Posts Tagged ‘childhood’

എൻ്റെ സ്വന്തം AI Machine!


ഒരു കുഞ്ഞു AI machine പോലെ ഒന്ന് വീട്ടിൽ വളർന്നു വരുന്നുണ്ട്..! ഓരോ ദിവസവും അത് ചോദിക്കുന്ന ചോദ്യങ്ങൾ, അതിൽ നിന്നും learn ചെയ്യൽ ഒക്കെ കാണാൻ നല്ല രസമാണ്. മറ്റാരുമല്ല..ഇല്ലാൻ തന്നെ ആണ്! ഉറങ്ങാൻ കിടക്കുമ്പോൾ ഉള്ള ഒരു ചോദ്യാത്തര പംക്തി ഉണ്ട്. ഇതിനെവിടെയാണ് ഒരവസാനം എന്ന് അറ്റമില്ലാത്ത ചോദ്യങ്ങളെ നോക്കി ഞാൻ പകച്ചു പോകുന്ന നിമിഷങ്ങൾ.

“ഇല്ലാനൊന്നു പെട്ടെന്നുറങ്ങിയാൽ അമ്മയ്ക്ക് മീറ്റിംഗ് അറ്റൻഡ് ചെയ്യാമായിരുന്നു..
‘അമ്മ എന്തിനാ മീറ്റിംഗ് അറ്റൻഡ് ചെയ്യുന്നത്?
അത് അമ്മേടെ ജോലിയുടെ ഭാഗം ആല്ലേ?
അതെന്തിനാ ജോലി ചെയ്യുന്നത്?
ജോലി ചെയ്താൽ അല്ലെ സുഖമായി ജീവിക്കാൻ പറ്റു
സുഖമായി ജീവിക്കാൻ പറ്റിയില്ലെങ്കിൽ എന്താ..?
ഇഷ്ടമുള്ളതൊന്നും മേടിക്കാൻ പറ്റില്ല, നമുക്ക് ഇഷ്ടമുള്ളതൊക്കെ മേടിക്കണ്ടേ..
ഇഷ്ടമുള്ളതൊക്കെ മേടിച്ചില്ലെങ്കിൽ എന്ത് പറ്റും?
അങ്ങനെ ആകുമ്പോൾ നമുക്ക് സന്തോഷം കിട്ടില്ല.
അതെന്തിനാ സന്തോഷം കിട്ടുന്നത്? കിട്ടിയില്ലെങ്കിൽ എന്ത് പറ്റും..
നമുക്ക് സമാധാനമായിട്ടു ഉറങ്ങാൻ പറ്റില്ല..
അതെന്തിനാ സമാധാനമായിട്ടു ഉറങ്ങുന്നത്?
സന്തോഷമായി എണീക്കാൻ
അതെന്തിനാ സന്തോഷമായി എണീക്കുന്നതു?

സ്‌കൂളിൽ പോകാൻ..?
അതെന്തിനാ സ്‌കൂളിൽ പോകുന്നത്..
പഠിച്ചു മിടുക്കിയാവാൻ.

ഇതിങ്ങനെ അന്തമില്ലാതെ ഒരു vicious സർക്കിൾ പോലെ എത്ര വേണമെങ്കിലും കറങ്ങിക്കൊണ്ടിരിക്കും..!

ഈ ചെയിൻ ഒന്ന് മുറിക്കാൻ വേണ്ടി ഞാൻ അവസാനത്തെ ആ ചോദ്യം കേൾക്കാത്തത് പോലെ ഇരുന്നിട്ട് “ഉണ്ണികളേ ഒരു കഥപറയാം, ഈ പുല്ലാംകുഴലിന് കഥപറയാം എന്ന് പാടും..”
ആ ഒറ്റ second കൊണ്ട് ചോദ്യങ്ങളുടെ ട്രാക്ക് മാറും..

“ഉണ്ണികളേ ഒരു കഥ പറയാം എന്ന് പറഞ്ഞാൽ എന്താ?
എന്ന് പറഞ്ഞാൽ കുട്ടികൾക്കൊരു കഥ പറഞ്ഞു കൊടുക്കാം എന്ന്.
അതെന്തിനാ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കന്നത്?
അത് കുട്ടികൾക്ക് സന്തോഷം വരാൻ..
ഈ പുല്ലാംകുഴൽ എന്ന് പറഞ്ഞാൽ എന്താ?
അതൊരു musical instrument ആണ്.
മ്യൂസിക്കൽ instrument എന്ന് പറഞ്ഞാൽ എന്താ?
പാട്ടൊക്കെ പാടുമ്പോൾ ഒരു കൂടെ വായിക്കുന്നതാണ് മ്യൂസിക്കൽ instrument..
അതെന്തിനാ മ്യൂസിക്കൽ instrument വായിക്കുന്നത്..അതെന്തിനാ പാട്ടൊക്കെ ആൾക്കാർ പാടുന്നത്..?
അതുക്കെ ഓരോരോ സന്തോഷത്തിനു വേണ്ടി..
അതെന്തിനാ സന്തോഷം വരുന്നത്..സന്തോഷം വന്നില്ലെങ്കിൽ എന്ത് പറ്റും ?
സന്തോഷം വന്നില്ലെങ്കിൽ സമാധാനമായി ഉറങ്ങാൻ പറ്റില്ല..
അതെന്തിനാ സമാധാനമായിട്ടു ഉറങ്ങുന്നത്?
സന്തോഷമായി എണീക്കാൻ..
അതെന്തിനാ സന്തോഷമായി എണീക്കുന്നതു?.

അത്രയും എത്തുമ്പോൾ വീണ്ടും ഞാൻ ട്രാക്ക് മാറ്റും..അന്ത്യശാസനം “ഇനി ഉറങ്ങിയില്ലെങ്കിൽ ഞാൻ തിരിഞ്ഞു കിടക്കും” എന്ന്.അല്ലെങ്കിൽ ഇത് രാത്രി മുഴുവൻ തുടരാൻ അവൾക്കു പറ്റും !!

ഒരിക്കലും തീരാത്തൊരു അക്ഷയപാത്രം പോലെ ചോദ്യങ്ങൾ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്ന, വരുന്ന ഉത്തരങ്ങൾ ഓരോന്നും register ചെയ്തു learning മോഡിൽ ഇട്ടിരിക്കുന്ന ഒരു കുഞ്ഞു AI മെഷീൻ തന്നെ ആണിതെന്നു എങ്ങനെ പറയാതിരിക്കും..!

തുളുമ്പി വീണൊരു ബ്ലോഗ്..(ചേച്ചി)


sisters

പണ്ടു പണ്ടൊരു അനിയത്തിക്കുട്ടിയുണ്ടായിരുന്നു..ചേച്ചിയുടെ നിഴലായി നടന്നവൾ, ചേച്ചിയുടെ കൈത്തലം വിടാതെ പിടിച്ചിരുന്നവൾ..ചേച്ചിയെ ഒരു അഞ്ചുനിമിഷമെങ്കിലും കാണാതെയിരുന്നാൽ  കണ്ണു കലങ്ങുന്നവൾ. ഊണും ഉറക്കവും, സ്കൂളിൽ പോക്കും, മടങ്ങി വരവും എല്ലാം ഒരുമിച്ചായിരുന്നു അവർ. അച്ഛനും അമ്മയും പോലും അവൾക്കു ചേച്ചിയോളും വരില്ലായിരുന്നു. അവർ പറഞ്ഞത്രയും കഥകൾ ഈ ലോകത്തിൽ മറ്റാരും പറഞ്ഞിട്ടുണ്ടായിരിക്കില്ല. പഠിച്ചു ജോലി കിട്ടിയിട്ട് വേണം ഒരു കിലോ കശുവണ്ടിപ്പരിപ്പ് മേടിച്ചു തിന്നണം എന്ന് പ്ലാൻ ഇട്ടത് അവർ രണ്ടും ചേർന്നായിരുന്നു. (എന്നിട്ട് വാങ്ങിച്ചു കഴിച്ചെങ്കിലും പോട്ടെ!!) സി വി രാമൻ പിള്ളയുടെ ധർമ്മരാജ സിനിമയാക്കണമെന്ന് തീരുമാനിച്ചത് അവർ രണ്ടും ചേർന്നായിരുന്നു, അതിലെ ഓരോ കഥാപാത്രങ്ങളെയും കണ്ടുപിടിക്കാൻ brainstorm ചെയ്‌തത്‌ അവർ ഒരുമിച്ചായിരുന്നു. രാമായണത്തിൽ മര്യാദാപുരുഷോത്തമനായ ശ്രീരാമൻ സീതയെ ഉപേക്ഷിക്കുക എന്ന കൊടും ക്രൂരതയെ അപലപിച്ചതു അവർ ഒരുമിച്ചായിരുന്നു.   എന്നെങ്കിലും ഒരു കാലത്തു ഭാരതപ്പുഴയുടെ തീരത്തു ഒരു കുടിൽ കെട്ടി താമസിച്ചു എല്ലാ സന്ധ്യകളിലും ഒരുമിച്ചിരുന്നു കഥകൾ പറഞ്ഞിരിക്കണം എന്ന് പ്ലാൻ ചെയ്തതും അവരായിരുന്നു. (ഏതു context ലാണ് അങ്ങനെ ഒരു ആഗ്രഹം മുളപൊട്ടിയതെന്നു ഇപ്പൊ തീരെ ഓർമ്മ കിട്ടുന്നില്ല!!)പുസ്തകങ്ങളെപ്പറ്റി, സിനിമയെപ്പറ്റി, രാഷ്ട്രീയത്തെപ്പറ്റി, മനുഷ്യരെപ്പറ്റി ഒരിക്കലും തീരാത്ത കഥകൾ പറഞ്ഞത് അവരായിരുന്നു. ചേച്ചി വിവാഹിതയായി പോയപ്പോൾ അനിയത്തി കത്തുകൾ  എഴുതാൻ തുടങ്ങി, ഒരു കടലോളം വിശേഷങ്ങൾ ഉൾക്കൊള്ളിച്ച വെള്ളക്കടലാസ്സുകൾ. (വിശേഷങ്ങളുടെ ഭാരം കാരണം അന്ന് പത്തു രൂപയുടെ ഒക്കെ സ്റ്റാമ്പ് മേടിച്ചു ഇന്ത്യൻ പോസ്റ്റൽ സർവീസ് നെ നന്നായി പരിപോഷിപ്പിച്ച കാലം!!)   ചേച്ചിയെ കാണാതെ  ഇരുന്നാൽ എങ്ങനെ survive ചെയ്യുമെന്ന് ഒരുകാലത്തു ആശങ്കപ്പെട്ടിരുന്നവൾ ഇന്ന് കാതങ്ങൾ അകലെ..ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഫോൺ ചെയ്തു വിശേഷങ്ങൾ പറഞ്ഞും ജീവിക്കാമെന്ന് കാലം അവളെ പഠിപ്പിച്ചു കൊടുത്തു. ഇടയ്ക്കിടെ നാട്ടിലൊന്നോടിപ്പോയി ജീവശ്വാസം എടുത്തു വരുന്നത് പോലെ ചേച്ചിയെ കണ്ടു മടങ്ങുന്നവൾ ആയി അനിയത്തി.

sis2

ഉള്ളു നിറഞ്ഞു തുളുമ്പി ഒരു കടലോളം ആഴത്തിൽ, ഒരാകാശത്തോളം വ്യാപ്തിയിൽ നിറഞ്ഞു നിൽക്കുന്നവരെക്കുറിച്ചു ഒറ്റ പേജിൽ, ചില വരികളിൽ ഒതുക്കാനാവില്ല എന്നറിഞ്ഞു  കൊണ്ട് ഒരിക്കലും എഴുതില്ല, എഴുതി തീർക്കില്ല എന്ന് കരുതി വെച്ചതായിരുന്നു. പക്ഷെ ഇന്ന് തോളോട് തോൾ ചേർന്ന്, സ്നേഹത്തിന്റെ ഒരു ക്ഷീരപഥം ചിരിയിൽ ഒളിപ്പിച്ച രണ്ടു പഴയ കുട്ടികളുടെ ഒരു പഴയ ഫോട്ടോ അവിചാരിതമായി കണ്ടപ്പോൾ മനസ്സിൽ സന്തോഷത്തിന്റെ, സങ്കടത്തിന്റെ വേലിയേറ്റം. (ആ ചിത്രത്തിന് വേണ്ടത്ര തെളിച്ചമുണ്ടാകില്ല, പക്ഷെ ഓർമ്മകൾക്ക് ഏറെ തെളിച്ചമുണ്ട്..) എഴുതിക്കൊണ്ടിരുന്ന travel  diaries വിട്ടിട്ട്, എഴുതാതിരിക്കാൻ വയ്യാത്തവണ്ണം വാക്കുകൾ വന്നു തൊട്ടു  വിളിച്ചപ്പോൾ എഴുതുന്ന ചില വരികൾ ആണിത്. ചിലർ ചില വരികളിൽ ഒതുങ്ങില്ല..എങ്കിലും ചില നിമിഷങ്ങളിൽ തുളുമ്പി തൂവിപ്പോകുന്നതു പോലെ സംഭവിച്ചു പോയതാണീ ബ്ലോഗ്..

ഓണക്കോടി


ഓണം പടി വാതിലിൽ എത്തി നിൽക്കുന്നു. നവമിക്കും നിവിക്കും ഓണക്കോടി എടുത്തില്ല ഇത് വരെ.ഞാൻ ഓർക്കുകയായിരുന്നു ഓണക്കോടി എന്നുള്ളത് എത്രയോ വിലപ്പെട്ടതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തു. ഇന്നിപ്പോൾ തിരിയുമ്പോഴും പിരിയുമ്പോഴും പുതിയ ഡ്രസ്സ് എടുക്കുന്നത് കൊണ്ട് ഓണക്കോടി കിട്ടുന്നതിന്റെ ആ ത്രില്ല് ഒന്നും പിള്ളേർക്കറിയില്ല. വര്ഷങ്ങള്ക്കു മുൻപ് ‘അമ്മ വാങ്ങിച്ചു തരുമായിരുന്നു ഓരോ ഓണക്കോടിയുടെയും നിറവും മണവും ഇപ്പോഴും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.

pic1

മൂന്നു പെൺകുട്ടികൾ ഉള്ള വീട്ടിൽ നിറങ്ങളാൽ സമൃദ്ധമായ ഓണം ഒരുക്കുന്നത് അമ്മയായിരുന്നു. ഓണക്കോടി വാങ്ങാനായി അമ്മ പലപ്പോഴും ഒറ്റക്കായിരുന്നു പോയിരുന്നത്. എല്ലാത്തിനെയും പൊക്കി കൊണ്ട് പോയാൽ selection കുളമാക്കി കൈയ്യിൽ കൊടുക്കും എന്ന് അമ്മക്ക് ഉറപ്പായിരുന്നു. അമ്മ ഓണക്കോടി എടുക്കാൻ ചെങ്ങന്നൂർ പോയി മടങ്ങി വരുന്നത് വരെ പടിക്കലേക്കു കണ്ണും നട്ടു ഞങ്ങളുടെ  ഒരു  കാത്തിരിപ്പുണ്ട്! അതിന്റെ ആ ത്രിൽ ഇപ്പോഴും മറക്കാനാവുന്നില്ല. വന്നു കഴിഞ്ഞു കവർ തുറന്നു അത് കാണുമ്പോൾ ഉള്ള ആ ഒരു സന്തോഷം. അമ്മയും ഞങ്ങളും ഒരു പോലെ ആസ്വദിക്കുന്ന നിമിഷങ്ങൾ ആയിരുന്നു. അളവിലോ നിറത്തിലോ പാകത്തിലോ ഒന്നും ഒരിക്കലും അമ്മയുടെ കണക്കു കൂട്ടലുകൾ പിഴച്ചിരുന്നില്ല. ‘അമ്മ ഓണക്കോടി എടുത്താൽ അത് 100 % satisfaction guaranteed ആയിരുന്നു ഞങ്ങൾക്ക്. അത് ഞങ്ങൾ അമ്മ- മക്കൾ തമ്മിലുള്ള ആ ശരിയായ  equationൻ്റെ  ഒരു അനുരണനനം കാരണമായിരുന്നിരിക്കണം.

ഞാൻ എന്റെ മക്കൾക്ക് ഇത് പോലെ സമൃദ്ധമായ എന്ത് ഓർമ്മകൾ ആണാവോ കൊടുക്കുന്നത്..? അതോ എന്തെങ്കിലും കൊടുക്കുന്നുണ്ടാവുമോ ആവോ? കാലം തെളിയിക്കേണ്ടതാണ്. ഓണക്കോടിയുടെ ത്രില്ല് ഒന്നും എന്തായാലും കൊടുക്കാൻ കഴിയുന്നില്ല. ഓർമ്മകൾ, നന്മകൾ, നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ഇതൊക്കെ എങ്കിലും കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്നൊരു പ്രാർത്ഥന മാത്രം. അവർ ചോദിക്കുന്നത് ഒരുമാതിരി  ഒക്കെ കൊടുക്കാൻ ഉള്ള financial independence ദൈവം  സഹായിച്ചു അവരുടെ അമ്മക്ക് ഇപ്പോഴുണ്ട്. പക്ഷെ materialistic അല്ലാതെ, experiences കൊടുക്കാൻ കഴിയണം എന്നാണ് എന്റെ ആഗ്രഹം. അമ്മ ഞങ്ങൾക്കു തന്നത് experiences ആണ്. അത് കൊണ്ടാണ് ഓണക്കോടി  എന്ന വാക്കു എവിടെ എങ്കിലും കേട്ടാൽ, വായിച്ചാൽ അമ്മയെ ഓർമ്മ വരുന്നത്.

ഇന്നിപ്പോൾ  ഒരായിരം നിറങ്ങൾ എന്റെ അലമാരയിൽ ഇരുന്നു ചിരിക്കുന്നുണ്ട്. മനോഹരമായവ, പുതുമണം മാറാത്തവ, online purchase ചെയ്തവ, കടകൾ കയറിയിറങ്ങി വാങ്ങിയവ, പ്രിയതമൻ സമ്മാനിച്ചവ, അനിയത്തിയുടെ അലമാരയിൽ നിന്നും കടം കൊണ്ടവ, എങ്കിലും അതിനൊന്നിനും കുട്ടിക്കാലത്തു അമ്മ വാങ്ങി തരുമായിരുന്നു ഓണക്കോടിയുടെ സന്തോഷം പകർന്നു തരാനാവുന്നില്ല. ഇതൊക്കെ ആലോചിക്കുമ്പോൾ ആണ് വളരണ്ടായിരുന്നു എന്ന് തോന്നി പോകുന്നത്. കൊടുകുളഞ്ഞിയിലെ പണ്ടത്തെ വീടിന്റെ പടിവാതിലിൽ പോയിരുന്നു പടിക്കലേക്കു Nelson bus കടന്നു പോകുന്നോ എന്നു നോക്കിയിരിക്കുന്ന, അമ്മ ചെങ്ങന്നൂർ പോയി പണ്ടത്തെ Dress Land ൽ നിന്നോ സൂര്യയിൽ നിന്നോ , മഹേശ്വരിയിൽ നിന്നോ ഉള്ള മൂന്നു  കവർകളുമായി കടന്നു വരുന്നതും കാത്തിരിക്കുന്ന ആ ആറു കുഞ്ഞിക്കണ്ണുകളെ എനിക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞെങ്കിൽ..

മാമ്പഴക്കാലം


മാവെല്ലാം നിറയെ പൂത്തിരിക്കുന്നു എന്ന് കേട്ട നാൾ മുതൽ നാട്ടിൽ പോകാൻ മനസ്സ് കൊതി തുള്ളുന്നു. എനിക്കും ഒരു വേനലവധിക്കാലം ഉണ്ടായിരുന്നെങ്കിൽ..ഭൂമി തരുന്ന സമ്മാനങ്ങളിൽ ഏറ്റവും മികച്ച രണ്ടെണ്ണമാണ് മഴയും മാമ്പഴക്കാലവും. രണ്ടും ഒരുമിച്ചു വന്നാൽ അതിനേക്കാളും വലിയ ഒരു സ്വർഗ്ഗം ഇല്ലെന്നു തോന്നുന്നു. കല്ലൂപ്പാറയിലെ പഴയ മാമ്പഴക്കാലങ്ങൾ ഓർമ്മയിലേക്ക് ഓടിയെത്തുന്നു..ചോറുണ്ണാൻ ഒരു മാമ്പഴം മോഹിച്ചു നിൽക്കുന്ന വെള്ളിക്കൊലുസ്സിട്ട ആ പഴയ പെൺകുട്ടിക്ക് മുൻപിലേക്ക് കാറ്റിൽ  വീഴുന്ന ഒരു കുല ഹരിത സ്വർണ്ണ വർണ്ണങ്ങൾ ഇടകലർന്ന മാമ്പഴങ്ങൾ. ആ ഓർമ്മ തന്നെ എത്ര മോഹനമാണ്..ഇവിടെയീ ബാംഗ്ലൂർ നഗരത്തിൽ ഹൈപ്പർ മാർക്കറ്റ് ൽ അടുക്കിയടുക്കി വെച്ച കാർബൈഡ് കുത്തി വെച്ച, ഫുൾ makeup ഇട്ട നടിയെ  ഓർമ്മിപ്പിക്കുന്ന metrocity മാമ്പഴങ്ങൾക്കൊന്നും ആ ഒരു പഴയ മധുരവും ഫീലും ഒരു കാലത്തും പകർന്നു തരാൻ  ആവില്ല. ഒരിക്കൽ വീടിനടുത്തുള്ള Fruit Market ഇൽ (വളരെ വലിയ Centralized Hub for Fruits ആണ് )മാമ്പഴക്കാലത്തു സന്ദർശനം നടത്തിയപ്പോൾ അവിടെ കണ്ട കാഴ്ചകളിൽ മനം മടുത്തു മാമ്പഴത്തോട് തന്നെ വിരക്തി തോന്നിയിരുന്നു. അത്രയ്ക്ക് മരുന്നാണ് അവർ അവിടെ വെച്ച് തന്നെ spray ചെയ്യുന്നത്. വീട്ടിലൊരു മാവും ആ മാവിൽ അവധിക്കാലം നിറയെ മാമ്പഴവും ഇതൊക്കെ ആയിരുന്നല്ലോ നമ്മുടെ ഒക്കെ ബാല്യ കൗമാരങ്ങൾ ധന്യമാക്കിയിരുന്നത്.

 

Mango 1

കൊടുകുളഞ്ഞിയിലെ ഞങ്ങളുടെ വീടിന്റെ പിന്നിലായി കാവിലേക്കു പോകുന്ന വഴിയിൽ ഒരു വലിയ മൂവാണ്ടൻ മാവുണ്ടായിരുന്നു. അത് തന്നിരുന്ന കനി മധുരം ഇന്നും നാവിൽ നിറഞ്ഞു തുളുമ്പുന്നു. പിന്നീട് വീട് പണിക്കാലത്തു ആ മാവു ഏതോ കതകുകളോ  ജനലുകളോ ഒക്കെയായി രൂപാന്തരം പ്രാപിച്ചത് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയാണ്.സമ്മാനങ്ങളുമായി വർഷത്തിലൊരിക്കൽ വരുന്ന ഒരു പ്രിയബന്ധുവിനെ പോലെ എല്ലാ വർഷവും നിറയെ മധുര കനി തന്നിരുന്ന ആ ഫല വൃക്ഷം ഇല്ലാതായി പോയല്ലോ എന്നോർക്കുമ്പോൾ സങ്കടം. പകരമൊരുപാട് പുതിയ മാവുകൾ വന്നുവെങ്കിലും ആ മാവ് ഇന്നും ഒരു നഷ്ടസ്വപ്നമായി നിൽക്കുന്നു. വീടിനു മുൻപിലത്തെ കിളിച്ചുണ്ടൻ മാവ് ഇപ്പോഴുമുണ്ട്. നിറയെ കായ്ക്കും എല്ലാക്കൊല്ലവും. പക്ഷെ നിന്ന് പഴുക്കാൻ വിട്ടാൽ  എല്ലാത്തിലും പുഴു കയറും. പച്ച ആയിരിക്കുമ്പോഴേ പറിച്ചു വെച്ചാൽ രക്ഷപ്പെടുത്താം. എത്രയോ സ്റ്റഡി ലീവ് ദിനങ്ങളിൽ ആ കിളിച്ചുണ്ടൻ മാമ്പഴം അമ്മൂമ്മയെ കൊണ്ട് തൊലി കളയിപ്പിച്ചു  നല്ല rectangular കഷ്ണങ്ങളായി മുറിപ്പിച്ചു, ഉപ്പും മുളകും മേമ്പൊടി ചേർത്ത് മുൻപിൽ പുസ്തകവും തുറന്നു വെച്ച് പഠിക്കാതെ ആവോളം സ്വപ്നം കണ്ടു മതി മറന്നിരുന്ന ഒരു പഴയ കൗമാരക്കാരിയെ എനിക്കിന്നും കാണാം.

