Archive for June, 2017

മറ്റൊരു ജൂൺ


കുഞ്ഞിപ്പെണ്ണിന്റെ ആദ്യ സ്‌കൂൾ ദിനം..

5

ഇന്നലെ പെയ്ത മഴയുടെ ഓർമ്മയിൽ നനുത്ത മുഖവും,  തളർന്ന ഒരു വെയിൽ ചിരിയുമായുണർന്ന  ഒരു ജൂൺ 17 . രാവിലെ മുതൽ അവൾ അക്ഷമ ആയിരുന്നു. കുളിക്കാനൊന്നും സമയം കളയണ്ട , നിങ്ങൾ എന്നെ സ്‌കൂളിൽ കൊണ്ട് പോയിഇരുത്തു ഞാൻ പഠിച്ചു പണ്ഡിത ആവട്ടെ എന്ന മട്ടിലൊരു അക്ഷമ!!യൂണിഫോം  കിട്ടാഞ്ഞത് അവൾക്കു അത്ര പിടിച്ചിട്ടില്ല. പിന്നെ തല്ക്കാലം ക്ഷമിച്ചു ബാഗ് ഉണ്ടല്ലോ എന്നോർത്ത്. സംശയത്തിന്റെ ഒരു ലാഞ്ചന പോലുമിലാതെ ബാഗും തോളിൽ തൂക്കി ആത്മവിശ്വാസത്തോടെ സ്‌കൂൾ ഗേറ്റ് ലക്ഷ്യമാക്കി അവൾ നടക്കുന്നത് ഞങ്ങൾ ആഹ്ലാദത്തോടെ കണ്ടു നിന്നു.
4
പിന്നിൽ ഞങ്ങൾ ഉണ്ടെന്നു ഇടയ്ക്കു മാത്രം ഒന്ന് പാളി നോക്കി ഒരു കൂസലുമില്ലാതെ ഐശ്വര്യമായി ‘ഇടം കാൽ’ വെച്ച് അവൾ കയറിയത് കണ്ടു എനിക്ക് ചിരി പൊട്ടി. (അവൾ ഒരു leftie ആണ്). അലങ്കരിച്ച ക്ലാസ് റൂം ഒക്കെ കണ്ടു അവൾ സന്തുഷ്ടയായി. ഞാൻ ഫോട്ടോ എടുക്കുന്നത് കണ്ടു അവളെ നേരെ പിടിച്ചു നിർത്താൻ ഒരു ടീച്ചർ ശ്രമിച്ചത് അവൾക്കു തീരെ ഇഷ്ടപ്പെട്ടില്ല..അവളുടെ തന്നെ ഭാഷയിൽ ഒരു ‘ആങ്കി ബെച് ” (angry birds ) expression ഇട്ടു അവൾ ആ ഇഷ്ടക്കേട് അറിയിച്ചു. ക്ലാസ്സിൽ Sunsha mam  നെ കണ്ടു അവൾക്കു ആശ്വാസമായി. ഞങ്ങളുടെ താഴത്തേതിന്റെ താഴത്തെ apartment ഇത് ആണ് Sunsha . നിവിക്കു ചിരപരിചിത ആണ്. അവൾ അപരിചിതത്വം ഒട്ടുമില്ലാതെ ക്ലാസ് എല്ലാം ഒന്ന് ചുറ്റി നടന്നു  കടന്നു.പണ്ട് സ്‌കൂളിൽ ഇൻസ്‌പെക്ഷൻ നു വരുന്ന ഒരു DEO ടെ  ഗമ ആയിരുന്നു അവളുടെ മുഖത്തപ്പോൾ.
