Posts Tagged ‘Memories’

സുപ്രഭ ചിറ്റ..


സുപ്രഭചിറ്റക്ക് പ്രണാമം..ഇങ്ങനെ ഒരുപാട് നേരത്തെ അങ്ങു പോകുമെന്ന് പ്രതീക്ഷിച്ചില്ല.. ഇനിയൊരിക്കലും ആ ചിരി വിടരാത്തൊരു രാരിച്ചോടു വീട് ഓർക്കാൻ പോലും കഴിയുന്നില്ല..നിറമുള്ള ഏറെ കാഴ്ചകൾ കാണാൻ ബാക്കി നിൽക്കുമ്പോൾ ഇത്ര പെട്ടെന്നിങ്ങനെ അങ്ങ് പോയതെന്തിനായിരുന്നു..?

ചിറ്റയുടെ കഴിഞ്ഞ പിറന്നാളിന് എടുത്ത ഫോട്ടോ ആയിരുന്നു ഇത്. പുതിയ സെറ്റും ഉടുത്തു, നിറഞ്ഞ ഒരു ചിരിയുമായി മൈലപ്രയിലെ ഞങ്ങളുടെ വീടിന്റെ അടുക്കളയിലേക്കു ചിറ്റ ഓടി വന്നതായിരുന്നു ഞങ്ങളെ കാണാൻ. ” അച്ഛനും മക്കളും കൂടി ഞാൻ അറിയാതെ സർപ്രൈസ് ആയിട്ട് പിറന്നാൾ സമ്മാനമായി വാങ്ങി തന്നതാണീ നെക്‌ലേസ്” എന്ന് പറയുമ്പോൾ ആ മുഖത്തു ഒരു കൗമാരക്കാരി പെൺകുട്ടിയുടെ പ്രസരിപ്പായിരുന്നു..രണ്ടാമത്തെ ഫോട്ടോ ഞാൻ എടുത്തതായിരുന്നു. രണ്ടു വര്ഷം മുൻപേ ശ്രീക്കുട്ടിയുടെ കല്യാണത്തിന് ഒരുങ്ങി സുന്ദരിയായി അമ്പലത്തിനു മുന്നിൽ നിന്നപ്പോൾ എടുത്തത്. ..കാൻസർ നെ പൊരുതി തോല്പിച്ചു ജീവിതത്തിനെ നോക്കി മനോഹരമായി ചിരിച്ചു തുടങ്ങിയതായിരുന്നു ചിറ്റ അന്ന്.. ഇനി ആ ചിരി ഓർമ്മകളിൽ മാത്രം..

അവസാനമായി ഒന്ന് കാണാൻ, സംസാരിക്കാൻ ഒന്നും കഴിഞ്ഞില്ല. ജീവിതം എത്ര ചെറുതാണെന്നും, .ഈ ചില നിമിഷങ്ങൾ മാത്രമേ നമുക്കുള്ളൂ എന്ന് ഒരിക്കൽ കൂടി ഒന്നോർമ്മിച്ചു ഇപ്പോൾ..കത്തുന്ന നെയ്ത്തിരി നിലവിളക്കിനു മുൻപിൽ, ഇനിയൊരിക്കലും ഉണരാതെ ചിറ്റ ഉറങ്ങുമ്പോൾ ആ പാദങ്ങളിൽ അവസാനത്തെ പ്രണാമം.. അരികിൽ ഇല്ലെങ്കിലും രാരി അഫനെയും, ശ്രീക്കുട്ടിയെയും കുഞ്ഞുമോളെയും മനസ്സ് കൊണ്ട് ആവോളം ചേർത്ത് പിടിക്കുന്നു..

ഓഗസ്റ്റ് 2020, Covid ഓർമ്മകൾ അവസാനഭാഗം


മഴ താണ്ഡവം തുടരുമ്പോൾ കണ്ണുകൾ സദാ പത്തനംതിട്ട കളക്ടർ പി ബി നൂഹ് ന്റെ പേജിൽ ആയിരുന്നു. ഇത്രത്തോളം നല്ല രീതിയിൽ ജനങ്ങളെ update ചെയ്യുന്ന മറ്റൊരു കളക്ടർ പേജ് ഇല്ലായിരുന്നു  എന്ന് തന്നെ പറയാം. . ജില്ലയുടെ പരിധിയിൽ വരുന്ന അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ്, നദികളിലെ ജലനിരപ്പ് എല്ലാം ആ പേജിൽ നിന്ന് അറിയാമായിരുന്നു. വെള്ളപ്പൊക്കം വരികയാണെങ്കിൽ ഒരു ദിവസം നേരത്തെ ടെസ്റ്റ് ചെയ്തു വീട്ടിൽ  home quarantine ചെയ്താൽ മതി എന്ന് ചെറിയ ഒരു പ്രതീക്ഷ ഞങ്ങൾക്ക് കിട്ടി. വീടെല്ലാം റെഡി ആക്കി ഞങ്ങൾ കാത്തിരിപ്പു തുടങ്ങി. പക്ഷെ വൈകുന്നേരം വരെയും ഒന്നും സംഭവിച്ചില്ല മഴ തുടർന്നതല്ലാതെ..