 

mazha1

 

പിന്നെയൊരു കാലത്തു സ്വന്തം വീടും നാടും വിട്ടു മറ്റൊരു നഗരത്തിലേക്കു ചേക്കേറുമ്പോൾ ഓരോരുത്തർക്കും വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് എന്തൊക്കെയാണ്..പ്രിയപ്പെട്ടവർ എല്ലാം ഒരു വിളി ദൂരത്തിനപ്പുറം, ഒരു രാത്രി ദൂരത്തിനപ്പുറം ഉണ്ടെങ്കിലും ഒന്നും ഒരിക്കലും പഴയതു പോലെയാവില്ലല്ലോ. കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങൾക്കു തടയിടാനാവില്ല എന്നറിയാം .എങ്കിലും അങ്ങ് ജന്മ നാടിന്റെ മടിത്തട്ടിൽ മാവ് പൂത്തു എന്ന് കേൾക്കുമ്പോൾ, കണ്ണിമാങ്ങകൾ ഉണ്ടായി തുടങ്ങി എന്ന് കേൾക്കുമ്പോൾ, തോരാതെ മഴ പെയ്യുന്നു എന്ന് കേൾക്കുമ്പോൾ, ചക്ക വരട്ടുന്നു എന്ന് കേൾക്കുമ്പോൾ, ഓണം വരാറായി എന്ന് കേൾക്കുമ്പോൾ, ഗൃഹാതുരതയുടെ ആർദ്രമായ ഒരു പുതപ്പെടുത്തു തല മൂടിയിരുന്ന് ആരും കാണാതെ ഉള്ളിൽ വിതുമ്പുന്ന ഒരു ചെറിയ പെൺകുട്ടി എന്റെ ഉള്ളിലും ഉണ്ട്. ദൂരങ്ങൾ പ്രിയതരമായ ഓർമ്മകളുടെ സമൃദ്ധിയിൽ തോൽപ്പിക്കാൻ ശ്രമിക്കുന്ന, മനസ്സ് കൊണ്ട്, ഹൃദയ ബന്ധങ്ങൾ കൊണ്ട് എന്നും സമ്പന്നയായ ഒരുവൾ.

അവൾ ഓർമ്മകളുടെ മഴക്കാലത്തിലേക്കു ഒരിക്കൽ കൂടി ഒന്ന് നനഞ്ഞിറങ്ങി ആ മഴയിൽ വീണ ഒരായിരം മധുരക്കനികൾ നുണഞ്ഞിങ്ങനെയിരുന്നു..കാലദേശങ്ങളും സമയവും ഒന്നുമോർമ്മിക്കാതെ.

വേനലവധിക്കാലത്തു അപ്പൂപ്പനും അമ്മൂമ്മക്കും ഒപ്പം നാട്ടിൽ പോകാൻ ഒരുങ്ങിയിരിക്കുന്ന എന്റെ രണ്ടു പെണ്കുട്ടികളോടും എനിക്ക് ഇപ്പോഴേ കടുത്ത അസൂയ ആണ്. കഴിഞ്ഞ അവധിക്കാലത്തും അവർ നാട്ടിൽ പോയി ആവോളം മാങ്ങയും ചക്കയും ചാ മ്പ ക്കയും ഒക്കെ കഴിച്ചു വന്നു. മാങ്ങ മരത്തിൽ നിന്ന് ഫ്രീ ആയി കിട്ടും എന്ന് എന്റെ പിള്ളേർക്ക് അന്നാണ് എന്ന് തോന്നുന്നു മനസിയിലായതു!

kids

 

ഇനി അധികം അകലെയല്ലാത്ത ഒരു കാലത്തു പഠനവും തിരക്കുകളും പുതിയ ലോകങ്ങളും പുതു കാഴ്ചകളും അവരുടെ അവധിക്കാലങ്ങൾ കവർന്നെടുക്കുന്നതിനു മുൻപുള്ള ഈ മധുര ബാല്യത്തിൽ അവർ ജന്മനാടിന്റെ മടിത്തട്ടിൽ പ്രിയപ്പെട്ടവരുടെ സ്നേഹത്തണലിൽ നിറയെ മാമ്പഴ മധുരം നുണയട്ടെ. അങ്ങനെ നാളെ അവരും എന്നെ പോലെ ഓർമ്മകളുടെ സമ്പത്സമൃദ്ധിയിൽ ധന്യരാവട്ടെ.ഏതു വറുതിയിലും ഒരിറ്റു ദാഹ ജലമാകാൻ , മുന്നോട്ടു പോകാനുള്ള ഊർജ്ജമാവാൻ ഇത് പോലെ ഗൃഹാതുരമായ ചില ഓർമ്മകൾക്ക് കഴിയും. മുന്നിലെ കാഴ്ചകളുടെ മോഹവേഗങ്ങൾ തേടി പോകുമ്പോഴും ഇടക്കെപ്പോഴെങ്കിലും പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു, വീണ്ടും യാത്ര തുടരാൻ  നാളെ ഒരുനാൾ അവർക്കും  കഴിയട്ടെ..

‘മധുര’ സ്മരണകൾ 


 

വെറുതെ ഒന്ന് dentist നെ കാണാൻ പോയി. 4 പല്ലിനു root canal ഉം, 6cap ഉം, പിന്നെ രണ്ടെണ്ണത്തിന് ഫില്ലിംഗ് ഉം. ഇത്രേം മാത്രം ചെയ്ത മതി അത്രേ! ഒരു കടലാസ്സും തന്നു. Budget Estimation ആണത്രേ..വീടിന്റെ ആധാരം കൂടി എടുത്തോണ്ട് വരാമായിരുന്നു എന്ന മട്ടിൽ ഞാനും പ്രിയതമനും കണ്ണിൽ കണ്ണിൽ നോക്കി. പല്ലുള്ളപ്പോൾ പല്ലിന്റെ വില അറിയില്ലല്ലോ.പണ്ട് സ്വാമിയുടെ കടയിൽ നിന്നും വാങ്ങി തിന്ന നാരങ്ങാ മുട്ടായികൾ എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ ഒരു തോന്നൽ.

 

pannapenne

മധുരം പണ്ടേ ഒരു weakness ആയിപ്പോയി. ഇപ്പോഴും ഓഫീസിൽ ഞാൻ അറിയപ്പെടുന്നത് sweets ഏറ്റവും ഇഷ്ടമുള്ള ആൾ എന്നാണു. എവിടെ ടീം ലഞ്ച് നു പോയാലും അവർ എനിക്കായി ആദ്യം dessert സെക്ഷൻ ഓർഡർ എടുക്കും. അല്ലാത്ത എന്ത് ഐറ്റംസ് ആണെങ്കിലും ജീവൻ കിടക്കാൻ വേണ്ടത്ര മാത്രമേ ഞാൻ കഴിക്കൂ എന്ന് അവർക്കറിയാം. പഴയ ചില ‘മധുര’ സ്മരണകളിലേക്കു..

പണ്ട് വീടിന്റെ തൊട്ടു മുന്നിലായി ഞങ്ങൾക്ക് ഒരു രണ്ടു മുറി കട ഉണ്ടായിരുന്നു. അതിൽ ഒന്ന് ആയിരുന്നു സ്വാമിയുടെ കട. പേരൊന്നും ഇല്ലാത്ത ഒരു നാടൻ  കട. നാരങ്ങാ വെള്ളവും മുട്ടായിയും മുറുക്കാനും ഒക്കെ മാത്രം കിട്ടുന്ന ഒരു കുഞ്ഞിക്കട. നീണ്ടു വെളുത്ത താടിയുള്ള ഒരു അപ്പൂപ്പൻ ആയിരുന്നു കട നടത്തിയിരുന്നത്. അവിടെ പോയി മുട്ടായി മേടിച്ചു തിന്നുക എന്നതാണ് എന്റെ daily routine ന്റെ ഭാഗം ആയിരുന്നു. അച്ഛൻ ഇപ്പോഴുംപറയുന്നത് കേൾക്കാം ” പണ്ട് ആ സ്വാമിയുടെ കടയിൽ വിറ്റിരുന്ന പകുതി മുട്ടായിയും വാങ്ങിച്ചു തിന്നത് ഇവൾ ആയിരുന്നു ന്ന് ” Hridya അന്ന് ജനിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ എനിക്ക് ഒറ്റയ്ക്ക് ഈ ചീത്തപ്പേര് ചുമക്കേണ്ടി വരില്ലായിരുന്നു!! ചേച്ചി പിന്നെ പണ്ടേ വൻ decent teams ആയിരുന്നു. ബൂസ്റ്റ് ഒന്നും കട്ട് തിന്നുകേമില്ല കട്ട് തിന്നുന്ന ഞങ്ങളെ ഒറ്റു കൊടുക്കുവേം ചെയ്യും ” എന്നതായിരുന്നു ചേച്ചിയുടെ ഒരു ലൈൻ. പറഞ്ഞൂ വന്നത് സ്വാമിയുടെ കടയെ പറ്റി  ആയിരുന്നല്ലോ. പിന്നീട് ആ സ്വാമി ഒരു പകൽ നേരം ആ കടയിൽ വെച്ച് ഹാർട്ട് അറ്റാക്ക് വന്നു കുഴഞ്ഞു വീഴുകയും, ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴിക്കു മരിച്ചു പോവുകയും ചെയ്തത് വേദനയുള്ള ഒരു ഓർമ്മയാണ്. ഇനി എന്റെ മുട്ടായി തീറ്റ കണ്ടിട്ടെങ്ങാനും ആവുമോ പുള്ളിക്ക് ഹാർട്ട് അറ്റാക്ക് വന്നത്?

 

പിന്നീട് സ്ക്കൂളിൽ ജെയിംസ് ചേട്ടന്റെ store ആയി ശരണം. Asha R Pillai ആയിരുന്നു എന്റെ ‘മധുരദാതാവ്’. 5 പൈസ പോലും കൈയ്യിൽ എടുക്കാനില്ലാത്ത ദരിദ്രവാസിയായ എന്നെ ബോംബെമുട്ടായിയും തേൻ മുട്ടായിയും ഒക്കെ വാങ്ങി തന്നു തീറ്റി പോറ്റി  വളർത്തിയ ആശയോട് ഇന്നും തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും ആണെനിക്ക്. Christian College ൽ  ആയപ്പോഴേക്കും വണ്ടിക്കൂലിയിൽ നിന്നും save ചെയ്തതൊക്കെ വെച്ച്  സ്വന്തമായി മുട്ടായി മേടിക്കാനുള്ള വരുമാനം ഒക്കെ ആയി തുടങ്ങി. Pre dregree ക്ക് Ajithsir ന്റെ ട്യൂഷൻ കഴിഞ്ഞു രാവിലെ ക്രിസ്ത്യൻ കോളേജ് ലേക്ക് നടന്നു തീർക്കേണ്ട വഴിത്താരയിലെ ബോറടി മാറ്റാൻ ഞാനും അനുവും  കൂടി എത്രയോ തവണ Magic എന്നൊരു ചോക്ലേറ്റ് വാങ്ങി കഴിക്കുമായിരുന്നു..ഡിഗ്രി ക്കും എം.എസ്സി ക്കും ഒന്നും അത്ര ചോക്ലേറ്റ് ഉം മധുരവും ഒന്നും കഴിച്ചു തകർത്ത ഓർമ്മയില്ല. പ്രിയ സൗഹൃദങ്ങളുടെ തീരാമധുരിമയിൽ മനസ്സ് നിറഞ്ഞിരുന്നത് കൊണ്ടാവും.

കാര്യവട്ടത്തെ നിന്നും കൊടുകുളഞ്ഞിയിലേക്കുള്ള യാത്രകളിൽ ആണ് പിന്നെ diary milk എന്റെ സഹയാത്രികയാവുന്നതു. ഒറ്റക്കങ്ങനെ സ്വപ്നം കണ്ടു ചോക്ലേറ്റ് ഉം തിന്നു ട്രാൻസ്‌പോർട് ബസ് ലെ യാത്ര..ഓർത്തിട്ടു ഇപ്പോഴും കൊതിയാവുന്നു..പ്രിയതമനെ കൊണ്ട് Cadburys Temptations chocolate വാങ്ങിപ്പിച്  courier അയപ്പിച്ചത് ആ കാലത്തായിരുന്നു. പ്രിയതമൻ ഒരിക്കൽ UK ട്രിപ്പ് കഴിഞ്ഞു വന്നത് ഒരു ചാക്ക് chocolates ഉം കൊണ്ടായിരുന്നു. അന്ന് diary milk bubbly കഴിച്ചപ്പോഴാണ് ഇവിടുത്തെ diary milk നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത്. (കടപ്പാട് സുരാജ് വെഞ്ഞാറമൂട്)

ഇപ്പൊ രണ്ടു പിള്ളേർ ഒക്കെ ഉള്ളോണ്ട് മര്യാദക്ക് ഒരു ചോക്ലേറ്റ് പോലും തിന്നാൻ ആവുന്നില്ല. രണ്ടെണ്ണവും മണത്തറിയും. എന്നെ വെല്ലുന്ന sweets പ്രേമികൾ ആയിട്ടാണ് രണ്ടെണ്ണവും വളർന്നു വരുന്നത്. എങ്കിലും ഇടയ്ക്കു വല്ലപ്പോഴും പഴയ ഓർമ്മകൾ അയവിറക്കാൻ ഇപ്പോഴും ഞാൻ Boost കട്ട് തിന്നാറുണ്ട്!
പറഞ്ഞു വന്നത് ഇതാണ്..ഒരുപാട് മധുരസ്മരണകൾ ഉണ്ട്. അതൊക്കെ കൊള്ളാം . പക്ഷെ dentist തന്ന ഒരു budget estimation paper കാണുമ്പോൾ ഈ മധുരം ഒക്കെ മറന്നു ഒരു വല്ലാത്ത കയ്പ്പ് തോന്നും. അത് ഒന്നിന്റേതുമല്ല  കൈയ്യിൽ നിന്നും കാശിങ്ങനെ  ഇറങ്ങി dentist ന്റെ പോക്കറ്റിലേക്കു പോകുന്നത് കാണുന്നതിന്റെയാ ..

Root Canal മഹാമഹതിന്റെയും വൻ budget ന്റെയും കാര്യം പറഞ്ഞപ്പോൾ   ചേച്ചിയുടെ response ഇതായിരുന്നു “Anyways, you can treat your teeth with your own cash. So you dont need to be worried about it”  എന്നാണ്.  അത് കേട്ടപ്പോൾ കുറച്ചൊരു സമാധാനമായി!!
ഇനി Diabetes വരുന്നത് എന്നാണാവോ ? ‘അമ്മ പാരമ്പര്യത്തിൻറെ പകിട്ടും വേണ്ടുവോളം ഉണ്ട് ഈ അസുഖം വരാൻ. എന്തായാലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല. “ചിന്തിച്ചാൽ ഒരു അന്തവും ഇല്ല, ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും”..അത് കൊണ്ട് കൂടുതൽ ചിന്തിക്കുന്നില്ല..

‘You Can Heal Your Life’ എന്ന പുസ്തകത്തിൽ വായിച്ചു ഓരോ അസുഖം വരുന്നതിന്റെയും കാരണങ്ങൾ. അതിൽ diabetes വരാൻ ഉള്ള കാരണമായി പറയുന്നത് ” നിങ്ങള്ക്ക് ജീവിതത്തിന്റെ മധുരം  നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് ആവും diabetes വരുന്നത് എന്നാണ്. ജീവിതത്തിന്റെ മധുരം ഒരിക്കലും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ രക്ഷയുണ്ടാവും. അതോ അങ്ങനെ ഒരു option ഇല്ലേ ? അറിയില്ല..

ഓണം


Indian Railway Tatkal Services കനിഞ്ഞ്‌ അനുവദിച്ചത് കൊണ്ടു മാത്രം ഇക്കുറി നാട്ടിൽ ഓണം കൂടാനായി. മഴയിൽ കുതിർന്നതെങ്കിലും മധുരമുള്ള ഓണം ആയിരുന്നു. രണ്ടര ദിവസം കൊണ്ട് പ്രിയപ്പെട്ടവരുടെ വീടുകളിൽ ഒരോട്ട പ്രദക്ഷിണം. ഓരോ വീട്ടിലെയും ഉപ്പേരിക്കും, ശർക്കരപുരട്ടിക്കും, കളിയടക്കക്കും, അരി മുറുക്കിനും വ്യത്യസ്ഥമായ സ്വാദും. ഇനിയും നാഗരികതയുടെ നീരാളിക്കൈകൾ അശുദ്ധമാക്കിയിട്ടില്ലാത്ത മറ്റൊരു ഓണം കൂടി എന്റെ നാടിന്റെ മടിത്തട്ടിലിരുന്ന്  ഉണ്ണാൻ കഴിഞ്ഞു എന്നതിന്റെ സന്തോഷം മനസ്സിലാകെ..

Pookkalam

ചെമ്പരത്തിയും, തുമ്പയും തങ്ങളുടെ നിറസാന്നിദ്ധ്യം അറിയിക്കുന്ന കുടകുത്തിയ നാടൻ പൂക്കളം ഒരിക്കൽ കൂടി ഞാൻ കണ്ടു. ഒരു ചെറു ജീവിപോലും   പോലും ഓണത്തിന് വിശന്നിരിക്കാതിരിക്കാൻ പണ്ടത്തെ പോലെ അരിമാവിൽ കൈമുക്കി കതകിലും, ഭിത്തിയിലും അടയാളം പതിച്ച് ‘ഗൌളിയൂട്ട്‌’ നടത്തി.എല്ലാ കഷ്ണങ്ങളും ഒരു പോലെ ഇരിക്കാത്ത മുഴുവട്ടവും,അരവട്ടവും ആയ ഏത്തക്ക ഉപ്പേരി തിന്നു. ഇഞ്ചിക്കറിയും , നാരങ്ങ കറിയും, കടുമാങ്ങയും സഹിതം എല്ലാ വിഭവങ്ങളുമായി വീട്ടിലുണ്ടാക്കിയ ഓണസദ്യ ഉണ്ടു . ഓണ്‍ലൈൻ ഗെയിംസ് നമ്മുടെ അലസനിമിഷങ്ങൾ  കയ്യേറുന്ന കാലത്തിനു മുൻപ് ഉണ്ടായിരുന്ന കസേര കളിയും, ‘ഇട്ടൂലി പാത്തൂലി ‘ കളിയും ഒരിക്കൽ കൂടി കണ്ടു. ഒരു ഓണത്തിന് പോലും മുടങ്ങാത്ത  അമ്മയുടെ ഓണക്കോടിയും കിട്ടി. തിരുവോണത്തിന് ക്ഷേത്രമുറ്റത്ത്‌ പതിവുള്ള പായസ മധുരവും നുകർന്നു . ഇനിയും നാടൻ തനിമ നഷ്ടമാകാത ഒരു ഓണം കൂടി എനിക്ക് കൂടാൻ, ഞങ്ങളുടെ നവമിക്ക് കാണിച്ചു കൊടുക്കാൻ കഴിഞ്ഞതോർത്ത് മനസ്സ് നിറയുന്നു.

Onam Collage

ഒടുവിൽ  തിരുവോണ ദിവസം ഉച്ച തിരിഞ്ഞപ്പോൾ മൈലപ്ര യിലെ  തറവാട്ടുമുറ്റത്തെ ഓണക്കളികൾക്കിടയിൽ നിന്ന് ഞങ്ങളുടെ നവമിയെ  അടർത്തിയെടുത്തു കൊണ്ട് ചെന്നൈ ബസ്‌ പിടിക്കാൻ  ഓട്ടപാച്ചിൽ നടത്തുമ്പോൾ നിറകണ്ണുകളോടെ അവൾ കെഞ്ചി ” ഓണം തീർന്നില്ലമ്മാ …ഞാൻ ഒരു competition കൂടി കണ്ടോട്ടെ…!!”. കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു പറിച്ചെടുത്തു കൊണ്ട് പോരുമ്പോൾ ഒരു ഓർമ്മപ്പൂക്കളം  ഉൾമഴയിൽ  നനഞ്ഞു കുതിരുന്നുണ്ടായിരുന്നു..

ചെന്നൈ വണ്ടിയിൽ ഇരിക്കുമ്പോൾ പടിയിറങ്ങിപ്പോകാൻ നില്ക്കുന്ന ഓണത്തെ നോക്കി മൗനമായി പ്രാർത്ഥിച്ചു ..

നാട്ടിൻ പുറത്തിന്റെ  നന്മകൾ ചോരാത്ത, പ്രിയപ്പെട്ടവരുടെ സ്നേഹമഴയിൽ നനഞ്ഞുകുതിരുന്ന അനേകം ഓണക്കാലങ്ങൾ  എന്റെ മകൾക്ക് സമ്മാനിക്കുവാൻ കാലത്തിനു കഴിയട്ടെ എന്ന്…
ആളും ആരവങ്ങളും , ആഘോഷങ്ങളും ഇഷ്ടപ്പെടുന്ന, നാടിനെ സ്നേഹിക്കുന്ന ഈ മനസ്സ് അവൾക്കു ഒരു കാലത്തും കൈമോശം വരാതിരിക്കട്ടെ എന്ന്…
ഏതു  നാഗരിക സൗഭാഗ്യങ്ങൾ പ്രലോഭനങ്ങളായി വന്നാലും  നാടും, വീടും, പ്രിയപ്പെട്ടവരും, പഴയ ഓർമ്മകളും പകരം വയ്ക്കാനാവാത്ത നിധിയായി അവളുടെ  മനസ്സിന്റെ ആഴങ്ങളിൽ നിലനില്ക്കട്ടെ എന്ന്…

Navami Onam

കക്കാടിന്റെ സഫലമീ യാത്രയിലെ വരികൾ ഓർമ്മ വരുന്നു..

“കാലമിനിയുമുരുളും…
വിഷു വരും വര്‍ഷം വരും തിരുവോണം വരും
പിന്നെയൊരോ തളിരിന്നും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും എന്തെന്നും
ആര്‍ക്കറിയാം.”..

ഉത്സവക്കുട്ടി


വീണ്ടും ഒരു ഉത്സവത്തിന്‌ കൂടി കൊടിയേറി പിന്നെ പത്തു ദിവസങ്ങള്‍ക്കു ശേഷം കൊടിയിറങ്ങുകയും ചെയ്തിരിക്കുന്നു. അതില്‍ വെറും മൂന്നു ദിവസങ്ങള്‍  മാത്രമേ എനിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും ആ മൂന്നു ദിവസങ്ങളിലെ ഓരോ നിമിഷങ്ങളില്‍ കൂടിയും ഞാന്‍ ഒഴുകി നടന്നു. അതെനിക്ക് ഓര്‍മ്മകളാല്‍ സമൃദ്ധമായ  എന്റെ ബാല്യത്തിലേക്കും, കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ മേളങ്ങളുടെ ഭൂതകാലത്തിലേക്കും ഉള്ള ഒരു തിരിച്ചു പോക്ക് സമ്മാനിച്ചു . ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞു നടക്കലുകളില്‍ ഇത് പോലെ പലതും എന്നെ മോഹിപ്പിക്കാറുണ്ട് ഇപ്പോള്‍……..

1 17-02-2013 11-35-23

ആറും, ഏഴും, എട്ടും ഉത്സവ ദിനങ്ങളോടു ചേര്‍ന്ന് നടന്നിട്ട് ഒടുവില്‍ എട്ടാം ഉത്സവ സായാഹ്നത്തില്‍ ചെന്നൈ മെയിലില്‍ മടക്കയാത്രക്ക്‌ ഇറങ്ങിയപ്പോള്‍ ഉള്‍ക്കോണില്‍  എവിടെയോ ഒരു പിന്‍വിളി.”ഉത്സവക്കുട്ടീ…നീയില്ലാതെ ഇവിടെയിതാ  ഒമ്പതാം ഉത്സവത്തിനും പത്താം ഉത്സവത്തിനും അരങ്ങൊരുങ്ങുന്നു , നീയതു കൂടാതെ മടങ്ങുകയാണോ?” എന്ന് . പക്ഷെ, വര്‍ത്തമാന കാലത്തിന്റെ കെട്ടുപാടുകളില്‍ കുരുങ്ങി ഞാന്‍ പിന്‍വിളി കേള്‍ക്കാതെ നടന്നു പോന്നു..

ഉത്സവം അമ്പലത്തില്‍ നടക്കുന്നതിനു എന്താ എത്ര ത്രില്‍, ഓര്‍മ്മകള്‍ എന്നൊക്കെ നിങ്ങള്‍ കരുതുന്നുണ്ടാവും .. ഉത്സവം എന്ന  അനുഭവത്തെക്കുറിച്ച് അതിന്റെ എല്ലാ തീവ്രതയോടും കൂടി അറിയണമെങ്കില്‍ ജീവിതത്തില്‍, പ്രത്യേകിച്ച് ബാല്യത്തില്‍ ഒരു ഉത്സവം എങ്കിലും കൂടണം.ഞങ്ങളുടെ നവമിയും ഇക്കുറി ആദ്യമായി ഉത്സവത്തിന്റെ മോഹക്കാഴ്ച്ചകളിലേക്ക് മിഴി തുറന്നു.