3
ഇന്ന് ക്ലാസ് ഒന്നുമില്ല, വെൽക്കം പ്രോഗ്രാം മാത്രമേയുള്ളു ഉള്ളു എന്ന് കേട്ട് ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോയി. അവിടെ നടക്കുന്ന പ്രസംഗവും മീറ്റിങ്ങും ഒന്നുമവൾക്കു തീരെ പിടിച്ചില്ല. ഇതിനൊക്കെ ഇത്ര പ്രസംഗിക്കാൻ എന്തിരിക്കുന്നു എന്ന മട്ടിൽ ആൾ അക്ഷമ തുടർന്നു. പിന്നെ ഒട്ടും വൈകാതെ അവൾ തനി സ്വഭാവം പുറത്തെടുത്തു .  എന്റെ ‘സ്‌നാച്  ബോച്’ (snacks box ) എവിടെ എന്ന് ചോദിച്ചു അവൾ എന്റെ കയ്യിൽ നിന്ന് അവളുടെ ബാഗ് snatch ചെയ്തു. ആദ്യത്തെ ഐറ്റം biscuit അപ്പോൾ തന്നെ കാലിയാക്കി. ഞാൻ ഉപദേശിച്ചു. ” മോളെ ഇതൊന്നും നമുക്ക് അങ്ങനെ തോന്നുന്ന സമയത്തു തിന്നാൻ പറ്റില്ല സ്‌കൂളിൽ. മിസ് പറായുമ്പോഴേ കഴിക്കാവൂ, സ്നാക്ക്സ് ബ്രേക്ക് ഉണ്ട്. അതൊട്ടും ഇഷ്ടപ്പെടാതെ അവൾ ആ ഉപദേശം അർഹിക്കുന്ന അവജ്ഞയോടെ തള്ളി. എന്നിട്ടു ഒട്ടും വൈകാതെ അടുത്ത ഐറ്റം ആയ കേക്ക് ൽ കൈ വെച്ചു. പിന്നെ വെള്ളം കുടിച്ചിട്ട് 5  mins rest . അവിടെ അപ്പോൾ ഗസ്റ്റ് ആയി വന്ന ഫാദർ ഘോര ഘോരം പ്രസംഗിക്കുകയായിരുന്നു ” hunger for knowledge ” നെ പ്പറ്റി!!” When you come here , you should be hungry “എന്ന് ഫാദർ പറഞ്ഞത് കേട്ട് ഞാൻ എന്റെ കൊച്ചിനെ നോക്കി. ആ പറഞ്ഞത് എത്ര സത്യം!! അവൾ അപ്പോൾ അടുത്ത ഐറ്റം ആയ ഇഡലി സാംബാർ ഇൽ എങ്ങനെ കൈ വെക്കാം എന്നതിനെ പറ്റി കൂലങ്കഷമായി ചിന്തിക്കുകയായിരുന്നു. ഒട്ടും താമസിച്ചില്ല..”എനിച്ചു ഇഡലി വേനം”   ഞാൻ പറഞ്ഞു ” പറ്റില്ല നീ ഇപ്പം ബിസ്ക്കറ്റും കേക്കും കഴിച്ചതല്ലേ ഉള്ളു..”
“ഇല്ല എനിച്ചു വേനം ഇഡലി healthy food ആണല്ലോ  “അവൾ clarification നു വേണ്ടി അവളുടെ അന്നപൂർണേശ്വരി യും, dietician നും സന്തത സഹചാരിയും ആയ അമ്മൂമ്മയെ supportനായി നോക്കി. ‘അമ്മ അപ്പോൾ ചിരി അടക്കാൻ പാട് പെടുകയായിരുന്നു.
ഞാൻ പറഞ്ഞു “എന്ത്  പറഞ്ഞാലും പറ്റില്ല, ഇപ്പൊ ഇഡലി തിന്നുന്ന ടൈം അല്ല . “പണ്ട് അല്ലിക്കു  ആഭരണം എടുക്കാൻ പോവാൻ സമ്മതിക്കാഞ്ഞ   നകുലനെ ഗംഗ നോക്കിയ ആ നോട്ടം ഞാൻ ഇന്ന് നേരിൽ കണ്ടു!! തരമാട്ടേൻ..അപ്പം ഇഡ്‌ലിയൊന്നും   നീയെനിക്കു തരമാട്ടേൻ എന്ന് അവൾ നാഗവല്ലി സ്റ്റൈൽ ൽ കൈ ചൂണ്ടി. എങ്ങനെ ഒക്കെയോ അമ്മൂമ്മയും അപ്പൂപ്പനും വിഷയം മാറ്റി നാഗവല്ലിയെ വീണ്ടും ഗംഗ ആക്കി!
2
ഇനി എല്ലാ ദിവസവും ക്ലാസ്സിൽ ഈ ഭക്ഷണപ്രശ്നം ഒരു ആഭ്യന്തര പ്രശ്നം ആയി മാറി പാവം  Sunsha Mam നട്ടം തിരിയേണ്ടി വരുമല്ലോ എന്നോർത്ത് ഞാൻ ഒന്ന് ഞെട്ടി. അവളുടെ ലഞ്ച് ബോക്സ് തീർത്തിട്ട് ബാക്കി ഉള്ള പിള്ളേരുടെതിൽ കൈ വെക്കാതിരുന്നാൽ മതിയായിരുന്നു.