 അവിടെ ഒരാൾക്ക് സംശയം antigen test ഇത് വീണ്ടും പോസിറ്റീവ് എങ്ങാനും കാണിച്ചാൽ പിന്നെയും ഒരാഴ്ച കൂടി ജയിൽ വാസം അനുഷ്ടിക്കേണ്ടി വരും. ആദ്യത്തെ റിസൾട്ട് false positive എങ്ങാനും ആയിരുന്നെങ്കിൽ അവിടെ പോയി covid കാർക്കിടയിൽ താമസിച്ചു എങ്ങാനും അസുഖം കിട്ടിയാൽ ചിലപ്പോൾ പോസിറ്റീവ് കാണിക്കാൻ സാധ്യത ഉണ്ടെന്നുള്ളതായിരുന്നു പ്രധാന ഭീഷണി.  ദൈവത്തിനെ വിളിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും ഞങ്ങൾക്ക് മുൻപിൽ ഇല്ലായിരുന്നു. ആ പത്തു ദിവസങ്ങളിലെ ഏറ്റവും ഉറങ്ങാത്ത രാത്രിയും അന്നായിരുന്നു..പിറ്റേന്ന് നേരം പുലർന്നു. റാന്നിയിൽ ഒക്കെ വെള്ളം പൊങ്ങിത്തുടങ്ങിയിരുന്നു. മഴ തുടരുകയും ചെയ്യുന്നു. എങ്ങനെ എങ്കിലും ആൾ ഇങ്ങു വന്നു പറ്റിയാൽ മതിയെന്ന് ഞങ്ങൾ ഇങ്ങനെ ഉള്ളുരുകി കാത്തിരുന്ന് ഓരോ നിമിഷവും.

ഓരോ അരമണിക്കൂർ കൂടുമ്പോഴും ഞാൻ വിളിക്കും. അപ്പോഴൊന്നും ടെസ്റ്റ് ചെയ്യാൻ ആൾക്കാർ എത്തിയിട്ടില്ല എന്ന് മറുപടി. റൂമിലെ ജനലിൽ കൂടി പുറത്തേക്കു നോക്കിയാൽ കാണുന്ന പാടത്തു വെള്ളം ഇങ്ങനെ നിറഞ്ഞു കൊണ്ടിരിക്കുന്നത് കാണാം എന്ന് പറയുന്നത് കേട്ട് വീണ്ടും എന്റെ ടെൻഷൻ കൂടിക്കൊണ്ടിരുന്നു. അങ്ങനെ അവസാനം ടെസ്റ്റ് നു ആൾക്കാർ എത്തി. സ്വാബ് എടുത്തു മെഷീനിൽ വെച്ചിട്ടു അരമണിക്കൂർ എടുക്കും റിസൾട്ട് അറിയാൻ. ജീവിതത്തിലെ ഒരുപക്ഷെ ഏറ്റവും നീളം കൂടിയായ 30 മിനിറ്റ് അതായിരിന്നിരിക്കണം!! എന്തായാലും  അവസാനം ഫലം വന്നു. നെഗറ്റീവ് ആയി. സമാധാനത്തിന്റെ ഒരു വലിയ മഴ ആണ് ഉള്ളിൽ പെയ്തു തോർന്നതു. 


എങ്ങനെ വന്നെത്തും എന്നതായി അടുത്ത ടെൻഷൻ. നെഗറ്റീവ ആണെന്നറിഞ്ഞതോടെ ആത്മാവിശ്വാസം വീണ്ടെടുത്ത പ്രിയതമൻ എങ്ങനെ  ആണെങ്കിലും ഞാൻ അങ്ങെത്തും എന്ന് പറഞ്ഞു ഞങ്ങൾക്ക് ധൈര്യം തന്നു. ഉച്ചക്ക് ഫലം അറിഞ്ഞിട്ടു അവിടുത്തെ formalities എല്ലാം പൂർത്തിയാക്കി ഒരു ഓട്ടോയും പിടിച്ചു വെള്ളം കയറാത്ത ഏതൊക്കെയോ വഴികൾ താണ്ടി ഒടുവിൽ  ആൾ ഇങ്ങെത്തി. ഓഗസ്റ്റ് പത്താം തീയതിയിൽ ഒരു പെരുമഴയുള്ള സന്ധ്യയിൽ ഈ ഗേറ്റ് കടന്ന് ആ ഓട്ടോ വരുന്നത് കാണുമ്പോൾ ഒരു ജന്മം കൊഴിഞ്ഞു പോയത് പോലെയുള്ള ഒരു തോന്നലായിരുന്നു. ഓണത്തിനപ്പോൾ കൃത്യം പതിനെട്ടു ദിവസങ്ങൾ ബാക്കിയായിരുന്നു..വെള്ളപ്പൊക്കം ഒക്കെ പതിയെ വഴിമാറിപ്പോയി, മഴയൊക്കെ നിന്ന് മാനം  തെളിഞ്ഞു. 