ഓര്‍മ്മകളുടെ ഉത്സവക്കാഴ്ച്ചകളിലേക്ക് ഞാന്‍ ഇനി ഒന്ന് കൂടി പോയി വരട്ടെ..
2
ഉത്സവം എന്നാല്‍ ഞങ്ങള്‍ക്ക് (എനിക്കും എന്റെ സഹോദരിമാര്‍ക്കും) ഒരു പറിച്ചു നടീലായിരുന്നു. എന്നും കണ്ടുമടുത്ത വീടെന്ന ലോകത്ത് നിന്നും നിറയെ ആളും മേളവും ഉള്ള തറവാട് വീട്ടിലേക്കുള്ള ഒരു പറിച്ചു നടീല്‍… വെറും പത്തു ദിവസത്തേക്ക് ആണെങ്കിലും  ആ മാറ്റം ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. നേര്‍ത്ത മകരക്കുളിരുള്ള പ്രഭാതങ്ങളില്‍ പി. ലീലയുടെ ശ്രവണ സുഭഗമായ ” നാരായണായ നമ ‘, എന്ന് തുടങ്ങുന്ന നാരായണീയം റെക്കോര്‍ഡ്‌ കേട്ട് കണ്ണ് മിഴിച്ചുഉണരുന്നിടത്ത് ഞങ്ങളുടെ ഉത്സവപ്പുലരികള്‍ക്ക് നാന്ദി കുറിക്കും. വെളുപ്പിനെ കുളിച്ചു സ്കൂള്‍ യൂണിഫോമും ഇട്ടു ആ പത്തു പ്രഭാതങ്ങളിലും ഞങ്ങള്‍ മൂവരും ക്ഷേത്ര ദര്‍ശനം നടത്തുമായിരുന്നു. സ്കൂളില്‍ പോകാന്‍ ഏറ്റവും മടി ഏറുന്ന  ഒരു കാലം കൂടിയാണ് ഉത്സവക്കാലം.
ആദ്യത്തെ കുറെ ദിവസങ്ങള്‍ വലിയ ഓളങ്ങള്‍ ഒന്നും ഇല്ലാതെ ശാന്തമായി കടന്നു പോകും. അഞ്ചാം ഉത്സവത്തിന്‌ ഉത്സവബലിയുണ്ട്. കൊട്ടും, മേളവും കര്‍പ്പൂര ഗന്ധവും, ഹവിര്‍ ഗന്ധവും  ഒക്കെയായി ഉത്സവബലി തൊഴുതിറങ്ങുമ്പോള്‍  ഒരു വര്‍ഷത്തെ പാപഭാരം മനസ്സില്‍ നിന്ന് ഒഴിയും എന്നാണ് വിശ്വാസം.
പഴയ രക്ഷസ്സംബലതിനു മുന്‍പിലായി വര്‍ണ്ണ ഭംഗിയേറിയ കാവടികളുടെ എണ്ണം കൂടുന്നതോടെ ഞങ്ങള്‍ക്ക് രസം ഏറും .
???????????????????????????????
എഴാം ഉത്സവ രാത്രിയില്‍ ‘ഹിഡിമ്ബന്‍’  പൂജയുണ്ട്. അര്‍ദ്ധരാത്രിയില്‍ കൊട്ട് തുടങ്ങുമ്പോള്‍ വിളിക്കണം എന്ന് അമ്മയെ പ്രത്യേകം പറഞ്ഞ്  ഏല്‍പ്പിച്ചിട്ട് ഞങ്ങള്‍ കിടന്നുറങ്ങും. ഒടുവില്‍ രാത്രി അമ്മ വിളിക്കുമ്പോള്‍ ഉറക്കം വിട്ടു എഴുന്നേല്‍ക്കാനുള്ള മടിയും , കാണാനുള്ള ആഗ്രഹവും തമ്മില്‍ വലിയ ഒരു വടംവലി നടക്കും. മുറ്റത്തേക്കിറങ്ങി നിന്ന് ഒന്നെത്തി നോക്കി തൊഴുതിട്ട്, പ്രസാദമായ വട നാളെ രാവിലെ കഴിച്ചോളാം  എന്ന് പറഞ്ഞ്  ഞങ്ങള്‍ വേഗം കിടക്കയിലേക്ക് മടങ്ങുകയായിരുന്നു പതിവ്.ഉപ്പില്ലാത്ത ആ ഉഴുന്ന് വടയുടെ സ്വാദു നഷ്ടമായി നാവില്‍ വന്നു നിറയുന്നു.
എട്ടാം ഉത്സവം ഒക്കെ ആകുമ്പോഴേക്കു ഉത്സവത്തിന്റെ അലയിളക്കങ്ങള്‍ ഏറി  വരും. ക്ഷേത്രതിറെ വിശാല മൈതാനതോടും, തറവാട് വീടിനോടും ചേര്‍ന്ന് കടകള്‍ കെട്ടാനുള്ള സാമഗ്രികളുമായി ടെമ്പോകള്‍ വന്നിറങ്ങുന്നത് കണ്ടു ഞങ്ങള്‍ നിര്‍വൃതി അടയാറുണ്ടായിരുന്നു .ഇന്നത്തെ തലമുറയെ പോലെ ആപ്പിള്‍ ipad ഉം, samsung  galaxy  യും, google nexus ഉം ഒക്കെ കയ്യില്‍ ഇട്ടു അമ്മാനമാടുന്ന ഒരു ബാല്യം ഒന്നും ആയിരുന്നില്ലല്ലോ ഞങ്ങളുടേത്. ഓര്‍മ്മയിലെ ആദ്യത്തെ ഉത്സവ കളിപ്പാട്ടം നല്ല തിളങ്ങുന്ന പച്ച നിറമുള്ള, ചുവന്ന ചുണ്ടുകള്‍ ഉള്ള ഒരു തത്ത ആണ്. പിന്നെ ചുവന്ന ഒരു പ്ലാസ്റ്റിക്‌ പാവയും. പണ്ട് അമ്മൂമ്മയൊക്കെ  ” ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍…”” എന്ന  മട്ടില്‍” കഥകള്‍ ഒരുപാട് പറയുമായിരുന്നു. ഇന്നിപ്പോള്‍ ഇതാ ഞാനും അതേ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു..ഓര്‍മ്മകളിലും, മുടിയിഴകളിലും നര കയറാനിനി  അധികംകാലമില്ല എന്ന് ഉള്‍ക്കോണില്‍ ഇരുന്നു ആരോ ഊറിചിരിക്കുന്നത് പോലെ…ടോപ്പിക്ക് വിട്ടു പോയതറിഞ്ഞില്ല.. കടയിലേക്ക് തന്നെ മടങ്ങാം…
4 17-02-2013 11-31-24

കടകള്‍  കെട്ടി തുടങ്ങുമ്പോള്‍ തന്നെ എന്തൊക്കെ items മേടിച്ചു കൂട്ടണം എന്നുള്ളതിന്റെ ഒരു “കരടു രേഖ” മനസ്സില്‍ ഉണ്ടാക്കി കഴിഞ്ഞിരിക്കും. കരടു രേഖക്ക് അമ്മയുടെ അംഗീകാരവും, ബജറ്റ് അവതരണവും, പാസ്‌ ആക്കലുമാണ്  പിന്നെ അജണ്ട യില്‍ ഉള്ളത്.  ഐസ് സ്റ്റിക്കിന്റെ മണി ശബ്ദവും, വറുത്ത കപ്പലണ്ടിയുടെ മണവും, അമ്മാവാ ബലൂണുകളുടെ നിറങ്ങളും, സ്പ്രിംഗ് വളയുടെ ചന്തവും ഒക്കെ ഒരു പാട് പ്രിയപ്പെട്ടതായിരുന്ന ആ കാലം ഇത്ര  വേഗം എവിടെയാണാവോ പോയി മറഞ്ഞത്?

ഞങ്ങളുടെ വീട്ടിലേക്കു ഭഗവാന്റെ പറ വരുന്ന ദിവസം ആണ് മറ്റൊരു പ്രിയപ്പെട്ട ദിനം. അന്ന് ക്ലാസ്സില്‍ പോകാതെ , പട്ടുപാവാട ഒക്കെയിട്ട് അഷ്ടമംഗല്യവും വിളക്കുമായി ഞങ്ങള്‍ ഭഗവാനെ സ്വാഗതം ചെയ്യും. പറ പോയി കഴിഞ്ഞിട്ട് കഴിക്കാന്‍ കിട്ടുന്ന പഴംപൊരിയുടെയും, വടയുടെയും  ഓര്‍മ്മ അതിലും ഹൃദ്യമായിരുന്നു..
ഉത്സവത്തിന്റെ മേജര്‍ attraction പള്ളിവേട്ടയാണ് . ധര്‍മ്മ ശാസ്താവ് സാക്ഷാല്‍ വേട്ടക്കൊരുമകന്‍റെ  സകല ഗംഭീര്യതോടും  ക്ഷേത്രത്തിനു പുറത്തു വേട്ടക്കു ഇറങ്ങുന്ന ദിവസമാണ് അന്ന്. ദേവവിഗ്രഹത്തിന്  ഏറ്റവും ചൈതന്യം ഏറുന്ന ദിവസം. കത്തുന്ന തീപന്തങ്ങള്‍ക്ക് നടുവിലായി പ്രൌഡ ഭംഗിയേറിയ ജീവിത തോളിലേറ്റി സുരയഫനും, സതീശന്‍ അഫനും നില്‍ക്കുമ്പോള്‍ അവര്‍ ആയിരുന്നു അന്നത്തെ ഞങ്ങളുടെ “ഉത്സവ heros”. നിറഞ്ഞ മേളപ്പെരുക്കത്തിനു നടുവില്‍ നിന്ന് കരിമരുന്നു പ്രയോഗവും കേട്ട് കഴിഞ്ഞ്, ഭഗവന്‍ താഴെ ആലിന്‍ ചുവട്ടിലേക്ക്‌ വേട്ടക്കു പുറപ്പെടും. അവിടെ നടക്കുന്നതെന്തു എന്ന് കാണാന്‍ ഞങ്ങള്‍ സഹോദരിമാര്‍ക്ക് അതീവ ആഗ്രഹം ഉണ്ടെങ്കിലും അതിനുള്ള അവസരം ഇത് വരെ ഉണ്ടായിട്ടില്ല..(Gender difference  നാട്ടിലൊക്കെ അന്നേ വളരെ ശക്തമായിരുന്നു!!)
പള്ളിവേട്ടയിലെ മറ്റൊരു പ്രധാന കഥാപാത്രം ഞാന്‍ പരാമര്‍ശിക്കാന്‍ വിട്ടുപോയി. പേരങ്ങാട്ട് കുറുപ്പ്. അരയില്‍ ഒരു ചുവന്നപട്ടും , തലയില്‍ ചുവന്ന തൊപ്പിയും  ധരിച്ചു , കയ്യില്‍ ഒരു കളിവില്ലും അമ്പും പിടിച്ചു നായര്‍ തറവാടായ  പേരങ്ങാട്ട് കുടുംബത്തിലെ ഒരാള്‍ ഭഗവാനെ വേട്ടക്കു അനുഗമിക്കണം . പ്രധാന സൈന്യാധിപന്‍ ആണ് അദേഹം. സൈന്യാധിപന്‍ ഒക്കെയാണെങ്കിലും അദേഹത്തിന്റെ ഈ ഫാന്‍സി ഡ്രസ്സ്‌ ലുക്ക്‌ കാണുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ചിരിയടക്കാന്‍ പാട് പെടും.
5 04-02-2012 21-35-34
ആലിന്‍ ചുവട്ടിലെ  മേളം കഴിഞ്ഞാല്‍ പിന്നെ ഒരു നിശബ്ദതയാണ്. തന്ത്രിയും, അനുയായിയും  പെട്ടന്ന് മടങ്ങും. പിന്നെ ഒരു മണി കിലുക്കം കേള്‍ക്കാം. അത് കഴിഞ്ഞാല്‍ ഭഗവാന്റെ മടക്കം ആണ്. വേട്ട കഴിഞ്ഞു ഭഗവാന്റെ മടക്കം ശര വേഗത്തില്‍ ആണ്. ഒളിയമ്പ് എയ്തിട്ട് തിരികെ ഓടി വന്നു ക്ഷേത്ര വാതില്‍ കിടുങ്ങുന്ന ശബ്ദത്തില്‍ അടച്ചു ജീവത അകത്തേക്ക് മറയും. സുരഅഫന്‍ ഓടുന്നത് പോലെ ഇത്രയും ഗാംഭീര്യത്തോടെ പള്ളിവേട്ടക്ക്‌ എഴുന്നള്ളിക്കാന്‍ പിന്‍തലമുറയിലെ ആര്‍ക്കും ഇത് വരെ കഴിഞ്ഞതായി അറിവില്ല. ഓടി വന്നു ക്ഷേത്രവാതില്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ആഞ്ഞു അടക്കുമ്പോള്‍ നെഞ്ചിനുള്ളില്‍  ഒരു പെരുമ്പറ ഉണരും, ഇനി പള്ളിവേട്ട കാണണം എങ്കില്‍ അടുത്ത ഒരു വര്ഷം കാത്തിരിക്കണമല്ലോ എന്ന്..
പിറ്റേന്ന് ഭഗവാന്റെ പള്ളിയുണര്‍ത്ത്  കുറെ വൈകിയാണ് നടക്കുന്നത്. തലേ രാത്രിയില്‍ ഭഗവന്‍ ഉറങ്ങിയിരുന്ന ഒരു ചെറിയ പട്ടുമെത്തയും , തലയണയും അപ്പോഴും മണ്ഡപത്തില്‍ ഉണ്ടാവും. മാവിലയും, ഇഞ്ചയും , പാലും, മഞ്ഞളും ഒക്കെയായി ഭഗവാന്റെ പ്രഭാത കൃത്യങ്ങള്‍ക്ക് ഞങ്ങളും സാക്ഷ്യം വഹിക്കും അന്ന്.
ബലിക്കല്‍ പുരയില്‍ എഴുന്നള്ളിച്ചു ഇരുത്തിയ വിഗ്രഹത്തിനു മുന്‍പില്‍ പറ ഇടുന്ന ദിവസം ആണ് പദം ഉത്സവം. എത്രയോ പ്രാര്‍ഥനകളുടെ സാഫല്യത്തില്‍  മനം നിറഞ്ഞ് ഞാനും ആ പടിവാതിലില്‍ നെല്പ്പറയും , അരീപ്പറയും സമര്‍പ്പിച്ചിട്ടുണ്ട്..

വിശ്വാസങ്ങള്‍ക്കും, ഐതീഹ്യങ്ങള്‍ക്കും അപ്പുറം ചരിത്രത്തിന്റെ നേര്‍ സാക്ഷ്യങ്ങളും പറയാനുണ്ട് കുതിരവട്ടത് ഉത്സവത്തിന്‌ ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് അവിടെ കുതിരപ്പട്ടാളം യുദ്ധത്തിനു വന്നുവെന്നും, അന്നാട്ടിലെ ജനങ്ങള്‍ എല്ലാം ഒത്തൊരുമിച്ചു ആ കുതിരപ്പട്ടാളത്തെ  പോരാടി തോല്‍പ്പിച്ചു ഓടിചെന്നും അമ്മൂമ്മക്കഥകളില്‍

ഞങ്ങള്‍ കേട്ടിരിക്കുന്നു. ‘കുതിര പട്ടട’ ആണ് കുതിരവട്ടമായി മാറിയതെന്ന് ചരിത്രം. ഇതിന്റെ ഓര്‍മ്മക്കായി ഇന്നും ” ലന്തയും പടയും” എന്നൊരു ആചാരം ഇന്നും ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നു.
ulsavam 2
ആറാട്ട് വരവും, വലിയ കാണിക്കയും കഴിയുന്നതോടു കൊടി ഇറങ്ങുന്നതോര്‍ത്ത്  ഞങ്ങള്‍ക്ക് ദുഃഖം തോന്നിതുടങ്ങും. ഈ മായ ലോകം ഏതാനം നിമിഷങ്ങള്‍ക്ക് അപ്പുറം മായും എന്നോര്‍ത്ത് ഞങ്ങള്‍ സങ്കടപെടും. സ്കൂളും, വീടും, പരീക്ഷയും, പഠിത്തവും മറ്റെല്ലാ യാഥാര്‍ത്യങ്ങളും  പഴയതിനേക്കാള്‍ പ്രതാപത്തോടെ ഞങ്ങളെ വിഴുങ്ങാന്‍ വാ പിളര്‍ന്നു നില്‍ക്കുന്നത് പോലെ തോന്നും.
ഉത്സവ പിറ്റേന്ന് കടകള്‍ ഒന്നൊന്നായി പെറുക്കി കെട്ടുന്നത് ഞങ്ങള്‍ക്ക് ഹൃദയ ഭേദകമായ കാഴ്ചയാണ്. ആളും മേളവും ഒഴിഞ്ഞ ഉത്സവ മുറ്റത്തെ നിശബ്ദത ” ഒഴിഞ്ഞ പൂര പറമ്പ് പോലെ എന്ന   ” പ്രയോഗത്തിന്റെ പൂര്‍ണ അര്‍ഥം വരച്ചു കാട്ടി തരുമായിരുന്നു. തറയില്‍ എവിടെയൊക്കെയോ ചിതറി കിടക്കുന്ന പടക്കത്തിന്റെ അവശിഷ്ടങ്ങളില്‍ തിരഞ്ഞുനടന്ന്  പൊട്ടാതെ കിടക്കുന്ന ഓല പടക്കങ്ങള്‍ ചില കുട്ടികള്‍ പെറുക്കിയെടുക്കും. അത് പൊട്ടിച്ചു കനത്ത നിശബ്ദതയെ ഭേദിക്കാന്‍ അവര്‍ പാഴ്ശ്രമം നടത്തും..
6 28-01-2013 15-40-06
വൈകുന്നേരത്തോടെ എല്ലാവരും അവരവരുടെ ലാവണങ്ങളിലേക്ക് തന്നെ മടങ്ങി പോകും. ഉത്സവത്തിന്റെ ആ hangover വിടതെയിരിക്കാന്‍ മേടിച്ചു കൂട്ടിയ കളിപ്പാട്ടങ്ങളും, കുപ്പി വളകളും, മാലകളും , പിന്നെ കുറെ ഓര്‍മ്മകളും നിരത്തി മുന്നില്‍ വെച്ച് ഞങ്ങള്‍ വീണ്ടും വീണ്ടും കാണു കൊണ്ടിരിക്കും  അന്ന് മുഴുവനും.

ഇന്നിപ്പോള്‍ ഉത്സവത്തിന്‌ ബാല്യത്തില്‍ കണ്ട ഉത്സവങ്ങളുടെ അതെ ചാരുത ഉണ്ടോയെന്നറിയില്ല..പഴകിപ്പിഞ്ഞിപ്പോയ ബന്ധങ്ങളുടെ നൂലിഴകള്‍ തെളിഞ്ഞു കാണുന്ന തറവാട് വീട്ടുമുറ്റത്ത്‌ ഇനിയും എന്നെങ്കിലും ഉത്സവങ്ങള്‍ പഴയത് പോലെ ഒത്തൊരുമയുടെ ആഘോഷങ്ങള്‍ ആകുമോയെന്നും അറിയില്ല.വെറും ആചാരം മാത്രമായി ഉത്സവം ചുരുങ്ങി പോയേക്കാം.തടയാന്‍ കഴുയുകയില്ല അങ്ങനെ വന്നാല്‍ തന്നെ.. പക്ഷെ നിറങ്ങള്‍ ഒരുപാടുള്ള ഒരു ബാല്യവും അതില്‍ നിറയെ ഉത്സവ ഓര്‍മ്മകളും മനസ്സുകളില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലോ..ഓര്‍മ്മകള്‍ക്ക് ക്ഷതം വരാത്ത കാലത്തോളം ഇതെല്ലം ഒപ്പം ഉണ്ടാകുമല്ലോ.അത് മതി.

പ്രാസംഗിക


അങ്ങനെ നവമിയുടെ സ്വാതന്ത്ര്യദിന പ്രസംഗ മഹാമഹം കൊടിയിറങ്ങി. അതൊരു വലിയ കഥയാണ്..

നവമിയുടെ പുതിയ സ്കൂള്‍ തുറന്ന് കൃത്യം രണ്ടാം ദിവസം ആയിരുന്നു അവളുടെ “തങ്കി ” മിസ്സ്‌ നവമിയില്‍ ഒരു പ്രാസംഗിക ഉണ്ടോ എന്ന് സംശയം രേഖപെടുതിയത്.ക്ലാസ്സിലെ  ‘അധികപ്രസംഗം’ കാരണം ആണോ അങ്ങനെ തോന്നിയത് എന്ന് ചോദിക്കുന്നത് ശരിയല്ലലോ എന്ന് കരുതി ഞാന്‍ ചോദിച്ചില്ല. നവമി ആനന്ദ്‌ ന്‍റെ പേര് സ്വാതന്ത്ര്യ ദിനത്തില്‍ സ്പീചിനു കൊടുക്കട്ടെ എന്ന് മിസ്സ്‌ എന്നോട് ചോദിച്ചു. ഇനി ഒരു പക്ഷെ നാളത്തെ അഴീക്കോട്‌ (female vesrsion ) എങ്ങാനും ആണ് എന്‍റെ വയറ്റില്‍ വന്നു ജനിചിരിക്കുന്നെങ്കില്‍ ഞാന്‍ ആയിട്ട് പ്രോത്സാഹിപ്പിച്ചില്ല എന്ന് വേണ്ട എന്ന് കരുതി ഞാന്‍ കണ്ണും അടച്ചൊരു എസ് മൂളിക്കൊടുത്തു..!! എങ്ങനെ പടിപ്പിചെടുക്കും എന്നൊന്നും അപ്പൊ ആലോചിച്ചെയില്ല

ജൂണ്‍ ആയതേ ഉള്ളു ഇനി ഓഗസ്റ്റ്‌ എന്ന് പറയുന്നത് ഒരുപാട് കാലം കഴിഞ്ഞുള്ള കാര്യം അല്ലെ എന്ന് കരുതി ലാ ലാ പാടി നടന്നു.

എങ്കിലും ഇടയ്ക്കിടയ്ക്ക് പ്രിയതമന്‍ എന്നെയും ഞാന്‍ പ്രിയതമനെയും ഭീഷണിപെടുത്താനായി ഈ സ്പീച് എന്ന ബ്രമാസ്ത്രം ഉപയോഗിച്ചു .

“ചേട്ടാ speech practice ചെയ്യിപ്പിക്കനെ…” “ടീ speech practice ചെയ്യിപ്പിചോനെ “രണ്ടു പേരും പരസ്പരം കൈ ഒഴിഞ്ഞു കാലം കടന്നു പോയി..എങ്കിലും തങ്കി  മിസ്സ്‌ നോട് ഏറ്റു പോയത് ഞാന്‍ ആയതു കൊണ്ട് ഇടയ്ക്കിടയ്ക്ക് ‘കൊച്ചു കുറ്റബോധം’ മനസ്സില്‍ വന്നു നിറയുമായിരുന്നു..

അബദ്ധ വശാല്‍ എങ്ങാനും തങ്കി മിസ്സ്‌ ന്‍റെ മുന്നില്‍ ചെന്ന് പെട്ടാല്‍ അവര്‍ speech ഭീഷണി മുഴക്കി കൊണ്ടും ഇരുന്നു. ” “പ്രിന്‍സിപ്പല്‍ ക്കിട്ട് സമാധാനം സോല്ലണ്ടത് ” അവര്‍ ആണ് “അതു കൊണ്ട് നല്ല പ്രാക്ടീസ് പണ്ണിക്കണം” എന്ന  മട്ടില്‍ അന്ത്യ ശാസനങ്ങള്‍ തന്നു കൊണ്ടിരുന്നു..

“No problem miss, she will manage it ” എന്ന് ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി തട്ടി വിട്ടു..

ഇനി കൃത്യം ഒരാഴ്ച മാത്രം ഉള്ളു ഓഗ് 15 ന് എന്നുള്ള അവസ്ഥ വന്നപ്പോള്‍, പണ്ട് പരീക്ഷത്തലേന്നു ആകുമ്പോള്‍ തോന്നാറുള്ള ഒരു വെപ്രാളം തുടങ്ങി മനസ്സില്‍ .  പിന്നെ പ്രാക്ടീസ് തന്നെ പ്രാക്ടീസ് ..

