Archive for April, 2023

പ്രണാമം..


സാവിത്രിക്കൊച്ചമ്മക്ക് പിന്നാലെ മുരളി അഫനും പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..വേരുകളുടെ അടരുകൾ ഒന്നൊന്നായി ഇങ്ങനെ മായുന്നത് കണ്ടു നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അരക്ഷിതത്വം..രാധാച്ചിറ്റ, സുര അഫൻ, സാവിത്രിക്കൊച്ചമ്മ, ഇപ്പോൾ മുരളി അഫനും..ഇവരൊക്കെ ഞങ്ങളുടെ കുട്ടിക്കാലത്തു അച്ഛനും അമ്മയും അമ്മൂമ്മയും ഒക്കെ കഴിഞ്ഞാൽ എന്നും കണ്ടു കൊണ്ടിരുന്ന മുഖങ്ങൾ ആയിരുന്നു..ഇനി ഒരിക്കലും കാണാൻ കഴിയാത്തവണ്ണം ഇവരൊക്കെ മാഞ്ഞു പോയിരിക്കുന്നു എന്നോർക്കാൻ വയ്യ..ഇവരുടെ ഒക്കെ ഒപ്പമെടുത്തിട്ടുള്ള ഒറ്റ ഫോട്ടോ പോലുമില്ല കൈയ്യിൽ..അല്ലെങ്കിലും ഒരു ഫോട്ടോക്കൊക്കെ അടയാളപ്പെടുത്താൻ കഴിയുന്ന ഓർമ്മകൾക്ക് പരിധിയുണ്ടല്ലോ..

ജനുവരിയിൽ നാട്ടിൽ പോയപ്പോൾ കണ്ട മുരളി അഫൻ പണ്ടത്തെ പോലെ എപ്പോഴും പ്രസരിപ്പുള്ള ചിരിയുള്ള, മുഴങ്ങുന്ന ശബ്ദമുള്ള ആ പഴയ ആളായിരുന്നില്ല..സാവിത്രിക്കൊച്ചമ്മ പോയപ്പോൾ തകർന്നു പോയ ഒരു മനുഷ്യന്റെ നോവുള്ള ഒരു ചിരിയായിരുന്നു ആ മുഖത്തു..ഞങ്ങളുടെ ഒക്കെ വിവാഹ സമയത്തു ഉറച്ച ഒരു നേടും തൂൺ പോലെ അച്ഛനൊപ്പം മുരളി അഫനുണ്ടായിരുന്നു. എനിക്കോർമ്മയുണ്ട് എന്റെ കഴുത്തിൽ താലി വീഴുന്ന ആ നിമിഷത്തിൽ അച്ഛനൊപ്പം തൊട്ടു പിന്നിൽ മുരളി അഫനായിരുന്നു നിന്നതു. ഏറ്റവും നന്നായി അത് മുറുക്കാൻ മുരളി അഫനാണ് കഴിയുന്നതെന്ന് ‘അമ്മക്കു ഒരു വിശ്വാസമുണ്ടായിരുന്നു..ഒരു വലിയ ശൂന്യത അവശേഷിപ്പിച്ചു തന്നെയാണ് ആ മടക്കം..

ഇന്നലെ അമ്മ ഇടറുന്ന സ്വരത്തിൽ ഈ വാർത്ത പറഞ്ഞു വിളിച്ചപ്പോൾ വല്ലാത്തൊരു ശൂന്യത ആയിരുന്നു മനസ്സിൽ..വേരുകൾ മുറിയുമ്പോൾ ഉള്ള വേദന മറക്കാൻ എന്നവണ്ണം ആദ്യം ചേച്ചിയേം അനിയത്തിയേയും പിന്നെ ഒരിക്കലും പതിവില്ലാത്ത പോലെ ശ്രീക്കുട്ടിയെയും, ശരത് ചേട്ടനെയും, സുദർശിനെയും, സൂരജിനെയും, വാവാച്ചിയെയും ഒക്കെ വിളിച്ചു സംസാരിച്ചു. .ഇവരോടൊക്കെ കുറച്ചു നേരം സംസാരിച്ചപ്പോൾ എന്തോ ഒരു സമാധാനം..പിന്നെയും ആരോടൊക്കെയോ മുരളി അഫനെ പറ്റി സംസാരിക്കണം എന്ന് തോന്നിപ്പോയി.

വർത്തമാനകാല ജീവിതത്തിന്റെ ബഹളങ്ങളിൽ മുഴുകി നടക്കുമ്പോൾ ജനിച്ച വീട്, ബന്ധങ്ങൾ, കണ്ടു കൊണ്ടിരുന്ന മനുഷ്യർ ഇവരൊക്കെ നമുക്ക് എത്രമേൽ പ്രിയപ്പെട്ടതാണെന്നു എപ്പോഴുമൊന്നും ഓർക്കാറില്ലല്ലോ നമ്മൾ..അതിലൊന്ന് നഷ്ടപ്പെടുന്ന നേരത്തു അവർ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ദിവസങ്ങൾ, നിമിഷങ്ങൾ കഴിഞ്ഞ കാലങ്ങൾ എല്ലാം ഒരു തിരമാല പോലെ നമ്മളെ വന്നു പൊതിയും. തിരിച്ചു നടക്കാനുള്ള വഴികൾ ഇല്ലായ്‌മ എന്ന വലിയ സത്യം നമ്മളെ വേദനിപ്പിക്കും..അതിൽ നിന്നും രക്ഷപ്പെടാൻ കൂടെയുള്ളവരെ, ആവോളം ചേർത്ത് പിടിക്കാൻ തോന്നും..കാലത്തിന്റെ മഹാപ്രവാഹത്തിനിടയിലെ നഷ്ടങ്ങളാണ്..തിരിച്ചു പിടിക്കാൻ കഴിയില്ല എന്നുമറിയാം..പക്ഷെ.. ഒന്നിനെക്കുറിച്ചും ആകുലതകളില്ലാതെ ഇവരുടെയൊക്കെ കൂടെ ആടിപ്പാടി നടന്ന ആ പഴയ കുട്ടിക്കാലം നഷ്ട്ടപെടാതിരുന്നിരുന്നെങ്കിൽ എന്ന് മാത്രം തോന്നിപ്പോകുന്നു..