ജയിൽ വാസത്തിലെ ഭക്ഷണത്തിന്റെ മേന്മ കാരണം perfect square ആയിരുന്ന മുഖം നീളൻ rectangle ആയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന room quarantine doctor മാർ നിർദ്ദേശിച്ചപ്പോൾ ആൾ അത് രണ്ടാഴ്ച നീണ്ടു നിൽക്കുന്നതാക്കി. വന്നു കയറിയ മനുഷ്യൻ ഇവിടെ നിന്നും പോയതിൽ നിന്നും വ്യത്യസ്തനായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി..ഒരുതരം PTSD അവസ്ഥ പോലെ തോന്നി..Stress കുറയ്ക്കാനായി രണ്ട് മുറികളിൽ നിന്ന് ഞങ്ങൾ video call  ചെയ്തു സംസാരിക്കാൻ തുടങ്ങി. പിന്നെയും ഉണ്ടായിരുന്നു പലതരം മാറ്റങ്ങൾ..പണ്ടൊക്കെ ഒരു ദിവസം ഒരു രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കാൻ ഞാൻ ‘മൂന്നാം  ലോക മഹായുദ്ധം’ തന്നെ ചെയ്യേണ്ടി വന്നിരുന്നു. തിരിച്ചു വന്ന മനുഷ്യൻ ഒരു ദിവസം 3 to 4 ltrs വെള്ളം കുടിക്കുന്നു, ഭക്ഷണം ഒക്കെ വളരെ controlled, work ൽ നിന്നും വീണ്ടും ഒരാഴ്ച കൂടി അവധി എടുക്കൽ എന്ന് വേണ്ട അടിമുടി മാറ്റം!!..(ആരും പേടിക്കേണ്ട ഒന്ന് രണ്ടു മാസം കൊണ്ട് ഇതൊക്കെ മാറി പൂർവാധികം ശക്തിയോടെ പഴയ ആൾ തിരിച്ചു വന്നു!!)


പതിനാലു ദിവസം കഴിഞ്ഞും ആൾക്ക് പുറത്തിറങ്ങാൻ പേടി. പിന്നെ ഞാൻ ഒന്നും നോക്കിയില്ല ഇടിച്ചങ്ങു കേറി റൂമിൽ താമസമാക്കി. വീടിനു പുറത്തിറങ്ങിയത് ആ ഉത്രാടത്തിനായിരുന്നു. മെല്ലെ മെല്ലെ പേടികളൊക്കെ  കൂടൊഴിഞ്ഞു പോയി ഞങൾ സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരുന്നു. എങ്കിലും ഏതു സംഭാഷണവും ചെന്നവസാനിക്കുന്നതു ആ പത്തു ദിവസങ്ങളിലേക്ക് തന്നെ ആയിരുന്നു.. അത് മാറാൻ കുറെ കാലം കൂടിയെടുത്തു. ഇന്നും ഓർക്കുമ്പോൾ ഉള്ളിൽ ഇരുന്നു കുത്തുന്ന ചോദ്യം ആ പോസിറ്റീവ് false പോസിറ്റീവ് ആയിരുന്നോ എന്നുള്ളതാണ്.. ജലദോഷമോ പനിയോ വന്നില്ല, മണവും രുചിയും നഷ്ടപ്പെട്ടില്ല, യാതൊരു വിധ ലക്ഷണവും ഇല്ലായിരുന്നു, കൂടെയുള്ള ഞങ്ങൾക്കാർക്കും ഒരു കുഴപ്പവും വന്നില്ല. Covid positive ആയിരുന്നു, institutional ഐസൊലേഷനിൽ 10 ദിവസം  ഇരുന്നു എന്ന് മാത്രം അറിയാം.. . ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ ആ പോസിറ്റീവ് result  അതിങ്ങനെ ഉള്ളിൽ തന്നെ കാണും എന്ന് തോന്നുന്നു.  ഏതോ ഒരു ദുരന്തമോ ദുഖമോ ഒക്കെ  ഇങ്ങനെ കുറെ ടെന്ഷനുകളായി ഒഴിഞ്ഞു പോയിക്കാണും എന്ന് സമാധാനിക്കാൻ ഞങ്ങൾ മനസ്സിനെ പഠിപ്പിച്ചു.
 

പക്ഷെ ഒന്നറിയാം.. ആ  പ്രതിസന്ധി ഘട്ടത്തിൽ ഒരു കുടുംബം എന്ന നിലയിൽ  ഞങ്ങൾ പരസ്പരം അങ്ങേയറ്റം ചേർത്ത് പിടിച്ചു നിന്ന് താങ്ങും തണലും ആയി മാറി. മൈലപ്രയിലെ ഈ വീട്, ഈ കുടുംബം എനിക്ക് എന്റെ  ജനിച്ച വീടിനോളം തന്നെ ഉള്ള ഒരു comfort zone ആണെന്ന് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചതായിരുന്നു ആ ദിവസങ്ങൾ..