Good morning everybody, My name is Navami Anand . I am studying in LKG J

എന്ന intro portion ആകുമ്പോഴേക്കും അവള്‍ക്ക് മടുക്കും. എന്തെങ്കിലും ഒക്കെ പറഞ്ഞു അവള്‍ മുങ്ങും..അങ്ങനെ ഇരിക്കെ സ്പീചിനു 4 ദിവസം മുന്‍പേ ഒരു നാള്‍ തങ്കി ടീച്ചര്‍ ക്ലാസ്സില്‍ വെച്ചു തന്റെ “പ്രാസംഗിക പ്രതീക്ഷയെ” വിളിച്ചു.

“മോളെ ആ  സ്പീച് ഒന്നു പറഞ്ഞേ..  “

Good morning every body മുതല്‍ J section വരെ free flow  ആയിരുന്നു..അതു കഴിഞ്ഞതും ഠിം…

ജപ ജപ….പഞ്ചാബി   ഹൌസിലെ ദിലീപ് ആയി അവള്‍..

BP ഏറിയ തങ്കി   Madam  ആദ്യം കണ്ട contact number ഇല്‍ വിളിച്ചു..( ഭാഗ്യം അച്ഛന്റെ നമ്പര്‍ ആണ് ആദ്യം കൊടുത്തത്!!!)

ആവശ്യത്തിലും അതിലും ഏറെയുംഓഫീസ്  tensions  എടുത്ത്   വെച്ചിരിക്കുന്ന ആ square തലയിലേക്ക് തങ്കി madam കൂടി new ലോഡ് ഇറക്കി വെച്ചു.

“she is not remembering not even a word  relating to independenceday..”പെട്ടന്ന് പ്രിയതമന്‍ പഞ്ചാബി ഹൌസ് ആയി. ഇതെന്റെ department അല്ല എന്ന് കൈ കഴുകാന്‍ പറ്റില്ലാലോ..

ഒരു വിധത്തില്‍ അവരെ സമാധാനിപ്പിച്ചു ഫോണ്‍ വെച്ചിട്ട് പ്രിയതമയെ വിളിച്ചു new load unload ചെയ്തു..

ഞാന്‍ ഇരുന്നു കണക്കു കൂട്ടി ഇനി ആകെ നാല് ദിവസം അതില്‍ 2 ബാംഗ്ലൂര്‍ യാത്രയില്‍ പോകും പിന്നെ ആകെ രണ്ട് മാത്രം..എങ്കിലും കുഞ്ഞ് നവമിയില്‍ അമ്മക്ക് ചെറിയ പ്രതീക്ഷ ഒക്കെ ഉണ്ടായിരുന്നു കേട്ടോ…

പിന്നെയുള്ള രണ്ട് ദിവസം വീട് ഒരു പ്രസംഗ വേദി ആയി മാറി..ടേണ്‍ വെച്ചു ഞങ്ങള്‍ പ്രസംഗിച്ചു കളിച്ചു..അവള്‍ എനിക്ക് ഞാന്‍ അവള്‍ക്കും ഓരോ വട്ടവും സമ്മാനം നല്‍കി.തലങ്ങും വിലങ്ങും അവള്‍ പ്രസംഗിച്ചു. ഹിന്ദു പേപ്പര്‍ ആയിരുന്നു ഞങ്ങളുടെ മൈക്ക്..ഇതിനൊപ്പം സ്വാതന്ത്ര്യ സമരത്തിനെ പറ്റി ഒരു ചെറിയ ഐഡിയ ഉണ്ടായിക്കോട്ടെ എന്ന് കരുതി ഞാന്‍ അവള്‍ക്ക് ആ കഥ പറഞ്ഞു കൊടുത്തു. ബ്രിട്ടീഷ്‌ കാരായ കുറെ “ഇച്ചീച്ചി അങ്കിള്‍ മാര്‍ വന്നു നമ്മുടെ ഇന്ത്യ യില്‍ താമസിച്ചു ( ഇന്ത്യ എന്ന് വെച്ചാല്‍  എന്താ എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഈശ്വര..ദി കിംഗ്‌ ലെ മമ്മൂട്ടി dialogues മനസ്സിലാകുമായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ..!!.)അപ്പൊ ബാപ്പുജി എന്ന അപ്പൂപ്പനും കുറെ അങ്കിള്‍ മാരും  ചേര്‍ന്ന് സമരം ചെയ്തു അവരെ ഓടിച്ചു എന്ന് പറഞ്ഞപ്പോള്‍ നവമി ചോദ്യം…”

“സമരം ആയപ്പോ അന്ന്  ബസ്‌ ഒന്നും ഓടിയില്ലെ ഇന്ത്യയില്‍  എന്ന്”!!( അടുത്തിടെ അവളുടെ school van, സമരം കാരണം ഒരു ദിവസം ഓടിയില്ലായിരുന്നു) സമരം എന്നത് അവള്‍ അതുമായി relate ചെയ്തു..

എങ്കിലും ബപ്പുജിയും നിരാഹാര സമരവും ഒക്കെ അവള്‍ ചെറുതായി ഒന്നു പരിചയപ്പെട്ടു..

അങ്ങനെ ആ സുദിനം വന്നു… 66 year of Indian Independence. അവള്‍ തുള്ളിച്ചാടി ഞങ്ങള്‍ക്കൊപ്പം സ്കൂളിലേക്ക് പോന്നു. പെരുമ്പറ കൊട്ടിയത് ഞങ്ങളുടേം തങ്കി മിസ്സ്‌ ന്റേം ഉള്ളില്‍ ആയിരുന്നു..
Preparations ഒക്കെ നടന്നു കൊണ്ടിരിക്കുന്ന സമയം അവള്‍ അവിടെ ഇരുപ്പായി . കുറച്ചു നേരം അടങ്ങി കാഴ്ചയൊക്കെ കണ്ടിരുന്നു. പിന്നെ തനി നിറം പുറത്തെടുത്തു. അടുത്തിരുന്ന കൊച്ചിന്റെ കയ്യില്‍ ഒരു കൊച്ചു national flag ഇരുന്നത് ,  എന്തോ ഒരു smalldeal ന്‍റെ  പുറത്ത് മേടിചെടുത്തു. എന്നിട്ട് പതുക്കെ അതിന്‍റെ കമ്പ് ഊരിയെടുത്തു താഴെ മണ്ണില്‍ ഇരുന്നു A B C D എന്ന് എഴുതി തുടങ്ങി. white skirt ന്‍റെ കോലം എന്താവും എന്നോര്‍ത്ത് എനിക്ക് ആധിയായി. ABCD മടുത്തപ്പോള്‍ അവിടെ താഴെ കിടന്ന ഒരു തടി platform ഇല്‍ ശയന പ്രദക്ഷിണം തുടങ്ങി. flag hoisting   കഴിഞ്ഞ നവമിയുടെ teachers കാക്ക കൂട്ടില്‍ കല്ല്‌ എറിഞ്ഞ പോലെ വന്ദേ മാതരം പാടാന്‍ തുടങ്ങിയപ്പോ നവമി ‘ഹൈ ജമ്പ്’ പ്രാക്ടീസ് തുടങ്ങി. ഇതൊക്കെ കണ്ടു ഞങ്ങള്‍ കണ്ണും മിഴിച്ചു ഇരുന്നു..

യോഗം തുടങ്ങി ആദ്യം നവമി യുടെ സ്പീച് ആയിരുന്നു. പേര് വിളിച്ചതും തുള്ളിച്ചാടി പോയി..( സ്കൂളില്‍  ചെന്നതില്‍ പിന്നെ ഞങ്ങളെ യാതൊരു mindum ഇല്ലായിരുന്നു..)ഹിന്ദു പത്രം മൈക്ക് പ്രാക്ടീസ് ഉള്ലോണ്ടാവും അവള്‍ കൂളായി മൈക്ക് വാങ്ങി കയ്യില്‍ പിടിച്ച് പ്രസംഗം ആരംഭിച്ചു..സകല ശക്തിയും സംഭരിച്ചു ഒടുവില്‍ ഒരു Bharat mata kee jai യും. എല്ലാവരും കൈ അടിച്ചതിനു ശേഷം Thank you every body  യും  കാചിയിട്ടു വെച്ചു പിടിച്ചങ്ങ് പോയി…അങ്ങനെ ഞങ്ങളുടെയും thanki  ടീച്ചര്‍ ന്റെയും tensions കാറ്റില്‍ പറത്തിയിട്ടു  ഒരു പൂവിറുക്കുന്ന ലാഖവത്തോടെ അവള്‍ പ്രസംഗിച്ചിട്ട്  പോന്നു..വീണ്ടും ബാക്കി വെച്ചിരിക്കുന്ന കുസൃതികളിലേക്ക്…

അവിടെ വിതരണത്തിന് വെച്ചിരിക്കുന്ന ലഡ്ഡു എങ്ങനെ ഡീല്‍ ആക്കാം  എന്ന ചിന്തയില്‍ ആണ്ടിരിക്കുന്നു പിന്നെ നോക്കിയപ്പോ…

ഇതൊക്കെയാണെങ്കിലും അവളുടെ ഉള്ളില്‍ ഒരു (അധിക )പ്രാസംഗിക ഉണ്ടെന്ന തിരിച്ചറിഞ്ഞ തങ്കി മിസ്സ്‌ ന് ഹൃദയപൂര്‍വം നന്ദി…

നവമിയുടെ സ്പീച് നിങ്ങള്ക്ക് ഇവിടെ കാണാം, കേള്‍ക്കാം ..http://www.youtube.com/watch?v=sZB-8uhWKsQ

യക്ഷിയമ്മ


കരിയിലകളില്‍ പാദപതനങ്ങള്‍ക്ക് കാതോര്‍ത്തു യക്ഷിയമ്മ ഉറങ്ങാതെ ഇരിപ്പുണ്ടാവും. .

 ചുണ്ണാമ്പ് ചോദിച്ചു വഴിയില്‍ കാത്തു നില്‍ക്കുന്ന, കരിമ്പനകള്‍ക്ക് മുകളില്‍ രക്തം കുടിച്ചു ചീറുന്ന ആ പഴയ മുത്തശി കഥയിലെ യക്ഷിയല്ല ഇത്.. ഇത് അമ്മയാണ്, ദേവിയാണ്, ഒരു തറവാടിന്റെ, നാലുകെട്ടിന്റെ ആത്മാവാണ് ഐശ്വര്യമാണ്. എന്‍റെ അമ്മവീടായ കല്ലുപ്പാറ യില്‍ നാലുകെട്ടിനോട് ചേര്‍ന്ന് യക്ഷി അമ്മക്ക് ഒരു ചെറിയ അമ്പലം ഉണ്ട്. അവിടെ കുടിയിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്ര ആയി എന്ന് അമ്മക്ക് പോലും ഓര്‍മ്മയുണ്ടാകില്ല. പക്ഷെ ജനി മൃതികളുടെ നീണ്ട വഴിത്താരകളില്‍ യക്ഷിയമ്മ കാഴ്ചക്കാരിയായി എന്നും ഉണ്ടായിരുന്നു.ബാല്യത്തില്‍ വെളുത്ത മന്ദാര പൂക്കളുടെ മണവും, തെറ്റി പ്പൂക്കളുടെ ചുവപ്പും പടര്‍ത്തി യക്ഷിയമ്മ ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍  എവിടെയൊക്കെയോ അദ്രിശ്യായി നടന്നിരുന്നു..

കല്ലുപ്പാറയിലെ മഴ സന്ധ്യകള്‍ക്ക് എന്നും വല്ലാത്തൊരു വന്യതയുണ്ടായിരുന്നു. നിറഞ്ഞു നില്‍ക്കുന്ന തണല്‍ മരങ്ങളുടെ നിഴലും, മഴയുടെ നേര്‍ത്ത തേങ്ങലും, ഇടിയും മിന്നലും ഒക്കെ ഉണരുന്ന സന്ധ്യകളില്‍ ഒരു കൊച്ചു കൈ വിളക്ക് കാറ്റത്തു തിരി കെടാതെ ജാതിയും ചാമ്പയും പൂത്തു നില്‍ക്കുന്ന വഴികടന്നു യക്ഷിയംബലതിലേക്ക് ഞങ്ങള്‍ നടന്നു പോകുമ്പോള്‍ ഒരു ഹൃദയമിടിപ്പിന്റെ അകലതിനപ്പുറം  അമ്മയുടെ കണ്ണുകള്‍ ഉണ്ട് എന്നത് ആശ്വാസം ആയിരുന്നു. അന്നത്തെ നിഷ്കളങ്കമായ ആ വിശ്വാസം തന്നിരുന്ന ശക്തിയും ആത്മ ബലവും ഇന്ന് നടന്നു വന്ന വഴികളില്‍ എവിടെയോ കൈമോശം വന്നു എന്നോര്‍ക്കുമ്പോള്‍ ഞാന്‍ ദുര്‍ബലയാകുന്നു..

ഒരിക്കല്‍ പോലും അമ്മ എന്‍റെ സ്വപ്നങ്ങളില്‍ വന്നതേയില്ല. ആ മുഖം എങ്ങനെ ആകും എന്നറിയാന്‍ ഏറെ കൊതിചിട്ടുണ്ടായിരുന്നു. കൊമ്പല്ലും, നീണ്ട മുടിയും, ചുവന്ന പൊട്ടും എന്‍റെ ഈ യക്ഷിയമ്മ ക്ക് ഉണ്ടാവില്ല. പകരം നേര്‍ത്ത പഞ്ഞി പോലെ ഉള്ള വെള്ളിതലമുടിയും, പ്രകാശം വഴിയുന്ന കണ്ണുകളും, ഇളം ചൂടുള്ള പരുക്കന്‍ വിരലുകളും ഉള്ള ഒരു മുത്തശ്ശിയാവണം  എന്‍റെ ഈ യക്ഷിയമ്മ. കാരണമറിയാത്ത സങ്കട തുണ്ടുകള്‍ വന്നു ഉള്ളു പൊള്ളുമ്പോള്‍ ” എന്‍റെ കുട്ടീ നീയിങ്ങോട്ടു ചേര്‍ന്ന് നിന്നോളു ” എന്നൊരു കൈയും , ആശ്വസിപ്പിക്കുന്ന ഒരു ഹൃദയ താളവും, അതാവും ഈ യക്ഷിയമ്മ..

ആരും ഇല്ലാത്ത നാലുകെട്ടില്‍ ഇപ്പോള്‍ വല്ലാതെ തനിച്ചായി പോയിരിക്കണം ഈ  അമ്മ . മൌനത്തിന്റെ കടലാഴങ്ങള്‍ ഒളിച്ചിരിക്കുന്ന നാലുകെട്ടിന്റെ അകത്തളങ്ങളിലും അമ്പലത്തിന്റെ പ്രദക്ഷിണ വഴികളിലും അമ്മയുടെ കണ്ണുകള്‍ മക്കളെ തേടി നടപ്പുണ്ടാകും. ഒരുപക്ഷെ ചിലപ്പോഴൊക്കെ ദൂരപരിധികള്‍ പിന്നിട്ടു അമ്മ ഞങ്ങളെ കാണാനും എത്തിയിട്ടുണ്ടാവും, തിരക്കില്‍ ഞങ്ങള്‍ അറിയാതിരുന്നതവും. വേനല്‍ ചൂടില്‍ ഒരു ഇളം കാറ്റായി , ഒരു ചെറു മഴത്തുള്ളിയായി ഒക്കെ അമ്മ വന്നു പോയിട്ടുണ്ടാകും. ചില രാത്രികളില്‍ ഉറക്കം വരാതെ കാണും മിഴിച്ചു കിടക്കുന്ന എന്‍റെ നവമിയെ ശിരസ്സില്‍ തലോടി ഉറക്കിയിട്ടുണ്ടാവും ഈ അമ്മ ..ഞാന്‍ കാണാതെ പോയതാവും..

ഏറെ നാളായി അമ്മയെ കണ്ടിട്ട്..ഒരുപാട് തലമുറകളുടെ പാദ സ്പര്‍ശം ഏറ്റു വാങ്ങിയ, ഒരുപാട് ഓര്‍മ്മകള്‍ നിറഞ്ഞു കവിയുന്ന, ആ നാലുകെട്ടിറെ മടിത്തട്ടിലേക്ക് മുഖം ചേര്‍ത്തു കിടക്കുമ്പോള്‍, മുടിയിഴകളില്‍ ഇളം ചൂടുള്ള വിരല്‍ സ്പര്‍ശം ഏറ്റുറങ്ങുന്ന ഒരു ചെറിയ പെണ്‍കുട്ടിയാകാന്‍ വീണ്ടും ഒരു മോഹം..

തസ്നി ബാനു


തസ്നി ബാനു, ഇന്നലെ ഇന്ത്യ വിഷന്‍ വാര്‍ത്തയില്‍  ആ പേര് കേട്ടപ്പോള്‍, മുഖം കണ്ടപ്പോള്‍ എവിടെയോ ‘കേട്ടു , കണ്ട്’ മറന്നത് പോലെ തോന്നി..

കൊച്ചിയില്‍ തന്റെ ഓഫീസ് ജോലി കഴിഞ്ഞു രാത്രി പത്തു മണിക്ക് ശേഷം  സുഹൃത്തിനൊപ്പം ബൈക്ക് ഇല്‍ പോകുകയായിരുന്നു തസ്നി. കേരളത്തിലെ സ്ത്രീകളുടെ  “സദാചാര കുത്തക ” മൊത്തമായും ചില്ലറയായും ഏറ്റെടുത്തിട്ടുള്ള ചില പുരുഷ കേസരികള്‍ക്ക് ആ യാത്ര അത്രയ്ക്ക് ‘അങ്ങട് ഇഷ്ടായില്ല’..കേരളം ബാംഗ്ലൂര്‍ പോലെ കുത്തഴിയാന്‍ അവര്‍ ഉള്ളപ്പോള്‍ സമ്മതിക്കില്ല പോലും.. വാക്കുകള്‍ കൊണ്ട് പോരാഞ്ഞു കൈകള്‍ കൊണ്ടും അവര്‍ ആ പെണ്‍കുട്ടിയെ കൈകാര്യം ചെയ്തു.

സംഭവത്തില്‍ നിഷ്ക്രിയത്വം പാലിക്കുന്നു എന്ന ആക്ഷേപത്തില്‍ പോലീസ് ന്‍റെ പ്രതികരണവും വാര്‍ത്തയില്‍ കേള്‍ക്കാന്‍ ഇടയായി.

“ഈ സംഭവത്തില്‍ ഒരാളെ സ്റ്റേഷനില്‍ കൊണ്ട് വന്നിരുന്നു, പക്ഷെ പെണ്‍കുട്ടി written complaint ഒന്നും തരാത്ത  സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലല്ലോ”.

ശരിക്കും പുച്ഛം തോന്നി പോകുന്നു..

ഒരു പെണ്‍കുട്ടി തനിക്കേറ്റ  മാനസികവും ശാരീരികവുമായ അപമാനവും മര്‍ദ്ദനവും വാക്കാല്‍ ഉള്ള പരാതിയായി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ബോധിപ്പിച്ചിട്ടും ,  written complaint തന്നില്ല, ഇ മെയില്‍ അയച്ചില്ല എന്നൊക്കെ മുട്ടാപ്പോക്ക് പറഞ്ഞു അനങ്ങാതെ ഇരിക്കുന്ന ഈ ‘കാവല്‍ തുറ’ നാടിനു അപമാനം ആണ്..

രാത്രിയില്‍ ഒരു പെണ്‍കുട്ടി തനിച്ചോ അല്ലാതെയോ യാത്ര ചെയ്‌താല്‍ അതിനു ‘മറ്റൊരു അര്‍ത്ഥം’ മാത്രം കല്‍പ്പിക്കുന്ന സമൂഹത്തിന്റെ കാഴ്ചയുടെതാനീ പ്രശ്നം. ജോലി ചെയ്തു ജീവിക്കാനും, തനിച്ച് യാത്ര ചെയ്യാനും ഒക്കെയുള്ള മിനിമം സ്വാതന്ത്ര്യം ഇത്രയൊക്കെ പുരോഗതി പ്രാപിച്ച ഈ നാട്ടില്‍ ഇല്ലാത്തതു എന്ത് കൊണ്ടാണ്? മറ്റുള്ളവരുടെ ജീവിതത്തില്‍ അനാവശ്യമായ ഈ ഇടപെടലുകള്‍ നടത്താന്‍ ഇവര്‍ക്കൊക്കെ ആരാണ് അധികാരം കൊടുത്തിരിക്കുന്നത്‌?

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയാണ്..

വീണ്ടും തസ്നിയിലേക്ക് വരാം.. തസ്നിയുടെ പേരും മുഖവും ഓര്‍മ്മയില്‍ വരുന്നു.പണ്ട് ഒരു  10 -12 വര്‍ഷം മുന്‍പേ “ആദിത്യന്റെ സ്വന്തം രാധ” എന്ന തലക്കെട്ടില്‍ മലയാളം വാരികയുടെ പുറം കവറില്‍ തസ്നിയുണ്ടായിരുന്നു. മഞ്ചേരിയില്‍ ഒരു കോളേജില്‍ ചെയര്‍ പെര്‍സണ്‍ ആയിരുന്ന മിടുക്കിയായ ഒരു പെണ്‍കുട്ടി ആയിരുന്നു അന്ന് തസ്നി. മതത്തെ നിഷേധിക്കുന്നു, ചോദ്യം ചെയുന്നു എന്നതായിരുന്നു ആദ്യം തസ്നിക്ക് മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം.

മതാചാരപ്രകാരം അല്ലാതെ നസീര്‍ എന്ന യുവാവിനെ സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം അവള്‍ വിവാഹം കഴിക്കുമ്പോള്‍ കോളിളക്കങ്ങള്‍ ഏറെ ആയിരുന്നു. അന്നത്തെ തസ്നിയുടെ വാര്‍ത്തകള്‍ ഏറെ താല്പര്യത്തോടെ വായിച്ചത് കൊണ്ടാവും തസ്നിയെ മറന്നു പോകാതിരുന്നത്. അന്ന് മത മൌലിക വാദികളുടെ കടുത്ത ഭീഷണിയില്‍ ആയിരുന്നു ഈ പെണ്‍കുട്ടി.. ഇപ്പോള്‍ നടന്ന സംഭവത്തിന്‌ പഴയതിന്റെ നിഴല്‍ വല്ലതും ഉണ്ടോയെന്നു അറിയില്ല. ചിന്തിക്കുന്ന, സംസാരിക്കുന്ന ധീരയായ ആ പെണ്‍കുട്ടിയെ  ഇനിയെങ്കിലും വെറുതെ വിട്ടേക്ക്. അതു അവളുടെ സ്വന്തം ജീവിതമാണ്, അനാവശ്യമായ ഇടപെടലുകളുടെ ആവശ്യം എന്താണവിടെ?

വാല്‍കഷ്ണം: എന്‍റെ മകളും പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു,. ഞാന്‍ അവള്‍ക്ക് എന്താണ് ഉപദേശം കൊടുക്കേണ്ടത്? മോളെ നീ നന്നായി പഠിച്ചോളൂ , പക്ഷെ വയ്കുന്നേരം ഒരു അഞ്ചു മണി ആകുമ്പോള്‍ കൂടണയുന്നൊരു ജോലിക്ക് പറ്റിയ പഠിപ്പെ പഠിക്കാവു,  അല്ലെങ്കില്‍ വഴിയില്‍ “ഉമ്മാക്കികള്‍ ” കാവല്‍ നില്‍ക്കും സദാചാരം പഠിപ്പിക്കാന്‍ എന്നോ?

അതോ ഞാന്‍ അവളെ ഇപ്പോഴെ martial arts എന്തെങ്കിലും പഠിപ്പിക്കാന്‍ അയക്കട്ടെ?

തടഞ്ഞു നിര്തുന്നവനെ തകര്‍ത്ത് എറിയാനുള്ള മനശക്തിയും കായിക ശക്തിയും കൂടിയെ തീരു നമ്മുടെ പെണ്‍കുട്ടികള്‍ക്ക്.

മറ്റൊരു ജൂണ്‍,ഒരു പുതിയ സ്കൂള്‍ കുട്ടി..


പണ്ടൊരു ജൂണ്‍ മാസത്തിലെ മഴപ്പുലരിയില്‍ അമ്മയുടെ കൈ പിടിച്ചു ആദ്യമായി ഞാന്‍ സ്കൂളിന്റെ പടി കടന്നു..ഇന്ന് വര്‍ഷങ്ങള്‍ക്കപ്പുറത്തു മറ്റൊരു ജൂണിലെ മഴയില്ലാ പുലരിയില്‍  ഒരു കുഞ്ഞിക്കൈ എന്‍റെ കയ്യില്‍ പിടിച്ച്  ആദ്യമായി സ്കൂള്‍ മുറ്റത്തേക്ക്..

