്നുന്നില്ല. ഉത്രയെ മറന്നത് പോലെ നമ്മളിതും മറക്കും..

അതല്ലെങ്കിൽ ചെയ്യാനാവുന്ന ഒന്നുണ്ട് .. ആൺകുട്ടികൾ ഉള്ള മാതാപിതാക്കൾ അവരുടെ മക്കളെ പഠിപ്പിക്കൂ അന്തസ്സായി സ്വന്തമായി അധ്വാനിച്ചു ജീവിക്കാനും ജോലിചെയ്തു വരുമാനം സമ്പാദിചു ജീവിക്കാനും. . അല്ലാതെ ഒരൊറ്റ പ്രാവശ്യം കണ്ട ഒരു പെണ്ണിന്റെ വീട്ടുകാർ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയും സ്വർണ്ണവും വസ്തുവും കണ്ണ് വെച്ച് കച്ചവടം പോലെ നടത്തേണ്ട ഒന്നല്ല വിവാഹം എന്നത് . ഭാര്യ എന്ന സ്ഥാനത്തേക്കു വരുന്ന പെൺകുട്ടി ബഹുമാനവും സ്നേഹവും അർഹിക്കുന്ന നിങ്ങൾക്കൊപ്പം തന്നെ വ്യക്തിത്വം ഉള്ള ഒരു മനുഷ്യൻ ആണെന്നു.

പെണ്മക്കളുടെ അച്ഛനമ്മമാർ അവരെയും പഠിപ്പിക്കൂ പഠിച്ചു സ്വന്തം കാലിൽ നിന്ന് സാമ്പത്തിക സുരക്ഷിതത്വം നേടാൻ, ബഹുമാനം, സ്നേഹം ഇവ ലഭിക്കാത്ത ബന്ധത്തിൽ നിന്ന് തല ഉയർത്തി തന്നെ ഇറങ്ങിപ്പോകാൻ, അവരെ ഒന്ന് നുള്ളി നോവിക്കാൻ പോലും ആർക്കും അവകാശമില്ല എന്ന് .അങ്ങനെ ആരെങ്കിലും അവരെ physically or mentally abuse ചെയ്താൽ അത് ഒരു നിമിഷം പോലും സഹിക്കേണ്ട കാര്യമില്ല എന്ന്. വിവാഹം എന്നാൽ തുല്യതയുള്ള, സ്നേഹത്താൽ അടിസ്ഥാനം തീർക്കേണ്ട ഒരു companionship ആണെന്ന്.

മുഖത്ത് വെച്ചിരിക്കുന്ന mask അറിയാതെ ഒന്ന് താഴ്ന്നുപോയാൽ വല്ല Delta variant ഉം കയറിപ്പിടിച്ചു ശ്വാസം മുട്ടി തീരാവുന്നത്ര ചെറിയ ജീവിതം ആണ് നമ്മുടെയൊക്കെ . ഇനിയെങ്കിലും തിരുത്താനുള്ളത് തിരുത്തുക..ഓരോരുത്തരും..അല്ലെങ്കിൽ ഈ hashtag വിപ്ലവം കഴിയുന്നതിനു മുൻപ് തന്നെ എല്ലാം പഴയതു പോലെയാകും. മരിക്കുന്ന വിസ്മയമാരെയും, ഉത്തരമാരെയും മാത്രം നമ്മൾ അറിയും..പിന്നെയും അനേകായിരങ്ങൾ വീടിന്റെ ഉൾത്തളങ്ങളിൽ നമ്മളറിയാതെ അടിയും ചവിട്ടും ഏറ്റു വാങ്ങി ആരോടും പറയാതെ ജീവിതം എണ്ണിത്തീർക്കും..