Orientation തുടങ്ങുന്നത് തൊട്ടു മുൻപേ അവളെ ഞങ്ങൾ ക്ലാസ്സിൽ ആക്കി. അവൾ കൂൾ കൂൾ ആയി കയറിപ്പോയി. ചില പിള്ളേരൊക്കെ കരയുന്നതു കണ്ടു “ഇവർക്കിതെന്തിന്റെ കേടാ ഇത്രേം കളിയ്ക്കാൻ ഉള്ള opportunity കിട്ടിട്ട് പ്രയോജനപ്പെടുത്താതെ വെറുതെ കരഞ്ഞു സമയം കളയുന്നോ സിലി പീപ്പിൾ എന്ന മട്ടിൽ പുച്ഛിച്ചു . കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു, അവൾ ബാഗ് എടുത്തു തോളിൽ കെട്ടി Sunsha Mam നോട് പറഞ്ഞു എനിക്ക് പോണം. അമ്മൂമ്മ വെളിയിൽ നിൽപ്പുണ്ട്!! സ്വന്തം തീരുമാനക്കാരിയെ ആദ്യ ദിവസം തടഞ്ഞാൽ രംഗം വഷളായാലോ എന്നോർത്ത് Sunsha എന്നെ വിളിച്ചു. ഞാൻ ചെന്നപ്പോൾ ആൾ തുള്ളി ചാടി ഹാപ്പിയായി വരുന്നു. അങ്ങനെ പ്രശ്നരഹിതവും, സന്തുഷ്ടവുമായ ഒരു ആദ്യം ദിനം കടന്നുകിട്ടി. കാഴ്ചയിൽ വളരെ ചെറുതായ , കഷ്ടിച്ച് മൂന്ന് വയസ്സായ, ഇളയ കൊഞ്ചിക്കുട്ടിയായ  അവൾ
സധൈര്യം, ആത്മവിശ്വാസം തുടിക്കുന്ന മുഖത്തോടെ വീടിനു പുറത്തെ ആദ്യത്തെ പുതിയ ലോകത്തിലേക്ക് ആദ്യ ചുവടു വെയ്പ്പ് വെയ്ക്കുന്നത് കണ്ടു അഭിമാനം കൊണ്ടെന്റെ മനസ്സ് നിറഞ്ഞു. Official Trip  ൽ  അച്ഛന് നഷ്‌ടമായ ഈ മനോഹര നിമിഷങ്ങൾ ഓർത്തു ഞാൻ  ഒരിത്തിരി ദുഃഖിച്ചു . അത് നികത്തനായി ഈ കുറിപ്പ് എഴുതാമെന്നും കരുതി.
6
വളരെ അർത്ഥപൂർണ്ണമായ ഒരു orientation ക്ലാസ്സിലും പങ്കെടുക്കാൻ പറ്റി. ഓരോ കുട്ടിയും വ്യത്യസ്തരാണെന്നു, അവരെ അങ്ങനെ തന്നെ കാണണം എന്ന്, അവർക്കു നല്ല കഥകൾ പറഞ്ഞു കൊടുക്കണം എന്ന്, കഥകളും, കളിയും, കാഴ്ചകളും ഒക്കെ ചേർന്ന് അവരുടെ പഠനം രസകരമാക്കണം എന്ന്, അവരെ  ചട്ടം പഠിപ്പിക്കാൻ ശ്രമിച്ചും, കണ്ണുരുട്ടിയും, വഴക്കു പറഞ്ഞും അനാവശ്യമായി അവരിൽ stress ഉണ്ടാക്കരുതെന്നും ഒക്കെയുള്ള ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു orientation. വെള്ളവും, വളവും, സൂര്യപ്രകാശവും ഒക്കെ വേണ്ട അളവിൽ ഏറ്റു വാങ്ങി വളരുന്നു പൂക്കൾ പോലെ നല്ല വാക്കുകളും, കളി ചിരികളും, പ്രോത്സാഹനങ്ങളും ഒക്കെ കൊടുത്തു അവരെ വളർത്തണം എന്നൊരു ഓർമ്മപ്പെടുത്തൽ. അങ്ങനെ ആണോ ഞാൻ/ നമ്മൾ/ നിങ്ങൾ ഒക്കെ അവരെ വളർത്തുന്നത് എന്നൊരു ആത്മപരിശോധനക്ക് നേരമായെന്ന് തോന്നുന്നു. തിരുത്താൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തിരുത്താൻ നേരമായി.. തിരുത്തുവാൻ ഉള്ളത് അവരിൽ ആവില്ല  അത് നമ്മളിൽ തന്നെയാവും..
വെണ്മയാർന്ന ഒരു    വെള്ളക്കടലാസ്സു പോലെ ആണ് അവരിപ്പോൾ. മഷി കോരിയൊഴിച്ചും, കുത്തി വരച്ചും അല്ലാതെ നമുക്കതിൽ മനോഹരങ്ങളായ അർത്ഥപൂർണ്ണമായ ചിത്രങ്ങളൊരുക്കാം . നിറയെ സുഗന്ധവും, നിറവും പ്രസരിപ്പും ഒക്കെയുള്ള പൂക്കളായി അവർ നിറഞ്ഞു ചിരിക്കട്ടെ..അത് കണ്ടു നമുക്കും കൺ നിറഞ്ഞു ചിരിക്കാം..
സ്‌കൂൾലേക്ക്  പുതുയാത്ര തുടങ്ങിയ എല്ലാ കൊച്ചു കൂട്ടുകാർക്കും ആശംസകൾ..