വളരെ സന്തോഷത്തോടെ ചിരിച്ചു കളിച്ചു പോയ ആള്‍ വാതില്‍പ്പടിയില്‍ വെച്ചു എന്‍റെ വിരല്‍ സ്പര്‍ശം വിടുവിച്ച നേരം,  ചെന്നൈയില്‍ പെയ്യാതെ പോയൊരു ജൂണ്‍ മഴയായി മാറി..നേര്‍ത്ത പിടച്ചില്‍ അപ്പോള്‍ ഇടിയായി എന്‍റെ നെഞ്ചിലും തുടികൊട്ടി..അങ്ങനെ അവളും ഒരു സ്കൂള്‍ കുട്ടിയായിരിക്കുന്നു. വര്‍ഷങ്ങളുടെ കണക്കു പുസ്തകം അവള്‍ക്ക് 3 വയസ്സ് രേഖപ്പെടുത്തിയിരിക്കുന്നു. ഇനി വെറുതെ ചിരിച്ചും കളിച്ചും നടന്നു കൂടാ..!!

ഇറങ്ങി വന്നപ്പോള്‍ ഞാന്‍ കരുതി നാളെ തൊട്ടു “സ്കൂള്‍ മൂര്‍ദ്ദാബാദ് ”  എന്നാവും മുദ്രാവാക്യം എന്ന്. പക്ഷെ അങ്ങനെ ആയിരുന്നില്ല. പേടിയോടെ ഞാന്‍ തിരക്കി ” മോളെ നാളെയും നമുക്ക് വരണ്ടെ ഇവിടെ? വരണമല്ലോ..അവള്‍ ഉദാരമതിയായി. കൊച്ചു കൊച്ചു  tensions ന്റെയും, അമ്മയെ പിരിയല്‍ സങ്കടത്തിന്റെയും, വാതില്പടി കരച്ചിലിന്റെയും നടുവില്‍ എന്‍റെ മകള്‍ സ്കൂളിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..”ചില കൊച്ചു പിള്ളേര്‍ ഇന്നും കരച്ചിലായിരുന്നു..” രണ്ടാം ദിനത്തില്‍  വാക്കുകളില്‍ അവള്‍ക്ക് പക്വമതീ ഭാവം..!!

ഇന്നു മൂന്നാം ദിവസം, ഇറങ്ങിയപ്പോള്‍ മുതല്‍ അവിടെ ചെന്ന് കയറുന്നത് വരെ അസ്വസ്ഥമായ ഒരു മൗനം അവളെ പൊതിഞ്ഞിരുന്നു, എങ്കിലും അവള്‍ സ്കൂള്‍ വേണ്ട എന്ന് പറഞ്ഞതേയില്ല. ഒരു വാതില്‍പ്പടിക്കു അപ്പുറം ഞാന്‍ ഉണ്ടാവും എന്ന വിശ്വാസത്തിന്റെ പുറത്ത് ആശ്വസിച്ച് , എന്നിട്ടും തെല്ലൊന്നു വിതുമ്പാന്‍ ഒരുങ്ങിയിട്ടു അതു ക്യാന്‍സല്‍ ചെയ്തു അവള്‍ ഇന്ന്  സ്കൂള്‍ കടന്നു. പോയിട്ട് രണ്ടു  മണിക്കൂര്‍ കഴിഞ്ഞു വന്നാല്‍ മതിയെന്ന് അവളുടെ ഗീതാ മിസ്സ്‌ പറഞ്ഞിട്ടും ഞാന്‍ അവിടെ കാത്തിരുന്നു. അവളോട്‌ വാക്ക് പറഞ്ഞതാണല്ലോ, അവിടെത്തന്നെ ഉണ്ടാവും എന്ന്.

ഇനി നാളെയാവട്ടെ കൊണ്ട് വിട്ടിട്ടു തിരിച്ചു പോരാം…

സ്കൂള്‍ ജനലിനോട്‌ ചേര്‍ന്ന് ചെവിയോര്‍ത്തപ്പോള്‍ എനിക്ക് ഉള്ളില്‍ അവളുടെ സ്വരം കേള്‍ക്കാമായിരുന്നു..എന്തൊക്കെയോ കലപില വര്‍ത്തമാനങ്ങള്‍. എന്താണെന്ന് വ്യക്തമായില്ല.. സ്കൂള്‍ വിട്ടു വിളിച്ചു കൊണ്ട് വരുമ്പോള്‍ ഇന്ന് എന്തായിരുന്നു അവിടെ നടന്നത് എന്ന എന്‍റെ ചോദ്യത്തിന് ” വീട്ടില്‍ ചെല്ലട്ടെ എന്നിട്ട് പറയാം” എന്ന് മറുപടി. വീട്ടില്‍ ചെന്നപ്പോഴോ ഞാന്‍ എന്തേലും തിന്നട്ടെ എന്നിട്ട് പറയാം..excuses അങ്ങനെ നീണ്ടു നീണ്ടു പോയതല്ലാതെ സ്കൂള്‍ വിശേഷങ്ങള്‍ ഒന്നും പറഞ്ഞില്ല അവള്‍. സ്കൂള്‍ adjustment ന്‍റെ അനുരണനങ്ങളായി ചില ചില്ലറ വാശികള്‍, കൊന്ജലുകള്‍ ഒക്കെ ഉണ്ട് അവള്‍ക്ക് രണ്ടു ദിവസമായി. എങ്കിലും അവള്‍ വേഗം സ്കൂളുമായി യി ഇണങ്ങിക്കൊള്ളും  എന്ന് മനസ്സ് പറയുന്നു..ജോലിതിരക്കുകളില്‍ അവളുടെ അച്ഛന് അവളുടെ സ്കൂള്‍ കാഴ്ചകള്‍ നഷ്ടമാകുന്നു..

 

ഞാന്‍ നവമിയോടു ചോദിച്ചു എന്താ മോളുടെ ഫ്രണ്ട് ന്‍റെ പേര്?

നവമി: “ശബരിമല “
ഞാന്‍ : എന്താ?
നവമി: ശബരിമല
ഞങ്ങള്‍ ആ പേര് കേട്ടു കുറെ ചിരിച്ചു..
ശബരി എന്ന് പേരുള്ള കുട്ടിക്കൂട്ടുകാരന്റെ പേരിനു  നവമി അവളുടെ വകയായി ഒരു completion കൊടുത്തു, അല്ല പിന്നെ…!!

നാട്ടിലുള്ള ‘സമ പ്രായന്‍’ എന്‍റെ  ചേച്ചിയുടെ മകന്‍ അഭിരാമും സ്കൂള്‍ കുട്ടിയായി. ഇന്ന് ചേച്ചിയെ വിളിച്ചപ്പോള്‍ നവമിക്കും സംസാരിക്കണം അഭിയോട്.

നവമി: ചിന്നാ ചിന്ന സ്കൂളില്‍ പോയോ?
മറുതലക്കല്‍ എന്താണ് ഉത്തരം എന്ന് എനിക്ക് വ്യക്തമായില്ല.
നവമി: ചില കൊച്ചു പിള്ളാരൊക്കെ കരഞ്ഞായിരുന്നോ?
എനെ ഇന്ന് 1 , 2 , 3 പഠിപ്പിച്ചു മിസ്സ്‌. ചിന്നയെ എന്താ പഠിപ്പിച്ചേ ഇന്ന്?
എ ബി ശി ഡി പടിപ്പിചെന്നോ..?
അങ്ങനെ പോയി സംഭാഷണം.. രണ്ടു വലിയ സ്കൂള്‍ കുട്ടികള്‍!!

കൊച്ചു കണ്ണിലുള്ള കൌതുകങ്ങള്‍, ആശങ്കകള്‍ , സങ്കടങ്ങള്‍  , പേടികള്‍, രസങ്ങള്‍, ഇതിലൂടെയൊക്കെ ഞാന്‍ കടന്നു പോകുമ്പോള്‍ ഒരിക്കല്‍ കൂടി ഞാനും ആദ്യമായി സ്കൂള്‍ മുറ്റം കടക്കുന്ന ഒരു ചെറിയ കുട്ടിയാകുന്നത് പോലെ..

അച്ഛന്‍-മകള്‍


പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു പറഞ്ഞിരുന്ന് അവസാനം ശരിക്കും പുലി വന്നു. RBS പ്രിയതമനെ  ഒരു മാസത്തേക്ക് London ലേക്ക് പറിച്ചു നട്ടു. രണ്ടു മൂന്നു മാസം മുന്പ് തൊട്ടെ ഇപ്പൊ വിടും ഇപ്പൊ വിടും എന്ന് പറഞ്ഞു പേടിപ്പിക്കുകയായിരുന്നു. അവസാനം ആ ദിവസം വന്നത് ഇന്നലെ മെയ്‌ 2 നായിരുന്നു. പ്രിയതമന് അനുഗാമിയായി  “പണി ചെയ്യാക്കൂട്ടുകാരന്‍
കുപ്പുസ്വാമിയും ഉണ്ട്.”മണ്ടന്മാര്‍ ലണ്ടനില്‍ ” എന്ന് സ്വയം പറയുന്നത് കേട്ടു (ഞാനല്ല ). ഹീത്രു എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങി “സാധനം കയ്യില്‍ ഉണ്ട്” എന്നുള്ള അടയാള വാക്യം ഒന്നും പറയാതെ തന്നെ എത്തേണ്ടിടത് എത്തി എന്ന ഇമെയില്‍ സന്ദേശവും വന്നു.
അച്ഛന്‍ പോകുന്നതിനു തൊട്ടു മുന്‍പ് വരെ മകള്‍ക്ക് ഒരു ടെസ്റ്റ്‌ ഇടുന്നുണ്ടായിരുന്നു. അച്ഛന്‍ പോകുമ്പോള്‍ മകള്‍ക്ക് സങ്കടം ഉണ്ടോ എന്ന ടെസ്റ്റ്‌!!മകളെ അടുത്ത് വിളിച്ചു അച്ഛന്‍ പല സെന്റി dialogues ഉം അടിച്ചു.
“മോളെ അച്ചന്‍ Uk യില്‍ പോകുകയാണ് . Uk അങ്ങ് ദൂരെയാ.അച്ഛനെ കാണാതെ മോള്‍ക്ക്‌ സങ്കടം വരുമോ?”
രണ്ടേ മുക്കാല്‍ വയസ്സുകാരി മകള്‍: ” ഇല്ലച്ചാ അച്ചന്‍ പോയിച്ചോ അച്ഛാ..ഞാനും അമ്മേം അപ്പൂപ്പന്റെ കൂടെ നാട്ടില്‍ പോകട്ടെ..”
ടിം തീര്‍ന്നു…അച്ഛന് കലി വന്നു
“അല്ലെങ്കിലും തള്ളേം മോളും കൂടി ഞാന്‍ പോയിട്ട് നാട്ടില്‍ പോയി അടിച്ചു പൊളിക്കാന്‍ ഇരിക്കുകയാണ്  എന്ന് എനിക്കറിയാം “.
(അങ്ങാടിയില്‍ തോറ്റതിന് ഭാര്യയോടു…!!!)
പോകുന്ന ദിവസം വീണ്ടും അച്ഛന്‍ മകള്‍ക്ക് ടെസ്റ്റ്‌ ഇട്ടു.
“മോളെ അച്ചന്‍ ഇന്ന് പോകും മോള്‍ക്ക്‌ കരച്ചില്‍ വരുമോ “?
ഇക്കുറി മകള്‍ കുറച്ചു അയഞ്ഞു..
“അച്ഛന്‍ പോയാല്‍ ചെലപ്പം ഞാന്‍ കരേം ”
പോകാന്‍ നേരം അമ്മാ മടിയില്‍ തല ചായ്ച്ചു ഉറങ്ങുന്ന കണ്മണിക്ക് അച്ചന്‍ പതിയെ ഉമ്മ കൊടുത്തു. അവള്‍ ഉണര്‍ന്നു.
അവള്‍ ഉറക്കച്ചടവില്‍ ടാറ്റ കൊടുത്തു.
സര്‍വം ശാന്തം..
അമ്മ മകള്‍ അപ്പൂപ്പനോപ്പം നാട്ടിലും എത്തി.
നാട്ടിലെത്തി മകള്‍ ചേട്ടന്മാരെ കണ്ട് ഹാപ്പി ആകും എന്ന് അമ്മ കരുതിയിരിക്കുമ്പോള്‍ മകള്‍ക്ക് ആകെ ഒരു ഉദാസീനത..
കൊഞ്ചല്‍ കൂടിയിട്ടെന്നവണ്ണം മകള്‍ അമ്മയെ കെട്ടിപിടിച്ച് ഇരുപ്പായി. കളിക്കാതെ ,കഴിക്കാതെ മകള്‍ അമ്മ പൊന്നായി മടിയില്‍ ചേക്കേറിയപ്പോള്‍ അമ്മ കരുതി യാത്രാക്ഷീണം എന്ന്.
കുറെ കഴിഞ്ഞു പതിഞ്ഞ ശബ്ദത്തില്‍ ഒരു റിക്വസ്റ്റ്
“നമുക്ക് പോവാം അമ്മേ…”
എങ്ങോട്ട്? അമ്മചോദ്യം
“chennayil പോവാം, നമ്മടെ അച്ചന്‍ അവിടെ വന്നു നോക്കിയിരിച്ചും..”
അപ്പോള്‍ കുഞ്ഞ് മനസ്സില്‍ അച്ഛനാണ് സങ്കടക്കാരണം, അമ്മക്ക് അപ്പോഴാണ് അതു മനസ്സിലായത്‌…
ഇത്ര നാളും അമ്മക്കുട്ടി ആയിരുന്നവള്‍ അച്ഛന്‍ കുട്ടി ആയി ഒരു ദിവസം കൊണ്ട്.
രാത്രി അച്ചന്‍ വിളിച്ചപ്പോള്‍ വീണ്ടും അച്ഛന്കുട്ടിയുടെ സ്വരം ഇടറി.
“അച്ഛാ ഞങ്ങള്‍ അങ്ങ് ചെന്നയില്‍ വരാം അച്ഛാ..അച്ചന്‍ അവിടെ വെയിറ്റ് ചെയ്യണേ..” അവള്‍ തനിയെ പറഞ്ഞു.
കുഞ്ഞ് കണ്ണില്‍ സങ്കടതുള്ളികള്‍..മുറിഞ്ഞ വാക്കുകള്‍..
അച്ചന്‍ എന്ത് പറഞ്ഞു എന്ന് കേട്ടില്ല..
അമ്മ അവളെ ചേര്‍ത്തു പിടിച്ചുകിടന്നു
അവര്‍ക്ക് അപ്പോള്‍  അച്ഛനെ വല്ലാതെ miss ചെയ്തു..

ചെങ്ങന്നൂരില്‍ നിന്ന്…


ചെങ്ങന്നൂരില്‍ നിന്നുള്ള ഏതു വാര്‍ത്തയും ഏറെ കൌതുകത്തോടെയാണ് കേള്‍ക്കാറുള്ളത്. എന്‍റെ നാട്, എന്‍റെ സ്കൂള്‍, എന്‍റെ കോളേജ്, എത്രയോ വര്‍ഷക്കാലം ഞാന്‍ പാറി നടന്ന പരിചിത വഴികളാണ് ചെങ്ങന്നൂരിന്റെത്. പക്ഷെ ഇക്കുറി കേള്‍ക്കാന്‍ തീരെ സുഖകരമല്ലാത്ത ഒരു വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഞാന്‍ ചെങ്ങന്നൂരിനെ മാധ്യമങ്ങളില്‍ കണ്ടത്. വര്‍ഷ എന്ന പെണ്‍കുട്ടിയുടെ കഥയുമായി ആണ് ചെങ്ങന്നൂര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പ്രണയം എന്ന പേരില്‍ ആരോ നീട്ടിയ വാള്‍ മുനയില്‍ സ്വന്തം അച്ഛനെ ബലി കൊടുക്കേണ്ടി വന്ന വര്‍ഷയുടെ കഥ എന്നെ നടുക്കുന്നു…പെണ്മക്കള്‍ ഉള്ള ഏതൊരു അമ്മയെയും പോലെ ..ഒരുപക്ഷെ അതിലുമേറെ…

വളരെ വളരെ ലോലമായ , ആര്‍ദ്രമായ ഒരു പെണ്‍ മനസ്സ് എനിക്കുമുണ്ട്. ഇന്നലെ വരെ എനിക്ക് അപരിചിതരായിരുന്ന വര്‍ഷയുടെയും അവളുടെ വീടിന്റെയും കണ്ണുനീര്‍ അതിനെ  വല്ലാതെ പൊള്ളിക്കുന്നു.

ഇത് ഏതാണ് നമുക്ക്  അപരിചിതമായൊരു സമൂഹം?

കഴുത്തില്‍ വാള്‍ മുന വെച്ചു പ്രണയം പിടിച്ചു വാങ്ങുന്ന യുവതയെ നെഞ്ചിലേറ്റിയ ഈ സമൂഹം നമുക്ക് തീര്‍ത്തും അപരിചിതമാണല്ലോ…

ആഗ്രഹിക്കുന്നതും അതിലും ഏറെയും  മക്കള്‍ക്ക്‌ വാരിക്കോരി ചൊരിയുന്ന മാതാപിതാക്കളോട് ഒരു വാക്ക്. നാളെ അവര്‍ ചോദിക്കുന്നത് മറ്റൊരാളിന്റെ ജീവന്‍ തന്നെ ആകുമ്പോഴും അതും വില പേശി നേടിക്കൊടുക്കുക അല്ലെങ്കില്‍ അവര്‍ അതെടുക്കും.പിന്നെ നിങ്ങള്ക്ക് അവരെയും നഷ്ടപ്പെടും. Rahul varghese  എന്ന 23 കാരന്റെ മാതാപിതാക്കളെപ്പോലെ.

വിട്ടുകൊടുക്കാന്‍ അറിയാത്ത, പിടിച്ചടക്കാനും, തകര്‍ത്തു കളയാനും മാത്രമറിയാവുന്ന വിവേകം ഇല്ലാത്ത ഒരു ജനത യുടെ നടുവിലേക്ക് ആണ് നമ്മുടെ മക്കളും വളര്‍ന്നു വരുന്നത്. ചിറകിന്‍ കീഴിലേക്ക് ഒതുക്കി സംരക്ഷിക്കുമ്പോള്‍ ചിറകുകള്‍ അരിയുവന്‍ ആരോ  വാള്‍ മുന മൂര്ച്ചകൂട്ടുന്ന നേര്‍ത്ത സ്വരത്തിന് കൂടി കാതോര്‍ക്കുക..

ഏട്ടന്മാര്‍


2010 ലെ അവസാനത്തെ പോസ്റ്റ്‌ കണ്ണന്‍ ഉണ്ണിമാര്‍ക്ക് dedicate ചെയുന്നു. അവരെ പറ്റി ഒരു പോസ്റ്റ്‌ ഇടണമെന്ന് കുറെ നാളായി കരുതുന്നതായിരുന്നു. എവിടെ തുടങ്ങും എവിടെ നിര്‍ത്തും എന്ന് നിശ്ചയം ഇല്ലാത്തതുകൊണ്ട്  കൈ വെക്കാതിരിക്കുകയായിരുന്നു. ബോബനും മോളിയും, ടിന്റു മോന്‍ കഥകള്‍, ടോംസ് ന്‍റെ ഉണ്ണിക്കുട്ടന്‍ എന്നത് പോലെ ഒരു പുസ്തകം തന്നെ ഇറക്കാനുള്ള കഥകളുണ്ട് അവരുടേത്. എനിക്ക് പ്രിയപ്പെട്ട ചില ഓര്‍മ്മകള്‍ പങ്കുവെക്കാം..

Fore word
കണ്ണന്‍:  8 വയസ്സ്
കൃഷ്ണ വര്‍ണ്ണവും, നീണ്ട കണ്പീലികളും, നുണക്കുഴിയും, കുസൃതിപ്പൂക്കള്‍ വിരിയുന്ന പുഞ്ചിരിയും ഉള്ള സുമുഖന്‍
നന്നായി ചിന്തിച്ചേ  സംസാരിക്കൂ, പ്രവര്‍ത്തിക്കു, ഇഷ്ടമുള്ള ടോപിക്സ്, ഇഷ്ടമുള്ള കേള്‍വിക്കാര്‍ ഇല്ലെങ്കില്‍ സംസാരം കുറവാണ്.
ജന്മഭൂമി US ആണ്. സ്വപ്ന ഭൂമിയും അതാണ്‌. LKG യില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു “ക്ലാസ്സിലുള്ള സുന്ദരി പെണ്‍കുട്ടി ആര്യ യേം വേളി കഴിച്ചു ഞാന്‍ അമേരിക്കയില്‍ പോകും എന്ന്”!!!അന്നങ്ങനെയൊക്കെ പറഞ്ഞന്നേയുള്ളു, ഇപ്പൊ extra decent ആണ് കേട്ടോ…

ഉണ്ണി: ഗോതമ്പിന്റെ നിറം( അതിന്‍റെ അത്യാവശ്യം അഹങ്കാരം ഉണ്ടെങ്കിലും ആള്‍ പാവം ആണ്).സൂര്യന് താഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും ഞാന്‍ പറഞ്ഞു തരാം എന്നൊരു ആത്മവിശ്വാസം സ്വന്തമായുണ്ട്. ഉള്ളിലുള്ള സ്നേഹം അത്രയും നിര്‍ലോഭം നമുക്ക് തരുന്ന സ്വഭാവം.
ഹീറോയിസം വളരെ ഇഷ്ടമാണ്. ഇപോഴെ ഫ്ലാറ്റ് ലുള്ള പെണ്‍കിടാങ്ങളുടെ ആരാധനാപാത്രം ആണ്. അതു നിലനിര്‍ത്താന്‍ വേണ്ടി ഉയരമുള്ള മതിലിനു മുകളില്‍ കേറി താഴേക്ക്‌ ചാടുക, മാജിക്‌ ഷോ നടത്തുക, custard apple ന്‍റെ 6 കുരു വിഴുങ്ങുക തുടങ്ങിയ ചില്ലറ കലാപരിപാടികളില്‍ specialise ചെയ്തു കൊണ്ടിരിക്കുന്നു.
രണ്ടാളുടെയും രൂപവും സ്വഭാവും ഏകദേശം പിടി കിട്ടിയല്ലോ? ഇനി അവര്‍ തമ്മിലുണ്ടായ (ഞങ്ങള്‍ overhear ചെയ്ത) ഒരു സംഭാഷണം കൂടി ചേര്‍ക്കാം..

കാറില്‍ പോകുമ്പോള്‍ ഉണ്ണി BAR എന്ന ബോര്‍ഡ്‌ കണ്ട് കണ്ണനോട് ചോദിച്ചു..
ഉണ്ണി:   ” കണ്‍ ചെ ( കണ്ണന്‍ ചേട്ടന്‍ എന്നതിന്‍റെ ഷോര്‍ട്ട് ഫോം) ഈ B .. A … R എന്ന് പറഞ്ഞാല്‍ എന്താ?”
കണ്ണന്‍: ” അയ്യോ അതരിയില്ലെ, അതീ കല്ല്‌ കുടിക്കുന്ന സ്ഥലമാ ഉണ്ണീ ”
ഉണ്ണി: ” കല്ലോ “? അതിനു ആരെങ്കിലും കല്ല്‌ കുടിക്കുമോ?”
കണ്ണന്‍: ആ കല്ല്‌ അല്ല ഉണ്ണീ , ഇത് കല്ല്‌ ( ള്ള ഇല്ല), ഈ മണ്ടന്മാരും പൊട്ടന്മാരും ഒക്കെ കുടിക്കുന്ന ഒരു സാധനം ഇല്ലെ..?”

എങ്ങനെ ഉണ്ട്?

ഞാന്‍ നവമിയെ pregnant ആയിരുന്ന സമയത്ത് മിക്കവാറും എല്ലാ ദിവസവും ഉണ്ണി വിളിക്കും. എന്നും ഒരു question ആണ് ആദ്യം.
” അമ്മായീ കൊച്ചുവാവ ഉണ്ടായോ”.
ഇനി കുറെ months കഴിഞ്ഞേയുള്ളൂ എന്നൊക്കെ ഞാന്‍ പറഞ്ഞാലും പിറ്റേ ദിവസവും കൃത്യമായി വിളി വരും. ( ഇനി ഉണ്ടായിട്ടു അവനെങ്ങാനും അറിയാതെ പോയാലോ എന്ന ടെന്‍ഷന്‍ ആണ്!!!)

നവമിയുടെ സ്ഥാനത് ഒരു ആണ്‍ കുട്ടിയെ ആയിരുന്നു രണ്ടാളും പ്രതീക്ഷിച്ചു കാത്തു കാത്തിരുന്നത്. രണ്ടാളും കൂടി നേരത്തെ പേരും കണ്ടുപിടിച്ചിരുന്നു.
” BRIJO A  Namboodiri ”
ബ്രിജോ മാറി നവമി വന്നെങ്കിലും കൊച്ചനിയത്തി രണ്ടുപേര്‍ക്കും അന്ന് മുതല്‍ പ്രാണനായി..
എന്‍റെ വാശി ക്കുട്ടിക്കു വേണ്ടി അവര്‍ എന്തും compromise ചെയ്യും..അവള്‍ക്ക് രണ്ടു മാസം മറ്റോ പ്രായം ഉള്ളപ്പോള്‍ മൂന്നാളും കൂടി secret planning നടത്തുന്നത് കേട്ടു. കുറച്ചു നാള്‍ കൂടി കഴിഞ്ഞിട്ട് നമുക്ക് മൂന്നു പേര്‍ക്കും കൂടി മാത്രം trekking നു പോകണം എന്ന്!!!

