Archive for April, 2019

ആങ്ങള


‘ആങ്ങള ഇല്ലായ്മ’ ഒരു ദാരിദ്ര്യം ആണെന്ന് ഉള്ള തോന്നൽ വീണ്ടും വന്നത് ലക്ഷ്മിയുടെ വേളിക്ക് ശംഭു ഓടുന്ന ഓട്ടം കണ്ടാണ്. പതിനാറു വയസ്സിന്റെ മെലിഞ്ഞ തോളുകൾക്കു താങ്ങാൻ കഴിയുന്നതിലും ഏറെ ഉത്തരവാദിത്വങ്ങൾ അവൻ അവന്റെ ‘പെങ്ങൾ സ്നേഹത്തിന്റെ’ ബലത്തിൽ താങ്ങുന്നുണ്ടായിരുന്നു. നോക്കി നിന്നപ്പോൾ, എനിക്ക്,  ഇല്ലാതെ പോയ ഒരു ആങ്ങളയെ വല്ലാതെയങ്ങു മിസ് ചെയ്തു. വിവാഹത്തലേന്ന് കാലിൽ മൈലാഞ്ചി ഇട്ടു മഴയത്തു നടക്കാൻ മടിച്ചു നിന്ന് അവളെ ആ മെലിഞ്ഞ കൈകൾ വാരിയെടുത്തു ഇല്ലത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ലേശം കുശുമ്പ് തോന്നാതിരുന്നില്ല. നാളെ ഒരുനാൾ ലക്ഷ്മിയുടെ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളാവും ‘അമ്മാവൻ റോളിൽ’ ഇവൻ എന്ന് ഞാൻ വര്ഷങ്ങള്ക്കപ്പുറത്തേക്കു ഞാൻ ചിന്തകളെ പായിച്ചു. ആങ്ങള ഇല്ലായ്മയെക്കാൾ വലിയ ദുഃഖം എന്റെ മക്കൾക്ക് അമ്മാവൻ ഇല്ലല്ലോ എന്നതാണെന്ന് ഞാൻ അപ്പോൾ ഓർത്തു. ഞങ്ങളുടേതടക്കം ഓരോ അമ്മാവന്മാരെ കാണുമ്പോൾ ഞാൻ ഓർക്കും എന്റെ മക്കളുടെ നികത്താൻ കഴിയാത്ത ആ കുഞ്ഞു നഷ്ടം.
Shambhu Leppy
‘ചേച്ചി അനിയത്തി സൗഭാഗ്യങ്ങളെ’ മറന്നിട്ടു പറഞ്ഞതല്ല.. ഓരോ കുഞ്ഞുകാര്യങ്ങളും, വിശേഷങ്ങളും പങ്കു വെക്കുന്ന, ഡ്രെസ്സുകളും, കമ്മലും മാലയും വരെ പങ്കു വെക്കുന്ന ഞങ്ങളുടെ girls world രസങ്ങളെ ഒട്ടും വില കുറച്ചു കാണുന്നുമില്ല. എങ്കിലും അമ്മയ്ക്കും ഉമ ചിറ്റ സുമ ചിറ്റമാർക്കു അമ്മാവനോടുള്ള അടങ്ങാത്ത വാത്സല്യവും കരുതലും കാണുമ്പോൾ (ഞങ്ങൾ മക്കളെക്കാൾ അമ്മക്ക് സ്നേഹം ആങ്ങളയോട് ഉണ്ടോയെന്ന് സംശയം ഉണ്ട് എനിക്ക്..ശരിക്കും!), മിണ്ടിയാൽ, നോക്കിയാൽ പരസ്പരം വഴക്കു ഇടുമെങ്കിലും പ്രിയതമനും മായ ചേച്ചിയും തമ്മിലുള്ള സജീവമായ ആ അന്തർധാര കാണുമ്പോൾ, ജിഷ അവളുടെ മോൻ എന്ന് വിളിക്കുന്ന ചേട്ടനെ കുറിച്ച് വാ തോരാതെ പറയുന്നത് പണ്ടൊക്കെ കേൾക്കുമ്പോൾ, ഗോപു സ്നേഹത്തോടെയും, കരുതലോടെയും അവന്റെ ഗീതു ചേച്ചിയെ പറ്റി പറയുമ്പോൾ, ഒക്കെ എന്റെ ആ ‘ആങ്ങള ഇല്ലായ്മ’ ദാരിദ്ര്യ ചിന്ത അറിയാതെ പുറത്തു വരും.
എന്ത് ചെയ്യാനാ.. അല്ലെങ്കിലും മനുഷ്യന് എന്ത് ഇല്ല എന്നുള്ള ചിന്ത അല്ലെ പുറത്തു വരൂ..!മാറ്റാൻ ശ്രമിക്കാം.