ഞങ്ങള്‍ ചെന്നയിലേക്ക് കൂട് മാറിയപ്പോ നവമിക്ക് ചേട്ടന്മാരെയും അവര്‍ക്ക് നവമിയെയും വല്ലാതെ miss ചെയ്യുന്നുണ്ട്. ഇടക്കെപ്പോഴെങ്കിലും തമ്മില്‍ കാണുമ്പോഴുള്ള സന്തോഷം കാണുമ്പോഴാണ് അവരുടെ സ്നേഹത്തിന്‍റെ ആഴം എത്രയെന്നു മനസ്സിലാകുന്നത്‌. ക്രിസ്മസ് നു അവര്‍ വന്നിട്ട് പോയപ്പോള്‍ നവമി കരഞ്ഞില്ല, കൂടെ പോകണം എന്ന് വഴക്കുണ്ടാക്കിയില്ല. ഞാന്‍ അത്ഭുതപ്പെട്ടു ഇവള്‍ക്ക് എന്ത് പറ്റി എന്ന്. കാര്‍ വിട്ടു പോയപ്പോള്‍ എന്‍റെ തോളിലേക്ക് ചെറുതായി ഒന്നു ചാഞ്ഞ് ഒരു കുഞ്ഞിനു പ്രകടിപ്പിക്കാവുന്ന സങ്കടത്തിന്റെ ഏറ്റവും കൂടിയ അളവിലുള്ള ഒരു ശബ്ദത്തില്‍ അവള്‍ എന്നോട് ചോദിച്ചത്..” എനിച്ചിനി ആരുണ്ട്‌..” എന്നായിരുന്നു..ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും വല്ലാതെ പോള്ളിപ്പോയി അതു കേട്ട്..

ഇന്ന് അമ്മൂമ്മയുടെ  പിറന്നാളിന് രണ്ടും കൂടി തനിയെ അടുത്തുള്ള കടയില്‍ പോയി ഒരു ഫാന്‍സി മാല, കമ്മല്‍ സെറ്റ് വാങ്ങി സര്‍പ്രൈസ് ആയി ഗിഫ്റ്റ് കൊടുത്തു എന്ന് കേട്ടു.അമ്മൂമ്മ അതിട്ടു കൊണ്ട് ഇന്ന് മുഴുവന്‍ നടക്കുകയായിരുന്നു എന്നും കേള്‍ക്കുന്നു. 70 + years ഇല്‍ കൊച്ചു മക്കളുടെ ഈ സമ്മാനം എന്തായാലും തകര്‍ത്തു. 70 + അല്ല 100 + ആയാലും അവര്‍ കൊടുക്കുന്ന സമ്മാനം ഇടാതിരിക്കുന്നത് എങ്ങനെ? അതവരുടെ സ്നേഹത്തിന്‍റെ അടയാളം അല്ലെ…

കൊടുക്കുന്നതിന്‍റെ ഇരട്ടി സ്നേഹം തിരിച്ചു തരുന്ന ഈ രണ്ടു കുസൃതിക്കുട്ടികളെ  വല്ലാതെ മിസ്സ്‌ ചെയുന്നു ഞങ്ങളുടെ നവമിക്ക്…ഞങ്ങള്‍ക്കും…

കലാകാരി


ഓമനപ്പുത്രിയെ ഡാവിഞ്ചിയുടെയും, പിക്കാസോയുടെയും ഇളമുറക്കാരിയാക്കാന്‍ കൊതിച്ച് പിതാശ്രീ അവള്‍ക്ക് നിറങ്ങളുടെ ഒരു കൊച്ചു ലോകം തന്നെ കൈക്കുമ്പിളില്‍ ആക്കി കൊടുത്തു. പുതിയ കളി അവള്‍ക്കും നന്നെ രസിച്ചു.പണ്ട് പുത്രിയെ ഗാന കോകിലമാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയപ്പോള്‍ ഉണ്ടായ ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കുറി പിതാശ്രീ കൂടുതല്‍ ജാഗരൂകനായി. ആദ്യം അവളെ shapes പഠിപ്പിക്കാനായി circle ഇല്‍ തുടങ്ങി. അവളതു നന്നായി അങ്ങ് പഠിച്ചെടുത്തു. പിന്നെയെങ്ങും സര്‍ക്കിള്‍ തരംഗം ആയിരുന്നു. പഠനം തുടരാന്‍ ചെന്ന പിതാശ്രീയുടെ മറ്റു shapes ഒന്നും ഹിറ്റ്‌ ആയില്ലെന്ന് മാത്രമല്ല അതിന്‍റെ കാറ്റ് പോലും അവള്‍ക്ക് ഏറ്റില്ല. പുതിയതായി വാങ്ങിയ colouring ബുക്ക്‌ ഇല്‍ നിറയെ sketch pen വട്ടങ്ങള്‍ നിറഞ്ഞു. ബുക്കിലെ ആനയെ കണ്ടാല്‍ chicken pox പിടിച്ചത് പോലെ ആയി‌. സര്‍ക്കിള്‍ കള്‍ തറയിലേക്കും, ചുവരിലെക്കും, കളിപ്പാട്ടങ്ങളിലെക്കും ഉടുപ്പുകളിലെക്കും അള മുറിയാതെ വന്നു നിറയാന്‍ തുടങ്ങിയപ്പോള്‍ sketch pen നു നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു ഞങ്ങള്‍.
അതിനു ശേഷമായിരുന്നു നവമിയുടെ ജീവിതത്തിലേക്ക് water colour ന്റെയും, paint brush ന്റെയും chart paper ന്റെയും ഒക്കെ രംഗ പ്രവേശം. വീട്ടില്‍ എല്ലാവരുടെയും സര്‍ഗ്ഗ ചേതന ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍ ആയിരുന്നു പിന്നീട്. കടലാസ്സില്‍ നിറങ്ങള്‍ കൊണ്ട് കവിതകള്‍ വിരിഞ്ഞു. ( കാക്കിരി കൂക്കിരി കളര്‍ കോരി ഒഴിച്ചിരിക്കുന്നു എന്ന് നാട്ടു ഭാഷയിലും ചിലര്‍ പറയും!!)

അങ്ങനെയിരിക്ക പെട്ടന്നൊരു ദിവസം പിതാശ്രീ ബുജി ആയി. അബദ്ധത്തില്‍ വരച്ച ഒരു ഒരു പടത്തിന്റെ അടിക്കുറിപ്പ് കേട്ടു ഞാന്‍ ഞെട്ടി   .”Representation of 21st centuary cruelism on rural woman by urban fudelistic man.”

എന്തായാലും ആധുനിക ചിത്ര കലാ രംഗത്തേക്ക് ഒരു അപൂര്‍വ പ്രതിഭയുടെ കടന്നു വരവിന്റെ നാന്ദി കുറിക്കുന്ന ചിത്രം താഴെ കൊടുക്കുന്നു. (ഒരു അപേക്ഷ മാത്രം : അഭിപ്രായം അറിയിക്കാന്‍ നേരിട്ട് വരരുതേ ആരും ദയവു ചെയ്തു).

അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റുമോ. ചിത്ര രചനയുടെ സമ്പുഷ്ടമായ ഒരു പാരമ്പര്യം എനിക്കുമുണ്ടല്ലോ. കല്ലുപ്പാറയിലെ പഴയ നാലുകെട്ടിന്റെ ചുവരുകളില്‍, കതകുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന അപ്പൂപ്പന്റെ സര്‍ഗ്ഗ വൈഭവത്തിന്റെ ഒരു ചെറു തരിയെങ്കിലും കൂട്ടിനു വന്നാലോ…അതിമോഹത്തിനു അല്ലെങ്കിലും ഒട്ടും കുറവ് വരാറില്ലല്ലോ!!!വരച്ചങ്ങു തകര്‍ത്തു. ഞാന്‍ വരക്കുന്നത് കുറച്ചെങ്കിലും ഭേദമായെക്കുമോ എന്ന് ചില്ലറ കുശുമ്പില്‍ ചില ശക്തികള്‍ CNN വാര്‍ത്ത‍ കാണുന്നതിനു ഇടയിലും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പ്രതിസന്ധികള്‍ അതിജീവിച്ചു വരച്ചു  തീര്‍ന്നപ്പോള്‍ പെണ്മുഖത്തിനു mumps വന്നത് പോലെ ഉണ്ടായിരുന്നു. ആ അപൂര്‍വ സൃഷ്ടിയും താഴെ ചേര്‍ക്കുന്നു. നേരത്തെ പറഞ്ഞ അപേക്ഷ ഇതിനും ബാധകമാണെ…

ഒരു ജനലിന്റെ രണ്ടറ്റത്തും ചിത്രങ്ങള്‍ സ്ഥാനം പിടിക്കുന്നത്‌ നോക്കി കണ്ട നവമി കണ്ണുകളില്‍ കൌതുകം .
” അമ്മേ എന്റെം കൂടെ പടം വെച്ചനെ…”അവള്‍ക്കും ആഗ്രഹം. അടുത്തത് നവമിയുടെ ഊഴം ആയിരുന്നു.

അങ്ങനെ ഒറ്റ രാത്രി കൊണ്ട് ഒരു വര കുടുംബം പിറന്നു.

എന്തായാലും നവമിയുടെ പാട്ടിന്‍റെയും വരയുടെയും കാര്യത്തില്‍ ഏതാണ്ടൊരു തീരുമാനം ആയ മട്ടാണ്. ഇനി നൃത്തം ആണ് ബാക്കി. മുന്‍ അനുഭവം അതും അത്ര മികച്ചതല്ല.  കഴിഞ്ഞ ജന്മാഷ്ടമിക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ ഡാന്‍സ് പ്രോഗ്രാം കാണിക്കാന്‍ കൊണ്ടുപോയിരുന്നു. എല്ലാവരും വേദിക്ക് അഭിമുഖം ആയി ഇരുന്നപ്പോള്‍ അവള്‍ പിന്തിരിഞ്ഞിരുന്നു പ്രതിഷേധം അറിയിച്ചിരുന്നു. പ്രായത്തിന്റെ അറിവില്ലായ്മ ആവും. മാറുമായിരിക്കും. ശുഭ പ്രതീക്ഷ കൈ വിടുന്നില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും അവള്‍ ഒരു അരസിക ഒന്നുമല്ല കേട്ടോ. കഥകള്‍ കേള്‍ക്കാന്‍, പറയാന്‍, സിനിമ കാണാന്‍ ഒക്കെ അവള്‍ക്ക് ഒരുപാടിഷ്ടം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമ കണ്ട് കൊണ്ടിരുന്നപ്പോള്‍ അതിലെ ദീപ മോളുടെ സങ്കടങ്ങള്‍ക്കൊപ്പം അവളും തേങ്ങിയത് രണ്ടു വയസ്സാകുന്നതിനു മുന്‍പായിരുന്നു.അതുപോലെഅവളുടെ എത്ര വലിയ വാശിക്കരച്ചിലും ഒരു കുഞ്ഞ് കഥയുടെ മാസ്മരികതയില്‍ അലിയിച്ചു കളയാം എന്നൊരു ഉറപ്പെനിക്കുണ്ട്. ഞങ്ങളാരും ശ്രദ്ധിക്കാതെ ഇരിക്കുന്ന ചില നേരങ്ങളില്‍ അവള്‍ അവളുടേത്‌ മാത്രമായ സംഭാഷണങ്ങളുടെ ഒരു ലോകത്തിലേക്ക്‌ പോകാറുണ്ട്. ഞങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നുന്ന നിമിഷം അവള്‍ അവളുടെ കൊച്ചു ലോകത്തിന്റെ വാതിലുകള്‍ അടക്കും. എന്താ പറയുന്നത് എന്ന് ചോദിച്ചാല്‍, ഒരു കള്ള കുസൃതിച്ചിരിയോടെ അവള്‍ ഒഴിയും ” ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ…”. നിറയെ പൂമ്പാറ്റകളും, പക്ഷി മൃഗാദികളും, പൂക്കളും, ബലൂണുകളും, നിറങ്ങളും, ചോക്ലേറ്റ് കളും ഒക്കെയുള്ള അവളുടെ കഥാലോകം എന്നെങ്കിലും അവള്‍ ഞങ്ങള്‍ക്ക് തുറന്നു തരുമായിരിക്കും…

കണ്ണ് നിറഞ്ഞു കാഴ്ചകള്‍ കാണാന്‍, കഥകള്‍ കേള്‍ക്കാന്‍ കലാ ഹൃദയം ഉള്ളവര്‍ക്കെ കഴിയു.  ഏതു കൊടും കാറ്റിലും ഇളകാത്ത ജനല്‍ കമ്പിയല്ല, കാറ്റ് തൊട്ടാല്‍ വിറയ്ക്കുന്ന വീണ കമ്പി യാണ് കലാ ഹൃദയം എന്ന് പണ്ടെപ്പോഴോ english literature ക്ലാസ്സില്‍ കേട്ടിട്ടുണ്ട്. കാറ്റ് തൊട്ടാല്‍ വിറയ്ക്കുന്ന വീണ കമ്പി പോലെ ഒരു സഹൃദയ മനസ്സ് ഞങ്ങളുടെ നവമിക്കും ഉണ്ടാവും, ഉണ്ടായിരിക്കട്ടെ എന്നും …

ഇവിടെ ..


വീട് ഓഫീസ് ആയി മാറുമ്പോള്‍ ജീവിതം തിരക്കുകളില്‍ നിന്നു തിരക്കുകളിലേക്ക് ഒഴുകി നീങ്ങുന്നു..
ഇടയ്ക്ക് എപ്പോഴെങ്കിലും മനസ്സിലൊരു മഴ പെയ്യുന്നത് കാതോര്‍ക്കാന്‍…
ഓര്‍മ്മകളുടെ ഒരിതള്‍ അടര്‍ത്തുവാന്‍..
സ്വപ്നങ്ങളുടെ ഒരു ചെറു കൈത്തിരി കൊളുത്തുവാന്‍..
എന്‍റെ ഉള്ളിന്‍റെ ഉള്ളിലേക്ക് ഒന്നൊതുങ്ങിക്കൂടുവാന്‍..
അര്‍ത്ഥം ഉള്ളതും ഇല്ലാത്തതുമായി എന്തെങ്കിലും ഒന്ന് കുറിക്കുവാന്‍…
സമയം അന്യമായത് പോലെ…എങ്കിലും..
ഞാനിവിടെയുണ്ടാകും…
ഓര്‍മ്മകളുടെ ഒരു തുരുത്തായി, സൗഹൃദത്തിന്റെ ഒരു തിരിയായി..

ഓര്‍മ്മകളുടെ ഗന്ധം


ഓര്‍മ്മകള്‍ക്ക് ഗന്ധമുണ്ടായിരിക്കുമോ?
ഉണ്ടാവും…
ചിലപ്പോഴതിന്
പഴയ ഡയറി താളുകളിലെ പടര്‍ന്ന മഷി ഗന്ധമാവും
മണ്ണിലേക്ക്  പെയ്തിറങ്ങുന്ന പുതു മഴയുടെ  ഗന്ധമാവും
വിടരാനിരിക്കുന്നൊരു ചെമ്പക മൊട്ടിന്റെ പ്രിയ ഗന്ധമാവും
അമ്പലനടയിലെ എരിയുന്നൊരു കര്‍പ്പൂരഗന്ധമാവും
വീട്ടില്‍ അമ്മയുണ്ടാക്കുന്ന കണ്മഷിയുടെ  ഗന്ധമാവും
തൊടിയില്‍ നില്‍ക്കുന്ന തളിര്‍ വെറ്റിലയുടെ ഗന്ധമാവും
പ്രിയ സുഹൃത്ത്‌ സമ്മാനിച്ച പൂചെണ്ടിന്റെ ഗന്ധമാവും
ഉറങ്ങുന്ന കുഞ്ഞിന്റെ ചുണ്ടിലെ പാല്‍ ഗന്ധമാവും
പ്രിയപ്പെട്ടവന്റെ  കണ്ണിലെ പ്രണയ സുഗന്ധമാവും

അങ്ങനെ…

ഓര്‍മ്മകള്‍ക്ക് ഒരുപാടു ഗന്ധമുണ്ടാവും

ഒടുവില്‍ ഒരുനാള്‍…
എല്ലാം ഉപേക്ഷിച്ചു പോകുമ്പോഴും
എനിക്കൊപ്പം എരിഞ്ഞുതീരുവാന്‍
ഓര്‍മ്മകളുടെ ഗന്ധവും
ഞാനെടുത്തേക്കും…

വായിക്കുന്നവര്‍ക്ക്..


ബെന്യാമിന്‍ന്‍റെ “ആടുജീവിതം ” എന്ന പുസ്തകം വായിച്ചു തീര്‍ന്നത് മുതല്‍ മനസ്സില്‍ എന്തോ ഒരു അരുതായ്ക. ആ പുസ്തകം എന്നെ വല്ലാതെ haunt ചെയുന്നതുപോലെ. എന്തെങ്കിലും ഒന്ന് എഴുതിയാല്‍ ഒരുപക്ഷെ ഈ വിങ്ങലിനു ഒരു ആശ്വാസം കിട്ടിയേക്കുമെന്നു കരുതിയാണ് എഴുതാനിരിക്കുന്നത്. വായനയുടെ ഒരു നീണ്ട ഇടവേളയ്ക്കു വിരാമമിട്ടു കൊണ്ടാണ് ആടുജീവിതം എന്‍റെ കൈയില്‍ എത്തുന്നത്‌. പേര് കേട്ടപ്പോള്‍ കരുതി എന്തൊരു ബോറന്‍ പേര്. ഇങ്ങനെ ആരെങ്കിലും നോവല്‍നു പേരിടുമോ  എന്നൊക്കെ. പക്ഷെ മുന്‍വിധികള്‍ ഒക്കെ മാറ്റിമറിച്ചു ഈ പുസ്തകം.

മലയാളത്തിലെ ഏറ്റവും മികച്ച നോവല്‍ ഇതാ ഇറങ്ങിയിരിക്കുന്നു എന്നൊന്നും ഞാന്‍ പറയില്ല ഇതേ കുറിച്ച്.പക്ഷെ ഈ പുസ്തകത്തില്‍ എന്തോ ഉണ്ട്. വായിച്ചു തീര്‍ന്നാലും മനസ്സില്‍ എന്തോ ഒന്ന് കൊളുത്തിവലിക്കുന്നത്‌ പോലൊരു തോന്നല്‍ തരുന്നത് ഇതിന്‍റെ അനുഭവ തീവ്രമായ പ്രമേയമാണ്, നൂതനമായ ആഖ്യാനമാണ്, കഥാപാത്രസൃഷ്ടിയുടെ പൂര്‍ണതയാണ്. മരുഭൂമിയുടെ ഓരോ നിശ്വാസങ്ങളിലൂടെയും, നജീബിനൊപ്പം ഞാനും കടന്നു പോയത് പോലൊരു അനുഭവമായിരുന്നു ഈ വായന എനിക്ക് സമ്മാനിച്ചത്‌. പ്രവാസ രചനകളില്‍ പൊതുവെ കാണാറുള്ള ഒരു കൃത്രിമത്വം ഇതില്‍ ഇല്ല എന്ന് മാത്രം അല്ല, അനുഭവങ്ങളുടെ നേര്‍ക്കാഴ്ച തികഞ്ഞ ആത്മാര്‍ധത പ്രതിഫലിക്കുന്ന  വാക്കുകളുമായി ഈ നോവല്‍ നെ വ്യത്യസ്തമാക്കുന്നു.

മരുഭൂമിയുടെ ആഴങ്ങളും,അഴകളവുകളും ഇതുപോലെ ആസ്വാദ്യകരമായി മുന്‍പ് വായിച്ചിട്ടുള്ളത് Alchemist എന്ന Paulo Coelho പുസ്തകത്തില്‍ ആയിരുന്നു. വായിച്ചു വായിച്ചിരുന്നു ചില നിമിഷങ്ങളില്‍  ഞാനെന്‍റെ നവമിയെപ്പോലും മറന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നജീബ് നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്ന രംഗം എത്തിയപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. ആ നേരം മനസ്സില്‍ ഉറഞ്ഞു കൂടിയ നൊമ്പരം ഇനിയും അലിഞ്ഞു പോയിട്ടില്ല. തീവ്രമായ ഒരു വായനാനുഭവതിനെ ഇങ്ങനെയൊരു വികാരം വായനക്കാരുടെ മനസ്സില്‍ ഉണര്‍ത്താന്‍  കഴിയു.

ബെന്യാമിന്‍ എന്നൊരു എഴുത്തുകാരനെ കുറിച്ച് ഇതിനു മുന്‍പ് ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല.എന്‍റെ നാടിനു തൊട്ടടുത്ത്‌ ഇങ്ങനെ ഒരു കുളനടക്കാരന്‍ സാഹിത്യകാരന്‍  മറഞ്ഞു നില്പുണ്ടായിരുന്നു എന്ന തിരിച്ചറിവ് എന്നെ അത്ഭുതപെടുത്തി, ഒപ്പം അഭിമാനവും.ഒരുപാട് ജീവിതങ്ങള്‍ക്ക് പ്രത്യാശയും, പ്രതീക്ഷയും, ഏതു പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ആത്മധൈര്യവും പകര്‍ന്നു കൊടുക്കാന്‍ പ്രേരകമായ വാക്കുകള്‍ ആണീ പുസ്തകത്തില്‍.മാതൃഭൂമി ആഴ്ചപതിപ്പിന്റെ അഭിമുഖത്തില്‍ ബെന്യാമിന്‍ പറഞ്ഞത് പോലെ ഇതൊരു നിയോഗമായിരുന്നിരിക്കണം. എങ്കില്‍ അത് നിറവേറ്റപ്പെട്ടിരിക്കുന്നു.ഇതുപോലെ എത്ര എത്ര നജീബുമാര്‍ ഈ ലോകത്ത് മറഞ്ഞിരിപ്പുണ്ടാവും, ഇവരുടെയൊക്കെ കഥ പറയാനുള്ള നിയോഗവുമായി ഇനിയും ബെന്യമിന്മാര്‍ ഉണ്ടാകട്ടെ. എങ്കിലെ ഓര്‍ക്കുട്ട് ഉം, ഫേസ് ബുക്കും, ട്വിട്ടെരും ഒക്കെ അരങ്ങു തകര്‍ക്കുന്ന ഈ കാലഘട്ടത്തിലും പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു ചെറു കൂട്ടമെങ്കിലും അവശേഷിക്കു.

പിന്‍കുറിപ്പ്:ആടുജീവിതം സിനിമയാകുന്നു എന്ന് കേള്‍ക്കുന്നു. ബ്ലെസി യുടെ സംവിധാനത്തില്‍ പ്രിഥ്വിരാജ് നായകനായി.ഈ പുസ്തകത്തിന്‍റെ അനുഭവ തീക്ഷ്ണത വെള്ളിത്തിരയുടെ നാലതിരുകള്‍ക്കുള്ളില്‍ എങ്ങനെ ഒതുക്കാന്‍ കഴിയും എന്ന് എനിക്കറിയില്ല.നജീബിന്റെ ആടുജീവിതതിലെ ആ മുശട് വാടയും,മരുഭൂമിയില്‍ പെയ്യുന്ന ആ മഴയും, നജീബിന്റെ മുന്നില്‍ അവന്റെ പുത്രന്‍റെ പിറവിയും, ഭോഗ തൃഷ്ണയും, രക്ഷപെടാനുള്ള ആ അവസാന ഓട്ടത്തില്‍ മുന്നിലെ മരീചികകളും, ഇതിനൊക്കെ ചലച്ചിത്രഭാഷ്യം ചമയ്ക്കുന്നത് എങ്ങനെയാവും എന്നറിയാനൊരു ആകാംഷ . പുസ്തകങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങളുടെ മുന്‍ അനുഭവങ്ങള്‍ ഒട്ടും പ്രതീക്ഷാജനകം അല്ലായിരുന്നു എന്നതാണ് സത്യം. മാധവിക്കുട്ടിയുടെ ‘നഷ്ട്ടപ്പെട്ട നീലാംബരി ‘ മഴയായപ്പോള്‍ അതിലെ നീലാംബരി ശരിക്കും നഷ്ടമായിരുന്നു. ചന്ദ്രമതിയുടെ ‘വെബ്സൈറ്റ്’ എന്ന മനോഹര കഥ ‘രാത്രി മഴ’ ആയപ്പോള്‍ അതിന്‍റെ ആത്മാവ് മുഴുവന്‍ ചോര്‍ന്നുപോയിരുന്നു. ആടുജീവിതം അങ്ങനെ ആകാതിരിക്കട്ടെ.

ഇത്ര മികച്ച ഒരു വായനാനുഭവം എനിക്ക് ലഭിക്കാന്‍ കാരണമായതിനു സഹൃദയ ദമ്പതികള്‍ ശ്രീലേഖ ചേച്ചിക്കും, മുരളി ചേട്ടനും  നന്ദി കൂടി ചേര്‍ത്തില്ല എങ്കില്‍ എന്‍റെയീ കുറിപ്പ് പൂര്‍ണ്ണമാകില്ല…ഹൃദയപൂര്‍വം നന്ദി..

ഓര്‍മ്മപ്പൂക്കളം


നാളെ അത്തം ആണ്.

 

മനസ്സില്‍ നിറയെ ഓര്‍മ്മപ്പൂക്കളങ്ങള്‍ നിറയുന്നു.മായ ചേച്ചി ഫോണ്‍ വിളിച്ചപ്പോള്‍ നവമിയോടു ചോദിച്ചു, “മോള്‍ അത്തപ്പൂ ഇടുന്നുണ്ടോ” എന്ന്. അവള്‍ ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് ഫോണ്‍ എനിക്ക് കൈ മാറി.” അമ്മേ എന്താ പറഞ്ഞെ, എനച്ചു മച്ചായില്ല”. അവള്‍ക്ക് മനസ്സിലായില്ല എന്താണ് പറഞ്ഞതെന്ന്.അവള്‍ക്കിപ്പോള്‍ പൂക്കളം അറിയില്ല, ഓണം അറിയില്ല..

തിരികെ വിളിക്കരുതെ കുറെ നേരത്തേക്ക് എന്ന് പറഞ്ഞു ഓര്‍മ്മകള്‍ എന്‍റെ പഴയ ഓണക്കാലങ്ങള്‍ തേടി പറന്നു പോയി അപ്പോള്‍. ഓണം എന്നാല്‍ എനിക്ക്.. പൂക്കളമിടാന്‍ മെഴുകിയിട്ട മുറ്റത്തിന്റെ മണം ആണ്. കാടുപിടിച്ച് കിടക്കുന്ന റോഡരുകില്‍ നിന്നും കൈ എത്തി പറിച്ചെടുത്ത ഓണപ്പൂവിന്റെ ഇളം വയലെറ്റ് നിറമാണ്‌.മഴയുള്ള ചില ഓണക്കാലങ്ങളില്‍ പേര മരത്തിലിട്ട ഊഞ്ഞാലില്‍ ആടുമ്പോള്‍ മുഖത്തേക്ക് പാറി വീഴുന്ന നീര്‍ തുള്ളിയുടെ തണുപ്പാണ്. അമ്മൂമ്മ  വെളിച്ചെണ്ണയില്‍ വറുത്തു കോരുന്ന ഉപ്പേരിയുടെ സ്വാദാണ്. അച്ഛനും അമ്മയും ഒരുമിച്ചു ചെങ്ങന്നൂരില്‍ പോയി വാങ്ങി കൊണ്ടുവരുന്ന ഓണ കോടിയുടെ ഭംഗിയാണ്.എന്നും കൈ കോര്‍ത്ത്‌ പിടിച്ചു നടന്ന ചേച്ചിയുടെയും അനുജത്തിയുടെയും കൈയിന്‍റെ ഇളം ചൂടാണ്. ഓരോ ഓണക്കാലങ്ങളും ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ആയി വരുന്നു.

 

എന്‍റെ ഓണക്കാലങ്ങള്‍ എന്നും ആഘോഷമായിരുന്നു. ഞങ്ങള്‍ മൂവരും പിന്നെ സഹോദരന്മാര്‍ ശരത് ചേട്ടനും, സുദര്‍ശും, സൂരജും എല്ലാ ഓണത്തിനും ഞങ്ങള്‍ ഒരുമിച്ചു ആഘോഷിച്ചു തകര്‍ക്കുമായിരുന്നു. കുട്ടിപ്പട്ടാളത്തിന്റെ തലൈവര്‍ ശരത് ചേട്ടനായിരുന്നു.അത്തപ്പൂ ഇടീലും, ഊഞ്ഞാലാട്ടവും, ഒക്കെ ഞങ്ങള്‍ക്ക് മത്സരവും ഉത്സവവും ഒക്കെ ആയിരുന്നു. ഇന്നിപ്പോള്‍ കുട്ടിപ്പട്ടാളം ഒക്കെ മുതിര്‍ന്നു. സഹോദരന്മാരും, സഹോദരിമാരും എല്ലാം ദൂരങ്ങളില്‍, അവരവരുടെ ജീവിത തിരക്കുകളില്‍.ഓണം മാത്രം  പഴയത് പോലെ…മനസ്സിന്‍റെ മുറ്റത്തിട്ട ഓര്‍മ്മകളുടെ പൂക്കളവും.

ഇക്കുറി ഓണം ബാംഗ്ലൂര്‍ ആണ്.എല്ലാവരും ഒരുമിക്കുമ്പോള്‍ മറുനാടന്‍ ഓണത്തിനും മണവും മധുരവും ഉണ്ടാവും .

നാളെ എന്‍റെ നവമിയുടെ ഓര്‍മ്മകളിലും ബാല്യത്തിലെ നിറമുള്ള ഓണക്കാലങ്ങള്‍ ഉണ്ടാകണം, ഓര്‍മ്മകളുടെ പൂക്കളമുണ്ടാകണം. അതിനായി ചെന്നൈയിലെ ഈ വാടക വീടിന്‍റെ സിമിന്‍റ് ഇട്ട മുറ്റത്ത്‌ ചുവന്ന തെച്ചി പൂക്കളും, മഞ്ഞപ്പൂക്കളും ഇലകളും ഒക്കെയായി ഒരു ചെറു പൂക്കളം ഞങ്ങള്‍ ഒരുക്കും  ..ഇവള്‍ ഞങ്ങളുടെ  പ്രാണനേക്കാള്‍ പ്രിയപ്പെട്ടവള്‍..നാളെ ഇവളെ  സന്തോഷിപ്പിക്കാന്‍ ഇടെയുള്ള ഒരു ചെറിയ ഓര്‍മ്മതുണ്ട് പോലും ഞങ്ങള്‍ നല്‍കാതിരുന്നുകൂടാ അവള്‍ക്ക്.

 


ഒരുവട്ടം കൂടിയാ പഴയ വിദ്യാലയതിരുമുറ്റത്ത്‌..


നവമിക്ക് ഒരാഴ്ചയായി സ്കൂളില്‍ പോകാനുള്ള ആഗ്രഹം കലശലായിരിക്കുന്നു!!
എന്താണ് അതിനു പ്രേരിപ്പിച്ച ചേതോവികാരം എന്ന് എനിക്ക് അറിയില്ല. (“നിന്നെ കണ്ട് കണ്ട് മടുത്തിട്ട് ആവും, ഒരു സംശയവുമില്ല”; പ്രിയതമന് ഇയ്യിടെയായി ആത്മഗതം കൂടുന്നു).
“അമ്മേ എന്നെ സ്കൂളില്‍ വിടണേ..”അവള്‍ എന്നോട് കെഞ്ചുന്നു.
“എനച്ചു ലഞ്ച് ബോക്സ്‌ ഉം,വാട്ടര്‍ ബോട്ടിലും മേച്ചനം” അവള്‍ demand ചെയുന്നു.
“ഞാന്‍ തന്നെ നടന്നു നടന്നു ആപ്പിള്‍ കിസ്സ്‌ ഇല്‍   (ആപ്പിള്‍ കിഡ്സ്‌ :സമീപത്തുള്ള പ്ലേ സ്കൂള്‍ സ്വന്തം സ്കൂള്‍ ആയി അവള്‍ നേരത്തെ അവരോധിച്ചിട്ടുണ്ട് ) പോകുംഎന്ന് ഭീഷണി മുഴക്കുന്നു .എന്നിട്ട് ദയനീയമായി ആത്മഗതവും നടത്തുന്നു.
“എനിച്ചു എനിച്ചു തിരിച്ചു വരാന്‍ വഴി അറീതില്ലല്ലോ…”
പ്രിയപ്പെട്ട കുഞ്ഞെ നിന്നെ ഞങ്ങള്‍ ഉടനെ സ്കൂളില്‍ വിടാം ,ഒന്ന് എഴുത്തിനു ഇരിത്തിക്കോട്ടെ എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അവള്‍ക്ക് ഇത്തിരി ആശ്വാസം. എന്തായാലും ഇവര്‍ക്ക് എന്നെ സ്കൂളില്‍ വിടണം എന്ന് ആഗ്രഹം ഉണ്ടല്ലോ എന്ന് ഒരു സമാധാനം ആ കുഞ്ഞു മുഖത്ത്.ഈ ആവേശം എന്നും ഉണ്ടായാല്‍ മതിയായിരുന്നു. ഒന്ന് തുടങ്ങി കിട്ടിയാല്‍ അനന്തയാത്രയാണീ സ്കൂള്‍ യാത്ര എന്ന് അവള്‍ക്ക് ഇപ്പോള്‍ അറിയില്ലല്ലോ.

ആ നേരമാണ് മനസ്സിലേക്ക് ഒരു മഷിതണ്ടിന്‍റെ ഓര്‍മ്മ മനസ്സിലേക്ക് പാറി വീണത്‌.മഷിതണ്ടും , കല്ലുപെന്‍സിലും, slatum ഒക്കെ അറിയാതെ പോകുന്ന ഒരു ബാല്യം ആണല്ലോ എന്‍റെ മകളുടെത്. ചോക്കും, ബ്ലാക്ക്‌ ബോര്‍ഡും പോലും വൈറ്റ് ബോര്‍ഡിനും, മാര്‍ക്കെര്‍നും  വഴി മാറിപോയി സ്കൂള്‍ കളില്‍ എന്ന് കേള്‍ക്കുന്നു. എല്ലാം മാറുന്നു.മാറട്ടെ…മാറ്റത്തിന് മാത്രമല്ലെ ഉള്ളു മാറ്റം ഇല്ലാത്തത്.

എന്‍റെ സ്കൂള്‍…ആദ്യം മനസ്സില്‍ വരുന്നത് St . Judes Venmoney യുടെ മുറ്റവും, മുറ്റത്തെ ബദാം മരവുമാണ്. ഈര്‍പ്പം തട്ടി മാഞ്ഞു പോകാന്‍ തുടങ്ങുന്ന ഒരു പഴയ ഫോട്ടോയിലെ പോലെ അവിടുത്തെ ചില മുഖങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടുണ്ടെ.എങ്കിലും ഏറെ തെളിമയോടെ  കുറെ ഏറെ മുഖങ്ങള്‍ ഇപോഴുമുണ്ട്. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പാമ്പ് കടിച്ചു മരിച്ചു പോയ ലില്ലി ടീച്ചര്‍ ന്‍റെ മുഖവും, സ്വരവും ഇന്നും മറക്കാന്‍ മടിച്ചു കൂടെയുള്ള നൊമ്പരപ്പെടുത്തുന്ന ഒരോര്‍മ്മയാണ്. എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരി Ansu എനിക്ക് St Judes സമ്മാനിച്ച ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ്. ഒളിച്ചേ..കണ്ടെ കണ്ണാരം പൊത്തി…ആര്‍ദ്ര സ്വരത്തില്‍ അവള്‍ പാടുന്നത് ഇപ്പോഴും എന്‍റെ കാതില്‍ മുഴങ്ങുന്നതുപോലെ. Jiss എന്ന കൂട്ടുകാരിയെ മൂന്നാം ക്ലാസ്സില്‍ വഴി പിരിഞ്ഞു പോയതിനു ശേഷം അങ്ങ് ഡിഗ്രി ക്ലാസ്സില്‍ കണ്ടുമുട്ടിയപ്പോള്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞതും St Judes ഓര്‍മ്മകളുടെ തിളക്കത്തില്‍ നിന്നാണ്.
സ്കൂള്‍ ഓര്‍ത്തപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരുന്നു. മഞ്ഞയും കറുപ്പും ഇട കലര്‍ന്ന മനോഹരമായ ഒരു ഗള്‍ഫ്‌ പെന്‍സില്‍. അങ്ങനെ ഒരു പെന്‍സില്‍ എനിക്കില്ലായിരുന്നു. ഒരിക്കല്‍ പോലും എഴുതാന്‍ കഴിഞ്ഞിട്ടില്ലാത്ത എന്നാല്‍ എന്നും കൊതിപ്പിച്ച ആ പെന്‍സില്‍ ഇന്നും മായാതെ കിടക്കുന്നു മനസ്സില്‍.

മൂന്നാം ക്ലാസ്സില്‍  St . Judes നോട് വിട പറഞ്ഞു St Annes  മറ്റൊരു മായാലോകത്തേക്ക് ഞാന്‍ ചേക്കേറി.ആദ്യമൊക്കെ എനിക്ക് അവിടവുമായി പൊരുത്തപ്പെടാന്‍ പ്രയാസമായിരുന്നു. പതിയെ പതിയെ ആണ് ഞാന്‍ എന്‍റെ സ്കൂള്‍ നെ സ്നേഹിച്ചു തുടങ്ങിയത്. ചാപ്പലും, galleryum, basket ball court ഉം, മീന്‍ കുളവും ,പൂത്തുനില്‍ക്കുന്ന അരളിചെടികളും, ഒരുപാട് പ്രിയപ്പെട്ട അധ്യാപകരും, സുഹൃത്തുക്കളും ഒക്കെയുള്ള ആ ലോകത്ത് നിന്നും ഒരു നാള്‍ പടിയിറങ്ങിപ്പോന്നത് നിറ കണ്ണുകളോടെ ആയിരുന്നു..

woods are lovely dark and deep
but i have promises to keep
and miles to go before i sleep
and miles to go before i sleep”
Robert Frost ന്‍റെ ഈ വരികള്‍ Mary Thomas ടീച്ചര്‍ പഠിപ്പിച്ചത് ഇന്നലെ കേട്ടത് പോലെ.ഡോക്ടര്‍ മുഖമുള്ള ഓമനക്കുട്ടി ടീച്ചര്‍ ,അക്ഷരങ്ങളുടെ ജാലകങ്ങള്‍ എനിക്ക് മുന്നില്‍ തുറന്നു തന്ന മലയാളം സതി ദേവി ടീച്ചര്‍, ഹിന്ദി സെക്കന്റ്‌ ന്‍റെ questions ചോദിക്കുന്ന കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍, സംഗീതം പഠിപ്പിക്കുന്ന അമ്മാള്‍ ടീച്ചര്‍, ഡ്രില്‍ ടീച്ചര്‍ പൊന്നമ്മ ടീച്ചര്‍, ലീല്ലാമ്മ ടീച്ചര്‍, സിസ്റ്റര്‍ ഗ്രിഗോറിയ, സിസ്റ്റര്‍ തേജസ്‌ എത്ര എത്ര പ്രിയപ്പെട്ട അധ്യാപക മുഖങ്ങള്‍ .കാര്‍ക്കശ്യം നിറഞ്ഞ സ്നേഹം മാത്രം കാട്ടുന്ന ഞങ്ങളുടെ സിസ്റ്റര്‍ Eusebia ഇപ്പോള്‍ എവിടെയാണാവോ.സിസ്റ്റര്‍ നു കാന്‍സര്‍ ആണ് എന്ന് ഇടക്കെപ്പോഴോ കേട്ടിരുന്നു.. ഓണ അവധി കഴിഞ്ഞു വരുമ്പോള്‍ ക്ലാസിനു മുന്നിലെ  നീണ്ട ഇടനാഴിയിലൂടെ കണക്കു പരീക്ഷയുടെ ആന്‍സര്‍ പേപ്പര്‍ ചേര്‍ത്ത് പിടിച്ചു sinen ടീച്ചര്‍ നടന്നു വരുന്നത് കാണുമ്പോള്‍ ഉയരുന്ന നെഞ്ചി ടിപ്പുകളുടെ താളം പെരുമ്പറ പോലെ ഇപ്പോഴും മനസ്സില്‍…

Ansu വിനെ St Judes തന്നത് പോലെ Anu എന്ന കൂട്ടുകാരിയെ തന്നത് St Annes ആണ്.പിന്നെ അഞ്ചുവിനെയും .ഒളി മങ്ങാത്ത ഈ സൗഹൃദങ്ങള്‍ നിഴലായി എന്നും എനിക്കൊപ്പം ഉണ്ട്. ദൂരത്തിനും കാലത്തിനും മായ്ച്ചു കളയാന്‍ കഴിയാത്ത സൗഹൃദം എന്‍റെ അനുഗ്രഹമാണ്..ചില പുസ്തകങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ അതുപോലെ നില്‍ക്കുന്നു.അതിനു കാരണമുണ്ട്,ധര്‍മ്മരാജയും, ഇന്ദുലേഖയും, സര്‍ക്കസും പോരാട്ടവും ഒക്കെ എത്രമേല്‍ ആസ്വദിച്ചായിരുന്നു പഠിച്ചിരുന്നത്. ധര്‍മ്മരാജയുടെ ചലച്ചിത്ര ഭാഷ്യം ചമയ്ക്കാന്‍ എത്രയോ രാത്രികള്‍ ഞാനും ചേച്ചിയും ഉറക്കമിളച്ചിരുന്നു. സ്കൂള്‍നകത്തെ James ചേട്ടന്റെ സ്റ്റോര്‍ ഇപ്പോഴും ഉണ്ടായിരിക്കുമോ അത് പോലെ തന്നെ. അവിടെ നിന്നും ആശ ആര്‍ പിള്ള വാങ്ങിതന്ന ബോംബെ മുട്ടായിയും, തേന്‍ മുട്ടായിയുടെയും ഒക്കെ സ്വാദ് ഇപ്പോഴും നാവിന്‍ തുമ്പില്‍.

വീടിനുപുറത്തു ഇത്രയേറെ സുരക്ഷിതത്വം പകര്‍ന്നു തന്ന മറ്റൊരിടമുണ്ടായിട്ടെയില്ല ഇതുവരെ. ഞാന്‍ എന്ന വ്യക്തിയെ ,എന്‍റെ കാഴ്ചപ്പാടുകളെ, എന്നിലുള്ള നന്മകളെ, കഴിവുകളെ ഊതിക്കാച്ചിയെടുത്ത ഇടമായിരുന്നു എന്‍റെ പ്രിയപ്പെട്ട വിദ്യാലയം. St Annes ന്‍റെ മുഖച്ഛായ ഇപ്പോഴും അതുപോലെ തന്നെ ആണോ എന്നറിയില്ല..ആയിരിക്കും. കാരണം അമ്മയെ പോലെ തന്നെയാണ് സ്കൂള്‍ ഉം. ഒരിക്കലും മാറ്റമുണ്ടാകില്ല നമ്മുടെ മനസ്സില്‍.
ആരുടെതെന്ന് ഓര്‍മ്മയില്ലാത്ത  രണ്ടു വരികള്‍ ഞാന്‍ കടം കൊള്ളുന്നു…

“കാണെക്കാണെ വയസ്സാകുന്നു മക്കള്‍ക്കെല്ലാം
എന്നാല്‍ അമ്മേ  വീണക്കമ്പി മുറുക്കുകയല്ലോ നവ താരുണ്യം നിന്‍ തിരുവുടലില്‍..”

ഞങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്മി അന്തര്‍ജനത്തിന്


കേരളത്തില്‍ പോയിട്ട് ആറുമാസം ആകുന്നു. ഇത്ര നീണ്ട ഒരു ഇടവേള ഉണ്ടായിട്ടേയില്ല ഇതുവരെ. നാട്ടിലെ മഴയും, കാറ്റും, കോടുകുളഞ്ഞിയും വീടും,  എല്ലാം വല്ലാതെ ഗ്രഹാതുര  നൊമ്പരം ഉണര്‍ത്തുന്നു മനസ്സില്‍. പക്ഷെ എല്ലാത്തിനേക്കാളും കൂടുതല്‍ മിസ്സ്‌ ചെയുന്നത് ലക്ഷ്മി അന്തര്‍ജ്ജനം എന്ന ഞങ്ങളുടെ കോടുകുളഞ്ഞി അമ്മൂമ്മയെ ആണ്. കാണാതിരിക്കുമ്പോള്‍ ആണ് ഓരോരുത്തരും നമുക്കെ എത്രമേല്‍ പ്രിയപ്പെട്ടതാണെന്നു തിരിച്ചറിയുന്നത്‌. ഇന്നലെ ഫോണില്‍ അമ്മുമ്മയോടു സംസാരിച്ചിരുന്നു. ആറു മാസം ആയി കണ്ടിട്റെന്നു പറഞ്ഞപ്പോള്‍ അമ്മൂമ്മ പറഞ്ഞു,ഇപോഴൊക്കെ ഫോണ്‍ എങ്കിലും ഉണ്ടല്ലോ വല്ലപ്പോഴും ശബ്ദം എങ്കിലും കേള്‍ക്കാമല്ലോ എന്ന്. അമ്മൂമ്മ അങ്ങനെ ആണ്, ഒരിക്കലും ഒന്നിനും പരാതിയില്ല. ഇത്രയേറെ ആത്മബലമുള്ള, ആത്മസംയമനമുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അമ്മൂമ്മ ഒരു പാഠപുസ്തകം പോലെ ആണ്. ഞങ്ങള്‍ ആരും ഇതുവരെ മുഴുവന്‍ വായിച്ചിട്ടില്ലാത്ത ഒരു പാഠപുസ്തകം.

എനിക്ക് 2 വയസ്സ് ഉള്ളപ്പോഴായിരുന്നു അമ്മക്ക് ഒറ്റപ്പാലത്ത് B .Ed കോഴ്സ് നു അഡ്മിഷന്‍ കിട്ടുന്നത്. ഇപ്പോള്‍ എന്‍റെ നവമിയുടെ പ്രായം മാത്രം ഉണ്ടായിരുന്ന എന്നെ സുഭദ്രമായ കരങ്ങളില്‍ എല്പ്പിച്ചാണ് അമ്മക്ക് പോകാന്‍ കഴിഞ്ഞത്. നിഴല് പോലെ കൂടെ നടന്നു ശല്യപ്പെടുത്തുന്ന വഴക്കാളി കുട്ടിയായിരുന്നു ഞാന്‍ അന്ന്. (ഇപ്പോള്‍ ഏതാണ്ട് ഭേദം ഉണ്ടോ എന്ന് പ്രിയതമന്റെ ആത്മഗതം!!) .നാല് വയസ്സുള്ള ചേച്ചിയെയും കൈയില്‍ പിടിച്ചു എന്നെ എടുത്തും കൊണ്ട്  അമ്പലത്തിലേക്കുള്ള കയറ്റം കയറി പോകുമായിരുന്നു അമ്മൂമ്മ എന്ന് കേള്‍ക്കുമ്പോള്‍ ശരിക്കും  അത്ഭുതം . അന്നത്തെ ആ കാലത്തെപറ്റി ഇപ്പോഴും പ്രയാസത്തിന്റെ ലാന്ജന പോലുമില്ലാതെ നിറഞ്ഞ സന്തോഷത്തോടെ പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍. നവമിയേം കൊണ്ട്  വെളിയില്‍ നടക്കാന്‍ പോകുമ്പോള്‍ അഞ്ചു മിനിറ്റ് എടുത്തു കഴിയുമ്പോള്‍ ഞാന്‍ ചേട്ടനെ ഏല്‍പ്പിക്കും അവളെ, തിരിച്ചും അതുപോലെ തന്നെ.

ഒരുപാടു കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്  അമ്മൂമ്മ ഞങ്ങള്‍ക്ക്. നവമിക്ക് കാളിയ മര്‍ദ്ദനം കഥ ഞാന്‍ പറഞ്ഞു കൊടുക്കുന്നത് ആ ഓര്‍മ്മയിലാണ്. നെറ്റിയില്‍ നീട്ടി ഭസ്മം തൊട്ടു അമ്മൂമ്മ സന്ധ്യക്ക്‌ നാമം ജപിക്കാന്‍ ഇരിക്കുമ്പോള്‍ ഞാനും ചേച്ചിയും അപ്പുറവും ഇപ്പുറവും ഇരിക്കും. ഹൃദ്യ കുട്ടിയായിരുന്നു അന്ന്. അമ്മൂമ്മ എന്നും ജപിക്കുന്ന നാമത്തില്‍ ഒരു വരി  ഉണ്ട് .
“കാലെസ്യ ഫനാശങ്കെ ദിവ്യ നൃത്തം കരോതിതം ”  .
എന്‍റെ ടാര്‍ഗറ്റ് ആ വരിയാണ്. അത് വരുമ്പോള്‍ ഞാന്‍ ഇടപെടും. “അത് പറ്റില്ല അമ്മൂമ്മെ, “ദിവ്യ നൃത്തം” എന്ന് മാത്രം പറയല്ലെ, “ഭവ്യ നൃത്തം” എന്ന് കൂടി പറഞ്ഞേ പറ്റു” എന്ന്.
അമ്മൂമ്മ ഉടനെ തന്നെ ഭജനാവലിയില്‍ എഡിറ്റിംഗ് നടത്തി ജപിക്കും
“കാലെസ്യ ഫനാശങ്കെ ഭവ്യ നൃത്തം കരോതിതം ”
അത് കേട്ടാലെ എനിക്ക് തൃപ്തി ആകുമായിരുന്നുള്ളൂ .

പിന്നെ സ്കൂള്‍ കാലം. എന്നും വൈകുന്നേരം St Annes സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ എന്താവും അന്ന് അമ്മൂമ്മ  ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്ന ചിന്തയോടെ മാത്രം ആണ്. അട, തെരളി, ഉണ്ണിയപ്പം, ഉഴുന്ന് വട, പരിപ്പ് വട, കൊഴുക്കട്ട,ഓട്ടട, ഓരോ ദിവസവും ഓരോ വിഭവങ്ങള്‍. ഇപ്പോള്‍ ചില ദിവസങ്ങള്‍ എങ്കിലും ഞാന്‍ എന്‍റെ മകള്‍ക്ക് എന്തെങ്കിലും നാല് മണി പലഹാരം ഉണ്ടാക്കുന്നത് ആ ഓര്‍മ്മയുടെ പ്രതിഫലനമായാണ്. അന്നൊന്നും അതിന്റെ വില മനസ്സിലായിട്ടില്ലായിരുന്നു. അമ്മൂമ്മ ഉണ്ടാക്കി വെയ്ക്കും, ഞങ്ങള്‍ തിന്നും, അതിനുമപ്പുറം കൂടുതല്‍ ആലോചിക്കില്ലായിരുന്നു.വളര്‍ന്നപ്പോള്‍ ഞങ്ങള്‍ അവരവരുടെ ലോകങ്ങളില്‍ ആയപ്പോള്‍ അമ്മൂമ്മ തനിച്ചായിപോയിരിക്കണം. ഒന്നും പറഞ്ഞതേയില്ല, അറിഞ്ഞതുമില്ല. ഇന്നിപ്പോള്‍ കാതങ്ങള്‍ അകലെഓര്‍മ്മകളുടെ പ്രിയതരമായ മധുരിമയില്‍ മുഴുകിയിരിക്കുമ്പോള്‍ തീരാത്ത നഷ്ടബോധം. തിരികെ മടങ്ങാന്‍ വഴികളില്ലാത്ത കാലപ്രവാഹമോര്‍ത്ത്‌ വിസ്മയം.

മണി ചിറ്റയുടെ വീട്ടിലേക്കും, അമ്മൂമ്മയുടെ വീടായ തട്ടയിലേക്കും ഒക്കെ സ്ഥിരം സഹയാത്രിക ഞാനായിരുന്നു അമ്മൂമ്മക്ക്‌ ഏറെക്കാലം. യാത്ര അമ്മൂമ്മയോടൊപ്പം ആകുമ്പോള്‍ ക്യാപ്റ്റന്‍ ഞാനാണല്ലോ. പിന്നെ സര്‍വ സ്വാതന്ത്ര്യമാണ്. കൈ നിറയെ മുട്ടായി(ഇപോഴാണ് ചോക്ലേറ്റ് എന്നൊക്കെ glamouril പറയുന്നത്) മേടിക്കാനുള്ള അവകാശവും അധികാരവുമാണ് എനിക്കപ്പോള്‍. ഇപ്പോഴും അപൂര്‍വമായിട്ടു ആണെങ്കിലും ബസില്‍ കയറുമ്പോള്‍ മുട്ടായി  വാങ്ങി കഴിക്കണം എന്നൊരു ആഗ്രഹം മനസ്സില്‍ വരും. ഇപ്പോള്‍ യാത്രകള്‍ ഭയമാണ് അമ്മൂമ്മക്ക്‌. ചെന്നൈയിലേക്ക് ക്ഷണിച്ചപ്പോള്‍ ആഗ്രഹമുണ്ടെങ്കിലും അത്രയും ദൂരം ട്രെയിനില്‍ ഒക്കെ വരാന്‍ പ്രയാസമാടീ എന്ന് മറുപടി. കാണാതെ ഇരിക്കുന്നതിന്റെ കുഞ്ഞു സങ്കടത്തിന്റെ നുറുങ്ങു ആ “ആഗ്രഹമുണ്ടെങ്കിലും” എന്ന ഒറ്റ വാക്കിലുണ്ടെന്നു അറിയുന്നു ഞാന്‍.

ഒരുപാട് പാഠങ്ങള്‍ ഞാനറിയാതെ പഠിച്ചു  അമ്മൂമ്മയില്‍ നിന്ന്. പാചകം ചെയ്യുമ്പോള്‍ സ്നേഹം കൂടി ചേര്‍ക്കാന്‍, അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍, ജോലിക്കാരോട് ഏറ്റവും സ്നേഹത്തോടെ പെരുമാറാന്‍, ഏതുകാര്യവും ആത്മാര്‍ഥതയോടെ ചെയുവാന്‍ അങ്ങനെ അങ്ങനെ..പഠിക്കാന്‍ കഴിയാതെ പോയത് ഇനിയുമെത്രയോ ഏറെ ഉണ്ട് എന്നും ഓര്‍ക്കുന്നു ഞാന്‍. ഞാനും ചേച്ചിയും വിവാഹിതരായി പോയപ്പോള്‍ ഏറെക്കാലം ഹൃദ്യ ആയിരുന്നു അമ്മൂമ്മക്ക്‌ കൂട്ടുകാരി. അവള്‍ നിഴലായി നടന്നു ആ കാലങ്ങളില്‍. ഇപ്പോള്‍ അവള്‍ കൂടി പോയപ്പോള്‍ വല്ലാതെ വിരസത  അനുഭവിക്കുന്നുണ്ടാവും അമ്മൂമ്മ. എങ്കിലും ഒന്ന് ഫോണ്‍ വിളിച്ചാല്‍ സ്വരം നിറയെ സന്തോഷമാണ്. കൂടുവിട്ടു പറന്നു പോയ കിളിക്കുഞ്ഞുങ്ങളുടെ പുതിയ കൂട്ടിലെ വിശേഷങ്ങള്‍ കേള്‍ക്കുന്ന സന്തോഷമാണ് അത്.

തിരികെ പ്രതീക്ഷിക്കാതെ, ആഗ്രഹിക്കാതെ, സ്നേഹിച്ചുകൊണ്ടെയിരിക്കാന്‍ ചിലര്‍ക്ക് കഴിയും. ചിലര്‍ക്കേ കഴിയു. അവര്‍ നമ്മുടെ ജീവിതത്തില്‍ പ്രകാശം പരത്തും എന്നും. കോടുകുളഞ്ഞിയിലെ നടുവിലെ മുറിയില്‍ ഇന്നത്തെ ജോലികള്‍ ഒക്കെ തീര്‍ത്തു ഉറങ്ങാനായി വന്നു കിടക്കുന്നുണ്ടാവും  അമ്മൂമ്മ ഇപ്പോള്‍. പതുക്കെ പതുക്കെ ശബ്ദം ഉണ്ടാക്കാതെ, ഉണര്‍ത്താതെ ചെന്ന്,  “എന്തൊരു സോഫ്റ്റ്‌ ആണ് അമ്മൂമ്മയുടെ വയര്‍” എന്ന് പറഞ്ഞു പണ്ടൊക്കെ  കെട്ടിപിടിക്കുന്നത്  പോലെ ഒരിക്കല്‍ കൂടി കെട്ടിപിടിച്ച്,  കാണാതെ ഇരിക്കുന്നതിന്റെ സങ്കടമത്രയും കരഞ്ഞുതീര്‍ക്കുന്നൊരു കുട്ടിയാകാന്‍ കഴിഞ്ഞെങ്കില്‍ ഇപ്പോഴെനിക്ക്‌.

ആനന്ദധാര


ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നൊരു പേര് ആദ്യമായി കേട്ടത് എന്നാണെന്ന് ഓര്‍മ്മയില്ല. പക്ഷെ ‘ചിദംബര സ്മരണ’ യുടെ ഓരോ അദ്ധ്യായവും വായിച്ച നാളുകളില്‍ ആ പേരും,തീ ജ്വാല പോലെ പൊള്ളുന്ന അക്ഷരങ്ങളും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു തുടങ്ങി. അനുഭവങ്ങളുടെ തീച്ചൂളയില്‍ അഗ്നിശുദ്ധി വരുത്തിയതു പോലെ ഉള്ള ആ അക്ഷരങ്ങള്‍ മനസ്സില്‍ പാറി നടന്ന ഒരു കാലം ഉണ്ടായിരുന്നു.  ചുള്ളിക്കാടും,വിജയ ലക്ഷ്മി ടീച്ചറും ഒന്നിച്ചു നടന്ന മഹാരാജാസ്ന്‍റെ പ്രണയ വഴിത്താരകള്‍ ഒരിക്കല്‍ ഒരു ടെസ്റ്റ്‌ എഴുതാന്‍ പോയപ്പോള്‍ മനസ്സ് നിറയെ കണ്ടു ഞാന്‍ ധന്യ ആയിരുന്നു.
എവിടെയാണിപ്പോള്‍ ചുള്ളിക്കാട്?
ഇന്ന് കണ്ട ആനച്ചന്തം എന്നാ ചവറു സിനിമയിലും കണ്ടു പ്രതിഭാ ധനനായ ആ കവിയെ..ചേരാത്ത വേഷം ധരിച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ തോന്നി എനിക്ക്.
പക്ഷെ..ആനന്ദധാര എഴുതിയ കൈകള്‍ ആണത്..
ആ കവിതയില്‍ ഉള്ളത്ര പ്രണയവും,നൊമ്പരവും,നഷ്ടബോധവും ഒന്നും ഒന്നും ഇത്രമേല്‍ തീവ്രമായി പകര്‍ത്തുവാന്‍ കഴിഞ്ഞ ഒരു കവിതയും മലയാളത്തില്‍ പിറന്നിട്ടില്ല എന്ന് തോന്നുന്നു.
ഇന്നലെ തനിച്ചിരുന്ന  ഒരു നിമിഷത്തില്‍ ഞാന്‍ ആനന്ദധാരയുടെ വരികള്‍ ഓര്‍മ്മയില്‍ തിരഞ്ഞു പോയി.

ആനന്ദധാര
ചൂടാതെ പോയി നീ നിനക്കായി ഞാന്‍ ചോര ചാറി
ചുവപ്പിചോരെന്‍ പനിനീര്‍ പൂവുകള്‍
കാണാതെ  പോയി നീ നിനക്കായി ഞാന്‍
എന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയി വിരല്‍തുമ്പിനാല്‍ ഇന്നും
നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവല്സരങ്ങള്‍ക്കുമാക്കരെ
അന്തമെഴാതതാം ഓര്‍മ്മകള്‍ക്കക്കരെ
കുംകുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നും  എനിക്ക് നീ ഓമനേ
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്ത്   ആനന്ദം ആണെനിക്ക്‌ ഓമനേ
എന്നുമെന്നും എന്‍ പാന പാത്രം നിറക്കട്ടെ
നിന്‍ അസാന്നിധ്യം പകരുന്ന വേദന

ചുള്ളിക്കാട് ഈ ജന്മത്തില്‍ ഇനി ഒരു വരി പോലും എഴുതിയില്ലെങ്കിലും ആനന്ദധാര എന്നാ ഒരൊറ്റ കവിത മതി ആ കാവ്യാ ജീവിതം ധന്യമാക്കുവാന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു..‍..
.

തിരുമുറ്റത്ത്‌



ഒരുപാടു നാളിനു ശേഷം ഞാന്‍ ഇന്നു മനസ്സു കൊണ്ടു കല്ലുപ്പാറ പോയി .ഏതോ ഗതകാല സ്മരണകളുടെ തീരാ മധുരിമയില്‍ സ്വയം മറന്നു നില്ക്കുന്ന നാലുകെട്ടിന്‍റെ തിരുമുറ്റത്ത്‌ ആദ്യത്തെ പദം വെച്ചപോള്‍ ഉള്‍കോണില്‍ എവിടെയോ ഒരു വിങ്ങല്‍ .ഓര്‍മ്മ പക്ഷികള്‍ചിറകൊന്നു മെല്ലെ കുടഞ്ഞത് ആകാം.
ഒന്നു തേങ്ങി പെയുവാന്‍ ഒരുങ്ങിയിട്ടു പിന്‍വാങ്ങി ആ മഴകൂട്ടുകാരി മേഘങ്ങളില്‍ ഒളിച്ചു കളിക്കുന്ന നേരം ഞാന്‍ ആ മുറ്റത്തിരുന്നു. നനഞ്ഞ മണ്ണില്‍ വെറുതെ അക്ഷരങ്ങള്‍ അര്‍ത്ഥമില്ലാതെ എഴുതിയും പിന്നെ മായ്ച്ചും കളിക്കുന്ന നേരം മനസ്സു കൊണ്ടു ഞാന്‍ സന്ജരിക്കുകയായിരുന്നു. നിമിഷങ്ങളിലൂടെ , ദിവസങ്ങളിലൂടെ , മാസങ്ങളിലൂടെ , വര്‍ഷങ്ങളിലൂടെ പിന്തിരിഞ്ഞു നടക്കുകയായിരുന്നു. കാലത്തിന്‍റെ കൊഴിഞ്ഞ ഇലകള്‍ വീണ വഴിത്താരയിലൂടെ നടന്ന നേരം ആ നട വഴികളില്‍ ഞാന്‍ നക്ഷത്ര കല്ലുകള്‍ കണ്ടു..ഓര്‍മ്മകളുടെ തിരുശേഷിപ്പുകളില്‍ നിന്നും വാര്‍ന്നു വീണ നിറമുള്ള നക്ഷത്ര കല്ലുകള്‍ .

ഈ തിരുമുറ്റത്ത്‌ ആയിരുന്നു ഞാന്‍ എന്‍റെ ഏറ്റവും ചേതോഹരമായ ഒരു കാലം ചെലവിട്ടത്. ഞാന്‍ അല്ല ,ഞങ്ങള്‍ ,ഞാനും ചേച്ചിയും . വേനല്‍ അവധിക്കാലത്തെ വൈകുന്നേരങ്ങളില്‍ കളിച്ചു ചിരിച്ചു നടന്നത് ഈ മുറ്റത്ത്‌ ആയിരുന്നു. തോരാ മഴ പെയുന്ന പകലുകളില്‍ ഞങ്ങള്‍ വരാത്ത അതിഥിയെ കാത്തിരുന്നത് ഈ മുറ്റത്തേക്ക്‌ നോക്കിയായിരുന്നു. അങ്ങനെ ഇരുളുന്ന ഒരു മഴ സന്ധ്യയില്‍ ഒരു അത്ഭുത കഥയില്‍ നിന്നും ഇറങ്ങി വന്നത് പോലയൂള്ള തണുത്തു വിറയ്ക്കുന്ന വൃദ്ധക്ക്‌ പുതപ്പു നല്കി പറഞ്ഞയച്ചതും , പിന്നെ പിറകെ ചെന്നു നോക്കുമ്പോള്‍ മഴയില്‍ അലിഞ്ഞു പോയത് പോലെ അവരെ കാണാതായതും ഈ തിരു മുറ്റത്തായിരുന്നു. തണുത്തു നനുത്ത ഒരു വിരല്‍ സ്പര്‍ശം പോലെ ഓര്‍മ്മായത് മനസ്സിനെ മെല്ലെ വന്നു തൊട്ട നേരം പിന്നെയും ഒരുപാടു നാള്‍ കഴിഞ്ഞും ഞങ്ങള്‍ ഞെട്ടിയതും ഇവിടെയായിരുന്നു. എത്ര എത്ര തലമുറകള്‍, എത്രയെത്ര പാദ സ്പര്‍ശങ്ങള്‍ , എല്ലാം ഏറ്റു വാങ്ങി ഈ തിരുമുറ്റം എത്രമേല്‍ ധന്യമായിരിക്കും .%%%

ഓര്‍മ്മകള്‍ ഞാന്‍ മുന്‍പെ എന്ന മട്ടില്‍ ഒഴുകിയെത്തുന്നു. അന്നൊക്കെ എല്ലാ പ്രഭാതങ്ങളിലും പൂജക്കായി വെള്ള മന്ദാര പൂക്കള്‍ പറിച്ചതും, ഗായത്രി മന്ത്രം ജപിച്ച് അപ്പൂപ്പനും , അമ്മാവനും സന്ധ്യ വന്ദനം കഴിച്ചിരുന്നത് കണ്ടു നിന്നതും ഈ മുറ്റത്തായിരുന്നു. അതൊക്കെ പോയ കാലത്ത് എന്നോ ആയിരുന്നെന്നോ? “പൂച്ച പോലീസ്” എന്ന് ഒരു അപര നാമധേയം ഉണ്ടായിരുന്നു എനിക്ക് അന്ന്. അത് കേള്‍ക്കുമ്പോള്‍ മുഖം വീര്‍പ്പിച്ചു പിണങ്ങി ഇരുന്നത് എനിക്ക് അപരിചിതയായ ഒരു കുട്ടി ആണ് എന്നൊരു തോന്നല്‍ . മഴ ഉച്ചകളില്‍ നടുമുറ്റത്തെ കമ്പികളില്‍ കൂടി വെള്ളി മണി തുള്ളികള്‍ നിര നിരയായി ഒഴുകി നീങ്ങുന്ന കാഴ്ച എത്ര കണ്ടാലും മതി വരാത്ത ആ പഴയ 6 വയസ്സുകാരി, വിളര്‍ത്ത പൌര്‍ണമി യുടെ നിറം ഉള്ളവള്‍, കിലുങ്ങുന്ന പാദസരങ്ങള്‍ കാലില്‍ അണിഞ്ഞു ഒന്നു ഓടി വന്നത് പോലെ.

ദൂരെ ഏതോ പേരറിയാ പക്ഷികളുടെ പാട്ടു കേള്‍ക്കുനത് പോലെ .ആറ്റു തീരം കടന്നു വരുമ്പോള്‍ ഉള്ള മുളം കാടുകള്‍ മറ്റൊരു മധുരമുള്ള ഓര്‍മ്മ ഉണര്‍ത്തി. ((/public/blog.jpg|blog.jpg|R|blog.jpg, Aug 2010))എന്‍റെ ജീവിതത്തിനു പുതിയ അര്‍ത്ഥവും ,താളവും, സ്നേഹത്തിന്റെ ഈണവും പകര്‍ന്നു തരുന്ന എന്‍റെ കൂട്ടുകാരനെ ,എന്‍റെ മകളുടെ അച്ഛനെ വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് ഞാന്‍ ആദ്യമായ്‌ കണ്ടത് പുഴ കടന്നു വരുന്ന ആ വഴിയില്‍ ആയിരുന്നു. സുമ ചിറ്റ യോടൊപ്പം നടന്നു വരുന്ന അപരിചിതനായ ഒരു ബാലന്റെ മുഖം അവ്യക്തമായ ഒരു ഓര്‍മ്മയായ്‌ ഇന്നും മനസ്സില്‍ ഉണ്ട്. ഒരു ഏഴ് വയസ്സുകാരി പെണ്‍കുട്ടി ഒരിക്കലും മനപ്പൂര്‍വം ഓര്‍ത്തു വെയ്ക്കാന്‍ സാധ്യത ഇല്ലാത്ത അങ്ങനെ ഒരു ചിത്രം അവള്‍ പോലും അറിയാതെ ഒരു ആറാം ഇന്ദ്രിയം മങ്ങാതെ മായാതെ സൂക്ഷിച്ചത് ആവാം…ഒരുപാടു വര്‍ഷങ്ങള്‍ക്ക് അപ്പുറം അവള്‍ക്ക് ഒരു മധുര വിസ്മയം സമ്മാനിക്കുവാന്‍.

ആരോടും പറയാതെ സൂക്ഷിച്ച വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ആ നാലുകെട്ട് എന്നോടെ പറയാതെ പറയുന്നതു പോലെ ഒരു തോന്നല്‍.അവധി കാലങ്ങള്‍ ഉത്സവങ്ങള്‍ ആയ്മാറ്റാനുള്ള ഒരു മാന്ത്രികത ആ വീടിനു എന്നും ഉണ്ടായിരുന്നു. അപ്പൂപ്പനും, അമ്മൂമ്മയും, ഞങ്ങളുമായി എത്രയോ അവധി കാലങ്ങള്‍ അവിടെ ആഘോഷിച്ചിരുന്നു. ഇരുള്‍ നിഴല്‍ വീഴ്ത്തുന്ന ഇടവഴിയി നിന്നും അമ്മാവന്റെ kawasaki യുടെ ആ പരിചിത സ്വരം കാതോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാം എന്ന് തോന്നുന്നു. എന്നും ഇവിടെ കാത്തിരുപ്പിന്റെ ഒരു മായ ലോകം ആയിരുന്നു.

എണ്ണിയാല്‍ തീരാത്ത കഥ പുസ്തകങ്ങള്‍ വായിച്ചും, ഒരിക്കലും തീരാത്ത കഥകള്‍ പരസ്പരം പറഞ്ഞും, യക്ഷി അമ്മയെ തൊഴുതും, കാത്തിരുന്നും ഒക്കെ ആഘോഷിച്ച ആ നല്ല നാളുകള്‍ കാലം കവര്‍ന്നെടുത്തു .എവിടെ തിരഞ്ഞു നടന്നാല്‍ ആ നാളുകള്‍ എനിക്ക് തിരിച്ചു കിട്ടും? ചാണയില്‍ ചന്ദനം അരച്ച് നെറ്റിയില്‍ അത് ടൈപ്പ് ചെയുന്ന അപ്പൂപ്പനെ ഒരിക്കല്‍ കൂടി ഒന് കാണാന്‍ കഴിഞ്ഞെങ്കില്‍..എത്ര കേട്ടാലും ഞങ്ങള്‍ക്ക് മതി വരാത്തതും, എത്ര പറഞ്ഞാലും അപ്പൂപ്പന് മതി വരാത്തതുമായ ആ “ഗോപാലന്‍ കൊചാട്ടന്റെ” കഥ ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍..വീണ്ടും ആ മധുര ബാല്യം ഒന് തിരിച്ചു വന്നെങ്കില്‍..വാക്കുകള്‍ കീബോര്‍ഡില്‍ ഇടറുന്നു..മനസ്സും.

പുതിയത് പലതും കാട്ടി പ്രലോഭിപ്പിച്ചു കാലം എത്ര മേല്‍ അമൂല്യമായ നിധികള്‍ ആണ് കവര്‍ന്നെടുത്തത്‌. ഒന്ന് ആശ്വസിക്കാം..ഓര്‍മ്മകളുടെ ഈ നക്ഷത്ര കല്ലുകള്‍ എങ്കിലും ബാക്കി വെച്ചല്ലോ. ഇടക്ക് എപ്പോഴെങ്കിലും വല്ലാതെ അങ്ങ് തനിച്ചവുമ്പോള്‍ ഇതു പോലെ ഞാന്‍ ആ കല്ലുകള്‍ കൈ കുടന്നയില്‍ നിറയെ കോരി എടുത്ത്, ഹൃദയത്തോട് ഒരു മാത്ര ഒന്ന് ചേര്‍ത്ത് വെച്ചു, നെറുകയില്‍ ഒരു സ്നേഹ മുദ്ര ചാര്തട്ടെ . കാരണം ഇതു എന്‍റെ ഈ ചെറു ജീവിതത്തിലെ ഏറ്റവും പ്രിയതരമായ ഓര്‍മ്മകള്‍ ആണ്. ഇന്ന് പാഴിരുള്‍ നിഴല്‍ വീഴ്ത്തുന്ന ഈ വീടും, ഈ തിരുമുറ്റവും എനിക്ക് ലോകത്തിലെ ഏറ്റവും പ്രിയതരമായ ഒരിടമാണ്.

ഈ ഓര്‍മ്മകുറിപ്പ് ഞാന്‍ എന്‍റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിക്ക് സമ്മാനിക്കുകയാണ്. എന്‍റെ അമ്മൂമ്മയ്ക്ക്‌. ഒരു വാക്കു കൂടി..നഷ്ട വസന്തകാലത്തിന്റെ ഓര്‍മ്മകളില്‍ നനഞ്ഞ മിഴികള്‍ കൊണ്ട് എന്‍റെ ഈ നേര്‍ത്ത അക്ഷരങ്ങളെ തലോടരുതെ..സങ്കടപെടുത്തരുതെ..പകരം, ഓര്‍മ്മകള്‍ വിടര്‍ത്തുന്ന ചെറുപുഞ്ചിരിയാല്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കുമ്പോള്‍ ഈ അക്ഷരങ്ങളില്‍ ആ നക്ഷത്ര കല്ലുകള്‍ മിന്നുന്നത് കാണാം . നമുക്ക് ഒരുമിച്ചു അത് കണ്ടു ധന്യര്‍ ആവാം..